Photo: Vythiri Resort, Fb

അട്ടിമറിക്ക​പ്പെട്ട വനാവകാശ നിയമം,
​ആദിവാസികളോടുള്ള ചരിത്രപരമായ അനീതി

വകുപ്പുകൾ തമ്മിലുള്ള ഏകീകരണമില്ലായ്​മയും ഉദ്യോഗസ്ഥതലത്തിലുള്ള അജ്ഞതയുമാണ്​, വനാവകാശനിയമത്തെ നോക്കുകുത്തിയാക്കിയത്​. നിയമത്തെക്കുറിച്ച്​ നടത്തിപ്പുകാർക്കുതന്നെ ശരിയായ ധാരണയില്ലാത്തതുമൂലം അത് ആദിവാസികളിലെത്തിച്ച്​, അവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ കഴിയാതെ പോയി.

ദിവാസിഭൂമിയുമായും, ആദിവാസിക്ഷേമവുമായും ബന്ധപ്പെട്ട് സർക്കാർ തലത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ഈ ക്ഷേമപ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ അവബോധപരമായ എന്ത്​ സ്വാധീനമാണുണ്ടാക്കിയത് എന്നത് അന്വേഷിക്കേണ്ട വിഷയമാണ്​.

സർക്കാർ നടപ്പിലാക്കിയ ‘ഊരു ടൂറിസം’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട ഒരു കുഞ്ഞുവിഡീയോ ഈയിടെയാണ്​ കണ്ടത്​. വയനാട് ജില്ലയിലെ വൈത്തിരിയിലാണ്​ ഇതിന്റെ ഭാഗമായി ഊരുനിർമാണം നടത്തിയത്​. പരമ്പരാഗത ശൈലിയിലാണ് ഊരുനിർമാണം. ഇതുകാണാനിടയായപ്പോൾ മറ്റു ചില കാര്യങ്ങൾ കൂടി ചേർത്തുവായിക്കാൻ തോന്നി. ചരിത്രം എഴുതുന്നതിൽ ഭരണ നടത്തിപ്പുകാർക്ക് പങ്കുണ്ട്. ചിലപ്പോൾ അത് വ്യാഖ്യാനിച്ചെടുക്കുന്നതിൽ പലർക്കും പല അഭിപ്രായങ്ങൾ കാണും. എന്താണ് ആ നിർമിതി? അവ ചരിത്ര അവശേഷിപ്പുകളാണ്, ചരിത്രം ഇല്ലാതായ ആദിവാസികളുടെ.

ആദിവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട്​ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിരവധി നിയമങ്ങൾ നിർമിച്ചിട്ടുണ്ട്. എന്നാൽ അവയിൽ എത്ര നടപ്പിലായിട്ടുണ്ട് എന്ന് പരിശോധിക്കേണ്ട ഒന്നാണ്. ഇന്നത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ആദിവാസികളെ രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്ന വിധം ഈ പരിശോധനയിൽ പ്രകടമാകും. ഒപ്പം, ഒരു പ്രത്യേക വിഭാഗം ആദിവാസികളെ ഇന്നും കാര്യശേഷിയില്ലാത്തവും ഭൂമിയില്ലാത്തവരുമായി നിലനിർത്തിയിരിക്കുന്നു എന്നും കാണാം. 2006ലെ വനാവകാശ നിയമവും അതിന്റെ പ്രതീക്ഷയും, തളർച്ചയും ചൂണ്ടിക്കാണിച്ചുള്ള ഒരു വിഷയ സമീപനമാണ്​ പ്രധാനമായും ചർച്ച ചെയ്യുന്നത്.

ഊര് ടൂറിസവുമായി ബന്ധപ്പെട്ട് നിർമ്മിച്ച കൃത്രിമ ആദിവാസി സെറ്റിൽമെൻറുകൾ. / Photo: Anil Kizhakkethil, Fb

‘2006ലെ പട്ടിക ഗോത്ര വർഗങ്ങളും മറ്റു പരമ്പരാഗത വനവാസികളും (വനാവകാശങ്ങൾ അംഗീകരിക്കൽ) ആക്ട്’ എന്നാണ് ഈ നിയമത്തിനു നൽകിയ പേര്. കേന്ദ്ര നിയമമന്ത്രാലയം ഈ നിയമം കൊണ്ടുവരുമ്പോൾ കേന്ദ്രത്തിൽ ഇടതുപാർട്ടികൾ കൂടി പങ്കാളികളായിരുന്ന യു. പി. എ സഖ്യമായിരുന്നു അധികാരത്തിൽ. പട്ടിക ഗോത്ര വർഗങ്ങൾക്കും മറ്റു പരമ്പരാഗത വനവാസികൾക്കും വനാവകാശം നൽകും എന്ന പ്രതീക്ഷ, ഈ നിയമം നൽകിയിരുന്നു. കേരളത്തിൽ മുത്തങ്ങ സമരത്തിന്റെ കോലാഹലം കെട്ടടങ്ങുന്നതിനുമുമ്പുതന്നെ വനാവകാശ നിയമവുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങി. എന്നാൽ കേരളത്തിലെ പ്രതീക്ഷയായിരുന്ന ഇടതുപക്ഷം ഇതു നടപ്പിലാക്കുന്നതിൽ എങ്ങനെ പിന്നോട്ടുപോയി എന്നുകൂടി ആലോചിക്കേണ്ടതുണ്ട്.

