ഒന്ന്:
ഗുജറാത്തിലെ എന്റെ ‘സത്യാന്വേഷണ യാത്ര’യുടെ മൂന്നാമത്തെ ആഴ്ച.
ആദ്യം ഗാന്ധിയിലൂടെയും, പിന്നീട് പുസ്തകങ്ങളിലൂടെയും ഡോക്യുമെൻററികളിലൂടെയും മാത്രം ഞാൻ പരിചയപ്പെട്ടിട്ടുള്ള ദേശം. മുമ്പ് ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഇവിടം സന്ദർശിക്കാൻ ആഗ്രഹിച്ചിരുന്നിട്ടും ‘മോഡിഫൈഡ്’ ചെയ്യപ്പെട്ടുകഴിഞ്ഞ എന്റെ ഗാന്ധിയുടെ ദേശത്തേക്ക് ഒരിക്കൽ പോലും ഒന്ന് കാലെടുത്ത് വെയ്ക്കാൻ സാധിച്ചിട്ടില്ല. ഗോധ്രയിലൂടെയോ അഹമ്മദാബാദിലൂടെയോ അപ്പോഴൊക്കെ ട്രെയിൻ കടന്നുപോകുമ്പോൾ ഞാൻ ഒന്ന് പുറത്തേക്ക് നോക്കി നെടുവീർപ്പിടുക മാത്രം ചെയ്തു. അപരിചിതരായ എന്റെ പ്രേതസഹോദരങ്ങൾക്കായി മനസ്സുകൊണ്ട് പ്രാർത്ഥിച്ചു.
ഒടുവിൽ ഒരു സത്യാന്വേഷകനായി ഞാൻ ഗുജറാത്തിൽ എത്തിച്ചേർന്നു. മേൽപ്പറഞ്ഞ പുസ്തകങ്ങളിൽ നിന്നും ഡോക്യൂമെന്റ്ററികളിൽ നിന്നും ഉൾക്കൊണ്ട ഭീതിയെ, പ്രതീക്ഷിച്ചിരുന്ന ദുരിതാനുഭവങ്ങളെ എനിക്ക് അന്വേഷിക്കേണ്ടി വന്നിരുന്നില്ല. എന്തെന്നാൽ അവ ഇതിനോടകം തന്നെ കേരള സ്റ്റോറിയിലെ ‘ഹിന്ദി-പരിചയമില്ലാത്ത-മുസ്ലിം -വില്ലനെ’ അന്വേഷിച്ചെത്തിക്കഴിഞ്ഞിരുന്നു. ബൈക്ക് ടാക്‌സികളിൽ, ഹോട്ടൽ റിസപ്ഷനിൽ, ചായ കുടിക്കാനോ ഭക്ഷണം കഴിക്കാനോ കടകളിൽ കയറുമ്പോൾ കടക്കാരനുമായി ബോധപൂർവം തുടങ്ങിവെയ്ക്കുന്ന രാഷ്ട്രീയ കുശലാന്വേഷണങ്ങളിൽ, അവരെയൊക്കെ ക്ഷമയോടെ എന്റെ ഡയറിക്കുറിപ്പുകളിൽ ഞാൻ സ്വീകരിച്ചിരുത്തിയിട്ടുമുണ്ട്. എന്നാൽ അത്തരം അനുഭവങ്ങളെ കുറിച്ചൊന്നുമല്ല എഴുതുന്നത്. ആശക്ക് ഒട്ടുമേ വകയില്ലാതെ വെറുപ്പിന്റെ കമ്പോളത്തിലേക്ക് ഞാൻ തുടങ്ങിവെച്ച യാത്രയിൽ അപ്രതീക്ഷിതമായി കടന്നുചെന്ന പ്രതീക്ഷയുടെ രാഷ്ട്രീയ തുരുത്തുകളിലൊന്നിനെ കുറിച്ചാണ്.
ബറോഡയിലെ മകർപുര എന്ന സ്ഥലത്ത് ബസ് സ്റ്റാന്റിനോട് ചേർന്ന ലോഡ്ജിലാണ് മുറിയെടുത്തത്. പതിവുപോലെ അയൽവാസിയുടെ മുറിയിൽ നിന്ന് ഹനുമാൻ ചാലിസ കേട്ട് അന്ന് അതിരാവിലെ എഴുന്നേറ്റു. സൂര്യൻ ഏറ്റവും വൈകിയുദിക്കുന്ന നാട്ടിൽ പ്രഭാതഭക്ഷണത്തിനു മുമ്പുതന്നെ ഞാൻ ഛോട്ടാ ഉദയ്പൂരിലേക്ക് ബസ് കയറി.
തേജ്ഗഡ് എന്ന ആദിവാസി ഗ്രാമത്തിലെ ‘ആദിവാസി അക്കാദമി’ സന്ദർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. ഗുജറാത്തിലേക്കുള്ള എന്റെ ഒരു മാസം നീളുന്ന യാത്രയെ കുറിച്ച് അറിയിച്ചപ്പോൾ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ എന്റെ പി.ജി പ്രൊഫസർ ആയിരുന്ന ഡോ. രശ്മി സാവ്നിയാണ് കഴിയുമെങ്കിൽ ആദിവാസി അക്കാദമി സന്ദർശിക്കുവാൻ പറയുന്നത്. ഡോ. രശ്മിയുടെ പിതാവും, പ്രശസ്ത സാഹിത്യവിമർശകനുമായ ഡോ. ജി.എൻ. ദേവി 1998-ൽ സ്ഥാപിച്ച ആദിവാസി ഗവേഷണ കേന്ദ്രമാണിത്.
‘‘കഴിഞ്ഞ എട്ടോ ഒമ്പതോ പതിറ്റാണ്ടുകൾക്കപ്പുറത്തെ സ്വന്തം ചരിത്രം ഓർത്തെടുക്കാൻ കഴിയാത്ത, കൊറാജിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള തേജ്ഗഡ് എന്ന ഗ്രാമം അക്കാദമിക്ക് അനുയോജ്യമായ സ്ഥലമാകുമെന്ന് ഞാൻ കരുതി.’’- ഡോ. ജി.എൻ. ദേവി എഴുതുന്നു.
ഡിഗ്രി ആദ്യവർഷം പഠിക്കുമ്പോൾ രാഷ്ട്രീയവായനകളിലൂടെയാണ് ഞാൻ ജി.എൻ. ദേവിയുടെ പുസ്തകങ്ങളെ ആദ്യമായി പരിചയപ്പെടുന്നത് - അദ്ദേഹത്തിന്റെ Countering Violence എന്ന പുസ്തകം. ഒരു സാഹിത്യവിമർശകനെന്ന നിലയ്ക്കും, 2010- ൽ അദ്ദേഹം സ്ഥാപിച്ച ‘ഭാഷാ ഗവേഷണ പ്രസിദ്ധീകരണ കേന്ദ്രം’ ഭാഗമായ People's Linguistic Survey of India'- യെ കുറിച്ചുള്ള പിൽക്കാലത്തെ മാത്രം വായനക്കുമുൻപും ദേവിയെ ഞാൻ മനസ്സിലാക്കുന്നത്, 2002- ലെ ഗുജറാത്ത് കലാപം ആദിവാസിമേഖലകളിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും, അക്രമത്തെ ചെറുക്കുന്നതിനെ സംബന്ധിച്ചും അദ്ദേഹം എഴുതിയ മേല്പറഞ്ഞ പുസ്തകത്തിലൂടെയാണ്.
പിന്നീട്, 2015- ൽ മോദി ഭരണത്തിന്റെ രണ്ടാം വർഷത്തിൽ ഇന്ത്യയിൽ മുസ്ലിംകൾക്കും ദലിതർക്കുമെതിരെ തീവ്ര ഹിന്ദുത്വവാദികൾ അക്രമം അഴിച്ചുവിട്ടപ്പോൾ അതിനെ ചെറുക്കുന്നതിന് എഴുത്തുകാരും ബുദ്ധിജീവികളും ചേർന്ന് നയിച്ച, ജി.എൻ. ദേവി കൂടി ഭാഗമായ ‘ദക്ഷിണായൻ’ എന്ന പ്രസ്ഥാനത്തിലൂടെ. രാജ്യത്ത് വലതുപക്ഷ ഭരണത്തിനുകീഴിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളിക്കെതിരെ പ്രതിഷേധിച്ച് അന്ന് തനിക്കു ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നൽകിയ എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അക്കാദമി സന്ദർശിക്കുന്നതിന്, അതേ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് എനിക്ക് വ്യക്തിപരമായ (രാഷ്ട്രീയമായ) താത്പര്യം കൂടിയുണ്ടായിരുന്നു. അതിനാൽതന്നെ രണ്ടാമതൊന്നാലോചിക്കാതെ അക്കാദമിയിലേക്കുള്ള യാത്ര ഞാൻ ഉറപ്പിച്ചു.
യാത്രക്കുമുൻപ് ആദിവാസി അക്കാദമിയുടെ ചരിത്രത്തെ സംബന്ധിക്കുന്ന വിവരങ്ങൾക്കായുള്ള പരതലിനിടെയാണ് ദ ഹിന്ദുവിന്റെ ഫ്രൻറ്ലൈൻ മാഗസിനിൽ ജി.എൻ. ദേവിയുടെ ലേഖനം വായിക്കാനിടയായത്. അക്കാദമി സ്ഥാപിക്കുവാൻ അദ്ദേഹത്തിന് പ്രേരകമായ കാരണങ്ങളെ ലേഖനത്തിൽ ഇങ്ങനെ വിവരിക്കുന്നു: ‘‘1996- ന്റെ തുടക്കത്തിൽ, ഒരു പുരാവസ്തുഗവേഷണ വിദ്യാർത്ഥി, കോറാജ് മലകൾക്കടുത്ത് കണ്ടെത്തിയ ഒരു ചുവന്ന മൺപാത്രത്തിന്റെ പൊട്ടിയ കഷണവുമായി വളരെ ആവേശത്തോടെ എന്നെ സന്ദർശിച്ചതിന്റെ തുടർന്നാണ് ഞാൻ ആദ്യമായി കൊറാജ് കുന്നിലേക്ക് പോകുന്നത്. ഞാൻ അന്ന് കൊറാജിൽ നിന്ന് 95 കിലോമീറ്റർ അകലെയുള്ള ബറോഡ യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനാണ്. കൊറാജ് മലമുകളിൽ അമാനുഷിക സാന്നിധ്യമുള്ള ഒരു ഗുഹയുണ്ടെന്നായിരുന്നു അവിടത്തെ ആദിവാസികളുടെ വിശ്വാസം. എന്നിട്ടും മലമുകളിലേക്കുള്ള യാത്രയിൽ അവർ എന്നെ അനുഗമിച്ചു. കുന്നിന്റെ പകുതിയായപ്പോൾ, നിലത്ത് ചതുരാകൃതിയിലുള്ള ഇഷ്ടികകളും ചില തകർന്ന മതിലുകളും ഗുജറാത്തിന്റെ മധ്യകാല സവിശേഷതയായ പടികിണർ പോലെയുള്ള ഒരു നിർമ്മിതിയും പ്രത്യക്ഷമായി. കിണർ ഗംഭീരമാണ്! തകർന്ന മതിലുകൾ ഒരു കിലോമീറ്ററോ അതിലധികമോ വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നു. മയിലുകൾ, പുള്ളിപ്പുലികൾ, പെരുമ്പാമ്പ് എന്നിവയെ കൊറാജിലെ കാടുകളിലും മരുഭൂമിയിലും ധാരാളമായി കാണുന്നു. മധ്യകാല രാജ്യത്തിന്റെ അവശിഷ്ടങ്ങളായ മറ്റു ഭൗതിക അടയാളങ്ങളും ഇവിടെ കാണാം.''
