അന്യാധീനപ്പെട്ട ഭൂമിക്ക് വേണ്ടിയുള്ള ആദിവാസികളുടെ പോരാട്ടങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും തൊവരിമലയിലുമെല്ലാം ഉയര്‍ന്ന ആദിവാസി ഭൂസംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ കേരളത്തിനിനിയും സാധിച്ചിട്ടില്ല.
ഒടുവിലിതാ, നിലമ്പൂരിലെ 18 ആദിവാസി കോളനികളില്‍ നിന്നുള്ള പണിയര്‍, നായിക്കന്മാര്‍, കുറുമര്‍, ആളന്മാര്‍ തുടങ്ങി 200 ഓളം കുടുംബങ്ങള്‍ തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിക്ക് വേണ്ടി സമരം ചെയ്യുകയാണ്. ആദിവാസികളുടെ നഷ്ടപ്പെട്ട കൃഷി ഭൂമി അവര്‍ക്ക് തിരിച്ചു നല്‍കണമെന്ന 2009 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കഴിഞ്ഞ ഒരുമാസക്കാലമായി അവര്‍ പട്ടിണികിടന്ന് സമരം ചെയ്യുന്നത്.
സുപ്രീംകോടതി വിധിയനുസരിച്ച്, നഷ്ടപ്പെട്ട കൃഷിഭൂമി ആദിവാസികള്‍ക്ക് തിരിച്ചുകൊടുക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ടെന്നും ഭൂമി കണ്ടെത്താനാവുന്നില്ലെങ്കില്‍, ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം കൃഷിയുക്തമായ ഭൂമി തിരിച്ചുപിടിച്ച് കൊടുക്കണമെന്നുമാണ് ആദിവാസികളുടെ ആവശ്യം.
സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയേണ്ടി വരുന്നത് നീതികേടാണെന്നും കൃഷി യോഗ്യമായ ഒരേക്കര്‍ ഭൂമി ഓരോ കുടുംബത്തിനും അനുവദിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും സമരക്കാര്‍ ഉറപ്പിച്ചു പറയുന്നു.