Photo: thenewsminute.com

കുടകിലേക്ക് അന്തകവിത്തുമായി ആദിവാസികളെ കടത്തുന്നതാരാണ്​?

വയനാട്ടിൽനിന്ന്​ കുടകിലേക്ക്​ പണിക്കു​പോകുന്ന ആദിവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്​ വീണ്ടും ചർച്ചയാകുകയാണ്​. കുടകിലെ അടിമപ്പണിക്ക്​ ആദിവാസികളെ ഇരകളാക്കാൻ എറിഞ്ഞുകൊടുക്കുന്ന സാഹചര്യം ഇപ്പോഴും വയനാട്ടിലുണ്ട്​. കാർഷിക പ്രതിസന്ധിയുടെയും അഗ്രികൾച്ചർ കാപ്പിറ്റലിസ്​റ്റ്​സ്​ എന്ന പുത്തൻ ചൂഷണവർഗം രൂപപ്പെട്ടുവരുന്നതിന്റെയും സാഹചര്യത്തെക്കുറിച്ച്​ അന്വേഷണം.

യനാട്ടില്‍നിന്ന് കർണാടകയിലെ കുടകിലുള്ള തോട്ടങ്ങളില്‍ പണിക്കുപോകുന്ന ആദിവാസികളുടെ ദുരൂഹമരണം, ഒരിടവേളക്കുശേഷം ചർച്ചയാകുകയാണ്​. പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരനാണ് ജൂണ്‍ 20-ന് കുടകിലെ സറഗൂല്‍ വിവേകാനന്ദ മെമ്മോറിയല്‍ ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

വര്‍ഷങ്ങളായി കുടകില്‍ ഇഞ്ചിപ്പാടത്ത് പണിക്കുപോകുന്നവരായിരുന്നു ശേഖരന്റെ കുടുംബം. അസുഖമെന്നു പറഞ്ഞ് മാര്‍ച്ചില്‍ ശേഖരന്‍ നാട്ടില്‍ വന്നിരുന്നു. പണിക്കൂലി തരാനുണ്ട് എന്ന് ശേഖരന്‍ വീട്ടുകാരോട് പറയുകയും ചെയ്തു.

പിന്നീട്, ജൂണ്‍ ആദ്യമാണ് അവസാനമായി ശേഖരന്‍കുടകിലേക്ക് പോയത്. നാട്ടില്‍, 'മാഷ്' എന്നറിയപ്പെടുന്ന ഒരാളാണ് ശേഖരനെ നിര്‍ബന്ധിച്ച് കൊണ്ടുപോയതെന്നും പറയുന്നു. ശേഖരന് പനിയാണെന്നുപറഞ്ഞ് രണ്ടാഴ്ചക്കുശേഷം നാട്ടിലുള്ള സഹോദരന്‍ ബാബുവിന് ഫോണ്‍ സന്ദേശമെത്തി. അവിടെയെത്തിയപ്പോള്‍, തോട്ടത്തിനടുത്തുള്ള ഷെഡില്‍ അബോധാവസ്ഥയിലുള്ള ശേഖരനെയാണ് കണ്ടത്. ഉടന്‍ ബാബു തന്നെ ആശുപത്രിയിലെത്തിച്ചു. ദിവസങ്ങള്‍ക്കകം ശേഖരന്‍ മരിക്കുകയും ചെയ്തു.

മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുന്നവഴി, ശേഖരന്റെ വയറിന്റെ രണ്ടു വശത്തുനിന്നും രക്തം വരുന്നത് കണ്ടതായി ബാബു പറയുന്നു. വയറിന്റെ ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഈ മുറിവ് പഞ്ഞിയും തുണിയും കൊണ്ട് കെട്ടിവച്ച നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഐ.സി.യുവില്‍ പ്രവേശിപ്പിക്കുമ്പോള്‍ ശേഖരന്റെ ശരീരത്തില്‍ മുറിവുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ തിടുക്കത്തില്‍ സംസ്‌കരിക്കാനും ഇടപെടലുണ്ടായി. ശേഖരനെ കൊണ്ടുപോയ ആള്‍ വീട്ടുകാര്‍ക്ക് പണം നല്‍കിയതായും പ്രശ്‌നത്തില്‍ ഇടപെട്ട മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന്, വീട്ടുകാരുടെ പ്രതിഷേധം വകവക്കാതെ നിര്‍ബന്ധപൂര്‍വം സംസ്‌കരിക്കുകയായിരുന്നു. ഭയന്ന്, പരാതി നല്‍കാന്‍ പോലും വീട്ടുകാര്‍ മടിച്ചു. ആദിവാസി സംഘടനാപ്രവര്‍ത്തകരാണ് എസ്.പിക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്.

ശേഖരന്റെ മരണം പരാതിയാകുകയും ശ്രീധരന്റെ മരണത്തെക്കുറിച്ച് കുടുംബം ദുരൂഹത ആരോപിക്കുകയും ചെയ്തതോടെ, വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ദുരൂഹമായ പല മിസിംഗ് കേസുകളും പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 17ന് കുടകില്‍ മുങ്ങിമരിച്ചുവെന്ന് പൊലീസ് അറിയിച്ച വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന്റെ (49) മരണം കൊലപാതകമാണ് എന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജനുവരിയില്‍ ഇഞ്ചി തോട്ടത്തില്‍ പണിക്കുപോയ ശ്രീധരനെ കാണാതായതിനെതുടര്‍ന്ന് കുടുംബം വെള്ളമുണ്ട പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടയിലാണ്, മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം ശ്രീധരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. അമിതമായി മദ്യപിച്ച് വെള്ളത്തില്‍ വീണുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മര്‍ദ്ദനമേറ്റാണ് മരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വായില്‍ വലിയ മുറിവുണ്ടായിരുന്നു. കാലില്‍ അടിച്ചതിന്റെ പാടും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാകട്ടെ, കുടുംബത്തിന് നല്‍കിയിട്ടുമില്ല.

വാളാരംകുന്ന് കോളനിയിലെ ശ്രീധരന്‍

ശേഖരന്റെ മരണം പരാതിയാകുകയും ശ്രീധരന്റെ മരണത്തെക്കുറിച്ച് കുടുംബം ദുരൂഹത ആരോപിക്കുകയും ചെയ്തതോടെ, വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ദുരൂഹമായ പല മിസിംഗ് കേസുകളും പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്.

