വിനോദയാത്രകൾ മരണയാത്രകളായി മാറുന്നതെന്തുകൊണ്ട്?

ജയിലിൽ നിന്നു പുറത്തിറങ്ങിയവരെപ്പോലെ പെരുമാറേണ്ടിവരുന്ന വിദ്യാർത്ഥികളുടെ അവസ്ഥയെ അഭിസംബോധന ചെയ്യുകയും സാങ്കേതികവിദ്യയുടെ പ്രയോഗത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാരും ബന്ധപ്പെട്ടവകുപ്പുകളും ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത്.

കേരളത്തിലെ സ്‌കൂളുകളിൽ നടക്കുന്ന അധ്യയന യാത്രകൾ കേവലം വിനോദയാത്രകൾ മാത്രമായി മാറിയിരിക്കുകയാണ് ഇന്ന്. എല്ലാ നിയന്ത്രണങ്ങളും തകർത്ത് ആർമാദിക്കാനുള്ള രണ്ടോ മൂന്നോ ദിനങ്ങളാണ് സ്‌കൂൾ അധ്യയന / വിനോദയാത്രയുടെ ആകെത്തുക. കാതടപ്പിക്കുന്ന ഒച്ച മാത്രം ബഹിർഗമിപ്പിക്കുന്ന ഓഡിയോ സിസ്റ്റവും കണ്ണഞ്ചിപ്പിക്കുന്ന ദീപ സംവിധാനവുമുള്ള ബസും വാട്ടർ തീം പാർക്കും ഡി.ജെ. പാർട്ടിയും അതിന്റെ അവിഭാജ്യ ഘടകങ്ങളാണിന്ന്. വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം തന്നെ ഈ യാത്രയാണെന്നു കരുതി കിട്ടുന്ന കാശെല്ലാം സൊരുക്കൂട്ടിവെച്ച് സ്‌കൂൾ അവസാന വർഷത്തെ ഈ യാത്രയ്ക്കായി തെയ്യാറെടുപ്പു നടത്തുന്ന വിദ്യാർഥികളും എണ്ണത്തിൽ കുറവല്ല. പുതുകാല ജീവിതം അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികളെക്കുറിച്ചുള്ള അന്വേഷണം മാത്രമാവുമ്പോൾ ഇത്തരം ആഘോഷങ്ങൾ സ്വാഭാവികമായും അതിന്റെ ഭാഗമായി വരും. വരുംവരായ്കകളെക്കുറിച്ച് യാതൊരു സന്ദേഹവുമില്ലാതെ ത്രസിപ്പിക്കുന്ന വേഗത്തിൽ വണ്ടിയോടിക്കുന്ന ഡ്രൈവറും ഇതേ മനോനിലയുടെ ഉത്പന്നമാണ്.

വലിയ അപകടങ്ങൾ നടക്കുമ്പോൾ കുറച്ചു ദിവസത്തേക്കെങ്കിലും മാധ്യമങ്ങളും അധികാരികളും ജാഗ്രത പാലിക്കുകയും വാർത്തകളും ചിത്രങ്ങളും എഡിറ്റോറിയലും വഴി ജനങ്ങളെ അപകടത്തെക്കുറിച്ച് ഇടതടവില്ലാതെ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. വർഷത്തിൽ അമ്പതിനായിരത്തിനടുത്ത് അപകടങ്ങളും അയ്യായിരത്തിനടുത്ത് മരണവും അമ്പതിനായിരത്തോളം പേർക്ക് പരിക്കും സമ്മാനിക്കുന്നതാണ് കേരളത്തിലെ റോഡ് ഗതാഗതം ഇന്നെത്തിനിൽക്കുന്ന നില. ലോക്ഡൗണിനു തൊട്ടുമുൻപത്തെ വർഷമായ 2019ൽ കേരളത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട 41,111 അപകടങ്ങളിൽ 4,440 പേർ മരണമടയുകയും 46,055 പേർക്ക് പരിക്കുപറ്റുകയും ചെയ്തു എന്ന് കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.

