കലക്ടറുടെ ഉറപ്പിന് പുല്ലുവില,
നിലമ്പൂരിലെ ആദിവാസികൾ
വീണ്ടും സമരത്തിലേക്ക്

ഇടതുപക്ഷ സർക്കാർ ഒമ്പതു വർഷം പൂർത്തിയാക്കിയ ഘട്ടത്തിൽ, വികസനത്തെക്കുറിച്ചും ക്ഷേമപരിപാടികളെക്കുറിച്ചും വലിയ അവകാശവാദങ്ങളുയരുന്ന സമയത്തുതന്നെയാണ്, നിലമ്പൂരിലെ ഗോത്ര കുടുംബങ്ങൾക്ക് ഭൂമിക്കായി വീണ്ടും സമരത്തിനിറങ്ങേണ്ടിവരുന്നത്.

വകാശപ്പെട്ട ഭൂമിയ്ക്കായി ഒരു വർഷത്തോളം നീണ്ട സമരത്തിനൊടുവിൽ, കലക്ടർ നൽകിയ ഉറപ്പ് പാഴായതിനെതുടർന്ന് നിലമ്പൂരിലെ ആദിവാസി കുടുംബങ്ങൾ വീണ്ടും സമരത്തിലേക്ക്. 314 ദിവസം നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിനു മുന്നിൽ സമരമിരുന്ന ആദിവാസി കുടുംബങ്ങൾക്ക് ഉറപ്പുനൽകിയ ഭൂമി നിഷേധിക്കുകയാണ് സർക്കാർ സംവിധാനം ചെയ്തത്.

ആറ് മാസം കൊണ്ട് ഭൂമി നൽകാമെന്നു പറഞ്ഞാണ് 2024 മാർച്ച് 18 നു മലപ്പുറം കളക്ടർ സമരം ഒത്തു തീർപ്പാക്കിയത്. എന്നാൽ, ഒരു വർഷത്തിനിപ്പുറവും ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഭൂമി ലഭിക്കാതായതോടെ ആദിവാസി കുടുംബങ്ങൾ കളക്ടറെ കാണാനെത്തിയെങ്കിലും കളക്ടറേറ്റിനു മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. രണ്ടു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് കളക്ടറെ കാണാനായത്. ഭൂമി നൽകാൻ രണ്ടു മാസം കൂടി വേണമെന്ന് കളക്ടർ പറഞ്ഞതോടെ ചർച്ച പരാജയപ്പെട്ടു. ഇതോടെ വീണ്ടും ഉപവാസത്തിലേക്ക് നീങ്ങിയിരിക്കുകയാണ് ആദിവാസി കുടുംബങ്ങൾ.

 നിലമ്പൂർ കളക്ടറേറ്റിനു മുന്നിൽ ആരംഭിച്ച ആദിവാസി ഭൂസമരം
നിലമ്പൂർ കളക്ടറേറ്റിനു മുന്നിൽ ആരംഭിച്ച ആദിവാസി ഭൂസമരം

ഇന്നു രാവിലെ പത്തു മണിയോടെയാണ് ആദിവാസി കുടുംബങ്ങൾ കളക്ടറേറ്റിലേക്കെത്തിയത്. രണ്ടു മണിക്കൂറോളമാണ് ഇവരെ പോലീസ് തടഞ്ഞത്. സമര നേതൃത്വം മാത്രം അകത്തേക്ക് പോയാൽ മതി എന്നായിരുന്നു പോലീസ് നിലപാട്. ചർച്ച നടത്താൻ കളക്ടറുടെ ചേംബറിലേക്ക് ഒന്നോ രണ്ടോ ആളുകളാണ് കയറുന്നതെങ്കിലും സാധാരണഗതിയിൽ എല്ലാവരെയും കളക്ടറേറ്റിനകത്തേക്ക് പ്രവേശിപ്പിക്കാറുണ്ട്. കളക്ടറെ കണ്ടെങ്കിലും ചർച്ച പരാജയപ്പെടുകയായിരുന്നുവെന്ന് 314 ദിവസം നിരാഹാരം കിടന്ന ബിന്ദു വൈലാശ്ശേരി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

