ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 10
ആൻഡമാൻ ആദിമരുടെ മണ്ണാണ്, പിതൃപരമ്പരകളുടെ ഓർമ നിറഞ്ഞ മണ്ണ്. പിതൃസ്മരണ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. മരിച്ചവർ അവർക്കൊപ്പമുണ്ടെന്നും അവരെ നിയന്ത്രിക്കുന്നത് പൂർവികാരാണെന്ന വിശ്വാസത്തിലുമാണവർ ജീവിക്കുന്നത്. അധിനിവേശത്തിലൂടെ ഈ മണ്ണ് അവരുടെ പൂർവികരുടെ കുരുതിത്തറയായി. നൂറ്റാണ്ടുകളായി പൂർവികരുടെ കാലടയാളവും ജീവശ്വാസവും പതിഞ്ഞ മണ്ണിന്റെ അവകാശികളായ നെഗ്രിറ്റോ വംശജർ അപരസാന്നിധ്യത്താൽ അഭയാർഥികളായപ്പോൾ ആ മണ്ണ് മുഖ്യഭൂമിയിൽനിന്ന് കുടിയിറക്കപ്പെട്ട, പതിനായിരക്കണക്കിന് അഭയാർഥികൾക്ക് അഭയദേശമായെന്നതും മറക്കാനാവില്ല.
അഭയാർഥികളാകേണ്ടിവന്നവരുടെയും മണ്ണാണ് ആൻഡമാൻ. മണ്ണിന്റെ മക്കൾ വാദമുയർത്തി ആദിമഗോത്ര നാശത്തെക്കുറിച്ചൊക്കെ വൈകാരികമായി പറയാമെങ്കിലും, ആൻഡമാൻ സന്ദർഭത്തെ സൂക്ഷ്മമായി മനസ്സിലാക്കുമ്പോൾ ഉയർന്നുവരുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ ആദിമരിൽ മാത്രം ഒതുങ്ങുന്നില്ല. കൊളോണിയൽ കാലം മുതൽ കുടിയേറിയ ‘വരത്തർ’ സ്വാഭാവികമായും ആദിമരുടെ ജന്മാവകാശം ഹനിക്കപ്പെട്ടതിനു കാരണമായി എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അതോടൊപ്പം, പരിഗണിക്കേണ്ട മറ്റൊരു മനുഷ്യാവകാശ പ്രശ്നമുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി ഇവിടെ കുടിയേറിയ ‘വരത്തരുടെ’ അവകാശം സംബന്ധിച്ചുള്ളതാണത്. ബ്രിട്ടീഷ് ഭരണകൂടം ആൻഡമാനിലെത്തിച്ച തടവുകാർക്കും സ്വാതന്ത്ര്യാനന്തരം പുനരധിവാസ പദ്ധതിയുടെ ഭാഗമായെത്തിച്ച അഭയാർഥികൾക്കും അവരുടെ പിൻഗാമികൾക്കും ഈ മണ്ണിൽ അവകാശമൊന്നുമില്ലേ?.
ഈ മണ്ണ് ഞങ്ങളുടേതും കൂടിയാണ് എന്ന് അവർ പറയുമ്പോൾ കേൾക്കാതിരിക്കുന്നതെങ്ങനെ?. ഭരണകൂടങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയാണിത്. ബ്രിട്ടീഷ് വിരുദ്ധതയെ തടയാനുള്ള തടവുപാളയം സഥാപിക്കലും പ്രകൃതിവിഭവ ചൂഷണവും സാമ്രാജ്യത്വ സുരക്ഷക്കായുള്ള നിരീക്ഷണ ഇടമൊരുക്കലുമായിരുന്നു ആൻഡമാൻ അധിനിവേശംകൊണ്ട് ബ്രിട്ടീഷുകാർ ലക്ഷ്യമാക്കിയത്. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ഉടൻതന്നെ ഇന്ത്യൻ ഭരണകൂടത്തിന് രണ്ടു പ്രശ്നങ്ങൾ അഭിമുഖീകരിക്കാനുണ്ടായിരുന്നു.
1. വിഭജനം സൃഷ്ടിച്ച അഭയാർഥികളുടെ പുനരധിവാസം.
2. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ ഭാരതീകരണം.
അഭയാർഥികളെ മുഖ്യഭൂമിയിലെവിടെ പുനരധിവസിപ്പിച്ചാലും ഉയർന്നുവരാവുന്ന മണ്ണിന്റെ മക്കൾ വാദമുയർത്തിയുള്ള പ്രതിരോധത്തെ അഭിമുഖീകരിക്കാൻ അന്നത്തെ ഭരണകൂടത്തിനാകുമായിരുന്നില്ല. ഏറ്റവും സുരക്ഷിതമായ ഇടം ജനവാസം അധികമില്ലാത്ത ദ്വീപുസമൂഹം തന്നെയാണെന്ന തീരുമാനത്തിലെത്താനുള്ള കാരണവും മറ്റൊന്നല്ല. ഇതിലൂടെ ഒരേസമയം രണ്ടു പ്രശ്നങ്ങൾ പരിഹരിക്കപ്പെടും; പുനരധിവാസത്തിലൂടെ ഇന്ത്യൻ ജനതയുടെ പുനർവിന്യാസം ഉറപ്പുവരുത്താനും അതുവഴി ദ്വീപ് സമൂഹത്തെ എല്ലാ അർത്ഥത്തിലും ഇന്ത്യയുടെ ഭാഗമാക്കാനും ഇതിലൂടെ കഴിഞ്ഞു.
ആൻഡമാൻ അധിനിവേശം അടിസ്ഥാനപരമായും ആദിമജനതയുടെ സ്വൈരജീവിതത്തിനെതിരെയുള്ള പുറംജനതയുടെ കടന്നുകയറ്റമായിരുന്നു. ആദ്യം ബ്രിട്ടീഷ് ഭരണകൂടവും തുടർന്ന് ഇന്ത്യൻ ഭരണകൂടവുമാണെങ്കിലും അവർക്ക് ഇതു രണ്ടും കടന്നുകയറ്റമായേ കാണാനാവൂ. അധിനിവേശത്തിന്റെ ഈ രണ്ടു ധാരകളും ആദിമ സാന്നിധ്യത്തെ ഒരുപോലെയാണോ നോക്കിക്കണ്ടത് എന്ന് അന്വേഷിച്ചറിയേണ്ടതുണ്ട്.
‘മിനി ഇന്ത്യ’ എന്നൊരു ചെല്ലപ്പേര് ആൻഡമാനിനുണ്ട്. ഇത് വെറും വിളിപ്പേരോ വിശേഷണമോ അല്ല. മുഖ്യഭൂമിയിലെ പ്രമുഖ ഭാഷക്കാരെല്ലാം ആൻഡമാനിൽ അഭയം തേടിയതുവഴി ഇന്ത്യയുടെ ചെറു പതിപ്പായി ആൻഡമാൻ മാറി.
ബ്രിട്ടീഷുകാർക്ക് ഇവിടത്തെ ആദിമർ എതിരിടേണ്ട ജനതയായിരുന്നു, വരുതിയിലാക്കേണ്ട ജനതയുമായിരുന്നു. ആദിമർക്കാകട്ടെ എതിർക്കപ്പെടേണ്ടതായിരുന്നു അന്യരുടെ സാന്നിധ്യം. ബ്രിട്ടീഷ് ഭരണകൂടം ആദിമരെ കൊന്നൊടുക്കിയും പേടിപ്പിച്ചും സമ്മാനങ്ങൾ നൽകിയും ആദിമരെ നേരിട്ടു. വന്യതയെ വരുതിയിലാക്കി ആൾനാശം ഉറപ്പുവരുത്തി, തങ്ങൾക്കെതിരായുള്ള പ്രതിരോധം അമർച്ച ചെയ്‌തു.