ആദിവാസിഭൂമിയുടെ അന്യവൽക്കരണം

കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്നത് വയനാട് ജില്ലയിലാണ്. 2001ലെ കണക്ക്​ നോക്കിയാൽ 44.77 ശതമാനം പണിയരും, 17.51 ശതമാനം മുള്ളുക്കുറുമരും, 17.38 ശതമാനം കാട്ടുനായ്ക്കരും, 7.10 ശതമാനം അടിയരും, 2.69 ശതമാനം ഊരാളി കുറുമാരും ആണ്. ഈ പശ്ചാത്തലത്തിലാണ് മുത്തങ്ങ സമരവും വനാവകാശനിയമവും വരുന്നത്. ചരിത്രപരമായി ഈ വിഭാഗങ്ങൾ ഭിന്നജാതീയരാണ്​. കുടുംബബന്ധങ്ങളിലും, സംസ്‌കാരത്തിലും, വിവാഹത്തിലും എല്ലാം അവരവരുടേതായ വഴക്കങ്ങൾ നിലനിർത്തിയിരുന്നു. ജാതീയമായ ശ്രേണികളിൽ ഇവർ വിഭിന്ന തട്ടുകളിൽ തന്നെയായിരുന്നു. മുള്ളുക്കുറുമരും, കുറിച്യരും ഭൂമി കൈവശം വച്ചിരുന്ന കൃഷിക്കാരായിരുന്നു. അവർ അരിയും മറ്റു ധാന്യങ്ങളും കൃഷി ചെയ്തിരുന്നു. ഭൂമിയുടെ ഇവരുടെ വിഭാഗത്തിന്റെ ഉടമസ്ഥതയിലായിരുന്നു. പണിയരും, അടിയരും ഇവരുടെ കൃഷിപ്പണിക്കാരായിരുന്നു. ഊരാളി കുറുമർ പരമ്പരാഗതമായി നെയ്ത്തുകാരും മൺപാത്രങ്ങൾ നിർമിക്കുന്നവരുമായിരുന്നു. അവർ വനത്തിൽ നിന്ന്​ മുള ശേഖരിച്ച്​കുട്ടയും മറ്റും നിർമ്മിച്ചിരുന്നു.

മുള്ളുകുറുമരുടെ, അധീനതയിലായിരുന്ന പ്രദേശം കോട്ടയം രാജാക്കന്മാർ പിടിച്ചെടുത്തു എന്നും അത് ഭൂബന്ധങ്ങളിൽ മാറ്റം കൊണ്ടുവന്നു എന്നും പറയുന്നു. അത്​, ക്ഷേത്രാധിഷ്ഠിത സമ്പദ്​വ്യവസ്​ഥയും ഗ്രാമീണമായ തൊഴിൽ വിഭജനവും കൊണ്ടുവന്നു എന്നും പറയപ്പെടുന്നു.

കുറുപ്പ് (2010), ഷണ്മുഖരത്‌നം (2007) എന്നിവർ ആദിവാസിഭൂമിയുടെ അന്യവൽക്കരണത്തെക്കുറിച്ചു പറയുന്നുണ്ട്. 14ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 15ാം നൂറ്റാണ്ടിന്റെ ആദ്യത്തോടെയും വേടർ രാജാക്കൻമാരുടെ, അതായത് മുള്ളുകുറുമരുടെ, അധീനതയിലായിരുന്ന പ്രദേശം കോട്ടയം രാജാക്കന്മാർ പിടിച്ചെടുത്തു എന്നും അത് ഭൂബന്ധങ്ങളിൽ മാറ്റം കൊണ്ടുവന്നു എന്നും പറയുന്നു. അത്​, ക്ഷേത്രാധിഷ്ഠിത സമ്പദ്​വ്യവസ്​ഥയും ഗ്രാമീണമായ തൊഴിൽ വിഭജനവും കൊണ്ടുവന്നു എന്നും പറയപ്പെടുന്നു. അതുവഴിയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ഉയർന്ന ജാതിയിലുള്ള നായന്മാർക്ക് വന്നത്​. അവരെയാണ് രാജാവ് ക്ഷേത്രപരമായ ഭരണത്തിനും പ്രദേശങ്ങളുടെ ഭരണത്തിനും നിയോഗിച്ചത്. പണിയരും, അടിയരും അതുവഴി ജന്മികളുടെ കുടിയൻമാരായി. ചെട്ടികളും, നായന്മാരും, നമ്പ്യാർമാരും, ജൈനന്മാരും ആയിരുന്നു വയനാട്ടിലെ ജന്മികൾ.

