Photo: thefourthnews.in

'ജൈവ പ്രദർശനാലയം'; ആ കോൺസെപ്റ്റിൽ പ്രശ്‌നം തോന്നാത്തവരോട്

‘‘ആത്മാഭിമാനികളായ, കുലാഭിമാനികളായ ആദിവാസികളായതുകൊണ്ട് അവർ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ ലക്ഷക്കണക്കിന് അദ്ധ്യാപകരിൽ അര ശതമാനം പോലുമില്ല. ആത്മാഭിമാനമില്ലാത്ത നായന്മാരും കൃസ്ത്യാനികളുമൊക്കെ അവിടെപ്പോയി ജോലി ചെയ്യുന്നു. അഭിമാനികളായതുകൊണ്ട് ആദിവാസികൾ അങ്ങനെയൊന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയോ മന്ത്രിയാവുകയോ ഒന്നും ചെയ്യില്ല, അഭിമാനമില്ലാത്ത നായന്മാർ കണ്ടില്ലേ, മന്ത്രിസഭയിൽ കിടന്ന് പുളയ്ക്കുന്നു.’’

നുഷ്യരുടെ സാമൂഹ്യ, രാഷ്ട്രീയ തുല്യതയുടെയും സമത്വത്തിന്റെയും നീതിബോധത്തിന്റെയും അവസാനകണിക പോലും കെട്ടുപോയ, അവസരവാദികളുടെയും അധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികളുടെയും പെരുങ്കൂട്ടമായി മാറിയൊരു പുത്തൻവർഗ്ഗത്തിന്റെ ആക്രോശമാണ് തിരുവനന്തപുരത്ത് കേരള സർക്കാർ സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ ‘ഗോത്രജീവിത മനുഷ്യ പ്രദർശന’ത്തെ വീണ്ടും വീണ്ടും ന്യായീകരിച്ചുകൊണ്ട് കേൾക്കുന്നത്. എത്ര വികലവും മനുഷ്യത്വവിരുദ്ധവുമാണ് തങ്ങൾ കാട്ടിക്കൂട്ടുന്ന ഈ കെട്ടുകാഴ്ചയിലെ Human Zoo എന്നതിൽ അവർക്കൊരു പ്രശ്നവും തോന്നാത്തത്, അതിന്റെ അധികാരഭീകരത നിറയുന്ന ഉള്ളടക്കത്തിലുള്ള കടുത്ത ഉറപ്പും വിശ്വാസവും കൊണ്ടാണ്.

ഫോക്‌ലോർ അക്കാദമി മേധാവി പറയുന്നത് ഇത് ‘Living museum എന്ന കോൺസെപ്റ്റ് ആണെന്നാണ്. അതായത്, ‘ജൈവ പ്രദർശനാലയം’. പക്ഷെ തൊമ്മികളും കുമ്പസാര കമ്മറ്റിയും സമ്മതിക്കുന്നില്ല. പ്രദർശനമല്ല, കലാപരിപാടികൾക്കിടയ്ക്ക് ആരാധകർക്ക് മുന്നിൽ ഇരുന്നു കൊടുത്ത ഇടവേളയാണിതെന്നാണ്. അതായത് കേരളീയം നടക്കുന്ന എല്ലാ ദിവസവും കാഴ്ചക്കാർ വരുന്ന മുഴുവൻ സമയവും വേഷം കെട്ടി ആളുകൾക്കുമുന്നിൽ ഇരിക്കുകയും കളിക്കുകയും കാഴ്ചക്കാർക്ക് ചിത്രമെടുക്കാൻ നിന്നുകൊടുക്കുകയും ചെയ്യുന്നതിന് ‘ആദിവാസി /ഗോത്രവിഭാഗങ്ങളെ’ അവരുടെ ‘പാരമ്പര്യ ജീവിത പാശ്ചാത്തലത്തിൽ’ കുടിലൊക്കെ കെട്ടി ഒരുക്കിയിരുത്തുന്ന പരിപാടിയെ തൊമ്മികൾ ‘കലാപരിപാടി’യെന്നും ഫോക്‌ലോർ അക്കാദമി മേധാവി ‘ജൈവ പ്രദർശന’മെന്നും വിളിക്കുന്നു. ലോകമിതിനെ ചരിത്രത്തിലൂടെ വിളിച്ചുപോരുന്നത് Human Zoo എന്നാണ്.