കേരളത്തിൽ ആകെ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം 1.7 കോടിയിൽ എത്തിനിൽക്കുകയാണ് എന്നാണ് ഏറ്റവും പുതിയ കണക്ക്. ദേശീയ ശരാശരിയായ 1000 പേർക്ക് 18 വാഹനങ്ങൾ എന്ന ഇന്ത്യൻ അവസ്ഥയിലാണ് 1000 പേർക്ക് 432 വാഹനങ്ങൾ എന്ന അഞ്ചുമാസം മുൻപത്തെ കേരള ശരാശരി. ലോകത്തെ വികസിത രാഷ്ട്രങ്ങൾക്ക് തുല്യമോ മുകളിലോ ആണ് ഈ വാഹന സാന്ദ്രത. നമ്മുടെ നിരത്തുകളാകട്ടെ ലോകനിലവാരത്തിനടുത്തെത്താത്തതും ദേശീയ നിലവാരത്തിലും എത്രയോ താഴെയുമാണ് എന്നതും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ ഗതാഗതത്തിന്റെ സിംഹഭാഗവും ഏറ്റവും പ്രധാന ഗതാഗത മാർഗമായ 1811.52 km നീളത്തിലുള്ള ദേശീയപാതകളിലൂടെയും 4341.65 km നീളത്തിലുള്ള സംസ്ഥാന പാതകളിലൂടെയുമാണ്. റോഡുകളുടെ പരിപാലനവും സുരക്ഷാ മുൻകരുതലുകളായ സിഗ്‌നൽ സംവിധാനങ്ങളും അപകട മേഖലകളിൽ കൈവരികൾ ഒരുക്കുന്ന കാര്യത്തിലും നാം വളരെ പിറകിലുമാണ്. വാഹനപെരുപ്പവും താറുമാറായ റോഡുകളും റോഡ് സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും തോന്നിയപോലെ വാഹനങ്ങൾ ഓടിക്കാനുള്ള പ്രേരണയാണ് ഡ്രൈവർമാർക്ക് നൽകുന്നത്. മറ്റു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചും മുന്നോട്ട് പോകാനുള്ള വെമ്പലാണ് ഗതാഗതക്കുരുക്കുകളും വാഹനങ്ങളുടെ മെല്ലെപ്പോക്കും ഡ്രൈവർമാരിൽ സൃഷ്ടിക്കുന്നത്. ഈ അവസ്ഥയെ കൂടുതൽ തീവ്രമാക്കുന്നതാണ് വാഹനങ്ങൾ തടഞ്ഞിട്ടുകൊണ്ടു മോട്ടോർ വാഹനവകുപ്പും പോലീസും നടത്തുന്ന പരിശോധനകൾ.

എല്ലാ രജിസ്റ്റേർഡ് വാഹനങ്ങളുടെയും സുരക്ഷാ സംബന്ധവും അല്ലാത്തതുമായ എല്ലാ വിശദാംശങ്ങളും ഓൺലൈൻ ആയി അറിയാമെന്നിരിക്കെ ഇത്തരം പരിശോധനകൾ ഒഴിവാക്കുകയാണ് അഭികാമ്യം. ട്രാഫിക് സംബന്ധമല്ലാതെ മറ്റു തരത്തിലുള്ള പരിശോധനകൾ ആവശ്യമെങ്കിൽ മാത്രമേ വാഹനങ്ങൾ തടഞ്ഞുള്ള പരിശോധന നടത്തേണ്ടതുള്ളൂ. സാങ്കേതികവിദ്യ ഏറെ പുരോഗമിച്ചിട്ടുള്ള ഈ കാലത്ത് ടൂറിസ്റ്റ് ബസുകൾക്കുൾപ്പടെ സുരക്ഷിത യാത്ര പ്രോട്ടോക്കോൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നത് അധികാരികളുടെ ഇച്ഛാശക്തിയെ മാത്രം ആശ്രയിച്ചിരിക്കുന്നതാണ്. സ്പീഡ് ഗവർണറുകളും ജി.പി.എസ് സിസ്റ്റവും സ്പീഡ് സെൻസറുകളും നിരീക്ഷണ ക്യാമറകളും സുരക്ഷിതയാത്ര പ്രോട്ടോക്കോൾ ലംഘിക്കുന്നവരെ എളുപ്പത്തിൽ കണ്ടത്താനും നിയന്ത്രിക്കാനും ഉപയോഗിക്കാവുന്നതേയുള്ളു.

സ്‌കൂളുകളിൽ സംഭവിക്കുന്നത്

പുതിയ പാഠ്യപദ്ധതി മുന്നോട്ടുവെച്ച ശിശു കേന്ദ്രീകൃതവും സർഗാത്മകവും സംവാദാത്മകവും അന്വേഷണാത്മകവുമായ പഠനം പതിയെ പതിയെ നമ്മുടെ സ്‌കൂളുകളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിവരങ്ങളുടെ കൈമാറ്റം (information transfer) മാത്രം നടന്ന കോവിഡ്കാല ഓൺലൈൻ വിദ്യാഭ്യാസം പുതിയ പാഠ്യപദ്ധതി മുന്നോട്ടുവച്ച അറിവുനിർമിക്കുന്ന കുട്ടി എന്ന ആശയത്തിന്റെ അക്ഷരാർത്ഥത്തിൽ തന്നെയുള്ള മരണമണിയായി മാറി. അധ്യാപകർ നൽകുന്ന നോട്ടുകൾ പഠിക്കുക പരീക്ഷയെഴുതുക വിജയിക്കുക എന്ന എളുപ്പവഴിയിലേക്ക് അധ്യാപക ശാക്തീകരണ പരിപാടികൾ എല്ലാം നിലച്ചുപോയ ഈ കാലത്തെ ബോധന സമ്പ്രദായം മാറി എന്നതാണ് വസ്തുത. പഠനത്തിനായി നടത്തേണ്ടുന്ന ഫീൽഡ് ട്രിപ്പുകളോ സംഘപഠനരീതികളോ ഇന്ന് കാണാനേ ഇല്ല.

