സയൻസ്​ മാത്രമല്ല, ഉന്നത വിദ്യാഭ്യാസവും ആദിവാസികൾക്ക്​ നിഷേധിക്കപ്പെടുകയാണ്​

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനെതുടര്‍ന്ന്, പ്ലസ് ടു അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിനിടെ നടത്തിയ ഒരു പരാമര്‍ശനം വിവാദമായി. വിവിധ പഠനറിപ്പോർട്ടുകൾ ഉദ്ധരിച്ച്​, ‘വയനാട് ട്രൈബല്‍ ഏരിയ, സയന്‍സ് ബാച്ച് വേണ്ട, അവിടെ ആര്‍ട്‌സ് ബാച്ചാണ് ആവശ്യം, അത് നമുക്ക് പരിശോധിക്കാമല്ലോ’ എന്ന പരാമര്‍ശമാണ് വിവാദമായത്. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് ബാച്ച് ആവശ്യമില്ല എന്ന പൊതുബോധം ഉറപ്പിക്കുന്ന തരത്തിലുള്ള ഈ അഭിപ്രായപ്രകടനത്തിനുപുറകില്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ട നിരവധി പ്ര​ശ്​നങ്ങളുണ്ട് എന്ന്, ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന എം. ഗീതാനന്ദന്‍ എഴുതുന്നു.

യനാട്ടില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റില്ല എന്നത് ഗുരുതര പ്രശ്‌നമായി തുടരുകയാണ്. ഇത് എല്ലാ വിഭാഗങ്ങളും നേരിടുന്ന പ്രശ്‌നമാണെങ്കിലും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ഏറെ കുറവ്. ഇതില്‍ അവഗണനയുടെ പ്രശ്‌നം കൂടിയുണ്ട്. മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശത്തിനു പുറകില്‍, ബോധപൂര്‍വമായ വംശീയത ആരോപിക്കാനാകില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

ആദിവാസി വിദ്യാര്‍ഥികളിലേറെയും ഹ്യുമാനിറ്റീസ് ബാച്ച് തെരഞ്ഞെടുക്കുന്നു എന്നതൊരു വസ്തുതയാണ്. അത്, അവര്‍ക്ക് സയന്‍സ് പഠിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ല.

വയനാട്ടിലെ കുട്ടികള്‍ക്ക് ഹ്യുമാനിറ്റീസ് മതി, സയന്‍സ് ആവശ്യമില്ല എന്ന പൊതുബോധത്തെ ശാശ്വത സത്യമായി സ്ഥിരീകരിക്കുന്നതാണ് മന്ത്രിയുടെ പരാമര്‍ശം. പട്ടികവര്‍ഗക്കാരുടെ കാര്യമാണ് അദ്ദേഹം പറയുന്നത്, മറ്റുള്ള കുട്ടികള്‍ക്ക് സയന്‍സ് ബാച്ച് വേണം താനും.

ആദിവാസി വിദ്യാര്‍ഥികളിലേറെയും ഹ്യുമാനിറ്റീസ് ബാച്ച് തെരഞ്ഞെടുക്കുന്നു എന്നതൊരു വസ്തുതയാണ്. അത്, അവര്‍ക്ക് സയന്‍സ് പഠിക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ല. അവരില്‍അടിച്ചേല്‍പ്പിക്കപ്പെട്ട സാമൂഹിക പിന്നാക്കാവസ്ഥയാണ് അതിന് പ്രധാന കാരണം. രക്ഷാകര്‍ത്താക്കളുടെ വിദ്യാഭ്യാസ കാര്യത്തിലുള്ള പിന്‍ബലമില്ലായ്മയാണ് മറ്റൊരു കാരണം. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഒന്നാം തലമുറ രക്ഷിതാക്കളാണ് അവര്‍ക്കുള്ളത്. സ്വഭാവികമായും കുട്ടികള്‍, കൂട്ടകാരൊക്കെ പറയുന്ന വിഷയങ്ങളായിരിക്കും തെരഞ്ഞെടുക്കുക.

മറ്റൊന്ന്, അധ്യാപകരുള്‍പ്പെടെ, ‘നിങ്ങള്‍ക്കിത് പഠിക്കാന്‍ പറ്റില്ല’ എന്ന ബോധം വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ പേരും ഹ്യുമാനിറ്റീസ് തെരഞ്ഞെടുക്കുന്നതുകൊണ്ട് സയന്‍സ് ബാച്ചുകള്‍ ഒഴിവു വരാറുണ്ട്. എന്തുകൊണ്ട് ഈ കുട്ടികള്‍ സയന്‍സ് തെരഞ്ഞെടുക്കുന്നില്ല എന്നതിനെ അവരുടെ പിന്നാക്കാവസ്ഥയുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നതിനുപകരം, അതിനെ കേവല വസ്തുതയായി കാണുന്നതാണ് മന്ത്രിയുടെ പ്രസ്താവനയിലെ അപകടം.