ഇന്ത്യൻ ഭരണകൂടത്തിന് ഇവർ ഇന്ത്യൻ പൗരത്വമുള്ള ജനതയാണ്. അവരെ സംരക്ഷിക്കുകയും മുഖ്യധാരയിലേക്കാനയിക്കുകയും വേണമെന്നായിരുന്നു തീരുമാനം. അതുകൊണ്ടുതന്നെ അവരുടെ പുനരധിവാസത്തിന് ഊന്നൽ നൽകി. അവരുടേതായി മാത്രം ഈ മണ്ണിനെ കാണാനാവുമായിരുന്നില്ല. ഇത് ഇന്ത്യയ്ക്ക് സ്വന്തമായ മണ്ണാണ്. അവിടെ ബ്രിട്ടീഷുകാർ കുടിയിരുത്തിയ തടവുകാരും അവരുടെ പിന്മുറക്കാരുമുണ്ട്. ജനവാസം അധികമില്ലാത്ത നിറയെ വനഭൂമിയുമുണ്ട്. അതുകൊണ്ട് മറ്റു ഇന്ത്യൻ പൗരരെ പുനരധിവസിപ്പിച്ച് ദ്വീപുസമൂഹത്തിൽ ഇന്ത്യൻ അവകാശം ഉറപ്പിക്കാം. വിഭജനത്തോടെ ആരംഭിച്ച അഭയാർഥിപ്രശ്നത്തിന് പരിഹാരവുമാകും. ഈ ചിന്തയാണ് 1949 മുതലാരംഭിച്ച പുനരധിവാസ പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചത്.
‘മിനി ഇന്ത്യ’ എന്നൊരു ചെല്ലപ്പേര് ആൻഡമാനിനുണ്ട്. ഇത് വെറും വിളിപ്പേരോ വിശേഷണമോ അല്ല. മുഖ്യഭൂമിയിലെ പ്രമുഖ ഭാഷക്കാരെല്ലാം ആൻഡമാനിൽ അഭയം തേടിയതുവഴി ഇന്ത്യയുടെ ചെറു പതിപ്പായി ആൻഡമാൻ മാറി. കൊളോണിയൽ കാലത്ത് തടവുകാരെ ഇന്ത്യയുടെയും ബർമയുടെയും മിക്ക പ്രദേശങ്ങളിൽ നിന്നും നാടുകടത്തി കൊണ്ടുവന്നിരുന്നു. സ്വാതന്ത്ര്യാനന്തരം ഇവരിൽ ഭൂരിപക്ഷവും ആൻഡമാൻ മണ്ണിന്റെ അവകാശികളായി. കേന്ദ്രസർക്കാരിന്റെ പുനരധിവാസ പദ്ധതിയിലൂടെ 1949 മുതൽ മുഖ്യഭൂമിയിൽനിന്ന് പല വിഭാഗങ്ങളും ഈ മണ്ണിൽ സ്ഥിരവാസികളായി. തടവുകാരുടെ പിന്മുറക്കാർക്കും സ്വാതന്ത്ര്യാനന്തരം മുഖ്യഭൂമിയിൽ നിന്നെത്തിയ അഭയാർഥികളുടെ പിന്മുറക്കാർക്കും ആൻഡമാൻ ജന്മഭൂമിയായി. തടവുകാരായി വന്ന് സ്ഥിരവാസമുറപ്പിച്ചവരും പുനരധിവാസത്തിലൂടെ സ്ഥിരവാസിയായവരും ഈ മണ്ണിന്റെ അവകാശികളായി. അതോടെ നെഗ്രിറ്റോ വംശജരുടെ പൂർവികയിടം മുഖ്യഭൂമിയിൽ നിന്നെത്തിയവരുടെയും മണ്ണായി.
മുഖ്യഭൂമിയിൽ നിന്ന് പല ഭാഷക്കാരും ദേശക്കാരും കടന്നെത്തിയതോടെ പുതിയ സംസ്കാരങ്ങളുടെ കുടിയേറ്റം പൂർണമായി. ബംഗാളി, ഹിന്ദി, തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഉറുദു, പഞ്ചാബി, ലംബാടി, ഭോജ്പുരി ബോറോ, ബർമീസ്, സാദ്രി, നേപ്പാളി, ഒഡിയ, ഗാരോ കൊങ്കണി, കാരൻ, ഖരിയ, കൊച്ച്, കൊടുവ, ഗുജറാത്തി, മലപഹാഡിയ, സന്താലി, മണ്ടാരി, കുറൂഖ്, ആസാമിസ്, ചത്തീസ്ഗഡി, സിംഹള ഭാഷകളൊക്കെ ആൻഡമാനിൽ സംസാരിക്കുന്നുണ്ട്. 250 ലേറെ സമുദായങ്ങൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് കണക്ക്. വൈവിധ്യപൂർണമായ ദൈവങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും ആചാരങ്ങളും ‘വരത്തരു’ടെ പെരുമ ഉയർത്തി. ജാതിയും മതവുമൊന്നും മുഖ്യഭൂമിയിലേതുപോലെ അകലാനുള്ള കാരണമല്ല. ആദ്യകാലങ്ങളിൽ ഭാഷ പോലും അകൽച്ചയ്ക്കു കാരണമായിരുന്നില്ല. അപരിചിതമായ മണ്ണിൽ സമാന സാഹചര്യങ്ങളിൽ പൊരുതികഴിയേണ്ടിവന്നവർക്ക് ജാതിയും മതവുമൊന്നും ആലോചിക്കാൻ സമയമുണ്ടായിരുന്നില്ല. കാലം കഴിയുന്തോറും ജീവിതം മെച്ചപ്പെട്ടു. മുഖ്യഭൂമിയുമായുള്ള വിനിമയം കൂടി. മുഖ്യഭൂമിയിൽനിന്ന് ഉദ്യോഗസ്ഥരെത്തി. അതോടെ ഭാഷാസ്വത്വത്തെകുറിച്ചുള്ള ആലോചനകൾ ആരംഭിച്ചു. അവരവരുടെ സംസ്കാരമുദ്രകൾ സ്ഥാപിക്കാനാരംഭിച്ചു. ചിലർ മുഖ്യഭൂമിയിലെ ജാതിയെയും ജാതിസംഘടനകളെയും ഇറക്കുമതി ചെയ്തു. ജാതിയോ മതമോ ദേശപ്പെരുമയോ ഒന്നും ആൻഡമാനിൽ ജനിച്ചുവളർന്നവർക്കിടയിലുണ്ടായിരുന്നില്ല. ലോക്കൽ ബോൺ അഥവാ ലോക്കൽസ് എന്നറിയപ്പെടുന്ന ഇവർ മനുഷ്യരായിരുന്നു. അവർ മുഖ്യഭൂമിയിൽ ജനിച്ചവരെപ്പോലെയായിരുന്നില്ല. അവർക്കിടയിൽ സഹവാസികളെല്ലാരും സമാനരായിരുന്നു. ജാതിയും മതവും ഭാഷയും പൈതൃകദേശവുമൊന്നും അവരെ ബാധിച്ചിരുന്നേയില്ല. വിവാഹം അവർക്കിടയിൽ ജാതി മത ഭാഷാഭേദമെന്യേ നടന്നിരുന്നു. എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ ഒരുമയോടെ ആഘോഷിച്ചു. മതേതരത്വം പൂർണമായ അർഥത്തിൽ വികസിച്ചിരുന്ന സമൂഹം. ജാതിയേതായാലും മതമേതായാലും തങ്ങൾ മനുഷ്യരാണ് എന്ന ബോധമായിരുന്നു അവർക്കിടയിൽ തിടംവച്ചിരുന്നത്.
