Photo: Aswani G.R.

കാമാഖ്യയും കാലഭൈരവനും

വാരണാസി വിസ്മയങ്ങളുടെ സ്ഥലമാണ്. അവിടുത്തെ സാധാരണത്വം നിഗൂഢതകൾ ഒളിപ്പിച്ചുവച്ചതാണ്. കഥകളുടെയും ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുകഥകളുടെയും വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും തത്വചിന്തയുടെയും ഈ നഗരം, ചരിത്രാതീതമായ കാലഗണനയുള്ളതാണ്.

'യാ റബ്ബുൽ ആലമീൻ';
ഒരു ഇന്ത്യൻ മുസൽമാന്റെ കാശിയാത്ര

ഭാഗം രണ്ട്:
കാമാഖ്യയും കാലഭൈരവനും

തായാലും വൈകുന്നേരം മൂപ്പർ ഉയർത്തെഴുന്നേറ്റു. ഒരു സ്ഥലം കാണിച്ചുതരാം എന്ന ഗുരുഭാവേന റിക്ഷ വിളിച്ചു. കാമാഖ്യക്ഷേത്രത്തിൽ കൊണ്ടുപോയി. 'ശരിക്കുമുള്ള കാമാഖ്യ അസമിലല്ലേ' എന്നു ഞാൻ ചോദിച്ചു. കാമാഖ്യ ക്ഷേത്രം മത്സ്യേന്ദ്രനാഥ് സ്ഥാപിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

നാഥ് പരമ്പരയിൽ ആദിനാഥ് കഴിഞ്ഞാൽ ആദ്യയാളാണ് മത്സ്യേന്ദ്രനാഥ്. പൊതുവെ ശിവാരാധകരാണെന്നിരിക്കെ മത്സ്യേന്ദ്രനാഥ് എങ്ങനെ കൗള മാർഗ്ഗത്തിലുള്ള ദേവീപ്രതിഷ്ഠ നടത്തും? അന്ന് ഉത്തരങ്ങൾ ലഭിച്ചില്ല. എന്നാൽ മത്സ്യേന്ദ്രനാഥ് കൗള തന്ത്രമാർഗത്തിൽ ഏറെ സംഭാവന ചെയ്തയാളെന്നു പിന്നീടറിയാൻ കഴിഞ്ഞു. മത്സ്യേന്ദ്രനാഥ് ഒരു മിത്തിക്കൽ ബീയിങ് ആണെന്നും പാതിമത്സ്യവും പാതി മനുഷ്യനും എന്ന മട്ടിലാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നതെന്നും മറ്റും പിന്നീട് ശ്രീ എമ്മുമായി മദനപ്പള്ളിയിൽവെച്ചു നടത്തിയ അഭിമുഖത്തിൽ വിശദീകരണം കിട്ടി. മത്സ്യേന്ദ്രനാഥിനെപ്പറ്റി അധികം വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. മറിച്ച്, ഗോരഖ് നാഥിനെക്കുറിച്ച് വിശദമാക്കുകയും ചെയ്തു. ഗോരഖ് നാഥ് ആണ് ശ്രീ എമ്മിന്റെ ധാരയുടെ അനുഷ്ഠാനാചാരങ്ങളെല്ലാം നിശ്ചയിച്ചതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഗോരഖ് നാഥ് ശൈവമാർഗ്ഗത്തിൽ ഏറെ സംഭാവന ചെയ്തു. മത്സ്യേന്ദ്രനാഥിന്റെ ശിഷ്യനാണെങ്കിലും ഇരുവരും രണ്ട് മാർഗികളാണെന്നറിഞ്ഞു. ഇരുവരുടെ പേരിലും യോഗാസനങ്ങളുണ്ട്. മത്സ്യേന്ദ്രാസനവും ഗോരാക്ഷാസനവും. കോട്ടക്കൽ ആയുർവേദ ചികിത്സ കഴിഞ്ഞ് യോഗാക്ലാസിൽ പങ്കെടുത്തപ്പോൾ മത്സ്യേന്ദ്രാസനം എന്നെ ആകർഷിച്ചിരുന്നു. അതിൽ നല്ല സുഖാവസ്ഥ ലഭിക്കുകയും ചെയ്തു.

കാമാഖ്യ ക്ഷേത്രം

ശ്രീ എം ഖോരക് നാഥിന്റെ പരമ്പരയിലെ ഒരു ധാരയായ കാൻഫട് യോഗീ മാർഗത്തിലുള്ളയാളാണ്. കാതിൽ വളയവും കൈവശം ചിമ്ട്ടയും വിസിലും നായകളുടെ കൂട്ടും കാൻഫട് യോഗികളുടെ രീതികളാണ്. ചെല്ലുന്നിടത്തെല്ലാം ധുനി കത്തിക്കുകയും വേണം. ശ്രീ എമ്മിനെ നാഥ് പരമ്പരയിൽ ദീക്ഷ നൽകിയത് ഗുരു മഹേശ്വർ നാഥ് ബാബാജിയാണ്. ആ മാർഗങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ ചിലതെല്ലാം അദ്ദേഹത്തിന് ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. ആധുനിക കാലത്തിനൊത്തുള്ള പരിഷ്‌കാരങ്ങൾ.

കാമാഖ്യ ക്ഷേത്രം ഉടലാകെ പിടിക്കുന്ന തരത്തിലുള്ളതാണ്. ചുവന്ന പെയിന്റടിച്ച് ക്ഷേത്രമാകെ ഒരൊറ്റ നിറം ചൂടിനിൽക്കുന്നു.

വിശ്വനാഥ ക്ഷേത്ര പരിസരത്തെ പാൽ വിൽപനക്കാരിൽ നിന്ന് മൺപാത്രത്തിൽ പാൽ വാങ്ങി ഭാംഗ് കലക്കി ഞങ്ങൾ വലിച്ചു കുടിച്ചു. പതുക്കെ മുറിയിലേക്കു നടന്നു. ഭാംഗ് തലയ്ക്കു പിടിച്ചു. ഓരോന്ന് പറഞ്ഞ് ചിരിപൊട്ടി. നിലയ്ക്കാതെ മിനിട്ടുകളോളം ചിരിച്ചുകൊണ്ട് ഞങ്ങൾ ആ രാത്രി മറക്കാത്ത ഒന്നാക്കി

അന്നത്തെ യാത്ര പിന്നേയും തുടർന്നു. കാലഭൈരവനെത്തേടി. വിചിത്രമായ ആചാരങ്ങളുള്ള ക്ഷേത്രമാണ്. നല്ല തിരക്കുണ്ട്. വിടർന്ന കണ്ണുകളുള്ള കാലഭൈരവൻ. തൊഴുതുമടങ്ങുമ്പോൾ പൂജാരികൾ കയ്യിൽ ചരട് കെട്ടിത്തരും. പുറത്ത് ഒരു ദണ്ഡ് കൊണ്ട് അടിയും തരും. എന്റെ വേദനയുള്ള ഇടത്തേ പുറത്തിന് അടിതന്നു. സുഖകരമായ അനുഭവം. മടങ്ങുമ്പോൾ ഭാംഗ് വിൽപ്പനക്കാരെ കണ്ടു. അല്പം ഭാംഗ് കഴിക്കാൻ ഹാരിസിനു മോഹം. ഞാൻ ഭാംഗ് വിൽപനക്കാരനോടു കുശലം പറഞ്ഞ് എങ്ങനെ അത് സേവിക്കണമെന്ന് അന്വേഷിച്ചു. പാലിൽ കലക്കിയും വെറുതെ വിഴുങ്ങുകയുമാകാമെന്ന് അദ്ദേഹം പറഞ്ഞു. പണ്ട് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള നൈനിറ്റാൾ യാത്രയിൽ ഒരിക്കൽ ഭാംഗ് കഴിച്ച് ഞാനും ജോണിയും മെഹജൂബും ചിരിയുടെ ഉത്സവം നടത്തിയ ഓർമയുണ്ട്. ദൽഹിയിൽ നിന്നും ഒരിക്കൽ ഹോളി ദിനത്തിൽ ഭാംഗ് സേവ നടത്തി. ആ ധൈര്യത്തിൽ തിരിച്ചെത്തി, വിശ്വനാഥ ക്ഷേത്ര പരിസരത്തെ പാൽ വിൽപനക്കാരിൽ നിന്ന് മൺപാത്രത്തിൽ പാൽ വാങ്ങി ഭാംഗ് കലക്കി ഞങ്ങൾ വലിച്ചു കുടിച്ചു. പതുക്കെ മുറിയിലേക്കു നടന്നു. ഭാംഗ് തലയ്ക്കു പിടിച്ചു. ഓരോന്ന് പറഞ്ഞ് ചിരിപൊട്ടി. നിലയ്ക്കാതെ മിനിട്ടുകളോളം ചിരിച്ചുകൊണ്ട് ഞങ്ങൾ ആ രാത്രി മറക്കാത്ത ഒന്നാക്കി മാറ്റി. അതിർത്തികൾ ഭേദിച്ചുപോകുന്ന ഞങ്ങളുടെ ആത്മീയയാത്രകൾ അപകടകരമാണെന്നും ഹിന്ദുയിസത്തിനോട് മലപ്പുറംകാരായ അയാളുടെ കമ്പം എല്ലാവരോടും പരസ്യമാക്കുന്നത് നല്ലതിനല്ല എന്നും പറഞ്ഞായിരുന്നു ചിരിയുടെ മലപ്പടക്കത്തിനു തുടക്കമിട്ടത്.

കബീർ മഠ്‌

ലഹരി ചിലപ്പോൾ വ്യത്യസ്തതകളേയും വേറിട്ടുനിൽക്കലിനേയും അലിയിച്ചുകളഞ്ഞ് അദ്വൈത നിമിഷങ്ങൾ തരുന്നു. താൽക്കാലികമായെങ്കിലും കൗള ശക്തേയ മാർഗ്ഗത്തിൽ ലഹരിയുമുണ്ട്. എന്നാൽ അതിന്റെ ആചരണം ചിലപ്പോൾ ഒരിക്കലും കരകയറാൻ പറ്റാത്ത നിലയിലാക്കുന്നു എന്നപകടമുണ്ട്. പഞ്ച മകാരങ്ങളിൽ സ്ത്രീയും ലഹരിയുമുണ്ട്.