കുടകില്‍ പണിയെടുത്തിരുന്ന പനവല്ലി സ്വദേശി ഗൗരിയുടെ പരാതി ഇതിലൊന്നാണ്. ഗൗരിയുടെ സഹോദരന്‍ അരുണ്‍ ചോമണി എസ്‌റ്റേടുമയുടെ കീഴിലാണ് പണിയെടുത്തിരുന്നത്. അടിമപ്പണിയില്‍ മടുത്തും കൂലിയും ഭക്ഷണവും ഇല്ലാത്തതിനെതുടര്‍ന്നും, കുടകില്‍ വച്ച് പരിചയപ്പെട്ട ഒരു സ്ത്രീയും അവരുടെ കുട്ടിയുമായി അരുണ്‍ നാട്ടിലേക്ക് രക്ഷപ്പെട്ടു. ഇവര്‍ കാട്ടിക്കുളത്ത് പനവല്ലിയില്‍ പെങ്ങളുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. എന്നാല്‍, കുടകില്‍നിന്ന് വന്ന് വന്ന സംഘം സ്ത്രീയെയും കുട്ടിയെയും വണ്ടിയില്‍ കയറ്റി കൊണ്ടുപോയി. സ്ത്രീ, ജീപ്പിലുണ്ടായിരുന്നവരുടെ കൈ കടിച്ച് ഓടി രക്ഷപ്പെട്ടു. അന്ന് അവര്‍ കുട്ടിയെ കൊണ്ടുപോയി. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും എത്തി സ്ത്രീയെയും കൈയും കാലും കെട്ടി കൊണ്ടുപോയി. ഇതിനിടയില്‍ അരുണിനെ കാണാതായി.

മാനന്തവാടിക്കടുത്തുള്ള പുതിയൂരിലെ 53 വയസുകാരനായ തുറുമ്പന്‍ 14 വര്‍ഷം മുമ്പാണ് കുടകില്‍ പോയത്. ഇടയ്ക്കുവച്ച് പണിയുപേക്ഷിച്ച് മടങ്ങിയ തുറുമ്പന്‍ വീട്ടിലെത്തിയില്ല.

ഗൗരി തിരുനെല്ലി പൊലീസ് സ്‌റ്റേഷന്റെ കാട്ടിക്കുളത്തുള്ള എയ്ഡ് പോസ്റ്റില്‍ പരാതി കൊടുത്തു. കുടകില്‍ ഇന്നയാളുടെ വീട്ടിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അന്വേഷണത്തില്‍ പൊലീസ് അരുണിനെ, കുടകില്‍ ചോമണി എസ്‌റ്റേറ്റ് ഉടമയുടെ വീട്ടില്‍ കണ്ടെത്തി. തനിക്ക് പ്രശ്‌നങ്ങളില്ല എന്ന് അരുണ്‍ പൊലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, പൊലീസ് അരുണിനെ കൂട്ടാതെ തിരിച്ചുവന്നു. അരുണിനെ കുടകില്‍ പോയി കാണാന്‍ ബന്ധുക്കളോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, അരുണിനെ തിരികെയെത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഒടുവില്‍, ഡിവൈ.എസ്.പിയുടെ ഇടപെടലിനെതുടര്‍ന്ന് പൊലിസ് അരുണിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി. കാട്ടിക്കുളത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റില്‍ വച്ച് അരുണിനെ കാണുമ്പോള്‍, ഉടന്‍ തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് ഗൗരി പറയുന്നു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്നും അരുണ്‍ പറഞ്ഞു. പോകരുത്, അവര്‍ നിന്നെ കൊല്ലും എന്ന് താന്‍ കരഞ്ഞുപറഞ്ഞിട്ടും അരുണിന് ധൈര്യമുണ്ടായില്ലെന്ന് ഗൗരി പറയുന്നു.

ഗൗരി

കുടകിലെ സ്ത്രീകളായ ഭൂവുടമകളാണ് അരുണിനെയും കൊണ്ട് കാട്ടിക്കുളത്ത് വന്നത്. അവരെ പേടിച്ചാണ് തിരിച്ചുപോകണമെന്ന് അരുണ്‍ പറഞ്ഞതെന്ന് പ്രശ്‌നത്തില്‍ ഇടപെട്ട മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഷാന്റോ ലാല്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

തിരിച്ചുപോയ അരുണിന്റെ സുരക്ഷയില്‍ ആശങ്കയോടെ കഴിയുകയാണ് ഗൗരി. അരുണിന് സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസ് കര്‍ണാടക പോലീസുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്നും ദിവസവും സഹോദരിയെ ഫോണ്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കാമെന്നും തിരുനെല്ലി പോലീസും തൊഴിലുടമകളും ഗൗരിക്കും പ്രശ്‌നത്തില്‍ ഇടപെട്ട സംഘടനാ പ്രവര്‍ത്തകര്‍ക്കും ഉറപ്പുനല്‍കിയിട്ടുണ്ട്.

തുറുമ്പന്റെ വോട്ടർ കാർഡ്​

മാനന്തവാടിക്കടുത്തുള്ള ഒഴക്കോടിയിലെ 53 വയസുകാരനായ തുറുമ്പന്‍ 14 വര്‍ഷം മുമ്പാണ് കുടകില്‍ പോയത്. ഇടയ്ക്കുവച്ച് പണിയുപേക്ഷിച്ച് മടങ്ങിയ തുറുമ്പന്‍ വീട്ടിലെത്തിയില്ല. രണ്ടു ദിവസം കഴിഞ്ഞ് സുഹൃത്തുക്കള്‍ നാട്ടിലെത്തിയപ്പോഴാണ് തുറുമ്പന്‍ പോന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. മാനന്തവാടി പൊലീസില്‍ പരാതി കൊടുത്തു. ഇയാളുടെ തിരോധനത്തെതുടര്‍ന്ന് ഭാര്യക്ക് മാനസിക പ്രശ്‌നമുണ്ടായി, മരിക്കുകയും ചെയ്തു.

