വിജനശതാബ്ദികൾ ഒരു കോഴിക്കോട്- എറണാകുളം ട്രെയിൻ യാത്ര

ഊഷ്മാവുപരിശോധന സഹിച്ച്, സഹയാത്രികരെ ഞെട്ടലോടെ നോക്കി, അർധസൈനികരെ പേടിച്ച്, കളയാൻ കഴിയാത്ത ഉമിനീരു കെട്ടിക്കിടന്ന് നാവ് പൊള്ളി, ഭീതിയും ആശങ്കയും മനസ്സിലേക്കു അരിച്ചു കയറ്റി, വിങ്ങിപ്പൊട്ടി... കോഴിക്കോട്ടുനിന്ന് വടക്കൻ പറവൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയ അധ്യാപകന്റെ ഒരു കോവിഡുകാല തീവണ്ടിയാത്ര

ഹരിയും കൗതുകവും ജനിപ്പിച്ച് സമാന്തരപാളങ്ങളിലൂടെ കുതിച്ചുപായുന്ന തീവണ്ടി ആദ്യമായി കണ്ടത് എന്നായിരുന്നു? ഓർക്കുന്നില്ല. അതേപ്പറ്റി ആലോചിക്കുമ്പോൾ അപ്പുവും ദുർഗയും നിബിഡമായ പുല്ലുകൾക്കിടയിലൂടെ ഓടിയത് ഓർമയിലെത്തും. ആദ്യമായി തീവണ്ടി കാണാൻ അവർ ഓടിയ ഓട്ടം. പഥേർ പാഞ്ചലിയിലെ രംഗം.

ആദ്യ തീവണ്ടിയാത്ര? അത് കോഴിക്കോട്ടേക്കായിരുന്നു; ലോക്കലിന്, ഡോക്ടറെ കാണാൻ. ഓർമകളിൽ മങ്ങലോടെ അതുണ്ട്. അന്നും സുഖകരമായ ഒരു ഭയമുണ്ടായിരുന്നിരിക്കണം. എങ്ങനെയാകും തീവണ്ടിയിൽ കയറുക? ഇറങ്ങുക? പെരുമാറുക? ഇടയ്‌ക്കെങ്ങാനും പുറത്തിറങ്ങിയാൽ പെട്ടെന്ന് തീവണ്ടി വിട്ടാലോ?

നാല് ആഴ്ചകളായി ജനശതാബ്ദിയിൽ യാത്ര ചെയ്യുന്നു. ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിച്ചത് ഈ കെട്ട കോവിഡ് കാലത്ത്. ജൂൺ ഒന്നിന് പോയി ചുമതലയേറ്റു. എറണാകുളം ജില്ലയിലാണ്, നോർത്ത് പറവൂർ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ. സഹപ്രവർത്തകരോടൊപ്പം കാറിലായിരുന്നു ഭക്ഷണമെല്ലാം കരുതിയുള്ള ആദ്യ യാത്ര. പിന്നെ നാലാഴ്ചകളായി കോവിഡ് കാലത്തെ തീവണ്ടിയാത്രകൾ എട്ടെണ്ണം. വിദ്യാർത്ഥികളെ ഇതുവരെ കാണാനായിട്ടില്ല. അതിനിടെയാണ് ആധി തങ്ങിനിന്ന് വിങ്ങിപ്പൊട്ടുന്ന നിമിഷങ്ങൾ മാത്രം സമ്മാനിച്ച യാത്രകൾ. സഹജീവിയുടെ സാന്നിദ്ധ്യം അശുഭകരമായ ഒന്നായി കണ്ട് സ്വയം ശപിച്ച് സമയം ചെലവഴിക്കേണ്ടിവരുന്ന സഞ്ചാരങ്ങൾ. സഹയാത്രികരുടെ സ്വരം ഞെട്ടലുണ്ടാക്കുന്ന അവസ്ഥ. അതിന് സ്വയം കീഴടങ്ങിക്കൊടുക്കുന്നതിന് നിശ്ശബ്ദസാക്ഷിയായിത്തീരാൻ വിധിക്കപ്പെടുന്ന ഭീതിതാവസ്ഥ.