മധ്യകാല തലസ്ഥാനമായ ചമ്പാനർ എന്നറിയപ്പെടുന്ന മഹ്മൂദ് ബെഗ്ര'യിൽ (1458- 1511) നിന്ന് അകലെയല്ലാത്ത കൊറാജ് പ്രദേശത്ത് ഒരു മധ്യകാല ഭരണാധികാരിയും ഇത്രയും സമ്പത്ത് നിക്ഷേപിച്ച് വിഭിന്ന ശൈലിയിൽ തീർക്കപ്പെട്ട മറ്റൊരു മഹാനഗരം നിർമ്മിക്കാൻ തയ്യാറാകുമായിരുന്നില്ല. അതിനാൽ, ചരിത്രപരമായ കൊറാജ് നഗരം മുൻകാലഘട്ടത്തിൽ ഒരുപക്ഷേ പിൽക്കാല ആക്രമണകാരിയാൽ നശിപ്പിക്കപ്പെട്ട ഒന്നാകാമെന്ന് അദ്ദേഹം കരുതി.
കുറച്ചുവർഷങ്ങൾക്കുശേഷം, ശിലാകലയിൽ പ്രാഗത്ഭ്യം നേടിയ ഡോ. ഡോ. കെ.കെ. ചക്രവർത്തി എന്ന പണ്ഡിതൻ ഈ സ്ഥലം സന്ദർശിക്കുകയും മലമുകളിലെ ഗുഹ ഹോളോസീനിനു മുമ്പുള്ളതാണെന്നും നശിച്ച നഗരത്തിന് കുറഞ്ഞത് ആയിരം വർഷമെങ്കിലും പഴക്കമുണ്ടെന്നും ഉറപ്പുവരുത്തി.
‘‘ഞാൻ ആദ്യമായി കൊറാജ് സന്ദർശിക്കുമ്പോൾ, യൂണിവേഴ്‌സിറ്റി ജോലി ഉപേക്ഷിച്ച് ഒരു ആദിവാസി ഗ്രാമത്തിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുകയായിരുന്നു. കഴിഞ്ഞ എട്ടോ ഒമ്പതോ പതിറ്റാണ്ടുകൾക്കപ്പുറത്തെ സ്വന്തം ചരിത്രം ഓർത്തെടുക്കാൻ കഴിയാത്ത, കൊറാജിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയുള്ള തേജ്ഗഡ് എന്ന ഗ്രാമം അതിനുള്ള അനുയോജ്യമായ സ്ഥലമാകുമെന്ന് ഞാൻ കരുതി. അങ്ങന തേജ്ഗഡ് ഞാൻ സ്ഥിരതാമസമാക്കാനും ജോലി ചെയ്യാനും തീരുമാനിച്ച സ്ഥലമായി മാറി. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആ പ്രവർത്തനം ആദിവാസി അക്കാദമിയുടെ രൂപത്തിലായി’’, അദ്ദേഹം എഴുതുന്നു.
തുറന്ന ക്ലാസ് മുറിയുടെ ഭിത്തിയിൽ ഗാന്ധിയുടെയും, ടാഗോറിന്റെയും, മഹേശ്വതാ ദേവിയുടെയും, ബിർസാ മുണ്ടയുടെയും ചിത്രങ്ങൾ.
രണ്ട്:
തേജ് ഗഡിലെ ലിംപടി ബസാറിൽ ഞാൻ ബസിറങ്ങി. തലേന്ന്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥയായ സോനാൽ ബക്ഷി വിശദമായി പറഞ്ഞുതന്ന വഴിവിവരമനുസരിച്ച് ഞാൻഅക്കാദമിയിലേക്ക് എന്ന കരുതുന്ന വഴിയിലേക്ക് നടക്കാനൊരുങ്ങി.
‘സാർ’, ബസിറങ്ങിയ ഉടൻ ഒരു മനുഷ്യൻ എന്നെ വിളിച്ചു. നിരസിക്കപ്പെട്ടാലുടൻ എന്നെ ശത്രുവാക്കി കളയുന്ന ഏതെങ്കിലും കച്ചവടക്കാരനോ ഓട്ടോക്കാരനോ ആയിരിക്കുമെന്ന് കരുതി ഞാൻ തിരിഞ്ഞുനോക്കാതെ നടക്കാനൊരുങ്ങി.
‘സാർ, ആദിവാസി അക്കാദമി?’
ഞാൻ മിത്രത്തെ തിരിച്ചറിഞ്ഞ് നിന്നു; ‘അതെ, നിങ്ങൾ?’
കേരളത്തിൽ നിന്ന് ആദിവാസി അക്കാദമി സന്ദർശിക്കാനെത്തിയ സത്യാന്വേഷകനെ കൂട്ടിക്കൊണ്ട് പോകാൻ വണ്ടിയുമായി എത്തിയ അർജുനനെ ഞാൻ പരിചയപ്പെട്ടു. ഞാൻഅദ്ദേഹത്തിന്റെ ബൈക്കിൽ അക്കാദമിയിലേക്ക് തിരിച്ചു. അർജുൻ അക്കാദമിയിലെ അധ്യാപകനാണ് എന്നും, ഞാൻ അന്നേ ദിവസം അവിടുത്തെ ‘ഒരതിഥി’യാണ് എന്നും ഏതാണ്ട് ഒരു കിലോമീറ്റർ നീളുന്ന ബൈക്ക് യാത്രയ്ക്കിടെ ഞാൻ തിരിച്ചറിഞ്ഞു.
പ്രധാന പാതയിൽ നിന്ന് അൽപ്പം മാറി, അക്കാദമിയുടെ നീണ്ട മതിൽക്കെട്ടുകൾ ഞാൻ കണ്ടു. അതിനുള്ളിലെ ചുവന്ന കെട്ടിടങ്ങൾ.
അർജുൻ ഭായ് തന്റെ ബൈക്ക് പ്രധാനകവാടത്തിനു മുൻപിൽ ഒതുക്കി, എന്നെയും കൂട്ടി അകത്തേക്ക് നടന്നു. കവാടത്തിനുള്ളിൽ ഇടതുഭാഗത്ത് വളർന്നുനിൽക്കുന്ന നൂറിലധികം മരങ്ങൾ ചേരുന്നതാണ് അക്കാദമിയുടെ ‘ഭാഷാ വനം’. ഓരോ മരങ്ങൾക്കും ലോകത്തിലെ അനേകഭാഷകളുടെ പേരുകൾ നൽകിയിരിക്കുന്നു. അവയോരോന്നും നാനാതരം ദേശങ്ങളുടെ അടയാളമാകുന്നു, അവിടുത്തെ സംസ്‌കാരത്തിന്റെ പ്രതീകമാകുന്നു. അങ്ങനെ വ്യത്യസ്ത ദേശഭാഷാ സംസ്‌കാരങ്ങൾ കടന്ന് ഞങ്ങൾ നടന്നുനീങ്ങി.
അർജുൻ ഭായ് എന്നെ അക്കാദമി ഡയറക്റ്റർ ഡോ. മദൻ മീനയുടെ താമസമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.
’എങ്ങനെയുണ്ട് ഗുജറാത്ത് അനുഭവം?’
എന്നെ കണ്ടപ്പോൾ ഡോ.മദൻ മീന ചോദിച്ചു.
‘വലിയ പരീക്ഷണമാണ്’, ഞാൻ പറഞ്ഞു.
എന്നെ മനസ്സിലാക്കിയ മട്ടിൽ അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു.
ഞങ്ങൾ ഇരുന്നു. അർജുൻ ഭായ് സലാം പറഞ്ഞു മടങ്ങി.
കഴിഞ്ഞ കുറെ വർഷങ്ങളായി ഡോ. മദൻ മീനയാണ് അക്കാദമിയുടെ ഡയറക്ടർ. അദ്ദേഹത്തിന്റെ ആശയപ്രകാരമാണ് അക്കാദമിയിലെ കസോട്ട ഉത്പാദനവും പേപ്പർ ഉത്പാദനവും നടക്കുന്നതെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. കലാകാരനും ഗവേഷകനുമായ മദൻ മീന പ്രധാനമായും തന്റെ ജന്മദേശമായ രാജസ്ഥാനിലെ ഗ്രാമീണ, നാടോടി, ഗോത്രവർഗ വിഭാഗങ്ങളുമായി പ്രവർത്തിക്കുകയും, അവരുടെ കലാസാംസ്‌കാരിക പാരമ്പര്യങ്ങളെ സമഗ്രമായി പഠിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സ്വന്തം ജാതിസമുദായമായ മീന സമുദായത്തിന്റെ കലാ പാരമ്പര്യം തന്നെയാണ് തന്നെ ദൃശ്യകലയിലേക്ക് ആകർഷിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മദൻ മീനയുടെ കലാമേഖലയായ ഹ്രസ്വചിത്ര കലയെ (Miniature Art) കുറിച്ച് ഞാൻ അദ്ദേഹത്തിൽ നിന്ന് ചോദിച്ചറിഞ്ഞു. 2022- ൽ ഡൽഹിയിലെ ലോധി എസ്റ്റേറ്റിൽ നടന്ന അദ്ദേഹത്തിന്റെ ആർട് എക്‌സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു ‘ദി തേർസ്റ്റി ക്രോ’ എന്ന മേനിയേച്ചർ ചിത്രത്തിന്റെ രാഷ്ട്രീയ ഭാവാർഥങ്ങളിലൂടെ കടന്ന്, 2002- ന്റെ ഓർമ്മകളെ കുറിച്ചും, ഹിന്ദുത്വവത്കരിക്കപ്പെടുന്ന തേജ്ഗഡിലെ ആദിവാസി സമൂഹങ്ങളെ കുറിച്ചും, ആ മേഖലയുടെ രാഷ്ട്രീയസ്ഥിതിയെ കുറിച്ചും അൽപ്പനേരം സംഭാഷണം തുടർന്നു. അങ്ങനെയാണ് ഞങ്ങൾ അന്യോന്യം പരിചിതരാകുന്നതും.
കുട്ടികളെ പഠിപ്പിച്ചു തുടങ്ങും മുൻപ് അഞ്ഞൂറോളം പദങ്ങൾ ഇവിടുത്തെ അധ്യാപകരെല്ലാം പഠിച്ചു. അങ്ങനെ ഞങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ വ്യത്യസ്ത ഭാഷകളുടെ വിദ്യാർത്ഥികളായി തീർന്നു. അങ്ങനെയാണ് ഈ വിദ്യാലയം സാധ്യമായത്’- മനീത ബെഹൻ അഭിമാനപൂർവ്വം ചിരിച്ചു.
ഞങ്ങൾ ഒരുമിച്ച് അക്കാദമി ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു. അവിടെ വെച്ച് അക്കാദമിയുടെ കുറച്ച് അംഗങ്ങളെയും, ഇന്റേൺഷിപ് ചെയ്യുന്നതിനായി ദൂരനഗരങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളെയും ഡോ. മദൻ മീന എനിക്ക് പരിചയപ്പെടുത്തി. ജോലിസമയത്തെ ഇടവേളയ്ക്കിടെ അക്കാദമിയിലെ അതിഥിയെ അറിഞ്ഞ് പിന്നെയും ചില അംഗങ്ങൾ അവിടേക്കെത്തി. അവിടെ ജോലി ചെയ്യുന്നതിൽ ഭൂരിഭാഗം പേരും ജി.എൻ. ദേവിയുടെ വിദ്യാർത്ഥികളായിരുന്നു എന്ന് ഞാനപ്പോൾ അറിഞ്ഞു. അദ്ദേഹത്തെ കുറിച്ച് സംസാരിക്കുമ്പോൾ അവരുടെ വാക്കുകളിലെ സ്‌നേഹവും ബഹുമാനവും കണ്ട് ഞാൻ വിനീതനായി.