സെല്ലുലാർ ജയിൽ കാലം മുതൽ ആൻഡമാനിൽ ബഹുഭാഷാ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇവർ പലഭാഷാ ഘടകങ്ങൾ ഉൾച്ചേർത്ത് ഒരു മിശ്രഭാഷ രൂപപ്പെടുത്തിയിരുന്നു.
ഹിന്ദു- മുസ്‍ലിം മൈത്രിയുടെ ഏറ്റവും പ്രകടമായ ഒരിടമാണ് പോർട്ട്ബ്ലൈറിലെ മസാർ പഹാഡ്. 1857- ലെ ശിപായി ലഹളയുമായി ബന്ധപ്പെടുത്തി ഉത്തർപ്രദേശിലെ ഇസ്‍ലാമിക പണ്ഡിതനായ ഫസൽ ഇ ഹഖ് ഖായിരാബാദിയെ ബ്രിട്ടീഷുകാർക്കെതിരെ സായുധപോരാട്ടം നടത്താൻ പ്രേരിപ്പിച്ചുവെന്ന കുറ്റംചുമത്തി 1859- ൽ ആൻഡമാനിലേക്കു നാടുകടത്തി. തുടക്കം മുതലേ ഹിന്ദു- മുസ്‍ലിം മൈത്രി ലക്ഷ്യം വച്ചു പ്രവർത്തിച്ച അദ്ദേഹം 1861 ഫെബ്രുവരി 12 ന് ആൻഡമാനിൽ രക്തസാക്ഷിയായി. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണ് മസർബാബയുടെ ദർഗ. പോർട്ട് ബ്ലൈറിലെ സൗത്ത് പോയിന്റിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഹിന്ദുക്കളും മുസ്‍ലിംകളും മതഭേദമില്ലാതെ ഇവിടെ ആരാധനക്കെത്തും. ലോക്കൽ ജനതയ്ക്കു വലിയ വിശ്വാസമുള്ള ആരാധനാലയമാണിത്.
ആൻഡമാൻ ഭരണകൂടം ആൻഡമാനിൽ സ്ഥിരവാസികളായവരെ 1942- നു മുമ്പുള്ളവരെന്നും അതിനുശേഷം പുനരധിവാസ പദ്ധതിയിൽ വന്നവരെന്നും തിരിച്ചിട്ടുണ്ട്. ഇവർക്ക് ഉദ്യോഗത്തിലും പ്രൊഫഷണൽ വിദ്യാഭ്യാസത്തിലും 50% സംവരണവുമുണ്ട്. ജാതിസംവരണം ആൻഡമാനിലില്ല.
സ്ഥിരവാസികളായ ആദിമേതര ജനവിഭാഗങ്ങൾ ആരെന്നും അവർക്കുള്ള അവകാശങ്ങൾ എന്തെന്നും അറിയാം.
1858 മുതൽ 1942 വരെ തടവുകാരായി ഇവിടെ എത്തിയവരും അവരുടെ ആശ്രിതരുമടങ്ങുന്നതാണ് ‘ലോക്കൽസ്’ എന്നറിയപ്പെടുന്നവർ. കൊളോണിയൽ കാലത്ത് ശിക്ഷ പൂർത്തിയാക്കിയവർക്ക് തിരിച്ചുപോകാൻ അവസരമൊരുക്കിയിരുന്നു. തിരിച്ചുപോകാൻ താല്പര്യമില്ലാത്തവർക്ക് ഇവിടെ സ്ഥിരവാസത്തിനും സൗകര്യമുണ്ടായിരുന്നു. അതുപോലെ ഭക്ഷ്യോത്പാദനത്തിനായി പത്തു വർഷം ജയിൽ ശിക്ഷ അനുഭവിച്ചവർക്ക് കുടുംബമായി കൃഷിചെയ്തു ജീവിക്കാൻ അവസരവുമുണ്ടായിരുന്നു. വനിതാ തടവുകാർ എണ്ണത്തിൽ കുറവായിരുന്ന കാരണം എല്ലാവർക്കും ഇണയെ കണ്ടെത്താനായില്ല. ഈ പ്രതിസന്ധി പരിഹരിക്കാൻ നാട്ടിൽനിന്ന് കുടുംബത്തെ കൊണ്ടുവന്നു താമസിക്കാൻ അനുമതി നൽകി. മാപ്പിളത്തടവുകാർ ഈ അവസരം നന്നായി പ്രയോജനപ്പെടുത്തി. ആൻഡമാനിൽ ജനിച്ച സന്തതികളെ ‘ലോക്കൽ ബോൺ’ എന്നാണ് വിളിച്ചത്. അവരും അവരുടെ സന്തതിപരമ്പരകളും ചേർന്നതാണ് ‘ലോക്കൽസ്’. ഇക്കൂട്ടരുടെ മാതാപിതാക്കൾ പല ജാതി മത ദേശക്കാരായിരുന്നു. പ്രധാനമായും ഹിന്ദു- ക്രിസ്ത്യൻ- മുസ്‍ലിം മതക്കാരായിരുന്നു. അതുപോലെ മലയാളം, ബംഗാളി, ബർമീസ് തുടങ്ങി വിവിധ ഭാഷകളിലുൾപ്പെട്ടവരും.
1921- ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് 1600- ലധികം മാപ്പിളമാരെ ആൻഡമാനിലേക്കു നാടുകടത്തി കൊണ്ടുവന്നുവെന്നാണ് അറിയുന്നത്. അവരായിരുന്നു ദ്വീപുവാസത്തിന്റെ അപരിചിതത്വത്തിലേക്കും ആൻഡമാൻ വന്യതയിലേക്കും വന്ന ആദ്യമലയാളികൾ.
സെല്ലുലാർ ജയിൽ കാലം മുതൽ ആൻഡമാനിൽ ബഹുഭാഷാസാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇവർ പലഭാഷാ ഘടകങ്ങൾ ഉൾച്ചേർത്ത് ഒരു മിശ്രഭാഷ രൂപപ്പെടുത്തിയിരുന്നു. ഹിന്ദുസ്ഥാനിയുടെ വകഭേദമായിട്ടാണ് ഇത് പിറന്നത്. ജയിലിൽ ഒരേ ഭാഷക്കാർ തമ്മിലടുക്കാതിരിക്കാനുള്ള നടപടികൾ ജയിലധികൃതർ നടപ്പാക്കിയിരുന്നു. വിനിമയ ശൂന്യതക്കൊരു പരിഹാരമായാണ് മിശ്രമൊഴി രൂപം കൊണ്ടത്. ഒരേസമയം ജയിലധികൃതർക്ക് ഈ ഭാഷയറിയില്ല എന്ന മെച്ചമുണ്ട്, അതേസമയം തടവുകാർക്കു തമ്മിൽ അടിയന്തരമായ സംഗതികൾ വിനിമയം ചെയ്യാനുമാവും. അടിയന്തര ആവശ്യത്തിനായി ഇത്തരത്തിൽ രൂപപ്പെടുന്ന ഭാഷയെ പിജിൻ എന്നാണ് സാങ്കേതികമായി പറയുക. പിജിൻ ക്രമേണ ഒരു ജനതയുടെ മാതൃഭാഷയാകുന്നതോടെ അത് സാങ്കേതികമായി ക്രിയോൾ ആയി മാറും.