അച്ഛന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്ലാതെ ജീവിക്കുകയാണ് മകള്‍. ഈ സംഭവത്തില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നതെന്നും എഫ്.ഐആറില്‍ നടപടി ഒതുങ്ങിയെന്നും ഷാന്റോ ലാല്‍ ട്രൂകോപ്പിയോട് പറഞ്ഞു. കുറുക്കന്‍ മൂല, തിരുനെല്ലി പഞ്ചായത്ത് എന്നിവിടങ്ങളില്‍നിന്നും സമാനമായ സംഭവങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി ഷാന്റോ ലാല്‍ പറഞ്ഞു.

തുറുമ്പന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്റെ എഫ്.ഐ.ആര്‍.

2000 മുതല്‍ 2023 വരെയുള്ള ദുരൂഹമരണങ്ങളെക്കുറിച്ചുള്ള കണക്കും അതിന്റെ കാരണങ്ങളും തേടി വിവരാവകാശ അപേക്ഷ നല്‍കിയതായും ഇത് കിട്ടിയാലുടന്‍ മനുഷ്യവകാശസംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ വസ്തുതാന്വേഷണം നടത്തുമെന്നും ഷാന്റോ ലാല്‍ പറഞ്ഞു.

കാണാതായതും കൊലപാതകങ്ങളും അടക്കം 200-ലേറെ സംഭവങ്ങളുണ്ടെന്ന് ആദിവാസി പ്രവര്‍ത്തക ഗൗരി വയനാട് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. മിക്ക കൊലപാതകങ്ങളും വെള്ളത്തില്‍ വീണു മരിച്ചതാക്കി മാറ്റും. ആരും എത്താത്തിനാല്‍ മൃതദേഹം മറവുചെയ്തു എന്നും പറയും- ഗൗരി പറയുന്നു.

ഇത്തരം പരാതികള്‍ ഉയര്‍ന്നുവരുന്നതോടെ, കുടകിലെ ദുരൂഹമായ ആദിവാസി മരണങ്ങള്‍ വയനാട്ടില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

ഷാന്റോ ലാല്‍

ദുരൂഹ മരണങ്ങൾ,
പാതി നിലച്ച അന്വേഷണങ്ങൾ

കുടക് മരണങ്ങള്‍ എന്നറിയപ്പെടുന്ന ദുരൂഹമരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്തു തുടങ്ങുന്നത് 2005-ലാണ്. 15 വര്‍ഷം മുമ്പുള്ള മിസിംഗ് കേസുകള്‍ വരെ അന്ന് റിപ്പോര്‍ട്ടുചെയ്യപ്പെട്ടുതുടങ്ങി. നീതിവേദി എന്ന സംഘടനയുടെ നേതൃത്വത്തില്‍ 2008- ല്‍ പീപ്പിള്‍സ് ട്രൈബ്യൂണല്‍ സംഘടിപ്പിക്കുകയും ചെയ്തു. അക്കാലത്ത്, കലക്ടറുടെയും ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തില്‍ ചില അന്വേഷണങ്ങള്‍ നടന്നു, റിപ്പോര്‍ട്ടുകളുണ്ടായി.

ദുരൂഹ മരണങ്ങളും തിരോധാനവും അന്വേഷിക്കാന്‍ഡിവൈ.എസ്.പി ആമൂസ് മാമന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആദിവാസി സംഘടനാ പ്രതിനിധികള്‍ അടങ്ങുന്ന സംഘം കുടകിലെ ഇഞ്ചിപ്പാടങ്ങള്‍ സന്ദര്‍ശിച്ച് പ്രശ്‌നം പഠിക്കും, ആദിവാസികളെ പണിക്ക് കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട നടപടികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും, പീഡനങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ സാഹചര്യമൊരുക്കും, കുടകിലേക്ക് പണിക്കുപോകുന്നവരുടെ വിവരം എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ശേഖരിക്കും തുടങ്ങിയ തീരുമാനങ്ങളുണ്ടായി.

അമ്മിണി കെ. വയനാട്

അമ്മിണി കെ. വയനാട് അടക്കമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ 122 ദുരൂഹ മരണങ്ങള്‍ കണ്ടെത്തി. 2007-08 ല്‍ മാത്രം 15 ഓളം ദുരൂഹമരണങ്ങള്‍ പുറത്തുവന്നു. 2008-ല്‍ 'നീതിവേദി' നടത്തിയ പഠനത്തില്‍, കുടകില്‍ പണിക്കുപോയ 34 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയോ മരിക്കുകയോ ചെയ്തതായും 36 പേര്‍ തൊഴിലിടങ്ങളില്‍നിന്നുള്ള രോഗം മൂലം മരിച്ചതായും കണ്ടെത്തിയിരുന്നു. ഉത്തരമേഖല ഐ.ജി മോഹനചന്ദ്രന്‍ അന്വേഷണം നടത്തിയെങ്കിലും നടപടി മുന്നോട്ടുപോയില്ല.

2007 ആഗസ്റ്റില്‍ വയനാട് കലക്ടര്‍ ഇറക്കിയ ഉത്തരവില്‍, കുടകിലേക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരം രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ കൊണ്ടുവന്നു.

പണിക്ക് കൊണ്ടുപോകുമ്പോള്‍ ഊരു മൂപ്പന്‍, എസ്.ടി പ്രമോട്ടര്‍, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍, പൊലീസ് എന്നീ സംവിധാനങ്ങളില്‍ ആരെയെങ്കിലും അറിയിക്കണം, എത്ര ദിവസത്തേക്കാണ് പണിക്ക് കൊണ്ടുപോകുന്നത്, എത്രയാണ് കൂലി തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം എന്നും സര്‍ക്കുലറിലുണ്ടായിരുന്നു.

