ആദിവാസികൾ എപ്പോഴും അകറ്റി നിർത്തപ്പെടേണ്ടവരും പരിഹസിക്കപ്പെടേണ്ടവരുമാണെന്നതാണ് നമ്മുടെ പൊതുബോധമെന്ന് അഖിലേന്ത്യ പണിയ മഹാസഭ ജനറൽ സെക്രട്ടറി ബിജു കാക്കത്തോട്. അട്ടപ്പാടിയിലെ മധുവും വയനാട്ടിലെ വിശ്വനാഥനുമൊന്നും ആദ്യത്തെയും അവസാനത്തെയും പേരുകളല്ലെന്നും ആൾക്കൂട്ടത്തിൽ സംശയമുനയോടെ നിരത്തിനിർത്തി കൈത്തരിപ്പ് തീർക്കേണ്ട കറുത്ത ശരീരങ്ങളായി തങ്ങൾ തുടരുകയാണെന്നും ബിജു പറയുന്നു. ആദിവാസിയായതിന്റെ പേരിൽ മാത്രം കള്ളനാക്കപ്പെട്ട് വിചാരണ ചെയ്യപ്പെടേണ്ടി വന്ന തന്റെ അനുഭവത്തെക്കുറിച്ചും ആൾക്കൂട്ടത്തെ ഭയപ്പെട്ട് നടന്നിരുന്ന കാലത്തെക്കുറിച്ചും ട്രൂകോപ്പി വെബസീനിൽ എഴുതിയ ലേഖനത്തിൽ ബിജു കാക്കത്തോട് വിവരിക്കുന്നു.
"" കോളേജ് കാലഘട്ടത്തിലാണ്, ബത്തേരി ബസ് സ്റ്റാൻഡിൽ വച്ച് ഒരു സ്ത്രീയുടെ മാല നഷ്ടപ്പെട്ടപ്പോൾ ആദ്യം പിടിച്ചുവച്ചത് എന്നെയായിരുന്നു. എന്താണൊരു ആൾക്കൂട്ടം എന്ന് നോക്കിയതേയുള്ളു, തോളത്ത് ഒന്നുരണ്ടു പേരുടെ കൈ വീണു കഴിഞ്ഞിരുന്നു. പെട്ടെന്ന് ആകെ ബഹളമായി. രാവിലെ കോളേജിൽ പോകാനിറങ്ങിയ ഞാൻ ഒരു നിമിഷം കൊണ്ട് പൊതുസമൂഹത്തിനു മുന്നിൽ കള്ളനായി. ബഹളം കേട്ട് സഹപാഠികളായ രണ്ട് ആദിവാസി കുട്ടികൾ എത്തിയപ്പോൾ അവരെ കൂടി ചേർത്തായി ചോദ്യം ചെയ്യൽ. ഞങ്ങൾ കോളേജിൽ പോകാനെന്ന മട്ടിൽ ബസ് സ്റ്റാൻഡിൽ കറങ്ങി നടന്ന് മോഷണം നടത്തുകയാണെന്നായി. രാവിലെ നിറയെ ആളുള്ള ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു ഈ സംഭവം. ഇപ്പോഴും അതേ കുറിച്ച് ചിന്തിക്കുമ്പോൾ ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും. അവസാനം പൊലിസ് സ്റ്റേഷനിൽ കൊണ്ടുപോയി തൊണ്ടി മുതൽ കണ്ടെടുക്കണം എന്ന അഭിപ്രായമായി. അതിനിടയിൽ രണ്ടെണ്ണം കൊടുത്തിട്ട് പൊലീസിനെ വിളിക്കാം എന്നായി ചിലർ.'