ചെറിയ ക്ലാസു മുതല്‍ സയന്‍സ് വിഷയങ്ങളില്‍ നല്ല മാര്‍ക്ക് കിട്ടുന്നവരാണെങ്കിലും അവര്‍ പൊതുവേ സയന്‍സ് തെരഞ്ഞെടുക്കാത്തതിന് ആരാണ് ഉത്തരവാദികള്‍ എന്ന അടിസ്ഥാനപരമായ ചോദ്യം നമ്മുടെ മുന്നിലുണ്ട്.

ആദിവാസി വിദ്യാർഥികൾക്കുള്ള പ്രായോഗിക ജ്ഞാനം, ശാസ്ത്രത്തിന്റെ മേഖലയിലൂടെ കടന്നുപോകുന്നതിന്, അവർക്ക്​ വലിയ ഗുണം ചെയ്യും. അതിന് മോഡേണ്‍ എഡ്യുക്കേഷന്‍ ടൂള്‍സ് സ്വായത്തമാക്കാനുള്ള സാഹചര്യം ഒരുക്കണം.

ആദിവാസി വിദ്യാർഥികൾക്കുള്ള പ്രായോഗിക ജ്ഞാനം, ശാസ്ത്രത്തിന്റെ മേഖലയിലൂടെ കടന്നുപോകുന്നതിന്, അവർക്ക്​ വലിയ ഗുണം ചെയ്യും. അതിന് മോഡേണ്‍ എഡ്യുക്കേഷന്‍ ടൂള്‍സ് സ്വായത്തമാക്കാനുള്ള സാഹചര്യം ഒരുക്കണം. അത് ഇല്ലാത്തതുകൊണ്ടാണല്ലോ, അവര്‍ക്ക് അപകര്‍ഷതാബോധമുണ്ടാകുന്നത്. ഈയൊരു പോരായ്മയെ ഇന്‍സ്റ്റിറ്റ്യൂഷനലൈസ്​ ചെയ്യുന്നതായി, മന്ത്രിയുടെ പരാമര്‍ശം.

ചില എക്​സ്​ക്ലൂഷൻ മോഡലുകൾ

വയനാട് ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് പട്ടികവര്‍ഗവിഭാഗത്തില്‍നിന്ന് ഇത്തവണ 2293 വിദ്യാര്‍ഥികളാണ് ഉപരിപഠന യോഗ്യത നേടിയത്. ജില്ലയില്‍ ആകെ വിജയിക്കുന്ന കുട്ടികളുടെ 20- 22 ശതമാനം പേര്‍ ആദിവാസികളാണ്. പക്ഷെ, ഇവര്‍ക്ക് ലഭ്യമാകുന്ന സീറ്റുകളുടെ എണ്ണം 700- 750 ആണ്. ഇതൊരു സീരിയസ് പ്രശ്‌നമാണ്, വംശീയമായ എക്‌സ്‌ക്ലൂഷനാണ് എന്ന പരാതി ഉന്നയിച്ച് നിരന്തരം സമരം നടന്നുവരുന്നുണ്ട്.

 മന്ത്രി വി. ശിവന്‍കുട്ടി
മന്ത്രി വി. ശിവന്‍കുട്ടി

ഇവരുടെ അഡ്മിഷനില്‍ നടക്കുന്ന ചില അനീതിയെക്കുറിച്ച് പറയാം. അറിഞ്ഞോ അറിയാതെയോ ഉള്ള ചില എക്‌സ്‌ക്ലൂഷന്‍ രീതികൾ.

ആദ്യ ഘട്ട അലോട്ടുമെന്റുകള്‍ പൂര്‍ത്തിയായശേഷം പ്രവേശനം കിട്ടാത്തവര്‍ക്ക് താലൂക്കടിസ്ഥാനത്തില്‍ സ്‌പോട്ട് അലോട്ട്‌മെൻറ്​, ഒരു മേളയായി നടത്തും. ഇതിന് നൂറുകണക്കിന് കുട്ടികളെ വിളിക്കും. വകുപ്പ് ഉദ്യോഗസ്ഥരും പാരലല്‍ കോളേജുകാരുമൊക്കെയുണ്ടാകും. ഇവര്‍ക്ക് ഇഷ്ടമുള്ള സ്‌കൂളുകളിലേക്കും അവശേഷിക്കുന്നവരെ പാരലല്‍ കോളേജുകളിലേക്കുമൊക്കെ വിടും. ഇത് കുറച്ചുനാളായി നടക്കുന്ന അനീതിയാണ്. കാരണം, എഴുപതാമത്തെ ആളായാണ്, അതും ക്ലാസ് തുടങ്ങി മൂന്നു മാസം കഴിഞ്ഞ, ഈ കുട്ടി അവിടെയെത്തുന്നത്. ഇഷ്ടമില്ലാത്ത സയന്‍സ് ബാച്ച് ഉള്‍പ്പെടെ ഇവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാറുമുണ്ട്. പുസ്തകങ്ങളുണ്ടാകില്ല. മൂന്നു മാസം ക്ലാസില്‍ എടുത്തത് എന്താണെന്നറിയില്ല. സ്വന്തം ഗ്രാമത്തിലായിരിക്കില്ല സ്‌കൂള്‍, രണ്ടോ മൂന്നോ ബസ് കയറി പോകണം, തുടങ്ങി നിരവധി കടമ്പകള്‍. അതോടെ ഇവര്‍ക്ക് പഠനത്തില്‍ താല്‍പര്യമില്ലാതാകും. വര്‍ഷാവസാനമാകുമ്പോഴേക്കും ഇവര്‍ ഡ്രോപ്പൗട്ടാകും.