ഇവരെല്ലാം ചേർന്നാണ് എനിക്ക് തേജഗഡ് എന്ന ഗ്രാമത്തെയും, ആദിവാസി അക്കാദമിയെയും ആഴത്തിൽ പരിചയപ്പെടുത്തുന്നത്.
മൂന്ന്:
അതിഥികൾക്ക് താമസസൗകര്യം ഒരുക്കിയ കെട്ടിടത്തിനപ്പുറം തന്നെയാണ് അക്കാദമിയുടെ സ്‌കൂൾ. എന്നെ അവിടേക്കു കൊണ്ടുപോയത് അധ്യാപിക കൂടിയായ മനീത ബെഹൻ ആണ്. തുറന്ന ക്ലാസ് മുറിയുടെ ഭിത്തിയിൽ ഗാന്ധിയുടെയും, ടാഗോറിന്റെയും, മഹേശ്വതാ ദേവിയുടെയും, ബിർസാ മുണ്ടയുടെയും ചിത്രങ്ങൾ.
ഇടവേള കഴിഞ്ഞ് കുട്ടികൾ പിന്നെയും പഠിക്കാൻ ഇരിക്കുന്നു. മുഖപരിചയമില്ലാത്ത ആളെ കണ്ട് അവർ ചോദ്യമുനയോടെ എന്നെ നോക്കി. ചില കുഞ്ഞുങ്ങൾ പരസ്പരം ചെവിയിൽ എന്തോ അടക്കം പറഞ്ഞു. അതെന്താണെന്നു ഞാൻ പിന്നീട് അവരോടു ചോദിക്കുകയും, അവർ പൊക്കമുള്ള എന്റെ ശരീരത്തെ ‘ലംബുസ്താൻ’ എന്ന് വിശേഷിപ്പിക്കുകയായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്യും.
അക്കാദമി സ്‌കൂൾ തുടങ്ങിയ കാലം മുതൽക്കേ അവിടെ ജോലി ചെയ്യുന്ന ആളാണ് മനീത ബെഹൻ. ‘അന്ന് ഇവിടെ സ്ത്രീശാക്തീകരണം വിഷയമാക്കിയ രണ്ടു വർഷ ഡിപ്ലോമ കോഴ്‌സ് ഉണ്ടായിരുന്നു. ഞാൻ അതിനു ചേരാൻ വന്നതാണ്. അപ്പോൾ ഈ സ്‌കൂൾ അതിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു. കോഴ്‌സിന്റെ രണ്ടാം വർഷം ആയപ്പോഴേക്കും ഇവിടെ ആദിവാസി കുട്ടികൾ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നു തുടങ്ങി. കോഴ്സ് പൂർത്തിയാക്കിയശേഷം ഇവിടെ സ്‌കൂളിൽ പഠിപ്പിക്കുവാനുള്ള എന്റെ ആഗ്രഹം ഞാൻ ദേവി സാറിനെ അറിയിച്ചു’, മനീത ബെഹൻ പറഞ്ഞു.
തേജ് ഗഡിലെ ആദിവാസി സമൂഹത്തിന്റെ ഭാഷ പ്രധാനമായും ‘റാത്വി’യാണ്. ‘റാത്വാ’ എന്ന ആദിവാസി വിഭാഗത്തിന്റെ ഭാഷയാണ് അത്. ഇന്ത്യയിലെ മറ്റു ജാതിവ്യവസ്ഥകളിൽ നിന്നെന്ന പോലെ തന്നെ ഈ സമൂഹത്തിനുള്ളിൽ വ്യത്യസ്ത ജാതി വിഭാഗങ്ങൾ ലംബമാനമായി വിഭജിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം വ്യത്യസ്ത റാത്വി വിഭാഗക്കാർ അവരവരുടെ ജാതിക്കുള്ളിൽനിന്ന് മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. എങ്കിലും അവർ റാത്വി ഭാഷയിലൂടെ സാംസ്‌കാരികമായി ഒരുമിച്ചുനിന്നു പോരുന്നു. അക്കാദമിയിൽ ആദ്യകാലങ്ങളിൽ (എന്ന പോലെ തന്നെ ഇപ്പോഴും) എത്തിച്ചേരുന്ന കുട്ടികളൊക്കെയും ഗുജറാത്തിലെ നാനാതരം ആദിവാസി മേഖലകളിൽ നിന്നുള്ള വ്യത്യസ്ത ജാതികളിൽ പെട്ട, വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരാണ്. അക്കാദമിയിൽ ഉദ്യോഗാർഥികളായി തീർന്ന അധ്യാപകരുടെ കാര്യവും അങ്ങനെ തന്നെ. അതിനാൽ അത്രത്തോളം വൈവിധ്യമേറിയ ഒരു ക്ലാസ് മുറിയിൽ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുക ദുഷ്‌കരമായി തീർന്നിരുന്നു.
‘ദേവി സാർ പിന്നീട് ഈ ഭാഷകളിലൊക്കെ ഗവേഷണം നടത്തുകയും, ഇവ ഓരോന്നിലെയും സമാന അർഥം വരുന്ന പൊതുപദങ്ങളുടെ ഒരു പദവിന്യാസം തയ്യാറാക്കുകയും ചെയ്തു. അങ്ങനെ കുട്ടികളെ പഠിപ്പിച്ചു തുടങ്ങും മുൻപ് അഞ്ഞൂറോളം പദങ്ങൾ ഇവിടുത്തെ അധ്യാപകരെല്ലാം പഠിച്ചു. അങ്ങനെ ഞങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ വ്യത്യസ്ത ഭാഷകളുടെ വിദ്യാർത്ഥികളായി തീർന്നു. അങ്ങനെയാണ് ഈ വിദ്യാലയം സാധ്യമായത്’- അത്രയും പറഞ്ഞ് മനീത ബെഹൻ അഭിമാനപൂർവ്വം ചിരിച്ചു.
ഔദ്യോഗിക ഭാഷകളുടെയും, അംഗീകൃത മാതൃഭാഷകളുടെയും അതിരുഭിത്തികൾക്കിപ്പുറം വലിയ ലോകങ്ങൾ നഷ്ടപ്പെട്ടു പോയ ‘ചെറിയ’ ഭാഷകരെ ഞാൻ ഓർത്തുപോയി.
ആദിവാസി മേഖലകളിൽ ഇപ്പോഴും വലിയ തോതിൽ നിരക്ഷരത നിലനിൽക്കുന്നതിനാൽ വ്യത്യസ്ത പ്രായക്കാരായ കുട്ടികൾ ഇവിടെ വരാറുണ്ട്. ഉദാഹരണത്തിന് ഏഴു വയസ്സുള്ള കുട്ടികളോടൊപ്പം പത്തോ പന്ത്രണ്ടോ വയസ്സുള്ള കുട്ടികൾക്ക് ഇരുന്നു പഠിക്കേണ്ടിവരുന്നു.
അക്കാദമി സ്‌കൂളിൽ ഇക്കാലയളവിൽ പഠിച്ചിട്ടുള്ളവരും ഇപ്പോൾ വരുന്നവരുമായ ഭൂരിഭാഗം കുട്ടികളും അവരുടെ കുടുംബങ്ങളിലെ ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കുന്ന ആദ്യത്തെ തലമുറയാണ്. അതിനാൽ തന്നെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് അവരുടെ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കിക്കുക പ്രയാസപ്പെട്ട വിഷയമായിരുന്നു എന്ന് മനീത ബെഹൻ പറയുന്നു.
അതിനായി അക്കാദമിയിലെ അധ്യാപകർ വിവിധ ആദിവാസി മേഖലകൾ സന്ദർശിച്ച് സ്‌കൂൾ വിദ്യാഭ്യാസത്തിന് പ്രായമായ കുട്ടികളുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചിരുന്നു. തൊഴിൽ സംബന്ധമായ ആവശ്യങ്ങളാലോ, കുടിവെള്ളക്ഷാമം മൂലമോ നഗരങ്ങളിലേക്കും മറ്റു പ്രദേശങ്ങളിലേക്കും നിരന്തരം കുടിയേറിപ്പാർക്കേണ്ടിവന്നിരുന്നൊരു ജനതയ്ക്ക് അവരുടെ മക്കളെ സ്ഥിരമായി ഒരു സ്‌കൂളിലേക്ക് അയച്ചുപഠിപ്പിക്കുക പ്രാവർത്തികമായിരുന്നില്ല. മാത്രമല്ല, സ്‌കൂളിലേക്ക് വന്നു മടങ്ങുന്ന കുട്ടികൾക്ക് പഠിക്കാൻ തക്ക സൗകര്യവും വീടുകളിൽ ലഭിക്കണമെന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കുട്ടികൾക്ക് അക്കാദമിയിൽ തന്നെ താമസിച്ച് പഠിക്കാവുന്നതിനെ കുറിച്ച് ജി.എൻ. ദേവി ആലോചിക്കുന്നതും അതിന് സൗകര്യമൊരുക്കുന്നതും.
സ്‌കൂളിലെ അധ്യാപകരും വിവിധ മേഖലയിൽ നിന്നുള്ളവരായതിനാൽ അവർക്കുള്ള താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാൽ അധ്യാപകരും വിദ്യാർത്ഥികളും വെവ്വേറെ ഇടങ്ങളിലായല്ല, അവരുടെ ക്ലാസ് മുറിയോടു ചേർന്നുള്ള മുറികളിൽ രുമിച്ച് താമസിക്കുകയാണ്.
‘ദേവി സാർ ഞങ്ങളോട് ചോദിച്ചിരുന്നു, താമസത്തിന് വേറെ ഇടം ഒരുക്കണമോ എന്ന്. എന്നാൽ അതിന്റെ ആവശ്യമുണ്ടെന്ന് ആർക്കും തോന്നിയില്ല’, മനീത ബെഹൻ പറഞ്ഞു.
അങ്ങനെ ഈ അക്കാദമി ഗുരുവും കുലവും ഇല്ലാത്ത ഒരു ഗുരുകുലമായി മാറി.
ആദിവാസി മേഖലകളിൽ ഇപ്പോഴും വലിയ തോതിൽ നിരക്ഷരത നിലനിൽക്കുന്നതിനാൽ വ്യത്യസ്ത പ്രായക്കാരായ കുട്ടികൾ ഇവിടെ വരാറുണ്ട്. ഉദാഹരണത്തിന് ഏഴു വയസ്സുള്ള കുട്ടികളോടൊപ്പം പത്തോ പന്ത്രണ്ടോ വയസ്സുള്ള കുട്ടികൾക്ക് ഇരുന്നു പഠിക്കേണ്ടി വരുന്നു. അത്തരം കുട്ടികളിൽ അപകർഷതാബോധം ഉടലെടുക്കാതിരിക്കാൻ, സാമ്പ്രദായിക വിദ്യാഭ്യാസ രീതിയിൽ നിന്നുമാറി ഇവിടെ ക്ലാസ്' തലത്തിൽ തരം നിശ്ചയിക്കുന്നു. ഓരോ തലത്തെയും അവർ ഓരോരോ പേരുകൾ ഇട്ട് വിളിക്കുന്നു: ‘ജാഗൃതി’; ‘പ്രകൃതി’; ‘സംസ്‌കൃതി’; ‘സൗകൃതി’; ‘പ്രഗതി’.