പഠനം പാൽപ്പായസമായിമാറണം എന്ന് പറഞ്ഞ് ആരംഭിച്ച പുതിയ പാഠ്യപദ്ധതി മത്സര പരീക്ഷാ വിജയത്തിനായുള്ള കഠിനമായ മുന്നൊരുക്കം എന്ന നിലയിലായി മാറി. നിലവിലെ മിക്ക പരീക്ഷാ ചോദ്യപേപ്പറുകളും പഴയ ചോദ്യങ്ങൾ തന്നെ ആവർത്തിച്ച് ജപപഠനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സംബന്ധമായ എല്ലാ പുതിയ ആശയങ്ങളേയും തള്ളിക്കളയുന്ന ട്യൂഷൻ സെന്ററുകളാണ് പഠനത്തിനായുള്ള വിദ്യാർത്ഥികളുടെ പ്രഥമ ആശ്രയ കേന്ദ്രം. നൂറുശതമാനം ആചാര സംരക്ഷകരും പാരമ്പര്യവാദികളുമായ പത്രങ്ങളും ചാനലുകളും പുറത്തുവിടുന്ന ആശയങ്ങളുടെ പ്രയോക്താക്കളായി ഭരണകൂടവും മാറിക്കൊണ്ടിരിക്കുന്നകാഴ്ചയാണ് ചുറ്റിലും.

ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമാണ് സ്‌കൂളുകൾ (Ideological state apparatus) എന്ന് നിരീക്ഷിച്ച ലൂയി അൽത്തൂസർ സർക്കാരിനെയും കോടതിയെയും പൊലീസിനെയും ഭരണകൂടത്തിന്റെ മർദ്ദന ഉപകരണങ്ങൾ (Repressive state apparatus) എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. പുതിയ പാഠ്യപദ്ധതി മുന്നോട്ടുവച്ച തുറസ്സുകളെയും അയവുകളെയും ഇല്ലായ്മ ചെയ്ത ഈ കാലത്തെ സ്‌കൂളുകൾ ഫലത്തിൽ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണം മാത്രമല്ല മർദ്ദന ഉപകരണവും കൂടിയായി മാറുന്നുണ്ട്. കേരള സിലബസ് പിന്തുടരാത്ത സ്‌കൂളുകളിൾ പഠനത്തെയും പഠിതാവിനെയും എങ്ങിനെ നോക്കിക്കാണുന്നു എന്നത് നാം പലതവണ മനസ്സിലാക്കിയതാണ്. പൊതുവിദ്യാലയങ്ങളേക്കാൾ എത്രയോ ഇരട്ടിയാണ് അവിടുത്തെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന കാർക്കശ്യം. ഈ കഠിനമായ ചട്ടക്കൂടിനുള്ളിൽ നിന്നാണ് വിനോദയാത്രയ്ക്കായി പുറപ്പെടുന്ന ഒരു വിദ്യാർത്ഥിയെ നാം സങ്കൽപ്പിക്കേണ്ടത്.

അധ്യയനദിനങ്ങൾ പരമാവധി സംരക്ഷിച്ചുകൊണ്ടാണ് രാത്രിയാത്ര ചെയ്തും ശനി ഞായർ ദിവസങ്ങൾ ഉപയോഗിച്ചും മിക്ക സ്‌കൂളുകളും യാത്രകൾ സംഘടിപ്പിക്കുന്നത്. ഇതെല്ലാം ഒറ്റയടിക്ക് അവസാനിപ്പിക്കുകയും അപ്രായോഗികമായ നിർദ്ദേശങ്ങൾ നൽകുകയുമല്ല വേണ്ടത്. ജയിലിൽ നിന്നു പുറത്തിറങ്ങിയവരെപ്പോലെ പെരുമാറേണ്ടിവരുന്ന വിദ്യാർത്ഥികളുടെ അവസ്ഥയെ അഭിസംബോധന ചെയ്യുകയും സാങ്കേതികവിദ്യയുടെ പ്രയോഗത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാരും ബന്ധപ്പെട്ടവകുപ്പുകളും ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത്.

Comments