മുള്ളുക്കുറുമരും, കുറിച്യരും ഭൂമി കൈവശം വച്ചിരുന്ന കൃഷിക്കാരായിരുന്നു. അവർ അരിയും മറ്റു ധാന്യങ്ങളും കൃഷി ചെയ്തിരുന്നു. / Photo: Vythiri Resort, Fb

വയനാട്ടിലെ ഭൂമിഉടമസ്ഥത കൊളോണിയൽ ഭരണകാലത്തും തുടർ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ബ്രിട്ടീഷ് ഗവൺമെൻറ്​ ഭൂമിയുടെ ഉടമാവകാശം എന്ന ആശയം കൊണ്ടുവന്നു. 1888ലെ ഇന്ത്യൻ ഫോറസ്​റ്റ്​ ആക്ട് പ്രകാരം, ശാസ്ത്രീയ രൂപരേഖയോടെ കൊളോണിയൽ ഭരണകർത്താക്കൾ വനം വിഭവങ്ങൾ സ്വന്തമാക്കാൻ നിയമങ്ങൾ കൊണ്ടുവന്നു. വനം ഭൂമി സർവ്വേ നടത്തുകയും അത് സർക്കാർ അധീനതയിൽ കൊണ്ടുവരികയും ചെയ്തു. വനത്തിലെ ഏറ്റവും വിലപിടിപ്പുള്ള മരങ്ങൾ നിൽക്കുന്ന ഇടങ്ങൾ സംരക്ഷിത വനങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ, വനഭൂമിയില്ലാത്ത സ്വകാര്യവനങ്ങൾ ഒഴികെയുള്ളത് നികുതിഭൂമിയായി പ്രഖ്യാപിക്കപ്പെട്ടു എന്ന് ബിജോയ് & രാമൻ (2003) പ്രതിപാദിച്ചിട്ടുണ്ട്. അങ്ങനെ പരമ്പരാഗത വനാവകാശം കുറ്റകരമായി പ്രഖ്യാപിക്കുകയും, ലഘു വനവിഭവങ്ങളുടെ ശേഖരത്തിനു മാത്രം പരമ്പരാഗത ഗോത്രവർഗക്കാരെ അനുവദിക്കുകയും ചെയ്തു.

ഊരാളിക്കുറുമരെ ബ്രിട്ടീഷുകാരും വനം വകുപ്പും ഉപയോഗിച്ചിരുന്നത് പ്രധാനമായും ആനയെ മെരുക്കുന്ന പരിശീലകരായും അവയെ കുഴിയിൽ ചാടിച്ചുപിടിക്കുന്നതിനും പരിശീലനം നൽകുന്നതിനും മറ്റും ആയിരുന്നു.

സ്വാതന്ത്ര്യത്തിനുശേഷം കേന്ദ്രസർക്കാർ, വനത്തിന്റെയും വനവിഭവങ്ങളുടെയും ഉടമസ്ഥാവകാശവും കൈകാര്യം ചെയ്യലും ഏറ്റെടുത്തു. ഇത് 1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തിന്റെയും, 1980 ലെ വനപരിപാലന നിയമത്തിന്റെയും പേരിൽ കൂടുതൽ ഭദ്രമായി ഭരണകൂടത്തിന്റെ അധീനതയിൽ കൊണ്ടുവന്നു. അതുവഴി ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ കൂടുതൽ നഷ്ടപ്പെട്ടു. എന്നാൽ, ഊരാളികുറുമർ, കാട്ടുനായ്ക്കർ തുടങ്ങിയ വിഭാഗങ്ങളുടെ പരമ്പരാഗത അറിവുകൾ വനംവകുപ്പ്​ ഉപയോഗപ്പെടുത്തുകയും​ ചെയ്​തു. ഊരാളിക്കുറുമരെ ബ്രിട്ടീഷുകാരും വനം വകുപ്പും ഉപയോഗിച്ചിരുന്നത് പ്രധാനമായും ആനയെ മെരുക്കുന്ന പരിശീലകരായും അവയെ കുഴിയിൽ ചാടിച്ചുപിടിക്കുന്നതിനും പരിശീലനം നൽകുന്നതിനും മറ്റും ആയിരുന്നു. ഇത് 1970 കളുടെ അവസാനം വരെ തുടർന്നു (മൻസ്റ്റെർ & വിഷ്ണുദാസ്, 2012). എന്നിരുന്നാലും, വനം വകുപ്പിന്റെ ദയാ ദാക്ഷിണ്യം കൊണ്ട് കാട്ടിൽ കഴിയുന്ന നിയമപരമല്ലാത്ത താമസക്കാർ എന്ന നിലയിലാണ്​ സർക്കാരും അവരെ കണ്ടത്. വനം വകുപ്പിന്റെ ആവശ്യങ്ങൾക്കനുസരിച്ച്​ അവരെ മാറ്റിപ്പാർപ്പിച്ചുകൊണ്ടിരുന്നു. വനം വകുപ്പിന്റെ ജോലികളായ ആനപിടുത്തം, അവയെ മെരുക്കൽ, വനത്തിലെ മരം മുറിക്കൽ, വൃക്ഷതൈ നടൽ തുടങ്ങിയ ജോലികൾക്കും ഉപയോഗിച്ചിരുന്നു. ഇത് വയനാട്ടിൽ മാത്രമല്ല, കേരളത്തിലെ മറ്റുഭാഗങ്ങളിലും നടന്ന കാര്യമാണ്.