ആദ്യ ഘട്ടത്തില്‍ പ്രവേശനം കിട്ടുന്ന 700 കുട്ടികള്‍ക്കുപുറമേയാണ്, രണ്ടാം ഘട്ടമായി ഇങ്ങനെ അഡ്മിഷന്‍ നടത്തുന്നത്. ഈ ഇടപാട് അവസാനിപ്പിക്കണമെന്നും ഒന്ന്, രണ്ട് ഘട്ടങ്ങളിലും സപ്ലിമെന്ററിയിലുമായി അഡ്മിഷന്‍ പൂര്‍ത്തിയാക്കണമെന്നും എല്ലാവര്‍ക്കും ഒരേസമയം ക്ലാസില്‍ പോകാന്‍ സംവിധാനമൊരുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.

വയനാട്ടില്‍, 1000-ഓളം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടുവിന് അഡ്മിഷന്‍ നല്‍കുന്നതായി സര്‍ക്കാര്‍ ഡാറ്റകളില്‍ കാണാറുണ്ട്. ഇവരില്‍ ഭൂരിപക്ഷവും തോല്‍ക്കുകയോ ഡ്രോപ്പൗട്ടാകുകയോ ആണ് പതിവ്. 2021-ല്‍ ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം കിട്ടാത്ത 400-ഓളം പേര്‍ക്ക് ഫെബ്രുവരി അവസാനമാണ് അഡ്മിഷന്‍ കൊടുത്തത്. അതായത്, ആ അധ്യയനവര്‍ഷം തീര്‍ന്ന്, ആദ്യ വര്‍ഷ പരീക്ഷ എഴുതാന്‍ പോകുന്ന സമയത്ത്. ഇവര്‍ക്ക് എങ്ങനെയാണ് തുടരാന്‍ കഴിയുക?

കഴിഞ്ഞ അധ്യയനവര്‍ഷം, അവസാനഘട്ട അലോട്ടുമെന്റുകഴിഞ്ഞ് അഡ്മിഷന്‍ നവംബറിലായിരുന്നു. ആഗസ്റ്റില്‍ ക്ലാസ് തുടങ്ങിയിരിക്കും. അതുകൊണ്ട്, നവംബറില്‍ പ്രവേശനം ലഭിക്കുന്നവര്‍ ഡ്രോപ്പൗട്ടാകും. കുട്ടികള്‍ക്ക് സീറ്റ് ഉറപ്പാക്കുന്ന തരത്തില്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കണം, സ്‌കൂളുകളില്‍ പുതിയ ഡിവിഷനുണ്ടാക്കണം തുടങ്ങിയവയൊക്കെയാണ് ഇതിന് പരിഹാരം.

സംസ്ഥാനതലത്തില്‍, ഒന്നാം ക്ലാസില്‍ അഡ്മിഷന്‍ കിട്ടിയ പട്ടികവര്‍ഗക്കാരില്‍, സര്‍ക്കാര്‍കണക്കനുസരിച്ച്, സെക്കന്‍ഡറി തലത്തില്‍ 95 ശതമാനവും ഡ്രോപ്പാകുന്നു.

സംസ്ഥാനതലത്തില്‍, പട്ടികവിഭാഗക്കാര്‍ക്ക് ശരാശരി 20,000-ഓളം സീറ്റ് വകയിരുത്താറുണ്ട്. ജയിക്കുന്ന ആകെ കുട്ടികളുടെ എണ്ണം 7000- ല്‍ താഴെയാണ്. ഇവരില്‍ മൂന്നിലൊന്ന്, 2000- ഓളം പേര്‍, വയനാട്ടിലാണുള്ളത്. ഇവര്‍ക്ക് സീറ്റ് ലഭിക്കുന്നില്ല എന്നതാണ് വയനാട്ടിലെ പ്രശ്‌നം. സീറ്റ് കൂടുതലുള്ള തെക്കന്‍ ജില്ലകളില്‍നിന്ന് വടക്കന്‍ ജില്ലകളിലേക്ക് കൈമാറാറുണ്ട്. എന്തുകൊണ്ട് പട്ടികവിഭാഗങ്ങളുടെ മറ്റു ജില്ലകളിലെ അധിക സീറ്റ് വയനാട് അടക്കമുള്ള ജില്ലകളിലേക്ക് കൈമാറുന്നില്ല എന്ന വലിയ പ്രശ്‌നമുണ്ട്. അത് ഇതര വിഭാഗങ്ങള്‍ക്ക് കൂട്ടത്തോടെ കൈമാറാണ് പതിവ്. എല്ലാ വര്‍ഷവും ചുരുങ്ങിയത് പതിനായിരത്തിലധികം സീറ്റുകള്‍, ഒരു വര്‍ഷം ഇത് 16,000 വരെ എത്തിയിരുന്നു, മറ്റു വിഭാഗങ്ങള്‍ക്ക് കണ്‍വര്‍ട്ട് ചെയ്യുന്നു എന്നതാണ് വസ്തുത. ഇത് വര്‍ഷങ്ങളായി നടക്കുന്ന അനീതിയാണ്. ഇതിനാണ് പരിഹാരം കാണേണ്ടത്. വയനാട് പോലെ ആദിവാസി വിദ്യാര്‍ഥികള്‍ കൂടുതലുള്ള ജില്ലകളില്‍ സീറ്റുകളുടെ എണ്ണത്തില്‍ 40 ശതമാനം വരെ വര്‍ധിപ്പിക്കണം എന്നാണ് കാര്‍ത്തിയേകന്‍ നായര്‍ കമീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ഇത്തരം നിര്‍ദേശങ്ങള്‍ പരിഗണിച്ച്, ഇതര വിഭാഗ കൈമാറ്റം അവസാനിപ്പിക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കണം.

