ചാർവാക് തടാകം

സാഹസികതയുടെയും ആഹ്ലാദങ്ങളുടെയും ഇഷ്ടകേന്ദ്രങ്ങൾ

സമർഖണ്ഡും ബുഹാരയും ഖിവയും ഉസ്ബെക്കിസ്ഥാന്റെ സമ്പന്നമായ ഭൂതകാലവും ചരിത്രവും സംസ്ക്കാരവും പെെതൃകവുമൊക്കെ ഇഷ്ടപ്പെടുന്നവരുടെ തീർത്ഥാടന കേന്ദ്രങ്ങളാണെങ്കിൽ ചാർവാക് തടാകവും ചിൻകൻ മലനിരകളും സാഹസികതയും സുഖസൗകര്യങ്ങളും തേടിയെത്തുന്നവരുടെ ഇഷ്ടകേന്ദ്രങ്ങളാണ്.

ഉസ്ബെക്കിസ്ഥാൻ യാത്ര
ഭാഗം മൂന്ന്

താഷ്കെന്റിലെ മാത്രമല്ല, ഉസ്ബെക്കിസ്ഥാനിലെ തന്നെ നിശ്ചയമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാരകേന്ദ്രമാണ് ചാർവാക് തടാകം. യഥാർത്ഥത്തിൽ ഇതൊരു പ്രകൃതിദത്ത തടാകമല്ല, റിസർവോയറാണ്. 1964- ലാണ് സോവിയറ്റ് യൂണിയൻ ജലവെെദ്യുത പദ്ധതിക്കായി ചിർചിക് നദിയിൽ ഒരു അണക്കെട്ടിന്റെ നിർമ്മാണമാരംഭിക്കുന്നത്. 1970-ൽ 620 മെഗാവാട്ട് ഉൽപ്പാദനശേഷിയുള്ള മധ്യേഷ്യയിലെ തന്നെ അതി ബൃഹത്തായ ജലവൈദ്യുത നിലയങ്ങളിലൊന്നായ ഈ പദ്ധതി കമീഷൻ ചെയ്തു. 106 ദശലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഇതിന്റെ ജലസംഭരണിയാണ് ഇന്ന് മനോഹരമായ തടാകമായി മാറിയിരിക്കുന്നത്. പ്‌സ്‌കെം, കൊക്‌സുവ്, ചത്കൽ എന്നിങ്ങനെ മൂന്ന് നദികൾ സംഗമിച്ചാണ് ചിർചിക് നദി രൂപം കൊള്ളുന്നത്. ഇന്ന് ഈ മൂന്ന് നദികളും വിശാലമായ ഈ ജലാശയത്തിലേക്കാണ് വന്നുചേരുന്നത്. ചിംകാൻ പർവ്വതനിരകളിൽ നിന്നുള്ള മടക്കയാത്രയിൽ ഈ തടാകത്തിന്റെ ഏറെ മുകളിൽ നിന്നുള്ള ഒരു സമഗ്രദൃശ്യം നമുക്ക് കാണാനാകും.

ബോഗിസ്റ്റൺ ഗ്രാമം പ്രശസ്ത സൂഫി പണ്ഡിതരായ ഷെയ്ഖ് ഖോവെന്ദി, ഉബൈദുള്ള അഖ്റോർ എന്നിവരുടെ ജന്മദേശം കൂടിയാണ്. പല കാലങ്ങളിലായി സൂഫിസത്തിന്റെ പ്രചാരകരും അനുയായികളുമായിരുന്ന നിരവധി പേർ ഈ പർവ്വത ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു.