ഈ വ്യവസ്ഥകള്‍ തുടക്കത്തില്‍ പാലിക്കപ്പെട്ടിരുന്നു. തോല്‍പ്പെട്ടിയില്‍നിന്ന് വര്‍ഷങ്ങളോളം കുടകില്‍ പോയി പണിയെടുത്തിരുന്ന താന്‍, ചെക്ക് പോസ്റ്റില്‍ ഒപ്പിട്ടശേഷമാണ് പോയിരുന്നതെന്ന് ഗൗരി വയനാട് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. എന്നാല്‍, താമസിയാതെ ഈ സംവിധാനം നിര്‍ജ്ജീവമായി. ചെക്ക് പോസ്റ്റിലുള്ളവര്‍ക്ക് കൈക്കൂലി നല്‍കിയായി പിന്നെ മനുഷ്യക്കടത്ത്. നൂറു രൂപ കൊടുത്താല്‍ ചെക്ക് പോസ്റ്റിലുള്ളവര്‍ ഒന്നും മിണ്ടില്ല എന്ന് തന്നെ കൊണ്ടുപോകുന്നവര്‍ പറഞ്ഞിട്ടുണ്ടെന്ന് ഗൗരി പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്, കുടകിലേക്കുള്ള പണിക്കാരുടെ ഒഴുക്ക് മുമ്പത്തെപ്പോലെ ഇല്ല എന്നാണ്. ഇപ്പോള്‍, കുടകുമായി അതിര്‍ത്തി പങ്കിടുന്ന തിരുനെല്ലി, കാട്ടിക്കുളം ഗ്രാമങ്ങളിലെ കോളനികളില്‍നിന്ന് ദിവസവും ഒന്നോ രണ്ടോ വണ്ടികളില്‍ പണിക്കാരെ കൊണ്ടുപോയി, വൈകീട്ട് തിരിച്ചെത്തിക്കുകയാണ് ചെയ്യുന്നത്. അതേസമയം, കുടകിലെ തോട്ടങ്ങളിലേക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് പോയി, അവിടെ സ്ഥിരമായി താമസിച്ച് പണിയെടുക്കുന്ന എത്ര ആദിവാസികളുണ്ട് എന്ന കണക്ക് ഒരിടത്തുമില്ല. മാത്രമല്ല, ഇപ്പോള്‍ പുറത്തുവരുന്ന മിസിംഗ് കേസുകളില്‍ പെട്ടവര്‍ അവിടെ തടവിലാണോ അടിമപ്പണിയിലാണോ എന്നും വ്യക്തമല്ല. കേരള- കര്‍ണാടക പൊലീസിന്റെ സംയുക്ത അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം അറിയാന്‍ കഴിയൂ. ഇപ്പോള്‍, കര്‍ണാടകത്തിലെ പട്ടികജാതി വിഭാഗക്കാരായ തൊഴിലാളികളെയാണ് കുടകിലേക്ക് കൂടുതലും പണിക്ക് കൊണ്ടുവരുന്നത്.

കുടക്​; പഴയ
‘സ്വപ്​നഭൂമി’

എങ്ങനെയാണ്, വയനാട്ടിലെ തൊഴിലിടങ്ങളില്‍നിന്ന് അടിസ്ഥാനവര്‍ഗം അന്യവല്‍ക്കരിക്കപ്പെട്ടത്? എങ്ങനെയാണ് കുടക് അവരുടെ 'സ്വപ്‌നഭൂമി'യായി മാറിയത്?

ഇന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളത് വയനാട് ജില്ലയിലാണ്. പണിയര്‍, അടിയര്‍, കുറിച്യര്‍, മുള്ളക്കുറുമര്‍, കാട്ടുനായ്ക്കര്‍, ഊരാളി കുറുമര്‍, വയനാടന്‍ കാടര്‍ തുടങ്ങി ഏഴ് വ്യത്യസ്ത ഗോത്രവിഭാഗങ്ങള്‍ ഇവിടെയുണ്ട്. പണിയ സമുദായമാണ് ഏറ്റവും കൂടുതല്‍. പണിയരും അടിയരും പരമ്പരാഗതമായി അടിമ ജോലി ചെയ്തുവന്ന വിഭാഗങ്ങളാണ്. വയനാട് ജില്ലയിലെ പ്രസിദ്ധ ക്ഷേത്രമായ വള്ളിയൂര്‍ക്കാവിൽ ഉത്സവത്തിന് പണിയരും അടിയരും കുടുംബസമേതം എത്തും. ജന്മിമാരെത്തി ആരോഗ്യമുള്ള പണിക്കാരെ തെരഞ്ഞെടുക്കും. വള്ളിയൂര്‍ക്കാവിലെ അടുത്ത ഉത്സവം വരെ ഒരു കൊല്ലം ഈ ജന്മിയുടെ കീഴില്‍ ജോലി ചെയ്യാമെന്ന് സത്യം ചെയ്യിപ്പിക്കും. അങ്ങനെ, വിശ്വാസം മുതലെടുത്ത്, ജന്മിയുടെ പീഡനം സഹിച്ച് അവര്‍ കഴിഞ്ഞുകൂടും. അടുത്തവര്‍ഷം മറ്റൊരു ജന്മിക്ക് ഇവരെ കൈമാറും.

ജന്മിയുടെ കൃഷിഭൂമിയുടെ വിസ്തൃതിയനുസരിച്ച് നിരവധി കുടുംബങ്ങളെ അടിമയാക്കും. ഇവരെ കുടില്‍ കെട്ടാന്‍ അനുവദിക്കില്ല. കാട്ടില്‍ കുടില്‍ കെട്ടി താമസിക്കണം. കുടിലിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് മാവും പ്ലാവും വാഴയും നടണം. ഇവ വളരുമ്പോള്‍ ജന്മി അടുത്ത പ്രദേശത്തേക്ക് കുടിയിറക്കും. അങ്ങനെ അവര്‍ സ്ഥിരമായി ഭൂമിയില്ലാത്തവരായി മാറി.

കുടകിലെ ഇഞ്ചിപ്പാടങ്ങളില്‍ തൊഴില്‍ തേടി പോകുന്ന ആദിവാസികള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, പണിയ വിഭാഗം താമസിക്കുന്ന കോളനികള്‍ സന്ദര്‍ശിച്ച് പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമത്തിനുള്ള നിയമസഭാസമിതി 2018 ഡിസംബര്‍ ആറിന് തയാറാക്കിയ റിപ്പോര്‍ട്ട്​.

കുടകിലെ ഇഞ്ചിപ്പാടങ്ങളില്‍ തൊഴില്‍ തേടി പോകുന്ന ആദിവാസികള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, പണിയ വിഭാഗം താമസിക്കുന്ന കോളനികള്‍ സന്ദര്‍ശിച്ച് പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമത്തിനുള്ള നിയമസഭാസമിതി 2018 ഡിസംബര്‍ ആറിന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇവരുടെ ദുരിതം അക്കമിട്ട് നിരത്തുന്നുണ്ട്:

 • ജോലി വാഗ്ദാനം ചെയ്ത് അന്യ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ഇവര്‍ പലതരം ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നു. അറിവില്ലായ്മ, വിദ്യാഭ്യാസക്കുറവ്, സാമൂഹിക ഒറ്റപ്പെടല്‍ എന്നിവ മൂലം സ്വന്തം സുരക്ഷക്കും നീതിക്കും ഋവണ്ടി നിയമസഹായം തേടാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.

