ആദിവാസിയുടെ പണം തട്ടുന്ന ഇടനിലക്കാർ

സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ആദിവാസികളുടെ അറിവില്ലായ്​മ മുതലെടുക്കുന്ന ഇടനിലക്കാർ കേരളത്തിലുണ്ടെന്ന്​​ കൊടുമ്പുഴ കോളനിയിൽ നടന്ന സംഭവം തെളിയിക്കുന്നു. പ്രളയ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട കവളപ്പാറയിലടക്കം ഇത്തരത്തിൽ ഇടനിലക്കാരെ സംബന്ധിച്ച പരാതികളുണ്ട്​.

ദിവാസിയായ വിശ്വനാഥനും ഭാര്യ ബിന്ദുവിനും വിവാഹം കഴിഞ്ഞ് എട്ടുവർഷങ്ങൾക്ക് ശേഷമാണ് ആൺകുഞ്ഞ് ജനിക്കുന്നത്. കുടുംബത്തിലേക്ക് പുതിയ കുഞ്ഞ് വരുന്നതിന്റെ സന്തോഷമെല്ലാം മനസ്സിൽ സൂക്ഷിച്ചായിരിക്കണം ഭാര്യയുമൊത്ത് പ്രസവത്തിന്​ വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലെത്തുന്നത്. പക്ഷെ, കുഞ്ഞിനെ കാണാനാകുംമുമ്പ് വിശ്വനാഥന്​ ജീവൻ നഷ്​ടമായി. കൂട്ടിരിപ്പുകാരിലാരുടെയോ മൊബൈൽ ഫോണും പണവും മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിക്കുകയും തുടർന്ന്​ കൂട്ടമായി ചോദ്യം ചെയ്തതിൽ മനംനൊന്ത്​ തൂങ്ങിമരിച്ചുവെന്നുമാണ്​ഔദ്യോഗിക ഭാഷ്യം. തൂങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും പറയുന്നു. വിശ്വനാഥനെ ആളുകൾ ചോദ്യം ചെയ്തിരുന്നുവെന്നും മരിക്കുന്നതിന് മുമ്പ്​ പൊലീസ് കൺട്രോൾ റൂമിലേക്ക് വിശ്വനാഥൻ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‘സാങ്കേതിക പ്രശ്ന’ങ്ങൾ മൂലം വിശ്വനാഥന്റെ കോൾ കൺട്രോൾ റൂമുമായി കണക്ട് ആയില്ലത്രേ. എന്നാൽ, വിശ്വനാഥന്റെ കുടുംബം ഇതൊരു ആത്മഹത്യയാണെന്ന്​ ഇ​പ്പോഴും അംഗീകരിക്കുന്നില്ല.

സംഭവം പൊലീസ് അന്വേഷിക്കുന്നു എന്നാണ് കഴിഞ്ഞദിവസം മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്നും ആദിവാസികൾക്കെതിരെ ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടാകുന്നുണ്ടെന്നും കൂടി മന്ത്രി പറഞ്ഞു.

എന്നാൽ, വിശ്വനാഥന് നേരിട്ടത്, ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും വംശീയമായ ഒരു ആക്രമണം തന്നെയാണെന്നും, ആദിവാസി ജീവിതം പരിശോധിച്ചാൽ തിരിച്ചറിയാം.

2018 - ലായിരുന്നു ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ഒരുകൂട്ടം ആളുകൾ മർദ്ദിച്ച് കൊന്നത്. ജോലിയെടുത്തതിന് ന്യായമായ കൂലി ചോദിച്ച ആദിവാസിയുടെ മുഖത്തടിച്ച വാർത്തയും മലയാളികൾ ഈയിടെ കേട്ടു. ആദിവാസികൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങൾ വാർത്തകളിൽ ദിനംപ്രതി നിറയുന്നുണ്ട്. എന്നാൽ, അവ ശ്രദ്ധിക്കപ്പെടാറില്ല. പൊലീസ് അന്വേഷണവും ഉണ്ടാവാറില്ല.
ആദിവാസികളോട്​ ഭരണകൂടവും പൊതുസമൂഹവും പുലർത്തുന്ന ക്രൂരമായ നിസ്സംഗതയാണ്​ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.

ഭൂ രഹിതരായ ആദിവാസികൾ മലപ്പുറം കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ സമരം
ഭൂ രഹിതരായ ആദിവാസികൾ മലപ്പുറം കളക്ട്രേറ്റിന് മുമ്പിൽ നടത്തിയ സമരം

ആദിവാസിയെയും ദലിതനെയും മനുഷ്യനായി കാണാൻ ഇന്നും സിസ്​റ്റത്തിന്​ കഴിഞ്ഞിട്ടില്ല. ജീവിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ആദിവാസിക്കും ദലിതനും ഇപ്പോഴും എത്തിയിട്ടില്ല എന്ന്​ ഏറ്റവും ലളിതമായി പറയാം.