വലിയ നാശം വിതച്ച 1966-ലെ ഭൂകമ്പത്തിനുശേഷം താഷ്കെന്റിന്റെ പുനർനിർമ്മാണത്തിന് ഏറെ സഹായകരമായത് ഈ അണക്കെട്ടിൽനിന്ന് ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞ ചെലവുകുറഞ്ഞ വെെദ്യുതിയായിരുന്നു. സോവിയറ്റ് സാങ്കേതികവിദ്യയുടെയും എഞ്ചിനീയറിങ്ങ് വെെഭവത്തിന്റെയും മികച്ച ഉദാഹരണമായി ഇന്നും തലയുയർത്തി നിൽക്കുന്നു ഈ പദ്ധതി. ഇവിടെ നിന്നുള്ള വെെദ്യുതി ഉസ്ബെക്ക് സാമ്പത്തിക വ്യവസ്ഥക്ക് വലിയ പിൻബലം നൽകുന്നതോടൊപ്പം ഈ തടാകത്തിന് ചുറ്റുമായി വളർന്നുവന്ന വലിയൊരു വിനോദസഞ്ചാരമേഖല വൻ തോതിലുള്ള തൊഴിലവസരങ്ങളും വിദേശനാണ്യവും നേടി​ക്കൊടുക്കുകയും ചെയ്യുന്നു. ഉസ്ബെകെനെർഗോ എന്ന സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി ഉൽപ്പാദന കമ്പനിയുടെ കീഴിലാണ് ഇന്ന് ഈ ജലവെെദ്യുത പദ്ധതി. യൂസുഫോന, ബർച്ച്മുള്ളോ, നാനായ്, ചൊർവോക്ക്, സിഡ്ജാക്ക്, ബോഗിസ്റ്റൺ തുടങ്ങിയ സമീപ ഗ്രാമങ്ങളുടയൊക്കെ പ്രധാന വരുമാനമാർഗ്ഗങ്ങളിലൊന്ന് ഇന്ന് ടൂറിസമാണ്. ഹോംസ്റ്റേകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും റിസോട്ടുകളുമൊക്കെ ഇവിടെ പ്രവർത്തിക്കുന്നു. ബോഗിസ്റ്റൺ ഗ്രാമം പ്രശസ്ത സൂഫി പണ്ഡിതരായ ഷെയ്ഖ് ഖോവെന്ദി, ഉബൈദുള്ള അഖ്റോർ എന്നിവരുടെ ജന്മദേശം കൂടിയാണ്. പല കാലങ്ങളിലായി സൂഫിസത്തിന്റെ പ്രചാരകരും അനുയായികളുമായിരുന്ന നിരവധി പേർ ഈ പർവ്വത ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു.

ഇവിടത്തെ അവികസിതമായ വിദൂര പർവ്വത ഗ്രാമങ്ങളുടെ മുഖഛായ മാറ്റുന്നത് അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വന്ന റഷ്യൻ തൊഴിലാളികളും സാങ്കേതിക വിദഗ്ദ്ധരും ചേർന്നാണ്. അവരിവിടം ഒരു റഷ്യൻ പ്രദേശത്തിന് സമാനമാക്കി. ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള റിസോട്ടുകളും ഹോട്ടലുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സമർഖണ്ഡും ബുഹാരയും ഖിവയും ഉസ്ബെക്കിസ്ഥാന്റെ സമ്പന്നമായ ഭൂതകാലവും ചരിത്രവും സംസ്ക്കാരവും പെെതൃകവുമൊക്കെ ഇഷ്ടപ്പെടുന്നവരുടെ തീർത്ഥാടന കേന്ദ്രങ്ങളാണെങ്കിൽ ചാർവാക് തടാകവും ചിൻകൻ മലനിരകളും സാഹസികതയും സുഖസൗകര്യങ്ങളും തേടിയെത്തുന്നവരുടെ ഇഷ്ടകേന്ദ്രങ്ങളാണ്. എല്ലാവിധ ജലവിനോദങ്ങൾക്കുമുള്ള സൗകര്യം ഈ വലിയ തടാകത്തിന് ചുറ്റുമായുള്ള റിസോട്ടുകൾ സഞ്ചാരികൾക്ക് ഉറപ്പുവരുത്തുന്നു. പാരാഗ്ലൈഡിങ്ങിനും ഏറെ പ്രശസ്തമാണ് ഇവിടം. തടാകത്തിന്റെ ടൂറിസ്റ്റ് സോണിൽ സഞ്ചാരികൾക്ക് നീന്താൻ സൗകര്യമുണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന യാത്രികർക്ക് തടാകകരയിൽ നിന്ന് ചുറ്റുമുള്ള പർവ്വതങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്യാം.