കബീറിനെത്തേടി

പിറ്റേന്ന് ഒരു സൈക്കിൾറിക്ഷ പിടിച്ച് ഞങ്ങൾ കബീർ മഠിലേക്കു പോയി. ഘാട്ടുകളുടെ തീരം കടന്നാൽ നാലുംകൂടിയ കവലയാണ്. ആളുകൾ വലിയ്ക്കുന്ന റിക്ഷയുടെ തിരക്ക്. മത്സരിച്ച് ആളെ പിടിക്കുന്ന എല്ലും തോലുമായ പാവം മനുഷ്യർ. എത്ര ദരിദ്രമായാണ് ഇവിടെ സാമാന്യജനം എന്നതിന് റിക്ഷക്കാരുടെ ആ കാഴ്ച തെളിവാണ്. റോമിനേക്കാളും പഴയ നഗരമാണ് വാരണാസി എന്നു ചരിത്രം പറയുന്നു. അശ്വമേധ് ഘാട്ടിനു മുമ്പിലുള്ള റോഡ് ചെന്നു ചേരുന്ന കവലയിലെത്തുമ്പോഴേക്കും ദാരിദ്ര്യത്തിന്റേയും പതിതമായ മനുഷ്യരുടേയും ഇന്ത്യയെ കണ്ടുമുട്ടും. മോദിയുടെ മണ്ഡലമാണ്. എന്നിട്ടും കാര്യമായ മാറ്റങ്ങളൊന്നും വരുത്താൻ ഇവിടെ കഴിയാത്തതെന്ത്? ഇന്ത്യൻ ജീവിതം എപ്പോഴും ഒരു സമസ്യയാണ്. ആത്മീയത അതിന്റെ ഉപേക്ഷയുടേയും വൈരാഗ്യത്തിന്റേയും ആത്മപീഡനത്തിന്റേയും തലത്തിൽ, ഒരു പക്ഷേ ആധുനികമായ ഒരളവുകോലു കൊണ്ടും ന്യായീകരിക്കാനാവാത്തതാണ്. എന്നാൽ എന്തുകൊണ്ടാണ് ജീവിതത്തെ സമ്പൂർണമായി നിഷേധിച്ച്, ആത്മപീഡനത്തോളമെത്തുന്ന വൈരാഗ്യത്തിൽ തള്ളുന്ന ആത്മീയസരണികളെ ഇന്ത്യക്കാർ വിടാതെ പിന്തുടരുന്നത്? ജീവിതം എന്ന കെട്ടുകഥയുടെ, സമസ്യയുടെ ചുരുളഴിക്കാനാവാത്ത നിലയിൽ, ഒരേ നിലയിൽ വിമ്മിട്ടപ്പെടുത്തുകയും ഹഠാദാകർഷിക്കുകയും ചെയ്യുന്ന ഭൂമിക. ആത്മീയതയും ശാന്തിയും അന്വേഷിച്ചെത്തുന്നവർക്ക് വാരണാസി അതു നൽകുന്നു. എന്നാൽ ബാഹ്യമായ ജീവിതത്തിലെ അശരണതയും ദാരിദ്ര്യവും വൃത്തിഹീനതയും ന്യായീകരിക്കാൻ പറ്റാത്ത ഹിംസയും യുക്തിയെ പിടികൂടുന്നു. ഇന്ത്യ ഒരവശിഷ്ടഭൂമിയാണെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.

ഈയവസ്ഥ പലപ്പോഴും നാം മനസ്സിലാക്കുന്നത്, ആത്മീയതയിൽ അഭിരമിക്കുന്ന ഇന്ത്യൻ തത്വചിന്തയുടേയും ദർശനത്തിന്റേയും പ്രത്യാഘാതമായാണ്. അല്ലെങ്കിൽ നമ്മുടെ സമൂഹം കടന്നുപോന്ന ഫ്യൂഡൽ കാലവും ബ്രാഹ്മണാധിപത്യവും മൂലമാണെന്നാണ്. മധ്യകാലവും ബ്രാഹ്മണാധിപത്യവും കുറ്റവിമുക്തമാണ് എന്നു പറയുന്നില്ല. എല്ലാ അധികാരവ്യവസ്ഥയും അത് ബ്രാഹ്മണാധിപത്യമാകട്ടെ, ബുദ്ധപാരമ്പര്യത്തിലുള്ളതാകട്ടെ, ജൈനന്മാരുടേതാകട്ടെ, സുൽത്താനേറ്റിന്റേയും മുഗളന്മാരുടേതുമാകട്ടെ, വൈഷ്ണവമോ ശൈവമോ ആകട്ടെ, എല്ലായ്‌പ്പോഴും ചൂഷണാധിഷ്ഠിതവും മതത്തേയും തത്വചിന്തയേയും ദർശനത്തേയും ശാസ്ത്രചിന്തയേയും പ്രത്യയശാസ്ത്രപരമായി ഉപയോഗിക്കുന്നതുമാണ്. ഏതു വ്യവഹാരത്തിന്റേയും പ്രത്യയശാസ്ത്രപരമായ ഉപയോഗം ഭരണകൂടവും അത് കയ്യാളുന്ന വർഗ്ഗവും തങ്ങളുടെ ആധിപത്യത്തിനും ചൂഷണത്തിനുമാണ് വിനിയോഗിക്കുക എന്നത് അടിസ്ഥാനതത്വമാണ്. ഇക്കാര്യം തുറന്നുകാണിച്ച മാർക്‌സിന്റെ ആശയങ്ങളെപ്പോലും ലെനിനിസത്തിന്റേയും മാവോയിസത്തിന്റെയും പേരിൽ കടുത്ത ചൂഷണോപാധിയാക്കിയത് ചരിത്രമാണ്. തലതിരിഞ്ഞ ലോകായുധമാക്കി ആശയത്തെ പരിവർത്തിപ്പിക്കുന്ന ഈ രാസവിദ്യ മൂലധന പ്രോക്തമാണ്. സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് എല്ലാത്തിനും ഒരു സാമ്പത്തികാടിത്തറയുണ്ട് എന്ന യാഥാർത്ഥ്യം മാർക്‌സിസം മുന്നോട്ടുവെച്ചത്. അടിത്തറയും ഉപരിഘടനയും എന്ന സൂത്രവാക്യം. യാഥാർത്ഥ്യത്തിന്റെ ലോകമായി മാർക്‌സിസം കാണുന്നത് സാമ്പത്തികമായ ഈ ഘടനയേയാണ്. മറ്റെല്ലാ സംവർഗവും, മതവും തത്വചിന്തയും മനഃശാസ്ത്രവും ശാസ്ത്രചിന്തയും സാങ്കേതികജ്ഞാനവുമെല്ലാം, അവയുടെ പ്രയോഗത്തെ അടിസ്ഥാനപരമായി നിർണ്ണയിക്കുന്നത് സാമ്പത്തിക ഘടനയാണ് എന്ന നിലയിൽ.

ഹിന്ദുക്കളും മുസ്‍ലിംകളുടേയും അവരുടെ കബീറിനെ സംസ്‌ക്കരിച്ചു. മഗഹറിലും വാരണാസിയിലുമുണ്ട്, ആ പൂക്കൾ സമാധി സ്ഥലമാക്കിയ ഇടം. തൊട്ടുവണങ്ങാൻ വന്ന സ്ത്രീകളോട് സമാധി ഇതാണോ എന്നു ചോദിച്ചപ്പോൾ കബീറിന് സമാധിയില്ലെന്ന് പറഞ്ഞു, അവർ.

ഇത് മറ്റു വ്യവഹാരങ്ങളെ നിരാകരിക്കുന്ന സാമ്പത്തിക ന്യൂനീകരണവാദമല്ല. മാർക്‌സിസിന്റെ ഈ ദ്വന്ദത്തെ ലെനിനിസം ഇപ്രകാരം വ്യാഖ്യാനിച്ച് ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിച്ചുപോരുന്നുണ്ട്. അതും പ്രത്യയശാസ്ത്രപരമായ ഒരു ഉപയോഗമാണ്. പ്രത്യയശാസ്ത്രത്തിന്റെ ഈ മിത്തുവത്കരണത്തെ മനസ്സിലാക്കുക എല്ലാ മനസ്സിലാക്കലിന്റേയും അടിസ്ഥാനമാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ ഫ്യൂഡലിസം ജൈന- ബ്രാഹ്മണ- ബുദ്ധ ആശയങ്ങളെ പ്രത്യയശാസ്ത്രപരമായി, അധികാര പ്രയോഗത്തിനുവേണ്ടി നൃശംസമായ നിലയിൽ ഉപയോഗിച്ചുണ്ട് എന്ന് വസ്തുത നിലനിൽക്കെത്തന്നെ, അവ ഇന്ത്യൻ ജാതിശരീരങ്ങളേയും മനഃശാസ്ത്ര ഘടനയേയും അഗാധമായി സ്വാധീനിച്ചിട്ടുണ്ട് എന്നരിക്കെത്തന്നെ, കൊളോണിയൽ കാലമാണ് ഈ സ്ഥിതിയെ കൂടുതൽ സങ്കീർണമാക്കി ശാശ്വതീകരിച്ചത് എന്നുകാണാം.

കബീർ മഠിൽ ആളുകളൊന്നും അധികമില്ല. അധികൃതരെപ്പോലും കാണുന്നില്ല. സമാധിമണ്ഡപത്തിൽ കബീർ ഭജനകൾ ഉയരുന്നു. കബീറിന് യഥാർത്ഥത്തിൽ സമാധിയില്ല. അക്കാലത്ത് ഹിന്ദുക്കളും മുസ്‍ലിംകളും വെച്ചുപുലർത്തിയ മതപരവും വിശ്വാസപരവുമായ എല്ലാ മൃതതത്വങ്ങളും കബീർ എല്ലാ നിലയിലും വെല്ലുവിളിച്ചു. ജന്മം കൊണ്ടും ജീവിതംകൊണ്ടും കവിതകൊണ്ടും ഗുരു ഉപദേശങ്ങൾ കൊണ്ടും. കാശിയിൽ മരിച്ചാൽ പുണ്യം എന്ന വിശ്വാസത്തെ വെല്ലാൻ, മരിക്കാൻ കാലത്ത് മഗഹർ എന്ന സ്ഥലത്തേക്ക് കാശി വിട്ടുപോയി. അവിടെ ഒരു ഹെർമിറ്റേജിൽ അവസാനകാലം ചെലവഴിച്ചു. അതിന്നും കാവ്യരേഖകളുണ്ട്. ഒടുവിൽ മരണമടഞ്ഞപ്പോൾ ഹിന്ദുക്കളും മുസ്‍ലിംകളും ശവശരീരത്തിന് അവകാശവാദമുന്നയിച്ചു. തങ്ങളുടേതായ നിലയിൽ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. മിസ്റ്റിക്കായ ആ യോഗി ജീവനോടെ വന്ന് തന്റെ ശവക്കച്ച മാറ്റി നോക്കാൻ പറഞ്ഞു. ശവത്തിന് പകരം പൂക്കൾ. ആ പൂക്കൾ അവർ പകുത്തെടുത്തു. ഹിന്ദുക്കളും മുസ്‍ലിംകളുടേയും അവരുടെ കബീറിനെ സംസ്‌ക്കരിച്ചു. മഗഹറിലും വാരണാസിയിലുമുണ്ട്, ആ പൂക്കൾ സമാധി സ്ഥലമാക്കിയ ഇടം. അവിടെയാണ് ഞങ്ങളിപ്പോൾ. തൊട്ടുവണങ്ങാൻ വന്ന സ്ത്രീകളോട് സമാധി ഇതാണോ എന്നു ചോദിച്ചപ്പോൾ കബീറിന് സമാധിയില്ലെന്ന് പറഞ്ഞ് അതിന്റെ യാഥാർത്ഥ്യം വിവരിച്ചുതന്നു. എന്റെ കണ്ണുകൾ നിറയുന്നത് അവർ കണ്ടു. ഏറെനേരം വരാന്തയിലിരുന്ന് ഭജനയിൽ മുഴുകി ഞങ്ങൾ ധ്യാനിച്ചു. കബീറിന്റെ വീട് എന്നെഴുതിയ പൗരാണിക ഭാഗങ്ങൾ, കിണർ, മാതാപിതാക്കളുടേത് എന്ന് എഴുതിവെച്ച കബറിടങ്ങൾ എന്നിവ കണ്ടു. കബീർ മണ്ഡപം ഹിന്ദു ശൈലിയിലും പാദരക്ഷകൾ സൂക്ഷിച്ച കെട്ടിടം മുസ്‍ലിം രീതിയിലുമുള്ള വാസ്തുവിലുമാണ് പണിതിട്ടുള്ളത്. പുസ്തകം വെച്ച ഗാലയിൽ കയറിനോക്കി. പാദുകങ്ങൾ ഏറേനേരം നോക്കിനിന്നു. അടിവയറ്റിലെ അസ്വാസ്ഥ്യങ്ങൾക്ക് പരിഹാരമില്ലാതെ ഹാരിസ് ഡോക്ടർ മടങ്ങണമെന്നു പറഞ്ഞു. മനമില്ലാമനസ്സോടെ കബീറിനു വിട പറഞ്ഞു. സൈക്കിൾ റിക്ഷയിൽ ഞങ്ങൾ താമസസ്ഥലത്തേക്കു മടങ്ങി. ബനാറസി താംബൂലം തിന്ന് വായ്‌പ്പൊള്ളിപ്പോയ നിലയിലായി.