ഉൾഭയം അവിടെ തെരുത്തുകയറുന്നു. പേടിച്ചും പതുങ്ങിയും ക്യൂവിൽ സ്ഥലം പിടിക്കും. ഒരു ചെറിയ പനിയുണ്ടെങ്കിൽ? ഒരു ഇളം ചൂട്? ദൈവമേ . യാത്ര മുടങ്ങും എന്നുറപ്പ്.

സാധാരണ റെയിൽവേസ്റ്റേഷനിൽ എത്തുമ്പോഴാണല്ലോ മലയാളിക്ക് ഇന്ത്യയിലെത്തിയ ഒരു ഫീലുണ്ടാവുന്നത്. ഗാഡിനമ്പർ ഒക്കെ കേൾക്കുമ്പോൾ. ഇപ്പോൾ റെയിൽവേസ്റ്റേഷൻ കോമ്പൗണ്ടിൽ എത്തിയാൽ കാണുന്ന ദൃശ്യം തന്നെ നമ്മെ അസ്വസ്ഥരാക്കും. എങ്ങും വടം കെട്ടി വേർതിരിച്ച പ്രത്യേക മേഖലകൾ. ഇതര സംസ്ഥാനക്കാർ നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. മറ്റുള്ളവർക്ക് അവിടേയ്ക്ക് പ്രവേശമില്ല. എല്ലാ സ്ഥലത്തും പരിശോധന. ക്യാമറകൾ. ക്യാമറ മോണിറ്റർ ചെയ്യുന്നവർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പൊലീസ് മാറ്റങ്ങൾ വരുത്തുന്നു. എത്തുന്ന ഇതര സംസ്ഥാനക്കാരെ കർശനമായി വേർതിരിച്ച് മാറ്റിനിർത്തുന്ന പൊലീസും അർദ്ധസൈനികരും. അവരെ കൊണ്ടുവരാൻ പ്രത്യേക ബസുകൾ പുറത്ത്. തടങ്കൽപാളയങ്ങളിലേയ്ക്കാണോ അവരെ കൊണ്ടുപോകുന്നത് എന്നു തോന്നിപ്പോവും ഇതു കണ്ടാൽ. അവർ പോയാലുടനെ പ്ലാറ്റ്‌ഫോം കഴുകി അണുവിമുക്തമാക്കി ശുദ്ധീകരിക്കുന്നു. ചുറ്റും അപകടം മണക്കുന്ന സാഹചര്യം.
സ്റ്റേഷനകത്തേയ്ക്കുള്ള പ്രവേശം തന്നെ പരിശോധനകൾക്കുശേഷം മാത്രം. ഒരു കവാടം മാത്രം. ഊഷ്മാവുപരിശോധന പ്ലാറ്റ്‌ഫോമിനുപുറത്ത്. ഉൾഭയം അവിടെ

തെരുത്തുകയറുന്നു. പേടിച്ചും പതുങ്ങിയും ക്യൂവിൽ സ്ഥലം പിടിക്കും. ഒരു ചെറിയ പനിയുണ്ടെങ്കിൽ? ഒരു ഇളം ചൂട്? ദൈവമേ (യുക്തിവാദത്തിന് താത്കാലികമായി വിട). യാത്ര മുടങ്ങും എന്നുറപ്പ്. അതുമാത്രമോ? കോവിഡ് രോഗിയെ നോക്കുന്നതുപോലെ മറ്റെല്ലാവരും നോക്കില്ലേ? ആരോഗ്യപ്രവർത്തകർക്ക് കൈമാറുമോ? കൈമാറില്ലേ? പൊലീസുമുണ്ട്, അതും സായുധ പൊലീസ്. ആരോഗ്യ പ്രവർത്തകർക്കു കൈമാറുമായിരിക്കും. പിന്നെ ക്വാറന്റയിനിൽ പോകാൻ പറയുമോ? വീട്ടിലേക്ക് അവർ തന്നെ ഫോൺ വിളിച്ചു പറയുമോ? ഊഷമാവ് കൂടിയ സമയത്ത് യാത്രയ്ക്കിറങ്ങിയതിന് ശിക്ഷിയ്ക്കുമോ? പൊലീസിന് കൈമാറുമോ? ആർക്കറിയാം. യാത്രയുടെ സകല പ്രതീക്ഷയും പ്രസരിപ്പും ആദ്യ നിമിഷം തന്നെ കടുത്ത ആശങ്കകൾക്ക് വഴിമാറുന്നു. അതു കടന്നുകിട്ടിയാൽ പിന്നെ ടിക്കറ്റ് പരിശോധന. ഐഡന്റിറ്റി വെളിപ്പടുത്തൽ. പോളിംഗ്ബൂത്തിൽ കയറിയ പ്രതീതി. മുഖാവരണത്തോടെ ഓഫീസർമാർ വടത്തിനപ്പുറം.

