എന്തും വാർത്തകളാകുന്ന കാലത്ത് എന്ത് വാർത്തയാക്കണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ മാധ്യമങ്ങളാണ്. അതിന് കാരണമാകട്ടെ, വാർത്തക്ക് പ്രേരണയാകുന്ന മനുഷ്യരുടെ സോഷ്യൽ പ്രിവിലേജ് കൂടിയാണ്. അല്ലെങ്കിൽ അതൊരു ആൾക്കൂട്ടത്തെ കേന്ദ്രീകരിച്ചുള്ള വാർത്തയാകണം. അല്ലാതെയുള്ള വാർത്തയുടെ പ്രാധാന്യം പല രീതിയിലാണ് നിർണയിക്കപ്പെടുന്നത്. ജാതി, മതം, രാഷ്ട്രീയം, ദേശം തുടങ്ങിയ എല്ലാ ഘടകങ്ങളും വാർത്തയെ രൂപപ്പെടുത്തുന്നതിൽ പ്രധാന ഘടകങ്ങളായി തീർന്നിട്ടുണ്ട്. കേരളത്തിലും അങ്ങനെ സംഭവിക്കുന്നു. ഇന്ന് അതൊരു അതിശയമല്ല. സത്യത്തിൽ പുറത്തു കാണുന്ന യാഥാർത്ഥ്യങ്ങളല്ല വസ്തുതകളെ വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോൾ ബോധ്യപ്പെടുന്ന യാഥാർത്ഥ്യങ്ങൾ. അത്തരം തിരിച്ചറിവുകൾ പല ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്.
ഇത് പലപ്പോഴും മുഖ്യധാരാ ജീവിതത്തിന് പുറത്ത് ജീവിക്കുന്ന മനുഷ്യരെ ചുറ്റിപ്പറ്റിയാണ് സംഭവിക്കുന്നത്. അവിടെ സംഭവിക്കുന്ന ഓരോ വിഷയങ്ങളും എത്രമാത്രം വാർത്തകൾക്ക് അപ്പുറം പരിഹാരമായി മാറുന്നുണ്ട് എന്നതാണ് ചോദ്യം. അത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന സാമൂഹ്യ രാഷ്ട്രീയ യാഥാർഥ്യങ്ങളെ കണ്ടെത്തി പരിഹരിക്കാവുന്ന രീതിയിലേക്ക് നമ്മുടെ പൊതുബോധം വളരുന്നില്ല. അതുകൊണ്ടുതന്നെ ചൂട് പിടിച്ച വാർത്തകൾ ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം ആവിയായി അവസാനിച്ചു പോകുന്നു. ഫലം അടിത്തട്ടിലെ മനുഷ്യർ അനുഭവിക്കുന്ന ക്രൂരമായ മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ തുടരുന്നു. അവർ ഇരകളാകുന്നു.
2018-ൽ അട്ടപ്പാടിയിലെ മധുവിന്റെ മരണവും അതിനു ശേഷം 2023-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിനു പോയ വയനാട് മേപ്പാടി സ്വദേശി വിശ്വനാഥന് മേൽ കള്ളപ്പേര് ചാർത്തി കുറ്റം ആരോപിക്കപ്പെട്ടതിനാൽ അപമാനഭാരത്തിൽ കെട്ടിത്തൂങ്ങേണ്ടി വന്നതും ആൾക്കൂട്ടക്കൊല തന്നെയാണ്. ഇത്തരം ചെറുതും വലുതുമായ സംഭവങ്ങൾ തുടരുകയാണ്. സമൂഹത്തിലെ അടിത്തട്ടിൽ ഒരു വിധത്തിലും മുഖ്യധാരാ ജീവിതത്തോട് സമരസപ്പെട്ട് മുന്നോട്ടുപോകാൻ കഴിയാത്ത അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് നേരെയുള്ള പരിഷ്കൃത മനുഷ്യരുടെ ഇരവേട്ടയും തുടരുകയാണ്.