 • തൊഴിലിടങ്ങളില്‍നിന്ന് ഒരു നിയന്ത്രണവുമില്ലാതെ ലഭിക്കുന്ന മദ്യമാണ് അവരുടെ മുഖ്യ ആകര്‍ഷണം.

 • പണിയ വിഭാഗത്തിലെ അഭ്യസ്തവിദ്യര്‍ പോലും തൊഴില്‍ ലഭിക്കാതെ കൂലിപ്പണി ചെയ്യേണ്ടിവരുന്നു. ഇതുമൂലം പുതിയ തലമുറയിലെ കുട്ടികള്‍ പഠനത്തില്‍ വിമുഖരാകുന്നു.

 • വയനാട് ജില്ലയില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്ന് ഉന്നത മാര്‍ക്കോടെ പഠിച്ചിറങ്ങുന്നവര്‍ക്ക് ക്ലാസ് 4 ജോലി പോലും ലഭിക്കുന്നില്ല.

 • നിലവിലുള്ള തൊഴില്‍ സംവരണം കേരളത്തിലുള്ള 36-ലേറെ പട്ടികവര്‍ഗ സമുദായങ്ങള്‍ക്കായി വിഭജിക്കപ്പെടുമ്പോള്‍ മത്സരത്തില്‍ മുന്നിലെത്തുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുന്നു.

 • പണിയന്‍ വിഭാഗക്കാരുടെ എറ്റവും വലിയ പ്രശ്‌നം സ്വന്തമായി ഭൂമി ഇല്ലാത്തതാണ്. ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്നതില്‍ കാലതാമസം നേരിടുന്നു.

ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും നിയമസഭാ സമിതി മുന്നോട്ടുവക്കുന്നുണ്ട്:

 • ഓരോ കുടുംബത്തിനും മേല്‍ത്തരം വീട് നിര്‍മിക്കാന്‍ ലൈഫ് മിഷന്‍ മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കണം.

 • പൊതുശ്മശാനമില്ലാത്ത കോളനികളില്‍ അടിയന്തരമായി അത് നിര്‍മിച്ചു നല്‍കുക. സ്വകാര്യ വ്യക്തികള്‍ കൈയേറിയ പൊതു ശ്മശാനം തിരികെ ലഭ്യമാക്കി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുക.

 • കുട്ടികള്‍ക്ക് പി.എസ്.സി പരീക്ഷക്ക് പരിശീലനം നല്‍കുക. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വനം വകുപ്പില്‍ നിയമനം നടത്തുമ്പോള്‍ വനമേഖലയ്ക്ക് പുറത്ത് താമസിക്കുന്നവരെയും പരിഗണിക്കുക.

 • പണിയന്‍ വിഭാഗത്തിലെ അഭ്യസ്തവിദ്യാര്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക.

 • തലമുറകളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നല്‍കുക.

 • വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ നടപ്പിലാക്കിയ ഗോത്രജ്യോതി പദ്ധതി കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

 • എസ്.ടി പ്രമോട്ടര്‍മാരുടെ വേതനം വര്‍ധിപ്പിക്കണം.

 • കൂലിക്ക് പകരം മദ്യം നല്‍കിയുള്ള ചൂഷണം തടയണം.

 • കൃത്യമായി റേഷന്‍ ലഭ്യമാക്കുക.

 • സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മോണിറ്ററിംഗ് സംവിധാനം ഉണ്ടാക്കണം.

പണിയ വിഭാഗം തൊഴിലിടങ്ങളില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടതിന്റെ കാരണമായി സമിതി ചൂണ്ടിക്കാട്ടുന്നത് ഇതാണ്: പരമ്പരാഗതമായി നെല്‍കൃഷിയുമായി ബന്ധപ്പെട്ട പണിയെടുത്താണ് കഴിഞ്ഞിരുന്നത്. ഇരുപ്പൂ കൃഷി ചെയ്തിരുന്ന കാലത്ത് ഇവര്‍ക്ക് പണിയുണ്ടായിരുന്നു. എന്നാല്‍, നെല്‍കൃഷിയില്‍നിന്ന് മറ്റു വിളകളിലേക്ക് മാറിയപ്പോള്‍ പണിയ സമുദായത്തിന്റെ തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയും പണിയ സമുദായത്തിന് ഗുണകരമായില്ല.

കുടകിലെ ഇഞ്ചിപ്പാടങ്ങളുടെ വിസ്​തൃതി,​ ലഭിക്കുന്ന വിളവ്​, തൊഴിലിന്റെ എണ്ണം. / Data:District Human Development Report Kodagu- Draft Report

നിയമസഭാ സമിതിയുടെ ഇടപെടല്‍, നിലവിലെ പ്രതിസന്ധിയില്‍ നല്ലൊരു തുടക്കമായിരുന്നു. എന്നാല്‍, ആ തുടക്കം പൂര്‍ണമായും പ്രശ്‌നപരിഹാരത്തിലേക്ക് നയിച്ചില്ല എന്നാണ്, പഠനത്തിനുശേഷമുള്ള അഞ്ചു വര്‍ഷങ്ങള്‍ തെളിയിച്ചത്.

കാർഷിക മുരടിപ്പ്​,
പട്ടിണി മരണങ്ങൾ

കാര്‍ഷിക സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയെതുടര്‍ന്ന്, കാല്‍നൂറ്റാണ്ടുമുമ്പാണ് വയനാട്ടില്‍നിന്ന് കുടകിലേക്ക് പണിക്കാരുടെ ഒഴുക്ക് തുടങ്ങിയത്. വയനാട്ടിലെ പ്രധാന വിളകളെല്ലാം അന്താരാഷ്ട്ര കയറ്റുമതി വിപണിയുമായി നേരിട്ട് ബന്ധുമുള്ളതാണ്, പ്രത്യേകിച്ച് കാപ്പിയും കുരുമുളകും. ആഗോളീകരണത്തിന്റെ തുടക്കത്തില്‍, കൃത്രിമമായ വിലക്കയറ്റമുണ്ടായെങ്കിലും തൊണ്ണൂറുകളുടെ അവസാനം, കുരുമുളകിന്റെയും കാപ്പിയുടെയും വില ഇടിഞ്ഞു. കൃഷിച്ചെലവുമായി താരതമ്യം ചെയ്താല്‍ കൃഷി ലാഭകരമല്ലാതായി മാറി.