ആദിവാസി വിഭാഗത്തിലുള്ള മനുഷ്യരെ പ്രദർശനപ്പറമ്പിൽ കുടിലുകെട്ടി മുറ്റത്തിരുത്തി കഞ്ഞിവെപ്പിക്കുന്നതാണോ ‘കലാപരിപാടി’? രാവിലെ മുതൽ വൈകുന്നേരം വരെ വേഷംകെട്ടി, വരുന്ന നഗരവാസികൾക്കും ‘നാട്ടുകാർക്കും’ മുന്നിൽ നിന്ന് അമ്പും വില്ലും മാനത്തേക്ക് പിടിച്ച് ചിത്രത്തിന് നിർത്തിക്കൊടുക്കുന്നതാണോ ‘പാരമ്പര്യ പ്രദർശനം’? കളിപ്പാട്ടക്കണ്ണടപോലൊന്നുണ്ടാക്കി വെച്ചിട്ട് പ്രായമായൊരു മനുഷ്യനെ കുടിലുകെട്ടി മുറ്റത്തിരുത്തുന്നതാണോ ആദിവാസികളുടെ ‘പരമ്പരാഗത കലാരൂപ’ പ്രദർശനം. എന്ത് വൃത്തികേട് കാണിച്ചാലും അതിന്റെയൊക്കെ പങ്ക് പലരീതിയിൽ കിട്ടുന്ന കുറേ ഗുണഭോക്താക്കളും എന്തൊക്കെ നടന്നാലും അതൊന്നും തങ്ങളുടെ ഉപരിവർഗ ജീവിതത്തിന്റെ ലീലാലോലുപതകളെ തൊടില്ലെന്നുറപ്പുള്ളതുകൊണ്ട് ഒപ്പം നിന്നാർക്കുന്ന കുറെ പുത്തൻവർഗ ആർപ്പുവിളി സംഘങ്ങളും ഓടിനടന്ന് ആക്രോശിക്കുന്നതുകൊണ്ട് ഏതൊരു ആധുനിക ജനാധിപത്യ സമൂഹത്തെയും ആത്മനിന്ദയിലാഴ്ത്തുകയും ഭരണകൂടത്തിനുനേരെ ചോദ്യങ്ങളുയർത്തുകയും ചെയ്യേണ്ട സന്ദർഭത്തെ മായ്ചുകളയാനാവില്ല.

കലാപരിപാടിയുടെ ഇടവേളയാണ് എന്നൊക്കെയൊന്ന് തൊമ്മികൾ മതിലുകെട്ടി വരുമ്പോൾ അപ്പുറത്തുനിന്ന് living museum ആണെന്ന് ഫോക്​ ലോർ അക്കാദമി തലവൻ പറയുന്നു. ഇനിയത് എന്താണെന്ന് സംശയമുള്ളവർക്ക് മലയാളത്തിൽ ‘ജൈവ പ്രദർശനം’ ആണെന്ന് അയാൾ വ്യക്തമാക്കുന്നുമുണ്ട്. എന്നിട്ടും മാന്നാൻ കൂത്തിന്റെ വേഷഭൂഷകളിലാണ് തർക്കമെന്ന വ്യാജവാദങ്ങൾകൊണ്ട് അടിയങ്ങൾ ലച്ചിപ്പോം എന്ന് പറഞ്ഞുചാടിവീഴുന്ന വാഴ്ത്തുപാട്ടുകാർ സമ്മതിക്കില്ല. ‘ആദിമം’ എന്ന പേരിൽ നടത്തുന്ന ഈ ഗോത്രവർഗ ജീവിതരീതിയുടെ പ്രദർശനമെന്ന ‘ജൈവപ്രദർശനം’ ചരിത്രത്തിൽ എങ്ങനെയാണ് നടത്തിയിരുന്നത് എന്നും 1958 വരെ യൂറോപ്പിൽ നടന്ന ആ മനുഷ്യത്വവിരുദ്ധ വൃത്തികേടിനെ എങ്ങനെയാണ് 2023-ലെ കേരളത്തിൽ ഇടതുപക്ഷം എന്നവകാശപ്പെടുന്ന ഒരു സർക്കാർ പകർത്തിയത് എന്നതിലുമുള്ള ഭയപ്പെടുത്തുന്ന സമാനതകൾ ഇതിനകം ചർച്ച ചെയ്തതാണ്. ഉണ്ടാക്കിവെച്ച കൃത്രിമ ethinic village -നു മുന്നിൽ തങ്ങളുടെ പരമ്പരാഗതജീവിതം അവതരിപ്പിക്കുന്ന മനുഷ്യരായിരുന്നു ആ human zoo-കളിലും ഉണ്ടായിരുന്നത്. തങ്ങളുടെ ചില സാമൂഹ്യജീവിത സന്ദർഭങ്ങളിൽ ചെയ്തുവരുന്ന കാര്യങ്ങൾ പ്രദർശനം കാണാനെത്തുന്നവരെ കാണിക്കാനായി ഫിലിപ്പിനോകളെക്കൊണ്ട് ഒരു ദിവസം നിരവധി തവണ പട്ടിയിറച്ചി തീറ്റിക്കുന്നതടക്കമായിരുന്നു അതിലെ പരിപാടികൾ. ഇതൊക്കെത്തന്നെയാണ് ആഫ്രിക്കൻ, തെക്കേ അമേരിക്കൻ മനുഷ്യരെക്കൊണ്ടും ചെയ്യിച്ചിരുന്നത്. അമ്പും വില്ലുമെടുത്ത് അഭ്യാസം കാണിപ്പിക്കാൻ ഓട്ടോ ബംഗാ എന്ന ആഫ്രിക്കക്കാരനെ കൂട്ടിലിട്ടു നിർത്തിയ അന്നത്തെ ‘ജൈവ പ്രദർശന’ കച്ചവടക്കാരിൽ നിന്നും വർണ്ണവെറിയൻ അധീശബോധത്തിൽ നിന്നും കേവലം സ്ഥലകാലങ്ങളിൽ മാത്രം മാറ്റമുള്ള അധമരാണ് പ്രായമായൊരു ആദിവാസി സ്ത്രീയെ അമ്പും വില്ലുമെടുത്ത് ചിത്രം പിടിക്കാൻ നിർത്തിക്കൊടുക്കുന്നത്. അതവരുടെ ‘agency’യാണ് പോലും.

