ഭൂമാഫിയയുടെ സ്വന്തം അട്ടപ്പാടി (സർക്കാർ വക)

ആദിവാസികളുടെ കൈവശമുള്ള ഏതു ഭൂമിയും എപ്പോൾ വേണമെങ്കിലും അപഹരിക്കപ്പെടാവുന്ന അവസ്ഥയാണ് അട്ടപ്പാടിയിലുള്ളത്. വില്ലേജ് ഓഫീസും പൊലീസും മുതലുള്ള ഭരണസംവിധാനങ്ങളും നീതിന്യായസംവിധാനവും രാഷ്ട്രീയ മുന്നണികളുമെല്ലാം ഭൂമാഫിയയുടെ ഭാഗമാണ്. കേരളത്തിൽ ആദിവാസികൾക്കുനേരെ നടക്കുന്ന, നോർമലൈസ് ചെയ്യപ്പെട്ട ഒരു കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം.

ദിവാസി ഭൂമിയുടെ ഏറ്റവും വലിയ സംഘടിത കൈയേറ്റം നടക്കുന്ന സ്ഥലമാണ് അട്ടപ്പാടി. വില്ലേജ് ഓഫീസും പൊലീസും മുതലുള്ള ഭരണസംവിധാനങ്ങളും നീതിന്യായസംവിധാനവും രാഷ്ട്രീയ മുന്നണികളുമെല്ലാം ഈ മാഫിയയുടെ ഭാഗമായതോടെ കേരളത്തിൽ ആദിവാസികൾക്കുനേരെ നടക്കുന്ന ഈ കുറ്റകൃത്യം നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. ആദിവാസികളുടെ കൈവശമുള്ള ഏതു ഭൂമിയും എപ്പോൾ വേണമെങ്കിലും അപഹരിക്കപ്പെടാവുന്ന അവസ്ഥയാണ് അട്ടപ്പാടിയിലുള്ളത്.

1951-ലെ സെൻസസിൽ അട്ടപ്പാടിയിലെ ജനസംഖ്യയുടെ 90.32 ശതമാനം ആദിവാസികളായിരുന്നു. പിന്നീട് അത് 40 ശതമാനമായി കുറഞ്ഞു.
അട്ടപ്പാടിയിലെ ഇരുള, കുറുമ്പ, മുദുഗ ഗോത്രങ്ങൾ കാർഷിക വൃത്തിയിലൂടെയാണ് ജീവിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇവർ സ്വന്തം മണ്ണിൽ അഭയാർഥികളാക്കപ്പെട്ടു. കുടിയേറ്റത്തിന്റെ മറവിൽ നടന്ന സംഘടിത കൈയേറ്റമാണ് ഇതിനുകാരണം.

ഫോട്ടോ: സുകുമാരന്‍ അട്ടപ്പാടി
ഫോട്ടോ: സുകുമാരന്‍ അട്ടപ്പാടി

1964-ൽ ഭൂമിയുടെ ഉടമസ്ഥാവകാശം കണക്കാക്കിയ സമയത്ത് ആദിവാസി ഭൂമി വൻതോതിൽ നഷ്ടമായി. സർവേക്കുശേഷം ആദിവാസി ഭൂമിയുടെ കൈവശരേഖ നൽകാത്തതിനാൽ അവർക്ക് ഉടമസ്ഥാവകാശം തെളിയിക്കാനായില്ല. 1966-70 കാലത്തുമാത്രം 546 കുടുംബങ്ങളുടെ 9859 ഏക്കർ ഭൂമി നഷ്ടപ്പെട്ടതായി ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതെല്ലാം സർക്കാറിന്റെ ഔദ്യോഗിക കണക്ക് മാത്രമാണ്. അനൗദ്യോഗിക കണക്ക് ഇതിന്റെ എത്രയോ ഇരട്ടിവരും.
കുറ്റവാളികൾക്ക് സംരക്ഷണം നൽകാനും വ്യാജരേഖകൾക്ക് നിയമസാധുത നൽകാനും പരാതികൾ അധികാരികളിലെത്താതിരിക്കാനുമുള്ള വിപുലമായ സംവിധാനങ്ങളാണ് ഭൂമാഫിയ ഒരുക്കിയിരിക്കുന്നത്. 1999-ലെ നിയമമനുസരിച്ച് 1986-നുശേഷം ആദിവാസികളല്ലാത്തവർക്ക് ആദിവാസി ഭൂമി വാങ്ങാനാകില്ല. നിയമപ്രകാരം എന്ന വ്യാജേനയാണ് ഇപ്പോൾ കൈയേറ്റങ്ങളിലേറെയും നടക്കുന്നത്. ആദിവാസി ഭൂമി കൈമാറ്റം ചെയ്‌തെന്ന് കാണിക്കുന്ന വ്യാജരേഖകളുണ്ടാക്കി അവയ്ക്ക് കോടതികളിൽനിന്ന് അംഗീകാരം നേടി പൊലീസ് സഹായത്തോടെ യഥാർഥ ഉടമകളെ ഭീഷണിപ്പെടുത്തി അവരുടെ ഭൂമി കൈയിലാക്കുക. അനധികൃത കൈയേറ്റങ്ങളുടെ കണക്ക് റവന്യൂ ഇന്റലിജൻസിന്റെ കൈവശമുണ്ടായിട്ടും റവന്യൂവകുപ്പും പട്ടികവർഗ വകുപ്പും നടപടി സ്വീകരിക്കാറില്ല.

തമിഴ് വംശജരാണ് അട്ടപ്പാടിയിലെ ആദ്യ കൈയേറ്റക്കാർ. പിന്നെ, മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെ വിവിധയിടങ്ങളിൽനിന്നും ​​​കൈയേറ്റക്കാരെത്തി. എല്ലാ വിഭാഗം കൈയേറ്റക്കാരുടെയും സംഗമഭൂമിയാണ് ഇന്ന് അട്ടപ്പാടി. ക്രിസ്ത്യൻ സഭ കേന്ദ്രീകരിച്ച് കൈയേറ്റം നടന്നിട്ടുണ്ട്. കന്യാസ്ത്രീ മഠങ്ങൾ, പുരോഹിതന്മാരുടെ പരിശീലനകേന്ദ്രങ്ങൾ, മനോരോഗ ചികിത്സാകേന്ദ്രം ഇതെല്ലാം അട്ടപ്പാടിയിൽ വ്യാപകമായുണ്ട്. വിദ്യാഭ്യാസത്തിന്റെയും മറ്റും പേരിലുള്ള ട്രസ്റ്റുകൾ വരുന്നുണ്ട്. ഇപ്പോൾ കൂടുതൽ വരുന്നത് ടൂറിസം താൽപര്യമുള്ള പുത്തൻ പണക്കാരാണ്. സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക മൂലധനമുപയോഗിച്ച് വിഭവങ്ങളിന്മേൽ ഉണ്ടാക്കിയെടുത്ത നിയന്ത്രണമാണ് ആദിവാസി ജനക്കുമേലുള്ള കടന്നാക്രമണത്തിന് ഇവരെ സഹായിക്കുന്നത്.

നിയമപ്രകാരം എന്ന വ്യാജേനയാണ് കൈയേറ്റങ്ങളിലേറെയും നടക്കുന്നത്. ആദിവാസി ഭൂമി കൈമാറ്റം ചെയ്‌തെന്ന് കാണിക്കുന്ന വ്യാജരേഖകളുണ്ടാക്കി കോടതികളിൽനിന്ന് അംഗീകാരം നേടി പൊലീസ് സഹായത്തോടെ ഉടമകളെ ഭീഷണിപ്പെടുത്തി ഭൂമി കൈയിലാക്കുക.

ഭൂമാഫിയക്കെതിരെ നിയമനടപടികൾക്ക് ആദിവാസികളെ സഹായിക്കാൻ മനുഷ്യവകാശപ്രവർത്തകരും ചുരുക്കം സംഘടനകളും അട്ടപ്പാടിയിലുണ്ട്. മുഖ്യധാരക്കുപുറത്തുള്ള മാധ്യമങ്ങളും ഇത്തരം സംഭവങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുമുണ്ട്. എന്നാൽ, നിയമപോരാട്ടത്തിലൂടെ ആദിവാസിക്ക് ഭൂമി തിരിച്ചുകിട്ടിയാൽ തന്നെ, അവയ്ക്ക് നിയമപ്രകാരമുള്ള രേഖകളുണ്ടാക്കാൻ കഴിയാറില്ല. വില്ലേജ് ഓഫീസ് മുതലുള്ള സംവിധാനങ്ങൾ നികുതി സ്വീകരിക്കാതെയും ഇല്ലാത്ത രേഖകൾ ആവശ്യപ്പെട്ടും ആദിവാസികളെ വട്ടം കറക്കും. അതുകൊണ്ടുതന്നെ, തിരിച്ചുകിട്ടിയ ഭൂമി അന്യാധീനപ്പെട്ട ഭൂമി പോ​ലെത്തന്നെയാണ് ആദിവാസിക്ക്.

നഞ്ചിയമ്മയുടെ അന്യാധീനപ്പെട്ട ഭൂമിയും മാധ്യമപ്രവർത്തകനെതിരായ കേസും

അട്ടപ്പാടിയിലെ ആദിവാസിഭൂമി കൈയേറ്റം ഈയിടെ വാർത്തയായത്, ഇക്കാര്യം റിപ്പോർട്ടു ചെയ്ത ഒരു മാധ്യമപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തതുമായി ബന്ധപ്പെട്ടാണ്. തന്റെ കൈവശമുള്ള 12 ഏക്കർ ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന ആദിവാസിയായ ചന്ദ്രമോഹന്റെ പരാതി റിപ്പോർട്ടുചെയ്തതിന് 'മാധ്യമം' ലേഖകൻ ഡോ. ആർ. സുനിലിനെ ഒന്നാം പ്രതിയാക്കിയാണ് അഗളി പൊലീസ് കേസെടുത്തത്. സുനിലിന്റെ വാർത്ത ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ സംസ്ഥാന കമ്മിറ്റി അംഗവും ഓൾ ഇന്ത്യ ക്രാന്തികാരി കിസാൻ സഭ സംസ്ഥാന പ്രസിഡന്റുമായ സുകുമാരൻ അട്ടപ്പാടിയെ രണ്ടാം പ്രതിയാക്കുകയും ചെയ്തു. ഭൂമി കൈയേറിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ജോസഫ് കുര്യൻ നൽകിയ പരാതിയിലാണ് സുനിലിനെതിരെ കേസെടുത്തത് എന്നത്, ഭൂമാഫിയക്ക് പൊലീസിലുള്ള സ്വാധീനം വ്യക്തമാക്കുന്ന ഒന്നായിരുന്നു. അപകീർത്തികരമായ രീതിയിൽ തന്റെ പടം വെച്ച് ഫേസ്ബുക്കിൽ വാർത്ത പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. അതാണ് മണ്ണാർക്കാട് കോടതി വഴി കേസായത്.

 ഡോ. ആർ. സുനിൽ
ഡോ. ആർ. സുനിൽ

ദേശീയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറിയതിനെക്കുറിച്ച് സുനിൽ നൽകിയ വാർത്തയാണ്, പ്രതികാരനടപടിക്ക് പ്രകോപനമായത്. നഞ്ചിയമ്മയുടെ അന്യാധീനപ്പെട്ട ഭൂമിയെക്കുറിച്ച് സുനിൽ നൽകിയ വാർത്ത നിയമസഭയിൽ കെ.കെ. രമയും ഐ.സി. ബാലകൃഷ്ണനും ഉന്നയിച്ചു. മന്ത്രി നൽകിയ മറുപടിയിൽ, കെ.വി. മാത്യുവിനും ജോസഫ് കുര്യനുമാണ് ഭൂമിയുടെ ഉടമസ്ഥത എന്നാണ് അറിയിച്ചത്. എന്നാൽ, ഇവരിലേക്ക് ഭൂമി എങ്ങനെയാണ് എത്തിയത് എന്നത് ദുരൂഹമായിരുന്നു. ഇതേക്കുറിച്ച് സുനിൽ നടത്തിയ അന്വേഷണം ചെന്നെത്തിയത് ജോസഫ് കുര്യനിലാണ്.