ആഗോളീകരണത്തെ തുടർന്ന്, 1997- 2005 കാലത്ത്​​ വയനാട്ടിൽ കാപ്പിക്കും കുരുമുളകിനുമുണ്ടായ വിലത്തകർച്ച (SHRINKING WORLD, EXPANDING CRISIS WTO, Globalisation and the Agrarian Crisis in Wayanad, Kerala എന്ന പഠനത്തിൽനിന്ന്​)

വയനാട്ടില്‍ കൂടുതലും ചെറുകിട കര്‍ഷകരായതിനാല്‍ അവര്‍ക്ക് കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാനാകാത്ത സാഹചര്യമുണ്ടായി. ഇതേതുടര്‍ന്ന്, തൊഴിലിടങ്ങളില്‍ അന്യവല്‍ക്കരണം രൂക്ഷമായി. 2003- 04 കാലത്ത് കര്‍ഷക ആത്മഹത്യകളും പട്ടിണിമരണങ്ങളും വയനാട്ടില്‍ വ്യാപകമായിരുന്നു. 1999- 2000 കാലത്ത് 36-ഓളം ആദിവാസികള്‍ പട്ടിണിമൂലം മരിച്ചിട്ടുണ്ടെന്ന് സി.കെ. ജാനു പറയുന്നു. ഇവരിലേറെയും വയനാട്ടിലായിരുന്നു. പുല്‍പ്പള്ളി മരക്കടവ് കോളനിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. പട്ടിണി മൂലമല്ല, മദ്യം കഴിച്ചും മലിനജലം കുടിച്ചുമാണ് ഇവര്‍ മരിച്ചതെന്നുപറഞ്ഞ് സര്‍ക്കാര്‍ ഈ മരണങ്ങളെ അവഗണിച്ചു. ഇതേതുടര്‍ന്നാണ്, വയനാട്ടില്‍ ഭൂമി അടക്കമുള്ള വിഭാവാധികാരത്തിനുവേണ്ടിയുള്ള സമരങ്ങള്‍ തുടങ്ങുന്നത്.

''കുടകില്‍ കുറഞ്ഞ വിലയ്ക്ക് പാട്ടഭൂമി കിട്ടുന്നതുകൊണ്ട് വയനാട്ടുകാരായ കുടിയേറ്റ കര്‍ഷകരും മറ്റും അവിടെ കൃഷി തുടങ്ങി. ഇഞ്ചിയായിരുന്നു പ്രധാനം. 5000 രൂപ കൊടുത്താല്‍ ഒരു വര്‍ഷത്തേക്ക് ഒരേക്കര്‍ ഭൂമിയൊക്കെ കിട്ടുമായിരുന്നു. പണിയ, അടിയ വിഭാഗക്കാര്‍ കാര്‍ഷികവൃത്തിയില്‍ പരിചയസമ്പന്നരാണ്. അവരെ കുറഞ്ഞ കൂലിക്ക് ആളെ കിട്ടുന്ന സാഹചര്യവുമുണ്ടായി. ഇങ്ങനെയാണ് കുടകിലേക്കുള്ള പോക്ക് തുടങ്ങിയത്'', അന്ന് സമരനേതൃത്വത്തിലുണ്ടായിരുന്ന ആദിവാസി ഗോത്രമഹാസഭ സ്‌റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ ഗീതാനന്ദന്‍ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

എം. ഗീതാനന്ദന്‍

വയനാട്ടിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സവിശേഷതകളും ഈ മനുഷ്യക്കടത്തിനെ ത്വരിതപ്പെടുത്തി. വയനാട്ടിലെ കാപ്പി കര്‍ഷകരുടെ കൈവശമുള്ള കൃഷിഭൂമിയുടെ അളവ് വളരെ കുറവാണ്. കേരളത്തില്‍ 86 ലക്ഷം കര്‍ഷകരാണ് / ഭൂവുടമകളാണുള്ളത്. ഇവരില്‍ 83 ലക്ഷം പേരുടെയും കൈവശമുള്ളത് ശരാശരി 37 സെന്റ് ഭൂമിയാണെന്ന് കേരള സര്‍ക്കാറിന്റെ ഇക്കണോമിക് സര്‍വേ പറയുന്നു. വയനാട്ടിലെ സ്ഥിതിയും അതുതന്നെയാണ്. ഇത്ര ചെറിയ അളവിലാണ് ഭൂമി എന്നതുകൊണ്ട് പ്രൊഡക്റ്റിവിറ്റി കുറയും. കുടകിലുള്ള പ്രൊഡക്റ്റിവിറ്റിയുടെ പകുതിയേ വയനാട്ടിലെ കാപ്പിക്കുള്ളൂ. 800- 900 കിലോ കാപ്പി കിട്ടേണ്ടിടത്ത് 250-300 കിലോ ആണ് കിട്ടുന്നത്. പ്രൊഡക്റ്റിവിറ്റി വര്‍ധിപ്പിക്കണമെങ്കില്‍, രണ്ടോ മൂന്നോ ഏക്കര്‍ ഭൂമിയെങ്കിലും വേണം. ഇതോടൊപ്പം, ആഗോളീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടിയായപ്പോള്‍, വയനാടിന്റെ കാര്‍ഷിക മുരടിപ്പ് പൂര്‍ണമായി.