കഴിഞ്ഞ ദിവസം വയനാട്ടിൽ മാനന്തവാടി പയ്യമ്പള്ളി കുടൽക്കടവ് ചെമ്മാട് കോളനിയിലെ 50 വയസായ മാതന് നേരെ ഉണ്ടായ ക്രൂരമായ നടപടി കേരളത്തിലെ നവോത്ഥാന മനുഷ്യരെ അത്രയൊന്നും ഞെട്ടിച്ചില്ല. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നതാണ് ഞെട്ടാത്ത മനുഷ്യരും ഞെട്ടിയ മനുഷ്യരും ചിന്തിക്കേണ്ടത്. ഇതിൽ പ്രതികളായ മനുഷ്യർക്ക് രണ്ട് കാരണം കൊണ്ടാണ് ഈ ക്രൂരത നിർവഹിക്കാൻ ധൈര്യം കിട്ടിയത്. ഒന്ന്, അറസ്റ്റ് ചെയ്യപ്പെട്ടവർ ഏതെങ്കിലും അർത്ഥത്തിൽ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്നവർ ആയിരിക്കും. എന്നതുകൊണ്ട് ഇരക്ക് നേരെയുള്ള അതിക്രമങ്ങളെ തങ്ങളുടെ അവകാശമായി കരുതിയിരിക്കാം. രണ്ടാമത്തേത് ഇത്തരം അടിത്തട്ട് മനുഷ്യരോട് ഇതുപോലെയല്ലാതെ എങ്ങനെയാണ് നമ്മൾ പെരുമാറുക എന്ന പരിഷ്കൃത മനുഷ്യന്റെ മിഥ്യാധാരണ. ഇത് എങ്ങനെ ‘ആധുനിക മനുഷ്യ’രിൽ കൂടിയിരിക്കുന്നു എന്നതാണ് ഈ കാലത്തും പൊതു സമൂഹം പരിശോധിക്കുവാൻ മടിക്കുന്നത്. അതിനു കാരണം, മധ്യ ഉപരിവർഗ്ഗത്തിൽപ്പെട്ട സവർണ്ണ മനോഗതിയുള്ള മനുഷ്യർക്കൊക്കെ ജാതിയാലും അതുണ്ടാക്കിയ സാമൂഹ്യമേൽക്കോയ്മയാലും തങ്ങൾക്ക് കീഴിലുള്ള മനുഷ്യരെ അടിമ മനോഭാവത്തോടെ സമീപിക്കാനുള്ള സാമൂഹ്യ അംഗീകാരം ഉണ്ടെന്ന വിചാരമാണ്. ഏറെക്കുറെ ഇന്ത്യയിൽ ഉടനീളമുള്ള ജാതി സവർണ്ണ മേൽക്കോയ്മാ മനോഭാവം വെച്ച് പുലർത്തുന്ന മനുഷ്യരൊക്കെ ഇത്തരത്തിലുള്ള സമീപനങ്ങൾ തന്നെയാണ് അടിത്തട്ട് മനുഷ്യരോട് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അപ്പോഴൊക്കെ കേരളത്തിൽ അത് സംഭവിക്കില്ല എന്ന സ്ഥിരം പല്ലവിയിൽ മതിമറന്ന് ആഹ്ലാദിക്കുന്നവരാണ് പാതിരാത്രിയിലും നവോത്ഥാനത്തിന്റെ ഉച്ചവെയിൽ കൊള്ളുന്ന മലയാളി.
നമ്മുടെ സമൂഹത്തിന് മുമ്പിൽ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട രണ്ട് വാർത്തകളും ന്യൂസ് റൂം വാർത്തകൾക്കപ്പുറത്തേക്ക് ഒരു സാമൂഹ്യ യാഥാർത്ഥ്യമായി ഉൾക്കൊള്ളാൻ പ്രയാസമാണ്. ആദ്യത്തെ സംഭവത്തിനു ശേഷം വന്ന മറ്റൊരു വാർത്ത 98 വയസ്സായ ചുണ്ട എന്ന ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോയതാണ്. പട്ടികജാതി വകുപ്പ് മന്ത്രിയുടെ മണ്ഡലമായ മാനന്തവാടിയിൽ ആണ് ഈ സംഭവം നടന്നത്. ഇടവക വെട്ടിച്ചാൽ 4 സെന്റ് കോളനിയിലെ പരേതനായ കയമയുടെ ഭാര്യ ചുണ്ട ഞായറാഴ്ച രാത്രിയാണ് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് മരണപ്പെടുന്നത്. ഈ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയുണ്ടായി. എന്നാൽ ട്രൈബൽ പ്രമോട്ടർ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല എന്ന് പരാതി നിലനിൽക്കെ പിന്നീട് അദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതൊക്കെ കേരളത്തിൽ എന്തുകൊണ്ട് ആവർത്തിക്കപ്പെടുന്നു എന്നതാണ് നാം ചർച്ച ചെയ്യേണ്ടത്.