ആറു മാസം കൊണ്ട് ഭൂമി തരാമെന്നായിരുന്നു കലക്ടർ സമരം ഒത്തുതീർക്കുന്ന സമയത്ത് പറഞ്ഞത്. പക്ഷെ അത് ലംഘിക്കപ്പെട്ടു. രണ്ട് മൂന്ന് പ്രാവശ്യം കലക്ടറെ കണ്ടപ്പോഴും ഓരോ അവധി പറയുകയായിരുന്നു. ഇന്നത്തെ ചർച്ചയിൽ കലക്ടർ വീണ്ടും രണ്ടര മാസം അവധി ചോദിച്ചു. അത് നടക്കില്ലെന്ന് ഞങ്ങളും പറഞ്ഞു. സമരം പ്രഖ്യാപിച്ച് ഞങ്ങൾ ഇറങ്ങി. ഇതിപ്പോൾ ഒരു കൊല്ലം കഴിഞ്ഞു. കഴിഞ്ഞ മാർച്ച് 18 നാണ് ഞങ്ങൾ സമരം അവസാനിപ്പിച്ചത്. ഞാൻ 314 ദിവസവും നിരാഹാരം കിടന്നിട്ടുണ്ട്. ആറ് ദിവസം ആശുപത്രിയിലുമായിരുന്നു. ഇനിയിപ്പോൾ കളക്ടറേറ്റിനു മുന്നിൽ സമരം ഇരിക്കുകയാണ്. ചർച്ച ചെയ്ത് തുടർ നടപടി സ്വീകരിക്കും” - ബിന്ദു വൈലാശ്ശേരി പറഞ്ഞു.

2023 മാർച്ചിൽ നിലമ്പൂർ ഐ.ടി.ഡി.പിക്കു  ബിന്ദു വൈലാശ്ശേരി നിരാഹാരം കിടക്കുന്നു
2023 മാർച്ചിൽ നിലമ്പൂർ ഐ.ടി.ഡി.പിക്കു ബിന്ദു വൈലാശ്ശേരി നിരാഹാരം കിടക്കുന്നു

ആദിവാസികളുടെ നഷ്ടപ്പെട്ടതും അന്യാധീനപ്പെട്ടതുമായ കൃഷി ഭൂമി തിരിച്ചുനൽകണമെന്ന 2009-ലെ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് നിലമ്പൂരിലെ 18 ആദിവാസി ഊരുകളിൽ നിന്നുള്ള 200 ഓളം ആദിവാസി കുടുംബങ്ങൾ സമരം ചെയ്തത്. ചാലിയാർ പഞ്ചായത്തിലെ അകമ്പാടം, ഇടിവെണ്ണ, പാറേക്കാട്, മൈലാടി പ്രദേശങ്ങളിലെ ഊരുകളിൽ നിന്നുള്ള പണിയർ, നായിക്കന്മാർ, കുറുമർ, ആളന്മാർ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളാണ് സമരം ചെയ്തത്. ആദിവാസികളുടെ നഷ്ടപ്പെട്ട കൃഷിഭൂമി കണ്ടെത്തി തിരിച്ചു നൽകണമെന്ന് 2009 ജൂലൈ 21 നു സുപ്രീം കോടതി പറഞ്ഞു. ഭൂമി തിരിച്ചു നൽകാൻ സാധിക്കുന്നില്ലെങ്കിൽ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമി നൽകണമെന്നും വിധിയിലുണ്ട്. ആ വിധി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയുള്ളപ്പോഴാണ് നിലമ്പൂരിലെ ആദിവാസികൾ രണ്ടാം തവണയും സമരത്തിന് നിർബന്ധിതരാകുന്നത്.

സുപ്രീംകോടതി വിധിയനുസരിച്ച് നഷ്ടപ്പെട്ട കൃഷിഭൂമി തിരിച്ചുകൊടുക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാറിനുണ്ടെന്നും ഭൂമി കണ്ടെത്താനാവുന്നില്ലെങ്കിൽ, ലാൻഡ് അക്വിസിഷൻ നിയമപ്രകാരം കൃഷിയുക്തമായ ഭൂമി തിരിച്ചുപിടിച്ച് കൊടുക്കണമെന്നുമാണ് ആദിവാസികളുടെ ആവശ്യം. കൃഷി യോഗ്യമായ ഒരേക്കർ ഭൂമി ഓരോ കുടുംബത്തിനും അനുവദിക്കണമെന്നായിരുന്നു സമരത്തിന്റെ ആവശ്യം.

കളക്ടറേറ്റിൽ ചർച്ചക്കെത്തിയ ആദിവാസികളെ പൊലീസ് തടയുന്നു
കളക്ടറേറ്റിൽ ചർച്ചക്കെത്തിയ ആദിവാസികളെ പൊലീസ് തടയുന്നു

2018 ലാണ് നിലമ്പൂരിലെ ഗോത്ര കുടുംബങ്ങൾ കാടിനകത്ത് ഭൂസമരം ആരംഭിക്കുന്നത്. ഭൂമി കണ്ടെത്തി നൽകാമെന്ന് അന്ന് സർക്കാർ ഉറപ്പു നൽകി. അത് പാലിക്കപ്പെടാതിരുന്നതോടെ 2023 മെയ് 10 നിലമ്പൂർ ഐ.ടി.ഡി.പിക്കു മുന്നിൽ ഭൂസമരം ആരംഭിക്കുകയായിരുന്നു. 314 ദിവസം നിരാഹാരം കിടന്ന ബിന്ദു വൈലാശ്ശേരിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് 2024 മാർച്ച് 18 ന് മലപ്പുറം കലക്ടർ ചർച്ച നടത്തിയത്.