‘ഡ്രോപ്പൗട്ട്​ സിൻഡ്രോം’

സംസ്ഥാനതലത്തില്‍, ഒന്നാം ക്ലാസില്‍ അഡ്മിഷന്‍ കിട്ടിയ പട്ടികവര്‍ഗക്കാരില്‍, സര്‍ക്കാര്‍കണക്കനുസരിച്ച്, സെക്കന്‍ഡറി തലത്തില്‍ 95 ശതമാനവും ഡ്രോപ്പാകുന്നു. 2013-ലെ ഒരു പഠനത്തിലെ കണക്കാണിത്. സര്‍ക്കാര്‍ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത് ‘ഡ്രോപ്പൗട്ട് സിന്‍േഡ്രാം’ എന്നാണ്. ഇതില്‍ ഏറ്റവും മുന്നില്‍ വയനാട് ജില്ലയായിരിക്കും. അതായത്, പത്താം ക്ലാസ് പാസായി പ്ലസ് വണ്ണിനും മറ്റും ചേരുന്നവരാണ് പഠനം അവസാനിപ്പിക്കുന്നത്.

പ്ലസ് വണ്ണിന് രജിസ്റ്റര്‍ ചെയ്ത 1200- 1300 പട്ടികവര്‍ഗക്കാരില്‍ ബഹുഭൂരിപക്ഷവും പരീക്ഷയില്‍ തോല്‍ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഏഴെട്ടുവര്‍ഷത്തെ കണക്ക് നോക്കിയപ്പോള്‍, എല്ലാ വര്‍ഷവും 700 പേരെങ്കിലും പ്ലസ് ടുവിന് തോല്‍ക്കുന്നതായി കാണുന്നു. ഒന്നോ രണ്ടോ വിഷയമാണ് തോല്‍ക്കുന്നതെങ്കിലും ഇവര്‍ക്ക് സപ്ലിമെന്ററി പരീക്ഷയെഴുതി വീണ്ടും പാസാകാനുള്ള സാഹചര്യമില്ല. സമയത്തിന് അപേക്ഷിക്കാനും ഫീസിളവിനും മറ്റുമുള്ള സാഹചര്യമുണ്ടെങ്കിലേ കുട്ടികള്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ പറ്റൂ. കമ്പാര്‍ട്ടുമെന്റല്‍ പരീക്ഷ നോട്ടിഫിക്കേഷന്‍ പരീക്ഷയുടെ രണ്ടു ദിവസം മുമ്പൊക്കെയാണ് വരിക, അത് പല കുട്ടികളും അറിയില്ല. അറിഞ്ഞാല്‍ തന്നെ, ഒരു പേപ്പറിന് 200- 400 രൂപ വരെ കൊടുക്കണം. അതുകൊണ്ട്, രണ്ടുമൂന്നു വിഷയങ്ങള്‍ വീണ്ടും എഴുതാനുള്ള സാഹചര്യം മിക്ക കുട്ടികള്‍ക്കും ഉണ്ടാകാറില്ല. ഇങ്ങനെ പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ അത് അധ്യാപകരുടെയോ മറ്റോ സഹായത്തിലാകും. ചുരുക്കത്തില്‍, സംഭവിക്കുന്നത് ഇതാണ്: 700- ഓളം കുട്ടികള്‍ക്ക് ആദ്യം അഡ്മിഷന്‍ നല്‍കും. രണ്ടാം ഘട്ടത്തില്‍ വളരെ വൈകി അഡ്മിഷന്‍ നേടുന്നവരില്‍ ഭൂരിപക്ഷവും ക്ലാസിലെത്താതിരിക്കുകയോ പരീക്ഷയില്‍ തോല്‍ക്കുകയോ ചെയ്യും.

