അരുവിക്കരയിൽ യു.ഡി.എഫ്​ സ്​ഥാനാർഥിയായ കെ.എസ്. ശബരീനാഥ് വോട്ടഭ്യർത്ഥിക്കുന്നു

'ചൂഷകരെ വിജയിപ്പിക്കേണ്ട

മന്ത്രിയും എം.എൽ.എയും ആയത്​ കുറിച്യ- കുറുമ വിഭാഗത്തിൽ പെട്ടവരാണ്. കാരണം അവരിൽ പലർക്കും ചവിട്ടി നിൽക്കാൻ ഒരു തുണ്ടു ഭൂമിയുണ്ട്.

ദയനീയാവസ്ഥയിലാണ്​ ഞങ്ങൾ'

കേരളം തിരഞ്ഞെടുപ്പു ചൂടിലാണ്. എല്ലാ പാർട്ടികൾക്കും ജനങ്ങൾക്കിടയിലെ തങ്ങളുടെ ശക്തിയും വിശ്വാസവും തെളിയിക്കേണ്ട കാലം. ഇക്കാലത്താണ് ജനങ്ങൾക്ക് ഏറ്റവും കൂടുതൽ അധികാരമുള്ളത്​. ഒരു മാസം കഴിഞ്ഞാൽ, ജനങ്ങൾക്ക് വിഭാവനം ചെയ്ത അധികാരം ഒന്നും ലഭിക്കുന്നില്ല എന്ന സത്യത്തിലേക്ക്​ മടങ്ങേണ്ടിവരും. കേരളത്തിലെ സംഘടിത ശക്തികളുടെ നല്ല കാലമാണിത്. അവർക്ക് വേണ്ടതെല്ലാം നേടിയെടുക്കാനുള്ള വിലപേശലിന്റെ വസന്തകാലം. മതവും ജാതിയും എല്ലാം ഒരുമിച്ച് നേട്ടങ്ങൾക്കു വേണ്ടി വട്ടമേശ സമ്മേളനങ്ങൾ നടത്തുന്നു. അങ്ങനെ അവരുടെ ആവശ്യങ്ങൾ തിരഞ്ഞെടുപ്പിന് മു​മ്പ്​ കരാർ ആക്കി മാറ്റുന്നു. ഇവർക്ക് പ്രത്യയശാസ്ത്രങ്ങളും ആദർശങ്ങളുമായി നിൽക്കുന്നത് അവരുടെ ആവശ്യങ്ങൾ തന്നെയാണ്. എന്നാൽ കേരളത്തിൽ ഒരുപറ്റം ജനതയുണ്ട്, ഇത്തരം വിലപേശലുകളിൽ ഉൾപ്പെടാത്തവർ. അവരെ നമുക്ക് കാണാൻ കഴിയുന്നത് സമരമുഖങ്ങളിൽ മാത്രമാണ്. അടിസ്ഥാന ആവശ്യങ്ങൾക്കും സാമൂഹ്യനീതിക്കുവേണ്ടിയും മുറവിളി കൂട്ടുന്നവർ.

ഇവർ തൊണ്ടപൊട്ടി മുദ്രാവാക്യം വിളിക്കുമ്പോൾ ചിലപ്പോൾ ഒത്തുതീർപ്പ് ചർച്ചയ്ക്ക് വിളിക്കാറുണ്ട്. അങ്ങനെ ചർച്ചയിൽ ഇവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് താൽക്കാലിക ഒത്തു തീർപ്പ് കൽപ്പിക്കും. എന്നാൽ അടുത്ത ഘട്ടമായ നടപ്പിലാക്കൽ ഒരിക്കലും ഉണ്ടാവാറില്ല. ഭരണകർത്താക്കളെക്കാളും ഉന്നത ഉദ്യോഗസ്ഥരാണ്​ ഇതിനെ അട്ടിമറിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. മേൽ സൂചിപ്പിച്ച വിഭാഗങ്ങളിൽ ഒന്നാണ് കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ. 36 വിഭാഗങ്ങളിലായി കഴിയുന്ന ഈ സമുദായങ്ങൾ യാതൊരുവിധത്തിലും സംഘടിതരല്ല. എന്തുകൊണ്ടാണ് ഈ വിഭാഗങ്ങൾക്ക് ഇന്ന് കാണപ്പെടുന്ന ഭരണകൂട സംവിധാനത്തിലേക്ക് കടന്നുവരാൻ പ്രയാസം നേരിടുന്നത്?.