കബീർ ഒരു നെയ്ത്തുകാരനാണ്. അക്കാലത്ത് ഭക്തിപ്രസ്ഥാനത്തിന്റെ ഏറെക്കുറെ എല്ലാ പ്രണേതാക്കളും കീഴാള സമൂഹത്തിൽനിന്നുള്ളവരായിരുന്നു. പ്രത്യേകിച്ച്, കൈവേലാ സമൂഹങ്ങളിൽ നിന്നുള്ളവർ. പന്ത്രണ്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ നവോത്ഥാനത്തിന്റെ അടിയിൽ വർത്തിച്ച ഫ്രീമേസന്റി വിഭാഗങ്ങൾ പോലെ, കരകൗശലമേഖലയിൽ നിന്നാണ് ഭക്തിപ്രസ്ഥാനത്തിന്റെ കവിതയും തത്വചിന്തയും സംഗീതവും പുഷ്ടി പ്രാപിച്ചത്.

കബീർ ഒരു നെയ്ത്തുകാരനാണ്. അക്കാലത്ത് ഭക്തിപ്രസ്ഥാനത്തിന്റെ ഏറെക്കുറെ എല്ലാ പ്രണേതാക്കളും കീഴാള സമൂഹത്തിൽനിന്നുള്ളവരായിരുന്നു. പ്രത്യേകിച്ച്, കൈവേലാ സമൂഹങ്ങളിൽ നിന്നുള്ളവർ.

ഇന്ത്യൻ കൈവേലാ സമൂഹങ്ങളുടെ ജീവിതവ്യവഹാരങ്ങൾ അഥർവ്വണ വേദത്തിലാണിരിക്കുന്നത്. ഋഗ്വേദ സമൂഹം നീച യമായി കണ്ടു മാറ്റിനിർത്തിയ എല്ലാ ഭൗതികജ്ഞാനത്തിന്റെയും ബീജങ്ങളാണ് അഥർവ്വണവേദം. ചിത്രകലയും വൈദ്യവും മന്ത്രവാദവും അതിലാണ്. യഥാർത്ഥത്തിൽ ഇന്ത്യയിൽ പണ്ടേ വികാസംകൊണ്ട ഇൻഡിജനസ് ആയ അറിവാണ് അഥർവ്വണ വേദം. ഇതാണ് ആദ്യവേദമെന്ന് മുനിനാരായണ പ്രസാദ് പറയുന്നു. സാമ യജുർ വേദങ്ങൾ ഋഗ്വേദത്തിന്റെ ഋക്കുകളുടെ തന്നെ വ്യത്യസ്തമായ വർഗീകരണമാകുമ്പോൾ, അഥർവ്വവേദം വേറിട്ടുനിൽക്കുന്നു. ആര്യ സാമൂഹികഘടന ബ്രാഹ്മണാധിപത്യത്തിനു കീഴിൽ സംഘടിക്കപ്പെട്ടപ്പോൾ ജ്ഞാനവും ഇപ്രകാരം കീഴ്‌മേൽ മറിച്ചിട്ടുണ്ട്. ആദ്യത്തെ വേദമായ അഥർവ്വണം അവസാനത്തേതായി. ബ്രാഹ്മണാധിപത്യത്തിന്റെ ഈ തലതിരിച്ചിടലിനെ 12-15 നൂറ്റാണ്ടുകളിൽ വളർന്നു വന്ന ഭക്തിപ്രസ്ഥാനം വെല്ലുവിളിച്ചു. ഏകമായ ദൈവത്തെ കണ്ടെടുത്തുകൊണ്ട്, വേദങ്ങളുടെ ആദിയിലുള്ള അർത്ഥവ്യാഖ്യാനങ്ങൾ അവർ പുനഃസൃഷ്ടിച്ചു. അതിലൂടെ വേദങ്ങളേയും ഉപനിഷത്തുകളേയും പ്രത്യയശാസ്ത്രമാക്കിയ ബ്രഹ്ണാധിപത്യവർഗഘടനയിൽ നിന്ന്, ജനകീയതയുടേയും ജനാധിപത്യസമൂഹത്തിന്റെയും ആധുനികതയിലേക്ക് ഇതാദ്യമായി ഇന്ത്യ നിശ്വസിച്ചു.

ബ്രാഹ്മണാദിവർഗങ്ങൾ ജാതിസമൂഹങ്ങളായിരിക്കുമ്പോൾ, കൈവേലക്കാരുടെ സാമൂഹികത പ്രവർത്തിക്കുന്നത് ഗിൽഡ് സ്വഭാവത്തിലാണ്. ഈ വ്യത്യസ്തത കൈവേലക്കാരും ബ്രാഹ്മണാദി കാർഷികസമൂഹങ്ങളും തമ്മിൽ അടിസ്ഥാനപരമായ വിഭജനം വരുത്തുന്നു.

കൈവേലയുടെ തത്വചിന്തയെ അറിയാൻ കലാചരിത്രം അന്വേഷിക്കുകയേ മാർഗ്ഗമുള്ളൂ. തത്വചിന്ത ശുദ്ധമായ ചിന്തയുടെ മാത്രം വ്യവഹാരമാകുമ്പോൾ അത് അഭ്യൂഹങ്ങളുടേയും പ്രസ്താവങ്ങളുടെയും തീർപ്പുകൽപ്പിക്കലിന്റെയും മേധാവിത്വ സ്വഭാവമാർജ്ജിക്കുന്നു. അതുകൊണ്ടാണ് ചിന്തയെ മറികടക്കാനുള്ള അറിവിനെ അന്വേഷിക്കാൻ ആത്മീയത ആവശ്യപ്പെടുന്നത്. ചിന്തയുടെ ഈ 'അൾടിമാറ്റം' ടെക്‌സ്ച്വൽ ആയ മുങ്ങിത്തപ്പലിൽനിന്ന് ദൂരെ മാറി നിൽക്കുമ്പോൾ ആരംഭിക്കുന്നതാണ്. ഒരു പുനർജന്മത്തെ അനുഭവിക്കും പോലെയാണത്. ചിന്തയുടെ ഈ ശുദ്ധസ്വരൂപത്തിൽ പിന്നെ ചിന്ത ചിന്തയുടെ രൂപത്തിലല്ല, ദർശനത്തിന്റെ രൂപത്തിലാണു സംഭവിക്കുക. ഒരു കോൺസെപ്റ്റ് രൂപമായിത്തീരുന്നു, വചനം രൂപമാകുന്നു. രൂപമാകുമ്പോഴാണ് അതിന് പൂർണ സാക്ഷീഭാവം സംഭവിക്കുന്നത്. രൂപം രണ്ടാമതായി വരുന്നു എന്ന നിലയല്ല. വചനം അതിന്റെ സാക്ഷീഭാവം കൈവരിക്കുന്നതാണ് രൂപം. രൂപം ദർശനമാണ്. വചനം തത്വചിന്തയും. വചനത്തിൽ നിന്ന് രൂപത്തിലേക്കും രൂപത്തിൽ നിന്ന് വചനത്തിലേക്കും. കൈവേലയേയും ദൃശ്യത്തേയും രണ്ടാംതരമാക്കുന്ന തത്വചിന്തയേയാണ് നാം ബ്രാഹ്മണ്യം എന്നു പറയുന്നത്. ശബ്ദത്തിന് ഇവിടെ മേധാവിത്വം വരുന്നു. വെളിച്ചം മങ്ങിപ്പോകുന്നു. ഇരുണ്ട ഇല്ലങ്ങൾപോലെ ശബ്ദംകൊണ്ടു മാത്രം ഒരു ജീവിതമുണ്ടായിത്തീരുന്നു. ഭാഷാസമൂഹങ്ങൾ ഇങ്ങനെയാണ്. ആര്യന്മാരുടേയും സെമിറ്റിക് പാരമ്പര്യങ്ങളേയും പോലെ, ശബ്ദത്തിലും വാക്കിലും വേദാധികാരത്തിലും പുലരുന്ന ജനത. എന്നാൽ പ്രവൃത്തിയുടെ മാർഗ്ഗമെന്നു ശരിയായ അർത്ഥത്തിൽ പറയാനാകില്ലെങ്കിലും, തത്വചിന്തയിൽ തന്നെയാണ് കൈവേലാസമൂഹവും പ്രവൃത്തിക്കുന്നത്.

ബ്രാഹ്മണാധിപത്യത്തിന്റെ ഈ തലതിരിച്ചിടലിനെ 12-15 നൂറ്റാണ്ടുകളിൽ വളർന്നു വന്ന ഭക്തിപ്രസ്ഥാനം വെല്ലുവിളിച്ചു. ഏകമായ ദൈവത്തെ കണ്ടെടുത്തുകൊണ്ട്, വേദങ്ങളുടെ ആദിയിലുള്ള അർത്ഥവ്യാഖ്യാനങ്ങൾ അവർ പുനഃസൃഷ്ടിച്ചു.

