‘ഗർഭിണിയായിട്ടും വെറുതെവിട്ടില്ല,
പൊലീസ് നിർത്താതെ ചവിട്ടി, അടിച്ചു…’;
ബിന്ദു സംസാരിക്കുന്നു:
ആയിരക്കണക്കിന് കുടുംബങ്ങളുടെ നഷ്ടത്തിന്റെയും സ്വന്തമായി ഒരു തുണ്ട് ഭൂമിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവർ നേരിടേണ്ടിവന്ന യാതനകളുടെയും മരണവേദനയുടെയും നീണ്ട ചരിത്രമാണ് മുത്തങ്ങ ഭൂസമരം. ആദിവാസി ജനത്തിന് ഭൂമി നിഷേധിച്ചപ്പോൾ, ഇനി പുറകോട്ടില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങളെ പോരാടാൻ പ്രേരിപ്പിച്ചത്.
2003- ലെ മുത്തങ്ങ ഭൂസമരം ഇന്നും നീറ്റലുള്ള ഓർമയാണ്. എ.കെ. ആന്റണി സർക്കാറിന്റെ കാലത്ത്, കരാർ പ്രകാരം ഭൂമി അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ കുടിൽകെട്ടി സമരം തുടങ്ങിയത്. സി.കെ. ജാനുവും എം. ഗീതാനന്ദനുമായിരുന്നു നേതൃത്വം. പിന്നീട് നടന്നത് പൊലീസിന്റെ 'കൊല്ലാക്കൊല'യായിരുന്നു.
എന്റെ ഭർത്താവ് ബാബു മുത്തങ്ങയിലേക്ക് പോയി ഒരാഴ്ച കഴിഞ്ഞാണ് ഞങ്ങൾ പോകുന്നത്. ഒരു ദിവസം ചമ്മന്തി അരയ്ക്കുമ്പോൾ ഒരലർച്ച കേട്ടു. അനൗൺസ്മെന്റോടെ പോലീസുകാർ ഞങ്ങൾക്കുനേരെ ഓടിയടുക്കുകയാണ്. ഞാനും ഏട്ടനും മക്കളെ ചേർത്തുപിടിച്ച് ഓടി. ചേച്ചിയെ അവർ പിടിച്ച് തല്ലി. ഞാൻ നിലവിളിയോടെ ചേച്ചിയെ തല്ലുന്നിടത്തേക്ക് ഓടി. ചേച്ചിയുടെ കുട്ടിയെ അമ്മൂമ്മ ബൊമ്മിയമ്മയുടെ അടുത്ത് കൊടുത്തു. പക്ഷെ, ബൊമ്മിയമ്മയെയും അവർ തല്ലിച്ചതച്ചു. ഏട്ടനേയും തല്ലി. ഏട്ടൻ വീണപ്പോൾ പോലീസുകാരൻ മൂത്തമകൾ ജ്യോതിയെ തൂക്കിയെടുത്ത് തീയിലിടാനൊരുങ്ങി. കാലുപിടിച്ച് കരഞ്ഞപ്പോഴാണ് അവളെ തിരിച്ചുതന്നത്.
‘‘യുദ്ധമായിരുന്നു മുത്തങ്ങയിൽ നടന്നത്. മക്കൾക്കുപോലും പേടിസ്വപ്നമാണ് അന്നത്തെ കൊല്ലാകൊല. പലർക്കും ഒരു പണി പോലും എടുക്കാൻ പറ്റാതെയാക്കി മാറ്റി. കാലാകാലങ്ങളായി രോഗികളായി കഴിയുന്ന നിരവധി പേരുണ്ട്’’- ബിന്ദു.