പട്ടയത്തിനായുള്ള കാത്തിരിപ്പ്

മലപ്പുറം ജില്ലയിലെ നിലമ്പൂർ, ചുങ്കത്തറ, ചാലിയാർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് 538 ഏക്കർ വനഭൂമി 2009 - ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഭൂരഹിത ആദിവാസികൾക്ക് നൽകാൻ ഉത്തരവിട്ടിരുന്നു. 1706 അപേക്ഷകരിൽ നിന്ന് 1254 ഗുണഭോക്താക്കളെ കണ്ടെത്തി 299 ഏക്കർ ഭൂമിയാണ് റവന്യൂ ഡിപ്പാർട്ട്മെന്റിന് കൈമാറിയത്. ഇതിന്റെ സർവേ പൂർത്തീകരിച്ചപ്പോൾ പട്ടയം ലഭിക്കുമെന്ന് ആദിവാസികൾ കരുതി. എന്നാൽ ഗുണഭേക്താക്കളെ തെരഞ്ഞെടുത്ത് വർഷം മൂന്ന് കഴിയുമ്പോഴും ഒരാൾക്ക് പോലും പട്ടയം ലഭിച്ചിട്ടില്ല. ഐ ടി ഡി പിയും കലക്ടറും ഉടൻ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷ മാത്രമാണ് നൽകുന്നത്. ഏത് റൂൾ പ്രകാരമാണ് പട്ടയം നൽകേണ്ടത് എന്നതിൽ കലക്ടർക്കും വ്യക്തതയില്ലത്രേ. മലപ്പുറം മുൻ കലക്ടർ ജാഫർ മാലിക്കിന്റെ സമയത്തായിരുന്നു സർവേ പൂർത്തീകരിച്ചത്. പുതിയ കലക്ടർ വന്നശേഷം ഇതുസംബന്ധിച്ച യോഗങ്ങളോ മറ്റോ നടന്നിട്ടില്ല. യോഗം ചേർന്ന് കരടിൽ അംഗീകാരം ലഭിച്ചാൽ മാത്രമേ ഗുണഭോക്താക്കൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനാവൂ എന്നാണ് ഐ ടി ഡി പി അധികൃതർ പറയുന്നത്.

കൃത്യമായ പരിശോധന നടത്തി നിയമത്തിന്റെ നൂലാമാലകൾ പരിഹരിക്കാൻ സർക്കാറിനായിട്ടില്ല. മന്ത്രിമാരെയെല്ലാം കണ്ട് സങ്കടം പറഞ്ഞ കൂട്ടത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആദിവാസികൾ നിവേദനം നൽകിയിരുന്നു. നിയമസഭയിൽ കാര്യം അവതരപ്പിക്കാമെന്ന ‘ഉറപ്പു’മാത്രമായിരുന്നു മറുപടി. അധികാരികളെ കാണുമ്പോഴൊക്കെ ശരിയാക്കാമെന്ന പതിവു വർത്തമാനം മാത്രം. കാത്തിരിപ്പ് നീളുകയാണെങ്കിൽ പട്ടയം ലഭിക്കേണ്ട ഭൂമിയിൽ കുടിൽ കെട്ടി താമസിച്ച് പ്രതിഷേധിക്കാനുള്ള ഒരുക്കത്തിലാണ് ആദിവാസികൾ. ഒരു കുടുംബത്തിലെ പത്തും ഇരുപതും ആളുകൾ ചെറു കുടിലുകളിൽ ഇവിടെ താമസം തുടങ്ങിയിട്ട് വർഷങ്ങളായി. തെരഞ്ഞെടുപ്പ് സമയം മലയിറങ്ങി വന്ന് വോട്ട് രേഖപ്പെടുത്തുമ്പോൾ വലിയ പ്രതീക്ഷകൾ ഇവരുടെ മനസ്സിലും ഉണ്ടായിരിക്കാം. പക്ഷെ സർക്കാറുകൾ മാറുന്നതല്ലാതെ മറ്റൊരു മാറ്റവുമുണ്ടായിട്ടില്ല.