ഇന്ന് അടിയരും, പണിയരും, കാട്ടുനായ്ക്കരും, ഊരാളികുറുമരുമെല്ലാം ഭൂമിയിൽ നിന്ന്​ അന്യവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായി തുടരുന്നു. / Photo: Muhammed Hanan Ak

വയനാട്ടിലെ കുടിയേറ്റചരിത്രം കൂടി പരിശോധിക്കുകയാണെങ്കിൽ, 1930 മുതൽ 1970 വരെയുള്ള കാലഘട്ടം നോക്കിയാൽ, കുടിയേറ്റക്കാരിൽനിന്ന്​ ആദിവാസികൾക്ക് വീണ്ടും ഭൂമിയിൽ അന്യവൽക്കരണം സംഭവിച്ചിട്ടുണ്ട്​. തിരുവിതാംകൂറിൽ നിന്നുള്ള ക്രിസ്ത്യൻ കുടിയേറ്റക്കാർ ഈ കാലഘട്ടത്തിൽ കുടിയേറിപ്പാർത്തതിനെ കുറിച്ച് പ്രസാദ് (2003) രേഖപ്പെടുത്തിയിട്ടുണ്ട്​. ഇതുമൂലമാണ്​ പ്രധാനമായും കുറിച്യരുടെയും കുറുമരുടെയും അധീനതയിലായിരുന്ന ഭൂമി നഷ്ടപ്പെട്ടത് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അതുകൊണ്ട് ഇന്ന് അടിയരും, പണിയരും, കാട്ടുനായ്ക്കരും, ഊരാളികുറുമരുമെല്ലാം ഭൂമിയിൽ നിന്ന്​ അന്യവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായി തുടരുന്നു. അട്ടപ്പാടിയിലെ കുടിയേറ്റചരിത്രം കൂടി ഇതിനോടൊപ്പം ചേർത്തുവക്കാം. ഇതാണ് കൊളോണിയൽ ഭരണകർത്താക്കൾ മുതൽ പിന്നീട് സ്വതന്ത്ര ഇന്ത്യയി​ലെ ജനാധിപത്യ ഭരണകൂടങ്ങൾ വരെ ആദിവാസികളോട് ചെയ്​ത ചരിത്രപരമായ അനീതി.

ഉദ്യോഗസ്​ഥർ കണ്ട വനാവകാശ നിയമം

2006 ലെ വനാവകാശ നിയമത്തിലെ ആമുഖത്തിൽ, ആദിവാസികളുടെ അതിജീവനത്തിനും നിലനിൽപ്പിനും അവിഭാജ്യഘടകമായ പൈതൃകഭൂമിയുടെ അവകാശങ്ങളും സ്വഭാവികവാസസ്​ഥാനവും അംഗീകരിക്കപ്പെടാതിരുന്നത്​ചരിത്രപരമായ അനീതിയാണ്​ എന്നു​ പറയുന്നുണ്ട്​. അതാണ്, ഈ നിയമത്തിന്റെ രൂപീകരണത്തിന് ആധാരം എന്നും സൂചിപ്പിക്കുന്നു.

വനാവകാശ നിയമത്തിലെ നിർവചനപ്രകാരം വനഭൂമി എന്നത്, ഏതെങ്കിലും വനപ്രദേശത്തിനുള്ളിൽ വരുന്ന ഭൂമിയാണ്​. അതിൽ തരംതിരിയ്ക്കാത്തവയും അതിർത്തി നിർണയിച്ചിട്ടില്ലാത്തവയുമായ വനങ്ങളും നിലവിലുള്ളതോ കല്പിതമോ ആയ വനങ്ങളും സംരക്ഷിതവനങ്ങളും റിസർവ്​ വനങ്ങളും വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളും ദേശീയപാർക്കുകളും ഉൾപ്പെടുന്നു. നിയമത്തിൽ സ്വാഭാവിക വാസസ്ഥലം എന്നാൽ, ആദിമ ഗോത്ര വിഭാഗങ്ങളുടെയും പൂർവ്വകാല കർഷകസമൂഹങ്ങളുടെയും മറ്റു വനവാസികളായ പട്ടിക ഗോത്ര വർഗങ്ങളുടെയും റിസർവ്​ വനങ്ങളിലും സംരക്ഷിത വനങ്ങളിലുമുള്ള പരമ്പരാഗത വാസസ്ഥാനവും അവ അടങ്ങുന്ന പ്രദേശവുമാണ്​. മറ്റൊരു പ്രധാന നിർവ്വചനം, വനവാസികളായ പട്ടിക ഗോത്ര വർഗങ്ങളെക്കുറിച്ചാണ്. വനവാസികളായ പട്ടിക ഗോത്രവർഗങ്ങൾ എന്നാൽ മുഖ്യമായും വനങ്ങളിൽ താമസിക്കുന്നവരും ഉപജീവനത്തിന്​വനങ്ങളെയോ വനഭൂമിയെയോ ആശ്രയിക്കുന്നവരുമായ പട്ടിക ഗോത്രവർഗത്തിലെ അംഗങ്ങളോ സമൂഹമോ ആണ്​. അതിൽ പട്ടിക ഗോത്രവർഗ ഇടയ സമൂഹത്തിൽ ഉൾപ്പെടുന്നവരും പെടും. ഇടയ സമുദായം എന്നാൽ, സ്ഥിരതാമസമാക്കാതെ കാട്ടിൽ അലഞ്ഞുനടക്കുന്നവരാണ്​.

വനാവകാശ നിയമങ്ങളുടെ അതിരുകടക്കാൻ എക്കാലത്തും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കായിട്ടുണ്ട്. ഇത് വനം- പരിസ്ഥിതി സംരക്ഷണവുമായും, വന്യ ജീവി സംരക്ഷണവുമായും കൂട്ടുപിടിച്ചോ വികസനനയങ്ങളുമായി ബന്ധപ്പെ​ട്ടോ ആണ് മുന്നോട്ടു പോകുന്നത്.