ഓരോ കുടുംബത്തിനും 50 സെന്റ് ഭൂമി ആറു മാസത്തിനകം നൽകാമെന്നായിരുന്നു ഉറപ്പ്. 2024 ഡിസംബർ 31 നു മുമ്പായി പട്ടയം വിതരണം ചെയ്യുമെന്നടക്കം തീരുമാനമായതായിരുന്നു. എന്നാൽ ഒന്നും നടന്നില്ല.

 2024 മാർച്ച് 18 ന് മലപ്പുറം ജില്ലാ കലക്ടർ സമരം ചെയ്യുന്ന ആദിവാസികളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ. ഓരോ കുടുംബത്തിനും 50 സെന്റ് ഭൂമി ആറു മാസത്തിനകം നൽകാമെന്ന് അന്നത്തെ ചർച്ചയിൽ തീരുമാനമായിരുന്നു.
2024 മാർച്ച് 18 ന് മലപ്പുറം ജില്ലാ കലക്ടർ സമരം ചെയ്യുന്ന ആദിവാസികളുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ. ഓരോ കുടുംബത്തിനും 50 സെന്റ് ഭൂമി ആറു മാസത്തിനകം നൽകാമെന്ന് അന്നത്തെ ചർച്ചയിൽ തീരുമാനമായിരുന്നു.

കലക്ടറെ കാണാനെത്തിയ ഗോത്ര കുടുംബങ്ങളെ പുറത്തു നിർത്തിയ പൊലീസ് നടപടി വംശീയ മുൻവിധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പുരോഗമന യുവജന പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി. നഹാസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:

“30 കുടുംബങ്ങളിൽ നിന്നുള്ളവരാണ് കലക്ടറെ കാണാനെത്തിയത്. അവരെ പൊലീസ് തടഞ്ഞു. പ്രധാനപ്പെട്ട ഒന്നോ രണ്ടോ പേർ മാത്രം കലക്ട​​​റെ കാണാൻ പോയാൽ മതിയെന്നാണ് പൊലീസ് പറഞ്ഞത്. എല്ലാവരെയും കലക്ടറുടെ ചേംബറിനകത്തേക്ക് പ്രവേശിപ്പിക്കണം എന്നില്ല. പക്ഷെ കലക്ടറുടെ ഓഫീസിനടുത്ത് ജനങ്ങൾക്ക് ഇരിക്കാൻ തയ്യാറാക്കിയ ഇരിപ്പിടത്തിനടുത്തുവരെ എല്ലാവർക്കും എത്താനാകണം. കവാടത്തിൽ വെച്ച് ആരെയും തടയാൻ പറ്റില്ല. മുമ്പ് വിവിധ സംഘടനകൾ നടത്തിയ ചർച്ചകളിലും എല്ലാവരും അവിടെ വരെ എത്താറുണ്ട്. ആരെയും വഴിയിൽ തടയാറില്ല. എന്നാൽ രാവിലെ 10 മണിക്ക് എത്തിയ ഞങ്ങളെ രണ്ടു മണിക്കൂറോളം തടഞ്ഞു നിർത്തിയ ശേഷമാണ് അകത്തേക്ക് കടത്തിവിട്ടത്. രാവിലെ മഴയായിരുന്നു. ആ മഴയത്താണ് ഞങ്ങളെ പുറത്തു നിർത്തിയത്’’ - സി.പി. നഹാസ് പറയുന്നു.

അടിസ്ഥാന മനുഷ്യരുടെ അവകാശങ്ങളോടുള്ള ഭരണകൂട സംവിധാനങ്ങളുടെ വിവേചന പൂർണമായ സമീപനമാണ് നിലമ്പൂരിലെ ആദിവാസി ഭൂസമരത്തിലും പ്രകടമാകുന്നത്. ഇടതുപക്ഷ സർക്കാർ ഒമ്പതു വർഷം പൂർത്തിയാക്കുന്ന ഘട്ടത്തിൽ, വികസനത്തെക്കുറിച്ചും ക്ഷേമപരിപാടികളെക്കുറിച്ചും വലിയ അവകാശവാദങ്ങളുയരുന്ന സമയത്തുതന്നെയാണ്, നിലമ്പൂരിലെ ഗോത്ര കുടുംബങ്ങൾക്ക് ഭൂമിക്കായി വീണ്ടും സമരത്തിനിറങ്ങേണ്ടിവരുന്നത്.

Comments