ബ്രാഹ്മണാദിവർഗങ്ങൾ ജാതിസമൂഹങ്ങളായിരിക്കുമ്പോൾ, കൈവേലക്കാരുടെ സാമൂഹികത പ്രവർത്തിക്കുന്നത് ഗിൽഡ് സ്വഭാവത്തിലാണ്. ഈ വ്യത്യസ്തത കൈവേലക്കാരും ബ്രാഹ്മണാദി കാർഷികസമൂഹങ്ങളും തമ്മിൽ അടിസ്ഥാനപരമായ വിഭജനം വരുത്തുന്നു. ഇന്ത്യൻ സമൂഹവ്യവസ്ഥയുടെ അടിസ്ഥാനപരമായ ഈ വൈവിധ്യം സാമ്പത്തികമെന്നപോലെ സാംസ്‌കാരികവുമാണ്. തത്വചിന്തയിലും സാമൂഹികഘടനയിലും ഈ ഗിൽഡ് സമൂഹം വ്യതിരിക്തമാണ്. ഈ സമൂഹങ്ങളുടെ ഐഡന്റിറ്റി പ്രശ്‌നം ഇതര സമൂഹങ്ങളിൽനിന്ന് തുലോം വ്യത്യസ്തമാണ്. ഒരു ശൈലിയിൽ അറിയപ്പെടുക എന്ന നിലയിൽ, അസ്തിത്വവും അതിന്റെ അറിയപ്പെടലും ഇവിടെ തികച്ചും സാമൂഹികമാണ്. പിൽക്കാലത്ത് തൊഴിലാളിവർഗ്ഗങ്ങൾ രൂപം കൊണ്ടപ്പോൾ, കാർഷിക സാമൂഹികതയിലും ആർടിസാൻസ് ഗിൽഡുകളുടെ അനുശീലത്തിലും അല്ലാതെ, തികഞ്ഞ ഏകാന്ത വ്യക്തിയിൽ ഊന്നിയാണ് നിലവിൽ വന്നത് എന്നു കാണാം. നൂലിഴ കീറിയുള്ള ഈ പഠനത്തിലൂടെ മാത്രമേ ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ അങ്കിതമായ അഭ്യന്തര വൈരുദ്ധ്യങ്ങളുടേയും സാമൂഹിക ഘടനയുടേയും സ്വഭാവം മനസ്സിലാക്കാനാകൂ.

വാരണാസിയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ഞങ്ങളാരാഞ്ഞു. ഇവിടെ പകുതി മുസ്‍ലിംകൾ. 25 ശതമാനം സുന്നികളും 25 ശതമാനം ഷിയാ വിഭാഗത്തിലുംപെട്ടവർ. വർഗ്ഗീയ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഭക്തിയോടെയാണ് ജനങ്ങൾ കഴിയുന്നത്.

ബിസ്മില്ലാഖാനെത്തേടി

ഒരു സായാഹ്നത്തിൽ ഞങ്ങൾ ബിസ്മില്ലാഖാന്റെ വീടുതേടിപ്പോയി. അമേരിക്കക്കാർ വിളിച്ചിട്ടും 'അവിടെ ഗംഗയില്ലല്ലോ' എന്നു പറഞ്ഞ് തന്റെ പ്രശസ്തിയേയും പണത്തേയും ഗംഗയിൽ ഒഴുക്കിക്കളഞ്ഞ ആ മഹാനായ സംഗീതകാരൻ സംഗീതജ്ഞനായിരിക്കെത്തന്നെ മിസ്റ്റിക്കുമാണ്. പരമ്പരാഗത ഷെഹ്നായി വാദകരുടെ കുടുംബത്തിൽ ജനിച്ച ബിസ്മില്ലാഖാന്റെ അമ്മാവൻ വാരണാസിയിലെ ബാലാജി ക്ഷേത്രത്തിലെ ഷെഹ്നായി വാദകനായിരുന്നുവെന്നാണറിയുന്നത്. തന്റെ പരിശീലനത്തിന് അദ്ദേഹം നിത്യേനയെന്നോണം ബാലാജി ക്ഷേത്രസമുച്ഛയത്തിലെ ഒരു മുറിയിൽ പോകുമായിരുന്നു. അവിടെപ്പോയി പ്രാക്ടീസ് ചെയ്യാൻ മരുമകൻ ബിസ്മില്ലാ ഖാനോടും ഉപദേശിച്ചു. അവിടെവെച്ചുണ്ടാകുന്ന അനുഭവങ്ങൾപുറത്തുപറയരുതെന്നും പറഞ്ഞിരുന്നു. ഒരിക്കൽ തന്റെ വാദനം കേൾക്കാൻ സാക്ഷാൽ ബാലാജി തന്നെ വന്ന അനുഭവം ബിസ്മില്ലാഖാനുണ്ടായി. അതു പുറത്തു പറഞ്ഞപ്പോൾ അമ്മാവനോട് പിരടിക്ക് അടികിട്ടുകയും ചെയ്തു. മറ്റൊരിക്കൽ ഒരു കച്ചേരിക്കു പോകുമ്പോൾ ഒരു കറുത്ത നാടോടി ബാലൻ വന്ന് തന്റെ പുല്ലാങ്കുഴലിൽ അന്നേവരെ ഖാൻ പരിചയപ്പെട്ടിട്ടില്ലാത്ത ഒരു രാഗം വായിച്ചുകൊടുത്ത അനുഭവമുണ്ടായി. ഈ രാഗം കച്ചേരിയിൽ വായിച്ച ബിസ്മില്ലാഖാൻ സംഗീതലോകത്ത് വലിയ ഒരത്ഭുതമായി. അന്നുവരെ കേട്ടിട്ടില്ലാത്ത ഒരു രാഗമായിരുന്നുവത്രെ അത്. രാഗാലാപനത്തിന്റെ റിക്കാർഡിങ്ങ് കേട്ട ഹരിപ്രസാദ് ചൗരസ്യ ആ രാഗം എങ്ങിനെയാണ് സ്വായത്തമാക്കിയത് എന്നന്വേഷിക്കുകയും ഉണ്ടായത്രെ.

Photo: twocircles.net

പണ്ട് തിരുവനന്തപുരത്ത് വന്ന ബിസ്മില്ലാ ഖാനെത്തേടി അദ്ദേഹം യാത്ര ചെയ്ത വണ്ടിയിൽ വഴിയിൽനിന്നു കയറി പരിചയപ്പെട്ട കഥ, എന്റെ ബിരുദപഠനകാലത്ത് ഹരിനാരായണൻ പറയുകയുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ സിഗരറ്റ് വലിയെക്കുറിച്ചും ചരസ് പാനത്തെക്കുറിച്ചും, ഹരിനാരായണൻ തന്റെ ലഹരിയോടുള്ള സ്വതസിദ്ധമായ ഇഷ്ടത്തെ മുൻനിർത്തി പറയുകയുണ്ടായി. ബിസ്മില്ലാഖാനെക്കുറിച്ച് മണികർണ്ണികയിലേയ്ക്കുള്ള തോണിയാത്രയിൽ തോണിക്കാരനും പറഞ്ഞുതരികയുണ്ടായി. മഹാനായ മനുഷ്യനാണെന്നും കുടുംബങ്ങൾ അദ്ദേഹത്തിനു ലഭിക്കുന്ന പണം മുഴുവൻ വീതം വച്ചെടുക്കുന്ന സ്വഭാവക്കാരാണെന്നും ആ തോണിക്കാരൻ പരാതിപ്പെടുകയുണ്ടായി.

ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് ഗ്യാൻവാപി മസ്ജിദ് ഇവിടുത്തെ ബിജെപിക്കാർ അടങ്ങുന്ന ഹിന്ദുക്കളും അധികൃതരും ബാരിക്കേഡുകൾ ഉയർത്തി സംരക്ഷിച്ച കഥ അദ്ദേഹം പറഞ്ഞു

തെരുവുകളിലൂടെ റിക്ഷ നീങ്ങി. മുസ്‍ലിം വിഭാഗം പാർക്കുന്ന ഇടങ്ങൾ. നഷ്ടാവശിഷ്ടങ്ങളുടെ ഇന്ത്യയുടെ പരിഛേദം തന്നെ ആ തെരുവുകളും. ഒടുവിൽ വഴി ചോദിച്ചറിഞ്ഞ്, ആ സന്ധ്യയ്ക്ക്, വൃത്തിഹീനമായ, മലിനജലം ഒഴുകുന്ന തെരുവിലെ ഗലികളിലൂടെ നടന്ന്, പാതയോരത്തുള്ള ബിസ്മില്ലാ ഖാന്റെ വീട്ടിലെത്തിച്ചേർന്നു. കൂട്ടുകുടുംബമായാണ് ബിസ്മില്ലാഖാൻ താമസിച്ചുപോന്നിരുന്നത് എന്നറിയാം. ഞങ്ങൾ കോളിങ് ബെൽ അമർത്തി വലിയ പൂമുഖത്ത് കാത്തിരുന്നു. ഒരു പെൺകുട്ടി വന്ന് എത്തി നോക്കിപ്പോയി. ചുമരിൽ ബിസ്മില്ലാഖാന്റെ വിവിധ കാലഘട്ടങ്ങളിലെ പടങ്ങൾ, കുടുംബാംഗങ്ങളോടൊത്ത് കച്ചേരി നടത്തുന്നതും അവാർഡുകൾ സ്വീകരിക്കുന്നതും. ബിസ്മില്ലാഖാന്റെ പൗത്രൻ എന്നു വിശേഷിപ്പിച്ച് ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്ന് ഞങ്ങളോട് കുശലാന്വേഷണങ്ങൾ നടത്തി. ബിസ്മില്ലാഖാന്റെ ഖബറിടം നിൽക്കുന്ന ശ്മശാനം പറഞ്ഞുതന്നു. വാരണാസിയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ഞങ്ങളാരാഞ്ഞു. ഇവിടെ പകുതി മുസ്‍ലിംകൾ. 25 ശതമാനം സുന്നികളും 25 ശതമാനം ഷിയാ വിഭാഗത്തിലുംപെട്ടവർ. വർഗ്ഗീയ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഭക്തിയോടെയാണ് ജനങ്ങൾ കഴിയുന്നത്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട കാലത്ത് ഗ്യാൻവാപി മസ്ജിദ് ഇവിടുത്തെ ബിജെപിക്കാർ അടങ്ങുന്ന ഹിന്ദുക്കളും അധികൃതരും ബാരിക്കേഡുകൾ ഉയർത്തി സംരക്ഷിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 'ബിസ്മില്ലാഖാൻ സ്ട്രീറ്റ്' എന്നെഴുതിയ ബോർഡ് ഞാൻ മൊബൈലിൽ പകർത്തി. ഇത്രയും മാലിന്യ ഓടകൾക്കുമുമ്പിൽ പരിതാപകരമായ പരിസ്ഥിതികളിലാണ് മഹാനായ ഒരിന്ത്യൻ സംഗീതജ്ഞൻ ജീവിച്ചുപോന്നത് എന്നോർത്തപ്പോൾ സങ്കടം തോന്നി. ഈ സങ്കടം തീരാൻ ഇനി നേപ്പാളിൽ പോകേണ്ടിവരും എന്നു ഹാരിസ് പറഞ്ഞു. ബിസ്മില്ലാഖാൻ ഇരുന്നു വിശ്രമിക്കുകയും ഷെഹനായിയിൽ തന്റെ സാധന നടത്തിപ്പോരുകയും ചെയ്ത കട്ടിലിൽ ഞങ്ങൾ ഇരുന്നു. പൗത്രനോടൊപ്പം പടങ്ങൾ എടുത്തു. അവിടെ എത്തിയ കുട്ടികളോടു കുശലം പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ഇരുനൂറു രൂപ സമ്മാനം ആ ചെറുപ്പക്കാരൻ ഏറെ സന്തോഷത്തോടെ വാങ്ങി.