അഗളിയിൽ നഞ്ചിയമ്മക്ക് പാരമ്പര്യമായി കിട്ടിയ നാലേക്കർ ഭൂമി തട്ടിയെടുക്കാൻ നടത്തിയ ശ്രമം കോടതിയിലാണ്. നഞ്ചിയമ്മയുടെ അച്ഛൻ നാഗമൂപ്പന്റെ കൈയിൽനിന്ന് കന്ത ബോയൻ എന്നൊരാളാണ് ഭൂമി കൈവശപ്പെടുത്തിയത്. പരാതിയെതുടർന്ന് 2003-ൽ വിൽപ്പന റദ്ദാക്കി ഭൂമി അവകാശികൾക്ക് തിരിച്ചുകൊടുത്തു. അവർ കൃഷി ചെയ്തുകൊണ്ടിരിക്കേ, 2007-ൽ ഈ ഭൂമി മിച്ചഭൂമിയാണെന്ന് നോട്ടീസ് നൽകി അഗളി വില്ലേജ് അധികൃതർ ഒഴിപ്പിച്ചു. മൂന്നുവർഷത്തിനുശേഷം കെ.വി. മാത്യു എന്നൊരാൾ ഈ ഭൂമിയുടെ അവകാശിയായി വന്നു. ഒറ്റപ്പാലം സബ് ജഡ്ജി ഒപ്പിട്ട ആധാരമാണ് തെളിവായി ഇയാൾ ഹാജരാക്കിയത്. മിച്ചഭൂമി എന്ന പേരിൽ ഒഴിപ്പിച്ച ഭൂമി കന്തബോയന്റെ മകനെന്നുപറയപ്പെടുന്ന മാരിമുത്തുവിൽനിന്നാണ് മാത്യു വാങ്ങിയത്. മാത്യുവിന് കരാർ എഴുതിക്കൊടുത്ത മാരിമുത്തു സ്ഥലം രജിസ്റ്റർ ചെയ്തുകൊടുത്തില്ല. ഇതിനെതിരെ മാത്യു ഒറ്റപ്പാലം കോടതിയിൽ പരാതി നൽകി. മാരിമുത്തു കേസിന് ഹാജരാകാത്ത കാരണം പറഞ്ഞ് രജിസ്‌ട്രേഷൻ നടത്തിക്കൊടുക്കാൻ എക്‌സ്പാർട്ടി വിധിയായി. മാരിമുത്തും ഈ വിധിയും അനുസരിച്ചില്ല. മാത്യു വീണ്ടും കോടതിയെ സമീപിച്ചു. മാരിമുത്തു പിന്നെയും ഹാജരായില്ല. ഒടുവിൽ ആധാരം എഴുതി ഹാജരാക്കാൻ വാദിക്ക് കോടതി ഉത്തരവ് നൽകി. സബ് ജഡ്ജി തന്നെ മാത്യുവിന് ആധാരം രജിസ്റ്റർ ചെയ്തുകൊടുത്തു. മാത്യുവിൽനിന്നാണ് ഈ ഭൂമി ജോസഫ് കുര്യനിലെത്തിയത്. റവന്യൂ വകുപ്പിന് ലഭിച്ച പരാതികളിൽ അസി. ലാൻഡ് റവന്യു കമീഷണറുടെ മേൽനോട്ടത്തിൽ റവന്യു വിജിലൻസ് അന്വേഷിക്കുകയും വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി തട്ടിയെടുത്തത് എന്ന് കണ്ടെത്തുകയും ചെയ്തു.

നഞ്ചിയമ്മ
നഞ്ചിയമ്മ

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മേശപ്പുറത്ത് മധ്യമേഖലാ റവന്യു ഇന്റലിജൻസിന്റെ റിപ്പോർട്ടുണ്ട്. നിയമവിരുദ്ധമായിട്ടാണ് ഈ രണ്ടു പേർ ചേർന്ന് ഭൂമി കൈവശപ്പെടുത്തിയത് എങ്കിൽ അവരുടെ മുഴുവൻ രേഖകളും റദ്ദാക്കണമെന്ന് അതിലുണ്ട്. വിവരണത്തിൽ, നിയമവിരുദ്ധമാണ് എന്ന് എഴുതിവച്ചിട്ടുണ്ട്, എന്നാൽ ശുപാർശയിൽ കലക്ടറാണ് അത് ചെയ്യേണ്ടത് എന്നുമുണ്ട്. പക്ഷെ, റിപ്പോർട്ട് കലക്ടർക്ക് റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് സുനിൽ പറയുന്നു. നിലവിൽ സബ് കലക്ടറുടെ ഉത്തരവ് റദ്ദാക്കി പുനർവിചാരണ നടത്താൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ടത്രേ. പുനർവിചാരണക്ക് സബ് കലക്ടർ നോട്ടീസ് അയച്ചു. എന്നാൽ ഇതിന്റെ തലേന്ന് പുനർവിചാരണക്ക് ജോസഫ് കുര്യൻ സ്‌റ്റേ വാങ്ങി. എന്നാൽ, റവന്യൂ വിജിലൻസിന്റെ റിപ്പോർട്ട് നടപ്പാക്കിയാൽ മാത്രം മതി, ഈ പ്രശ്‌നം പരിഹരിക്കാൻ. എന്നാൽ, അവർ ഇത് വച്ച് താമസിപ്പിക്കുകയാണ്.

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം മാധ്യമം ആഴ്ചപ്പതിപ്പ് റിപ്പോർട്ട് ചെയ്തപ്പോൾ ജോസഫ് കുര്യൻ സുനിലിന് വക്കീൽ നോട്ടീസ് അയച്ചിരുന്നുവെങ്കിലും കേസുമായി മുന്നോട്ടുപോകാനായില്ല. ഇതിനുശേഷമാണ്, ചന്ദ്രമോഹന്റെ പരാതി സുനിൽ വാർത്തയാക്കിയത്. തനിക്ക് പാരമ്പര്യമായി ലഭിച്ച 12 ഏക്കർ ഭൂമി ജോസഫ് കുര്യൻ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ചന്ദ്രമോഹന്റെ പരാതി. ആദിവാസി ഇരുള വിഭാഗക്കാരനായ ചന്ദ്രമോഹൻ 12 ഏക്കർ ഭൂമിയിൽ സഹോദരിമാർക്കൊപ്പമാണ് താമസം. സഹോദരിമാർ ഐ.ഡി.ടി.സിയും അഹാർഡ്സും നൽകിയ വീടുകളിലാണ് താമസം.

ആദിവാസിയായ ചന്ദ്രമോഹൻ തന്റെ കൈവശമുള്ള 12 ഏക്കർ ഭൂമിക്ക് നികുതിയടച്ചതിന്റെ രശീതി. ഈ ഭൂമിയിലാണ് പുതിയ അവകാശി എത്തിയത്
ആദിവാസിയായ ചന്ദ്രമോഹൻ തന്റെ കൈവശമുള്ള 12 ഏക്കർ ഭൂമിക്ക് നികുതിയടച്ചതിന്റെ രശീതി. ഈ ഭൂമിയിലാണ് പുതിയ അവകാശി എത്തിയത്

ഒരു ദിവസം, ജോസഫ് കുര്യൻ എന്ന നിരപ്പൻ ജോസഫ് ചന്ദ്രമോഹന്റെ വീട്ടിലെത്തി, ഈ ഭൂമി താൻ പണം കൊടുത്ത് വാങ്ങിയിട്ടുണ്ടെന്നും അതിന് രേഖകളുണ്ടെന്നും ഒഴിഞ്ഞുതരണമെന്നും ആവശ്യപ്പെട്ടതായി ചന്ദ്രമോഹൻ പരാതിയിൽ പറയുന്നു. ഇല്ലെങ്കിൽ ഒഴിപ്പിക്കാനുള്ള മാർഗം സ്വീകരിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ചന്ദ്രമോഹൻ തന്റെ കൈവശമുള്ള ഭൂമിക്ക് ഷോളയൂർ വില്ലേജ് ഓഫീസിൽ കഴിഞ്ഞ ജൂലൈയിൽ 1179 രൂപ കരം ഒടുക്കിയ രസീതിയുണ്ട്. അതുകൊണ്ടുതന്നെ, വ്യാജരേഖകളുടെ പിൻബലത്തിലായിരുന്നു ചന്ദ്രമോഹനെതിരായ കുടിയിറക്കുഭീഷണി.

ജോസഫ് കുര്യൻ അട്ടപ്പാടിയിൽ റവന്യൂ അധികാരികളെ ഉപയോഗിച്ച് വ്യാജ നികുതി രശീതിയും കൈവശ സർട്ടിഫിക്കറ്റും സംഘടിപ്പിച്ച് കോടതികളിൽ കേസ് രജിസ്റ്റർ ചെയ്ത് ആദിവാസികളെ കുടിയിറക്കുന്ന വൻ ഭൂമാഫിയ സംഘത്തിലെ വ്യക്തിയാണെന്ന് ചന്ദ്രമോഹൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്.

ആദിവാസിയായ ചന്ദ്രമോഹൻ, തന്റെ 12 ഏക്കർ ഭൂമി തട്ടിയെടുത്തതായി കാണിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി
ആദിവാസിയായ ചന്ദ്രമോഹൻ, തന്റെ 12 ഏക്കർ ഭൂമി തട്ടിയെടുത്തതായി കാണിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി

ഈ വാർത്തയുടെ പേരിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജോസഫ് കുര്യൻ അഗളി ഡിവൈ.എസ്.പിക്ക് പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചു. തുടർന്ന് ഇയാൾ കോടതിയെ സമീപിച്ചാണ് കേസെടുപ്പിച്ചത്. തന്റെ വാർത്തയിൽ കുറ്റകൃത്യമില്ല എന്ന തരത്തിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന സൂചനയാണ് പൊലീസിൽനിന്ന് അറിഞ്ഞതെന്ന് സുനിൽ പറഞ്ഞു. മാധ്യമങ്ങളുടെ ഇടപെടലുകളെ തുടർന്നാണ് സുനിലിനെതിരായ കേസ് പിൻവലിക്കാനൊരുങ്ങുന്നത്.

ആദിവാസി ഭൂമിയിലേക്ക്
ഏതുനിമിഷവും അവരെത്താം

അട്ടപ്പാടിയിൽ ആയിരക്കണക്കിനേക്കർ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കികഴിഞ്ഞു. കോടതി ഉത്തരവും പൊലീസുമായി ഏതു നിമിഷവും ഏത് ആദിവാസിഭൂമിയിലേക്കും അവർക്ക് എത്താവുന്ന സ്ഥിതിയാണ് അട്ടപ്പാടിയിലുള്ളത്, പ്രത്യേകിച്ച് റവന്യൂ ഉദ്യോഗസ്ഥർ ഭൂമാഫിയയുടെ ഭാഗമായി മാറിയ സാഹചര്യത്തിൽ.

2021-ൽ അട്ടപ്പാടിയിലെ വട്ടുലക്കി ഊരിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് തൃശൂരിലെ ജനനീതി നടത്തിയ ജനകീയാന്വേഷണം, ആദിവാസി ഭൂമി തർക്കങ്ങളിൽ പൊലീസ് എങ്ങനെയാണ് ഭൂമാഫിയയെ സഹായിക്കുന്നത് എന്നതിന്റെ തെളിവ് പുറത്തുകൊണ്ടുവരുന്നതായിരുന്നു.