ഇളം നീല കലർന്ന മരതകവർണമാണ് ചാർവാക് തടാകത്തിനുള്ളത്. ഉസ്ബെക്കിസ്ഥാനിൽ ഏമ്പാടുമുള്ളതുപോലെ ഇവിടെയും നിരവധി പുരാസ്മാരകങ്ങൾ ഉണ്ടായിരുന്നത്രെ. 150-ഓളം പെെതൃകസ്മാരകങ്ങളാണ് ഈ ജലാശയം വന്നതോടെ മുങ്ങിപ്പോയത്


ടിയാൻ ഷാനിലെ ഗംഭീരമായ പർവതങ്ങളാൽ ചുറ്റപ്പെട്ടാണ് ചാർവാക് തടാകം. ടിയാൻ-ഷാൻ പർവതത്തിന്റെ മുത്ത് എന്നാണ് ഈ മനുഷ്യനിർമിത തടാകം ഇന്നറിയപ്പെടുന്നത്. പച്ചപുതച്ച വിശാലമായ ഒരു ഭൂഭാഗത്തിനുള്ളിലെ ആ ജലശേഖരത്തിന്റെ ദൂരക്കാഴ്ച്ച വിവരിക്കാനാവത്തത്രയും മനോഹരമാണ്. ഇളം നീല കലർന്ന മരതകവർണമാണ് ചാർവാക് തടാകത്തിനുള്ളത്. ഉസ്ബെക്കിസ്ഥാനിൽ ഏമ്പാടുമുള്ളതുപോലെ ഇവിടെയും നിരവധി പുരാസ്മാരകങ്ങൾ ഉണ്ടായിരുന്നത്രെ. 150-ഓളം പെെതൃകസ്മാരകങ്ങളാണ് ഈ ജലാശയം വന്നതോടെ മുങ്ങിപ്പോയത് എന്ന് പറയുന്നു. ചാർവാക് റിസർവോയറിന്റെ വിസ്തീർണം ഏകദേശം 40 സ്കയർ കിലോമീറ്ററാണ്.

ഇവിടത്തെ തെളിഞ്ഞ സൂര്യപ്രകാശം, സുഖകരമായ താപനില, ശുദ്ധവായു, ശുദ്ധമായ പർവതജലം, സൂര്യോദയങ്ങളുടെയും സൂര്യാസ്തമയങ്ങളുടെയും അതിശയകരമായ സൗന്ദര്യം ഇതൊക്കെ ഉസ്ബെക്ക് ടൂറിസം അധികാരികൾ വേണ്ടും വിധം വിപണനം ചെയ്യുന്നുണ്ട്. തടാകത്തിന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ പർവതശിഖരങ്ങളിൽ നിന്ന് ആസ്വദിച്ച് ദിവസങ്ങളോളം തങ്ങാൻ അവർ സഞ്ചാരികളെ ക്ഷണിക്കുന്നു. ചിൻകൻ പോലുള്ള ഗിരിനിരകളിലെ ശെെത്യകാല വിനോദങ്ങളും മലകയറ്റവും, സ്വർഗ്ഗസമാനമായ ചാർവാക് പോലുള്ള തടാകങ്ങളുടെ തീരത്തെ ജലക്രീഡാ വിനോദങ്ങൾ, പഴയപട്ടുപാതയോരങ്ങളിലെ വിസ്മയാവഹമായ പെെതൃകസ്മാരകങ്ങൾ, സ്നേഹസമ്പന്നരായ ആഥിത്യമര്യാദയും സഹിഷ്ണുതയുമുള്ള ജനങ്ങൾ, സംഘർങ്ങളില്ലാത്ത രാഷ്ട്രീയാന്തരീക്ഷം, കുറഞ്ഞ ചെലവ് ഇതൊക്കെക്കൊണ്ടുതന്നെ വിനോദ‍‍സഞ്ചാരമേഖലയിൽ ഏറെ ഉയരം കെെയ്യടക്കും ഈ മധ്യേഷ്യൻ രാജ്യമെന്ന് ചാർവാക് തടാകവും പരിസരപ്രദേശങ്ങളും കണ്ടുമടങ്ങുംവഴി ഞങ്ങൾക്കുറപ്പായി. ഉസ്ബെക്ക് ടൂറിസത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് ഹസ്സൻ ഞങ്ങളോട് പറയുകയും ചെയ്തു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ലിപികളുടെയും ചിഹ്ന്നങ്ങളുടെയും ചിത്രങ്ങളുടെയും മുകളിൽ ആരൊക്കയോ തങ്ങളുടെ വികലമായ കരവിരുതുകൾ രേഖപ്പെടുത്തിയിരിക്കുന്നു. ആ പുരാതന ഹൈറോഗ്ലിഫുകൾ ഒരു നോവായി മനസ്സിലവശേഷിച്ചു.