ഈ തലങ്ങളിലൊക്കെയും അവർ അവരവരുടെതായ വിശിഷ്ട പാരമ്പര്യത്തെ കുറിച്ചും, മറ്റു വ്യത്യസ്ത ആദിവാസി സംസ്‌കാരത്തെ കുറിച്ചും മനസ്സിലാക്കുന്നു- അതിൽ കലാരൂപങ്ങളും, വാദ്യോപകരണങ്ങളും, പ്രകൃതിക്കുള്ളിലെ മനുഷ്യനുമൊക്കെ വിഷയമായി മാറുന്നു. (അവരെ വാദ്യോപകരണങ്ങൾ പഠിപ്പിക്കുന്ന രാംസിംഗ് ഭായിയെ ഞാൻ പിന്നീട് പരിചയപ്പെടുകയും, അദ്ദേഹം എന്റെ അഭ്യർത്ഥനയെ തുടർന്ന് ബാസുരി എന്ന വാദ്യോപകരണം വായിച്ചുകേൾപ്പിക്കുകയും ചെയ്യും.) വിദ്യാഭ്യാസത്തിന്റെ രണ്ടാം വർഷത്തിൽ അവർ ഗുജറാത്തി ഭാഷയും, മൂന്നാം വർഷത്തിൽ ഹിന്ദിയും ഇംഗ്ലീഷും കൂടി പഠിക്കുന്നു.
‘കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുക അൽപ്പം പ്രയാസപ്പെട്ട ജോലിയാണ്. കാരണം ഞങ്ങൾ അധ്യാപകർക്ക് തന്നെ നല്ലവണ്ണം ഇംഗ്ലീഷ് അറിയില്ല. രേഖാ ബെഹന് അത്യാവശ്യം വശമുണ്ട്. അവർ പഠിപ്പിക്കാറുണ്ട്. ഇന്ത്യയിലെ സാമൂഹികാവസ്ഥയിൽ ഈ കുട്ടികൾക്ക് സാമൂഹിക ചലനം സാധ്യമാക്കുന്നതിന് ഇംഗ്ലീഷ് പഠിച്ചേ മതിയാകൂ. അതൊരു ഡിജിറ്റൽ ഭാഷയല്ലേ’, മനീത ബെഹൻ പറഞ്ഞു.
അക്കാദമി വാസിയായ ഒരു പട്ടി ക്ലാസ് മുറിയിലേക്ക് കൂസലില്ലാതെ (കൂസേണ്ട കാര്യമൊന്നുമില്ലാതെ) കടന്നുചെല്ലുന്നു, നിലത്ത് വിരിഞ്ഞു കിടന്ന് മയങ്ങാനൊരുങ്ങുന്നു. ഞങ്ങൾ തിരികെ നടന്നു. കുട്ടികൾ അപ്പോഴേക്കും ലംബുസ്താനും കടന്ന് ഏതോ ഖസാക്കിനെ ആഘോഷിക്കുകയായിരുന്നു.
‘ആജ് മേരി ഗാവോ മേം
ആനന്ദ് കാ ദിൻ ഹി...
രുഖ് ജാവോ പരദേശി
ആജ് മേരി ഗാവോ മേം.’
അവർ ഒരുമിച്ച് പാടി.
നാല്:
അക്കാദമിയുടെ പ്രധാന ഓഫീസ് മുറികളടങ്ങുന്ന കെട്ടിടത്തിലാണ് മ്യൂസിയം. അതിന്റെ പ്രധാന നടത്തിപ്പുകാരനും എഴുത്തുകാരനുമായ നാരായൺ ഭായിയാണ് എന്നെ അവിടം പരിചയപ്പെടുത്തിയത്. ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള - കേരളത്തിൽ നിന്നുൾപ്പെടെ- നിരവധി ആദിവാസി വാദ്യോപകരണങ്ങൾ ഇവിടെ കാണാം. അതിന്റെ പേരുകളും, അതിനോട് ബന്ധപ്പെട്ട ആദിവാസി സമൂഹത്തെ സംബന്ധിക്കുന്ന വിവരങ്ങളും ഓരോന്നിനോടും ചേർത്ത് എഴുതിവെച്ചിരിക്കുന്നു.
നാരായൺ ഭായ് എന്നെ അവ ഓരോന്നും പരിചയപ്പെടുത്തി. വ്യത്യസ്ത ആദിവാസി സമൂഹങ്ങളുടെ ചിത്രകലാ പാരമ്പര്യത്തെയും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ഭാരതീയ ഇതിഹാസകാവ്യങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ബഹുഗുണ സാക്ഷാത്കാരങ്ങളാണ്. ഓരോരോ ആദിവാസി സമൂഹത്തിലും അവയുടെ കഥകളിൽ മാറ്റം സംഭവിക്കുന്നു. ആ മാറിയ കഥകളൊക്കെയും അവർചിത്രകലാരൂപത്തിൽ തനതായ ശൈലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ മാപ്പിള രാമായണത്തെ കുറിച്ച് ആ സന്ദർഭത്തിൽ ഞാൻ പറഞ്ഞപ്പോൾ അത് തനിക്ക് ഒരു പുതിയ അറിവാണെന്ന് നാരായൺ ഭായ് പറയുന്നു. ‘താടിക്കാരൻ ഔലിയ പാടിവന്ന’ രാമായണത്തെ കുറിച്ചും, അത് എഴുതിയിരിക്കുക ഒരു മുസ്ലിം സ്ത്രീയായിരിക്കാം എന്ന അക്കാദമിക ലോകത്തെ ഊഹാപോഹങ്ങളെക്കുറിച്ചും ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം കൗതുകത്തോടെ കേട്ടുനിന്നു.
ഇന്ത്യയിലേതു കൂടാതെ വിദേശരാജ്യങ്ങളിലെ തദ്ദേശജനതയുടെ കലാസാംസ്‌കാരിക വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. അവിടുത്തെ സാംസ്‌കാരിക സംഘടനകൾ അക്കാദമിയിലേക്ക് സംഭാവന ചെയ്തതാണ് അവയൊക്കെ. എല്ലാ വർഷവും അക്കാദമി സംഘടിപ്പിക്കാറുള്ള മേളകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ പങ്കുചേരാറുണ്ട്. അവരെയൊക്കെ ക്ഷണിക്കുകയും മേളയ്ക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത് ജി.എൻ. ദേവി സാറാണ്. പ്രധാന മേള നടക്കുന്നത് മാർച്ചിൽ ഹോളിയോട് ബന്ധപ്പെട്ടിട്ടായിരിക്കും. ഹോളി, റാത്വി ജനതയുടെ പ്രധാന ഉത്സവമാണ്. അതിനെ തുടർന്നുള്ള ആഘോഷങ്ങൾ ദിവസങ്ങളോളം നീണ്ടു നിൽക്കും.
റാത്വി സമൂഹത്തിന്റെ പ്രധാനപ്പെട്ട ചിത്രകലാ പാരമ്പര്യമാണ് പിതോറ. പിതോറ എന്നത് അവരുടെ അനേക ദൈവങ്ങളിൽ പ്രധാനിയാണ്. ആ ദൈവത്തിന്റെ പേരിലാണ് ആ ചിത്രകലാ പാരമ്പര്യവും അറിയപ്പെടുന്നത്. റാത്വികളെ കൂടാതെ ഭീൽ, ഭിലാല എന്നീ സമുദായത്തിൽ പെട്ട ആദിവാസികളും പിതോറ ദൈവങ്ങളെ ആരാധിക്കുന്നു. ഈ ദൈവങ്ങൾ സ്ഥിതി ചെയ്യുന്നത് അമ്പലങ്ങളിലല്ല, മറിച്ച് ഭിത്തികളിലാണ്. ആഗ്രഹസാക്ഷാത്കാരത്തിനായി- നല്ല വിളവ് ലഭിക്കുന്നതിനോ, വേണ്ടപ്പെട്ടവർ അസുഖത്തിൽ നിന്നും സുഖം പ്രാപിക്കുന്നതിനോ, കുടുംബത്തിന്റെ നന്മയ്‌ക്കോ ഒക്കെ വേണ്ടി- റാത്വികൾ പിതോറ ദൈവങ്ങളെ തങ്ങളുടെ വീട്ടുചുമരുകളിൽ വരയ്ക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് നാരായൺ ഭായി പറയുന്നു. അക്കാദമിയിൽ നിന്ന് അധികം ദൂരെയല്ലാത്ത കോറാജ് മലയിലെ ഗുഹകളിൽ ഇപ്പോഴും പിതോറ കലയുടെ ഉത്ഭവരൂപങ്ങൾ കാണാം. (വൈകുന്നേരം മകർപുരയിലേക്കുള്ള അവസാന വണ്ടിയും ഞാൻ മനഃപൂർവ്വം നഷ്ടപ്പെടുത്തുക കൊറാജ് മലയിലെ ഈ ഗുഹാഭിത്തികൾ കാണാനാണെന്ന് സാന്ദർഭികമായി പറയട്ടെ.)
കഴിഞ്ഞ 20 വർഷമായി പിതോറ ചിത്രകലാപാരമ്പര്യം പിന്നിലേക്ക് പോകുകയാണെന്നും ഭാഷ ആ സംസ്‌കാരത്തിന്റെ പുനരുദ്ധാരണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നും നാരായൺ ഭായ് പറഞ്ഞു. ആയിരത്തിലേറെ വർഷത്തെ പാരമ്പര്യമുള്ള ഒരു ചിത്രകലാരൂപത്തിന്റെ പതനം സമീപകാലത്ത് സംഭവിച്ചതെങ്ങനെ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. ‘ആദിവാസികൾ ഇവിടെ ഒരു സാംസ്‌കാരിക പരിവർത്തനത്തിന് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വാമിനാരയൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അവർ ഹൈന്ദവവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള മനുഷ്യരിൽ അവരുടെ സംസ്‌കാരവും പാരമ്പര്യവും ഒരുതരം അപകർഷതാബോധം ഉണ്ടാക്കുന്നു. അത് അവരുടെ അസ്തിത്വത്തെ തന്നെ പ്രതിസന്ധിയിലാക്കുകയും, അവരുടെ സംസ്‌കാരത്തെ ഉപേക്ഷിക്കുകയും അതിനെ അവർ കൂടുതൽ മുന്തിയ ഒന്ന് എന്ന് കരുതുന്ന മറ്റൊരു ‘സംസ്‌കാരം’ കൊണ്ട് മാറ്റിപ്രതിഷ്ഠിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഫലമായി റാത്വി സമുദായത്തിലെ ഭൂരിപക്ഷം അംഗങ്ങളും അവരുടെ ആരാധനാ പാരമ്പര്യത്തിന്റെ ഭാഗമായിരുന്ന മൃഗബലി ഉപേക്ഷിക്കുകയും, മാംസഭക്ഷണം വർജ്ജിക്കുകയും ചെയ്തതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.
സ്മരണയിൽ കരിഗാരി ഉപേക്ഷിച്ച് വാളേന്തി നിൽക്കുന്ന ഒരു നിസ്സഹായ ആദിവാസിയുടെ തിലകമണിഞ്ഞ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. അതിനറ്റത്ത് നിന്ന് നിസ്സഹായതയുടെ കൊലവിളി മുഴങ്ങുന്നു. മ്യൂസിയത്തിനൊടുവിൽ ഇരുന്നിരുന്ന ധോൾ എന്ന വാദ്യോപകരണത്തിൽ നാരായൺ ഭായ് മുട്ടി കേൾപ്പിച്ചു. അതിന്റെ ആദിമത്വം കേട്ട് ഞെട്ടി എന്റെ മനസ്സിലെ രൂപവും ശബ്ദവും എങ്ങോട്ടേക്കോ ഓടിയൊളിച്ചു.