രണ്ടു മക്കളെയും മാറോടുചേർത്ത് ഓടുമ്പോൾ ഒരു പോലീസുകാരൻ ഓടിവന്ന് എന്റെ വയറ്റിൽ ചവിട്ടി. അന്ന് ഞാൻ ഗർഭിണിയായിരുന്നു. എന്നിട്ടുപോലും അവരെന്നെ വിട്ടില്ല. നിർത്താതെ ചവിട്ടുകയും അടിക്കുകയും ചെയ്തു. പോലീസുകാരുടെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് കുത്തുകയും ചെയ്തു. ജ്യോതിയുടെ തലക്കും മുറിവേറ്റിരുന്നു.
ചെറിയ പെങ്ങളെ ഒരു പൊലീസുകാരി ഓടിച്ചു. അവൾ ഇല്ലിക്കൂടിന്റെ ചുറ്റും ഓടി. അവസാനം അവളെ മുടിയിൽ പിടിച്ചുവലിച്ചു. അവൾ കയ്യിലുണ്ടായിരുന്ന ചെറിയ കത്തിയെടുത്ത് മുടി മുറിച്ച് ഓടുകയായിരുന്നു. കുറെ അലഞ്ഞു നടന്നശേഷമാണ് രക്ഷപ്പെടാനായത്. രാത്രിയോടെ പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. കുറെ സ്ത്രീകളെ പീഡിപ്പിക്കുകയോ മറ്റോ ചെയ്തതായും കേട്ടറിവുണ്ട്. ക്യാമ്പിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് കൊണ്ടുപോയത്.
വീടിനടുത്തുള്ള മാരിയമ്മയെ അന്ന് പൊലീസ് വല്ലാതെ ഉപദ്രവിച്ചു. മൂക്കിന്റെ പാലമൊക്കെ തല്ലിത്തകർത്തു. അതിനുശേഷം, കഴിഞ്ഞ വർഷം മരിക്കുന്നതുവരെ അവർക്ക് മാനസികപ്രശ്നങ്ങളായിരുന്നു.
ജയിലിൽനിന്ന് വന്നശേഷം, 16 വർഷം തലയ്ക്ക് സ്ഥിരതയില്ലാതെയാണ് ഞാന്‍ ജീവിച്ചത്. എനിക്കൊരു മകൾ കൂടി ജനിച്ചിരുന്നു. അന്നത്തെ പീഡനം മൂലം എട്ടാം മാസത്തിലായിരുന്നു പ്രസവം.
അന്നത്തെ മർദ്ദനമോർക്കുമ്പോൾ ഇപ്പോഴും പേടിയാണ്. മുത്തങ്ങ സമരം പ്രമേയമാക്കി ഇറക്കിയ 'നരിവേട്ട' എന്ന സിനിമ കാണാൻ പോലും പേടിയായിരുന്നു. ഗീതാനന്ദൻ മാഷെ വീണ്ടും ജയിലിലേക്ക് കൊണ്ടുപോയ വാർത്തകളും മറ്റും കാണുമ്പോൾ ഇപ്പോഴും തലക്കൊരു ഭാരം തോന്നും. ഞങ്ങൾ മുത്തങ്ങയിൽ പോയത് മണ്ണിനു വേണ്ടിയാണ്. ഒന്ന് അടിച്ചുവാരി കളയാനോ, മരിച്ചാൽ കുഴിച്ചിടാനോ, മലമൂത്രവിസർജനം നടത്താനോ ഉള്ള സ്ഥലമില്ല. അതിനുവേണ്ടിയാണ് പോയത്. അല്ലാതെ കാട് മൊത്തം സ്വന്തമാക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല.

സമരം നടന്ന് 23 വർഷം കഴിഞ്ഞിട്ടും സമരപോരാളികൾ കുറ്റപ്പെടുത്തലും പഴിചാരലുകളും നേരിടേണ്ടിവരുന്നുണ്ട്. ഭർത്താവിനെ കൊണ്ടുപോകാൻ പോലീസുകാർ വന്നപ്പോൾ എന്നോട്, ‘സമരസമയത്ത് എത്ര മക്കളുണ്ടായിരുന്നു’ എന്ന തരത്തിൽ ചോദിച്ചിരുന്നു. ഓരോ മാസവും പോലീസുകാർ വരും, അപ്പോഴെല്ലാം ഇത്തരം ആക്ഷേപങ്ങൾ പതിവായിരുന്നു.