ഹസ്സന്റെ കാറിൽ മലയിറങ്ങിത്തുടങ്ങി ഞങ്ങൾ. നല്ല വിശപ്പുണ്ട്. ഹസ്സനോട് ഭക്ഷണത്തിന് പറ്റിയൊരിടത്ത് വണ്ടി നിർത്താനാവശ്യപ്പെട്ടു. എന്നാൽ വിജന്നമായ വഴിയോരങ്ങളിൽ അത്തരം ഭോജനശാലകളുണ്ടായിരുന്നില്ല. കുറച്ചുനേരം കാത്തിരിക്കാനാവശ്യപ്പെട്ടു അയാൾ. അൽപ്പം കൂടി ചെന്നാൽ അതിപ്രശസ്തമായൊരു ഭക്ഷണശാലയുണ്ട്. സമീപത്തായി കുറച്ച് കാഴ്ചകളും. അവിശ്വസനീയമായ സൗന്ദര്യമുണ്ടായിരുന്നു ആ വഴിയോരങ്ങൾക്ക്. ബദാം, വാൽനട്ട് തോട്ടങ്ങൾക്ക് പ്രശസ്തമാണത്ര ഇവിടം. വഴിയിൽ പഴങ്ങൾ വിൽപ്പനക്കുവെച്ച ചില കച്ചവടക്കാരിരിക്കുന്നുണ്ട്. അത്തരമൊരു കച്ചവടക്കാരനിൽനിന്ന് കുറച്ചധികം പിയർ പഴങ്ങൾ വാങ്ങി. ഉന്മേഷം പകരുന്ന ശുദ്ധമായ പർവത വായുവുള്ള നിർജ്ജനമായ ആ വനസ്ഥലിയിലെ ഏകാകിയായ പഴക്കച്ചവടക്കാരനപ്പുറം മലമ്പാത പാത വീണ്ടും വളഞ്ഞുപുളഞ്ഞ് കിടന്നു.

വീണ്ടും യാത്ര തുടർന്നു. കഴിച്ചു തുടങ്ങിയതോടെയാണ് ആ സബർജിൽ പഴങ്ങളിൽ പലതും കേടാണെന്നറിയുന്നത്. ‍വീണ്ടും കാണേണ്ടി വരില്ലെന്നതു കൊണ്ടാകാം, ലോകത്തിന്റെ ഏത് ഭാഗത്തായാലും സഞ്ചാരികളോട് പല വാണിഭക്കാരും ഇങ്ങനെ പെരുമാറുന്നത്. ആ മലമ്പാതകളുടെ ഓരങ്ങളിൽ ചെറു വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ, വിവിധ തരം തോട്ടങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകളുണ്ട്.

യാത്രികർക്കൊപ്പം കെ.എസ്. പ്രമോദ് ( വലത്തേയറ്റം)

