നിലവിലുള്ള സിവില്‍ നിയമത്തിന്റെ പുറത്താണ് ആദിവാസികളുടെ സംവിധാനങ്ങള്‍. ഓരോ ഗോത്രത്തിന്റെയും ജീവിതശൈലിയും ആചാരങ്ങളും കര്‍മ്മങ്ങളുമെല്ലാം വേറേ രീതികളിലാണ്. ആദിവാസികള്‍ ഇത്തരത്തില്‍ തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗോത്രവിഭാഗത്തിന്റെ ആചാരങ്ങളില്‍ ജീവിക്കുന്നതുകൊണ്ട് ഇതുവരെ സമൂഹത്തിന് ഒരു ദോഷവും ഉണ്ടായിട്ടില്ല. പകരം ഗോത്രത്തനിമക്ക് കൂടുതല്‍ പ്രയോജനം ഉണ്ടാവുകയാണ് ചെയ്തത്. ആദിവാസികള്‍ക്കിടയിലെ സംസ്‌ക്കാരങ്ങളും ജീവിതരീതിയും അതേപോലെ നിലനില്‍ക്കണമെന്നുതന്നെയാണ് എന്റെ ആഗ്രഹം. ഇതൊരു ഗോത്ര പൈതൃകസംസ്‌കാരമാണ്. ഈ സംസ്‌കാരമില്ലാതാക്കി വേറെ ഒരു സംവിധാനത്തെ ഉള്‍ക്കൊള്ളുക എന്നത് ആദിവാസികളെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല.
ഞങ്ങളുടെ സംസ്‌കാരരീതികള്‍ പൊതുസമൂഹത്തിനോ, പ്രകൃതിക്കോ, മനുഷ്യര്‍ക്കോ ജീവജാലങ്ങള്‍ക്കോ ദോഷമാകുന്ന തരത്തിലായിരുന്നെങ്കില്‍ അത് മാറ്റാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷേ ഇവിടെ അങ്ങനെയൊരു പ്രശ്‌നമില്ല, ഇതിനെയെല്ലാം സംരക്ഷിക്കുന്ന, ആദരിക്കുന്നസംസ്‌കാരമാണ് ആദിവാസികള്‍ക്കുള്ളത്. പിന്നെ എന്തിനാണ് ഈ ജീവിതരീതിയെ മാറ്റാന്‍ ശ്രമിക്കുന്നത്? ആദിവാസി സംസ്‌കാരത്തെ അതേപടി നിലനിര്‍ത്തണമെന്നാണ് എന്റെയും സമുദായത്തിന്റെയും ആവശ്യം.
മനുഷ്യനെയാണ് ആദിവാസി സമൂഹത്തില്‍ സ്വത്തായി കാണുന്നത്. മറ്റു വിഭവങ്ങളോ, തോട്ടങ്ങളോ, പറമ്പോ, സ്ഥലമോ ഒന്നും ഞങ്ങള്‍ സ്വത്തായി കാണുന്നില്ല. ഒരു കുടുംബത്തില്‍ എത്ര ആളുകളുണ്ടെങ്കിലും അവരെയെല്ലാം തുല്യമായി പരിഗണിച്ച് തന്നെയാണ് സ്വത്തു വിഭജിക്കാറുള്ളത്. സ്വത്തിന്റെ പേരില്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് തര്‍ക്കമോ, കേസുകളോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഗോത്ര വിഭാഗത്തിനിടയിലെ പ്രശ്‌നങ്ങളെല്ലാം ഗോത്രത്തലവന്‍മാരും കാരണവന്‍മാരും കൂട്ടമായി ഇരുന്ന് പരിഹരിക്കാറാണ് പതിവ്. രണ്ടുകൂട്ടരെയും വിളിച്ചിരുത്തി, അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരം കാണുന്ന സംവിധാനമാണുള്ളത്. ഒരു പ്രശ്‌നം പരിഹരിക്കുന്നതിനോടൊപ്പം അതിനൊരു പിന്തുണാസംവിധാനവും ഈ കൂട്ടായ്മയുടെ ഉത്തരവാദിത്തതില്‍ ചെയ്തുകൊടുക്കാറുണ്ട്. അതുകൊണ്ടുതന്നെ അവര്‍ പറയുന്ന കാര്യങ്ങളെല്ലാം അനുസരിക്കാനും അംഗീകരിക്കാനും മറ്റുള്ളവരും തയ്യാറാണ്. ആദിവാസികള്‍ക്കിടയില്‍നിന്ന് അപൂര്‍വ്വം ചില പ്രശ്‌നങ്ങള്‍ മാത്രമേ ഇതുവരെ പോലീസ് സ്‌റ്റേഷനിൽ പോകുകയോ കേസാക്കുകയോ ചെയ്തിട്ടുള്ളൂ. മിക്ക പ്രശ്‌നങ്ങളും ഞങ്ങളുടെ കൂട്ടായ്മയിലൂടെ തന്നെ പരിഹരിക്കപ്പെടാറുണ്ട്. ഇതൊരു നല്ല പ്രക്രിയയാണ് എനിക്ക് തോന്നുന്നത്. ഒരു വ്യക്തിക്ക് ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ എല്ലാവരും കൂട്ടമായി അയാള്‍ക്ക് പിന്തുണ നല്‍കി, സഹായിച്ച് നമ്മുക്കൊപ്പം ജീവിക്കാനുള്ള സംവിധാനത്തിലേക്കാണ് ഈ കൂട്ടായ്മ കൊണ്ടു വരുന്നത്. മാതൃകാപരമായ സംവിധാനമാണിത്. അത് നിലനിന്നുപോകേണ്ടത് അത്യാവശ്യമാണ്.
ഞങ്ങള്‍ ആദിവാസികള്‍, ഏക സിവില്‍ കോഡിന് അപ്പുറത്തുതന്നെയാണുണ്ടാവുക. നിലവിലുള്ള നിയമത്തിന്റെ അപ്പുറത്താണ് ഞങ്ങളുടെ ഇടപെടലുകളും കാര്യങ്ങളുമെല്ലാം നടന്നുകൊണ്ടിരിക്കുന്നത്. അത് അതുപോലെ തന്നെ നില്‍ക്കും.’