ആൻഡമാനിൽ രൂപം കൊണ്ട ഹിന്ദുസ്ഥാനിഭേദം അഥവാ ആൻഡമാൻ ഹിന്ദി, ലോക്കൽസിന്റെ മാതൃഭാഷയായി. ഹിന്ദിയുടെ വ്യാകരണ ഘടനയല്ല ആൻഡമാൻ ഹിന്ദിക്കുള്ളത്. ലളിതമായ വ്യാകരണമാണ്. ഏതു ഭാഷയിലെ പദവും ചേരുംപടി പ്രയോഗിക്കാം പൂജക ബഹുമാനമൊന്നും സർവനാമത്തിലില്ല. ആപ്പ് എന്നല്ല തു (തും ) എന്നാണ് പ്രയോഗം. ആപ്പ് കഹാം ജാത്താ ഹേ എന്നൊന്നുമല്ല ആൻഡമാൻ ഹിന്ദിയിലുള്ളത്. തു കാ ജാത്താ എന്നൊക്കെയാണ്. ലക്ഷ്യം അവശ്യവിനിമയം മാത്രം. ഇക്കൂട്ടത്തിൽ പല ഭാഷക്കാരുള്ളതുകൊണ്ട് ബഹുഭാഷാപരിചയം ഇവർക്കുണ്ട്. അതുകൊണ്ട് അവശ്യം കാര്യങ്ങൾ ഏതു ഭാഷയിൽ കേട്ടാലും അവർക്കു തിരിയെ പറയാൻ കഴിഞ്ഞില്ലെങ്കിലും മനസിലാകും. സ്വാതന്ത്ര്യാനന്തരം ഹിന്ദുസ്ഥാനി ഭേദത്തിലെ ഉറുദു അംശം ക്രമേണ അപ്രത്യക്ഷമാവും, സംസ്കൃതം നിറഞ്ഞ മാനക ഹിന്ദിയിലേക്ക് ആൻഡമാൻ ഹിന്ദി അടുത്തുവരും.
ലോക്കൽസ് ജാതിരഹിത ശ്രേണിരഹിത സമൂഹമാണ്. ഹിന്ദു- ക്രിസ്ത്യൻ- മുസ്‍ലിം മതക്കാരുടെ കൂട്ടമാണിത്. മതചിഹ്നങ്ങളൊന്നും അവരാരും ഉപയോഗിച്ചിരുന്നില്ല. ആഘോഷങ്ങളിൽ നിന്നറിയാമെന്നല്ലാതെ എല്ലാപേരും ആൻഡമാൻ മക്കളായി സഹവസിക്കുന്നു. അവരെ മുഖ്യ ഭുമിയിലേതുപോലെയുള്ള ജാതി മത ഭാഷാ ദേശ ഭിന്നതകളൊന്നും അലട്ടിയിരുന്നേയില്ല. അത്തരം സ്വത്വഭാരമൊന്നും ചുമക്കേണ്ട ബാധ്യതയില്ലാത്ത സമാന ചരിത്രമുള്ള ഒരു ജനവിഭാഗം. മിശ്രവിവാഹത്തിന്റെ നേരും ചൂരും അറിഞ്ഞ പേരും നാളുമൊന്നും അപരത്വം സൃഷ്ടിക്കാത്ത സൗഹൃദത്തിലടിയുറച്ച ഒറ്റ മനസുള്ള ജനത. അതായിരുന്നു ലോക്കൽസ്. അവരുടെ ഭാഷ സംസ്‌കൃത രൂപം പ്രാപിച്ചത് ഒറ്റദിവസം കൊണ്ടല്ല. അതേപോലെ അവരിലേക്ക് മനുഷ്യർ സൃഷ്ടിച്ച ശ്രേണീകൃത സ്വത്വരൂപങ്ങൾ പാത്തും പതുങ്ങിയും എത്തിത്തുടങ്ങിയിട്ടുണ്ട്.
വിവാഹബന്ധങ്ങൾ ആദ്യം ഭാഷക്കുള്ളിലും പിന്നെ പതിയെ ജാതിക്കുള്ളിലും മതത്തിനുള്ളിലുമാക്കി മുഖ്യഭൂമിയോട് അകലം കുറച്ചുവരുന്നു. എല്ലാ മുന്നണികളുടെയും കൊടികളുയർന്നു. പല തരത്തിലുള്ള മാറ്റം വന്നുവെങ്കിലും സാമൂഹിക ഘടകങ്ങളിലൂന്നിയുള്ള വഴക്കും വക്കാണവും ഇതുവരെയും ശക്തി പ്രാപിച്ചിട്ടില്ല. പൂർണമായി അവരെ പിരിച്ച് ഭാഷ, ജാതി കള്ളകളിലേക്കു ഒതുക്കാൻ പ്രയാസമാണെങ്കിലും ചുറ്റിലും സമ്മർദം ശക്തമാണ്. ചെറിയ തോതിൽ പുനരധിവാസികളിൽ നിന്നാരംഭിച്ച മുഖ്യഭൂമി സ്വത്വവൽക്കരണം ഇപ്പോൾ രാഷ്ട്രീയ കാരണങ്ങളാൽ കൂടുതൽ ശക്തിപ്രാപിച്ചു. ആൻഡമാൻ ലോക്കൽസിന്റെ ജൈവബന്ധത്തിൽ വിള്ളലേൽപ്പിക്കുന്ന തരത്തിൽ പിൽക്കാല കുടിയേറ്റ രാഷ്ട്രീയം ശക്തി പ്രാപിച്ചു.
ആന്ധ്രപ്രദേശ്, പഞ്ചാബ്, ബംഗാൾ, മഹാരാഷ്ട്ര ബിഹാർ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ നിന്നും സെല്ലുലാർ ജയിലിലെ തടവുകാരായിരുന്ന പലരും ഇവിടെ തന്നെ സ്ഥിരതാമസമാക്കി. അവരുടെ പിന്മുറക്കാരും ലോക്കൽസ് ആണ്.
ലോക്കൽസിൽ പ്രമുഖമായ സാന്നിധ്യം മാപ്പിള മലയാളികളുടേതാണ്. 1921- ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് 1600- ലധികം മാപ്പിളമാരെ ആൻഡമാനിലേക്കു നാടുകടത്തി കൊണ്ടുവന്നുവെന്നാണ് അറിയുന്നത്. അവരായിരുന്നു ദ്വീപുവാസത്തിന്റെ അപരിചിതത്വത്തിലേക്കും ആൻഡമാൻ വന്യതയിലേക്കും വന്ന ആദ്യമലയാളികൾ. ശിക്ഷ കഴിഞ്ഞ് കുറെ പേർ നാട്ടിലേക്കുപോയി. ബാക്കിയുള്ളവർ ഇവിടെ താമസമാക്കി. നാട്ടിലേക്കു പോയവരിൽ ചിലർ തിരിച്ചെത്തി.