2021 ആഗസ്റ്റ് 8ന് പുലർച്ചെയാണ് വട്ടുലക്കി ഊരിൽ അതിക്രമിച്ച് കയറി ഊര് മൂപ്പൻ ചൊറിയ മൂപ്പനെയും മകൻ അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് വി.എസ്. മുരുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

വി.എസ്. മുരുകൻ / ഫോട്ടോ: കേരളീയം മാസിക
വി.എസ്. മുരുകൻ / ഫോട്ടോ: കേരളീയം മാസിക

ജനനീതിയുടെ അന്വേഷണ റിപ്പോർട്ടിൽനിന്ന്: ''1-03-1994 മുതൽ 15-06-1996 വരെ കേരള ചീഫ് സെക്രട്ടറി ആയിരുന്ന ആർ. രാമചന്ദ്രൻ നായർ നേതൃത്വം നൽകുന്ന തിരുവനന്തപുരം വിദ്യാധിരാജ വിദ്യാസമാജം എന്ന ട്രസ്റ്റ് 1982-83 ൽ കൈവശപ്പെടുത്തിയ 55 ഏക്കർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നത് എതിർത്ത അതിന്റെ യഥാർത്ഥ ഉടമകളായ ആദിവാസി നേതാക്കളെ പൊലീസിനെ ഉപയോഗിച്ച് ഒതുക്കാൻ നടത്തിയ നീക്കമാണ് പൊലീസ് അതിക്രമത്തിന് കാരണമായത്. അട്ടപ്പാടിയിൽ വ്യാപകമാകുന്ന ആദിവാസി ഭൂമി തിരിമറിക്കെതിരെ യുവ ആദിവാസികളുടെ നേതൃത്വത്തിൽ വളരുന്ന ചെറുത്തുനിൽപ്പ് തകർക്കാനുള്ള ആസൂത്രിത നീക്കവും ഇതിന് പിന്നിലുണ്ട് എന്ന് ജനനീതി നടത്തിയ ജനകീയാന്വേഷണത്തിൽ വ്യക്തമായി.

കുടിയേറ്റത്തിന് നിരവധി സാമൂഹിക കാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഭൂമി എന്ന വിഭവത്തിന്മേൽ രൂപപ്പെട്ട മാർക്കറ്റ് ഇക്കോണമിയും റിയൽ എസ്‌റ്റേറ്റ് ലോബികളും പുത്തൻ സാമ്പത്തിക വർഗങ്ങളുമെല്ലാം കൈയേറ്റം എന്ന കുറ്റകൃത്യമാക്കി കുടിയേറ്റത്തെ വിപുലപ്പെടുത്തി.

2021 ആഗസ്റ്റ് മൂന്നിന് മുരുകനും ബന്ധുവായ കുറുന്താചലവും തമ്മിലുണ്ടായ വഴക്കാണ് മുരുകനെയും മൂപ്പനെയും അറസ്റ്റ് ചെയ്യാൻ പൊലിസ് പറയുന്ന കാരണം. ഉച്ചക്ക് മാട് മേയ്ക്കാൻ പോയ മുരുകന്റെ ഭാര്യ രാജാമണിയെ അതുവഴി സ്വന്തം ടാക്സി കാർ ഓടിച്ച് വന്ന കുറുന്താചലം ചീത്ത വിളിച്ചു. തൊട്ടുള്ള തന്റെ വീട്ടിൽ വണ്ടി നിറുത്തി തിരിച്ചുവന്ന ഇയാൾ സഹോദരിയെ ആക്രമിക്കാൻ കല്ലെടുത്ത് എറിഞ്ഞു. വിവരമറിഞ്ഞെത്തിയ മുരുകൻ ഇത് ചോദ്യം ചെയ്തു. ഇതാണ് വഴക്കിന് കാരണം. രാജാമണിയുടെ അമ്മാവന്റെ മകനാണ് കുറുന്താചലം. കുറുന്താചലത്തെ അവിടെ ഉണ്ടായിരുന്ന അളിയൻ ചന്ദ്രൻ വിലക്കാൻ ശ്രമിച്ചു. മദ്യപിച്ച നിലയിലായിരുന്ന കുറുന്താചലത്തിന് നിലത്ത് വീണ് പരിക്ക് പറ്റി. ഈ സംഭവമാണ് അഞ്ച് ദിവസം കഴിഞ്ഞ് ഐ.പി.സി. 341, 326, 294(ബി), 34 എന്നീ വകുപ്പുകൾ ചുമത്തി പുലർച്ചെ ആറ് മണിക്ക് ഊര് വളഞ്ഞ് പിടികിട്ടാപ്പുള്ളികളായ കൊടുംകുറ്റവാളികളെ പിടികൂടുന്ന രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഷോളയൂർ പൊലിസ് സർക്കിൾ ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ആദിവാസികൾക്ക് നേരെ ഇത്തരം നടപടി അട്ടപ്പാടിയിൽ ആദ്യമാണ്.

ചൊറിയ മൂപ്പൻ / ഫോട്ടോ: തൗഫീഖ്, മക്തൂബ് മീഡിയ
ചൊറിയ മൂപ്പൻ / ഫോട്ടോ: തൗഫീഖ്, മക്തൂബ് മീഡിയ

അറസ്റ്റിലായവർ അടക്കമുള്ള ഒരു പറ്റം ആദിവാസികളുടേതായിരുന്ന വട്ടുലക്കിയിലെ 55 ഏക്കർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നതിനെതിരേ അവരുടെ ചെറുത്തുനിൽപ്പാണ് ഈ അറസ്റ്റിലേക്ക് വഴിവച്ചത്. 2021 ജൂൺ 23 ന് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി (എഛ്.ആർ.ഡി.എസ്.) എന്ന സംഘടന ഈ ഭൂമിയിൽ ഭൂമി പൂജയ്ക്ക് ചെന്നപ്പോൾ ആദിവാസികൾ എതിർത്തു. മണ്ണ് മാന്തി യന്ത്രവും മറ്റുമായി എത്തിയ എഛ്.ആർ.ഡി.എസ്. സെക്രട്ടറി അജി കൃഷ്ണനും സംഘവും അവിടെ ആദിവാസികൾ കെട്ടിയിരുന്ന കുടിൽ പൊളിച്ച് തീ വച്ചു. സംഭവസമയത്ത് സി.ഐ. വിനോദ് കൃഷ്ണൻ അവിടെ ഉണ്ടായിരുന്നു. ഇത് മുൻ ചീഫ് സെക്രട്ടറിയുടെ സ്ഥലമാണെന്നും അവിടെ കളിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം ആദിവാസികളെ വിളിച്ച് താക്കീത് നൽകി. അങ്ങനെയങ്കിൽ അദ്ദേഹം ഞങ്ങളെ വിളിക്കട്ടെ എന്ന് ആദിവാസികൾ പറഞ്ഞു. തുടർന്നാണ് തീവെപ്പ് നടന്നത്. മറ്റൊരിടത്ത് ഭൂമിപൂജ നടത്തി എച്ച്.ആർ.ഡ്.എസ്. സംഘം മടങ്ങി.

ആദിവാസികൾക്കെതിരെ ആർ. രാമചന്ദ്രൻ നായർക്കുവേണ്ടി എച്ച്.ആർ.ഡി.എസ്. സെക്രട്ടറി അജി കൃഷ്ണൻ പൊലിസിൽ പരാതി നൽകി. ആ പരാതിയും പൊലിസ് നടപടിക്ക് കാരണമാണ്. എന്നാൽ തങ്ങളുടെ ഭൂമി കൈയ്യേറി എന്ന ആദിവാസികളുടെ പരാതിയിൽ പൊലിസിന് അനക്കമില്ല. പിന്നീട് ട്രസ്റ്റ് മണ്ണാർക്കാട് കോടതിയിൽനിന്ന് ആദിവാസികൾക്കെതിരെ എക്സ് പാർട്ടിയായി ഇഞ്ചങ്ഷൻ വാങ്ങി. അതിനുശേഷമാണ് അറസ്റ്റ്. അട്ടപ്പാടിയിൽ ഒരു സർവ്വകലാശാല സ്ഥാപിക്കാനാണ് ഭൂമി എന്നാണ് വിദ്യാധിരാജ ട്രസ്റ്റ് പരാതിയിൽ പറയുന്നത്. എന്നാൽ, തങ്ങൾ ഇവിടെ പച്ചമരുന്ന് കൃഷി ചെയ്യാൻ പോകുന്നു എന്നാണ് എഛ്.ആർ.ഡി.എസ്. പറയുന്നത്.

എച്ച്.ആർ.ഡി.എസ് തീവെച്ച് നശിപ്പിച്ച ആദിവാസി കുടിൽ / ഫോട്ടോ: കേരളീയം മാസിക
എച്ച്.ആർ.ഡി.എസ് തീവെച്ച് നശിപ്പിച്ച ആദിവാസി കുടിൽ / ഫോട്ടോ: കേരളീയം മാസിക

ഈ ഭൂമിയുടെ അടിയാധാരം ആദിവാസികളുടെ പേരിലാണ്. 1982-83 കാലത്ത് ഈ ഭൂമി തങ്ങൾ വാങ്ങി എന്നാണ് ട്രസ്റ്റ് അവകാശപ്പെടുന്നത്. 1975 ലെ ആദിവാസി ഭൂമി അന്യാധീനപ്പെടൽ തടയൽ നിയമപ്രകാരം ആദിവാസി ഭൂമി കൈമാറ്റം ചെയ്യുന്നതിന് വിലക്കുള്ള കാലമാണിത്. ഈ നിയമം 1999- ൽ ഭേദഗതി ചെയ്തതിന്റെ പഴുത് ഉപയോഗിച്ചാണ് അട്ടപ്പാടിയിൽ എല്ലാ ഭൂമി ഇടപാടുകളും നടക്കുന്നത്. കാറ്റാടിയന്ത്രം സ്ഥാപിച്ച ഭൂമിയുടെ ഇടപാടുകൾ അങ്ങനെ നടന്നതാണ്. ആദിവാസികളുടെ ഭൂമി അവർക്ക് തിരിച്ചേൽപ്പിക്കുമ്പോൾ ഭൂരഹിതരായിത്തീരുന്ന ചെറുകിട കർഷകരെ സഹായിക്കാനാണ് 1999- ലെ ഭേദഗതി നിയമം നിലവിൽവന്നത്. ആധാരമെഴുത്തുകാരും ഭൂമി ദല്ലാൾമാരും രജിസ്ട്രേഷൻ വകുപ്പും പൊലിസ്, വനം ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു മാഫിയയാണ് അട്ടിമറികൾക്ക് പിന്നിൽ. ഇത് സംബന്ധിച്ച തെളിവുകളും രേഖകളും ജനകീയാന്വേഷണത്തിൽ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതിദാരുണമാണ് അട്ടപ്പാടിയിലെ സ്ഥിതി. 99 ലെ ഭേദഗതി നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് വ്യാജരേഖകൾ ഹാജരാക്കി കോടതി വിധി സമ്പാദിച്ച് ആ വിധി നടപ്പാക്കാൻ പൊലിസിനെ ഉപയോഗിച്ച് ആദിവാസികളെ ഭയപ്പെടുത്തിയാണ് ഭൂമി തട്ടിയെടുക്കുന്നത്. സർക്കാരിന്റെയും ജുഡീഷ്യറിയുടെയും പൊതുസമൂഹത്തിന്റെയും ഇടപെടൽ ഈ വിഷയത്തിൽ അനിവാര്യമാണ്.''