ബിസ്മില്ലാഖാൻ സ്ട്രീറ്റ് / Photo: ziya us salam Twitter Page

ലാഹരി മഹാശയയുടെ സമാധിയിൽ

പിറ്റേദിവസങ്ങളിൽ യാത്രകൾക്കൊന്നും ഹാരിസ് കൂടെ വന്നില്ല. ഞാൻ ഒറ്റയ്ക്ക് ഊർജ്ജം സംഭരിച്ചിറങ്ങി. ശ്രീ എമ്മിന്റെ ശിവരാത്രി ആഘോഷത്തിനുവന്ന, ഞങ്ങളുടെ ലോഡ്ജിൽ തന്നെ മുറിയെടുത്തിരുന്ന മലയാളികളായ സുഹൃത്തുക്കളിൽനിന്ന് സത്യലോകാശ്രമത്തെക്കുറിച്ചറിഞ്ഞു. ലാഹരി മഹാശയുടെ സമാധി അവിടെയാണ്. സമാധിയിൽ ചെവിവെച്ചു നോക്കിയാൽ ഓങ്കാരശബ്ദം ശ്രവിക്കാമെന്നും അദ്ദേഹം പറഞ്ഞു. വാരണാസി വിസ്മയങ്ങളുടെ സ്ഥലമാണ്. അവിടുത്തെ സാധാരണത്വം നിഗൂഢതകൾ ഒളിപ്പിച്ചുവച്ചതാണ്. കഥകളുടെയും ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും ചരിത്രത്തിന്റെയും കെട്ടുകഥകളുടെയും വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും തത്വചിന്തയുടെയും കവിതയുടെയും ഭക്തിയുടെയും സംഗീതത്തിന്റെയും വാസ്തുവിസ്മയ വൈവിധ്യങ്ങളുടെയും ദൈവങ്ങളുടെയും ക്ഷേത്രങ്ങളുടെയും ബുദ്ധന്റെയും തുളസിദാസിന്റെയും കബീറിന്റെയും ലാഹിരി മഹാശയന്റെയും യുക്തേശ്വറിന്റെയും പരമഹംസ യോഗാനന്ദയുടെയും…, അങ്ങനെ നീണ്ടുനീണ്ടുപോകുന്ന യോഗീപരമ്പരകളുടെയും പരിവ്രാചകന്മാരുടേയും സംന്യാസികളുടേയും അഘോരികളുടേയും നഗ്‌നസന്യാസിമാരുടേയും മരിക്കാനായി വ്രതമെടുത്ത് കാത്തിരിക്കുന്നവരുടേയും ഈ നഗരം, ചരിത്രാതീതമായ കാലഗണനയുള്ളതാണ്. സംസ്‌കാരത്തിന്റെയും വസ്ത്രവ്യാപാരത്തിന്റെയും കൊള്ളകൊടുക്കലുകളുടെയും കീഴടക്കലിന്റെയും ആത്മീയതയുടെയും ആത്മപീഡനത്തിന്റെയും എല്ലാമെല്ലാം സ്ഥലമാണ് വാരണാസി. ബനാറസ് എന്നു ബ്രിട്ടീഷുകാർ നൽകിയ പേര്, കാശി എന്നു പഴയ പേര്.

ചെറുപ്പക്കാരനായ ഒരു തോണിക്കാരനോട് വിലപേശി ഗംഗയിലൂടെ ഒറ്റയ്ക്ക് ഒരു തോണിയാത്ര നടത്തി. അപൂർവ്വമായ ആ അനുഭവത്തെ വിവരിക്കാൻ പ്രയാസം. പൂർണമായ മഞ്ഞ് മൂടിയ യാത്ര. വെള്ളപ്പുതപ്പണിഞ്ഞ അന്തരീക്ഷം. മണികർണികാഘാട്ട് പിന്നിട്ടപ്പോൾ വാനം മുഴുവൻ മൂടൽമഞ്ഞിനാൽ മൂടി.

പരിഭ്രമിച്ച് വഴിചോദിച്ച് ഞാൻ ഗലികളിലൂടെ നീങ്ങി. സത്യലോക് ആശ്രമം തേടി, ലാഹരി മഹാശയുടെ ഓങ്കാരനാദം പുറപ്പെടുവിക്കുന്ന സമാധിമന്ദിരം തേടി. വളവു തിരിഞ്ഞ് യോഗീരാജ് ലാഹരി മഹാശയ ഗലിയിൽ സത്യലോക് ആശ്രമത്തിനു മുമ്പിലെത്തി. അവിടെ ഹോട്ടലിൽ എനിക്ക് സ്ഥലം പറഞ്ഞുതന്ന മലയാളി സുഹൃത്ത് മൗനമായിക്കുന്നതു കണ്ടു. എന്നെ കണ്ട് എഴുന്നേറ്റുവന്നു. ഞാൻ ലാഹരി മഹാശയന്റെ സമാധി എവിടെ എന്നാരാഞ്ഞു. എന്നെ കൂട്ടിക്കൊണ്ടുപോയി. മാർബിളിൽ പണിത സമാധി കാണിച്ചുതന്നു. ഞാൻ സമാധിക്കരികിൽ സുഖാസനത്തിൽ ധ്യാനം കൊണ്ടു. ആശ്രമം അടക്കാൻ പോകുന്നു എന്നറിയിച്ച് അവിടുത്തെ കാര്യകർത്താവ് ബംഗാളിയായ ആ മനുഷ്യൻ വന്നു പറയുംവരെ ഇരിപ്പു തുടർന്നു.
ലാഹരിയുടെ കുടുംബത്തിൽപ്പെട്ടയാൾ. ബാബാജിയുടെ വലിയ പ്രതിമ പ്രതിഷ്ഠിച്ച മന്ദിരവും ആശ്രമത്തിലുണ്ട്. 'Imagination is more important than intelligence' എന്ന ഐൻസ്റ്റീൻ വാചകം അടങ്ങുന്ന പോസ്റ്റർ പതിച്ചിട്ടുണ്ട്. അതുപോലെ മറ്റു വചനങ്ങളും. അന്നേക്കുള്ളതുമായി ഞാൻ മടങ്ങി, മടങ്ങുമ്പോഴാണ് സുന്ദരിയും കൃശഗാത്രിയുമായ ഇന്ദുമതി റാവുവിനെ കണ്ടു. അവരെ ശ്രീ എമ്മിന്റെ കുടകിലെ റിട്രീറ്റിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്. പ്രായമുണ്ടെങ്കിലും അവരുടെ ചുറുചുറുക്ക് എന്നെ ആകർഷിച്ചു. നീല ജുബ്ബയും മുണ്ടുമണിഞ്ഞിറങ്ങി വന്ന എന്നെ സത്യലോക് ആശ്രമത്തിനുമുമ്പിൽ നിർത്തി അവർ ഫോട്ടോ എടുത്തു തന്നു. ഏറെ സ്‌നേഹവും ആദരവും അവർ കാണിച്ചു. തന്നെപ്പറ്റി അൽപകാര്യങ്ങൾ പറഞ്ഞു. തന്റെ ഏകാന്തയാത്രകളെക്കുറിച്ച്. അടുത്തുള്ള, വിദേശികൾ ഭക്ഷണം കഴിക്കുകയും സിഗരറ്റ് പുകയ്ക്കുകയും ചെയ്യുന്ന കടയിൽ കൊണ്ടുപോയി എനിക്ക് ആഹാരം വാങ്ങിത്തന്നു. സ്‌നേഹത്തിന്റെ സാന്ത്വനവും സാമീപ്യവും. അവരുടെ ഭർത്താവിനെപ്പറ്റിയും മക്കളെക്കുറിച്ചും പറഞ്ഞു. തനിക്ക് ധാരാളം മുസ്‍ലിം സുഹൃത്തുക്കൾ ഉണ്ടെന്നും അതെല്ലാം തന്റെ പൂർവ്വജന്മ ബന്ധമാകാമെന്നും അവർ പറഞ്ഞു. ശ്രീ ഗുരു ബാബാജിയെക്കുറിച്ച് പറഞ്ഞു. അദ്ദേഹം സ്‌നേഹത്തിന്റെ മൂർത്തിയാണെന്നു ഞാൻ പറഞ്ഞു. എനിക്ക് അങ്ങിനെയാണ് പറയാൻ തോന്നിയത്. അങ്ങിനെയാണ് ബാബാജിയെ അനുഭവിച്ചത്. സ്‌നേഹമാണ് എന്റെ മതം എന്നദ്ദേഹം പറഞ്ഞ വാക്കുകൾ പിന്നീടാണറിഞ്ഞത്.

സത്യലോക് ആശ്രമം / Photo: lahirikriyayoga.com

ശ്രീ ഗുരു ബാബാജിയെക്കുറിച്ച് പല കഥകളുണ്ട്. തമിഴ്‌നാട് പറങ്കിപ്പട്ടണത്തു ജനിച്ചുവെന്നും ഭോഗരുടെ ശിഷ്യനായിരുന്നുവെന്നും പിന്നീട് ഹിമാലയത്തിൽ പോയെന്നും കഠിനമായ യോഗപരിശീലനത്തിലൂടേയും ധ്യാനത്തിലൂടേയും അമരത്വം നേടിയ യോഗിയായെന്നും ചിരജ്ഞീവിയാണെന്നുമുള്ള കഥ. എന്നാൽ ബാബാജി ഒരു ഗർഭപാത്രത്തിൽ നിന്നു ജനിച്ചയാളല്ല എന്നും നാഗലോകത്തുള്ള ഒരു ബീയിങ്ങ് ആണെന്നും മനുഷ്യവംശത്തെ സഹായിക്കാനെത്തുന്ന ഗുരുവാണെന്നും നൂറ്റാണ്ടുകളിലൂടെ മരണമില്ലാത്ത ജീവിക്കുന്ന, പഴയ നാഥ് ഗ്രന്ഥങ്ങളിൽ പറയുന്ന നിത്യനാഥ് ആണെന്നും, ബാലനാഥ് ആയും അറിയപ്പെടുന്നുണ്ടെന്നും, ശ്രീ ഗുരു എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത് എന്നും, മഹാവതാർ ബാബാജി എന്ന് പരമഹംസ യോഗാനന്ദ ആത്മകഥയിൽ വിളിക്കുന്നയാൾ ശ്രീ ഗുരുവാണെന്നും ശ്രീ എം പറയുകയുണ്ടായി. അദ്ദേഹത്തിന് ശ്രീ ഗുരു ദർശനം ഉണ്ടായിട്ടുണ്ട്. ശ്രീ എമ്മിന്റെ ഗുരു മഹേശ്വർ നാഥ് ബാബാജി ശ്രീ ഗുരുവിന്റെ മുതിർന്ന ശിഷ്യനാണെന്നും ശ്രീ എം സാക്ഷ്യം പറയുന്നു. ക്രിയായോഗ രൂപപ്പെടുത്തി മനുഷ്യവംശത്തിന് നൽകിയത് ശ്രീ ഗുരുവാണെന്നും, പഴയ നാഥ് ഗ്രന്ഥങ്ങളെല്ലാം ശ്രീ ഗുരുവിനെ നമിച്ചാണ് ആരംഭിക്കുന്നതെന്നും മറ്റുമുള്ള സത്യസാക്ഷ്യങ്ങൾ. നമ്മുടെ യുക്തിയുടെ ലോകത്തിന് അപ്പുറത്തുള്ള കാര്യങ്ങൾ. എന്നാൽ ശ്രീ എമ്മിന്റെ സത്യസന്ധത ഇതെല്ലാം നമ്മെ വിശ്വസിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.