ഒരു മണിക്കൂറോളം യാത്ര ചെയ്ത് ഞങ്ങൾ ഖോഡ്ജികെന്റ് എന്ന ഗ്രാമത്തിലെത്തി. ഹസ്സൻ ഞങ്ങളെ അതിമനോഹരമായ ചുറ്റുപാടുകളോടു കൂടിയ സിനാര എന്ന വഴിയരികിൽ തന്നെയുള്ള പ്രസിദ്ധമായ ഭോജനശാലയിലേക്ക് കൊണ്ടു പോയി. താഷ്‌കന്റിൽ ഉയർന്ന നിലവാരം പുലർത്തുന്ന ഭക്ഷണശാലകളുടെ ശൃംഖലയുള്ള കാരവൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സിനാര. മരത്തണലുകളിലെ പുൽത്തകിടിയിൽ പാതി ഉയരം മാത്രമുള്ള വലിയ മരമേശകൾക്കു ചുറ്റുമുള്ള ഇരിപ്പിടങ്ങളൊക്കെ വിവിധ ദേശക്കാരായ വിനോദസഞ്ചാരികളെകൊണ്ട് നിറഞ്ഞിരുന്നു. ആ വളപ്പിന്റെ ഒരു വശത്തുകൂടി തെളിഞ്ഞ വലിയ നീർച്ചാൽ ഒഴുകുന്നുണ്ട്. വലിയ മത്സ്യങ്ങൾ അതിൽ നീന്തിത്തുടിക്കുന്നു. ഉസ്ബെക്ക് പ്രാദേശിക രുചികളൊക്കെ പരീക്ഷിക്കാൻ കഴിയുന്ന ഒരിടമാണ് ആ ഭക്ഷണശാലയെന്ന് ഹസ്സൻ പറഞ്ഞിരുന്നു. ആ വസ്തുവിനുളളിലൂടെ നടന്ന് ഞങ്ങൾ സമീപത്തുള്ള ചെറിയൊരു വെള്ളച്ചാട്ടത്തിനരികിലെത്തി.

തണലുള്ളിടത്ത് സുഖകരമായ കാലാവസ്ഥയായിരുന്നെങ്കിലും നേരിട്ട് സൂര്യപ്രകാശം ശരീരത്തിലേൽക്കുമ്പോൾ ഉസ്ബെക്ക് വേനലിന്റെ കാഠിന്യം നമ്മളറിയും.

അങ്ങോട്ടുള്ള വഴിയരികിൽ തന്നെ സോവിയറ്റ് കാലത്തെ ഒരു സ്മാരകവുമുണ്ട്.
തൊടിയുടെ മധ്യഭാഗത്തായി വലിയൊരു മരം സംരക്ഷിച്ച് നിറുത്തിയിട്ടുണ്ട്. 800 വർഷത്തിന് മുകളിൽ പഴക്കമുള്ള സൈക്കമോർ മരമാണതെന്ന് സമീപത്തു നാട്ടിയ ഫലകത്തിൽ രേഖപ്പെടുത്തിയിരുന്നു. റെസ്റ്റോറന്റ് പ്രവർത്തിക്കുന്ന തൊടിയിലൂടെ പുറകിലേക്ക് നടന്നാൽ ഒരു പർവതത്തിന്റെ താഴ് വാരത്തെത്തും. പുരാതനമായ ശിലാലിഖിതങ്ങളും ചിത്രങ്ങളും കൊത്തിവെച്ച ഒരു ഗുഹയുണ്ട് അവിടെ. ശിലാരേഖകൾ ഒട്ടും സംരക്ഷണമില്ലാതെ അനാഥമായും അവ്യക്തമായും കാണപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ലിപികളുടെയും ചിഹ്ന്നങ്ങളുടെയും ചിത്രങ്ങളുടെയും മുകളിൽ ആരൊക്കയോ തങ്ങളുടെ വികലമായ കരവിരുതുകൾ രേഖപ്പെടുത്തിയിരിക്കുന്നു. ആ പുരാതന ഹൈറോഗ്ലിഫുകൾ ഒരു നോവായി മനസ്സിലവശേഷിച്ചു. ചരിത്രത്തിനുനേരെ പുറം തിരിഞ്ഞുനിൽക്കുന്നവരല്ല ഉസ്ബെക്കുകാർ. എന്നിട്ടും എന്താവാം ഈ അവഗണനക്ക് കാരണം. ഗുഹക്ക് സമീപത്തായി വളരെ ചെറിയൊരു ജലപാതമുണ്ട്. ചെെനയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഒരു സംഘത്തെ അവിടെ വെച്ച് പരിചയപ്പെട്ടു. ‘ഇന്ത്യ ചെെനാ ഭായി ഭായി’ എന്നുപറഞ്ഞ് ഞങ്ങളവരെ ഹസ്തദാനം ചെയ്തു. ഇബ്രു അവരെകൊണ്ടത് ഏറ്റുപറയിപ്പിച്ചു. ഞങ്ങളൊരു ഫോട്ടോ എടുത്ത് പിരിഞ്ഞു.