എല്ലാ മനുഷ്യർക്കും എല്ലാം തികഞ്ഞ് ജീവിക്കാനുള്ള സാഹചര്യം ലോകത്ത് ഒരിടത്തും ഇല്ല. എന്നാൽ എല്ലാ മനുഷ്യർക്കും പ്രാഥമികമായി ലഭിക്കേണ്ട സൗകര്യങ്ങൾ ലഭ്യമാക്കേണ്ടത് സ്റ്റേറ്റിന്റെ അധികാരത്തിൽ പെട്ടതാണ്. ഈ രണ്ടു സംഭവവും കേരളത്തിലെ ഏതെങ്കിലും നഗരങ്ങളിൽ ഉയർന്ന ജാതിയിൽപ്പെട്ട മനുഷ്യർക്ക് അനുഭവിക്കേണ്ടി വരില്ല എന്നത് പരമ യാഥാർഥ്യമാണ്. കാരണം, അത്തരം മനുഷ്യർ അറിയാതെ തന്നെ അവരുടെ പിറവിക്ക് ഒപ്പം സോഷ്യൽ പ്രിവിലേജ് രക്ഷാകവചമായി വന്നുചേരുന്നുണ്ട്. സമ്പത്തും ജാതിയും കുലമഹിമയും ജീവിക്കുന്ന ദേശവും രാഷ്ട്രീയ മേധാവിത്വവും ഒക്കെ ഈ കവചത്തെ നിലനിർത്തുന്ന സാമൂഹിക ഘടകങ്ങളാണ്. എന്നാൽ ഇതിൽ നിന്നെല്ലാം ഒഴിവാക്കപ്പെട്ട വിഭാഗമായി അടിത്തട്ട് മനുഷ്യർ മാറുമ്പോൾ അത്തരം മനുഷ്യരോടുള്ള പരിഷ്കൃത മനുഷ്യരുടെ സമീപനം എന്തായിരിക്കണം? അത് ചിന്തിക്കാൻ പോലും കഴിയാത്ത വിധം കേരളത്തിലെ നവോത്ഥാന മനുഷ്യർ മാറുന്നുണ്ടെങ്കിൽ ഈ കാണുന്ന നവോത്ഥാനവെളിച്ചം ഒന്നും വെളിച്ചമല്ല എന്ന് ഉറക്കെ പറയേണ്ടിവരും.
സമീപകാലത്ത് ഇത്തരം വിഷയങ്ങളോടുള്ള ക്രിയാത്മകമായ പ്രതികരണങ്ങൾ രൂപപ്പെടുന്നത് ദലിത് ആദിവാസി ധൈഷണിക മനുഷ്യരിൽ നിന്നാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനുശേഷമാണ് പൊതു സമൂഹത്തിന് ഇത് തങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് ബോധോദയം ഉണ്ടാകുന്നത്. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ദലിത് ധൈഷണിക മനുഷ്യരുടെ ഇടപെടൽ സമാനതകൾ ഇല്ലാത്ത ഊർജ്ജമാണ് അടിത്തട്ടിലെ മനുഷ്യർക്ക് നൽകുന്നത്. ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആൾക്കാരുണ്ട് എന്ന മനോബലം അരികുവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തിന് നൽകുന്ന ഊർജ്ജം ചെറുതല്ല. പക്ഷേ അപ്പോഴും അവർ വല്ലാതെ തളർന്നു പോകുന്നുണ്ട്. അത്തരം തളർച്ചയിൽ നിന്നും ഇത്തരം മനുഷ്യരെ ഉയർത്തെഴുന്നേൽപ്പിക്കുന്നത് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾ ആണെന്നാണ് പൊതുവേയുള്ള വെപ്പ്. അപ്പോഴും ഇടതുപക്ഷം ഭരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടതുണ്ട്.
ഇത്തരം വിമർശനം ഉന്നയിക്കുമ്പോൾ പലപ്പോഴും കിട്ടാറുള്ള മറുപടി സർക്കാർ നേരിട്ട് ചെയ്യിക്കുന്ന പ്രവർത്തിയല്ല ഇതൊന്നും എന്നുള്ളതാണ്. അതാണ് സത്യം. എന്നാൽ എല്ലാ മനുഷ്യരുടെയും സ്വത്വത്തെ മാനിക്കാനുള്ള ധാർമ്മികമായ അറിവ് സൃഷ്ടിക്കാൻ സ്റ്റേറ്റിനൊ ഭരണകൂടത്തിനൊ കഴിയേണ്ടതുണ്ട്. കാരണം, പൂർണമായും രാഷ്ട്രീയവൽക്കരിക്കപ്പെട്ട കേരളീയ സമൂഹത്തിൽ ജാതിമൂലം സംഭവിക്കുന്ന ഇരവേട്ടകൾ രാഷ്ട്രീയ തീരുമാനങ്ങളുടെ ഭാഗമല്ല. എന്നാൽ അതിൽ മർദ്ദകരായി മാറുന്ന എല്ലാവർക്കും മുഖ്യധാരാ രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധമുണ്ട്.