ചിലർ പറയാറുണ്ട്, ‘എനിക്ക് ഒരു ആദിവാസിയായി ജനിച്ചാൽ മതിയായിരുന്നു' എന്ന്​. എല്ലാം സർക്കാർ കൊടുക്കുന്നുണ്ടല്ലോ!. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? ഗോത്രജനതയുടെ എല്ലാ വിഭവങ്ങളും മറ്റുള്ളവരുടെ കൈകളിലായി. അവർ സ്വന്തം മേഖലകളിലെ രണ്ടാംകിട പൗരന്മാരായി.

സ്വന്തം ദേശത്തെ രണ്ടാംകിട പൗരന്മാർ

ഇതിന്റെ അടിസ്ഥാന കാരണം, ഓരോ ഗോത്ര വിഭാഗങ്ങളും അവരുടെ പാരമ്പര്യമായ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായിരുന്നു എന്നതാണ്. ഈ സമൂഹങ്ങളാണ് പിന്നീട് ആധുനിക ഭരണ സംവിധാനങ്ങളിലേക്ക്​ നീങ്ങിയത്. അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും അടിസ്ഥാനത്തിൽ നിലവിൽ വന്ന ഭരണകൂട വ്യവസ്ഥയിലേക്ക് ആദിവാസി സമൂഹങ്ങൾ മെല്ലെ എത്തിച്ചേർന്നു. ഇവിടെ പുതുതായി നിർമിക്കപ്പെട്ട ഭരണ സംവിധാനത്തിലെ കാഴ്ചക്കാർ മാത്രമായി ഈ സമൂഹങ്ങൾ ഒതുങ്ങി. സ്വന്തമായി കാടുവെട്ടിത്തെളിച്ച് ഉണ്ടാക്കിയ വയലുകളും തോട്ടങ്ങളും മറ്റുള്ളവർ കൈക്കലാക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നു ഈ സമൂഹങ്ങൾക്ക്. നാട്ടു രാജാക്കന്മാരുടെ ഭരണകാലത്ത് ദൈവങ്ങളെ കാണിച്ച് ആദിവാസികളെ ഒതുക്കി നിർത്തി, അതായത് ആദിവാസികളുടെ ഭൂമി മൊത്തിൽ ദേവസ്വം ഭൂമിയാക്കി മാറ്റി.

എന്നാൽ ആധുനിക ഭരണകൂടം നിയമങ്ങളുടെ അട്ടിമറിയിലൂടെയാണ് കേരളത്തിലെ ആദിവാസികളുടെ വിഭവങ്ങൾ ഉന്മൂലനം ചെയ്തത്. ഭൂപരിഷ്‌കരണത്തിലെ അവഗണന, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിലെ അട്ടിമറി, ആദിവാസി മേഖലക്ക്​ സ്വയംഭരണം നൽകുന്നതിലെ വിമുഖത തുടങ്ങി അനേകം മേഖലകൾ നമുക്ക് കാണാം. സർക്കാറിന്റെ എല്ലാ വിഭവങ്ങളും ആദിവാസി സമൂഹത്തിൽ എത്തിച്ചേരുന്നു. അരി, തൊഴിൽ, ഭവനം തുടങ്ങി എല്ലാം ആദിവാസികൾക്ക് കിട്ടുന്നുണ്ട്. ചിലർ പറയാറുണ്ട്, ‘എനിക്ക് ഒരു ആദിവാസിയായി ജനിച്ചാൽ മതിയായിരുന്നു' എന്ന്​. കാരണം എല്ലാം സർക്കാർ കൊടുക്കുന്നുണ്ടല്ലോ!. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? ഗോത്രജനതയുടെ എല്ലാ വിഭവങ്ങളും മറ്റുള്ളവരുടെ കൈകളിലായി. അവർ സ്വന്തം മേഖലകളിലെ രണ്ടാംകിട പൗരന്മാരായി മാറി.