സാമൂഹ്യ പ്രവർത്തക ചിത്ര, പട്ടയം സംബന്ധിച്ചുള്ള വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്​ നിവേദനം നൽകുന്നു
സാമൂഹ്യ പ്രവർത്തക ചിത്ര, പട്ടയം സംബന്ധിച്ചുള്ള വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്​ നിവേദനം നൽകുന്നു

കൊടുമ്പുഴയിലെ തട്ടിപ്പ്​

പ്രളയത്തിൽ വീടു നഷ്ടപ്പെട്ട നിരവധി ആദിവാസി കുടുംബങ്ങൾ കേരളത്തിലുണ്ട്. ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്ത് നിരവധി ആദിവാസി കുടുംബങ്ങൾക്ക് വീടും ജീവനും നഷ്ടമായിരുന്നു. ഉരുൾപൊട്ടലിൽ ഏഴ് പേർ മരിച്ചത്​ ഇന്നും വേനിപ്പിക്കുന്ന ഓർമയാണ്. പുനരധിവാസ പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചെങ്കിലും നാലുവർഷത്തിന് ശേഷമാണ് ഇവർക്ക് സർക്കാർ വീടൊരുക്കിയത്.

കൊടുമ്പുഴ കോളനിയിൽ വീട് അനുവദിച്ചിരുന്ന കുടുംബത്തിലെ ഗൃഹനാഥൻ മരിച്ചതിനെ തുടർന്ന് വീട് നിർമാണം പാതിവഴിയിൽ നിലച്ച സ്ഥിതിയാണ്. മരിച്ചയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തറ നിർമാണത്തിന് ആദ്യ ഗഡുവായി സർക്കാർ 95,000 രൂപ അനുവദിച്ചിരുന്നുവത്രേ. മരണശേഷം, ബന്ധുക്കൾ ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോൾ തുക പിൻവലിച്ചെന്ന് കണ്ടെത്തി. തനിക്ക് പണം ലഭിച്ചില്ലെന്നാണ് വാർഡ് മെംബറടക്കമുള്ള ആളുകളോട് കരാറുകാരൻ പറഞ്ഞത്​. ബാങ്കിൽ പോയി പണം പിൻവലിക്കാനോ എ.ടി.എം ഉപയോഗിക്കാനോ ഉള്ള അറിവ്​ മരിച്ചയാൾക്കില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

  മലപ്പുറം ജില്ലയി​ലെ ആദിവാസികൾ പട്ടയം ആവശ്യപ്പെട്ട്​ കലക്ടർക്ക്  നൽകിയ പരാതി
മലപ്പുറം ജില്ലയി​ലെ ആദിവാസികൾ പട്ടയം ആവശ്യപ്പെട്ട്​ കലക്ടർക്ക് നൽകിയ പരാതി

പണം ലഭിക്കാതെ തറയുടെ പണി പൂർത്തീകരിക്കുമോ എന്നതും ചോദ്യമായി തുടരുകയാണ്. പാവപ്പെട്ട ഈ കുടുംബത്തിന് അനുവദിച്ച തുച്ഛമായ തുക ആരുടെ കൈയിലാണെന്നത് പൊലീസ് തന്നെ അന്വേഷിച്ച് കണ്ടുപിടിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ആദിവാസികളുടെ അറിവില്ലായ്​മ മുതലെടുക്കുന്ന ഇടനിലക്കാർ കേരളത്തിലുണ്ടെന്നാണ്​ ഇത്​ തെളിയിക്കുന്നത്​. പ്രളയ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട കവളപ്പാറയിലടക്കം ഇത്തരത്തിൽ ഇടനിലക്കാരെ സംബന്ധിച്ച പരാതികളുണ്ട്​.

1990മുതൽ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ആദിവാസികൾ നടത്തിയ സമരഫലമായി ഭൂമിയും വീടും ലഭിച്ച ചരിത്രമുണ്ട്. എന്നാൽ, അടിച്ചമർത്തപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ ഒരു ജനതയായി അവർ ചരിത്രമാണ്​ തുടരുകയാണ്​​. അത്തരം നിലവിളികളുടെ തുടർച്ചയാണ്​ വിശ്വനാഥനിലൂടെ കേരളം കേട്ടുകൊണ്ടിരിക്കുന്നത്​.


Summary: സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള ആദിവാസികളുടെ അറിവില്ലായ്​മ മുതലെടുക്കുന്ന ഇടനിലക്കാർ കേരളത്തിലുണ്ടെന്ന്​​ കൊടുമ്പുഴ കോളനിയിൽ നടന്ന സംഭവം തെളിയിക്കുന്നു. പ്രളയ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട കവളപ്പാറയിലടക്കം ഇത്തരത്തിൽ ഇടനിലക്കാരെ സംബന്ധിച്ച പരാതികളുണ്ട്​.


Comments