ആശുപത്രിയിൽ പോയാൽപോലും ഡോക്ടർമാർ തിരിഞ്ഞുനോക്കാതിരുന്ന സന്ദർഭങ്ങളുണ്ടായിരുന്നു. ‘വേണമെങ്കിൽ കാത്തിരുന്നോ, ഇല്ലെങ്കിൽ ഇറങ്ങിപ്പൊക്കോ’ എന്നു പറഞ്ഞ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
ഞങ്ങൾ ഗീതാനന്ദന്റെയും ജാനുവിന്റെയും ആൾക്കാരാണ് എന്നു പറയാറുണ്ട്. ആരും നിർബന്ധിച്ചിട്ടല്ല ഞങ്ങൾ മുത്തങ്ങയിലേക്കു പോയത്. ജീവിക്കാനുള്ള മണ്ണിനുവേണ്ടിയാണ്. യുദ്ധമായിരുന്നു അന്നവിടെ നടന്നത്. മക്കൾക്കുപോലും ഇപ്പോഴും പേടിസ്വപ്നമാണ് അന്നത്തെ കൊല്ലാകൊല. പലർക്കും ഒരു പണി പോലും എടുക്കാൻ പറ്റാതെയാക്കി മാറ്റി. കാലാകാലങ്ങളായി രോഗികളായി കഴിയുന്ന നിരവധി പേരുണ്ട്. ഗുളികയുടെ പുറത്ത് ജീവിതം തള്ളിനീക്കുന്ന ഒരുപറ്റം മനുഷ്യരുണ്ട്. എല്ലാവരും ഇന്നും പ്രത്യാശിക്കുന്നു, അവകാശങ്ങൾ നേടാൻ കഴിയുമെന്നും അവരുടെ കുരുന്നുകൾക്ക് സ്വന്തം ഭൂമിയിൽ സമാധാനത്തോടെ കിടന്നുറങ്ങാൻ സാധിക്കുമെന്നും.

ഗീതാനന്ദൻ മാഷും ജാനുവും ഞങ്ങൾക്ക് ദൈവങ്ങളെ പോലെയാണ്. അവകാശങ്ങൾ നേടിയെടുക്കും വരെ ഞങ്ങളെല്ലാം ഒന്നിച്ചുതന്നെ നിൽക്കും. മാഷിനെ എങ്ങനെയും പുറത്തിറക്കണമെന്ന ആവശ്യമാണ് ഇനിയുള്ളത്.
▮
‘ആശുപത്രിയിൽ പോലും ക്രൂരപീഡനമായിരുന്നു’ ബിന്ദുവിന്റെ ജീവിതപങ്കാളി ബാബു പറയുന്നു:
നമ്പിക്കൊല്ലിയിൽ നിന്ന് ജീപ്പ് വാടകക്കെടുത്താണ് ഞങ്ങൾ കുറച്ചുപേർ മുത്തങ്ങയിലേക്ക് പോയത്. സ്വന്തമായി ഒരു തുണ്ടു ഭൂമി കിട്ടുന്നു എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. ഒരുമാസം ഷെഡ് കെട്ടി താമസിച്ചു. ചുറ്റുപാടും തരിപ്പക്കാടായിരുന്നു. ഒരു ദിവസം ഉച്ചയോടടുത്ത് കാട്ടിൽ ഒരു പോലീസ് ജീപ്പ് കൊണ്ടുവന്നു നിർത്തി. പോലീസുകാർ ഉള്ളിലിരുന്നുതന്നെ മണ്ണെണ്ണയിൽ ആനപ്പിണ്ടം പൊതിർത്തി തീകൊളുത്തി ഞങ്ങൾക്കു നേരെ എറിഞ്ഞു. ആനയിറങ്ങുന്നത് ശ്രദ്ധിക്കാനും വിവരം