ആദിവാസികൾ പാരമ്പര്യമായി കൈവശം വക്കുന്ന ഭൂമി സർവേ ചെയ്യാത്തതായിരിക്കും. നികുതി അടക്കാനോ മറ്റോ ഇവർ സർക്കാർ ഓഫീസുകളിൽ പോകാറില്ല. ഇങ്ങനെ കിടക്കുന്ന ഭൂമിയുടെ പ്രമാണവുമായി ഒരു സുപ്രഭാതത്തിൽ 'അവകാശി' വരികയാണ്.

അട്ടപ്പാടിയിൽ ഭൂമാഫിയ തടിച്ചുകൊഴുക്കുന്നതിന്റെ ചിത്രം ജനനീതി റിപ്പോർട്ടിലുണ്ട്: ''ആദിവാസി വികസനത്തിന് ഒഴുക്കിയ ശതകോടികൾ വീതംവച്ച് എടുക്കുന്ന 'കൺവീനർ മാഫിയ' എൺപതുകളിൽ അട്ടപ്പാടിയിൽ സജീവമായിരുന്നു. ഫണ്ടുപയോഗിച്ച് നടത്തുന്ന നിർമാണപ്രവർത്തനങ്ങളുടെ കൺവീനർമാരായി വന്ന നേതാക്കളും മേൽനോട്ടക്കാരായ ഉദ്യോഗസ്ഥരും ചേർന്നതായിരുന്നു ഈ മാഫിയ. തുടർന്നാണ് ഭൂമാഫിയ രൂപപ്പെട്ടത്. ആദിവാസികളുടെ ഭൂമി വ്യാജരേഖകളുപയോഗിച്ച് കൈമാറുന്ന ദല്ലാൾമാരും രജിസ്‌ട്രേഷൻ- റവന്യു ഉദ്യോഗസ്ഥരും അടങ്ങുന്ന ഈ സംഘം കോടിക്കണക്കിന് രൂപയുടെ മൂല്യം വരുന്ന ഭൂമി ഇടപാടുകളാണ് പ്രതിവർഷം നടത്തിക്കൊണ്ടിരിക്കുന്നത്. ഏറെയും ആദിവാസികളുടെ ഭൂമി. ഈ ഇടപാടുകൾ പ്രഥമദൃഷ്ട്യാ നിയമപരം തന്നെയാണ് എന്നതാണ് കൗതുകകരം. നിയപരമാക്കുന്നത് രജിസ്‌ട്രേഷൻ, വനം വകുപ്പ് രേഖകൾ സൃഷ്ടിച്ചുകൊണ്ടാണ്. അതിനായി ഏതു രേഖകളും ഏതു രൂപത്തിലും പഴക്കത്തിലും ഈ മാഫിയ സൃഷ്ടിക്കും.''

ആദിവാസി വിരുദ്ധ മുന്നണി

അട്ടപ്പാടിയിൽ ആദിവാസികൾ സ്വന്തം ഭൂമിയിൽനിന്ന് പുറത്താക്കപ്പെട്ടതിനുപുറകിൽ ദശാബ്ദങ്ങൾ നീണ്ട ചരിത്രമുണ്ട്.

അട്ടപ്പാടിയിൽ വിദ്യാധിരാജ ട്രസ്റ്റ് 55 ഏക്കർ ഭൂമി കൈയേറിയതിനെക്കുറിച്ചും നഞ്ചിയമ്മയുടെ ഭൂമി കൈയേറിയതിനെക്കുറിച്ചും 2021 നവംബർ ഒന്നിന് ഐ.സി. ബാലകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യവും റവന്യു മന്ത്രി കെ. രാജൻ നൽകിയ മറുപടിയും
അട്ടപ്പാടിയിൽ വിദ്യാധിരാജ ട്രസ്റ്റ് 55 ഏക്കർ ഭൂമി കൈയേറിയതിനെക്കുറിച്ചും നഞ്ചിയമ്മയുടെ ഭൂമി കൈയേറിയതിനെക്കുറിച്ചും 2021 നവംബർ ഒന്നിന് ഐ.സി. ബാലകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യവും റവന്യു മന്ത്രി കെ. രാജൻ നൽകിയ മറുപടിയും

1950-കൾ വരെ അട്ടപ്പാടിയിൽ വലിയ തോതിൽ മലേറിയ ഉണ്ടായിരുന്നു. അതുകൊണ്ട്, വലിയ തോതിൽ കുടിയേറ്റമുണ്ടായിരുന്നില്ല. മലേറിയ നിയന്ത്രിക്കുകയും റോഡ് വികസനം അടക്കമുള്ള ഗതാഗത സൗകര്യങ്ങൾ വരികയും ചെയ്തതോടെ ധാരാളം ആളുകൾ തമിഴ്നാട്ടിൽ നിന്നും കേരളത്തിന്റെ ഇതര പ്രദേശങ്ങളിൽ നിന്നും അങ്ങോട്ട് കുടിയേറി. അതുവരെ ആദിവാസികളുടെ ഭൂമിയായിരുന്നു അട്ടപ്പാടി. കുടിയേറ്റം വ്യാപകമായപ്പോൾ ആദിവാസികൾ ന്യൂനപക്ഷമായി. കുടിയേറ്റത്തിന് നിരവധി സാമൂഹിക കാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഭൂമി എന്ന വിഭവത്തിന്മേൽ രൂപപ്പെട്ട മാർക്കറ്റ് ഇക്കോണമിയും റിയൽ എസ്‌റ്റേറ്റ് ലോബികളും പുത്തൻ സാമ്പത്തിക വർഗങ്ങളുമെല്ലാം കൈയേറ്റം എന്ന കുറ്റകൃത്യമാക്കി കുടിയേറ്റത്തെ വിപുലപ്പെടുത്തി.

അന്യാധീനപ്പെട്ട ആദിവാസിഭൂമി അവർക്ക് തിരിച്ച് ലഭ്യമാക്കുന്നതിൽ കേരളത്തിലെ എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികൾ സഖ്യകക്ഷികളായാണ് പ്രവർത്തിച്ചത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാൻ 1975 ഏപ്രിൽ 25ന് നിയമസഭ നിയമം പാസാക്കിയെങ്കിലും 1986-ൽ മാത്രമാണ് ചട്ടങ്ങൾ തയാറാക്കിയത്. ഈ നിയമമനുസരിച്ച് 1960 മുതൽ 1982 വരെ നടന്ന ഭൂഇടപാടുകൾ റദ്ദാകുകയും ഭൂമി യഥാർത്ഥ ഉടമസ്ഥർക്കു നൽകുകയും ചെയ്യും. ഇതേതുടർന്ന് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകിട്ടാൻ നിരവധി പേർ അപേക്ഷ നൽകി. എന്നാൽ, കുറച്ച് അപേക്ഷകൾ മാത്രമാണ് സ്വീകരിക്കപ്പെട്ടത്.

1975-ലെ നിയമം മറികടക്കാൻ 1996-ൽ എ.കെ.ആന്റണി സർക്കാർ ഭേദഗതി ഓഡിനൻസ് കൊണ്ടുവന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പറഞ്ഞ് ഓഡിനൻസിന് ഗവർണർ അനുമതി നൽകിയില്ല. തുടർന്ന് അധികാരത്തിൽവന്ന ഇ.കെ.നായനാർ സർക്കാർ 1999-ൽ മറ്റൊരു ഭേദഗതി ബിൽ അവതരിപ്പിച്ചു- Kerala Sheduled Tribes (Restiction on Transfer of Lands and Restoration of Alienated Lands) നിയമം. ഈ നിയമം ആദിവാസികൾക്കു നേരെ നടന്ന അക്രമങ്ങളേയും ഭൂമി കൈയേറ്റങ്ങളേയും സാധൂകരിക്കുന്നതായിരുന്നു. ഭേദഗതിയനുസരിച്ച്, രണ്ടര ഹെക്ടർവരെ ആദിവാസി ഭൂമി കൈവശപ്പെടുത്തിയ ആൾ അത് കാർഷികാവശ്യത്തിനാണ് ഉപയോഗിച്ചതെങ്കിൽ അത് നിലനിർത്താം, അതിന് പകരം ഭൂമി ആദിവാസിക്ക് നൽകിയാൽ മതി. ഭേദഗതിയിലെ നാലാം വകുപ്പ് അനുസരിച്ച് ആദിവാസി ഭൂമിയുടെ സംരക്ഷകൻ സ്ഥലം ആർ.ഡി.ഒ ആണ്. 1975-ലെ നിയമം റദ്ദാക്കാനും പുതിയ നിയമം നിർദ്ദേശിച്ചു. കെ.ആർ. ഗൗരിയമ്മ ഒഴികെയുള്ള എം.എൽ.എമാർ കുടിയേറ്റക്കാർക്ക് അനുകൂലമായ ഈ നിയമം പാസ്സാക്കി. എന്നാൽ, രാഷ്ട്രപതി കെ.ആർ. നാരായണൻ ഒപ്പിടാതെ ബിൽ തിരിച്ചയച്ചു. ബിൽ രണ്ടാമത് രാഷ്ട്രപതിക്ക് അയച്ചില്ല. പകരം ആദിവാസി ഭൂമി എന്നത് കൃഷിഭൂമി എന്നാക്കി, ആദിവാസി എന്നത് കർഷകർ എന്നും. ആദിവാസികൾക്ക് സ്വന്തം ഭൂമിയിലുള്ള അവകാശം പരിമിതപ്പെടുത്തിയ ഈ ഭേദഗതിയെ പൊലീസും കോടതികളും റവന്യൂ വകുപ്പും കണ്ടില്ലെന്നുനടിച്ചു. ഇതുമൂലം ആദിവാസി ഭൂമി അന്യാധീനപ്പെട്ട കേസുകളിലെ വിധികൾ കൈയേറ്റക്കാർക്ക് അനുകൂലമായിരുന്നു.

വില്ലേജ് ഓഫീസർ എന്ന
പരമാധികാരി

റീസർവേക്ക് വിധേയമായ സ്ഥലമല്ല അട്ടപ്പാടി. സർവേ ചെയ്യാത്തതും ഓണർഷിപ്പ് ഇല്ലാത്തതുമായ ഒട്ടേറെ ഭൂമി ഇവിടെയുണ്ട്. അതുപോലെ റവന്യു ഭൂമിയും വനഭൂമിയും ജണ്ടയിട്ട് വേർതിരിക്കാത്ത സ്ഥലങ്ങളുണ്ട്. ഇവയെല്ലാം സർക്കാർ പുറമ്പോക്കുമായിരിക്കാം. ആദിവാസികൾ പാരമ്പര്യമായി കൈവശം വക്കുന്ന ഭൂമി സർവേ ചെയ്യാത്തതായിരിക്കും. മൂന്നോ നാലോ തലമുറ മുമ്പ് അവിടെ ജീവിച്ചുപോന്നവരായിരിക്കും അവർ. നികുതി അടക്കാനോ മറ്റോ ഇവർ സർക്കാർ ഓഫീസുകളിൽ പോകാറില്ല. ഇങ്ങനെ കിടക്കുന്ന ഭൂമിയുടെ പ്രമാണവുമായി ഒരു സുപ്രഭാതത്തിൽ 'അവകാശി' വരികയാണ്. ആദിവാസികൾ വീടുവച്ച് താമസിക്കുന്ന ഭൂമിയാണെങ്കിൽ അൽപം തർക്കമുണ്ടാകുമെന്നുമാത്രം.