ഇവിടുത്തെ തോണിക്കാരെല്ലാം ജ്ഞാനികളാണ്. ഹെർമെൻ ഹെസ്സെയുടെ സിദ്ധാർത്ഥ ഓർമ വന്നു. കടത്തുതോണിക്കാരൻ ഉപദേശിക്കുന്ന ജ്ഞാനരഹസ്യം.

ആധുനികകാലത്ത് ലാഹരി മഹാശയ്ക്കാണ് ശ്രീ ഗുരു പ്രത്യക്ഷം നൽകിയത്. പിന്നീട് യുക്തേശ്വറിനും യോഗി പരമഹംസ യോഗാനന്ദയ്ക്കും. ക്രിയായോഗ അവർക്ക് നൽകിയത് ബാബാജിയാണ്. ലാഹരി മഹാശയ നൈനിറ്റാളിനടുത്ത് പോസ്റ്റ് മാസ്റ്ററായി ജോലി നോക്കവെ, തന്റെ കുന്നുകളിലൂടെയുള്ള ചുറ്റിക്കറങ്ങലുകൾ ബാബാജിയെ കണ്ടെത്തുന്നതിലേക്കു നയിച്ചു. അങ്ങനെ ക്രിയായോഗയുടെ രഹസ്യജ്ഞാനിമങ്ങൾ ബാബാജി ഒരു ഗുഹയിൽ വച്ച് പറഞ്ഞുകൊടുത്തു. ആ ഗുഹ 'ബാബാജി കേവ്' എന്നറിയപ്പെടുന്നു. യുക്തേശ്വറിലൂടെ പരമഹംസ യോഗാനന്ദ പറഞ്ഞു കൊടുത്ത ക്രിയായോഗാ രഹസ്യങ്ങൾ, യോഗാനന്ദയ്ക്കുമേൽ ഏൽപിച്ച ദൗത്യപ്രകാരം, അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ ആദ്യമായി ലോകത്തിനു വെളിപ്പെടുത്തി. കബീറിനും നസ്രുൾ ഇസ്‍ലാമിനും, അങ്ങനെ അനേകർക്ക് ബാബാജി രഹസ്യമായെത്തി ക്രിയായോഗ രഹസ്യങ്ങൾ പറഞ്ഞുകൊടുത്തിട്ടുണ്ടത്രേ.

എന്നാൽ ആധുനികകാലത്ത് ലാഹരി മഹാശയനാണ് പകർന്നുകൊടുത്തത്. ശിഷ്യനായ യുക്തേശ്വർ വഴി പരമഹംസ യോഗാനന്ദയ്ക്കും. പരമഹംസയ്ക്കാണ് ഇതു ലോകസമക്ഷം വെളിപ്പെടുത്താനുള്ള നിയോഗമുണ്ടായത്. വിദേശരാജ്യങ്ങളിൽ പ്രചരിപ്പിക്കാനും. അതിനുശേഷം കൂടുതൽ വ്യക്തതയോടെ, കൂടുതൽ ജനകീയമായി പകർന്നുനൽകാനുള്ള ദൗത്യം, മഹേശ്വർ നാഥ് ബാബാജി വഴി ശ്രീ എംൽ വന്നു ചേർന്നു.

ഗംഗയിലൂടെ ഒരു തോണി യാത്ര

ഹാരിസ് ഭായ് മുറിയിൽത്തന്നെ.
രാവിലെ ഞാൻ പുറത്തിറങ്ങി. ചെറുപ്പക്കാരനായ ഒരു തോണിക്കാരനോട് വിലപേശി ഗംഗയിലൂടെ ഒറ്റയ്ക്ക് ഒരു തോണിയാത്ര നടത്തി. അപൂർവ്വമായ ആ അനുഭവത്തെ വിവരിക്കാൻ പ്രയാസം. പൂർണ്ണമായ മഞ്ഞ് മൂടിയ യാത്ര. വെള്ളപ്പുതപ്പണിഞ്ഞ അന്തരീക്ഷം. മണികർണികാ ഘാട്ടു പിന്നിട്ടപ്പോൾ വാനം മുഴുവൻ മൂടൽമഞ്ഞിനാൽ മൂടി. ചുറ്റുപാടുകളിൽനിന്ന് പൂർണ്ണമായ വിടുതൽ. ഞാനും വഞ്ചിക്കാരനും പുഴയുടെ നടുക്ക്. മറ്റൊരു തോണിയിൽ താലത്തിൽ പൂക്കൾ വച്ച് വിൽപന നടത്തുന്ന മറ്റൊരു തോണിക്കാരൻ. എന്നോട് ഗംഗയിൽ ചെരാത് കൊളുത്തി പൂത്താലം അർപ്പിക്കുന്നുവോ എന്നാരാഞ്ഞു. രണ്ടാമതൊന്ന് ചിന്തിക്കാതെ പൂത്താലം വാങ്ങി, ഗുരുമന്ത്രം ചൊല്ലി, ചെരാത് കത്തിച്ചുവച്ച് അത് ഗംഗയുടെ നിതാന്തമായ ഒഴുക്കിനു സമർപ്പിച്ചു. 'കുടുംബത്തിനായി ഒന്നു കൂടെ സമർപ്പിക്കൂ', അയാൾ എന്റെ മനഃശാസ്ത്രം വായിച്ചറിഞ്ഞതുപോലെ. ഇവിടുത്തെ തോണിക്കാരെല്ലാം ജ്ഞാനികളാണ്. ഹെർമെൻ ഹെസ്സെയുടെ സിദ്ധാർത്ഥ ഓർമ വന്നു. കടത്തുതോണിക്കാരൻ ഉപദേശിക്കുന്ന ജ്ഞാനരഹസ്യം. ബുദ്ധന്റെ യാത്രാപഥങ്ങളുടെ ചിത്രീകരണം പോലെയാണ് ഹെർമെൻ ഹെസ്സെയുടെ ആ നോവലുകൾ. പ്രേമത്തിന്റെ ചതിക്കുഴികളിൽ നിന്ന് രക്ഷപ്പെടാൻ, എന്റെ കയ്യിൽവന്ന പുസ്തകം. രത്‌നവേണിയുമായുള്ള ആ ഇടവേളയിൽ നടന്നും കിടന്നും വായിച്ചുതീർത്ത പുസ്തകം.

മലയാളം എത്ര സമ്പന്നമാകുമ്പോഴും ബൗദ്ധികമായ ഒരു കാപട്യം സൂക്ഷിക്കുന്ന എഴുത്തുകാർ. രാഷ്ട്രീയത്തിന്റെ പേരിൽ ജാതിയെ ഒളിപ്പിച്ചുവച്ച ഭാഷ. മലയാളത്തിന് ശുദ്ധമായ ജ്ഞാനത്തിന്റെ വഴിയേ സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല.

ആദ്യമായി ഞാൻ ഇംഗ്ലീഷിൽ വായിച്ചത് ലോസ്റ്റ് ഹൊറൈസൺ എന്ന പുസ്തകമാണ്. വിമാനാപകടത്തിൽ തിബറ്റിൽ ചെന്നുപെടുന്ന നായകൻ അനുഭവിക്കുന്ന കാലബോധത്തിന്റെ മറിമായം. സിദ്ധാർത്ഥയും അത്തരമൊരു വഴിത്തിരിവിന്റെ പുസ്തകമായിരുന്നു. സാർത്രെ നോവൽ ത്രയങ്ങൾ മറ്റൊരു വിനാഴിക. കാമുവും കാഫ്കയും. അസ്തിത്വത്തിന്റെ അറിയാത്ത ഭൂമിക. ഫാഷിസത്തിന്റെ കാറ്റുവീഴ്ചയിൽ തന്നെത്തന്നെ അന്വേഷിക്കേണ്ടിവരുന്ന സ്വത്വബോധങ്ങൾ. ദോസ്‌തോവ്‌സ്‌കിയുടെ നിന്ദിതരും പീഡിതരും. സ്വയം വിശുദ്ധമാക്കുന്ന അനുഭവങ്ങൾ. മനുഷ്യ മനഃശാസ്ത്രത്തിന്റെ നിഗൂഢമായ ചേരുവകൾ. മനസ്സിനെ അറ്റാച്ച്മെന്റിൽ നിന്ന് വേർപ്പെടുത്താകാനാവാതെ കുരുങ്ങി സ്വയം തീ തിന്നുന്ന കഥാപാത്രങ്ങൾ. എഥിൽ ലിലിയൻ വോയ്നിച്ച് എന്ന ഇറ്റാലിയൻ എഴുത്തുകാരന്റെ കാട്ടുകടന്നൽ, ജീവിതവഴിത്തിരിവുകളിൽ വന്നുചേർന്ന പുസ്തകങ്ങൾ. വൈലോപ്പിള്ളി കവിതകൾ. ഫൂക്കോയും ദലേസും. ഉപനിഷത്തുകൾ. ഗീതാപഠനം. ബൈബിളും ഖുർആനും.

രാവിലെ ഞാൻ പുറത്തിറങ്ങി. ചെറുപ്പക്കാരനായ ഒരു തോണിക്കാരനോട് വിലപേശി ഗംഗയിലൂടെ ഒറ്റയ്ക്ക് ഒരു തോണിയാത്ര നടത്തി. / Photo: Aswani G.R.