പെട്ടെന്ന് നാട്ടിൽ അറിയിക്കാനുമായി കുറച്ചാളുകളെ പ്രദേശത്ത് നിർത്തിയിരുന്നു. അവരാണ് ഈ വിവരം അറിയിച്ചത്. അവിടെ മൊത്തം തീപടർന്നു. അപ്പോൾ തന്നെ ഞങ്ങൾ അവരെ പിടിച്ചു കെട്ടിയിട്ടു. മന്ത്രിമാരെയും കളക്ടറേയും പോലീസുകാരെയും ഈ വിവരം അറിയിക്കാൻ ഗീതാനന്ദൻ മാഷും ജാനുവും പോയിരുന്നു. പിറ്റേന്ന് ഒമ്പതു മണിക്ക് അധികാരികൾ വന്ന്, ‘സംഭവിച്ചതെല്ലാം ഞങ്ങളുടെ തെറ്റാണ്, കുറ്റം സമ്മതിക്കുന്നു, ഇനി പ്രശ്നമുണ്ടാകില്ല’ എന്നു പറഞ്ഞ് തടഞ്ഞുവെച്ച പോലീസുകാരെയും കൊണ്ട് പോയി. അന്ന് അവിടം വിട്ടുപോയെന്ന് വിചാരിച്ച പോലീസുകാരും സി.ആർ.പി.എഫും മുത്തങ്ങയിൽ തന്നെ ക്യാമ്പ് ചെയ്യുകയായിരുന്നു.

പിറ്റേന്ന് രാവിലെ ഒമ്പതുമണിക്ക്, ഞങ്ങൾ കുടിലിൽ കഞ്ഞിയുണ്ടാക്കുമ്പോൾ ഒരു അനൗൺസ്മെന്റോടുകൂടി പോലീസ് സംഘം കുടിലിനു നേരെ പാഞ്ഞടുത്തു. ഞാനും ബിന്ദുവും മക്കളായ ജ്യോതിയെയും മീരയെയും ഒക്കത്തെടുത്ത് ഓടി. അവർക്ക് അടികൊള്ളാതിരിക്കാൻ നിർത്താതെയാണ് ഓടിയത്. പക്ഷെ പോലീസുകാർ കണ്ണീർവാതകം ഉപയോഗിച്ചു. കണ്ണൊക്കെ നീറിപുകഞ്ഞു, ഒന്നും കാണാൻ വയ്യാതെയായി, കൂടെ ചുമയും.
അഞ്ച് പോലീസുകാർ വന്ന് എന്റെ തലക്ക് വടികൊണ്ടടിച്ചു. കാട്ടിലെ ഉറപ്പുള്ള ഒരുതരം വടികൊണ്ടാണ് അടിച്ചത്. തലയ്ക്കടിയേറ്റ് ചോര വന്നുകൊണ്ടേയിരുന്നു. കണ്ണിലൊക്കെ ചോര നിറഞ്ഞു, ബോധമില്ലാതെ നിലത്ത് വീണുപോയി. അവിടെനിന്ന് ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് എന്റെ മുറിവുകൾ പച്ചക്ക് തുന്നിക്കെട്ടി. ശേഷം ബത്തേരി താലൂക്ക് ആശുപത്രിയിൽ കൊണ്ടാക്കി. ഏഴു ദിവസം അവിടെയായിരുന്നു. ഒന്ന് ശുചിമുറിയിൽ കയറിയാൽ അവർ പറയുന്ന സമയത്ത് പുറത്തിറങ്ങണം. ആശുപത്രിയിലും ക്രൂരമർദ്ദനമായിരുന്നു. പോലീസ് ബസിലാണ് കോടതിയിലേക്ക് കൊണ്ടുപോയത്. ഇരിക്കാനോ നിൽക്കാനോ വിടാതെ അടിയും തൊഴിയുമായിരുന്നു യാത്രയിലുടനീളം.