അട്ടപ്പാടിയിൽ എങ്ങനെയാണ് ആദിവാസി ഭൂമിയുടെ കൈയേറ്റം നടക്കുന്നത് എന്ന്, ഇതേക്കുറിച്ച് വർഷങ്ങളായി അന്വേഷണം നടത്തുന്ന മാധ്യമപ്രവർത്തകൻ ഡോ. ആർ. സുനിൽവിശദീകരിക്കുന്നു: ഭൂമി വാങ്ങാനെത്തുന്നയാൾ അട്ടപ്പാടിയിലെ ഏജന്റിനെ കണ്ടാൽ മതി. ഏജന്റു വഴി അയാളുടെ കൈയിൽ ഒരു ആധാരമെത്തും. ഭൂമി കാണണമെന്നില്ല. ഈ ഭൂമി വാങ്ങിയ ആൾ മറ്റൊരാൾക്ക് വിൽക്കും. രണ്ടാമത് ഭൂമി വാങ്ങുന്നയാളും ഭൂമി കാണുന്നില്ല. ഇയാൾ മൂന്നാമന് വിൽക്കും. ഈ കൈമാറ്റങ്ങളിൽ അഞ്ചോ പത്തോ ലക്ഷത്തിന്റെ വ്യത്യാസം വരും. മൂന്നാമത് വാങ്ങിയ ആൾ, ഇത്ര ഭൂമി എന്റെ കൈവശമുണ്ട്, അവിടെ കയറാൻ ചിലർ തടസമുണ്ടാക്കുന്നു എന്നുപറഞ്ഞ് കോടതിയിൽ കേസ് കൊടുക്കും. ഇയാളുടെ കൈവശം നികുതിയയടച്ച ഭൂമിയാണുള്ളത്, അതുകൊണ്ട് ഭൂമിയിൽ പ്രവേശിക്കാൻ സംരക്ഷണം കൊടുക്കണമെന്നു പറഞ്ഞ് കോടതി അവിടുത്തെ പൊലീസിന് നോട്ടീസ് കൊടുക്കും. പൊലീസ് സഹിതം ഈ 'അവകാശി' എത്തുമ്പോഴാണ് തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ട വിവരം ആദിവാസികൾ അറിയുക. പുതിയ ഉടമയെ നേരിടാൻ ആദിവാസിക്കാകില്ല. വില്ലേജ് ഓഫീസർ പറയും, ഇയാൾ നികുതി അടച്ചിട്ടുണ്ട് എന്ന്. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടാണ് അട്ടപ്പാടിയിൽ അവസാന വാക്ക്.

അട്ടപ്പാടിയിൽ വന്ന 39 റിസോർട്ടുകളും കൃഷിഭൂമി എന്നു പറഞ്ഞ് കൈവശപ്പെടുത്തിയ ആദിവാസി ഭൂമിയിലാണ്.

ചീരക്കടവ് എന്ന സ്ഥലത്ത് ആദിവാസികൾ കശുവണ്ടി ശേഖരിച്ചിരുന്ന സ്ഥലമുണ്ട്. പ്രമാണവുമായി ഒരാൾ എത്തി അത് തന്റെ ഭൂമിയാണെന്നു പറഞ്ഞ് തർക്കിച്ചു. അവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. അപ്പോഴാണ്, അവർ അറിയുന്നത്, അവരുടെ ഭൂമി, ടി.എൽ.എ കേസിലുൾപ്പെട്ടതാണ് എന്ന്. അതായത്, അന്യാധീനപ്പെട്ട ആദിവാസി ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള കേസ്. ഭൂമി അഞ്ച് ഏക്കറിൽ താഴെയായതിനാൽ, നിയമമനുസരിച്ച്, ആദിവാസിക്കെതിരായി വിധി വന്നു. ഇതൊന്നും ആദിവാസികൾ അറിഞ്ഞില്ല. അതുകൊണ്ടുതന്നെ അപ്പീൽ കൊടുക്കാനുമായില്ല. ഈ ഭൂമി കിട്ടിയ ആൾ അത് മറ്റൊരാൾക്ക് വിറ്റു. അയാൾ നികുതിയടച്ച രശീതിയുമായാണ് വന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതി താഴെത്തട്ടിലെത്തി, പാടവയൽ വില്ലേജ് ഓഫീസർ എഴുതിയ റിപ്പോർട്ട് ഇങ്ങനെയായിരുന്നു: ''ടി.എൽ.എ കേസിൽ ഭൂമി കിട്ടിയ ആൾ മറ്റൊരാൾക്ക് കൈമാറി. ആ കൈമാറ്റം ശരിയാണ്, ആദിവാസികൾക്ക് ഭൂമിയിൽ അവകാശമില്ല.''

സുകുമാരൻ അട്ടപ്പാടി, നഞ്ചിയമ്മ
സുകുമാരൻ അട്ടപ്പാടി, നഞ്ചിയമ്മ

ഇതേ വില്ലേജ് ഓഫീസർ എഴുതേണ്ടിയിരുന്ന ഒരു കാര്യമുണ്ട്: 1999-ലെ നിയമമനുസരിച്ച് ഇവർക്ക് എത്ര ഏക്കർ നഷ്ടമായോ അത്രയും ഏക്കർ കൃഷിയോഗ്യമായ ഭൂമി അതിനടുത്ത് സർക്കാർ കൊടുക്കണം. ഈ വ്യവസ്ഥ വില്ലേജ് ഓഫീസർ ചൂണ്ടിക്കാണിച്ചിട്ടേയില്ല. ഇത് ഒരു വില്ലേജ് ഓഫീസറും പാലിക്കുന്നുമില്ല.

ടി.എൽ.എ പ്രകാരം അട്ടപ്പാടിയിൽ 3000-ഓളം പരാതികളുണ്ടായിട്ടുണ്ടെന്ന് സുനിൽ പറയുന്നു. അത് തരംതിരിച്ച് 955 കേസെടുത്തു. അമ്പതു ശതമാനത്തിലേറെ കേസുകളിൽ, 1975-ലെ നിയമമനുസിച്ച് ആദിവാസിക്ക് ഭൂമി തിരിച്ചുകൊടുക്കാൻ സബ് കലക്ടറും കലക്ടറും ഉത്തരവിട്ടു. അതിനുശേഷമാണ് 1999-ൽ നിയമഭേദഗതി വന്നത്. നാമമാത്ര കർഷകരുടെ കൃഷിഭൂമി സംരക്ഷിക്കാനായിരുന്നു ഭേദഗതി എന്നായിരുന്നു സർക്കാർ ന്യായം. എന്നാൽ, ഈ ഭൂമിയെല്ലാം കൈവശപ്പെടുത്തിയവർ ആരും നാമമാത്ര കർഷകരല്ല, അവിടെ ഒരു കൃഷിയും ചെയ്യുന്നില്ല. നികുതി രശീതിയിൽ കൃഷി എന്ന് എഴുതിയിട്ടുണ്ടോ എന്നു മാത്രമാണ് അധികാരികൾ നോക്കുക. അപ്പോൾ ഏതു പറമ്പും കൃഷിഭൂമിയായി മാറും. അട്ടപ്പാടിയിൽ വന്ന 39 റിസോർട്ടുകളും കൃഷിഭൂമി എന്നു പറഞ്ഞ് കൈവശപ്പെടുത്തിയ ആദിവാസി ഭൂമിയിലാണ്.

വില്ലേജ് ഓഫീസുകളിൽ എ ആന്റ് ബി എന്ന രജിസ്റ്ററുണ്ട്. സർവേയുടെ അടിസ്ഥാന രജിസ്റ്ററാണിത്. ഇതിൽ ധാരാളം ആദിവാസി ഭൂമിയുണ്ട്. ഒന്നുകിൽ പേജ് വലിച്ചുകീറി വേറെ ഒട്ടിക്കുന്നു, അല്ലെങ്കിൽ പേന കൊണ്ട് വെട്ടി വേറെ പേരെഴുതുന്നു.

ടി.എൽ.എ കേസിൽ 295 എണ്ണം ഒഴികെയുള്ളവ അഞ്ചേക്കറിൽ കുറവുള്ളവയായിരുന്നു. അഞ്ചേക്കറിൽ കൂടുതലുള്ളവയിൽ അഞ്ച് ഏക്കർ എടുത്തിട്ട് ബാക്കി ആദിവാസിക്ക് തിരിച്ചുകൊടുക്കണം. അങ്ങനെ 36 കേസുകളിൽ ഉത്തരവ് വന്നിട്ടുണ്ടെന്നും വിധി നടപ്പാക്കിയെന്നുമാണ് നിയമസഭയിൽ മന്ത്രി പറഞ്ഞത്. എന്നാൽ ഒറ്റ കേസിൽ പോലും വിധി നടപ്പാക്കിയിട്ടില്ല. അതായത്, സർക്കാർ സംവിധാനം മുഴുവൻ ആദിവാസിക്ക് എതിരായി പ്രവർത്തിക്കുന്നു.

തന്റെ ഒരു റിപ്പോർട്ടിംഗ് അനുഭവം സുനിൽ പങ്കുവക്കുന്നു: 1970-കളുടെ ഒടുവിൽ ഏറ്റവും പ്രാക്തനാവസ്ഥയിലുള്ള ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കാൻ മാധവമേനോൻ കമീഷൻ ഒരു റിപ്പോർട്ട് തയാറാക്കി. 30,000 ഏക്കർ നിക്ഷിപ്ത വനഭൂമി ഫാമുകളാക്കി മാറ്റി ആദിവാസികളെ കുടിയിരുത്തി നാലഞ്ചു കൊല്ലം കഴിയുമ്പോൾ അഞ്ചേക്കർ വീതം ഓരോ കുടുംബത്തിനും നൽകി അവരെ സ്വയംപര്യാപ്തതയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അട്ടപ്പാടി ഫാമിങ് സൊസൈറ്റിയും വട്ടലക്കി ഫാമിങ് സൊസൈറ്റിയും ഇതിന്റെ ഭാഗമായി ഉണ്ടാക്കി. അട്ടപ്പാടി ഫാമിങ് സൊസൈറ്റിക്ക് വരടിമലയിലും പോത്തുപാടിയിലും ഫാമുകൾ ആരംഭിക്കുന്നു. വരടിമലയിൽ 200-ഓളം ആദിവാസി കുടുംബങ്ങളെ താമസിപ്പിച്ചിരുന്നു. 2000- ആയതോടെ കൃഷി തകർന്നു, ഫാം നഷ്ടത്തിലായി. അങ്ങനെ ആദിവാസികൾ ഊരുകളിലേക്ക് മടങ്ങി. ഫാം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സീസണാകുമ്പോൾ ഏലമൊക്കെ ആളുകൾ എടുക്കാറുണ്ട്, താമസമില്ലെന്നുമാത്രം. ആദിവാസികളുടെ പുനരവധിവാസത്തിന് നീക്കിവച്ച 2730 ഏക്കർ നിക്ഷിപ്ത വനഭൂമി തൃശൂരിലെ ഒരു സ്ഥാപനത്തിന് 25 വർഷത്തേക്ക് പാട്ടത്തിന് നൽകി. ഉദ്യോഗസ്ഥർക്ക് വൻതുക കൈക്കൂലി നൽകിയായിരുന്നു ഇടപാടെന്ന് ആരോപണമുയർന്നിരുന്നു. കോവിഡ് വന്നതിനെതുടർന്ന് കരാർ ഉടൻ നടപ്പാക്കാനായില്ല.