എല്ലാ വര്‍ഷവും ആവശ്യത്തിലധികം പ്ലസ് ടു ബാച്ചുകള്‍ എയ്ഡഡ് ലോബിയുടെ സമ്മര്‍ദത്തിനുവഴങ്ങി തെക്കന്‍ ജില്ലകളില്‍ അനുവദിക്കാറുണ്ട് എന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. കൂടുതല്‍ സയന്‍സ് ബാച്ചുകളും കൈയടക്കുന്നത് എയ്ഡഡ് ലോബിയാണ്.

പല തട്ടിലാണ് എക്‌സ്‌ക്ലൂഷന്‍ പ്രക്രിയ നടക്കുന്നത് എന്നര്‍ഥം:

ഒന്ന്: അഡ്മിഷന്‍ കിട്ടാതെ പഠനം അവസാനിപ്പിക്കേണ്ടിവരുന്നു.

രണ്ട്: അഡ്മിഷന്‍ കിട്ടിയാല്‍ തന്നെ അവര്‍ക്കുവേണ്ട സപ്പോര്‍ട്ട് മെക്കാനിസം ഇല്ല.

മൂന്ന്: കുട്ടി തോറ്റാല്‍, റീ അപ്പിയര്‍ ചെയ്ത് വിജയിപ്പിക്കാന്‍ സംവിധാനമില്ല.

ഈ അരിപ്പയിലൂടെ കടന്ന്, ശരാശരി 300 പേരൊക്കെയാണ് പ്ലസ് ടു പാസാകുക. അതായത്, പത്താം ക്ലാസ് പാസായ 2500 പേരില്‍നിന്ന്, അരിച്ചുപെറുക്കി പ്ലസ് ടു അഡ്മിഷന്‍ നേടി, അതില്‍നിന്ന് പാസായി വരുന്നവരുടെ കണക്കാണിത്. ഇവരുടെ ഉന്നത വിദ്യാഭ്യാസമോ? അതും പ്രതിസന്ധികള്‍ നിറഞ്ഞതാണ്.

വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കുറിച്യ, കുറുമ വിഭാഗക്കാര്‍ കാര്‍ഷിക സമൂഹമാണ്. മാത്രമല്ല, അവരുടെ ഒന്നാം തലമുറയില്‍ വിദ്യാസമ്പന്നരായ രക്ഷിതാക്കളുണ്ട്. അതുകൊണ്ട്, ഉന്നത വിദ്യാഭ്യാസത്തിന് ലഭ്യമായ സീറ്റുകളില്‍ ഏറെയും ഈ വിഭാഗങ്ങള്‍ക്ക് നേടിയെടുക്കാന്‍ എളുപ്പമാണ്. എന്നാല്‍; പണിയ, അടിയ, കാട്ടുനായ്ക്ക തുടങ്ങി അതീവ പിന്നാക്കക്കാരായവര്‍ക്ക് ഒരു സീറ്റുപോലും നേടിയെടുക്കാന്‍ കഴിയില്ല. മാത്രമല്ല, ഇവര്‍ക്കായി ഒരു പ്രീ- അഡ്മിഷന്‍ മെക്കാനിസവുമില്ല. നല്ല കോഴ്‌സുകള്‍ ഏത് കോളേജിലാണ്, എവിടെയാണ് ഹോസ്റ്റല്‍ സൗകര്യമുള്ളത് തുടങ്ങിയ ഗൈഡന്‍സ് സ്‌റ്റേറ്റിന്റെ ഭാഗത്തുനിന്നില്ല. ഡിഗ്രിക്ക് അപേക്ഷിക്കണമെങ്കില്‍ 250 രൂപ മുതല്‍ വേണ്ടിവരും. അഡ്മിഷന്‍ സമയത്താണെങ്കില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളാണെങ്കിലും പല കാറ്റഗറിയില്‍ പെട്ട ഫീസുണ്ടാകും, കൂടാതെ, രക്ഷിതാക്കളുമൊത്ത് യാത്ര ചെയ്യണം. ഇതിനുള്ള ചെലവ് ഭൂരിപക്ഷം പേര്‍ക്കും കണ്ടെത്താനാകില്ല. അഡ്മിഷനുശേഷം, ട്യൂഷന്‍ ഫീസിളവുമാത്രമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള സപ്പോര്‍ട്ട് സിസ്റ്റം.

ന്യൂ ജനറേഷന്‍ കോഴ്‌സുകളില്‍, സെമസ്റ്റര്‍ ഫീസ് 45,000 രൂപയാണെങ്കില്‍ സര്‍ക്കാര്‍ കൊടുക്കുന്നത് 22,000 രൂപയായിരിക്കും. ബാക്കി തുക ഇവര്‍ എങ്ങനെ കണ്ടെത്തും? ഇത് സ്‌കോളര്‍ഷിപ്പായി കൊടുക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയില്‍ ഇതുവരെ വന്നിട്ടില്ല.