മലപ്പുറം, കാലിക്കറ്റ്, മണ്ണാർക്കാട്, വണ്ടൂർ, മഞ്ചേരി, തിരൂർ, നിലമ്പൂർ എന്നീ സ്ഥലനാമങ്ങൾ അവർക്കൊപ്പം ആൻഡമാനിലെത്തി പ്രചാരം നേടി. ആദ്യകാലത്ത് ഇതൊക്കെ മാപ്പിള വില്ലേജുകൾ ആയിരുന്നെങ്കിലും ഇപ്പോൾ ഫെറാർ ഗഞ്ച്, ഹോപ്പ് ടൗൺ, ബാംബൂ ഫ്ലാറ്റ്, സ്റ്റുവർട്ട്ഗഞ്ച്, വീമ്പർലി ഗഞ്ച്, കന്യാപുരം, മണ്ണാർക്കാട് മധുര, തുഷാനാബാദ്, ഒഗ്രബ്രജ്, കാലിക്കറ്റ്, ഫിനിക്സ് ബേ, ഹഡോ ദിലാനിപുർ, ലില്ലിപ്പൂർ എന്നിവിടങ്ങളിലാണ് വസിക്കുന്നത്. 15000- ത്തോളം ജനസംഖ്യയുണ്ട്. ഇപ്പോൾ മതപ്രവർത്തനങ്ങളും സംഘടനാ പ്രവർത്തനങ്ങളും ശക്തിപ്രാപിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ കേരളവുമായുള്ള ബന്ധവും പ്രകടമാണ്. എങ്കിലും ലോക്കൽസ് ഐക്യം ഭാഷേതരവും മതേതരവുമായി ഇപ്പോഴും നിലനിക്കുന്നുണ്ട്. യുവതലമുറയിൽ മലയാള ഭാഷാജ്ഞാനം നിലനിർത്താൻ മദ്രസാ പ്രവർത്തനങ്ങൾ വഴിയുള്ള ശ്രമമുണ്ട്. ബ്രിട്ടീഷുകാലം മുതൽ ജീവിക്കുന്ന വരാണെങ്കിലും വലിയുമ്മമാർ ഏറനാടൻ ഭാഷ മറന്നിട്ടുമില്ല, ഹിന്ദിക്കാരായുമില്ല എന്നത് അത്ഭുതമാണ്.
ഭാന്ത് അഥവാ ഭാത്തു എന്നറിയപ്പെടുന്നവർ ഉത്തർപ്രദേശിലെ നാടോടികളായ മോഷ്ടാക്കളാണെന്നാണ് ബ്രിട്ടീഷ് ഭാഷ്യം. 1926 -1928 നുമിടയിൽ തടവുകാരായി ഇക്കൂട്ടരിൽ 300 പേരെ ആൻഡമാനിലെത്തിച്ചു. അവരുടെ മാതൃഭാഷ ഹിന്ദുസ്ഥാനി ഭാഷാഭേദമായി കരുതുന്ന താപിയാണ്. പുതിയ തലമുറയ്ക്ക് മാതൃഭാഷ ആൻഡമാൻ ഹിന്ദിയാണ്. ഇവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. ഇവരും ലോക്കൽസ് സംവരണമുള്ളവരാണ്.
ലോക്കൽസ് പദവിയുള്ള മറ്റൊരു വിഭാഗം ബർമീസാണ്. 1907 നും 1923 നുമിടയിലാണ് കൊളോണിയൽ ഭരണകൂടം ബർമയിൽനിന്നും ഇവരെ കൊണ്ടുവന്നത്. തടവുകാരായും കാട് വെട്ടി തെളിയിക്കാൻ വേണ്ടിയുള്ള തൊഴിലാളികളായും ആണ് ഇവരെത്തിയത്. ബർമീസ് ഭാഷയാണ് അവർക്കിടയിൽ സംസാരിക്കുന്നത്. പ്രായമായവർക്കുമാത്രമേ ബർമീസ് ലിപി അറിയൂ. പുതിയ തലമുറ ആൻഡമാൻ ഹിന്ദിയാണ് ഉപയോഗിക്കുക. കൃഷി, വ്യവസായം, സർക്കാർ- സ്വകാര്യ ജോലി തുടങ്ങിയവയിലെല്ലാം ബുദ്ധമതക്കാരായ ഇവരെക്കാണാം. എണ്ണത്തിൽ കുറവുകാരണം മിശ്രവിവാഹം സാധാരണമാണ്.
ബർമയിൽ നിന്നെത്തിയ ലോക്കൽസായ മറ്റൊരു വിഭാഗമാണ് കാരെൻ. 1925 -27 കാലത്ത് സൗത്ത് ബർമയിൽനിന്ന് 250 ഓളം കാട്ടുവാസികളെ വനംവകുപ്പിൽ ജോലിക്കു കൊണ്ടുവന്നു. ഒരു വർഷം സൗജന്യ റേഷൻ നൽകി പാർപ്പിച്ചു. പിന്നീട് മായാബന്ദറിൽ കൃഷിക്ക് ഭൂമികൊടുത്തു. അവർ ദിയോപുർ, ലറ്റാവൊ ലക്നൗ പാനിഘട്ട്, കർമടാങ് എന്നീ പ്രദേശങ്ങളിൽ വസിക്കുന്നു. ക്രിസ്തുമതക്കാരാണ്. മാതൃഭാഷ കാരെൻ ഭാഷയാണെങ്കിലും ആൻഡമാൻ ഹിന്ദിയാണ് സാധാരണ ഉപയോഗിക്കുന്നത്. കൃഷിയാണ് മുഖ്യതൊഴിൽ. ഇവർക്കിടയിലും മിശ്രവിവാഹം സാധാരണമാണ്.
ആന്ധ്രപ്രദേശ്, പഞ്ചാബ്, ബംഗാൾ, മഹാരാഷ്ട്ര ബിഹാർ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ നിന്നും സെല്ലുലാർ ജയിലിലെ തടവുകാരായിരുന്ന പലരും ഇവിടെ തന്നെ സ്ഥിരതാമസമാക്കി. അവരുടെ പിന്മുറക്കാരും ലോക്കൽസ് ആണ്. ലോക്കൽസ് ബഹുഭാഷാമിശ്രജനതയാണെന്നു ഇതിൽനിന്ന് മനസ്സിലാക്കാമല്ലോ.
ആൻഡമാനിലെ പുനരധിവസികൾ
ഇന്ത്യ- പാകിസ്ഥാൻ -ബംഗ്ലാദേശ് വിഭജനം കുടിയിറക്കിയ അഭയാർഥികളെ കുറിച്ചു അധികം പഠനങ്ങളുണ്ടായിട്ടില്ല. ഉണ്ടായിട്ടുള്ള പഠനങ്ങളിൽ ആൻഡമാൻ സന്ദർഭം ഒഴിവാക്കപ്പെട്ടിട്ടുമുണ്ട്. വിഭജന അഭയാർഥികളിൽ ആൻഡമാൻ അഭയം നൽകിയ പുനരധിവസികളിൽ പ്രമുഖ ഭാഷാസമൂഹം ബംഗാളികളാണ്. ആൻഡമാനിലെ ബംഗാളികളുടെ പുനരധിവാസചരിത്രം 1949 മാർച്ച് മുതൽ ആരംഭിക്കുന്നു. 132 കുടുംബങ്ങളിലായി 495 പേരാണ് ആൻഡമാനിലേക്കു പുനരധിവാസത്തിനുകൊണ്ടുവന്ന ആദ്യ കൂട്ടം. ഇവരിലധികവും കൃഷി, നെയ്ത്ത്, ആശാരിപ്പണി എന്നിവയിൽ ഏർപ്പെട്ടിരുന്നവരാണ്. അഭയാർഥി പ്രശ്‍നം രൂക്ഷമായിരുന്ന ബംഗാളിന് ആൻഡമാനിൽ പുനരധിവസിപ്പിക്കാമെന്ന സാധ്യത ആശ്വാസമായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബി.സി. റോയ് ഇതൊരു ആഘോഷമായി കൊണ്ടാടി. ആനന്ദബസാർ പത്രത്തിലൊക്കെ ഫോട്ടോയും വാർത്തയും പ്രസിദ്ധീകരിച്ചു. ഇതിനെതിരെ വലിയ വിമർശനമുണ്ടായി. കാലാപാനിയിലേക്കു നാടുകടത്തി നിർബന്ധപൂർവമായിരുന്നു ഈ കൂട്ടപ്പലായനം എന്നൊക്കെ വിമർശനം വന്നു. പത്രങ്ങളിൽ വിമർശനാത്മകമായ കാർട്ടൂണുകളുമൊക്കെ വന്നു.