ഒളിച്ചുകളിക്കുന്നവരെപ്പോലെ ചിലരെ കാണാം പ്ലാറ്റ്‌ഫോമിലേയ്ക്ക് കടന്നാൽ. പരിചയക്കാരെ കണ്ടാൽപ്പോലും ചെറിയ ലോഗ്യം മാത്രം. പനിയോ തുമ്മലോ ഉണ്ടെങ്കിലോ അപരർക്ക് എന്ന് ഓരോരുത്തരും സംശയിക്കുന്നുണ്ടാകണം. തുമ്മാതിരിക്കാൻ സ്‌ട്രെയിൻ ചെയ്യുന്നതുപോലെയാണ് പലരും. ചുമ വന്നാലും അടക്കിപ്പിടിക്കണം. പറയാത്ത തെറിവാക്ക് കെട്ടിക്കിടന്നുമാത്രമല്ല, കളയാൻ കഴിയാത്ത ഉമിനീരു കെട്ടിക്കിടന്നും നാവ് പൊള്ളുന്നു.

അടുത്തേക്ക് ഒരാൾ വന്നാൽ മാറി നിൽക്കാൻ ശ്രമിക്കും അധികം പേരും. ആരുടേയും മുഖത്ത് സന്തോഷമില്ല. ചിരിയില്ല. തികഞ്ഞ ഗൗരവവും ആശങ്കയും. അല്ലെങ്കിൽ നിർവികാരത. വായും മൂക്കും മൂടുന്ന മാസ്‌കുണ്ടെങ്കിലും ഇതറിയാം. അകലേക്ക് വികർഷിക്കുന്ന യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിലെ കസേരകളിൽ ഇരിക്കാൻ പേടിയാണ്. എല്ലാവരും എന്തോ വേദന അനുഭവിക്കുന്ന പോലെ. പരിചിതരെ കണ്ടാൽ പോലും മിണ്ടാട്ടമില്ല. അപരലോകങ്ങളെ ആർക്കും അറിയേണ്ട. ബഹളത്താലും കളിചിരികളാലും രാഷ്ട്രീയം പറയലുകളായും കച്ചവട പേശലുകളാലും പ്രേമപ്രകടനങ്ങളാലും നിറഞ്ഞിരുന്ന പ്ലാറ്റ്‌ഫോമാണിത്. ഇപ്പോൾ ഐ.സി.യുവിന് പുറത്തെ ആളുകളെപ്പോലെ കുറച്ചു പേർ. ലിപ്സ്റ്റിക്കിന്റെ വർണങ്ങളില്ല. കടാക്ഷങ്ങൾ ഇല്ല. മിഴികൾക്ക് പ്രണയത്തോടെ പറയാനൊന്നുമില്ല. ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിന്റെ കരുതലുകൾ മാത്രം. ഈ മഹാമാരി മനുഷ്യരെ യന്ത്രങ്ങളാക്കിയിരിക്കുന്നു. യാത്രക്കാരും കച്ചവടക്കാരും നിറയുന്ന പ്ലാറ്റ്ഫോം എങ്ങോ പോയിരിക്കുന്നു. സ്റ്റേഷൻ പരിസരവും പ്ലാറ്റ്ഫോമും കൈയേറി ചുരുക്കം നായ്ക്കളും കാക്കകളും അലയുന്നുണ്ട്. അവയ്ക്ക് ആരേയും പേടിക്കേണ്ട. ആളുകൾ കഴിക്കുന്നതിന്റെ ബാക്കി കഴിച്ച് സംതൃപ്തരായിരുന്ന അവർക്കിപ്പോൾ ഭക്ഷണം എവിടുന്നാണാവോ?

എപ്പോഴെങ്കിലും ഒരു ചായക്കാരനോ കാപ്പിക്കാരനോ വന്നാൽ സംശയത്തോടെ നോക്കും മിക്കവരും. ചായ ചായേ എന്ന് ഉറക്കെ വിളിച്ചു പറയാൻ അയാൾക്കും സങ്കോചം.