1999- 2006 കാലത്ത്​ വയനാട്​ ജില്ലയിലുണ്ടായ കർഷക ആത്മഹത്യകളുടെ കണക്ക്

കുടിയേറ്റ വിഭാഗങ്ങളില്‍നിന്ന് വയനാട്ടില്‍ പുത്തന്‍ പണക്കാരുടെ ഒരു വരവുണ്ടായിട്ടുണ്ടെന്ന് ഗീതാനന്ദന്‍ പറഞ്ഞു: ''ഉദാഹരണത്തിന് സുല്‍ത്താന്‍ ബത്തേരിയില്‍ ഇന്ന് കാണുന്ന മാളുകള്‍, തിയറ്ററുകള്‍, വലിയ ലാന്‍ഡ് ഹോള്‍ഡിംഗസുള്ളവരൊക്കെ ഇങ്ങനെ പണമുണ്ടാക്കിയവരാണ്. ഇവരില്‍ ചില അഭിഭാഷകരുണ്ട്. അഗ്രികള്‍ച്ചര്‍ കാപ്പിറ്റലിസ്റ്റ്‌സ് എന്നു പറയാം. കര്‍ഷക വിഭാഗത്തില്‍നിന്നുവന്ന പുത്തന്‍ മുതലാളിവര്‍ഗം. കുറഞ്ഞ പാട്ടവിലയ്ക്ക് ഭൂമിയും കുറഞ്ഞ കൂലിക്ക് അടിമകളെപ്പോലെ പണിക്കാരെയും ലഭ്യമാകുന്ന സാഹചര്യം മുതലെടുത്ത് അവര്‍ വികസിപ്പിച്ചെടുത്ത മെത്തഡോളജിയാണിത്.
ആദിവാസികളോട് കാലാകാലങ്ങളായി തുടരുന്ന കൊളോണിയല്‍ മനോഭാവമാണ് ഇതിന്റെ അടിസ്ഥാനം. വയനാട്ടില്‍ ഭൂമിയുള്ള കര്‍ഷകരും മുതലാളിമാരും ഈ രീതി സ്വീകരിച്ചുവരുന്നുണ്ട്. മദ്യം കൊടുത്ത് പണിയെടുപ്പിക്കുന്നവരാക്കി ആദിവാസികളെ മാറ്റുക. ഇത് കേരളത്തില്‍ എവിടെയും കാണാന്‍ കഴിയില്ല. ആദിവാസി വിരുദ്ധമായ ബോധമാണ് ഇതിലൂടെ വര്‍ക്ക് ചെയ്യുന്നത്. വയനാട്ടിലെ ഇഞ്ചി കമ്പോളത്തെ നിയന്ത്രിക്കുന്നത് ഈ വിഭാഗമാണ്. ശരാശരി 60 കിലോ ആയിരിക്കും ഒരു ഇഞ്ചിച്ചാക്കിലുണ്ടാകുക. വില, ശരാശരി 2000 രൂപ. ഇത്തവണ, മഴ തുടങ്ങുന്നതിനുതൊട്ടുമുമ്പ് 1000 രൂപയായി താഴ്ന്നു. ചെറുകിട ഇഞ്ചി കര്‍ഷകരെ ചൂഷണം ചെയ്യുന്നുവവെന്നുമാത്രമല്ല, അടിമവേല നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ മുതലാളിമാരുടെ സര്‍പ്ലസ് എന്നത് യഥാര്‍ഥത്തില്‍ ആദിവാസികളുടെ അധ്വാനമാണ്.''

''വന്‍ തോതിലുള്ള യന്ത്രവല്‍ക്കരണം മറ്റൊരു പ്രധാന പ്രശ്‌നമാണ്. ഞാറ് നടാനും കള പറിക്കാനും കൊയ്യാനുമെല്ലാം വാടക യന്ത്രങ്ങള്‍ വന്നതോടെ, പണിക്കാര്‍ കാഴ്ചക്കാരായി. പനമരം ഭാഗത്ത് നിലത്തെ പണിക്ക് അന്തര്‍ സംസ്ഥാന തൊഴിലാളികളെയും കൊണ്ടുവരുന്നുണ്ട്. ശേഷിക്കുന്ന; കാപ്പി, കുരുമുളക് എന്നിവ പറിക്കാനുള്ള പണികളാണ് ആദിവാസികള്‍ക്കായി ശേഷിക്കുന്നത്. ഇങ്ങനെയാണ് വയനാട്ടില്‍ 'ഫ്രീ ലേബര്‍' സൃഷ്ടിക്കപ്പെട്ടത്.''

''മറ്റൊന്ന്, തൊഴിലുറപ്പ് പദ്ധതി ആദിവാസി സൗഹൃദപരമായല്ല നടപ്പാക്കപ്പെടുന്നത്. അതിന്റെ പ്രധാന പ്രശ്‌നം, അന്നന്ന് കൂലി കിട്ടില്ല എന്നതാണ്. അതുകൊണ്ടുതന്നെ, തുടക്കത്തില്‍ എന്റോള്‍ ചെയ്ത പതിനായിരത്തിനപ്പുറത്തേക്ക് ഈ പദ്ധതിയിലേക്ക് ആദിവാസികള്‍ വന്നിട്ടില്ല. ആദിവാസി ലേബര്‍ പൂളിനെ കണ്ടെയ്ന്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ക്ക് കഴിയുന്നില്ല. മാത്രമല്ല, ഇടതുപാര്‍ട്ടികള്‍ അവരുടെ തൊഴില്‍ദാനപദ്ധതിയായിട്ടാണ് ഇത് നടപ്പാക്കിവരുന്നത്. മുമ്പ് കൃഷിപ്പണി ചെയ്യാത്ത കുടുംബങ്ങളില്‍നിന്നുള്ള, ദരിദ്രവല്‍ക്കരിക്കപ്പെടുന്നവര്‍ക്കുള്ള തൊഴില്‍ദാന പദ്ധതിയെന്ന നിലയ്ക്ക്. ഇവരില്‍, നോണ്‍ ട്രൈബല്‍- നോണ്‍ ദലിത് വിഭാഗങ്ങള്‍ക്ക് ഡോമിനന്‍സുണ്ടല്ലോ. അതുകൊണ്ടുതന്നെ, തൊഴിലുറപ്പ്, ലോവര്‍ മിഡില്‍ ക്ലാസിലെ ദരിദ്രവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതിയായി മാറുന്നു. കാര്‍ഷിക ഭൂമിയിലെ പണി കൂടി ഇതിലുള്‍പ്പെടുത്തിയത് മറ്റൊരു പ്രശ്‌നമാണ്. അഞ്ചേക്കറിലുള്ള തോട്ടം ഭൂമികളിലേക്കും പുരയിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. പരമ്പരാഗതമായ ലേബര്‍ ക്ലാസ് പ്രാദേശിക ഭൂവുമടകളുടെ സ്ഥിരം പരിക്കാരായിരിക്കും. തൊഴിലുറപ്പുകാര്‍ ഈ പണി ഏറ്റെടുത്തു. സ്വന്തം വാര്‍ഡുകളില്‍ ആദിവാസികള്‍ ചെയ്തിരുന്ന പണികള്‍ മറ്റു വാര്‍ഡുകളില്‍നിന്നു വരുന്ന നോണ്‍ ട്രൈബല്‍സ് ചെയ്യാന്‍ തുടങ്ങിയതോടെ, തൊഴില്‍ അരക്ഷിതാവസ്ഥ വ്യാപകമായി. ആദിവാസികള്‍ പരമ്പരാഗത തൊഴിലിടങ്ങളില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടു.''- ഗീതാനന്ദന്‍ പറഞ്ഞു.