ആൻഡമാനിൽ ജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് ബംഗാളികളാണ്, ഒരുലക്ഷത്തോളം പേരുണ്ട്. വ്യത്യസ്ത ജാതിവിഭാഗങ്ങൾ ഇവർക്കിടയിലുണ്ട്. ജാതിശ്രേണിയിൽ താഴെ തട്ടിലുള്ളവരാണിവിടെ അധികവും എത്തിയതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
അഭയാർഥികളുടെ പുനരധിവാസത്തിന് പറ്റിയയിടം ആൻഡമാൻ ആണെന്നു മനസിലാക്കിയതോടെ ഈസ്റ്റ് ബംഗാൾ അഭ്യർഥിയാകളെ വീണ്ടും വീണ്ടും ആൻഡമാനിലെത്തിച്ചു. 1953- ൽ 97, 1954- ൽ 438, 1955- ൽ 390, 1956- ൽ 357, 1957- ൽ 221, 1958- ൽ 194, 1959- ൽ 217, 1960- ൽ 228, 1967- ൽ 323, 1971- ൽ 375 കുടുംബങ്ങൾ എന്ന കണക്കിലിവിടെ എത്തിച്ചേർന്നു. 1949 മുതൽ 1971 വരെ വന്ന ഇവരെ സൗത്ത് ആൻഡമാൻ- മിഡിൽ ആൻഡമാൻ- നോർത്ത് ആൻഡമാൻ എന്നിവിടങ്ങളിൽ കുടിയിരുത്തി. ഓരോ കുടുംബത്തിനും 10 ഏക്കർ ഭൂമിയും സാമ്പത്തിക സഹായവും നൽകി. പുനരധിവാസയിടങ്ങളിൽ പലതും ജരാവ റിസർവിനോട് ചേർന്നായിരുന്നു.
ആൻഡമാനിൽ ജനസംഖ്യയിൽ ഒന്നാംസ്ഥാനത്ത് ബംഗാളികളാണ്, ഒരുലക്ഷത്തോളം പേരുണ്ട്. വ്യത്യസ്ത ജാതിവിഭാഗങ്ങൾ ഇവർക്കിടയിലുണ്ട്. ജാതിശ്രേണിയിൽ താഴെ തട്ടിലുള്ളവരാണിവിടെ അധികവും എത്തിയതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇക്കൂട്ടർ പൊതുവിൽ ദ്വിഭാഷികളാണ്. മാതൃഭാഷയായ ബംഗാളിയോടൊപ്പം മറ്റുള്ളവരുമായി വിനിമയത്തിന് ആൻഡമാൻ ഹിന്ദിയും ഉപയോഗിക്കുന്നു. കൃഷി മുഖ്യ തൊഴിലാണെങ്കിലും മറ്റു പല ജോലികളിലും ഇവരുണ്ട്. വിദ്യാഭ്യാസാനുകുല്യം പ്രയോജനപ്പെടുത്തുന്നതുകൊണ്ട് സർക്കാർ ഉദ്യോഗത്തിലും മികച്ച സാന്നിധ്യം കാണാം. പോർട്ട് ബ്ലെയർ കേന്ദ്രീകരിച്ച് സാംസ്കാരിക പ്രവർത്തങ്ങൾ ഏകോപിപ്പിക്കാൻ 1945 മുതൽ ബംഗാളി ക്ലബ് അഥവാ അതുൽ സ്മൃതി, ലൈബ്രറി സൗകര്യത്തോടെ പ്രവർത്തിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രാദേശിക തിരഞ്ഞെടുപ്പുകളിലും നിർണായകസ്വാധീനം ഇവർക്കുണ്ട്
കൂർഗി
കർണാടകത്തിലെ കൊഡഗ് പ്രദേശത്തുനിന്ന് പുനരധിവാസത്തിനെത്തിയവരാണ് കൂർഗികൾ. കൊടവ ഭാഷക്കാരാണെങ്കിലും ഇപ്പോൾ അതുപയോഗിക്കുന്നില്ല. കന്നഡ, മലയാളം. ആൻഡമാൻ ഹിന്ദിയൊക്കെ ഇവർക്കറിയാം. വനവുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യാനാണ് അവരിവിടെ എത്തിയത്. ശമ്പളക്കാരാണധികവും. കൂർഗി അസോസിയേഷൻ രൂപീകരിച്ചിട്ടുണ്ട്.
മലയാളി
1952 -1958 കാലങ്ങളിൽ ആൻഡമാൻ വികസന പ്രവർത്തനത്തിനുവേണ്ടിയുള്ള ജോലികൾക്കായി മുഖ്യഭൂമിയിൽ പരസ്യം വന്നു. അതോടൊപ്പം കൃഷിഭൂമി ഏറ്റെടുത്തു കൃഷിചെയ്ത് പുനരധി വാസത്തിനു താല്പര്യമുള്ളവരെയും ക്ഷണിക്കുന്ന പരസ്യമായിരുന്നു. ഒട്ടേറെ മലയാളികൾ തയ്യാറായി ആൻഡമാനിലേക്കു വന്നു. അവരെ മിഡിൽ ആൻഡമാനിലും നോർത്ത് ആൻഡമാനിലുമായി ബകുന്തല്ല, ബെടാപൂർ, ധർമപുരം, തിരുവഞ്ചിപുരം, രാംപൂർ, ലക്നൗ, കേരളപുരം എന്നിവിടങ്ങളിൽ പുനരധിവസിപ്പിച്ചു. ഉദ്യോഗസ്ഥരായി ചേർന്നവർ പോർട്ട് ബ്ലെയർ ഭാഗത്ത് വാസമുറപ്പിച്ചു.