"" എന്തോ, ഏതോ ഒരു ദൈവം പ്രാർത്ഥന കേട്ടിരിക്കണം, ഞാൻ വന്ന ബസിലെ കണ്ടക്ടർ, സ്ഥിരമായി കണ്ടു പരിചയമുള്ള ആളാണ്, അദ്ദേഹം പ്രശ്നത്തിൽ ഇടപെട്ടു. കുട്ടികൾ ഇപ്പോൾ ബസിൽ വന്നിറങ്ങിയതാണ്, പിന്നെങ്ങനെ അതിനു മുന്നേ നടന്ന മോഷണം അവർ നടത്തും എന്നൊക്കെയുള്ള പുള്ളിയുടെ ചോദ്യങ്ങൾ കേട്ടത്തോടെ ആൾക്കൂട്ടം അയഞ്ഞു. കണ്ടു നിന്ന കുറച്ചു പേർ കണ്ടക്ടർ ഇടപെട്ടതോടെ ഞങ്ങൾക്കുവേണ്ടി രംഗത്തുവരികയും ചെയ്തത്തോടെ കോളറിലെ പിടിവിട്ടു. അതിനു ശേഷം കുറച്ചുകാലത്തേക്ക് ആളുകൾ കൂട്ടം കൂടുന്നത് കണ്ടാൽ അതിന്റെ പരിസരത്തുപോലും പോകാതെ മാറി നടക്കുമായിരുന്നു. ''
"" ഞാനൊക്കെ ബാല്യം തൊട്ട് അനുഭവിച്ചു വരുന്നതാണ്. സ്‌കൂൾ മുറികളിലും മറ്റും, പിന്നിലെ സീറ്റിലേക്ക് മാറ്റിയിരുത്തപ്പെടുന്ന അവസ്ഥ. ‘നീയൊക്കെ ഗ്രാൻറിനും ഉച്ചക്കഞ്ഞിക്കും വേണ്ടി വരുന്നതാണ് എന്ന് ഞങ്ങൾക്കറിയാം’ എന്ന അധ്യാപകന്റെ വാക്കുകൾ സഹപാഠികളിൽ സൃഷ്ടിച്ച പൊട്ടിച്ചിരി ഇന്നും നെഞ്ചിൽ തറയുന്ന അനുഭവമാണ്. ചിന്തിച്ചു നോക്കുക, ഒരു മനുഷ്യജീവി സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്ന ബാല്യത്തിൽ, ഒറ്റയടിക്ക് ‘നീയൊന്നും അതിനു യോഗ്യനല്ല’ എന്ന് പരോക്ഷമായി സ്വന്തം ഗുരുനാഥരിൽ നിന്ന് കേൾക്കേണ്ടി വരിക. അതും സഹപാഠികളുടെ മുന്നിൽ വച്ച് പരിഹാസ്യനായിക്കൊണ്ട്. ആദിവാസി കുട്ടികൾ പഠനരംഗത്ത് മുന്നോട്ടു വരാത്തതിന്റെ കാരണം സത്യം പറഞ്ഞാൽ ബാല്യം തൊട്ടു അപഹാസ്യനായി നിൽക്കേണ്ടിവരുന്ന ഈ അവസ്ഥ തന്നെയാണ് ''
"" പിന്നീട് മനസ്സിലായി, അങ്ങനെ മാറിനടക്കേണ്ടവരല്ല ഞങ്ങൾ എന്ന്. പൊതു പ്രവർത്തനത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചതും ആ ചിന്ത തന്നെയാണ്. കാക്കത്തോട് കോളനി പുനരാധിവാസം, പൊലീസ്, എക്സൈസ്, ഫോറസ്റ്റ്വിഭാഗങ്ങളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെൻറ് അട്ടിമറിക്കപ്പെടുന്നു എന്ന് മനസ്സിലായപ്പോൾ നടത്തിയ സമരത്തിന്റെ വിജയം- അങ്ങനെ പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞെങ്കിലും അവിടെയും ആദിവാസിക്ക് പരിമിതികളുണ്ടെന്നു മനസ്സിലായി. പണ്ട് അടിക്കണക്കിൽ ദൂരം നിശ്ചയിച്ചു മാറ്റിനിർത്തുന്നതിന് പകരമായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ആദിവാസികൾക്കുവേണ്ടി പ്രത്യേക ഇടങ്ങൾ ഉണ്ടാക്കി. അവിടേക്കാണ് ഞങ്ങളെ കൊണ്ടുപോകുന്നത്.