‘ധോൾ’
ജാതിഹിന്ദുക്കളെ പോലെ ക്ഷേത്രപാരമ്പര്യം ഞങ്ങൾക്കില്ലായിരുന്നു. ആദിവാസി ദൈവങ്ങൾ തുറന്ന പ്രദേശത്ത് തുറസ്സായി ആരാധിക്കപ്പെട്ടിരുന്നു. കൊറാജ് മലക്ക് കീഴെ നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഹനുമാൻ, ഗണേ വിഗ്രഹങ്ങൾ കാണാം. എന്നാൽ ആ വിഗ്രഹങ്ങൾ ഇന്ന് കാവി നിറത്തിൽ മുങ്ങിയ രാമദാസനായ ഹനുമാനും, ഗണപതി ദേവനുമാണ്.
അഞ്ച്:
മ്യൂസിയത്തോട് ചേർന്നുതന്നെയായിരുന്നു അക്കാദമിയുടെ വിശാലമായ ഗ്രന്ഥശാലയും. അക്കാദമിയുടെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള അനേകം ആദിവാസി കുട്ടികൾ ഞാൻ ചെല്ലുമ്പോൾ അവിടെയിരുന്നു പഠിക്കുന്നുണ്ടായിരുന്നു. ആദിവാസി സംബന്ധമായ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾ പലരും നഗരങ്ങളിൽ നിന്ന് ഇവിടേയ്ക്ക് എത്താറുണ്ട്.
ഒരുലക്ഷത്തിലധികം പുസ്തകങ്ങളടങ്ങുന്ന ഈ ഗ്രന്ഥശാലയിലേക്ക് എന്നെ അനുഗമിച്ചതും, ഓരോ പുസ്തകവിഭാഗത്തേയും വിശദമായി പരിചയപ്പെടുത്തിയതും ഗുജറാത്തിലെ ആദിവാസി ഗോത്ര വിഷയങ്ങളിൽ ബീറ്റ് ജേർണലിസം ചെയ്യുന്ന സേജൽ എന്ന മാധ്യമപ്രവർത്തകയാണ്. മ്യൂസിയത്തിൽ വെച്ച് നാരായൺ ഭായിയിൽ പാതിയവസാനിച്ച രാഷ്ട്രീയ സംഭാഷണം ഞാൻ സേജലിനോട് തുടർന്നു. ആദിവാസികളുടെ ഹിന്ദുത്വവത്കരണത്തിനെതിരെയും, അവരുടെ കലാപൈതൃക സംസ്‌കാര സംരക്ഷണത്തിനായും നിരന്തരം എഴുതുന്ന ആ ചെറുപ്പക്കാരി ആദിവാസികളുടെ ക്ഷേത്രപാരമ്പര്യത്തെ ഹിന്ദുത്വശക്തികൾ കാവിവത്കരിക്കുന്ന പ്രക്രിയയെ കുറിച്ച് എന്നോട് സംസാരിച്ചു:
‘‘ഹിന്ദുക്കൾ ആരാധിക്കുന്ന ഗണപതിക്ക് സമാനമായൊരു ദൈവം ഞങ്ങൾ, റാത്വി സമുദായത്തനുമുണ്ട്. എന്നാൽ ഞങ്ങൾ ആ ദൈവത്തെ വിശേഷിപ്പിക്കുന്നത് 'ഗണേ' എന്ന പേരിലായിരുന്നു. റാത്വികൾക്ക് അവരുടേതായ രാമായണ- മഹാഭാരത പാരമ്പര്യമുണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ രാമനെ ദൈവമായി കണ്ട് ഞങ്ങൾ ആരാധിച്ചിരുന്നില്ല. പക്ഷെ ഹനുമാനെ ആരാധിച്ചിരുന്നു. മാത്രമല്ല, ജാതിഹിന്ദുക്കൾ കാവിനിറത്തോട് സ്വയം ബന്ധപ്പെടുത്തുമ്പോൾ ആദിവാസികൾ അത് ഒരു കാലത്തും ചെയ്തിരുന്നില്ല. അവരെ പോലെ ക്ഷേത്രപാരമ്പര്യവും ഞങ്ങൾക്കില്ലായിരുന്നു. ആദിവാസി ദൈവങ്ങൾ തുറന്ന പ്രദേശത്ത് തുറസ്സായി ആരാധിക്കപ്പെട്ടിരുന്നു. കൊറാജ് മലക്ക് കീഴെ നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഹനുമാൻ, ഗണേ വിഗ്രഹങ്ങൾ കാണാം. എന്നാൽ ആ വിഗ്രഹങ്ങൾ ഇന്ന് കാവി നിറത്തിൽ മുങ്ങിയ രാമദാസനായ ഹനുമാനും, ഗണപതി ദേവനുമാണ്. അവ ഇന്ന് തുറസ്സായ പ്രദേശങ്ങൾക്കുപകരം ധർമ്മലോകർ പണികഴിപ്പിച്ച അടഞ്ഞ കൊച്ചു കൊച്ചു ക്ഷേത്രങ്ങളിലുമാണ് ആരാധിക്കപ്പെടുന്നത്. 'ഒന്നിനോട് ബന്ധപ്പെട്ടിരിക്കുമ്പോഴും അതല്ലാതിരിക്കുക' എന്ന സംസ്‌കാരത്തിന്റെ സവിശേഷ സൗന്ദര്യമാണ് ഏകീകൃതത്വത്തിന്റെ പ്രചാരകർ ഇവിടെ ഇല്ലാതെയാക്കുന്നത്.’’
ആദിവാസികളുടെ ജീവിതശൈലിയിൽ അടിച്ചേൽപ്പിച്ച ഇത്തരം മാറ്റങ്ങൾ അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തങ്ങളുടെ സാമ്പ്രദായിക ഭക്ഷണരീതികളിൽ നിന്ന് പെട്ടെന്നുണ്ടായ മാറ്റങ്ങളാൽ പലരിലും- ഇവിടെ ജോലി ചെയ്യുന്നവരിലുൾപ്പടെ- സിക്കിൾ സെൽ അനീമിയ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഇങ്ങനെ പരിവർത്തനം ചെയ്യപ്പെട്ട ആളുകളിൽ രോഗപ്രതിരോധശേഷിയും നന്നേ കുറഞ്ഞിരിക്കുന്നു. നഗരത്തിൽ നിന്ന് എല്ലാ ഞായറാഴ്ചകളിലും അതിനാൽ അക്കാദമിയിലേക്ക് ആരോഗ്യപ്രവർത്തകർ എത്തുകയും ആദിവാസികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്യുന്നു.
ഈ സമൂഹങ്ങളിൽ നിന്നും ഉന്നതവിദ്യാഭ്യാസം നേടുന്ന യുവതലമുറ ഇത്തരം സാംസ്‌കാരിക നിർമൂലനത്തിനെതിരെ പ്രതിഷേധങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു എന്ന് സേജൽ പറയുന്നു. എന്നാൽ അതിനുവേണ്ടിയുള്ള ഒരു കൂട്ടായ പ്രവർത്തനം സജ്ജമാക്കാൻ തക്ക വിദ്യാഭ്യാസം നേടിയവർഒരു പ്രദേശത്ത് ഉണ്ടാകുക ഇത്തരം സമൂഹങ്ങളിൽ വിരളമായിട്ടാണ്. മാത്രമല്ല, ദലിതർക്കെന്ന പോലെ ആദിവാസി പ്രസ്ഥാനത്തിന് പ്രത്യയശാസ്ത്രപരമായ ഒരടിത്തറ ഉണ്ടാക്കിയെടുക്കുവാനോ അതിന്റെ നേതൃനിരയിലേക്ക് ഉയർന്നുവരുവാനോ ഒരാൾക്ക് ഇന്ത്യയിൽ ഇനിയും സാധിച്ചിട്ടില്ല എന്ന യാഥാർഥ്യവും അവിടെ നിലനിൽക്കുന്നുണ്ട്. ആദിവാസികളെ അപരിഷ്‌കൃത സമൂഹങ്ങളായി വിശേഷിപ്പിച്ചിട്ടുള്ള അംബേദ്കറെയാകട്ടെ, സേജലിനെ പോലെയുള്ളവർ വിമർശനാത്മകമായി കാണുന്നു.
ലൈബ്രറിയിലേക്ക് പിന്നെയും കുറേ കുട്ടികൾ വന്നു. അവർ വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും വിവിധ രാഷ്ട്രീയ സംഘടനകളോട് അനുഭാവം പുലർത്തുന്നവരുമാണ്. അക്കാദമിയിൽ ജോലി ചെയ്യുന്നവരും അങ്ങനെതന്നെ എന്ന് സേജൽ പറഞ്ഞിരുന്നു. ഒടുവിൽ രാഷ്ട്രീയ ചർച്ചകൾക്ക് താത്കാലിക വിരാമമിട്ട് ഞങ്ങൾ ലൈബ്രറിയിൽ നിന്നിറങ്ങി. അക്കാദമിയിലെ പുതിയ അപരിചിത മുഖസാന്നിധ്യത്തെ കണ്ട് കൂട്ടായ പഠനത്തിൽ ഏർപ്പെട്ടിരുന്ന ചില വിദ്യാർത്ഥികൾ മുഖമുയർത്തി എന്നെ നോക്കി. ഏതോ അന്യഭാഷയിലെ അന്യയെഴുത്തുകാരന്റെ പുസ്തകം വായിച്ചിരിക്കുകയായിരുന്ന അപരിചിതൻ എന്നോട് ചിരിച്ചു. അയാൾ 'ആരെ'ന്ന് അറിയാതെ ഞാനും ചിരിച്ചു.
ലൈബ്രറിക്ക് പുറത്തെ മഹേശ്വതാദേവിയുടെ സ്മാരകത്തിൽ ഇങ്ങനെ കുറിച്ചിരുന്നു: ‘
'Every dream has a right to live.'
- Maheswata Devi
ആറ്:
തേജ്-ഗഡിലെ ആദിവാസി സമൂഹങ്ങൾ പരമ്പരാഗതമായി നിർമ്മിച്ചുപോരുന്ന കരകൗശലവസ്തുക്കളുടെ വിൽപ്പന ആദിവാസി അക്കാദമി അവർക്കായി സാധ്യമാക്കി കൊടുക്കുന്നു. അവരവരുടെ വീടുകളിൽ ഈ കൂട്ടർ നിർമ്മിക്കുന്ന സാധനങ്ങൾ അവർ അക്കാദമിയിലേക്ക് കൊണ്ടുവരുന്നു. ആധുനിക വിൽപ്പനാസാധ്യതകൾ അവർക്ക് വശമില്ല. കൂടാതെ, കമ്പോളങ്ങളിലേക്ക് കൊണ്ടുപോയാലും വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനവും, യാത്രയും സമയവും തമ്മിലുള്ള അന്തരവും വലുതായിരിക്കും. അതിനാൽ അവർ ഈ വസ്തുക്കൾ ഇവിടേക്ക് എത്തിക്കുകയും, തുടർന്ന് അക്കാദമി അവ സന്ദർശകർക്കായുള്ള ട്രൈബൽ സ്റ്റോറുകളിലൂടെയും ഓൺലൈൻ വഴിയും വിറ്റ്, ഇവർക്ക് പണം കൈമാറുന്നു.
ഈ സ്റ്റോറിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് സാക്ഷാൽ ‘രവി’യാണ്. ബിഹാറുകാരനായ രവി രാജ്. ജൈവമാലിന്യത്തിൽ നിന്നും - പ്രധാനമായി വാഴയിൽ നിന്ന്- പേപ്പറുകളും പുസ്തകങ്ങളും നിർമ്മിക്കുന്ന പ്രോജക്ടിന്റെ ഭാഗമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗ്രാൻഡ് ലഭിച്ചതിനെ തുടർന്ന് ഈ ഇരുപത്തിയെട്ടുകാരനും രണ്ടുവർഷമായി അക്കാദമിയുടെ ഭാഗമാണ്. തേജ്ഗഡിലെ ആദിവാസി സ്വത്വത്തിന്റെ പ്രതിരൂപമായി അദ്ദേഹം വിശേഷിപ്പിക്കുന്ന കൊറാജ് മലയുടെ പേരുതന്നെയാണ് അദ്ദേഹത്തിന്റെ പേപ്പർ ബ്രാൻഡിനും: Koraj Crafts.