മാധ്യമം ലേഖകൻ ഡോ. ആർ. സുനിലിനെതിരെ അഗളി പൊലീസ് എടുത്ത കേസിന്റെ എഫ്.ഐ.ആർ
മാധ്യമം ലേഖകൻ ഡോ. ആർ. സുനിലിനെതിരെ അഗളി പൊലീസ് എടുത്ത കേസിന്റെ എഫ്.ഐ.ആർ

ഇതിനിടെ, പാറ വച്ച് കെട്ടിയ ഏലം ഗോഡൗൺ പൊളിച്ച് സമീപത്തെ കുളം നീന്തൽക്കുളമാക്കാൻ നോക്കി. കുളത്തിന് ചുറ്റുമതിൽ കെട്ടിയ ആദിവാസികളിൽ ചിലർ സുനിലിനെ വിവരമറിയിച്ചു. സുനിൽ പട്ടികവർഗ ഡയറക്‌റേറ്റിൽ അന്വേഷിച്ചപ്പോൾ, അവിടുത്തെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു, ആദിവാസികളെ സംരക്ഷിക്കാൻ അവിടെ ഒരു വലിയ വികസനപദ്ധതി വരുന്നുണ്ട്, നാട്ടുകാർ ചിലർ അതിനെ എതിർക്കുന്നുണ്ട്, നിങ്ങൾ അതിനെ പ്രമോട്ട് ചെയ്ത് വാർത്ത കൊടുക്കണം.

പാലക്കാട് കലക്ടറേറ്റിൽനിന്നും ഫാമിങ് സൊസൈറ്റിയിൽനിന്നും സുനിൽ വിവരങ്ങൾ സംഘടിപ്പിച്ചു. ഫാമിങ് സൊസൈറ്റിയിൽനിന്ന് എല്ലാ ഫയലുകളും കിട്ടി. മന്ത്രി എ.കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്, സൊസൈറ്റിക്ക് സ്വതന്ത്രമായി ഭൂമിക്കാര്യം തീരുമാനിക്കാം, സൊസൈറ്റിയുടെ ജനറൽ ബോഡിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്, അത് ആദിവാസികൾക്ക് ഗുണകരമാണ് എന്നാണ്. ആദിവാസികളുടെ ജനറൽ ബോഡി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല എന്നു സുനിൽ പറഞ്ഞെങ്കിലും മന്ത്രി സമ്മതിച്ചില്ല.

ആദിവാസികൾക്ക് പലതവണ പട്ടയം കൊടുത്ത ഭൂമികളുണ്ട്. ഇവ ഒരിക്കലും സർവേ നടത്തി അളന്ന് കൊടുക്കില്ല. ഒരു കടലാസ് മാത്രമേ ഇവരുടെ കൈയിലുണ്ടാകൂ.

കൂടുതൽ കൃത്യതക്കുവേണ്ടി ഞാൻ തുടരന്വേഷണം നടത്തിയപ്പോൾ ഒരു കാര്യം വ്യക്തമായി. 1988-ൽ സൊസൈറ്റിയുടെ പട്ടയങ്ങൾ പണയം വച്ച് സഹകരണ ബാങ്കിൽനിന്ന് രണ്ടു കോടി രൂപ വായ്പയെടുത്തിരുന്നു. ഒരു സ്വകാര്യ മുതലാളി വായ്പ തിരിച്ചടച്ച് ഫാം ഏറ്റെടുക്കാൻ വന്നു. അന്ന്, കെ.വി. സുരേന്ദ്രനാഥ് ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചു. അപ്പോൾ, സർക്കാർ പ്ലാനിങ് ബോർഡിനെ ഉപയോഗിച്ച്, സഹകരണസംഘത്തിന് പലിശ ഒഴികെയുള്ള പണം ട്രൈബൽ ഫണ്ടിൽനിന്ന് അടച്ച് ഫാം തിരിച്ചെടുത്തശേഷം ഫാമിങ് സൊസൈറ്റിക്ക് സ്വതന്ത്രമായി തീരുമാനിക്കാനാകില്ലെന്നും പട്ടികവർഗ വകുപ്പ് അറിയാതെ ഒരു തീരുമാനവും എടുക്കരുതെന്നും ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ കോപ്പി സുനിലിനു കിട്ടി. ഇത്, ആദിവാസി കർഷകരായ 50 പേർ ഹൈകോടതിയിൽ നൽകിയ കേസിൽ ഉപകാരപ്പെട്ടു. അങ്ങനെ കരാർ റദ്ദാക്കാൻ കോടതി ഉത്തരവിട്ടു.

ഫോട്ടോ: സുകുമാരന്‍ അട്ടപ്പാടി
ഫോട്ടോ: സുകുമാരന്‍ അട്ടപ്പാടി

ഓഫീസുകളിൽ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വില്ലേജ് ഓഫീസുകളിൽ എ ആന്റ് ബി എന്ന രജിസ്റ്ററുണ്ട്. സർവേയുടെ അടിസ്ഥാന രജിസ്റ്ററാണിത്. ഇതിൽ ധാരാളം ആദിവാസി ഭൂമിയുണ്ട്. ഒന്നുകിൽ പേജ് വലിച്ചുകീറി വേറെ ഒട്ടിക്കുന്നു, അല്ലെങ്കിൽ പേന കൊണ്ട് വെട്ടി വേറെ പേരെഴുതുന്നു. ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെട്ടതുകൊണ്ടാണ് അങ്ങനെ തിരുത്തി എഴുതിയിരിക്കുന്നത് എന്നാണ് അവർ പറയുക. ഇത് ഏതു കാലത്ത് ഏത് വില്ലേജ് ഓഫീസർ എഴുതി എന്ന് കണ്ടെത്താനാകില്ല.

പത്തോ പതിനഞ്ചോ കുടുംബങ്ങൾ ഒന്നിച്ചാണ് അട്ടപ്പാടിയിൽ താമസിക്കുന്നത്. ഭവന പദ്ധതി വന്നപ്പോൾ സർക്കാർ ചെയ്തത്, 50 സെന്റോ ഒരേക്കറോ എടുത്ത് അവിടെ വീടുവച്ച് കൊടുക്കുകയാണ്. കൃഷി ചെയ്ത് ജീവിച്ചിരുന്നവർ ആ പറമ്പ് വിട്ട് ഇത്തരം കോളനികളിലേക്ക് വന്നിട്ടുണ്ട്. പറമ്പും കോളനിയും തമ്മിൽ അഞ്ചോ പത്തോ കിലോമീറ്റർ ദൂരമുണ്ടായിരിക്കും. അപ്പോൾ ആ പറമ്പ് ആരാണ് കൈയേറുന്നത് എന്ന് അറിയാൻ ആദിവാസികൾക്ക് കഴിയില്ല.

ആദിവാസിയുടെ രണ്ടും മൂന്നും തലമുറക്കുമുമ്പുള്ള തലമുറയുടെ പേരിലായിരിക്കും സർവേയും മറ്റുമുണ്ടാകുക. നികുതി അടക്കാൻ വില്ലേജിൽ ചെന്നാൽ ആധാരം കൊണ്ടുവരാൻ പറയും. അത് അവർക്ക് കഴിയില്ല.

ആദിവാസികൾക്ക് പലതവണ പട്ടയം കൊടുത്ത ഭൂമികളുണ്ട്. ഇവ ഒരിക്കലും സർവേ നടത്തി അളന്ന് കൊടുക്കില്ല. ഒരു കടലാസ് മാത്രമേ ഇവരുടെ കൈയിലുണ്ടാകൂ. താലൂക്കിലും വില്ലേജിലും ഇരിക്കുന്നവർക്ക് ഈ ഭൂമിയെക്കുറിച്ച് അറിയാം. ആ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈയേറ്റ മാഫിയ ഇത് ആരുടെയെങ്കിലും പേരിലാക്കുകയും അത് ആധാരം ചെയ്യുകയും മറിച്ചുവിൽക്കുകയും ഫെൻസിംഗ് ഇട്ട് ഭൂമി പിടിച്ചെടുക്കുകയും ചെയ്യും. ഇതിന് പൊലീസ് അടക്കമുള്ള എല്ലാ സംവിധാനങ്ങളുടെയും സഹായമുണ്ട്.

അട്ടപ്പാടിയിലെ ഭൂമി കാണിച്ച്
ബാങ്കുകളിൽ വായ്പാക്കൊള്ള

അന്യാധീനപ്പെട്ട ഭൂമിയുടെ കാര്യത്തിൽ മാത്രമല്ല, കൈവശമുള്ള ഭൂമിയുടെ കാര്യത്തിലും ആദിവാസി നിസ്സഹായരാണെന്ന് അട്ടപ്പാടിയിലെ ഭൂമാഫിയക്കെതിരെ നിരന്തര പോരാട്ടം നടത്തുന്ന മനുഷ്യാവകാശപ്രവർത്തകൻ സുകുമാരൻ അട്ടപ്പാടി പറയുന്നു: ഇവിടെ കൈയേറ്റത്തിന് ഭൂമി കാണണമെന്നില്ല. ഒരു സർവേ നമ്പറിൽ വില്ലേജ് ഓഫീസിൽ നികുതിയടക്കും. അതിനുപുറത്ത് പൊസഷൻ സർട്ടിഫിക്കറ്റും ആധാരവും കള്ളപ്പട്ടയവുമുണ്ടാക്കും. രജിസ്‌ട്രേഷൻ നടത്തും. ഈ ഭൂമി മറ്റൊരാൾക്ക് കൈമാറും. ഇങ്ങനെ മൂന്നാല് കൈമാറ്റങ്ങൾ നടന്നശേഷമായിരിക്കും, നാലാമത്തെ ആൾ എത്തി ഭൂമിയിൽ എന്തെങ്കിലും പണി തുടങ്ങുക. അപ്പോൾ മാത്രമാണ് ആദിവാസി അറിയുക, ഈ ഭൂമി വിൽപന നടന്നുവെന്ന്. അപ്പോഴേക്കും വർഷങ്ങൾ കഴിഞ്ഞിരിക്കും.

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം തടയുക, പെസ നിയമം നടപ്പാക്കുക, മാധ്യമപ്രവർത്തകൻ ഡോ. ആർ. സുനിലിനെതിരായ കേസ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചത് സെക്രട്ടറിയേറ്റ്പടിക്കൽ നടന്ന സത്യഗ്രഹത്തിൽ വി.എം. സുധീരനും ആദിവാസി സംഘടനാപ്രവർത്തകരും.
അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം തടയുക, പെസ നിയമം നടപ്പാക്കുക, മാധ്യമപ്രവർത്തകൻ ഡോ. ആർ. സുനിലിനെതിരായ കേസ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചത് സെക്രട്ടറിയേറ്റ്പടിക്കൽ നടന്ന സത്യഗ്രഹത്തിൽ വി.എം. സുധീരനും ആദിവാസി സംഘടനാപ്രവർത്തകരും.

ഈ ഭൂമിയിലുള്ള ആദിവാസിയുടെ രണ്ടും മൂന്നും തലമുറക്കുമുമ്പുള്ള തലമുറയുടെ പേരിലായിരിക്കും സർവേയും മറ്റുമുണ്ടാകുക. നികുതി അടക്കാൻ വില്ലേജിൽ ചെന്നാൽ ആധാരം കൊണ്ടുവരാൻ പറയും. അത് അവർക്ക് കഴിയില്ല. കൃത്യമായി ആദിവാസികൾക്ക് നികുതി രശീതിയും മറ്റും ഇല്ലാത്തതുകൊണ്ട് ഇതേ ഭൂമി കൈവശപ്പെടുത്തിയവർ കോടതിയിൽ പോകും. അപ്പോൾ, കോടതി ചോദിക്കുന്ന ഡോക്യുമെന്റുകൾ ആദിവാസികളുടെ കൈവശമുണ്ടാകില്ല. ചുരുങ്ങിയത് ഒരു സിറ്റിംഗിന് 2500 രൂപ കൊടുക്കേണ്ടതിനാൽ ഒരു അഭിഭാഷകനെ വച്ച് കേസ് നടത്താൻ ആദിവാസികൾക്ക് കഴിയില്ല. അങ്ങനെ അനുകൂലമായ കോടതിവിധി കൈയേറ്റക്കാരുണ്ടാക്കും. കൃത്രിമേരേഖയാണെന്ന് കണ്ടെത്തിയാൽ പോലും സർക്കാർ നടപടിയെടുക്കാറില്ല. അതുതന്നെ പത്തും പതിനഞ്ചും വർഷങ്ങൾ നീളും കേസുകൾ. 40 വർഷമെങ്കിലും പഴക്കമുള്ള ആദിവാസികളുടെ ആയിരക്കണക്കിന് അപേക്ഷകളുണ്ട്. പരാതി കൊടുത്താൽ ആർ.ഡി.ഒ ഒന്നുരണ്ട് സിറ്റിംഗ് നടത്തും. പിന്നെയൊന്നും ഉണ്ടാകില്ല. അത് വർഷങ്ങൾ നീളും.