തണലുള്ളിടത്ത് സുഖകരമായ കാലാവസ്ഥയായിരുന്നെങ്കിലും നേരിട്ട് സൂര്യപ്രകാശം ശരീരത്തിലേൽക്കുമ്പോൾ ഉസ്ബെക്ക് വേനലിന്റെ കാഠിന്യം നമ്മളറിയും. ഞങ്ങൾ തിരിച്ച് സിനാരയുടെ വളപ്പിലെത്തി. ഭക്ഷണത്തിന് ഓർഡർ കൊടുത്തശേഷം കുറച്ചധികനേരം കാത്തിരിക്കേണ്ടതുണ്ട് അവിടെ. വഴിയിൽനിന്ന് കഴിച്ച പിയർ പഴങ്ങൾ ഞങ്ങളുടെ വിശപ്പ് കെടുത്തിയിരുന്നു. ഭക്ഷണം താഷ്കെന്റിൽ ചെന്നിട്ടാകാമെന്ന് ഞങ്ങൾ ഹസ്സനോട് പറഞ്ഞു. വൃക്ഷച്ഛായകളിലിട്ടിരിക്കുന്ന തപ്ചാൻ ഇരിപ്പിടങ്ങളിൽ ഒട്ടും ധൃതിയില്ലാത്ത ഭാഗ്യവാൻമാരായ സഞ്ചാരികൾ തികഞ്ഞ സ്വാസ്ഥ്യത്തോടെ സൊറ പറഞ്ഞ് സിനാരയുടെ വിഖ്യാതമായ വിഭവങ്ങളാസ്വദിച്ച് ഇരിക്കുന്നുണ്ടായിരുന്നു. മൂന്നുവശത്തും ചാരുള്ളതും ഒരു വശത്തേക്ക് തുറന്നിരിക്കുന്നതുമായ 4 മുതൽ 8 പേർക്ക് വരെ ഇരിക്കാൻ കഴിയുന്ന ഒരു പുറം ഫർണിച്ചറാണ് തപ്ചാൻ. തറനിരപ്പിൽനിന്ന് ഒരടി മാത്രം ഉയരമുള്ള തപ്ചാനിൽ കിടക്കയുണ്ടായിരിക്കും അതിൻമേലാണ് ആളുകളിരിക്കുക. മധ്യേഷ്യയിൽ പ്രത്യേകിച്ച് താജിക്കിസ്ഥാനിലും ഉസ്‌ബെക്കിസ്ഥാനിലുമാണ് തപ്ചാൻ വ്യാപകമായി കാണാനാകുന്നത്.

മിസ്റ്റിക് സൂഫി ആയിരുന്ന ഖ്വാജ അഹ്‌ററുമായി ബന്ധമുള്ള സ്ഥലമാണ് ഖോഡ്ജികെന്റ്. അതിസമ്പന്നനായ ഒരു വർത്തകനും ഒപ്പം ഒരു സൂഫി ആചാര്യനുമായിരുന്നു ഖ്വാജ അഹ്റാർ.