സ്വഭാവികമായും, ഉന്നത വിദ്യാഭ്യാസത്തില്‍നിന്ന് ഇവര്‍ പുറന്തള്ളപ്പെടും, അതോടെ, എക്‌സ്‌ക്ലൂഷന്റെ ഫൈനല്‍ സ്‌റ്റേജ് പൂര്‍ത്തിയാകും. അതായത്, പ്ലസ് ടു പാസായാല്‍ പോലും ഉന്നത വിദ്യാഭ്യാസത്തിന് പോകാനാകാത്ത അവസ്ഥ. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, നൂറിലധികം കുട്ടികള്‍ക്ക് കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗകര്യം ചെയ്തുകൊടുക്കാനായിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിലെ പുറന്തള്ളലുകൾ

പട്ടികവര്‍ഗക്കാരായ കുറെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വന്നതില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് പങ്കുണ്ട്. ഇത്, സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടുപിടുത്തമല്ല. സെന്‍ട്രല്‍ സ്‌കീം ആണ്. ഈ സ്‌കൂളുകള്‍ക്കും പ്രശ്‌നങ്ങളുണ്ട് എങ്കിലും ഇതെങ്കിലും ഇല്ലായിരുന്നുവെങ്കില്‍ ഈ കുട്ടികള്‍ ഇതിലും അന്ധകാരത്തിലായേനേ.

നൂല്‍പ്പുഴ, നിലമ്പൂര്‍ എന്നിവിടങ്ങളിലെ എം.ആര്‍.എസുകള്‍ കാട്ടുനായ്ക്ക വിഭാഗത്തിനു വേണ്ടിയുള്ളതാണ്. പ്രാക്തന ഗോത്രവര്‍ഗക്കാരായ ഇവര്‍ക്ക് ഇത് വലിയ ഗുണം ചെയ്യും. എന്നാല്‍, എം.ആര്‍.എസുകളുടെ അക്കാദമിക് മേന്മ ഉറപ്പുവരുത്താനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത് ഒരു അധിക ബാധ്യതയായാണ് സര്‍ക്കാര്‍ കാണുന്നത്, പ്ലസ് ടു ബാച്ച് വര്‍ധനവിനെപ്പോലെ. ധനവകുപ്പ് അംഗീകരിക്കില്ല എന്നാണ് കാരണം പറയുന്നത്. എന്നാല്‍, എല്ലാ വര്‍ഷവും ആവശ്യത്തിലധികം പ്ലസ് ടു ബാച്ചുകള്‍ എയ്ഡഡ് ലോബിയുടെ സമ്മര്‍ദത്തിനുവഴങ്ങി തെക്കന്‍ ജില്ലകളില്‍ അനുവദിക്കാറുണ്ട് എന്ന് ഇവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. കൂടുതല്‍ സയന്‍സ് ബാച്ചുകളും കൈയടക്കുന്നത് എയ്ഡഡ് ലോബിയാണ്. നിയമനത്തിന് കോഴ വാങ്ങി കാത്തിരിക്കുന്നവരാണിവര്‍. ഇല്ലാത്ത കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിക്കുകയും ചെയ്യും. ഇങ്ങനെ എയ്ഡഡ് സെക്ടറിലേക്ക് പണം ഒഴുക്കാന്‍ മടിയില്ലാത്ത സര്‍ക്കാറിന് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ചെലവാക്കാന്‍ പണമില്ല.

സ്‌കൂള്‍ അധികൃതര്‍, പ്രത്യേകിച്ച്, ആദിവാസി ഭൂരിപക്ഷ മേഖലകളിലുള്ളവര്‍, സ്‌ക്രൈബിനെ വച്ച് പരീക്ഷ എഴുതി 100 ശതമാനം റിസല്‍ട്ട് ഒപ്പിച്ചെടുക്കുന്നവരാണ്. ശരാശരി പത്തിനും ഇരുപതിനുമിടയില്‍ വിദ്യാര്‍ഥികളെ ഇങ്ങനെ പാസാക്കിയെടുക്കുന്ന സ്‌കൂളുകളുള്ളതായി എനിക്കറിയാം.

ബിരുദതലത്തില്‍, പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പ്രശ്‌നം അതിസങ്കീര്‍ണമാണ്. ന്യൂ ജനറേഷന്‍ കോഴ്‌സുകളുടെ ഫീസ് സ്ട്രക്ചര്‍ എല്ലാം ഇ- ഗ്രാന്റ്‌സില്‍ ഉണ്ടാകില്ല. അതുതന്നെ രണ്ടുവര്‍ഷമായി കൊടുത്തിട്ട്. എല്ലാ ജില്ലകളിലും ഹോസ്റ്റല്‍ സൗകര്യമില്ല. ഹോസ്റ്റല്‍ ഇല്ലെങ്കില്‍ ഈ കുട്ടികള്‍ എവിടെ താമസിക്കും? കോളേജുകളില്‍ സര്‍ക്കാര്‍ കൊടുക്കുന്ന ഹോസ്റ്റല്‍ ഗ്രാന്റ് ഇപ്പോഴും 3500 രൂപയാണ്. ഈ തുകയ്ക്ക് കേരളത്തില്‍ എവിടെയാണ് ഒരു കുട്ടിയുടെ ബോര്‍ഡിംഗ് ആന്റ് ലോഡിജിംഗ് ചെലവ് കഴിഞ്ഞുപോകുക? പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 4500 രൂപയാണ് കൊടുക്കുന്നത്. പോക്കറ്റുമണിയായി മാസം കൊടുക്കുന്ന 200 രൂപ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പോലും മതിയാകില്ല.