അട്ടപ്പാടിയിലെ ആദിവാസി ഭൂമിയുടെ മേൽ കേരളത്തിലെ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും കോടികളുടെ വായ്പയുണ്ട്. ഇതെല്ലാം വ്യാജരേഖകളിന്മേലാണുതാനും.

224 ഏക്കർ ഭൂമിയുടെ സർവേ നമ്പറിൽ 600 ഏക്കറിന് ഡോക്യുമെന്റുണ്ടാക്കിയ ഒരു സംഭവം സുകുമാരൻ പറയുന്നു. ഇതിനെതിരെ പരാതി കൊടുത്തിട്ട് 15 വർഷമായി. ചീഫ് സെക്രട്ടറി തലത്തിലും ക്രൈംബ്രാഞ്ചും വിജിലൻസും അന്വേഷണം നടത്തി, തട്ടിപ്പുകൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ല. 2008-ലാണ് പരാതി കൊടുത്തത്. 2011-ൽ കൊടുത്ത മറ്റൊരു പരാതിയുടെ ആദ്യ സിറ്റിംഗ് ഇപ്പോഴാണ് നടന്നത്. ഭൂമി തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കൊടുക്കുന്ന കേസുകൾ പോലും ആദ്യ ഹിയറിങ്ങിന് പത്തുകൊല്ലമൊക്കെ എടുക്കും.

വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കുന്ന ഭൂമി കൂടുതൽ ഉപയോഗിക്കുന്നത് ബാങ്കുകളിൽനിന്ന് വായ്പ എടുക്കാനാണെന്ന് സുകുമാരൻ പറയുന്നു. വായ്പക്ക് ഭൂമി ആവശ്യമില്ല, രേഖകളാണ് വേണ്ടത്. അട്ടപ്പാടിയിലെ ആദിവാസി ഭൂമിയുടെ മേൽ കേരളത്തിലെ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലും കോടികളുടെ വായ്പയുണ്ട്. ഇതെല്ലാം വ്യാജരേഖകളിന്മേലാണുതാനും.

സി.കെ. ജാനു
സി.കെ. ജാനു

അട്ടപ്പാടിയിൽ കുടുംബഭൂമികൾ നിരവധിയുണ്ട്. ഇതിൽ സെറ്റിൽമെന്റ് ആധാരം നടത്താൻ ട്രൈബൽ വകുപ്പിൽ ഫണ്ടുണ്ട്. പക്ഷെ, ഇതിനുള്ള ആദിവാസികളുടെ അപേക്ഷകളിൽ ട്രൈബൽ ഡിപ്പാർട്ടുമെന്റും റവന്യൂവകുപ്പും ഒരു നടപടിയുമെടുക്കില്ല. പത്തും പതിനഞ്ചും ഏക്കർ കുടുംബഭൂമിയുള്ളവർ സെറ്റിൽമെന്റ് രജിസ്‌ട്രേഷന് സമീപിച്ചാൽ നികുതിയടക്കൽ മുതലുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കില്ല.

സുകുമാരൻ ഇടപെട്ട് നിരവധി കേസുകളിൽ ഭൂമി തിരികെ വാങ്ങിക്കൊടുത്തിട്ടുണ്ടെങ്കിലും ആ ഭൂമികൾക്ക് കൃത്യമായ ഡോക്യുമെന്റേഷൻ നടത്തിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. വില്ലേജ് ഓഫീസിൽനിന്ന് നികുതി അടച്ചുകിട്ടില്ല. അതുകൊണ്ടുതന്നെ കേസുകളിലൂടെ തിരിച്ചുകിട്ടിയ ഭൂമികളെല്ലാം അന്യാധീനപ്പെട്ട ഭൂമിയുടെ അവസ്ഥയിലാണ് എന്ന് സുകുമാരൻ പറയുന്നു.

റവന്യൂ വകുപ്പും ഉദ്യേഗസ്ഥരും പൊലീസും അടങ്ങുന്ന സർക്കാർ സംവിധാനങ്ങളെല്ലാം അട്ടപ്പാടിയിൽ ഭൂമാഫിയക്കൊപ്പമാണ് എന്നാണ് ഇത് തെളിയിക്കുന്നത്.

ഭരണകൂടമാണ്
ഉത്തരവാദി

കേരളത്തിലെ ആദിവാസി ചരിത്രം, അവകാശികൾ എന്ന നിലയിൽ നിന്ന് സ്വന്തം ഭൂമിയിൽ അഭയാർഥികളും ആശ്രിതരുമായതിന്റേതാണ് എന്ന് സാമ്പത്തികശാസ്ത്ര വിദഗ്ധനും ആദിവാസി മേഖലകളെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്ത എം. കുഞ്ഞാമൻ പറയുന്നു: ''വിഭവനിയന്ത്രണമുണ്ടായിരുന്ന ഒരു ജനത ജനിച്ചുവളർന്ന ഭൂമിയിൽ അഭയാർഥികളും ആശ്രിതരുമായി മാറിയ ചരിത്രമാണിത്. ഇതിന് പല ഘടകങ്ങളും പ്രവർത്തിച്ചു. കേരളത്തിൽ ഭൂമി കൈയേറ്റം നിരന്തരം നടക്കുന്നു. ഭൂമാഫിയക്ക് ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും മതസ്ഥാപനങ്ങളുടെയും സംരക്ഷണയും പിന്തുണയുമുണ്ട്. അതുകൊണ്ടുതന്നെ ഈ ഭൂമാഫിയയെ ചെറുക്കാൻ ആർക്കും സാധ്യമല്ല. ഇത് ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ ഗവൺമെന്റിന്റെയോ പ്രശ്നമല്ല. ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.''

എം.കുഞ്ഞാമന്‍
എം.കുഞ്ഞാമന്‍

അട്ടപ്പാടിയെ മുൻനിർത്തി ഭരണകൂടങ്ങൾ സ്വീകരിച്ച ക്ഷേമ- വികസനപ്രവർത്തനങ്ങളെ ചരിത്രപരമായി വിലയിരുത്തിയാൽ, മൂന്നു നാല് ഘട്ടങ്ങൾ കാണാൻ കഴിയും: ''ആദ്യം മുഖ്യധാരാ വികസനത്തിന്റെ മാതൃകയിൽ തന്നെയായിരുന്നു ക്ഷേമ- വികസന പ്രവർത്തനം. മുഖ്യധാരയിൽ കമ്യൂണിറ്റി ഡെവലപ്മെന്റ് ബ്ലോക്കുകളായിരുന്നെങ്കിൽ ആദിവാസി മേഖലയിൽഅത് ട്രൈബൽ ഡെവലപ്മെന്റ് ബ്ലോക്കുകളാക്കി. കേരളത്തിലെ ആദ്യത്തെ ട്രൈബൽ ഡെവലപ്മെന്റ് ബ്ലോക്ക് അട്ടപ്പാടിയായിരുന്നു. അട്ടപ്പാടിയിൽ അതിന്റെ പേരിൽ ധാരാളം പണം ചെലവഴിച്ചു. പിന്നീട് അഞ്ചാം പഞ്ചവത്സര പദ്ധതിയിൽ ട്രൈബൽ സബ് പ്ലാനുണ്ടായി. അതിന്റെ ഭാഗമായി ധാരാളം പണം ആദിവാസി മേഖലകളിലേക്ക് ഒഴുകി. ആദ്യത്തെ ഐ.ടി.ഡി.പി.യും (ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെന്റ് പ്രൊജക്റ്റ്) അട്ടപ്പാടിയായിരുന്നു. ഇങ്ങനെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതലും ആഴത്തിലും നടന്നിട്ടുള്ള പ്രദേശം അട്ടപ്പാടിയാണ്.''

പുനരധിവാസത്തിന്റെ പേരിൽ ആദിവാസികളെ കൊണ്ടുവന്ന് പ്രൊജക്ട് ഭൂമികളുടെ ഒരു മൂലയ്ക്ക് കോളനികളിൽ കൂട്ടമായി തള്ളുകയാണ് ചെയ്തത്. പ്രൊജക്ട് ഭൂമിയിലേക്കു വന്നവരിൽ ഭൂരിഭാഗവും അടിമപ്പണി ചെയ്ത് ആരോഗ്യം നശിച്ച് മരിച്ചു തീർന്നു.

ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണങ്ങളും നൽകുന്നത് ആദിവാസികൾക്കാണ് എന്ന് എം. കുഞ്ഞാമൻ ചൂണ്ടിക്കാട്ടുന്നു: ''ഭരണഘടനയിൽ രണ്ട് ഷെഡ്യൂളുകളുണ്ട് ആദിവാസികൾക്കായിട്ട്. അതുപോലെ, അവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന ഇരുപതിലേറെ വകുപ്പുകളുണ്ട്. ഇന്ത്യയിലെ 703 ആദിവാസി വിഭാഗങ്ങളുടെയും സംരക്ഷണത്തിന് വളരെ വിശാലമായ, നിയതമായ വകുപ്പുകൾ ഭരണഘടനയിലുണ്ട്. അതിനുകീഴിൽ നിയമങ്ങളിലുണ്ട്. ഇതെല്ലാം ഇവരെ സംരക്ഷിക്കാനുള്ളതാണ്. സ്റ്റേറ്റാണ് അവരുടെ അവരുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഏത് മുന്നണി ഭരിച്ചു എന്നതല്ല, ഏത് രാഷ്ട്രീയപാർട്ടി ആദിവാസി വകുപ്പ് കൈകാര്യം ചെയ്തു എന്നതല്ല, ഭരണകൂടമാണ് ഉത്തരവാദികൾ. ഉദ്യോഗസ്ഥർ അഴിമതിക്കാരാണെങ്കിൽ അതിന്റെ ഉത്തരവാദിത്തവും ഭരണാധികാരികൾക്കാണ്. ആദിവാസി മേഖലകളിൽ ആദിവാസികളുടെ പേരിൽ ധാരാളം പണം ചെലവഴിക്കപ്പെടുന്നുണ്ട്. ഇത് എവിടെ പോകുന്നു എന്ന് കണ്ടുപിടിക്കാൻ സർക്കാരിന് സംവിധാനങ്ങളില്ലേ? സർക്കാരിന് ഇത് കഴിയുന്നില്ല എന്ന് പറയുന്നത് കൈകഴുകലാണ്. ഇത് കണ്ടുപിടിച്ചാൽ തന്നെ ആരും ഒരു ആക്ഷനും എടുക്കില്ല. ആദിവാസികൾ നിസ്സഹായരാണ്..''