അൻപതുകളിൽ തൊഴിൽതേടി മലയാളികൾ ഒറ്റയായും ചെറുകൂട്ടങ്ങളായും ദ്വീപിലെത്തി. പുനരധിവാസത്തിനായും കുടുംബങ്ങളെത്തി. 1953- ൽ 35, 1955- ൽ 37, 1956- ൽ 52,1958- ൽ 6, 1960- ൽ 14 കുടുംബങ്ങൾക്കു വീതം പുനരധിവാസം സാധ്യമായി. എല്ലാ കാലത്തും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരായും ആൻഡമാൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരായും കുറെ മലയാളികളുണ്ടാകും. സ്ഥലംമാറ്റമില്ലാത്ത ചിലർ അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നുണ്ട്. ചിലർ പെൻഷനായി നാട്ടിലേക്കു പോരുന്നുണ്ട്. മലയാളികൾക്കിടയിൽ സാംസ്‌കാരിക കൂട്ടായ്മയ്ക്കായി കേരള സമാജമൊക്കെ പ്രവർത്തിക്കുന്നുണ്ട്
തമിഴ്
കൊളോണിയൽ കാലത്ത് തമിഴ് സാന്നിധ്യമുണ്ടായിരുന്നതായി സെൻസസ് രേഖകളിൽ കാണാം. 1942 നു മുമ്പുണ്ടായിരുന്നവർ ഇവിടെ സ്ഥിരതാമസമാക്കിയോ എന്നതിന് തെളിവില്ല. എന്നാൽ 1949-നും 1961-നുമിടയിൽ 48 തമിഴ് കുടുംബങ്ങൾ പുനരധിവസിച്ചുവെന്നതിന് തെളിവുണ്ട്. അവരിൽ ബർമയിൽ നിന്നും കൊണ്ടുവന്ന തമിഴ് കുടുംബങ്ങളുമുണ്ട്. 1970- കളിൽ ശ്രീലങ്കയിൽനിന്ന് 47 തമിഴ് കുടുംബങ്ങളെ നിക്കോബാറിലെ കച്ചാൽ ദ്വീപിൽ പുനരധിവസിപ്പിച്ചു. 100 ശ്രീലങ്കൻ തമിഴ് കുടുംബങ്ങളെ ലിറ്റിൽ ആൻഡമാൻ ദ്വീപിൽ പുനരധിവസിപ്പിച്ചു. അല്ലാതെ സർക്കാർ പുനരധിവാസ പദ്ധതിയിൽ അധികം പേരെത്തിയിട്ടില്ല.
എന്നാൽ ജോലിതേടിയെത്തിയവരുടെ തമിഴ് സാന്നിധ്യം മറ്റുള്ളവരെക്കാൾ കൂടുതലാണ്. ചെന്നൈയിൽ നിന്ന് പോർട്ട് ബ്ലൈറിലേക്കുള്ള കപ്പൽ ലഭ്യതയാണിതിനുകാരണം. 2001 സെൻസസ് പ്രകാരം 62961 ആണ് തമിഴ് ജനസംഖ്യ. ആന്ഡമാനിലെല്ലാഭാഗത്തും തമിഴ് സാന്നിധ്യമുണ്ട്. രാഷ്ട്രീയം, വ്യവസായം തുടങ്ങി നിരവധി മേഖലകളിൽ ശക്തമായ തമിഴ് പ്രാതിനിധ്യമുണ്ട്. തമിഴ് സംഘം പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ടുപോകുന്നു. ഇവിടെ തമിഴ് ജനത ഹിന്ദിയെ മാനിക്കുന്നുണ്ട്.
തെലുഗു
1947- ൽ 200 തെലുഗു തൊഴിലാളികളെ വനം വകുപ്പിലെ ജോലികൾ ചെയ്യാൻ ഏൽപ്പിച്ചു. ജോലിക്കാലം കഴിഞ്ഞു പലരും തിരിച്ചുപോയി. 1950 -1962 കാലത്ത് ശ്രീകാകുളം, ഗോദാവരി ജില്ലകളിൽ നിന്നും ഒട്ടേറെപേർ ആൻഡമാനിലെത്തി. ഭിന്ന തൊഴിൽ വിഭാഗക്കാരാണ് തെലുഗു ജനത. മത്സ്യബന്ധനവും കച്ചവടവും അധികവും തെലുഗു നിയന്ത്രണത്തിലാണ്. 33,000 ത്തിലേറെയാണ് ഇവരുടെ ജനസംഖ്യ. ആന്ധ്ര അസോസിയേഷൻ തെലുഗു ഭാഷാസ്നേഹം യുവജനതയിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. പുതുതലമുറയിൽ നിന്നും മറ്റുപലഭാഷകളെപ്പോലെ തെലുഗുവും അപ്രത്യക്ഷമാകുന്നു.
ഗോത്രവർഗക്കാരുടെ പൈതൃകാവകാശത്തിനു ഊന്നൽ നൽകി മാത്രം ആൻഡമാൻ ജനവാസമേഖലയെ ഇന്നു വിശദീകരിക്കാനാവില്ല. ദ്വീപിൽ അരങ്ങേറിയ നിരവധി ചരിത്ര പ്രയാണങ്ങളെ കൂടി കണക്കിലെടുത്തുമാത്രമേ ഭൂ അവകാശങ്ങളെ കുറിച്ചു ചർച്ച ചെയ്യാനാവൂ.
റാഞ്ചിക്കാർ
ചോട്ടാ നാഗ്പൂരിൽ നിന്നെത്തിയവരാണ് റാഞ്ചിക്കാർ. ക്രിസ്ത്യൻ മിഷണറിമാർ ദ്വീപിൽ തൊഴിലാളികളായി എത്തിച്ചവരാണ് ഇക്കൂട്ടർ. 1950 കളിലും 1960 അവസാനവും തൊഴിലാളികളായി ചിക്ക് ബറായിക്, കാവർ, ഖാരിയ, ഒറാവോൺ എന്നിങ്ങനെ വിവിധ ആദിവാസിവിഭാഗങ്ങളിൽ നിന്നും വന്നവരാണ്. ഇവർ ഹന്ഡിയ (റൈസ് ബിയർ ) തയ്യാറാക്കി ഉപയോഗിക്കാറുണ്ട് . സാദ്രിയാണ് റാഞ്ചികൾ തമ്മിലുള്ള ബന്ധഭാഷയെങ്കിലും ഇപ്പോൾ ആൻഡമാൻ ഹിന്ദി തന്നെയാണ് മുഖ്യഭാഷ.
ആൻഡമാൻ ദ്വീപുകളുടെ ആദിമേതര ജനവാസത്തെ കുറിച്ചുള്ള ഒരു ലഘു ചിത്രമാണ് അവതരിപ്പിച്ചത്. ആൻഡമാൻ നെഗ്രിറ്റോ വംശജരുടെ പൈതൃക മണ്ണാണ് എന്നതിനോടൊപ്പം തന്നെ തടവുകാരുടെ പിന്മുറക്കാരുടെയും പുനരധിവസിപ്പിച്ച അഭയാർഥികളുടെയും പരശതം തൊഴിലാളികളുടെയും മണ്ണായി പരിവർത്തനപ്പെട്ട കാഴ്ചയാണ് ആൻഡമാൻ ചരിത്രം പങ്കുവയ്ക്കുന്നത്.
ഗോത്രവർഗക്കാരുടെ പൈതൃകാവകാശത്തിനു ഊന്നൽ നൽകി മാത്രം ആൻഡമാൻ ജനവാസമേഖലയെ ഇന്നു വിശദീകരിക്കാനാവില്ല. ദ്വീപിൽ അരങ്ങേറിയ നിരവധി ചരിത്ര പ്രയാണങ്ങളെ കൂടി കണക്കിലെടുത്തുമാത്രമേ ഭൂ അവകാശങ്ങളെ കുറിച്ചു ചർച്ച ചെയ്യാനാവൂ. ഇന്ത്യയുടെ ഭൂമി എന്നനിലയിൽ അതിന്റെ അവകാശം സർക്കാരിൽ നിക്ഷിപ്തമാണ് എന്നു വരുമ്പോൾ സർക്കാരിന് ഇന്ത്യൻ പൗരർക്കു പതിച്ചു നൽകാൻ അവകാശമുണ്ടെന്നു വരുന്നു. ആ അവകാശമാണ് പുനരധിവാസ പദ്ധതിയിലൂടെ സർക്കാർ നിറവേറ്റിയത്. ഗോത്രജനതയുടെ പൈതൃകാവകാശത്തിനെതിരെയുള്ള അധിനിവേശമല്ലേ ബ്രിട്ടീഷ് -ഇന്ത്യൻ ഭരണകൂടങ്ങൾ ചെയ്‌തതെന്ന ആലോചന അപ്രസക്തമല്ല.