ഓരോ തിങ്കളും വെള്ളിയുമുള്ള കോഴിക്കോട്-എറണാകുളം യാത്രകൾ കോവിഡ് കാലം തീവണ്ടിയാത്രകളെ എത്ര മാറ്റിയിരിക്കുന്നു എന്ന് അനുഭവപ്പെടുത്തിത്തന്നു. തീവണ്ടിയാത്രകളിൽ അനുഭവിച്ചതും വായിച്ചതും അഭ്രപാളികളിൽ കണ്ടതും പാടേ മാറിപ്പോയി. തിക്കിയും തിരക്കിയുമുള്ള സാധാരണ തീവണ്ടിയാത്രകൾ ഓർമയായി. ഭീതിയും ആശങ്കയും മനസ്സിലേക്കു അരിച്ചു കയറ്റി ഓരോ യാത്രയും. തീവണ്ടിയാത്രകൾ ഭാവനയെ പലതരത്തിൽ ഉദ്ദീപിപ്പിക്കുന്ന ആത്മസഞ്ചാരങ്ങളായിത്തീരാറുണ്ട്, ഓരോ യാത്രികനും യാത്രികയ്ക്കും. വിൻഡോസീറ്റിൽ ഇരുന്ന് മനസ്സിനെ മേയാൻ വിടാം. എതിർഭാഗത്തെ സീറ്റിൽ ആഗതയാ/നാവാൻ പോകുന്ന അപരിചതരെ പ്രതീക്ഷിക്കാം. യാത്രയിൽ അവരോടൊത്തു കെട്ടിപ്പടുക്കാവുന്ന ബന്ധത്തിന്റെ മനോഹാരിത ഭാവനയിൽ കണ്ടിരിക്കാം. പിന്നീട് വാസ്തവലോകത്തും അതു സംഭവിക്കാറുണ്ട്. ട്രെയിനിനകത്ത് കൗതുകത്താൽ സഞ്ചരിക്കുന്ന കുരുന്നുകൾ യാത്രികരുടെയെല്ലാം ഓമനക്കുഞ്ഞുങ്ങളായി മാറുന്നു. അതു കണ്ടിരിക്കുന്നതു തന്നെ എന്തു രസമാണ്! പല തരം വിൽപ്പനക്കാർ, ചായക്കാർ. വർണ്ണാഭമായ അന്തരീക്ഷം. ജാലകത്തിലൂടെ പ്രകൃതിയുടെ കാഴ്ചകളിൽ അലിയാം. വായനയിൽ മുഴുകി സ്വയം ഇല്ലാതാകാം. രാഷ്ടീയ വിശകലനങ്ങളിൽ അടികൂടാം.

ഇപ്പോൾ എല്ലാം മാറി. ടി.ടി.ഇ ഇല്ല. ടിക്കറ്റ് നേരെത്തെ പരിശോധിക്കുന്നുണ്ടല്ലോ. ജനശതാബ്ദിയിൽ ഒരു തിരക്കുമില്ല. സീറ്റുകൾ ഭൂരിപക്ഷവും കാലി.