‘‘ബസിലെ കമ്പിയിൽ പിടിക്കാൻ പറയും, പിടിച്ചു നിൽക്കുമ്പോൾ മുട്ടുകാൽ വച്ച് വയറ്റത്ത് ഇടിക്കും. ഇരിക്കാൻ പറഞ്ഞിട്ട് ഇരിക്കുമ്പോൾ തോക്കിന്റെ അടിഭാഗം വച്ച് മുട്ടുകാലിൽ കുത്തും’’- ബാബു.
ബസിലെ കമ്പിയിൽ പിടിക്കാൻ പറയും, പിടിച്ചു നിൽക്കുമ്പോൾ മുട്ടുകാൽ വച്ച് വയറ്റത്ത് ഇടിക്കും. ഇരിക്കാൻ പറഞ്ഞിട്ട് ഇരിക്കുമ്പോൾ തോക്കിന്റെ അടിഭാഗം വച്ച് മുട്ടുകാലിൽ കുത്തും. പിന്നീടുള്ള 45 ദിവസം കോഴിക്കോട് ജയിലിലായിരുന്നു. അക്കാലത്തെല്ലാം വയറ്റിൽനിന്ന് രക്തം പോയിക്കൊണ്ടേയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അതിനു ചികിത്സിച്ചത്. ഭാര്യയും കുട്ടികളും കണ്ണൂർ സെൻട്രൽ ജയിലിലും. അവരെ കാണാൻ കഴിയാത്തതിന്റെ സങ്കടം മറുഭാഗത്തും.
മുത്തങ്ങ സമരത്തെ കുറിച്ച് ഇറങ്ങിയ ഒരു പുസ്തകത്തിൽ, എന്റെ കുടുംബത്തെ കാണിച്ചുതന്നു ജയിലിലെ പോലീസുകാർ. അവർ നല്ല രീതിയിലാണ് പെരുമാറിയത്. അക്കാലത്തൊന്നും അന്നത്തെ സർക്കാർ ഞങ്ങളെ തിരിഞ്ഞുപോലും നോക്കിയില്ല.
മാന്യമായി 'കുടിയൊഴിപ്പിക്കുക'യായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷെ അവിടെ അന്ന് നടന്നത് 'നായാട്ടാ'ണ്. പോലീസും ജീവനുള്ളവരാണ്, ആദിവാസിയും ജീവനുള്ള മനുഷ്യരല്ലേ. കോടതി ഏതു രീതിയിലാണ് ഇതിനെ ന്യായീകരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നമ്മുടെ മക്കൾക്കുവേണ്ടി നല്ലൊരു വിധി വരണം. നമ്മുടെ മക്കൾക്കും പേടിക്കാതെ പഠിക്കണം. അതിനുള്ള വഴി ഉണ്ടാവണം.

▮
‘മരിക്കുന്നതുവരെ മാറില്ല, അന്നത്തെ പേടി’; ബിന്ദുവിന്റെ മകൾ ജ്യോതി പറയുന്നു
മുത്തങ്ങയിൽ ഭൂസമരത്തിനുപോയ അമ്മക്കൊപ്പം ഞാനും അനിയത്തി മീരയുമുണ്ടായിരുന്നു. ഒരു ദിവസം പോലീസുകാർ വന്ന് ഞങ്ങളെ അടിച്ചോടിക്കാൻ തുടങ്ങി. നോക്കുമ്പോൾ ഒരു ഭാഗത്തുനിന്ന് പുക ഉയരുന്നു. അമ്മയും അച്ഛനും ഞങ്ങളെയുമെടുത്ത് അലറിവിളിച്ച് ഓടി. വയ്യാത്ത ഒരു വല്യമ്മയും ഉണ്ടായിരുന്നു. അവരെ പോലീസുകാർ എല്ലാവരും കൂടി വട്ടംചേർന്നുപിടിച്ചു. വല്യമ്മയെ ഭയങ്കരമായി തല്ലിച്ചതച്ചു. ഞങ്ങളെ വിടാൻ അച്ഛൻ പറയുമ്പോഴൊക്കെ, പൊലീസ് അച്ഛനെ ക്രൂരമായി മർദ്ദിച്ചു, അമ്മയെയും. എന്നെ പിടിച്ചു വലിച്ചുകൊണ്ടുപോയി. പുറത്തൊക്കെ അടികിട്ടി. ആ വേദന ഇപ്പോഴും മാറിയിട്ടില്ല. പുറത്തും എല്ലുകൾക്കും ഇപ്പോഴും ഇടക്കൊരു വേദനയാണ്.