വനാവകാശ നിയമത്തിലെ പല ഖണ്ഡികകകളും, ഉദ്യോഗസ്​ഥരിൽ ​ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്​. അതിലുപരി, നിയമത്തി​ലെ പല വകുപ്പുകളെയും സംബന്ധിച്ച്​ വനംവകുപ്പും, ആദിവാസി ക്ഷേമവകുപ്പുകളും തമ്മിൽ അഭിപ്രായ ഭിന്നതയുമുണ്ടായി. നിയമത്തിലെ പല ഖണ്ഡികകളും നൽകുന്ന നിർവ്വചനങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നും അതിലുപരി നിയമനടത്തിപ്പിൽ അവ പ്രാവർത്തികമാക്കാനായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. പ്രധാനമായും നാല് നിയമങ്ങളെ ഉൾക്കൊണ്ടാണ്​ 2006 ലെ വനാവകാശ നിയമം എഴുതപ്പെട്ടത്​.
1. ബയോളോജിക്കൽ ഡൈവേഴ്‌സിറ്റി ആക്ട്, 2002.
2. പഞ്ചായത്ത് എക്​സ്​റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയ ആക്ട്, 1996.
3. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട്, 1972.
4. ഫോറസ്​റ്റ്​ കൺസർവഷൻ ആക്ട് 1980.

ഈ നിയമങ്ങളെ പറ്റി പറയുമ്പോൾ, 2006 ലെ നിയമം മറ്റു നിയമങ്ങൾക്ക് തടസമല്ല എന്ന് പറയുന്നുണ്ട്. വിജ്ഞാപനം വഴി ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ചട്ടങ്ങളുണ്ടാക്കേണ്ടത്​ ആരാണ് എന്ന് ഖണ്ഡിക 14 ൽ പറയുന്നുണ്ട്. കേന്ദ്ര സർക്കാരിനാൽ ഉണ്ടാക്കപ്പെടുന്ന ഏതൊരു ചട്ടവും കഴിയുംവേഗം പാർലമെൻറ്​ സമ്മേളനത്തിൽ, ഓരോ സഭയുടെയും മുൻപാകെ, ഒരു സമ്മേളനത്തിലോ തുടർച്ചയായുള്ള രണ്ടോ അതിലധികമോ സമ്മേളനങ്ങളിലോ ആയി 30 ദിവസത്തേയ്ക്ക് വക്കണം. സമ്മേളനം അവസാനിക്കുന്നതിനു മുൻപ് ഇരു സഭകളും ചട്ടത്തിൽ മാറ്റം വരുത്തുകയോ അംഗീകരിക്കു​കയോ വേണം. എന്നാൽ, ഇത്​ ചട്ടത്തിൽ കീഴിൽ മുൻപ് ചെയ്യപ്പെട്ട ഏതിന്റെയെങ്കിലും സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തിലായിരിക്കണം. ഈ വ്യവസ്​ഥ ആവർത്തിച്ച്​ വായിക്കുമ്പോൾ ഒളിച്ചുവച്ചുപറയുന്ന ആശയം ഇതാണ്: മുൻപ് ഈ നിയമത്തിനു വിധേയമായ മറ്റു നിയമങ്ങൾക്ക് മാറ്റം വരുത്താൻ അധികാരമില്ല. എന്നാൽ, നിയമഭേദഗതിയുമായി ബന്ധപ്പെട്ട്​ പാർലമെൻറിന്​ ചില അധികാരങ്ങളുണ്ട്​.

വനാവകാശ നിയമത്തിൽ പ്രധാനം, വനഭൂമി കൈവശം വയ്ക്കുന്നതിനുള്ള അവകാശം തന്നെയാണ്. നിയമത്തിലെ രണ്ടാം അധ്യായത്തിൽ മൂന്നാം ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു: ‘വനവാസികളായ പട്ടിക ഗോത്രവർഗ്ഗത്തിലെയോ മറ്റു പരമ്പരാഗത വനവാസികളിലെയോ ഒരു അംഗമോ അംഗങ്ങളോ, വാസസ്ഥാനത്തിനുവേണ്ടിയോ ഉപജീവനത്തിന്​ കൃഷി ചെയ്യുന്നതിനോ ഒറ്റയ്‌ക്കോ കൂട്ടായോ കൈവശപ്പെടുത്തിയ വനഭൂമി കൈവശം വയ്ക്കുന്നതിനും അതിൽ വസിക്കുന്നതിനുമുള്ള അവകാശമുണ്ട്​'. ഇതിൽ ‘കൈവശപ്പെടുത്തിയ’ എന്ന വാചകം അതുവരെ കൈവശപ്പെടുത്തിയവർക്ക് ബാധകം എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. അപ്പോൾ അതുവരെ കൈവശപ്പെടുത്താത്തവരുടെ കാര്യം അതിൽ ഇല്ല. ഇത് നടപ്പിലാക്കാൻ സർക്കാരിനായിട്ടില്ല.