നമ്മുടെ സ്വന്തം എഴുത്തുകാരെ വായിക്കാനാണ് പ്രയാസം. മലയാളം എത്ര സമ്പന്നമാകുമ്പോഴും ബൗദ്ധികമായ ഒരു കാപട്യം സൂക്ഷിക്കുന്ന എഴുത്തുകാർ. രാഷ്ട്രീയത്തിന്റെ പേരിൽ ജാതിയെ ഒളിപ്പിച്ചുവച്ച ഭാഷ. മലയാളത്തിന് ശുദ്ധമായ ജ്ഞാനത്തിന്റെ വഴിയേ സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല. കവിതയായാലും തത്വചിന്തയായാലും ഫിക്ഷനായാലും രാഷ്ട്രീയത്തിന്റെ കൊടിമരങ്ങൾ നാട്ടിയ എഴുത്തിന്റെ നിരുത്തരവാദിത്വം, തങ്ങളെ പ്രതിഷ്ഠിക്കാനുള്ള മാധ്യമപ്രോക്തമായ എഴുത്തിന്റെ കപടലോകം.

കുടുംബത്തിനായുള്ള പൂത്താലവും ഞാൻ ഗംഗയിൽഒഴുക്കി. വെള്ളപ്പുതപ്പണിഞ്ഞ് എനിക്കു മാത്രമായി തീർത്ത ആ ശൈവധവളിമയിൽ ഓളങ്ങൾ മുറിച്ചുകടന്ന് തോണി നീങ്ങവേ, പൂക്കളും ചെരാതിലെ തീയുമുള്ള രണ്ടു താലങ്ങൾ ഗംഗയിൽ ദൂരെ ദൂരെ മാഞ്ഞുപോകുന്നത് ഞാൻ സാകൂതം നോക്കിനിന്നു. ദുഃഖത്തിന്റേയും ഏകാന്തതയുടേയും അന്വേഷണത്തിന്റെയും അനുഭവങ്ങളിൽ മനസ്സ് കലങ്ങിയിരുന്നെങ്കിലും പ്രശാന്തമായിരുന്നു ആ പ്രഭാതം. എനിക്കായി എന്റെ ദുഃഖങ്ങളെ അക്കമൊഡേറ്റ് ചെയ്യാൻ ആ നദീപ്രവാഹത്തിനു കഴിഞ്ഞു. നാം നമ്മുടെ ഭാവങ്ങളെ തിരിച്ചറിയുന്നു. വാരണാസി വല്ലാത്ത ഒരിടം തന്നെ.

പിന്നേയും പിന്നേയും തോണിയെ ദിശ കാണിക്കാൻ കഴിയാതെ വഞ്ചിക്കാരൻ കുഴങ്ങി. അവൻ സ്വയം പിറുപിറുത്തു; 'എന്റെ ജീവിതം ഈ ഗംഗയിൽ തോണി തുഴഞ്ഞ് തീരും അല്ലേ' എന്ന് എന്നോടു പരാതിപ്പെട്ടു. ഞാൻ മൗനമായിരുന്നു.

പഞ്ചഗംഗയിൽ വഞ്ചിയണഞ്ഞു. മുങ്ങിനിവർന്നു. തോണിക്കാരൻ എന്റെ ഭാവങ്ങളെ സാകൂതം നോക്കിനിന്നു. രാധാ- കൃഷ്ണ ക്ഷേത്രത്തിൽ തൊഴുത് നാനൂറ് വർഷം ജീവിച്ചു എന്നു പറയുന്ന ത്രയ്ലിംഗ സ്വാമികളുടെ സമാധിയിൽ സമയം ചെലവഴിച്ചു മടക്കം. തോണിക്കാരൻ പണത്തെപ്പറ്റിത്തന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. എന്റെ ഒറ്റക്കുള്ള യാത്രയുടെ വിമ്മിട്ടത്തിനു പുറമേ, പണം എന്ന ഹൃദയപ്രതിഷ്ഠ നൽകുന്ന അശാന്തിയും ഞാനാ പ്രഭാതത്തിൽ അനുഭവിച്ചു. ആ തോണിയാത്ര എന്നിലെ എന്നെ കാണിച്ചു തന്നു. എന്റെ മനസ്സിൽ അവശേഷിക്കുന്നവ എന്ത് എന്നു പറഞ്ഞു തന്നു. തോണിക്കാരന് മൂടൽമഞ്ഞിൽ ദിശതെറ്റി. തോണി അങ്ങേക്കരയിൽ ചെന്നുമുട്ടി. മണികർണ്ണികയിലെ ശവദാഹങ്ങളുടെ വെളിച്ചം. പിന്നേയും പിന്നേയും തോണിയെ ദിശ കാണിക്കാൻ കഴിയാതെ വഞ്ചിക്കാരൻ കുഴങ്ങി. അവൻ സ്വയം പിറുപിറുത്തു; 'എന്റെ ജീവിതം ഈ ഗംഗയിൽ തോണി തുഴഞ്ഞ് തീരും അല്ലേ' എന്ന് എന്നോടു പരാതിപ്പെട്ടു. ഞാൻ മൗനമായിരുന്നു. ധ്യാനത്തിൽ കണ്ണുകൾ പൂട്ടിയും മഞ്ഞിന്റെ മുഖാവരണം ദർശിച്ചും ഒടുവിൽ കരയണഞ്ഞു. അശ്വമേധ് ഘാട്ടിൽ എന്നെ കരപറ്റിച്ചു. കൊടുത്ത പണം പോരാതെ പിന്നേയും ആ ചെറുപ്പക്കാരൻ എന്നോട് ഭിക്ഷാടകനെപ്പോലെ കൈനീട്ടി. ഞാനിനിയും വരും, തോണിയാത്രക്ക് എന്നു പറഞ്ഞ് അവനെ സമാധാനിപ്പിച്ചു, കൈകൾ അവന്റെ തലയിൽ വച്ച് അനുഗ്രഹിച്ചു എന്നു വരുത്തി. ആരുടെ അനുഗ്രഹം ആർക്ക്? അനുഗ്രഹം ഇഷ്ടം പോലെയുണ്ട്. അതു സ്വീകരിക്കാനുള്ള ചാലകശക്തിയാണ് സ്വന്തമാക്കേണ്ടത്. ചായകുടിച്ചും ആളുകളുടെ വൈചിത്ര്യങ്ങൾ കണ്ടും ഞാൻ മുറിയിലേക്കു മടങ്ങി. ഹാരിസ് ഗുഹാവാസത്തിൽ തന്നെ.

മറ്റൊരു തോണിയിൽ താലത്തിൽ പൂക്കൾ വച്ച് വിൽപന നടത്തുന്ന മറ്റൊരു തോണിക്കാരൻ. എന്നോട് ഗംഗയിൽ ചെരാത് കൊളുത്തി പൂത്താലം അർപ്പിക്കുന്നുവോ എന്നാരാഞ്ഞു. രണ്ടാമതൊന്ന് ചിന്തിക്കാതെ പൂത്താലം വാങ്ങി, ഗുരുമന്ത്രം ചൊല്ലി, ചെരാത് കത്തിച്ചുവച്ച് അത് ഗംഗയുടെ നിതാന്തമായ ഒഴുക്കിനു സമർപ്പിച്ചു. / Photo: Aswani G.R.

പിതൃക്കൾക്കു ശ്രാദ്ധം

ഹാരിസ് ഭായി മടങ്ങുകയാണ്. വിമാനത്താവളത്തിൽവൈകിയെത്താവുന്ന സാധ്യതകളെ ഓർത്ത് ധൃതി വച്ച്, ഹോട്ടൽ റിസപ്ഷനിൽ നിന്ന് ടാക്‌സി ബുക്ക് ചെയ്ത്, ബാഗുമായി പുറപ്പെട്ടു. ടാക്‌സി കാത്തു നിൽക്കുന്ന സ്ഥലത്തേക്ക് ഗലികളിലൂടെ ഞങ്ങൾ നടന്നു. ഹാരിസിനെ യാത്രയാക്കി ഞാനും വാരണാസിയും ബാക്കിയായി. റൂമിൽ വന്ന് ഹോട്ടലിന്റെ മട്ടുപ്പാവിൽ ചെന്ന് വിലകൂടിയ സമൃദ്ധമായ പ്രാതൽ കഴിക്കുമ്പോൾ മേശയ്ക്കു ചുറ്റുമുള്ള മറ്റ് കസേരകൾ സ്വന്തമാക്കി രണ്ട് വിദേശികളും അവരുടെ കൂട്ടുകാരനായ ഇന്ത്യക്കാരനും. അയാൾ വാരണാസിയിലെ ശിവ-പാർവ്വതി രഹസ്യം അവർക്ക് പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. ശിവന്റെ കാതിൽ നിന്ന് മണി തെറിച്ചുവീണ ഒരു കിണറിന്റെ കഥ. പാർവ്വതിയിൽനിന്ന് രഹസ്യമാക്കി വച്ച ശിവന്റെ ഗംഗാരഹസ്യം. ചണ്ഡാളരാജക്കാന്മാരാണ് വാരണാസി ഭരിച്ചിരുന്നത്. ഇക്കരേയും അക്കരേയും രണ്ടു രാജ്യങ്ങൾ. ഇവിടുത്തെ ശിവനും ചണ്ഡാളനാണ്. മണികർണ്ണികയുടെ ശവദാഹ ചുമതലയും ചണ്ഡാളർക്കാണ്. അതിന്റെ ഉടമസ്ഥതയും ചണ്ഡാളർക്കു തന്നെ. മണികർണ്ണികയിലെ വിറക് എത്തിക്കുന്നതും ശവദാഹം നടത്തുന്നതും അവർ തന്നെ.

എല്ലാവരുടേയും പേരുകൾ ചൊല്ലിവിളിച്ച് പണ്ഡിറ്റ് മന്ത്രങ്ങൾ ഉരുവിട്ടു. കൊടുത്ത രൂപക്കുപുറമെ ദരിദ്ര ബ്രാഹ്മണർക്ക് എന്തെങ്കിലും കൂടുതൽ നൽകൂ എന്ന അഭ്യർത്ഥനയായി. നൂറുരൂപ അധികം വച്ച് എന്റെ ലുബ്ധന്റെ മടിശ്ശീല മടക്കി ഞാനെഴുന്നേറ്റു.