പുനരധിവാസത്തിന്​ പറ്റാത്ത ഭൂമി

കേരളത്തിലെ ഗോത്ര വിഭാഗത്തിൽ നിന്ന്​ ഒരു പ്രതിനിധി നിയമസഭയിലേക്ക് എത്താൻ 1982 വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ വയനാട് ജില്ലയിൽ രണ്ട് സംവരണമണ്ഡലങ്ങൾ ഉള്ളതിനാൽ സ്ഥിരമായി നിയമസഭയിൽ രണ്ട് പ്രതിനിധികൾ എത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഗോത്രജനതയുടെ പ്രാതിനിധ്യം രാഷ്ട്രീയരംഗത്ത് കുറഞ്ഞു വരുന്നത്. ചിലപ്പോൾ ചിന്തിക്കാറുണ്ട്, പഴയ ജന്മിത്വത്തിന്റ പുതിയ രൂപത്തിലാണോ നമ്മുടെ നാട്ടിൽ രാഷ്ട്രീയ വ്യവസ്ഥ നിലനിന്നു പോകുന്നത് എന്ന്.

ആദിവാസികളുടെ ഭൂപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് 2014 ജൂലൈയിൽ ആരംഭിച്ച നിൽപ്പുസമരത്തിൽ നിന്ന് / Photo: Facebook ‌

ഗോത്രജനതയുടെ വിഭവങ്ങൾ തിരിച്ചു പിടിക്കുന്നതിന്​ നിരവധി സമരങ്ങൾ- അതും പല രൂപത്തിൽ; കുടിൽ കെട്ടൽ, നിൽപ്പ് സമരം, കയ്യേറ്റ സമരം തുടങ്ങിയ രൂപത്തിൽ- കേരളത്തിലുടനീളം നടന്നിരുന്നു. ഇവയുടെയെല്ലാം ഉൽപ്പന്നമായി പുനരധിവാസ മിഷൻ രൂപീകരിക്കുകയും വ്യക്തമായ കാഴ്ചപ്പാടോടെ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു. ഭൂരഹിതർക്ക് ഭൂമി മാത്രമായിരുന്നില്ല, മറിച്ച് അടിസ്ഥാന ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന സുസ്ഥിര വികസന മാതൃകയായിരുന്നു പുനരധിവാസ മിഷൻ. എന്നാൽ ഇതിന്റെ പ്രവർത്തനം നല്ല രീതിയിൽ കേരളത്തിൽ നടന്നിട്ടില്ല. ആറായിരത്തോളം കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചിട്ടും അവർക്ക്​ മാതൃകാപരമായ ജീവിതം മുന്നോട്ടു നയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാന കാരണം; പുനരധിവാസത്തിന്​ കണ്ടെത്തിയ ഭൂമി കൃഷിയോഗ്യമല്ലാത്തതും വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതുമാണ്​ എന്നതാണ്. ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പ് കലക്ടറുടെ നേതൃത്വത്തിലാണ്.

മൂന്ന് പ്രബല രാഷ്ട്രീയ പാർട്ടികളും പ്രകടനപത്രികയിൽ ആദിവാസികൾക്ക് ഒരേക്കർ മുതൽ അഞ്ചേക്കർ വരെ ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവയോരോന്നും കാറ്റിൽ പറക്കാത്ത മോഹനവാഗ്ദാനങ്ങൾ ആകാതിരുന്നാൽ മതിയായിരുന്നു

നമുക്കറിയാം, നാട്ടിൽ ഒരു തീപ്പെട്ടിക്കമ്പനി സർക്കാർ തുടങ്ങിയാൽ പോലും അതിന്റെ സർവ്വാധികാരി കലക്ടർ ആയിരിക്കും. നൂറുകണക്കിന് ഉത്തരവാദിത്വങ്ങളുടെ ഇടയിൽ അധികം വരുന്ന ഇത്തരം കാര്യങ്ങൾ പൂർണമായി വിലയിരുത്തുവാനോ ശ്രദ്ധ ചെലുത്താനോ ഇവർക്ക് കഴിയാതെ വരുന്നു. അതുകൊണ്ട്​ ഇത്തരത്തിലുള്ള പദ്ധതികൾക്ക്​ വേണ്ട രീതിയിൽ മോണിറ്ററിംഗ് ഉണ്ടാകുന്നില്ല. കൃത്യമായ അധികാര വികേന്ദ്രീകരണത്തോടെ, ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തികളെയാണ് ഇത്തരം പദ്ധതികൾ ഏൽപ്പിക്കേണ്ടത്.