ഞങ്ങൾ പുറത്തേക്കിറങ്ങി.  പ്രശാന്തസുന്ദരമായ ഒരു പർവ്വതഗ്രാമമാണ് ഖോഡ്‌ജികെന്റ്. അവിടെ  താഷ്കെന്റിൽ നിന്ന് ചാർവാക് തടാകത്തിലേക്കും ചിൻകൻ മനലനിരകളിലേക്കുമുള്ള പാത കടന്നുപോകുന്ന വഴിയോരത്തെ ഈ ചെറു നഗരത്തിന്റെ പ്രധാന അടയാളം സിനാരയാണ്. കവാടത്തിനടുത്തായി എപ്പോഴും ജലമൊഴുകുന്ന ഒരു കുഴലുണ്ട്. പർവ്വതത്തിൽ നിന്നു വരുന്ന അരുവിയിൽനിന്ന് പെെപ്പ് വഴി വരുന്നതാണ് ആ ജലം. വാഹനങ്ങൾ നിർത്തി പലരും ആ ജലം ശേഖരിക്കുന്നുണ്ട്. ഒരു ചെറിയ പിക്കപ്പ് വാഹനത്തിൽ വലിയ വാട്ടർ ബോട്ടിലുകളുമായി എത്തിയ ഒരാളും അവിടെ നിന്നും ജലം ശേഖരിക്കുന്നുണ്ട്. മോഹനമായ ഒരു പ്രദേശമാണ് ഖോഡ്ജികെന്റ്. ചിനാർ മരങ്ങളും ശിലാലിഖിതങ്ങളും ചെറിയ ജലപാതങ്ങളും സോവിയറ്റ് കാലത്തെ സ്മാരകങ്ങളുമുള്ള ശ്യാമളമായ അവിടം വിട്ട് ഞങ്ങൾ യാത്ര തുടർന്നു.

മിസ്റ്റിക് സൂഫി ആയിരുന്ന ഖ്വാജ അഹ്‌ററുമായി (1404- 1490) ബന്ധമുള്ള സ്ഥലമാണ് ഖോഡ്ജികെന്റ്. അതിസമ്പന്നനായ ഒരു വർത്തകനും ഒപ്പം ഒരു സൂഫി ആചാര്യനുമായിരുന്നു ഖ്വാജ അഹ്റാർ. മുകൾ സാമ്രാജ്യസ്ഥാപകനായ ബാബറിന് ശൈശവത്തിൽ മതസംരക്ഷകൻ എന്ന അർത്ഥത്തിലുളള സാഹിറുദ്ദീൻ മുഹമ്മദ് എന്ന് പേരിട്ടത് ഖ്വാജ അഹ്റാറായിരുന്നു. നേതാവ്, രാജാവ്, ഭരണാധികാരി, മുഖ്യൻ എന്നൊക്കെയാണ് ഖ്വാജ എന്ന വാക്കിനർത്ഥം. നിരവധി ഖ്വാജകൾ പലകാലത്തായി ഇവിടെ ജീവിച്ചിരുന്നെന്നും അങ്ങനെയാണ് ഈ ഗ്രാമത്തിന് ഖോജികെന്റ് എന്ന് പേര് ലഭിച്ചതെന്നുമാണ് ഒരു ഐതിഹ്യം.

ഞങ്ങളുടെ യാത്ര, തിരിച്ച് താഷ്കെന്റ് നഗരമധ്യത്തിലെ ഹോട്ടൽ ഉസ്ബെക്കിസ്ഥാന് മുൻപിൽ അവസാനിച്ചു. മുൻനിശ്ചയിച്ച തുകക്കു പുറമെ ചെറിയൊരു ടിപ്പ് കൂടി നൽകി ഹസ്സനോട് യാത്രപറഞ്ഞു. കയ്യിൽ കരുതിയിരുന്ന ഭക്ഷണപൊതിയും വെള്ളവുമായി അയാളും പുറത്തിറങ്ങി. എന്നാൽ അയാളുടെ അടുത്തേക്ക് ഒരു ടൂർ ഗെെഡ് കുറച്ച് വിനോദസഞ്ചാരികളെയും കൊണ്ടെത്തി. ഹസ്സനാകട്ടെ ഭക്ഷണം കഴിക്കൽ മാറ്റിവെച്ച് അവർക്കൊപ്പം യാത്രയായി.‍‍ നഗരത്തിലെ മുൻകൂട്ടി നിശ്ചയിച്ച ചില ലക്ഷ്യസ്ഥാനങ്ങൾ തേടി ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ താഷ്കെന്റിന്റെ തെരുവുകളിലൂടെ നടന്നു തുടങ്ങി ഞങ്ങൾ.
(തുടരും)

Comments