പലപ്പോഴും തോന്നിയിട്ടുണ്ട്, കൂട്ടത്തിൽ ചേർക്കാതെ ഞങ്ങൾക്കുവേണ്ടി മാത്രം പ്രത്യേക ഇടങ്ങൾ എന്ന്. സംവരണ സീറ്റുള്ളതുകൊണ്ടുമാത്രം രൂപീകരിക്കപ്പെട്ടത് പോലെയുണ്ട് പലതിന്റെയും പ്രവർത്തന ശൈലി കാണുമ്പോൾ. ''
"" ഈ കാലത്തും എന്തുകൊണ്ടാണിങ്ങനെ? ഉത്തരം ലളിതമാണ്. പുറമെ കൊട്ടാരം പോലുള്ള വീടുകളും പോർച്ചിൽ ആഡംബര കാറുകളും കയ്യിൽ ഐ ഫോണുമൊക്കെയുണ്ടെങ്കിലും എല്ലാം പുറമെ കാണാൻ വേണ്ടിയാണ്. ഉള്ളിലിപ്പോഴും മലയാളി പഴയ ജാതിവെറിയൻ തന്നെയാണ്. ആദിവാസിയും പട്ടികജാതിക്കാരനുമൊക്കെ ഇന്നും അവർക്ക് കോളനികളിൽ ഒതുങ്ങിക്കൂടേണ്ട അടിമകളാണ്. അവിടെ ഒതുങ്ങിക്കൂടി ചത്തു ജീവിച്ചു കൊള്ളുക. അടിമകളെ ആവശ്യമുള്ളപ്പോൾ, കാമം തീർക്കാൻ പെൺ ശരീരങ്ങളെ വേണ്ടപ്പോൾ മാത്രം... അല്ലാതെ പൊതുഇടങ്ങളിൽ കറുത്ത മനുഷ്യർ കടന്നുവരുമ്പോൾ പൊതുബോധം വല്ലാതെ അസ്വസ്ഥത അനുഭവിക്കുന്നു. ബാബ സാഹിബ് അംബേദ്കർ എഴുതി നൽകിയ നിയമപരിരക്ഷയെ കുറിച്ചുള്ള, ഭയം കൊണ്ട് കടിച്ചമർത്തപ്പെടുന്ന ഈ അസ്വസ്ഥത, പക്ഷെ മധുവായും വിശ്വനാഥമായും പേരറിയാത്ത മറ്റു പലരുമായും മാറ്റപ്പെടുന്നു''
""പരിഹാരം വേണം. പൊതുസമൂഹത്തിന് ദയ തോന്നി ജീവിക്കാനുള്ള ഔദാര്യം തരുന്നതുവരെ കാത്തിരിക്കാൻ പറ്റില്ലല്ലോ. സംഘടിക്കുക, ഞങ്ങൾക്ക് മനുഷ്യാവകാശങ്ങൾ തരാത്തവരെ തിരിച്ചും അതേ അർത്ഥത്തിൽ നേരിടുക. സ്വയം കവചമൊരുക്കി സഹോദരങ്ങൾക്ക് കാവലായി ഓരോരുത്തരും മാറുക. അതല്ലാതെ രക്ഷകരായി മാലാഖമാർ അവതരിക്കും എന്ന് കരുതിയിരുന്നാൽ ഈ ലിസ്റ്റിലെ അടുത്ത പേര് തന്റെ തന്നെയാകും എന്നുറപ്പിച്ച് ആ ദിവസത്തെയും കാത്ത് ചത്തുജീവിക്കേണ്ടിവരും ''
ആൾക്കൂട്ടം കള്ളമാരാക്കിയ എത്രയോ ശരീരങ്ങളുണ്ട്, എന്റേതടക്കം