ന്യൂ ജനറേഷന്‍ കോഴ്‌സുകളില്‍, സെമസ്റ്റര്‍ ഫീസ് 45,000 രൂപയാണെങ്കില്‍ സര്‍ക്കാര്‍ കൊടുക്കുന്നത് 22,000 രൂപയായിരിക്കും. ബാക്കി തുക ഇവര്‍ എങ്ങനെ കണ്ടെത്തും? ഇത് സ്‌കോളര്‍ഷിപ്പായി കൊടുക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയില്‍ ഇതുവരെ വന്നിട്ടില്ല.

അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്ന രജനി എസ്. ആനന്ദ് 2004 ജൂലൈ 22ന് പ്രവേശന പരീക്ഷ കമീഷണറുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഹൗസിങ് ബോര്‍ഡ് കെട്ടിടുത്തിനുമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തത് ഇത്തരം സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നായിരുന്നു. കോളേജ് ഹോസ്റ്റല്‍ ഇല്ലാത്തതുകൊണ്ട് സ്വകാര്യ ഹോസ്റ്റലിലായിരുന്നു രജനിയുടെ താമസം. സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ ഗ്രാന്റ്, രജനി മരിച്ചതിന്റെ തൊട്ടടുത്ത വര്‍ഷം സര്‍ക്കാര്‍ ആയിരത്തില്‍നിന്ന് 1500 രൂപയാക്കി. അന്ന് വര്‍ധിപ്പിച്ച 1500 രൂപയാണ് ഇന്നും കൊടുക്കുന്നത്.

കോഴിക്കോട് ബി.എഡ് കോളേജില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍, കോളേജ് ഹോസ്റ്റല്‍ ഗ്രാന്റ് രണ്ടു വര്‍ഷമായി മുടങ്ങിയതിനെതിരെ പരാതിയുമായി ഞങ്ങള്‍ക്കൊപ്പം പട്ടികവര്‍ഗ ഡയറക്ടറേറ്റ് വരെ എത്തി. അവര്‍ പറഞ്ഞത്, നിലവിലുള്ള 3500 രൂപ 7500 രൂപയാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിലേക്ക് എഴുതിയിട്ട് രണ്ടുവര്‍ഷമായെന്നും അത് ധനകാര്യവകുപ്പില്‍ കെട്ടിക്കിടക്കുകയാണ് എന്നുമാണ്. ഈ ഫയല്‍ കാബിനറ്റില്‍ വക്കാന്‍ എന്തെങ്കിലും നടപടിയുണ്ടായോ?

വളരെ പ്രാകൃതാവസ്ഥയിലുള്ള സാമ്പത്തിക സപ്പോര്‍ട്ടു സിസ്റ്റമാണ് വിദ്യാഭ്യാസ വകുപ്പ് ഈ കുട്ടികള്‍ക്ക് നല്‍കുന്നത്.

കോളേജുകളില്‍ സര്‍ക്കാര്‍ കൊടുക്കുന്ന ഹോസ്റ്റല്‍ ഗ്രാന്റ് ഇപ്പോഴും 3500 രൂപയാണ്. ഈ തുകയ്ക്ക് കേരളത്തില്‍ എവിടെയാണ് ഒരു കുട്ടിയുടെ ബോര്‍ഡിംഗ് ആന്റ് ലോഡിജിംഗ് ചെലവ് കഴിഞ്ഞുപോകുക?

സ്​ക്രൈബ്​ എന്ന അഴിമതി

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ നേടുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും പ്രശ്‌നങ്ങളുണ്ട്. എസ്.എസ്.എല്‍.സി പാസാകുന്ന എല്ലാവരും ക്വാളിറ്റി എഡ്യുക്കേഷന്‍ നേടുന്നവരല്ല. സ്‌കൂള്‍ അധികൃതര്‍, പ്രത്യേകിച്ച്, ആദിവാസി ഭൂരിപക്ഷ മേഖലകളിലുള്ളവര്‍, സ്‌ക്രൈബിനെ വച്ച് പരീക്ഷ എഴുതി 100 ശതമാനം റിസല്‍ട്ട് ഒപ്പിച്ചെടുക്കുന്നവരാണ്. കുട്ടികള്‍ മാനസികമായി വെല്ലുവിളി നേരിടുന്നവരാണെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കി വിദ്യാഭ്യാസ അധികൃതരുടെ അറിവോടെ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷനല്‍ തട്ടിപ്പാണിത്. ശരാശരി പത്തിനും ഇരുപതിനുമിടയില്‍ വിദ്യാര്‍ഥികളെ ഇങ്ങനെ പാസാക്കിയെടുക്കുന്ന സ്‌കൂളുകളുള്ളതായി എനിക്കറിയാം. ഈ വിദ്യാര്‍ഥികള്‍ എഴുതാനും വായിക്കാനും അറിയാത്തവരായിരിക്കും. നൂറു ശതമാനം റിസല്‍ട്ട് ഒപ്പിക്കാന്‍ ഇത്തരം മനുഷ്യവകാശലംഘനം എയ്ഡഡ് സ്‌കൂളുകളില്‍ മാത്രമല്ല, സര്‍ക്കാര്‍ സ്‌കൂളുകളിലും നടക്കുന്നുണ്ട് എന്ന് വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും അറിയാം.

പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ‘ഡ്രോപ്പൗട്ട് സിന്‍ഡ്രോം’ അടക്കമുള്ള ഇത്തരം വിഷയങ്ങള്‍ സര്‍ക്കാറിന്റെ മുന്‍ഗണനയില്‍ വന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ പരിഹാരത്തെക്കുറിച്ച് ആലോചിട്ടുണ്ടോ എന്ന് ചിന്തിക്കുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവനയിലെ നിരുത്തരവാദിത്തം മനസ്സിലാകുക.

എല്ലാ സ്‌കൂളുകളെയും ഹൈടെക് ആക്കുക എന്നതാണല്ലോ സര്‍ക്കാര്‍ നയം. 2016 മുതല്‍ഇവിടെ ഒരു വിദ്യാഭ്യാസ മിഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്: The Public Education Rejuvenation Mission. ഈ മിഷന് 2000-ഓളം കോടി രൂപ ഫണ്ടായി കിട്ടിയിട്ടുണ്ട്, 1500 കോടി രൂപ വിനിയോഗിച്ചും കഴിഞ്ഞു. 300-ഓളം സ്‌കൂളുകള്‍ രണ്ടു കോടി രൂപ വരെ നല്‍കി ഹൈ ടെക്കാക്കി. മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ സംസ്ഥാനമാകുകയും ചെയ്തു കേരളം. ഇതാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ കുതിച്ചുചാട്ടമായി വിദ്യാഭ്യാസ മന്ത്രിയും വകുപ്പും എടുത്തുകാണിക്കുന്നത്.

എന്നാല്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു:

  • പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ പഠനവഴിയില്‍ പുറന്തള്ളപ്പെടുന്നു, അത് എന്തുകൊണ്ട്?

  • ഇത് പരിഹരിക്കാന്‍ വിദ്യാഭ്യാസ മിഷന്‍ എന്തുകൊണ്ട് സവിശേഷ സംവിധാനം ഉണ്ടാക്കുന്നില്ല?

  • സയന്‍സ് സ്​ട്രീം തങ്ങള്‍ക്ക് യോജിച്ചതല്ല എന്ന പൊതുബോധത്തിലേക്ക് എന്തുകൊണ്ട് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ വീണുപോകുന്നു?

  • പരമ്പരാഗതമായി നല്ല ജ്ഞാനമുള്ള കമ്യൂണിറ്റിയില്‍നിന്ന് വരുന്ന ഈ കുട്ടികള്‍ക്ക് ആധുനിക ശാസ്ത്രത്തിന്റെ വിവിധ മേഖലകളിലേക്ക് എത്തിച്ചേരാനുള്ള സാധ്യത അടച്ചുകളയുന്നത് ആരാണ്?.

  • ഇവര്‍ക്കായി മാത്രം എന്തുകൊണ്ട് ശാസ്ത്രമേളകളുണ്ടാക്കുന്നില്ല?

ആദിവാസി വിദ്യാര്‍ഥികളുടെ ഇത്തരം അടിസ്​ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എന്തെങ്കിലും പ്രശ്‌നം പറഞ്ഞ് ചെന്നാല്‍, ഉടന്‍ അത് പട്ടികവര്‍ഗ വകുപ്പിന് അയക്കും. സര്‍ക്കാര്‍ നയം നടപ്പാക്കാനുള്ള ഭരണപരമായ സംവിധാനം മാത്രമാണ് എസ്.സി- എസ്.ടി വകുപ്പ്, അത് വിദ്യാഭ്യാസ നയരൂപീകരണ ഏജന്‍സിയല്ല ഇത്. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന് പ്രത്യേക പരിഗണനയോടെയുള്ള സമീപനമില്ല. മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രസ്താവനയെയും ആ നിലപാടില്ലായ്മയുടെ തെളിവായി വായിക്കാം.


Summary: M. Geethanandan Explores Education Issues Faced by Tribal Communities.


എം. ഗീതാനന്ദൻ

ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓർഡിനേറ്റർ. ആദിവാസി- ദലിത് വിഭാഗങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു. 2002ലെ മുത്തങ്ങ ആദിവാസി സമരത്തിന് നേതൃത്വം നൽകുകയും കടുത്ത പൊലീസ് മർദ്ദനത്തിനിരയാകുകയും ചെയ്തു.

Comments