സാറ ബാർട്മാന്റെ ചിത്രീകരണം

ഇതേ ‘agency’ നൽകിയാണ് സാറ ബാർട്മാൻ എന്ന ആഫ്രിക്കൻ സ്ത്രീയെ ദക്ഷിണാഫ്രിക്കയിൽ നിന്നും രണ്ടു വെള്ളക്കാർ ‘ജൈവ പ്രദർശനത്തിനായി’ ലണ്ടനിലേക്കും ശേഷം പാരീസിലേക്കും കൊണ്ടുപോയത്. നിരക്ഷരയായ സാറയുമായി ഒരു ‘കരാർ’പോലും അവരുണ്ടാക്കിയിരുന്നു. വെള്ളക്കാരൻ സാറയ്ക്ക് നൽകിയ agency ഫോക്‌ലോർ അക്കാദമിയും കേരളം സർക്കാരും ജൈവ പ്രദർശനത്തിലെ ആദിവാസികൾക്ക് നൽകുന്നുണ്ട്. കേരള സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യാധികാര ഘടനയിൽ ഗണിക്കപ്പെടുകപോലും ചെയ്യാതെക്കിടക്കുന്ന മനുഷ്യരെ കെട്ടുകാഴ്ചകളാക്കിനിർത്തി, അതൊക്കെ അവരുടെ സമ്മതപ്രകാരമാണ്, അവർക്കത് സന്തോഷമാണ്, അവർക്കതിൽ നിന്നും കുറച്ചു കാശ് കിട്ടുമെങ്കിൽ നല്ലതല്ലേ (ഭരണപക്ഷ ഇടതുപക്ഷ സാംസ്കാരിക സന്ധ്യകളിലെ സാന്ധ്യശോഭകളാണ് ഇന്നലെ മുതൽ ഇതൊക്കെ പറയുന്നത്) എന്നൊക്കെപ്പറയുന്നതിൽ ഒരു ലജ്ജയും തോന്നാത്തവിധത്തിൽ ആത്മവിശ്വാസം നേടിക്കഴിഞ്ഞു കേരളത്തിലെ പുത്തൻ ഭരണവർഗം.