മറ്റ് പരമ്പരാഗത വനവാസി എന്നതിന്റെ നിർവചനം ഇതാണ്​: ‘2005 ഡിസംബർ 13ന്​ മുമ്പ്​ കുറഞ്ഞത് മൂന്നു തലമുറകളെങ്കിലും യഥാർത്ഥ ഉപജീവന ആവശ്യങ്ങൾക്കായി മുഖ്യമായി വനത്തിലോ വനഭൂമിയിലോ താമസിക്കുകയും അതിനെ ആശ്രയിക്കുകയും ചെയ്തിരുന്ന അംഗമോ സമൂഹമോ'. ഇതിനു വിശദീകരണമായി, ‘തലമുറ' എന്നാൽ 25 വർഷം ഉൾപ്പെടുന്ന ഒരു കാലയളവ് എന്നർത്ഥമാകുന്നു. അതായത് 75 വർഷം.അതിലുപരിയായി ആദിമ ഗോത്രവർഗ വിഭാഗങ്ങളുടെയും പൂർവ്വകാല കർഷക സമൂഹങ്ങളുടെയും സ്വാഭാവിക വാസസ്ഥാനത്തിനും വസതിയ്ക്കുമുള്ള സമൂഹ ജന്മഭോഗങ്ങൾ ഉൾപ്പെടെയുള്ള അവകാശങ്ങൾ കൂടി പ്രതിപാദിക്കുന്നുണ്ട്.

ഈ വനാവകാശ നടത്തിപ്പിന്റെ ഘട്ടം തുടങ്ങുന്നത് ഗ്രാമസഭകളുടെ തലത്തിൽനിന്നാണ്. ഈ തലത്തിൽ വനാവകാശ കമ്മിറ്റികളുണ്ടാക്കുകയും ഈ കമ്മിറ്റി വഴി ഒരുകൂട്ടം ആളുകളുടെ ആവശ്യങ്ങൾ പരിഗണിച്ച്​ അത് മറ്റു കമ്മിറ്റികളിലേയ്ക്ക് കൈമാറുകയുമാണ്​ ചെയ്യുക. പൊതുവായി ഇത്, പട്ടികവർഗ പ്രദേശങ്ങളിലെ ഗ്രാമത്തിന്റെ സ്വഭാവത്തിലുള്ള ഊരുകളിലെയും മറ്റു പരമ്പരാഗത താമസഇടങ്ങളിലെയും കൂടി ആവശ്യങ്ങൾ ഉന്നയിക്കേണ്ടതുമാണ്​.
വനാവകാശങ്ങൾ ഭൂമിയുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. അത് ഒരു പ്രത്യേക വിഭാഗത്തിന്റെ പരമ്പരാഗത അവകാശങ്ങളുമായി ബന്ധപ്പെട്ടതും സുസ്ഥിര വികസന കാഴ്ചപ്പാടുകളോടെ ഉണ്ടാകേണ്ട ഒന്നാണെന്നും 2006 ലെ നിയമത്തിൽ പറയുന്നുണ്ട്. സമൂഹവിഭവത്തിന്റെ സുസ്ഥിര ഉപയോഗം ഈ നിയമത്തിലുണ്ട്​. മുൻപ് സൂചിപ്പിച്ച വനാവകാശ കമ്മിറ്റികളിൽ സ്ത്രീകളുടെയും ആദിവാസികളുടെയും യഥാർത്ഥ പങ്കാളിത്തമുണ്ടായിരുന്നില്ല എന്ന്​ നിരവധി പേർ സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ അവകാശങ്ങളെപ്പറ്റി അറിവുണ്ടാക്കുന്നതിലും അത്​ പ്രാവർത്തികമാക്കുന്നതിലും ഈ സംവിധാനങ്ങൾ പരാജയപ്പെട്ടു. വനാവകാശങ്ങൾ ലഭിക്കേണ്ട യഥാർത്ഥ അവകാശികളുടെ ശരിയായ പ്രാതിനിധ്യം ഗ്രാമസഭാതലത്തിലുണ്ടായിരുന്നില്ല എന്ന് കോത്താരി (2011) പറഞ്ഞിട്ടുണ്ട്. വന്യജീവി സംരക്ഷണ മേഖലയിലെ ആളുകളെ പരിഗണിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്​. അതുപോലെ, ‘കല്പവൃക്ഷി’ൽ (2008) സബ് ഡിവിഷണൽ കമ്മിറ്റികളിലെ ഉദ്യോഗസ്ഥർക്കുപോലും 2006 ലെ നിയമത്തിനെക്കുറിച്ചും അതിൽ ആദിവാസി വിഭാഗങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ അവകാശങ്ങൾ എന്തൊക്കെ എന്നതിനെക്കുറിച്ചും അറിവില്ലായിരുന്നു എന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇതിൽ ചില നിർവ്വചനങ്ങൾ പ്രത്യേകം പരിശോധിക്കണം.

മുത്തങ്ങ സമരം മുതൽ തങ്ങൾക്ക് തങ്ങളുടേതായ സ്വത്വവാദങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ആദിവാസി സമൂഹങ്ങളെ വിഘടിപ്പിക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾ വിജയിച്ചിട്ടുണ്ട്.