ട്രൈബൽ സ്റ്റോറിൽ ഇതുപോലെ വാഴമാലിന്യത്തിൽനിന്ന് നിർമ്മിച്ചെടുത്ത മനോഹരമായ ഡയറികളും നിരത്തിവെച്ചിട്ടുണ്ടായിരുന്നു. ഒന്ന് വാങ്ങണമെന്ന് അപ്പോൾ തന്നെ ആഗ്രഹിച്ചെങ്കിലും 600 രൂപയാണ് ഒന്നിന്റെ അടിസ്ഥാനവില വില എന്ന് മനസ്സിലാക്കിയ ഞാൻ പിൻവാങ്ങി. പിന്നീട്, ഇക്കോ ഫ്രണ്ട്ലി ഉൽപ്പന്നങ്ങളുടെ അമിതവിലയെ കുറിച്ചും, അത് വാങ്ങാനുള്ള സാധാരണക്കാരുടെ നിരുപ്രാപ്തിയെ സംബന്ധിച്ചും ഞാൻ രവിയോട് സംസാരിക്കും. അതെ കുറിച്ച് വഴിയേ എഴുതാം.
അക്കാദമിയുടെ പ്രധാനസ്ഥലത്ത് നിന്ന് അൽപ്പം മാറിയാണ് രവിയുടെ പേപ്പർ ഉത്പാദനകേന്ദ്രം. കുറച്ചപ്പുറം മാറി ഖാദി നെയ്ത്തുകേന്ദ്രവുമുണ്ട്. പേപ്പർ ഉത്പാദനത്തിന്റെ അടിസ്ഥാന പ്രക്രിയകളെല്ലാം നടക്കുന്നത് ഇവിടെയാണ്. ഒരു മുറി, മൂന്ന് ആണുങ്ങൾ, ഒരു ചെറിയ ടാങ്ക്, അതിനോട് ചേർന്ന് ഒരു സെമി ഇൻഡസ്ട്രിയൽ ഉപകരണം - കഴിഞ്ഞു.
ഞാൻ ചെല്ലുമ്പോൾ അവർ വാഴയുടെ നാര് വെള്ളത്തിലിട്ട് വേവിക്കുകയായിരുന്നു. ശേഷം അത് ചതുരരൂപത്തിലുള്ള അരിപ്പയിലേക്ക് പരത്തി ടാങ്കിലെ വെള്ളത്തിൽ മുക്കിയെടുക്കുകയും, ഡൈ ചെയ്യുകയും, സെമി ഇൻഡസ്ട്രിയൽ മെഷീന്റെ സഹായത്തോടെ പേപ്പർ ആക്കിയെടുക്കുകയും ചെയ്യും.
അത്ര എളുപ്പമല്ല ജോലി. പേപ്പർ ഉത്പാദനം വരെയുള്ള പ്രക്രിയയും, തുടർന്ന് അത് പുസ്തകരൂപത്തിലേക്ക് പരിവർത്തനപ്പെടുത്തി എടുക്കുന്നതും ശ്രമകരമാണ്. അതിന്റെ അടിസ്ഥാന ജോലികൾ നിർവഹിക്കുന്നത് പുരുഷന്മാർ ആണെങ്കിൽ, പേപ്പറുകൾ പുസ്തകരൂപത്തിൽ മാറ്റിയെടുക്കുന്ന ജോലി അക്കാദമിയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളായ പെൺകുട്ടികളുടേതാണ്. ശ്രമകരമായ ഈ ജോലിക്കൊടുവിൽ ഒരു ദിവസം ഒന്നോ രണ്ടോ ഡയറികളാണ് പരമാവധി ഉത്പാദിപ്പിക്കാൻ സാധിക്കുക.
ഒരുവശത്ത് പുതുതായി നിർമ്മിച്ചുവെച്ചിരിക്കുന്ന പേപ്പർ ചാർട്ടുകൾ പരിശോധിച്ചുകൊണ്ടിരുന്ന രവിയോട്, ശ്രമകരമായ ഈ പ്രക്രിയയൊക്കെയും വ്യാവസായികവത്കരിക്കാതെ ഇരിക്കുന്നതെന്തെന്നും, അങ്ങനെയെങ്കിൽ കൂടുതൽ ഉത്പാദനം സാധ്യമാക്കാമല്ലോ എന്നും, ഞാൻ ചോദിച്ചു.
‘‘വ്യാവസായികരണത്തിലൂടെ കൂടുതൽ ഉത്പാദിപ്പിക്കാൻ കഴിയും. ഉത്പാദനം കൂട്ടേണ്ടിവരും എന്നതു കൊണ്ടുതന്നെയാണ് അങ്ങനെ ചെയ്യാത്തത്. ഉത്പാദനം കൂടുംതോറും ആളുകളുടെ ഉപഭോഗവും വർദ്ധിക്കും. ഉപഭോഗത്തിന് സമാന്തരമായി മാലിന്യവും വർദ്ധിക്കും. പ്ലാസ്റ്റിക്കിന് ശേഷം ഏറ്റവുമധികം മാലിന്യവത്കരിക്കപ്പെടുന്നത് പേപ്പറുകളാണ്. ഇൻഡസ്ട്രികളിൽ ഇങ്ങനെ ഉണ്ടാക്കപ്പെടുന്ന കടലാസുകളിൽ നാല്പതിലധികം കെമിക്കലുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവ കടലാസു മാലിന്യങ്ങളിൽ നിന്ന് മണ്ണിൽ ചേരുകയും, പ്രകൃതിയെ ദോഷമായി ബാധിക്കുകയും ചെയ്യും. അത്തരം മാലിന്യങ്ങൾ കുറയ്ക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. അതിനായി കുറച്ച് മാത്രം ഇവിടെ ഉത്പാദിപ്പിക്കുന്നു’’, രവി പറഞ്ഞു.
‘‘അതുമാത്രമല്ല, വ്യവസായവത്കരണത്തിന്റെ യുക്തി ഇപ്പോഴും കേന്ദ്രിതമാണ്. അവിടെ ലാഭം പോലെ തന്നെ അധികാരവും കേന്ദ്രീകരിക്കപ്പെടുന്നു. അതിന് വിപരീതമായി നമ്മുടെ കമ്യൂണിറ്റിക്ക് മൊത്തത്തിൽ ഗുണകരമായ രീതിയിൽ വരുമാനവും അധികാരവും വികേന്ദ്രീകരിക്കപ്പെടുന്ന ഒരു മോഡലാണ് ഇവിടെ പിന്തുടരുന്നത്’’, അദ്ദേഹം കൂട്ടിച്ചേർത്തു.
തേജ്-ഗഡിലെ ആദിവാസി സമൂഹങ്ങൾ പരമ്പരാഗതമായി നിർമ്മിച്ചുപോരുന്ന കരകൗശലവസ്തുക്കളുടെ വിൽപ്പന ആദിവാസി അക്കാദമി അവർക്കായി സാധ്യമാക്കി കൊടുക്കുന്നു.
ഇവിടെ പേപ്പർ ഉത്പാദനം ശരിയായും കൂട്ടായ പ്രവൃത്തിയായാണ് നടക്കുന്നത്. രവി പറഞ്ഞതുപോലെ, അക്കാദമി സ്‌കൂളിലും എന്ന പോലെ, ഇവിടെയും ഒരു അധികാരബന്ധം പ്രത്യക്ഷത്തിൽ നിലനിൽക്കുന്നില്ല. ജോലി ചെയ്യുന്നവർക്ക് അവർക്കു വഴങ്ങുന്ന സമയങ്ങളിൽ പ്രവർത്തിക്കാം. ഗുജറാത്തിലെ മിനിമം വേതനത്തിനും മുകളിൽ ഇവർക്ക് മാസത്തിൽ വേതനം ലഭിക്കും.
'കോവിഡ് സമയത്താണ് ഞാൻ ഇവിടേയ്ക്ക് തിരികെപോരുന്നത്. അതുവരെയും സൂറത്തിൽ (ഒരു ഭക്ഷ്യവിതരണ സ്ഥാപനത്തിന്റെ) ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. നഗരത്തിലായിരിക്കുമ്പോൾ ഇപ്പോഴും എന്റെ ഗ്രാമത്തെ കുറിച്ചായിരിക്കും ചിന്ത. എന്നാൽ നഗരത്തിലെ പോലെ ഇവിടെ വരുമാനം കണ്ടെത്തുക സാധ്യമല്ലല്ലോ. ഒട്ടും സന്തോഷമില്ലാതെയാണ് അവിടെ ജോലി ചെയ്തിരുന്നത്. പിന്നെ രണ്ടു വർഷം മുൻപ് ഞാൻ ഇവിടേയ്ക്ക് പോന്നു. സന്തോഷവും ഒരു തരത്തിൽ വേതനം തന്നെയല്ലേ?' വാഴനാരുകൾ ടാങ്കിലെ വെള്ളത്തിൽ മുക്കി പരത്തുകയായിരുന്ന റാത്വ നജ്രു എന്ന ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ മുറിഞ്ഞ ഹിന്ദിയിൽ പറഞ്ഞു. ശേഷം ജോലി തുടർന്നു.
പ്രകൃതിസൗഹൃദപരമായ ഇത്തരം വസ്തുക്കളുടെ അമിതവിലയെ കുറിച്ചും അത് സാധാരണ മനുഷ്യർക്ക് വാങ്ങാൻ സാധിക്കാതിരിക്കുന്നതിനെ കുറിച്ചും സാന്ദർഭികമെന്ന തരത്തിൽ രവി ഭായിയോട് സൂചിപ്പിച്ചു. അതോടൊപ്പം, പാശ്ചാത്യ രാജ്യങ്ങളിൽ സമ്പന്നരുടെ തത്വശാസ്ത്രമായി വളർന്നുവരുന്ന 'മിനിമലിസത്തെ'യും കൂട്ടിച്ചേർത്ത് ഞാൻ മറുപടിക്കായി കാത്തു.
'മിനിമലിസം തീർച്ചയായും സമ്പന്നരുടെ തത്വശാസ്ത്രം തന്നെയാണ് ആകേണ്ടത്.' രവി ഭായ് പറഞ്ഞു; ‘‘ഇതൊരു ആദിവാസി ഗ്രാമമാണ്. നിങ്ങൾ പറഞ്ഞ സാധാരണക്കാരായ മനുഷ്യരാണ് ഇവിടെ. അവർക്കൊരിക്കലും അവരുടെ ജീവിതശൈലിയിൽ മിനിമലിസം എന്ന ടാഗ് വേണ്ടിവരുന്നില്ല. നമ്മൾ അതിനെ പേരിട്ടു വിളിക്കേണ്ടിവരുന്നു. എന്നാൽ അവരുടെ ജീവിതം ആ പേരിനുള്ളിൽ ഉള്ളതാണ്. ആദിവാസികൾ അവർക്കാവശ്യമുള്ള സാധനങ്ങൾ പ്രകൃതിയിൽ നിന്ന് ശേഖരിക്കുന്നു- അത് ശുദ്ധമായ ഭക്ഷണമാകട്ടെ, വെള്ളമാകട്ടെ. ആഡംബരമില്ലാത്ത മൺവീടുകളിൽ താമസിക്കുന്നു. കാലങ്ങളാലുള്ള പ്രവൃത്തി നൈപുണ്യത്താൽ അവർക്ക് ആവശ്യമുള്ള സാധനങ്ങൾ സ്വന്തമായി നിർമ്മിച്ച് പോരുന്നു. ഇതിൽനിന്ന് വ്യത്യസ്തമായ ജീവിതരീതി പിന്തുടരുന്നത് താങ്കൾ പറഞ്ഞ സമ്പന്നരാണ്. അവർക്ക് അവരുടെ കൈകൊണ്ട് ഉത്പാദിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ, അതിന് നല്ല നിലവാരം ആവശ്യമായി കരുതുന്നുവെങ്കിൽ തീർച്ചയായും പണം ചെലവാക്കേണ്ടി വരുന്നു. അതിന് അവർക്ക് പ്രാപ്തിയുണ്ടാകും തീർച്ച. സാധാരണക്കാർക്ക് അതിന് പ്രാപ്തിയുണ്ടാകുമോ എന്ന് സംശയമില്ല. കാരണം അവർ ഇപ്പോൾ തന്നെ അതിൽ പ്രാപ്തരായിരിക്കുന്നു’’- അദ്ദേഹത്തിന്റെ മറുപടിയോട് പൂർണ്ണമായും യോജിച്ച് ഞാൻ തലകുലുക്കി.