ഫോക്‌ലോർ അക്കാദമി തലവൻ പറയുകയാണ്, ‘നായന്മാരെ ഇങ്ങനെ living museum-ത്തിൽ വിളിച്ചാൽ വരില്ല, അവർക്ക് അഭിമാനമില്ലാത്തവരായതുകൊണ്ട്. ആദിവാസികൾ വരും, കാരണം, അവർക്ക് അഭിമാനമുള്ളതുകൊണ്ട്.’
ആഹാ! എത്ര ഉദാരമായ അഭിമാനവിശകലനം. ആത്മാഭിമാനികളായ, കുലാഭിമാനികളായ ആദിവാസികളായതുകൊണ്ട് അവർ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ ലക്ഷക്കണക്കിന് അദ്ധ്യാപകരിൽ അര ശതമാനം പോലുമില്ല. ആത്മാഭിമാനമില്ലാത്ത നായന്മാരും കൃസ്ത്യാനികളുമൊക്കെ അവിടെപ്പോയി ജോലി ചെയ്യുന്നു. അഭിമാനികളായതുകൊണ്ട് ആദിവാസികൾ അങ്ങനെയൊന്നും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയോ മന്ത്രിയാവുകയോ ഒന്നും ചെയ്യില്ല, അഭിമാനമില്ലാത്ത നായന്മാർ കണ്ടില്ലേ, മന്ത്രിസഭയിൽ കിടന്ന് പുളയ്ക്കുന്നു. പകരം അഭിമാനികളായ ആദിവാസികൾ അഭിമാനമില്ലാത്ത നായന്മാരും മറ്റ് ജനങ്ങളും കാഴ്ച കാണാൻ വരുന്നിടത്ത് കുടിലുകെട്ടി, കണ്ടോ ഞങ്ങളുടെ അഭിമാനം എന്ന് പ്രദർശിപ്പിക്കുമത്രേ, അതാണ് കേരളത്തിലെ മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള folklore!

കേരളത്തിന്റെ ചരിത്രത്തിൽ ഓരോ വിഭാഗങ്ങളുടെയും പഴയ ജീവിതരീതിയും ‘പാരമ്പര്യവും’ കാണിക്കാനാണെങ്കിൽ നമ്പൂരിയുടെ വേളിയും അതിനെത്തുടർന്ന് നടത്തുന്ന ആചാരാസംബന്ധങ്ങളും ഒക്കെ കാണിക്കാം. നായന്മാരുടെ ജീവിതം കാണിക്കാം. ഒരു നായരും നമ്പൂരിയും തങ്ങളുടെ സംബന്ധചരിത്രത്തിന്റെ ചരിത്രം പറയാൻ വേഷം കെട്ടിയിരിക്കില്ല. കേരളീയം കാണാൻ എത്ര ആദിവാസികൾ വന്നു എന്ന കണക്കെടുത്താൽ മതി, ആര് ആരെ പ്രദർശനവസ്തുവാക്കി എന്നറിയാൻ.

കേരളീയത്തിന്റെ ഏതു വേദികളിൽ എത്ര സമയമാണ് ഇപ്പറഞ്ഞ ‘ഗോത്രകലകൾ’ അവതരിപ്പിച്ചത്? ഒരു നിശ്ചിതസമയത്ത്, ഒരു സദസ്സിനു മുന്നിൽ മറ്റ് ‘കലകൾ’ അവതരിപ്പിക്കപ്പെടുമ്പോൾ ആദിവാസികളുടെ കലകൾ ‘ആദിമം’ എന്ന പേരിൽ വരുന്നവർക്കും പോകുന്നവർക്കും ഇപ്പോഴും വന്നു കാണാവുന്ന മുഴുവൻസമയ കാഴ്ചപ്പണ്ടങ്ങളായി നിൽക്കണമെന്ന് പറയുന്നിടത്തുണ്ട് നിങ്ങളുടെ കരനാഥന്മാരുടെ സാമൂഹ്യസൗന്ദര്യശാസ്ത്രം. ജീവിതവുമായി ബന്ധപ്പെട്ട കലകൾ എന്നാണെങ്കിൽ നമുക്ക് പലതരം കലാപ്രകടനങ്ങളേയും അത്തരത്തിൽ കാണാം. ഒപ്പന അവതരിപ്പിക്കുന്ന ആൾക്കാരെ ആറേഴുദിവസം മുസ്‌ലിം കല്യാണവീടിന്റെ മാതൃകയുണ്ടാക്കി അതിനു മുന്നിലിരുത്തിയാണോ ഇത്തരം വേദികളിൽ കളിക്കുക? കൈകൊട്ടിക്കളിയും തിരുവാതിരക്കളിയുമൊക്കെ അത് മുമ്പ് കളിച്ചിരുന്ന അതേ പശ്ചാത്തലങ്ങളുടെ അകമ്പടിയിലാണോ അവതരിപ്പിക്കുന്നത്? ശോഭനയ്ക്ക് നൃത്തം ചെയ്ത് നമസ്കാരം പറഞ്ഞുപോകാവുന്ന പരിപാടിയിൽ അവർ ദിവസം മുഴുവൻ കൽമണ്ഡപത്തിന്റെ നാടകസെറ്റിട്ട് അതിനു മുന്നിൽ ആളുകൾക്ക് ചിത്രമെടുക്കാൻ ഇരുന്നുകൊടുക്കുമോ? മമ്മൂട്ടി വടക്കൻ വീരഗാഥയിലെ ചന്തുവായി വേഷംകെട്ടിയൊന്നുമല്ലലോ ഉദ്ഘാടനത്തിന് വന്നത്. ഇതൊക്കെ ‘തനത്’ കലകൾക്കും കലാകാരന്മാർക്കും പറഞ്ഞ ചിട്ടവട്ടങ്ങളാണോ?