ആദിവാസികളെ കോളനികളിലേക്ക്
തള്ളിയ 'പരിഷ്‌കാരം'

അട്ടപ്പാടിയിലെ ആദിവാസി ഭൂമിയുടെ വിനിമയങ്ങളിൽ വന്ന, ആദിവാസി വിരുദ്ധമായ മാറ്റങ്ങളെക്കുറിച്ച് സി.കെ. ജാനു പറയുന്നു: ''പശ്ചിമഘട്ട വികസന പദ്ധതിയുടെ ഭാഗമായി ആദിവാസിക്ഷേമം ഉറപ്പുവരുത്തുന്നതിന് 864.46 ഹെക്ടർ നിക്ഷിപ്ത വനഭൂമി വിട്ടുകൊടുത്ത് കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ തോട്ടങ്ങളുണ്ടാക്കി 420 ഭൂരഹിത ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുവാൻ 1975-ൽ ആരംഭിച്ച പദ്ധതിയാണ് അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി (എ.സി.എഫ്.എസ്). ചിണ്ടക്കി, പോത്തുപ്പടി, വരടിമല, കരുവാര എന്നിവിടങ്ങളിലാണ് ഭൂമിയുള്ളത്. 1980 - ൽ 139 ഭൂരഹിത ആദിവാസികളെ ഉൾക്കൊള്ളിച്ച് ആരംഭിച്ചതാണ് വട്ടുലക്കി ഫാമിംഗ് സഹകരണ സംഘം. അഞ്ചുവർഷം വരെ ആദിവാസികളെ കുടിയിരുത്തി, സർക്കാർ കൂലി നൽകി, അവരുടെ പങ്കാളിത്തത്തോടെ കൃഷിയിടമാക്കി മാറ്റുകയായിരുന്നു ഈ തോട്ടം. കുടിയിരുത്തിയ കുടുംബങ്ങൾക്ക് അഞ്ചേക്കർ വീതം ഭൂമി പതിച്ച് പട്ടയം നൽകി, ഗവൺമെന്റിന്റെ സൊസൈറ്റി പിരിച്ചുവിട്ട് പുറത്തുപോകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഈ പ്രൊജക്ട് ഭൂമി ആദിവാസികൾക്ക് വിട്ടുകൊടുക്കണമെന്ന വ്യവസ്ഥ സർക്കാർ ഇന്നുവരെ പാലിച്ചിട്ടില്ല. പുനരധിവാസത്തിന്റെ പേരിൽ ആദിവാസികളെ കൊണ്ടുവന്ന് പ്രൊജക്ട് ഭൂമികളുടെ ഒരു മൂലയ്ക്ക് കോളനികളിൽ കൂട്ടമായി തള്ളുകയാണ് ചെയ്തത്. പ്രൊജക്ട് ഭൂമിയിലേക്കുവന്നവരിൽ ഭൂരിഭാഗവും അടിമപ്പണി ചെയ്ത് ആരോഗ്യം നശിച്ച് മരിച്ചു തീർന്നു. ഇപ്പോൾ അവരുടെ തലമുറയും അവിടെ അടിമപ്പണി ചെയ്തു കൊണ്ടിരിക്കുകയാണ്.

അട്ടപ്പാടി കോ- ഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റി
അട്ടപ്പാടി കോ- ഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റി

അട്ടപ്പാടിയിലെ പുതൂർ, അഗളി, ഷോളയൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ നിന്ന് 420 കുടുംബങ്ങളെയാണ് ഇവിടങ്ങളിലേക്ക് പുനരധിവാസത്തിന് കൊണ്ടുവന്നത്. പ്രൊജക്ട് പദ്ധതി ആദിവാസികളുടെ ജീവിതം തന്നെ ഇല്ലാതാക്കി. പുതിയൊരു അടിമത്തം തന്നെ ഇതിലൂടെയുണ്ടായി. അസ്തിത്വവും വ്യക്തിത്വവും ഇല്ലാത്തവരാക്കി മാറ്റി. പോത്തുപ്പടിയിൽ ആദിവാസികളുടെ കൈവശമുണ്ടായിരുന്ന പാരമ്പര്യ ഭൂമി പ്രൊജക്ടിനായി എടുത്ത് അവിടെ ആദിവാസികളെ പൂർണമായും ഭൂരഹിതരാക്കി, അടിമസമാനമായി ചൂഷണം ചെയ്യുകയാണുണ്ടായത്. പ്രൊജക്ട് ഭൂമിയിലേക്ക് വന്നപ്പോൾ ആദിവാസികളുടെ പാരമ്പര്യ ഭൂമിയും വിഭവങ്ങളും കൃഷിയും ആചാരാനുഷ്ഠാനങ്ങളും ഗോത്ര ആചാരമനുസരിച്ചുള്ള അധികാരസ്ഥാനവും അവർക്ക് നഷ്ടമായി. പ്രൊജക്ട് ഭൂമിയിലേക്കുവന്നവരിൽ ഭൂരിഭാഗവും അടിമപ്പണി ചെയ്ത് ആരോഗ്യം നശിച്ച് മരിച്ചു തീർന്നു. ഇപ്പോൾ അവരുടെ തലമുറയും അവിടെ അടിമപ്പണി ചെയ്തുകൊണ്ടിരിക്കുകയാണ്. ആദിവാസികളെ പൂർണമായും ഭൂരഹിതരാക്കി, അടിമസമാനമായി ചൂഷണം ചെയ്യുകയാണുണ്ടായത്.

പുതുർ ഊരിൽ നിന്ന് ഒരുപാട് പ്രതീക്ഷകളോടെ പ്രൊജക്ട് ഭൂമിയിലേക്കുപോയ ആളായിരുന്നു കൃഷ്ണമ്മ. അട്ടപ്പാടിയിൽ പോകുമ്പോൾ ഇടയ്ക്ക് കൃഷ്ണമ്മയുടെ അടുത്ത് ഞാൻ പോവാറുണ്ട്. അഞ്ചേക്കർ ഭൂമിയും വീടും കറവപ്പശുവും തരാമെന്ന് പറഞ്ഞാണ് ഇവരെ കൊണ്ടുപോയത്. തുടക്കത്തിൽ 4.50 രൂപ കൂലിയിലാണ് അവർ പണിയെടുത്തത്. അടിമപ്പണിയെടുത്ത് കൃഷ്ണമ്മയുടെ ആരോഗ്യം നഷ്ടപ്പെട്ടു, രോഗിയായി. അവസാനം, അടിമപ്പണി വേണ്ടന്ന്? എഴുതിക്കൊടുത്ത് അവിടെ നിന്നിറങ്ങി. പിരിഞ്ഞുവന്നപ്പോൾ 30,000 രൂപ പി.എഫ് ആയി ലഭിച്ചു. അഞ്ചേക്കർ ഭൂമി ലഭിക്കേണ്ട അവർക്ക് ഈ തുകയും വാങ്ങി അവിടെ നിന്നിറങ്ങേണ്ടി വന്നു. ഈ പൈസ മുഴുവനും ആശുപത്രിയിൽ ചെലവാക്കാനേ ഉണ്ടായിരുന്നുള്ളൂ.''

ആദിവാസികളെ മുൻനിർത്തി അട്ടപ്പാടിയിൽ നടക്കുന്ന ചൂഷണത്തിന്റെ ഒരു ഉദാഹരണം സി.കെ. ജാനു ചൂണ്ടിക്കാട്ടുന്നു: ''പുനരധിവാസത്തിന് കൊണ്ടുവന്ന 420 ആദിവാസി കുടുംബങ്ങളിൽ 270 പേരുടെ പേരിൽ പട്ടയം ഉണ്ടാക്കുകയും ആ പട്ടയം പെരിന്തൽമണ്ണ കാർഷിക ഭൂപണയ ബാങ്കിൽ പണയപ്പെടുത്തി കോടികൾ വായ്പയെടുത്ത് ഉദ്യോഗസ്ഥർ ധൂർത്തടിക്കുകയും ചെയ്തു. ജപ്തി നോട്ടീസ് വന്നപ്പോഴാണ് വായ്പയെടുത്ത വിവരം ആദിവാസികൾ പോലും അറിയുന്നത്. ഇതിനെതിരെ അവിടുത്തെ ആദിവാസികൾ പ്രതിഷേധിച്ചു. അപ്പോൾ കൂടുതൽ ട്രൈബൽ സബ് പ്ലാൻ ഫണ്ടുകൾ വരുത്തിയാണ് ജപ്തി നടപടിയിൽ നിന്ന്? ഒഴിവായത്. ഇപ്പോഴും പട്ടയം കൊടുത്തിട്ടില്ല. സൊസൈറ്റിയിൽ വച്ചിരിക്കുകയാണെന്നാണ് പറയുന്നത്. ഓരോ വർഷവും ഫാം നഷ്ടത്തിലാണെന്ന് പറഞ്ഞും ആദിവാസി വികസനത്തിന്റെ പേരു പറഞ്ഞും സർക്കാരിലേക്ക് റിപ്പോർട്ട് കൊടുത്ത് ഫണ്ട് മേടിച്ച് ഉദ്യോഗസ്ഥർ കൊള്ളയടിക്കുകയാണ്. അട്ടപ്പാടി കോ- ഓപറേറ്റീവ് ഫാമിംഗ് സൊസൈറ്റിയും, വട്ടുലക്കി ഫാമിംഗ് സംഘവും സർക്കാർ നിയന്ത്രണത്തിൽ കോടികൾ ചെലവഴിക്കപ്പെടുന്ന ആദിവാസി സഹകരണ സംഘങ്ങളാണ്. സൊസൈറ്റിയിലെ അംഗങ്ങൾ എന്നു പറയാമെന്നല്ലാതെ ആദിവാസികൾക്ക് ഈ പ്രൊജക്ട് ഉപകാരപ്പെട്ടില്ല. ഭൂമിയിൽ പണിയെടുക്കാൻ ആദിവാസികളും വരുമാനം എടുക്കുന്നത് ഉദ്യോഗസ്ഥരും. പ്രൊജക്ട് ഭൂമിയ്ക്ക് അനുവദിക്കുന്ന ഫണ്ടുകളെക്കുറിച്ചോ ഉല്പന്നങ്ങൾ വിൽക്കുന്നതിന്റെ കണക്കോ ആദിവാസികളുടെ മുന്നിൽ അവതരിപ്പിക്കാറില്ല. 'അടിമത്തത്തിൽ നിന്നും അടിമവേലയിൽ നിന്നും മോചനത്തിനുവേണ്ടി' എന്നു പറഞ്ഞാണ് ഇത്തരം പ്രൊജക്ടുകൾ ഉണ്ടാക്കിയത്. പക്ഷേ ഇപ്പോഴും ഫാമുകളിൽ ആദിവാസികൾ അടിമസമാനമായ നിലയിൽ തൊഴിലും കൂലിയുമില്ലാതെയാണ് കഴിയുന്നത്.''

ഭൂമാഫിയക്ക് സർക്കാർ സംവിധാനങ്ങളിലുള്ള സ്വാധീനമാണ് അട്ടപ്പാടിയിൽ ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെടാൻ കാരണമെന്ന് ആദിവാസി ഗോത്രമഹാസഭ കോഓർഡിനേറ്റർ എം. ഗീതാനന്ദൻ പറയുന്നു. പത്തുവർഷം മുമ്പുതന്നെ പതിനായിരത്തിലേറെ ഏക്കർ ഭൂമി ആദിവാസികൾക്ക് നഷ്ടപ്പെട്ടതിന്റെ കണക്ക് സർക്കാറിന്റെ കൈവശമുണ്ട്. ഇത് തിരിച്ചുകൊടുക്കാൻ നടപടിയെടുക്കണം. മാത്രമല്ല, ജില്ലയിലെ എണ്ണായിരം ഏക്കർ നിക്ഷിപ്ത വനഭൂമി ആദിവാസികൾക്ക് കൈമാറുകയും വേണം. 1960- കളിൽ സെറ്റിൽമെന്റ് രജിസ്റ്ററുകളിൽ ആദിവാസി ഭൂമി എന്ന് രേഖപ്പെടുത്തിയ ഭൂമികളിലെ എല്ലാ ക്രയവിക്രയങ്ങളെക്കുറിച്ചും ഉന്നത ഏജൻസി അന്വേഷിക്കണമെന്നും ഗീതാനന്ദൻ ആവശ്യപ്പെടുന്നു.

Comments