ഭൂരിപക്ഷം സീറ്റുകളിലും ആളില്ലാതെ, ജനശതാബ്ദി ട്രെയിനിനുള്ളിലെ

കാഴ്ച

സമീപത്ത് ഒരാൾ വന്നിരുന്നാൽ മിക്കവരും അസ്വസ്ഥരാകുന്നു. അടുത്ത സീറ്റിലേയ്ക്ക് മാറുന്നു. സഹയാത്രികരില്ലാതാവാൻ കൊതിക്കുന്ന മനുഷ്യർ. പേടിയോടെയാണ് എല്ലാരും വണ്ടിയിൽ ഇരിക്കുന്നത്. കൈയിലും സീറ്റിലും സാനിറ്റെസർ തളിച്ചാണ് ഇരിപ്പ്. വിഷമിച്ചാണ് യൂറിനലിലേക്കുള്ള യാത്ര. അതും മിക്കവരും ഒഴിവാക്കുന്നു. പോയാൽ മുമ്പും പിമ്പും സാനിറ്റൈസർ. എപ്പോഴെങ്കിലും ഒരു ചായക്കാരനോ കാപ്പിക്കാരനോ വന്നാൽ സംശയത്തോടെ നോക്കും മിക്കവരും. ചായ ചായേ എന്ന് ഉറക്കെ വിളിച്ചു പറയാൻ അയാൾക്കും സങ്കോചം. പരസ്പരം സ്പർശിക്കാതിരിക്കാൻ എല്ലാവർക്കും ശ്രദ്ധ. ശ്മശാന മൂകത. "കണ്ണുകളാം ദൈവം നൽകിയ കനകവിളക്കുകളുള്ളവരോട്' പാട്ടുപാടി ജീവിതം നെയ്യുന്ന അന്ധനുണ്ടായിരുന്നു നാം കയറിയ വണ്ടികളിൽ. അവരെവിടെപ്പോയിക്കാണും? ഇടയ്ക്കു കണ്ണീരുപ്പുപുരട്ടിയ ജീവിതപലഹാരം(ഇടശ്ശേരി) വിൽക്കുന്നവർ. ഓരോ തീവണ്ടിയും സ്വപ്നങ്ങളുടെ ഒരു വലിയ കൂടാരമാണെന്ന് തോന്നിയിട്ടുണ്ടാവും ഏത് യാത്രികർക്കും. സ്വപ്നങ്ങളേയും വഹിച്ചുകൊണ്ടാണ് സമാന്തരമായ പാളങ്ങളിലൂടെ ചൂളം വിളിച്ച് ആസക്തിയോടെ വണ്ടി പാഞ്ഞത്. സമാന്തരരേഖകൾ അനന്തതയിൽ സംഗമിക്കുന്നു എന്ന് ഗണിതശാസ്ത്രം പറയുന്നു. സ്വപ്നങ്ങളുടെ കാര്യം ആർക്കറിയാം?

തീവണ്ടിയുടെ അകവും പുറവും ജീവിതം തന്നെയാണ് എക്കാലത്തും. പുറത്തെ ജീവിതം തന്നെയാണ് ഇക്കാലത്തും പ്രതിഫലിക്കുന്നത്. തീവണ്ടിയാത്രകളും

കൂകൂ കൂകൂ തീവണ്ടിയുടെ കവർ

റെയിൽവേസ്റ്റേഷനുകളുമൊക്കെ പ്രമേയപരിസരമായി വരുന്ന കഥകളുടെ സമാഹാരം തന്നെ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. "തീവണ്ടി പറഞ്ഞ കഥകൾ'. ഏത് കഥാബോഗിയിൽ കയറിയും അകം മുഴുവൻ നടന്നുതീർക്കാവുന്ന കഥാതീവണ്ടി. അനിത നായരുടെ "കൂകൂ കൂകൂ തീവണ്ടി' എന്ന യാത്രാനുഭവമുണ്ട്. വേറെയുമുണ്ടാവും തീർച്ചയായും. ലോകത്തിലെവിടേയും സമാഹരിക്കപ്പെട്ടിരിക്കണം ഇത്തരം കഥകൾ. മനുഷ്യരുടെ യാതനകളും നിസ്സഹായതകളും പ്രതിക്ഷയും എല്ലാം നമ്മെ ഓർമിപ്പിക്കുന്നതാണ് തീവണ്ടിയാത്രകൾ. ഹൗറ റെയിൽവേ സ്റ്റേഷനിലെ തിരക്കും പുറത്തെ യാചകരുടെ ദൈന്യവും കണ്ടത് ഇപ്പോഴും മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടില്ല. വഴിയിൽ യാത്ര അവസാനിപ്പിച്ച് ഇറങ്ങുന്നവർ ജീവിതത്തിലും തീവണ്ടിയിലും. യാത്രകളിൽ മൊട്ടിട്ട് യാത്രാവസാനം അവസാനിക്കുന്ന പ്രണയങ്ങൾ. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാണു തീവണ്ടിയാത്രകൾ മനുഷ്യർക്ക് നൽകിയിരുന്നത്. തീവണ്ടികൾ അറിയപ്പെടാത്തവരുമായി സൗഹൃദം തന്നതിന്റെ കഥകൾ ഒരുകാലത്ത് ബ്ലോഗുകളിൽ നിറഞ്ഞിരുന്നു. ഇന്ത്യയിലെ തീവണ്ടികളിലെ ജനം ഇന്ത്യൻ ജനതയുടെ തന്നെ പരിഛേദമാണല്ലോ.
തീവണ്ടിയാത്രകൾ ചാരുതയോടെ ചിത്രീകരിക്കപ്പെട്ടിട്ടുള്ള സിനിമകൾ അനവധിയുണ്ട്. ബോറിസ് പാസ്റ്റർനാക്കിന്റെ വിഖ്യാതകൃതിയായ ഡോക്ടർ ഷിവാഗോയെ അടിസ്ഥാനമാക്കി ഡേവിഡ് ലീൻ സംവിധാനം ചെയ്ത അതേപേരിലുള്ള ഓസ്‌കാർ പുരസ്‌കൃത സിനിമയിൽ നാലര മിനിറ്റിലധികം ദൈർഘ്യമുള്ള സീനുണ്ട്. നിറയെ യാത്രക്കാരുള്ള ആ തീവണ്ടിയാത്രാസീനിൽ ഒരക്ഷരം ആരും ഉരിയാടുന്നില്ല എങ്കിലും ആ സീൻ വളരെയേറെപ്പറയുന്നു.