‘‘അച്ഛനെ എന്റെ കണ്മുന്നിലിട്ടാണ് തല്ലിയത്. അതൊന്നും എന്റെ കണ്ണിൽനിന്ന് ഇതുവരെ മാഞ്ഞിട്ടില്ല. ആ അനുഭവങ്ങൾ എന്നെ മാനസികമായി തളർത്തി. വിദ്യാഭ്യാസത്തെ വലിയ രീതിയിൽ ബാധിച്ചു’’- ജ്യോതി.
അമ്മ അന്ന് ചെറിയ അനിയത്തി ലക്ഷ്മിയെ ഗർഭം ധരിച്ചിരുന്നു. അമ്മ കുനിഞ്ഞിരിക്കുമ്പോൾ പോലീസുകാർ നാടുവിനൊക്കെ ചവിട്ടി. അമ്മയെ ചവിട്ടുന്നതിനൊപ്പം ഞങ്ങളുടെ കഴുത്തിൽ അമർത്തിപ്പിടിക്കും. അവരുടെ കയ്യിൽ കടിച്ചിട്ടാണ് എന്നെ വിട്ടത്.
ജയിലിലെത്തുമ്പോൾ ഞാനും അമ്മയും ബൊമ്മിയമ്മയും അച്ഛമ്മയും അനിയത്തിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ് എന്റെ കാര്യങ്ങളൊക്കെ നോക്കിത്തന്നത്. എല്ലാവരും മാനസികമായി ബുദ്ധിമുട്ടി. 'കൊന്നിട്ടല്ലേ, പിന്നെ കൊണ്ടുപോകാതിരിക്കുമോ' എന്നൊക്കെ ചോദിച്ചവരുണ്ട്.
അച്ഛനെ എന്റെ കണ്മുന്നിലിട്ടാണ് തല്ലിയത്, അച്ഛന്റെ തലയിൽ നിന്ന് രക്തം വാർന്നുകൊണ്ടിരുന്നു. അതൊന്നും എന്റെ കണ്ണിൽനിന്ന് ഇതുവരെ മാഞ്ഞിട്ടില്ല. ആ അനുഭവങ്ങൾ എന്നെ മാനസികമായി തളർത്തി. വിദ്യാഭ്യാസത്തെ വലിയ രീതിയിൽ ബാധിച്ചു. പഠിപ്പിക്കുന്നതൊന്നും മനസ്സിലാവുകയില്ല. തെറ്റിപ്പോകുമോ എന്ന പേടി. എവിടെ ചെന്നാലും പുറകിലായിപ്പോകുമോ എന്ന ഭയം- ഇതെല്ലം എന്നെയും അനിയത്തി മീരയെയും പുറകോട്ടുവലിച്ചുകൊണ്ടിരുന്നു.
ഇപ്പോഴും പേടി മാറുന്നില്ല. കണ്ണടക്കുമ്പോഴൊക്കെ പേടിയാണ്. മരിക്കുന്നതുവരെ ഞങ്ങളുടെ പേടി മാറുമെന്ന് തോന്നുന്നില്ല. വെറും പുഴയും ഇല്ലിയും മാത്രമാണ് ഇപ്പോൾ ഞങ്ങൾക്കുള്ളത്.