‘നെയ്ത്ത് എന്നത് മറ്റേതൊരു ഇന്ത്യൻ സമൂഹത്തിനെന്നതും പോലെ ആദിവാസികളുടെയും ഒരു സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇന്ന് അത് കേവലം ഉത്പന്നമാണ്.’
ഞങ്ങൾ തിരികെ അക്കാദമിയിലേക്ക് നടന്നുകൊണ്ടിരിക്കെ രവി ഭായ് കൂട്ടിച്ചേർത്തു, ‘‘നമ്മൾ വിലകുറഞ്ഞതെന്നു കരുതി വാങ്ങുന്നതൊന്നും ശരിക്കും തുച്ഛവിലയുള്ളതല്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിനായി ചിലവഴിക്കപ്പെടുന്നുണ്ട്. അത്തരത്തിൽ ചിലവഴിക്കപ്പെട്ട ഒന്നാണ് കാലാവസ്ഥാവ്യതിയാനം പോലും.’’
അക്കാദമിയിലെ രവിയുടെ ഓഫീസിൽ എത്തിയപ്പോൾ അവിടെ ഒരു പെൺകുട്ടി രണ്ടു ഡയറികളുമായി അദ്ദേഹത്തെ കാത്തുനിൽക്കുന്നത് കണ്ടു. അയാൾ ഡയറികൾ വാങ്ങി പരിശോധിച്ചു, അതിലൊന്ന് എന്റെ കയ്യിൽ തന്നു.
‘കൊള്ളാം...’, ഞാൻ പറഞ്ഞു.
‘അത് നിങ്ങൾക്കുള്ളതാണ്.’
അത്ര നേരവും ഞാൻ കയ്യിൽ കരുതിയിരുന്ന മറ്റൊരു ഡയറിയാകട്ടെ ആ നിമിഷം നാണത്തോടെ എന്റെ കക്ഷത്തിലേക്ക് കയറിയൊളിച്ചു. രവിയുടെ സമ്മാനത്തെ, വാഴനാരിൽ പിറന്ന അത്ഭുതത്തെ ഞാൻ രണ്ടു കൈകളാലും ആശ്ചര്യപൂർവ്വം പരിശോധിച്ചു. ഒടുവിൽ അതിൽ എന്തെങ്കിലുമൊന്ന് എഴുതി നൽകാൻ രവിയോട് ആവശ്യപ്പെട്ടപ്പോൾ പിന്നീട് ആ ഡയറിയുടെ ആദ്യ താളിൽ ഞാൻ ഒരിക്കൽകൂടി മഹേശ്വതാദേവിയുടെ ഉദ്ധരണി വായിച്ചു.
‘Every dream has a right to live.'
ഏഴ്:
അക്കാദമി സ്വന്തമായി കൃഷി ചെയ്യുന്ന നീലയമരിയാണ് (ഇൻഡിഗോ പ്ലാന്റ്) കടലാസുകൾ ഡൈ ചെയ്യുന്നതിന് ഇവർ ഉപയോഗിക്കുന്നത്. നീലയമരിക്കുപുറമെ സ്വന്തമായി പരുത്തിയും ഇവിടെ കൃഷി ചെയ്യുന്നു. സൊനാലിന്റെ നേതൃത്വത്തിൽ നടക്കുന്ന കസോട്ട നെയ്ത്തുശാലയിലേക്ക് എത്തുന്നതും ഇവ തന്നെയാണ്. അതായത് അക്കാദമിയിലെ കസോട്ട നെയ്ത്തുവ്യവസായം പൂർണ്ണമായും ആത്മനിർഭരത കൈവരിച്ചിരിക്കുന്നു എന്നർത്ഥം.
ഭാഷയിൽ നിന്ന് നെയ്ത്തുവ്യവസായത്തിന് ഗ്രാൻഡ് ലഭിക്കുന്ന രണ്ടാമത്തെ വിദ്യാർത്ഥിയാണ് 22 കാരനായ സോനാൽ. ഊർജ്ജസ്വലനായ മറ്റൊരു ചെറുപ്പക്കാരൻ. കഴിഞ്ഞ ഏഴുമാസമായി അദ്ദേഹം ഇവിടെ പ്രവർത്തിക്കുന്നു. സോനാൽ തന്നെയാണ് എന്നെ അക്കാദമിയുടെ നെയ്ത്തുശാല പരിചയപ്പെടുത്തുന്നതും.
ഗുജറാത്തിലെ റാത്വി സമുദായക്കാരുടെ നെയ്ത്തുസംസ്കാരത്തിന്റെ മുഖമുദ്രയാണ് ‘കസോട്ട’ നെയ്ത്ത്. വംശനാശത്തിന്റെ വക്കോളമെത്തിനിൽക്കുന്നൊരു സംസ്‌കാരത്തിന്റെ (സംസ്‌കാരം എന്നാണ് സോനാൽനെയ്ത്ത് തൊഴിലിനെ വിശേഷിപ്പിച്ചത്) പുനരുദ്ധാരണ ദൗത്യത്തിലാണ് അദ്ദേഹം.
‘‘നെയ്ത്ത് എന്നത് മറ്റേതൊരു ഇന്ത്യൻ സമൂഹത്തിനെന്നതും പോലെ ആദിവാസികളുടെയും ഒരു സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. അവർ നെയ്‌തെടുത്ത വസ്ത്രങ്ങൾ പരസ്പരം സമ്മാനിക്കുന്നു. ഒരു പാരമ്പര്യത്തിന്റെ ഓർമ്മയായി സൂക്ഷിക്കുന്നു. പാരമ്പര്യമായി തന്നെ കൈമാറ്റം ചെയ്യുന്നു. എന്നാൽ ഇന്ന് അത് കേവലം ഉത്പന്നമാണ്. നെയ്ത്തു സംസ്‌കാരത്തെ ഉത്പന്നവത്കരിക്കുന്നത് ഒരു പുതിയ പ്രക്രിയയല്ല. അതിന് കോളനിവത്കരണത്തോളം പഴക്കമുണ്ട്. പിന്നീട് വ്യാവസായികവത്കരണത്തിനു ശേഷവും, വിദേശവസ്ത്രങ്ങളുടെ വർധിച്ച ഇറക്കുമതിയിലൂടെയും പല നെയ്ത്ത് സംസ്‌കാരങ്ങളും ഇല്ലാതെയായി. അവയിൽ പലതും പുനരുദ്ധരിക്കുക ഇന്ന് അസാധ്യമായിരിക്കുന്നു. ഇന്ന് കണ്ടെടുക്കപ്പെട്ട പല നെയ്ത്തുകലകളുടെയും പാരമ്പര്യം എങ്ങനെ ഉത്ഭവിച്ചുവെന്നോ എവിടെ അസ്തമിച്ചുവെന്നോ പറയുക ദുഷ്‌കരമായി തീർന്നിരിക്കുന്നു’’, സോനാൽ പറഞ്ഞു.
2019- ലാണ് തേജ്ഗഡിലെ നെയ്ത്തുവ്യവസായത്തിന്റെ പുനരുദ്ധാരണത്തിന് ആദിവാസി അക്കാദമി തുടക്കം കുറിക്കുന്നത്. കടലാസ് ഉത്പാദനം പോലെ തന്നെ ഇതും ഡയറക്ടർ മദൻ മീനയുടെ ആശയപ്രകാരമായിരുന്നു സംഭവിച്ചത്. അതിനായി നേതൃത്വം വഹിച്ചത് എനിക്ക് മ്യൂസിയം പരിചയപ്പെടുത്തി തന്ന നാരായൺ ഭായിയാണ് എന്ന് സോനാൽ പറഞ്ഞു. തേജഗഡ് നിവാസിയും റാത്വി സമുദായക്കാരനുമായ അദ്ദേഹത്തിന് അവിടുത്തെ പ്രദേശവാസികളോട് സുതാര്യമായി ഇടപഴകുവാനും ആശയവിനിമയം നടത്തുവാനും സാധിച്ചിരുന്നു.
മുൻപ് സൂചിപ്പിച്ച ആദിവാസികളുടെ നഗരകുടിയേറ്റം മൂലവും, പരമ്പരാഗത തൊഴിലിനോടുള്ള പുതുതലമുറയുടെ വൈമുഖ്യം മൂലവും നെയ്ത്തുകാരെ കണ്ടെത്തുക ശ്രമകരമായ ദൗത്യമായിരുന്നു. ഒടുവിൽ ആറുപേരെ കണ്ടെത്താൻസാധിച്ചു. അതിലെ രണ്ടുപേരാണ് എനിക്ക് മുൻപിൽ ഇന്ന് നെയ്തുകൊണ്ടിരിക്കുന്നത്- രഥൻ ഭായിയും, ഗോവിന്ദ് ഭായിയും. അവർ അവരുടെ അറുപതുകളിലാണ് ഇപ്പോൾ. ബാക്കി നാലുപേരാകട്ടെ പ്രായാധിക്യത്താൽ എപ്പോഴേ നെയ്ത്തുജോലി ഉപേക്ഷിച്ചിരിക്കുന്നു. രഥൻ ഭായിയും ഗോവിന്ദ് ഭായിയും മുൻപ് സൂറത്തിലെ ഡയമണ്ട് ഇൻഡസ്ട്രിയിൽ ജോലി ചെയ്യുകയായിരുന്നു. ഡയമണ്ടിലേക്ക് ഉറ്റുനോക്കി ചെയ്യേണ്ടി വരുന്ന ദൈനംദിന പ്രവൃത്തി ഒരു സമയമാകുമ്പോഴേക്കും കാഴ്ച്ചയെ ബാധിച്ചു തുടങ്ങും. അങ്ങനെയുള്ളവർക്ക് മുൻപേ വിരമിക്കേണ്ടി വരുന്നു. അങ്ങനെ ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് അവർ തങ്ങളുടെ പരമ്പരാഗത തൊഴിലിലേക്ക് പിന്നെയും കടന്നുവന്നിരിക്കുന്നത്. സോനാൽ പറഞ്ഞതുവെച്ച് റാത്വി സമുദായത്തിന്റെ അണഞ്ഞുതീർന്നുകൊണ്ടിരിക്കുന്ന പരമ്പരാഗത കസോട്ട നെയ്ത്തു തൊഴിലിന്റെ ഒടുക്കത്തെ കനലാണ് ഇന്നിവർ.