ദിൽവാലേ ദുൽഹാനിയ ലേ ജായേംഗേ എന്ന ചിത്രത്തിൽ നിന്നും

കമൽ സംവിധാനം ചെയ്ത കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലം എന്ന സംഗീതസാന്ദ്രമായ സിനിമയുടെ ലൊക്കേഷനായത് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനും ഷൊർണൂർ-നിലമ്പൂർ റെയിൽപാതയുമായിരുന്നല്ലോ. ലോകത്തെവിടേയും സിനിമാപ്രേമികളുടെയും ചലച്ചിത്രകാരന്മാരുടെയും ഉറ്റ സുഹൃത്താണ് തീവണ്ടികൾ. ചെന്നൈ എക്സ്പ്രസ്, ബേണിംഗ് ട്രെയിൻ, ദിൽസേ,:.. അവിചാരിതമായി തീവണ്ടിയാത്രയിൽ കണ്ടുമുട്ടി പ്രണയത്തിലാവുന്ന രണ്ട് വിവാഹിതരുടെ കഥ പറയുന്ന Brief Encounter. എക്കാലത്തേയും വലിയ റൊമാന്റിക് ഫിലിമുകളിലൊന്നായി എണ്ണുന്നുണ്ട് ഇന്നും പലരും ഈ 1945 സിനിമയെ. കാലങ്ങൾക്കിടയിലെ സഞ്ചാരത്തെ സൂചിപ്പിക്കാനായി തീവണ്ടിയാത്രയെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് സത്യജിത്ത് റേ "നായക്' എന്ന ബംഗാളി ചിത്രത്തിൽ.

തീവണ്ടിയിലെ സ്ഥിരം യാത്രക്കാർ ഉൾപ്പെട്ട വാട്‌സ്അപ്പ് ഗ്രൂപ്പുകളൊക്കെ പല ഭാഗങ്ങളിലും സജീവമായിരുന്നു ഈ സോഷ്യൽ മീഡിയകാലത്ത്. പല സ്റ്റേഷനുകളിൽ നിന്നും കയറി പല സ്ഥലങ്ങളിലേക്ക് പോകേണ്ട ആൾക്കാർ തമ്മിൽ തമ്മിൽ ഒരു സൗഹൃദം വെച്ചുപുലർത്തുന്നു. പ്രത്യേകിച്ചും ഒരേ റൂട്ടിൽ സ്ഥിരമായി സഞ്ചരിക്കുന്നവർ. കണ്ടുമുട്ടുന്നതിലെ യാദൃശ്ചികതയും ബന്ധത്തിന്റെ താത്കാലികതയും പിരിഞ്ഞുപോകലിന്റെ അനിശ്ചിതത്വവും അങ്ങനെ അവർ മറികടക്കാൻ ശ്രമിക്കുന്നു. ഇടത്തരക്കാരുടെ ആഢംബരതീവണ്ടിയെന്നാണ് ഈ കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്സ് യാത്രികർക്കിടയിൽ അറിയപ്പെടുന്നത്. ഇവിടെ സുനിൽ പി. ഇളയിടം പ്രഭാഷണങ്ങളിൽ പതിവായി കേൾക്കാറുള്ള അപരോന്മുഖത്വം എന്നാണാവോ ഈ കോവിഡിനെ മറികടന്ന് നാം വീണ്ടെടുക്കുക?

Comments