കെ. രാധാകൃഷ്ണൻ

ആയിരം രൂപ ദിവസക്കൂലിക്ക് ഞങ്ങളെ കൊണ്ടുവന്നു എന്നും ഞങ്ങൾക്ക് സമൃദ്ധമായി ഭക്ഷണം ലഭിക്കുന്നു എന്നും പൊറോട്ടയും കോഴിക്കറിയും തന്നുവെന്നും പറയുന്ന, കൊട്ടാരമുറ്റത്ത് കുടിലുകെട്ടി കുറച്ചുദിവസം താമസിക്കാൻ അവസരം തന്ന സാറന്മാരോട് നന്ദിയുണ്ടെന്ന് പറയുന്ന പ്രായമായ ഒരു സ്ത്രീയുടെ ദൃശ്യങ്ങളുണ്ട്. ആ നന്ദിയുടെ മേൽമുണ്ട് പുതച്ച് ഞെളിയുന്നതാണ് നിങ്ങളുടെ ‘ജൈവ പ്രദർശനം.’ ചൂഷണത്തെയും സാമൂഹ്യാധികാര ഘടനയിലെ ചവിട്ടിത്താഴ്ത്തലിനെയും ചെറുക്കാൻ ശേഷിയില്ലാത്തവിധത്തിൽ മനുഷ്യരെ ഔദാര്യത്തിനു നന്ദി പറയുന്നവരാക്കി മാറ്റുന്നതാണ് നിങ്ങളുടെ രാഷ്ട്രീയം.

ആദിവാസി ക്ഷേമവകുപ്പ് മന്ത്രി രാധാകൃഷ്ണൻ പറയുന്നത് ആദിവാസികളെ showcase ചെയ്യുന്ന പരിപാടിയോട് യോജിപ്പില്ല എന്നാണ്. രാധാകൃഷ്ണന് യോജിപ്പില്ലെങ്കിലെന്താ, സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാരായ പു ക സ മേധാവികൾക്കും കടന്നൽ കമാണ്ടർമാർക്കും കേരളീയവ്യാപാരികൾക്കും യോജിപ്പുണ്ട്. സാംസ്കാരിക ശോഭായാത്രയിൽ, സെമിനാറുകളിൽ, പുസ്തകോത്സവത്തിൽ കേവലം അഞ്ചുലക്ഷം വരുന്ന കേരളത്തിലെ ആദിവാസി ജനതയിൽ നിന്നാരുമുണ്ടാകില്ല. പേരിനു ചില ദലിതരെ കാണാം. എന്നാൽ ‘ജൈവ പ്രദർശനം’ വന്നാൽപ്പിന്നെ അവിടെ ആദിവാസികളുടെ തനത് കലയോടും ജീവിതത്തോടുമുള്ള അടങ്ങാത്ത ഉന്മാദമാണ്. മനുഷ്യവിമോചനത്തെക്കുറിച്ചുള്ള രാഷ്ട്രീയത്തിന്റെ സകല സാരവും ചോർന്നുപോയൊരു ദുരധികാരസംഘത്തിന്റെ ആക്രോശമാണിത്. അതങ്ങനെത്തന്നെയാണ് എന്ന് പറയുമ്പോൾ തങ്ങളുടെ കൊട്ടാരം കവികളെക്കൊണ്ടും വാഴ്ത്തുപാട്ടുകാരെക്കൊണ്ടും സാക്ഷ്യം പറഞ്ഞും പുലഭ്യം പറഞ്ഞും നിങ്ങളിപ്പോൾ കടന്നുപോകും. പക്ഷെ ആ വഴിയിലൊക്കെയും അതിനൊടുവിലും നിങ്ങളെ നേരിട്ടുകൊണ്ട് മനുഷ്യരുണ്ടായിരിക്കും.

Comments