ചണ്ഡാള വംശങ്ങൾ ഇവിടെ സമ്പന്നരാണ്. പതുക്കെ സത്യലോക ആശ്രമത്തിലേക്കു വച്ചുപിടിച്ചു. ഇന്ദുമതി റാവു ഭക്ഷണം വാങ്ങിത്തന്നെ ഹോട്ടലിൽനിന്ന് രുചികരമായ ചപ്പാത്തിയും സബ്ജിയും കഴിച്ചു. ബാബാജിയുടെ സന്നിധിയിലും ലാഹരിയുടെ സമാധിക്കരികിലും ധ്യാനിച്ചു. അവിടുത്തെ പ്രതിഷ്ഠകളിലും ബിംബങ്ങളിലും കൺപാർത്തും ആശ്രമനോട്ടക്കാരനിൽ നിന്ന് പ്രസാദം വാങ്ങിയും. ഇത്തവണ തലമുണ്ഡനം കഴിഞ്ഞാണ് അവിടെയെത്തിയത്. അശ്വമേധ് ഘാട്ടിലെ ക്ഷുരകൻഎന്റെ താരൻ ബാധിച്ച തലമുടിയും താടിയും വടിച്ചുനിരപ്പാക്കിയിരുന്നു. അതു കഴിഞ്ഞ് ശ്രാദ്ധമിടാൻ ഇരിക്കുന്ന പണ്ഡിറ്റിനെ സമീപിച്ചു. കുടുംബത്തിലെ മരിച്ചുപോയ എല്ലാവരുടേയും പേരുചൊല്ലി വിളിച്ച് അദ്ദേഹം ശ്രാദ്ധമിട്ടു. കൈവിരലിൽ ഓലമോതിരമിട്ടു തന്നും കാതിൽ പൂവ് തിരുകിയും തലയിൽ ഗംഗാജലം തളിച്ചു മന്ത്രങ്ങൾ ഉരുവിട്ടും, വളരെ ആത്മാർത്ഥതയോടെ പണ്ഡിറ്റ് ശ്രാദ്ധകർമ്മങ്ങൾ ചെയ്തു. ഗംഗയിൽ പോയി സൂര്യനെ നമിച്ച് ഗംഗാജലം തലയിൽ പകർന്നു വരാൻ പറഞ്ഞു. എല്ലാം ഞാൻ അനുസരിച്ചു. ഉപ്പ, ഉമ്മ, ജ്യേഷ്ഠന്മാർ, മരുമകൾ എല്ലാവർക്കുമായി ഞാൻ ശ്രാദ്ധമിട്ടു. എല്ലാവരുടേയും പേരുകൾ ചൊല്ലിവിളിച്ച് പണ്ഡിറ്റ് മന്ത്രങ്ങൾ ഉരുവിട്ടു. കൊടുത്ത രൂപക്കുപുറമെ ദരിദ്ര ബ്രാഹ്മണർക്ക് എന്തെങ്കിലും കൂടുതൽ നൽകൂ എന്ന അഭ്യർത്ഥനയായി. നൂറുരൂപ അധികം വച്ച് എന്റെ ലുബ്ധന്റെ മടിശ്ശീല മടക്കി ഞാനെഴുന്നേറ്റു.

ശ്രാദ്ധമിടാൻ ഇരിക്കുന്ന പണ്ഡിറ്റിനെ സമീപിച്ചു. കുടുംബത്തിലെ മരിച്ചുപോയ എല്ലാവരുടേയും പേരുചൊല്ലി വിളിച്ച് അദ്ദേഹം ശ്രാദ്ധമിട്ടു. കൈവിരലിൽ ഓലമോതിരമിട്ടു തന്നും കാതിൽ പൂവ് തിരുകിയും തലയിൽ ഗംഗാജലം തളിച്ചു മന്ത്രങ്ങൾ ഉരുവിട്ടും, വളരെ ആത്മാർത്ഥതയോടെ പണ്ഡിറ്റ് ശ്രാദ്ധകർമ്മങ്ങൾ ചെയ്തു.

ബനാറസ് സർവ്വകലാശാലയിൽ

ബനാറസ് സർവ്വകലാശാല യഥാർത്ഥത്തിൽ ആനിബസന്റിന്റെ മുൻകയ്യിൽ തിയോസഫിക്കൽ സോസൈറ്റിയുടെ പ്രവർത്തനങ്ങളുടെ ഫലമെന്നോണം സ്ഥാപിക്കപ്പെട്ടതാണ്. ഇന്ത്യൻ തത്വചിന്തയും ജ്ഞാനിമങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഓറിയന്റൽ ആയ ഒരു കാഴ്ചപ്പാടോടെ. ഏറെ നടന്നു തീർക്കേണ്ട ക്യാമ്പസാണ്. ചെല്ലുന്നിടം തന്നെ ഒരു അലോപ്പതി മെഡിക്കൽ കോളേജാണിപ്പോൾ. പിന്നേയും നീങ്ങിയാൽ മറ്റു ഡിപ്പാർട്ടുമെന്റുകൾ. ചരിത്രപഠനത്തിന്റേയോ ഇന്ത്യൻ തത്വചിന്തയുടേയോ ഗഹനതകൾ ഒന്നും ഇപ്പോൾ അവിടെ മുൻപന്തിയിൽ കാണാനില്ല. പതുക്കെ നമ്മുടെ കാമ്പസുകളും അക്കാദമിക സ്ഥാപനങ്ങളും ഹിന്ദുത്വരാഷ്ട്രീയം കയ്യാളിക്കൊണ്ടിരിക്കുന്ന കാഴ്ച ബനാറസ് സർവ്വകലാശാലയിലും കണ്ടു. അവിടുത്തെ പൊടിപിടിച്ച ബുക് ഡിപ്പോയിൽ നിസംഗമായിരിക്കുന്ന കാവൽക്കാരനോട് തർക്കിച്ചു, ഞാൻ പഴയ പുസ്തകങ്ങളൊക്കെ പരതി. കൊസാംബി അനുസ്മരണ സെമിനാർ പതിപ്പും ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ചില അപൂർവ്വ കൃതികളും പൊടിതട്ടിയെടുത്ത് വാങ്ങി മടങ്ങി. ഇന്ത്യൻ ചരിത്രത്തോട് നമ്മുടെ സർവ്വകലാശാലകൾ പുലർത്തുന്ന ദൈന്യമായ സമീപനം. ഇന്ത്യൻ തത്വചിന്തയെ ഹിന്ദുത്വം കയ്യാളുന്ന കാഴ്ചകൾ. അമേരിക്കൻ ഫോർഡിസം നടപ്പാക്കുന്ന, കാമ്പസ് ബുദ്ധിജീവികളുടെ നഷ്ടപ്പെട്ട ദിശാബോധം.

ഗലികളിൽ നടന്നും പാൻ മുറുക്കിയും ചുമരുകളിലെ ബിംബങ്ങളെ ഫോട്ടോയിൽ പകർത്തിയും ഘാട്ടിലൂടെ നടന്നും ഗംഗയുടെ തീരത്തിരുന്നും മണികർണ്ണികയിൽ പോയിവന്നും കാലം നിശ്ചലമായ കാശിയിൽ ഞാൻ ചെലവിട്ടു.

ജംഗ്ഷനിലെ വഴികാട്ടി ബോർഡുകളിൽ സങ്കട മോചന ഹനുമാൻ ക്ഷേത്രത്തിലേക്ക് ചൂണ്ടുന്ന ബോർഡ് കണ്ടു. എന്റെ സങ്കടങ്ങൾ തീർക്കാൻ ഹനുമാനെ തൊഴണമെന്നുണ്ടായിരുന്നു. നടന്നില്ല. വഴിയിൽ എവിടെയോ ആനന്ദമയി മായുടെ ആശ്രമം നിൽക്കുന്ന സ്റ്റോപ്പിൽ ബസ് നിർത്തി. ഇറങ്ങിനോക്കണമെന്നോർത്തു. പക്ഷേ ഇറങ്ങിയില്ല. വാരണാസി ജംഗ്ഷനിൽ ഇറങ്ങി അടുത്തുള്ള ഇംഗ്ലീഷ് പുസ്തകഷോപ്പിൽ നോക്കി. ആത്മീയതയുടെ പല പുസ്തകങ്ങൾ. വിദേശി ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുള്ളവ. അടുത്തുകണ്ട ഒരു ഗുജറാത്തി വെജിറ്റേറിയൻ ഹോട്ടലിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു. സപ്ലയർ ആവശ്യത്തിനും അതിലധികവും ചപ്പാത്തി കൊണ്ടുതന്നു. നിറഞ്ഞു. തൃപ്തിയായി. ഗുജറാത്തി ശൈലിയിലുള്ള രാധാകൃഷ്ണപടത്തിന്റെ മനോഹാരിതയെ ഞാൻ ഫോട്ടോയിലാക്കി. ഗലികളിൽ നടന്നും പാൻ മുറുക്കിയും ചുമരുകളിലെ ബിംബങ്ങളെ ഫോട്ടോയിൽ പകർത്തിയും ഘാട്ടിലൂടെ നടന്നും ഗംഗയുടെ തീരത്തിരുന്നും മണികർണ്ണികയിൽ പോയിവന്നും കാലം നിശ്ചലമായ കാശിയിൽ ഞാൻ ചെലവിട്ടു.

ബനാറസ് സർവ്വകലാശാല

അന്നപൂർണേശ്വരിയുടെ
സന്നിധിയിൽ

പിറ്റേന്ന് പ്രഭാതത്തിലുണർന്ന് പ്രസിദ്ധമായ, കാശിയിലെ അന്നപൂർണേശ്വരി ദേവിയെ ദർശിച്ചു. പൂജാരികൾ അരിയും ഉപ്പും നിവേദിച്ചുതന്നു. ഭക്ഷണത്തിന് മുടക്കരുതേ എന്ന പ്രാർത്ഥനകളോടെ ഞാൻ ആവർത്തിച്ചു തൊഴുതു. മടക്കം. ഗംഗാ ആരതിയിൽ പങ്കെടുത്തും ഘാട്ടുകളിൽ സമയം ചെലവിട്ടും സമയം പോയതറിഞ്ഞില്ല. മൂന്ന് സഹോദരിമാരേയും ഓരോ ഫോൺ കാൾ ചെയ്തു. ദില്ലിയിൽ പൗരത്വപ്രക്ഷോഭത്തിൽ കുട്ടികൾ കൊല്ലപ്പെട്ട വിവരം മൂത്തവൾ പറഞ്ഞു. പതുക്കെ ഹിന്ദുത്വം ഒരു ബോധമായി അവരിലും വേരിറങ്ങുന്നത് ഞാൻ കണ്ടു. ഭയം വേണ്ട എന്നു പറഞ്ഞ് ഞാൻ ഫോൺ മടക്കി. മുറിയിൽ വിശ്രമിക്കാനായി മടങ്ങി. എന്നാൽ ട്രെയിൻ സമയം തെറ്റായാണ് മനസ്സിലാക്കിയിരുന്നത്. ധൃതിവച്ചിറങ്ങി. മൂന്നു മിനിട്ടുകളാണ് വണ്ടി വരാനുള്ളത് എന്നറിഞ്ഞ വെപ്രാളത്തിൽ, റിക്ഷാക്കാരനോട് കുതിക്കാൻ പറഞ്ഞു. അതാ, സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഒന്നാമത്തെ ഫ്‌ളാറ്റ്‌ഫോമിൽ വണ്ടി ചൂളം വിളിച്ചെത്തി. ടിക്കറ്റ് എസിയിലേക്ക് മാറ്റിക്കൊണ്ട് റെയിൽവേയുടെ അറിയിപ്പ് എന്നെ വിസ്മയിപ്പിച്ചു. കാശീ വിശ്വനാഥന്റെ അനുഗ്രഹം.
യാ റബ്ബുൽ ആലമീൻ,
ശുഭം.

(അവസാനിച്ചു)

Comments