ഭൂമിയുള്ളവരാണ്​ മന്ത്രിയും എം.എൽ.എയുമായത്​

പട്ടികവർഗ വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നം ഭൂമി തന്നെയാണ്. കേരളത്തിൽ മാറി വരുന്ന സർക്കാരുകൾ ഭൂവിതരണം ലക്ഷ്യമാക്കി പദ്ധതികൾ ഉണ്ടാക്കാറെങ്കിലും 5158 കുടുംബങ്ങൾ ഇന്നും ഭൂരഹിതരാണ്​. ഭരണം ഇല്ലാത്തപ്പോൾ ആദിവാസികളെ ചേർത്തുപിടിച്ച് വനഭൂമിയും റവന്യൂ ഭൂമിയും കയ്യേറി പാർക്കുന്ന പാർട്ടികൾ ഭരണത്തിലെത്തുമ്പോൾ ഇവരെ മറക്കും. പ്ലാസ്റ്റിക് വലിച്ചുകെട്ടിയ കുടിലുകളിൽ മഴയത്തും വെയിലത്തും നരകയാതനയോടെയാണ്​ ഈ കുടുംബങ്ങൾ കഴിയുന്നത്. ഇത്തവണ കേരളത്തിലെ മൂന്ന് പ്രബല രാഷ്ട്രീയ പാർട്ടികളും പ്രകടനപത്രികയിൽ ആദിവാസികൾക്ക് ഒരേക്കർ മുതൽ അഞ്ചേക്കർ വരെ ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവയോരോന്നും കാറ്റിൽ പറക്കാത്ത മോഹനവാഗ്ദാനങ്ങൾ ആകാതിരുന്നാൽ മതിയായിരുന്നു. ഗോത്ര ജനതയുടെ സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ പുരോഗതിക്ക് ഭൂമി തന്നെയാണ് അത്യാവശ്യം.

മാനന്തവാടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ജയലക്ഷ്മി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

ഭൂമിയുമായി ബന്ധപ്പെട്ട്​ മറ്റൊരു വിഷയം കൂടി ചൂണ്ടിക്കാണിക്കാം. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും അതോടൊപ്പം ഇതുവരെ കേരള നിയമസഭയിൽ എത്തിയിട്ടുള്ളതുമായ ഗോത്രവിഭാഗങ്ങളെ പരിശോധിച്ചു നോക്കൂ. അവരെല്ലാവരും ഭൂമിയെന്ന മൂലധനത്തിന് പിന്തുണ പറ്റിയവരാണ്​. മന്ത്രിയും എം.എൽ.എയും ആയത്​ ഇവിടുത്തെ കുറിച്യ- കുറുമ വിഭാഗത്തിൽ പെട്ടവരാണ്. കാരണം അവരിൽ പലർക്കും ചവിട്ടി നിൽക്കാൻ ഒരു തുണ്ടു ഭൂമിയുണ്ട്. ഇത്തവണ ബി.ജെ.പി മാത്രമാണ് പണിയ വിഭാഗത്തിൽനിന്ന് ഒരു വ്യക്തിയെ സ്ഥാനാർഥി സ്ഥാനത്തേക്ക് മുന്നോട്ട് വെച്ചത്. പ്രമുഖ പാർട്ടികളെല്ലാം താഴെത്തട്ടിലുള്ളവരുടെ സാന്നിധ്യം വളരെ കുറവായിട്ടാണ് അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഗോത്രജനതയിൽ, അതായത് ഏറ്റവും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന വിഭാഗങ്ങളിൽ നിക്ഷിപ്തമായ അധികാരത്തെ പറ്റി ബോധമില്ലാതെ പോകുന്നു. അതായത്, ഇവിടെ നടക്കുന്ന പ്രക്രിയയുടെ ഭാഗമാണോ അല്ലയോ എന്ന ബോധം അവർക്ക് ഇല്ലാത്ത അവസ്ഥ. ഇത് അവരുടെ മാത്രം പ്രശ്‌നമായിട്ടല്ല ഞാൻ മനസ്സിലാക്കുന്നത്, നമ്മുടെ സംവിധാനത്തിന്റ പോരായ്മ കൂടിയാണ്. ഭരണഘടന ഇവർക്ക് വിഭാവനം ചെയ്​ത അവകാശങ്ങളും സംരക്ഷണ പദ്ധതികളും ഇവരിൽ എത്തുന്നില്ല എന്നതാണ് യാഥാർഥ്യം. അതിനു വേണ്ട ശ്രമങ്ങളും കാഴ്ചപ്പാടുകളും ഇല്ല. 40 ശതമാനത്തോളം നിരക്ഷരായ പണിയ സമുദായത്തിൽ പെട്ടവർ ഇതെല്ലാം സ്വയം മനസ്സിലാക്കട്ടെ എന്നു കരുതിയാൽ പ്രാവർത്തികമാകുമോ?