സമൂഹവിഭവം എന്നതിനെ ഈ നിയമം നിർവ്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘സമൂഹവിഭവം എന്നാൽ ഗ്രാമത്തിന്റെ പരമ്പരാഗതമോ കീഴ്നടപ്പനുസരിച്ചുള്ളതോ ആയ അതിർത്തികൾക്കുള്ളിലുള്ള പൊതു വനഭൂമി. അല്ലെങ്കിൽ, ഇടയ സമുദായത്തിന് പരമ്പരാഗതമായി പ്രവേശനമുള്ള വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളും ദേശീയപാർക്കുകളും പോലെയുള്ള റിസർവ്വ് വനങ്ങളും സംരക്ഷിത വനങ്ങളും സംരക്ഷിത പ്രദേശങ്ങളും ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങളുടെ ഋതുഭേദങ്ങൾക്കനുസൃതമായ ഉപയോഗം'.

ലഘുവനോൽപ്പന്നം എന്നതും ആദിവാസികളെ സംബന്ധിച്ച്​ വളരെ പ്രധാനപ്പെട്ട ഒന്നാണ്, അത് അവരുടെ കാട്ടറിവുകളിൽ നിന്നുണ്ടായ ഒന്നാണ്. ലഘുവനോൽപ്പന്നത്തെ, വനാവകാശ നിയമം ഇപ്രകാരം നിർവ്വചിച്ചിരിക്കുന്നു: ‘ലഘുവനോൽപ്പന്നം എന്നതിൽ മുള, വൃക്ഷക്കൊമ്പ്​, മരക്കുറ്റി, ചൂരൽ, ‘ടസർ’, കീടകോശങ്ങൾ, തേൻ, മെഴുക്​, ‘കെണ്ടു' ഇലകൾ, ഔഷധസസ്യം, ദുർബല സസ്യങ്ങൾ, വേരുകൾ, കിഴങ്ങുകൾ ഉൾപ്പെടെയുള്ള സസ്യ ഉൽപ്പത്തിയിൽപെട്ട മരമല്ലാത്ത വനോൽപ്പന്നങ്ങൾ.’
കൊളോണിയൽ ഭരണകാലത്തിനുമുൻപും, കൊളോണിയൽ ഭരണകാലത്തും, പിന്നീടും ആദിവാസികൾക്ക് ലഘുവനോൽപ്പന്നങ്ങൾ കാട്ടിൽനിന്ന്​ശേഖരിക്കുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാൽ, അവർക്കതിന്​ കഴിയാറില്ല എന്നതാണ്​ യാഥാർഥ്യം. ഉദാഹരണത്തിന്, മുമ്പ്​ കാട്ടിൽ നിന്ന്​ യഥേഷ്ടം മുള ശേഖരിക്കാമായിരുന്നു. എന്നാൽ, ആദിവാസികൾക്ക് മുള എടുക്കാൻ കഴിയാറില്ല എന്ന്​ ദണ്ഡേക്കർ (2016) ചൂണ്ടിക്കാണിക്കുന്നു. വനാവകാശ നിയമം വന്നശേഷവും അതിൽ മാറ്റമില്ല. സ്വാഭാവിക വനം നിലനിർത്തി പരിപാലിക്കുന്നതിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കിവരുന്നത് എന്നദ്ദേഹം പറയുന്നു.

ലഘുവനവിഭവങ്ങൾ കൈകാര്യം ചെയ്യുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഗ്രാമസഭാതലത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഗ്രാമസഭ പ്രമേയം തയ്യാറാക്കി സബ് ഡിവിഷണൽ കമ്മറ്റിയ്ക്ക് അയച്ചുകൊടുക്കണം. ഗ്രാമസഭാ തീരുമാനത്തിൽ പരാതിയുള്ള ഏതൊരാൾക്കും സബ് ഡിവിഷണൽ കമ്മിറ്റിയ്ക്ക് ഹർജി നൽകാം. ഓരോ ഹർജിയും ഗ്രാമസഭ പ്രമേയം പാസാക്കുന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ നൽകണം. മാത്രമല്ല, പരാതിക്കാർക്കെതിരെ തന്റെ കേസ് ബോധിപ്പിക്കാൻ ന്യായമായ അവസരവും നൽകണം. ഗ്രാമസഭ പാസാക്കിയ പ്രമേയം പരിശോധിക്കുന്നതിനും വനാവകാശങ്ങളുടെ റിക്കോർഡുകൾ തയ്യാറാക്കുന്നതിനും അത് ജില്ലാ തല കമ്മറ്റിയ്ക്ക് അന്തിമ തീരുമാനത്തിന്​ അയച്ചുകൊടുക്കുന്നതിനുമായി സബ് ഡിവിഷണൽ ലെവൽ കമ്മിറ്റി രൂപീകരിക്കണം. സബ് ഡിവിഷണൽ ലെവൽ കമ്മിറ്റിയുടെ തീരുമാനത്തിൽ പരാതിയുള്ളവർക്ക്​ ജില്ലാതല കമ്മറ്റിയ്ക്ക് ഹർജി നൽകാം. വനാവകാശ റിക്കാർഡിൻമേലുള്ള ജില്ലാതല കമ്മിറ്റിയുടെ തീരുമാനം അന്തിമമാണെന്ന്​ നിയമം പറയുന്നു. ഒരു സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ രൂപീകരണത്തെക്കുറിച്ചും വനാവകാശ നിയമം പറയുന്നുണ്ട്. സബ് ഡിവിഷണൽ ലെവൽ കമ്മിറ്റിയിലും ജില്ലാ തല കമ്മിറ്റിയിലും സംസ്ഥാന തല മോണിറ്ററിംഗ് കമ്മിറ്റിയിലും സംസ്ഥാന സർക്കാരിന്റെ റവന്യു, വനം, ഗോത്ര വർഗ കാര്യങ്ങൾ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ മൂന്ന് അംഗങ്ങളും വേണം. ആ മൂന്നംഗങ്ങളിൽ രണ്ടു പേർ പട്ടിക ഗോത്രവർഗ്ഗ അംഗങ്ങളായിരിക്കണം, കുറഞ്ഞത് ഒരാൾ ഒരു വനിതയുമായിരിക്കണം.