ഇന്ത്യ ഒരു ദേശരാഷ്ട്രമായതോടെ ആൻഡമാനിലെ ഗോത്രജനതയും ദ്വീപിനു പുറത്തുള്ളവരും ഇന്ത്യൻ പൗരത്വമുള്ളവരായി മാറി. ഈ പൗരത്വ ദേശീയത ഇന്ത്യൻ ഭരണകൂട നടപടികളെ ന്യായീകരിക്കുന്നു. തന്നെയുമല്ല ഗോത്രജനതയുടെ ഉന്നമനത്തിനും മറ്റുള്ളവരെ പോലെ സമാനമായ പൗരത്വ അവകാശങ്ങൾക്ക് അവരെ പ്രാപ്തരാക്കാനും വേണ്ടിയാണ് പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്‍തത്. ഇന്ത്യൻ ഭരണകൂടത്തിന്റെ ആൻഡമാൻ ഇടപെടലുകളെ സൈദ്ധാന്തികമായി ന്യായീകരിക്കാൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വ സമത്വം ഉയർത്തി കാണിക്കാം. പ്രായോഗികമായി പരിശോധിക്കുമ്പോൾ ദേശരാഷ്ട്രത്തിന്റെ ഇടപെടലുകളുടെ അന്തിമമായ ഇര ഗോത്രജനതയാണെന്ന് ഗോത്രപക്ഷം.
ഗോത്രേതര നിവാസികളും ഇന്ത്യൻ പൗരരാണെന്നും അവർക്കും ആൻഡമാനിൽ അവകാശമുണ്ടെന്നും അവരാണ് ദ്വീപുസമൂഹത്തെ ഇന്ത്യയുടെ ഭാഗമാക്കുന്നതെന്നുമുള്ള ഭൂരിപക്ഷ നിലപാടും തള്ളിക്കളയാവുന്നതല്ല. ഇത്തരം സാഹചര്യത്തിൽ കരണീയമായത് മധ്യമമാർഗമാണ്. ഇരുകൂട്ടരുടെയും അതിജീവനം ഉറപ്പുവരുത്തണം. അതിനായി ജരാവ റിസർവ് സുരക്ഷിതമാക്കണം. പരിസരനിവാസികളായ പുനരധിവസികളെ ബോധവൽക്കരിക്കണം. ജരാവനയം അക്ഷരംപ്രതി നടപ്പാക്കിയാൽ ഒരുപരിധിവരെ ജരാവ സുരക്ഷിതമാകുമെന്നാശിക്കാം. സെന്റിനെൽ നിവാസികളെ ഒരു കാരണവശാലും മുഖ്യധാരവൽക്കരണത്തിനു പ്രേരിപ്പിക്കാതിരിക്കുക. ഒങ്ങേ, ഗ്രേറ്റ് ആൻഡമാനീസ് വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും ബാഹ്യ ചൂഷണത്തിൽനിന്നും സംരക്ഷിക്കുകയും ചെയ്യുക.
ഗോത്രേതര നിവാസികളെ സംബന്ധിച്ച് ലോക്കൽസ് സൃഷ്ടിച്ചെടുത്ത സമത്വ സഹജീവനത്തിനപ്പുറം പൈതൃകഭാഷ ദേശത്തെയും മതത്തെയും മറ്റൊന്നിനെയും വിഭാഗീയ ഘടകങ്ങളാകാൻ അനുവദിക്കാത്ത സൗഹൃദജീവനം നിലനിർത്താൻ കഴിയാത്ത അവസ്ഥ ഇപ്പോഴുണ്ട്. പുനരധിവസികൾ ഭാഷാ- ദേശ- സ്വത്വ ഘടനകളിലൂന്നിക്കൊണ്ടുള്ള അതിജീവനരാഷ്ട്രീയത്തിന് മുൻഗണന കൊടുക്കുന്നത് മുഖ്യഭൂമി ബന്ധമാണ്. ഇത് കൂടുതൽ ഉറപ്പിക്കുന്നതിൽ ഇടക്കാലത്തേക്കു വരുന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. രാഷ്ട്രീയ പ്രവർത്തനങ്ങൾ ഭൂരിപക്ഷ തീരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ജനസംഖ്യ കൊണ്ട് ഞങ്ങളാണ് വലുതെന്ന ഭാവം വളർന്നിട്ടുണ്ട്. അപ്പോഴും ആൻഡമാൻ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സംവരണതത്വം മുഖ്യഭൂമി രാഷ്ട്രീയത്തിനു സമാനമായി ആൻഡമാനിൽ അരങ്ങേറുന്ന രാഷ്ട്രീയത്തെ ഒരുപരിധിവരെ കടിഞ്ഞാണിടുന്നുണ്ട്
ആൻഡമാൻ ഭരണകൂടം ആദിവാസികൾക്ക് 20%-വും 1942- നു മുമ്പുവന്ന ലോക്കൽസിനും പുനരധിവാസ പദ്ധതിയിൽ വന്ന സെറ്റിലേർസിനും 50 %- വും സംവരണം ഏർപ്പാടു ചെയ്തിട്ടുണ്ട്. ദ്വീപിൽ ആൻഡമാൻ അഡ്മിനിസ്‌ട്രേഷന്റെ കീഴിൽ ഉദ്യോഗസ്ഥരായവരുടെ മക്കളിൽ പത്തുവർഷത്തെ പഠനം ദ്വീപിൽ പൂർത്തിയാക്കിയവർക്ക് 20 % ആണ് സംവരണം. കേന്ദ്രസർക്കാർ ജീവനക്കാരുടെ മക്കളിൽ 11, 12 ക്ലാസ് പഠനം ഇവിടെ പൂർത്തിയാക്കിയവർക്ക് 10% ആണ് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായുള്ള സീറ്റുകളിൽ സംവരണം. ലോക്കൽസിനും പുനരധിവാസക്കാർക്കും സമാനമായ ഉദ്യോഗ സംവരണവുമുണ്ട്. പുനരധിവസികൾ വർധിച്ച ജനസംഖ്യ ഉയർത്തിക്കാണിച്ച് പ്രാതിനിധ്യ അവകാശങ്ങൾ വേണമെന്നും മുഖ്യഭൂമിയിലേതുപോലെ ജാതിസംവരണം വേണമെന്നും മുറവിളി കൂട്ടുന്നുണ്ട്. നെഗ്രിറ്റോ സംസ്കാരത്തിന്റെ പതനം പോലെ ലോക്കൽസ് ആർജിച്ചെടുത്ത ഭാഷാ ജാതിയേതര മതേതര സ്വത്വത്തിന് അപചയമുണ്ടാകുമെന്നും മുഖ്യധാരാനുകരണം കൂടുതൽ ശക്തമാകാനാണ് സാധ്യതയെന്നും പറഞ്ഞുവയ്ക്കാം.
(തുടരും)