കേരളത്തിൽ പുനരധിവാസത്തിന്​ നൽകിയ നല്ലൊരു ശതമാനം ഭൂമിയും കൃഷി യോഗ്യമല്ല. ആയതിനാൽ കൃഷിയോഗ്യമായ ഭൂമി തന്നെയാണ് ഗോത്രജനതക്ക്​നൽകേണ്ടത്.

ആ ഭൂമി സർക്കാർ പിടിച്ചെടുക്കുമോ?

പലപ്പോഴും സ്വന്തം ജനതയെ തന്നെ ചൂഷണം ചെയ്യുന്നവർക്ക് വോട്ടു നൽകി വിജയിപ്പിക്കേണ്ട ദയനീയാവസ്ഥയിലാണ്​ ഞങ്ങൾ. ഈയൊരു തിരിച്ചറിവിലേക്കാണ് ഗോത്രജനത ശാക്തീകരിക്കേണ്ടത്. ഇത്തവണത്തെ പ്രകടനപത്രികയിൽ കേരളത്തിലെ മൂന്ന് പാർട്ടികളും ആദിവാസികൾക്ക് ഭൂമി നൽകുമെന്ന് പറയുന്നു. ഇത് വളരെ ആശ്വാസകരമാണ്​. ഇവിടത്തെ ചോദ്യം എവിടെ നിന്നാണ് ഭൂമി കണ്ടെത്തുന്നത് എന്നതാണ്. കേരളത്തിൽ പുനരധിവാസത്തിന്​ നൽകിയ നല്ലൊരു ശതമാനം ഭൂമിയും കൃഷി യോഗ്യമല്ല. ആയതിനാൽ കൃഷിയോഗ്യമായ ഭൂമി തന്നെയാണ് ഗോത്രജനതക്ക്​ നൽകേണ്ടത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ശ്രേയാംസ് കുമാർ കല്പറ്റയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

1969-ലെ ഭൂപരിഷ്‌കരണത്തിൽ നമ്മൾ തൊടാതെ പോയ ഒരു മേഖലയുണ്ട്, എസ്റ്റേറ്റുകളും വൻകിട തോട്ടങ്ങളും. കാലാവധി കഴിഞ്ഞതും അളവിൽ കൂടുതലുള്ളതുമായ ലക്ഷക്കണക്കിന് ഏക്കർ വരുന്ന ഭൂമി കൈവശം വെച്ചിരിക്കുന്നവ കണ്ടെത്തി സർക്കാർ പിടിച്ചെടുക്കണം. ഇതിനെ പറ്റിയുള്ള ചർച്ച കേരളത്തിൽ സജീവമായിട്ടും രാഷ്ട്രീയക്കാരും മുതലാളിമാരും തമ്മിലുള്ള ബാന്ധവം മൂലം ഒരു തുടർനടപടിയും സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ഇതിനുവേണ്ടി നടന്നിട്ടുള്ള രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണം. ഇതിനെ രണ്ടാം ഭൂപരിഷ്‌കരണമായി കണ്ട് കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്കും ഭൂരഹിതർക്കും ഭൂമി നൽകുവാനുളള ഇച്ഛാശക്തി കാട്ടുവാൻ രാഷ്ട്രീയ സമൂഹത്തിനാവണം. രാഷ്ട്രീയ പ്രവർത്തകർ മാത്രമല്ല ഉദ്യോഗസ്ഥരും അതിനു വേണ്ടി പരിശ്രമം നടത്തണം. പുതിയ രാഷ്ട്രീയ കാലവും അന്തരീക്ഷവും രണ്ടാം ഭൂപരിഷ്‌കരണത്തിലൂടെ അടിസ്ഥാന വിഭാഗങ്ങളുടെ കണ്ണീരൊപ്പും എന്നാണ് എന്റെ പ്രതീക്ഷ.▮


ഡോ. കെ.പി. നിതീഷ് കുമാർ

എഴുത്തുകാരൻ. സോഷ്യൽ വർക്കിൽ പി.എച്ച്ഡി നേടിയ കേരളത്തിലെ ആദ്യ ഗോത്രവർഗക്കാരൻ. വയനാട്ടിലെ മുള്ളക്കുറുമ ആദിവാസി വിഭാഗക്കാരനാണ്​.

Comments