ലഘുവനോൽപ്പന്നം എന്നതും ആദിവാസികളെ സംബന്ധിച്ച്​ വളരെ പ്രധാനപ്പെട്ട ഒന്നാണ്, അത് അവരുടെ കാട്ടറിവുകളിൽ നിന്നുണ്ടായ ഒന്നാണ്. / Photo: Vythiri Resort, Fb

വകുപ്പുകൾ തമ്മിലുള്ള ഏകീകരണമില്ലായ്​മയും ഉദ്യോഗസ്ഥതലത്തിലുള്ള അജ്ഞതയുമാണ്​, വനാവകാശനിയമത്തെ നോക്കുകുത്തിയാക്കിയത്​. നിയമത്തെക്കുറിച്ച്​ നടത്തിപ്പുകാർക്കുതന്നെ ശരിയായ ധാരണയില്ലാത്തതുമൂലം അത് ആദിവാസികളിലെത്തിച്ച്​, അവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ കഴിയാതെ പോയി.

വനാവകാശ നിയമങ്ങളുടെ അതിരുകടക്കാൻ എക്കാലത്തും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കായിട്ടുണ്ട്. ഇത് വനം- പരിസ്ഥിതി സംരക്ഷണവുമായും, വന്യ ജീവി സംരക്ഷണവുമായും കൂട്ടുപിടിച്ചോ വികസനനയങ്ങളുമായി ബന്ധപ്പെ​ട്ടോ ആണ് മുന്നോട്ടു പോകുന്നത്. മുത്തങ്ങ സമരം മുതൽ തങ്ങൾക്ക് തങ്ങളുടേതായ സ്വത്വവാദങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ആദിവാസി സമൂഹങ്ങളെ വിഘടിപ്പിക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾ വിജയിച്ചിട്ടുണ്ട്. ഇന്നും തങ്ങൾക്കവകാശപ്പെട്ട ഭൂമിയ്ക്കായി ഓഫീസും കോടതിവരാന്തകളും കയറിയിറങ്ങുന്ന ആദിവാസി സമൂഹങ്ങളുടെയും അവർക്കുവേണ്ടി വാദിക്കുന്ന സംഘടനകളുടെയും ആവശ്യങ്ങളെ, അവർക്കെതിരായ ചരിത്രപരമായ അനീതിയോടുള്ള തെറ്റുതിരുത്തലിനുള്ള പരിഗണനാവിഷയങ്ങളായി ഭരണസംവിധാനങ്ങൾ ഇനിയെങ്കിലും കാണേണ്ടതുണ്ട്. ▮

ഗ്രന്ഥസൂചികൾ:Bandi Madhusudan (2013), Implementation of the Forest Rights Act: Undoing Historical Injustices. Economic and Political Weekly. Vol.48. No.31. Source: www.jstor.org/stable/23527942.Bandi Madhusudhan (2014), Forest Rights Act: Towards the End of Struggle for Tribals. Social Scientist. Vol.42, No.1/2. Source: www.jstor.org/stable/24372999Bijoy, C. R and Ravi K. Raman (2003): ‘Muthanga The Real Story - Adivasi Movement to Recover Land', Economic and Political Weekly, 38(20):17-23.Dandekar Ajay. (2016). Contested Spaces, Democratic Rights: People and Forest Today. Economic and Political Weekly, Vol. 51, No.15, pp. 12-15. Source: www.jstor.org/stable/44003784.Kothari, Ashish. (2011). ‘Not out of the Woods Yet', Frontline: Source url: https://frontline.thehindu.com/social-issues/article30174735.eceKurup, K K N. (2010). Wayanad Through Ages. Calicut University Press: Calicut.Ministry of Law and Justice. (January,2007). The Schedule Tribes and other Traditional Forest Dwellers (Recognition of forest Rights Act) 2006. Legislative Department : New Delhi. Source url: https://tribal.nic.in/FRA/data/FRAAct.pdfMunster U & Vishnu das S. (2012). In the Jungle Law: Adivasi Rights and Implementation of Forest Rights Act in Kerala. Economic and Political Weekly. Vol.47, No.19. Source: www.jstor. com/stable/23214975.Sathyabalan Jyothis (2010). Implementation of the Forest Rights Act in the Western Ghats Region of Kerala. Economic and Political Weekly. Vol.45,No.30. pp.65-72. Source: www.jstor.org/stable/20764339.Shanmugha Ratnam N, Kjosavik, Darley Jose (2007). 'Property Rights Dynamics and Indigenous Communities in Highland Kerala', South India, An Institutional-Historical Perspective, Modern Asian Studies,41(6):1183-260. Source: https://www.jstor.org/stable/4499817.

Comments