അട്ടപ്പാടിയിലെ മധുവിന്റെ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളുടെ പേര് വിവരങ്ങളും സോഷ്യൽ സ്റ്റാറ്റസും പരിശോധിച്ചാൽ അത് മനസ്സിലാവുന്നതാണ്. അപ്പോഴാണ് നാം തിരിച്ചറിയേണ്ടത് ഏത് രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കുമ്പോഴും മനുഷ്യരിൽ സ്വാഭാവികമായ സാമൂഹ്യ നവീകരണം സംഭവിക്കുന്നില്ല എന്നതാണ്. ഇതിനെ ഒരു മനോഭാവമായി മാത്രം കാണാൻ കഴിയില്ല. മറിച്ച്, ഒരു സാമൂഹ്യജീവി എന്ന അർത്ഥത്തിൽ മനുഷ്യരിൽ ഉണ്ടാവേണ്ട നന്മയുടെ ഭാഗം കൂടിയാണത്. ഇന്നത് ഉണ്ടാവുന്നില്ല എന്നത് മാത്രമല്ല, തങ്ങളുടെ അധികാരം തങ്ങളേക്കാൾ അധികാരം കുറഞ്ഞവരിൽ പ്രയോഗിക്കാനുള്ള ത്വര വർദ്ധിച്ചു വരികയാണ്. ഇവിടെ ഇരകൾ അടിത്തട്ടിലെ മനുഷ്യരാണ്. അവരെ എങ്ങനെ ഉയർത്തിക്കൊണ്ടുവരാം എന്നുള്ളതാണ് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചിന്തിക്കുന്നത്.
അതിനുവേണ്ടി പ്രത്യേകം മണ്ഡലങ്ങളും വകുപ്പുകളും മന്ത്രിമാരും ഉണ്ടാകുന്നു. എന്നിട്ടും ഇരകളാക്കപ്പെടുന്ന മനുഷ്യർക്ക് മർദ്ദക സമൂഹത്തിൽ നിന്നും മോചനം ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രത്യേകം വകുപ്പ് കൊണ്ടോ മന്ത്രിയെ കൊണ്ടോ ഒരു ഗുണവും സാധ്യമാകുന്നില്ല. ഇത്തരമൊരു നിരീക്ഷണം എം. കുഞ്ഞാമൻ ‘എതിര്’ എന്ന പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്: “വിവേചനം ഇല്ലാത്ത ഒരു സാമൂഹ്യവ്യവസ്ഥയെ കുറിച്ചാണ് ചിന്തിക്കേണ്ടത്. അല്ലാതെ ഒരു ദലിത് എം.പി കൂടി ഉണ്ടാവുകയല്ലാ വേണ്ടത്. അതുകൊണ്ട് ഒരു മാറ്റവും സംഭവിക്കില്ല. ദലിത് പ്രസിഡണ്ടും ചീഫ് ജസ്റ്റിസും ഉണ്ടായിട്ടും അത് വ്യവസ്ഥിതിയെ പൊളിച്ചെഴുതാൻ സഹായിച്ചിട്ടില്ല.”
ഈ ധാരണ ശരിയാണെങ്കിലും നിലവിലെ സാമൂഹ്യ സാഹചര്യങ്ങളിൽ പ്രത്യേക നിയമ പരിഗണന അടിത്തട്ടു മനുഷ്യരുടെ ആത്മധൈര്യം വർദ്ധിപ്പിക്കേണ്ടതാണ്. എന്നാൽ അതിനും മുകളിലുള്ള അതിക്രമങ്ങളോട് സ്റ്റേറ്റ് മുഖം നോക്കാതെ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം രാഷ്ട്രീയ പാർട്ടികൾ അടിത്തട്ട് സമൂഹത്തിന് ഗുണപരമായ നിലപാട് സ്വീകരിക്കുന്നില്ല എന്ന വിമർശനം സത്യമായി നിലനിൽക്കും.