‘പൈതൃകം എന്നതുകൊണ്ടുമാത്രം ആരും ഒന്നും തുടർന്നുപോകണമെന്നില്ല. അതുകൊണ്ട് അവർക്ക് ഗുണമുണ്ടാകേണ്ടതുണ്ട്. നെയ്ത്തുവ്യവസായത്തിന് മാർക്കറ്റ് കണ്ടെത്താൻ കഴിയാത്തിടത്തോളം പുതുതലമുറ ഇതിലേക്ക് ആകർഷിക്കപ്പെടുകയില്ല. മാർക്കറ്റ് ലഭിച്ചാൽ മാത്രമേ അവർക്ക് ലാഭമുണ്ടാകൂ. അങ്ങനെ ലാഭമുണ്ടാകുന്നതിലൂടെയേ അവർക്ക് നെയ്തതിൽ പുതുപരീക്ഷണങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ. നഗരകേന്ദ്രിതമായി വികസിച്ചുവന്ന ബംഗാളിലെയും വാരാണാസിയിലേയുമൊക്കെ നെയ്ത്തുപാരമ്പര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത് അതുകൊണ്ടാണ്. ഒരു സംസ്‌കാരം ഇപ്പോഴും പുഷ്ടിക്കപ്പെടുന്നത് അതിന് വാണിജ്യസാധ്യത കൂടി ലഭിക്കുമ്പോൾ മാത്രമാണ്.' സോനാൽ പറഞ്ഞു.
എനിക്കു മുൻപിൽ ഗാന്ധിയുടെ അഭിമാനത്തോടെ സോനാൽ തന്റെ ഖാദി വസ്ത്രം ധരിച്ചുനിന്നു. അയാൾക്കു മുൻപിൽ ഒരു വിദേശ ബ്രാൻഡ് ഷർട്ടും ധരിച്ച് ഞാൻ നഗ്‌നനായവന്റെ നാണത്തോടെ ചർക്കയിൽ നൂൽ നൂറ്റു.
കടലാസുശാലയിൽ പ്രവർത്തിക്കുന്നവർക്ക് എന്നപോലെ തന്നെ ഇവരും അവർക്കു വഴങ്ങുന്ന സമയങ്ങളിലാണ് ഖാദി നെയ്യാറുള്ളത്. സോനാൽ അവരെ പ്രവർത്തിക്കാൻ നിർബന്ധിക്കുകയില്ല എന്ന അദ്ദേഹം പറയുന്നു: ‘‘നെയ്ത്ത് ഒരു സംസ്‌കാരമെന്ന നിലയ്ക്ക് പുനരുദ്ധരിക്കാനാണ് അക്കാദമിയുടെ ശ്രമം, ഉത്പന്നമെന്ന നിലയിലല്ല. എന്തെന്നാൽ സംസ്‌കാരത്തിന് മാത്രമേ അഭിവൃദ്ധിപ്പെടാൻ സാധിക്കുകയുള്ളൂ, ഉത്പന്നങ്ങൾക്കല്ല. അതുകൊണ്ട് തന്നെ ഇവിടെ പ്രവർത്തിക്കുന്നവരെ ഒരിക്കലും തൊഴിലാളികളായി കണക്കാക്കുവാനും കഴിയില്ല. അവർ കലയിൽ ഏർപ്പെടുന്നവരാണ്. അവർക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട്. നെയ്തതിൽ അവരുടേതായ പരീക്ഷണങ്ങൾ നടത്തുവാൻ, അവർക്ക് അനുയോജ്യമായ സമയങ്ങളിൽ പ്രവർത്തിക്കുവാൻ’’
രവി ഭായ് എനിക്ക് സമ്മാനിച്ച പുതിയ ഡയറിയിൽ ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ കുറിച്ചെടുത്തു. രഥൻ ഭായിയുടെയും ഗോവിന്ദ് ഭായിയുടെയും ചിത്രങ്ങൾ എന്റെ ഫോണിൽ പകർത്തി. നെയ്ത്തുശാലയിലെ ചർക്കയിൽ നൂൽ നൂക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സോനാൽ സന്തോഷപൂർവ്വം എന്നെ അവിടെ പിടിച്ചിരുത്തി. ചർക്കയുമായുള്ള എന്റെ ആദ്യപരിശ്രമത്തിൽ പലപ്പോഴായി നൂലുപൊട്ടി പോയിരുന്നെങ്കിലും അതിന്റെ രീതിക്രിയയെ അദ്ദേഹം എനിക്ക് ക്ഷമാപൂർവ്വം വിശദീകരിച്ചുതന്നു. ''സ്വദേശി വസ്ത്രങ്ങളെ അഭിമാനവസ്ത്രങ്ങൾ എന്ന് ഗാന്ധി വിളിച്ചതിന്റെ കാരണം അത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായത് കൊണ്ടാണ്. നമുക്ക് നമ്മുടേതായ ഒരു നെയ്ത്തുപാരമ്പര്യം തന്നെയുള്ളപ്പോൾ എന്തിന് വസ്ത്രങ്ങൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.’’
എനിക്ക് മുൻപിൽ ഗാന്ധിയുടെ അഭിമാനത്തോടെ സോനാൽ തന്റെ ഖാദി വസ്ത്രം ധരിച്ചുനിന്നു. അയാൾക്ക് മുൻപിൽ ഒരു വിദേശബ്രാൻഡ് ഷർട്ടും ധരിച്ച് ഞാൻ നഗ്‌നനായവന്റെ നാണത്തോടെ ചർക്കയിൽ നൂൽ നൂറ്റു. ആ ചിത്രം അദ്ദേഹം തന്റെ ഫോണിൽ പകർത്തിയിരുന്നു. വിദേശവസ്ത്രമണിഞ്ഞ എന്റെ ഒടുക്കത്തെ ചിത്രമായിരിക്കണം അതെന്ന് ഞാൻ ആ ദിവസമാണ് തീരുമാനിക്കുന്നത്.
വൈകുന്നേരം കാൻറീനിൽനിന്ന് ചായ കുടിക്കുന്നതിനിടെ എന്നോടൊപ്പം രഥൻ ഭായിയും ഗോവിന്ദ് ഭായിയും വന്നിരുന്നു. അവർ എന്റെ നാടിനെ കുറിച്ചും ഭാഷയെ കുറിച്ചും പിന്നെ എന്നെ കുറിച്ചും ചോദിച്ചറിഞ്ഞു. അവർ രണ്ടുപേരും സഹോദരങ്ങളാണ് എന്ന് ഞാൻ അപ്പോഴാണ് മനസ്സിലാക്കുന്നത്. രണ്ടുപേരും സംസാരപ്രിയരാണ്. ആത്മീയസംഭാഷണങ്ങളോടാണ് കൂടുതൽ താത്പര്യമെന്ന് മനസ്സിലാക്കിയപ്പോൾ ഞാനും ഉറച്ചിരുന്നു. രഥൻ ഭായ് കബീറിനെ കുറിച്ച് സംസാരിച്ചു, കബീറിന്റെ ഭക്തി കാവ്യങ്ങൾ ഉച്ചത്തിൽപാടി. ഞാൻ അവയെ എന്റെ മൊബൈലിൽ പകർത്തിയെടുത്തു. ഗോവിന്ദ് ഭായിയുടെ സംസാരവിഷയം ബുദ്ധനായിരുന്നു. ഈ കുറിപ്പുകൾ ഒരു ലേഖനരൂപത്തിൽ എഴുതും വരെയും അവരെ ഞാൻ കബീർ എന്നും ബുദ്ധൻ എന്നുമാണ് എന്റെ ഡയറിയിൽ അഭിസംബോധന ചെയ്ത് എഴുതിയിരുന്നത് എന്ന് സാന്ദർഭികമായി പറയട്ടെ.
എട്ട്:
ഗുജറാത്തി സൂര്യൻ വൈകി അസ്തമിച്ചു. ഞാൻ മകർപുരയിലേക്ക് മടങ്ങാൻ തയ്യാറായി നിന്നു. യാത്രയിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളുടെ മണ്ണ് ശേഖരിക്കുന്ന ശീലമുണ്ടായിരുന്നതിനാൽ അക്കാദമിയിലെ ഒരു പിടി മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി ബാഗിൽ കരുതിയിട്ടുണ്ടായിരുന്നു. അക്കാദമിയിലെ ഓരോ അംഗത്തോടും ഞാൻ യാത്ര പറഞ്ഞു. കുട്ടികളിൽ ചിലർ പിന്നെയും ലംബുസ്താനിലേക്ക് മടങ്ങിയെത്തി.
‘ഇനി എവിടേക്കാണ് യാത്ര?’, എന്നെ യാത്രയാക്കാൻ വന്ന ഡോ.മദൻ മീന ചോദിച്ചു.
‘വേദ്ച്ചിയിലേക്ക്’, ഞാൻ പറഞ്ഞു.
അവിടെ ന്യൂക്ലിയർ വിരുദ്ധ പ്രവർത്തകരും ദമ്പതികളുമായ ഡോ.സുരേന്ദ്ര ഗഡേക്കറേയും, ഡോ.സംഘമിത്ര ദേശായിയെയും (നാരായൺ ദേശായിയുടെ മകൾ) സന്ദർശിക്കുന്നതിനായി സൂറത്തിലെ വേദ്ച്ചി ഗ്രാമത്തിലെ, അവരുടെ ഗാന്ധിയൻ ആശ്രമത്തിലേക്ക് ഞാൻ അടുത്ത ദിവസം യാത്ര തിരിക്കുന്നു.
മദൻ മീന അടുത്ത ദിവസം തന്റെ കുടുംബം താമസിക്കുന്ന ദൽഹിയിലേക്ക് മടങ്ങി പോകുകയാണ്. ഗുജറാത്തിൽ എന്റെ അവശേഷിക്കുന്ന ദിവസങ്ങളുടെ വിശേഷങ്ങൾ അറിയിക്കണമെന്നും, ഇനി ദൽഹി സന്ദർശിക്കുമ്പോൾ തീർച്ചയായും തന്റെ വീട്ടിലേക്ക് വരണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ സന്തോഷത്തോടെ സമ്മതിച്ചു. ഞങ്ങൾ കെട്ടിപ്പിടിച്ചു.
സോനാൽ എന്നെ റെയിൽവേ സ്റ്റേഷനിൽ തന്റെ സ്‌കൂട്ടറിൽ കൊണ്ടുവിടാമെന്നായി. അക്കാദമിയിലെ മനുഷ്യരോടെല്ലാം ഒരിക്കൽക്കൂടി യാത്ര പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിൽ കയറി. സോനാലിന്റെ സ്‌കൂട്ടർ പ്രധാന റോഡിലേക്ക് കയറും മുൻപ് അക്കാദമിയുടെ ആ ചുവന്ന സുന്ദരകെട്ടിടത്തെ ഞാൻ ഒരിക്കൽക്കൂടി പ്രതീക്ഷാപൂർവ്വം തിരിഞ്ഞുനോക്കി. റോഡിലൂടെ അന്നേരം ഞങ്ങളെ കടന്നുപോയ താമരക്കൊടി ചൂടിയ ഒരു വണ്ടിയിൽ ചേർത്തുകെട്ടിയ ചുട്ടുപഴുത്ത കോളാമ്പിയുടെ ശബ്ദത്തിൽ ഞാൻ വീണ്ടും ഉണർന്നു. ആ ശബ്ദത്തിന്റെ വേനലിൽ ഞാൻ പിന്നെയും വിയർത്തു.
ഇനി വേദ്ച്ചിയിലെ ഗാന്ധിയരിലേക്ക്.
ഗുജറാത്തിലെ ഹ്രസ്വകാല അഭയാർത്ഥിത്വത്തിനും, ആതിഥേയത്വത്തിനുമൊടുവിൽ എന്നിലെ സത്യാന്വേഷകന് അവിടെ ഒരു ദീർഘകാല പൗരത്വം കാത്തിരിക്കുന്നു.