വയനാട്​ ജില്ലയിലെ കർഷക ആത്മഹത്യ- ഭൂവിസ്​തൃതിയുടെ അടിസ്​ഥാനത്തിൽ.

കേരളത്തിലെ ആദിവാസികളെ ഉപയോഗിച്ചുള്ള ബോണ്ടഡ് ലേബര്‍ തിരിച്ചുവരിക മാത്രമല്ല, ശക്തമാകുകയും ചെയ്യുന്നതായി പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും വയനാട്ടിലെ ആദിവാസി വിഭാഗങ്ങളെക്കുറിച്ച് സവിശേഷ പഠനം നടത്തുകയും ചെയ്ത എം. കുഞ്ഞാമന്‍ ചൂണ്ടിക്കാട്ടുന്നു: ''വേതനത്തിന്റെ ആകര്‍ഷണമാണ് ബോണ്ടഡ് ലേബറിനുള്ളത്. പന്ത്രണ്ടും പതിമൂന്നും വയസ്സായ കുട്ടികള്‍ക്ക് 500, 600 രൂപ വീതം കൊടുക്കും. മുതിര്‍ന്നവര്‍ക്ക് മദ്യവും മയക്കുമരുന്നും കൊടുക്കും. കോഴിക്കോട്- മലപ്പുറം അതിര്‍ത്തിയിലെ കക്കടാംപൊയിലില്‍ ആദിവാസി കുട്ടികളെ ഉപയോഗിച്ച് ബോണ്ടഡ് ലേബര്‍ വ്യാപകമാണ്. നിലമ്പൂരിലും തിരുവനന്തപുരത്തെ വിതുരയിലും ബോണ്ടഡ് ലേബര്‍ കാണുന്നുണ്ട്. സാമൂഹികപ്രക്രിയില്‍നിന്ന് ആദിവാസികളെ അകറ്റി നിര്‍ത്തുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. പണിയരും അടിയരും ചോലനായ്ക്കരുമെല്ലാമാണ് ഇരകള്‍, വികസനം ഇവരിലേക്ക് എത്താറില്ല.
തൊഴിലുറപ്പു പദ്ധതി ആദിവാസി ഏരിയകളില്‍ നടപ്പിലാക്കേണ്ട സാഹചര്യമില്ല. മഹാരാഷ്ട്രയില്‍ തൊഴിലുറപ്പു പദ്ധതി ആദിവാസി മേഖലകളില്‍ നടപ്പാക്കുന്നില്ല. കാരണം, അവര്‍ അതിന് വരില്ല, സ്വന്തം ഭൂമിയും കൃഷിയുമുള്ളതുകൊണ്ട്. അതുകൊണ്ട്, വിഭവാധികാരത്തിന്റെ പ്രശ്‌നമാണിത്. അതില്‍ ഭരണകൂടത്തിന് പങ്കുണ്ട്, ഇത് ഭരണകൂട പരാജയമാണ്.’’

അറുപതുകളിലും എഴുപതുകളിലും പാലക്കാട്ടും ആലപ്പുഴയിലും കുട്ടനാട്ടിലുമൊക്കെ വലിയ തൊഴിലാളി- കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഉണ്ടായെങ്കിലും വയനാട്ടില്‍ ഉണ്ടായില്ലെന്ന് കുഞ്ഞാമന്‍ പറയുന്നു. അതുകൊണ്ടുതന്നെ അവിടെ അടിമത്തൊഴില്‍ തുടര്‍ന്നു. മറ്റിടങ്ങളില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ തന്നെ, വയനാട്ടില്‍ അവരെ അടിമകളാക്കി വച്ചു എന്ന വൈപരീത്യവുമുണ്ടായി.

എം. കുഞ്ഞാമന്‍

തൊഴിലുറപ്പ് പദ്ധതിയിലെ അന്യവല്‍ക്കണം, പട്ടികജാതി- പട്ടിക വര്‍ഗ ക്ഷേമം സംബന്ധിച്ച സമിതിയുടെ 2018ലെ രണ്ടാമത് റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിക്കുന്നുണ്ട്: ''തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ പണിയ വിഭാഗക്കാര്‍ വീഴ്ച വരുത്തുന്നു. പട്ടികവര്‍ഗക്ക് തൊഴില്‍ നല്‍കാനായി മാത്രം കോളനി ശുചീകരണപ്രവൃത്തികള്‍ ഏറ്റെടുത്തപ്പോള്‍ പോലും പണിയെടുക്കാന്‍ വിമുഖത കാണിക്കുന്നവരാണ് പണിയ വിഭാഗക്കാര്‍.''

1940- കളില്‍ മധ്യതിരുവിതാംകൂര്‍ അടക്കമുള്ള ഭാഗങ്ങളില്‍ നിന്നുണ്ടായ കുടിയേറ്റത്തെ തുടര്‍ന്ന് ആദിവാസി ഭൂമി വ്യാപകമായി നഷ്ടപ്പെടുകയും ഉപജീവനമാര്‍ഗം നഷ്ടമാകുകയും ചെയ്തതായി സി.കെ. ജാനു പറയുന്നു: ''എനിക്കെല്ലാം അറിവായി തുടങ്ങിയപ്പോള്‍ ആദിവാസികളുടെ പ്രദേശത്ത് മറ്റുള്ളവരും താമസം തുടങ്ങിയിരുന്നു. കുടിയേറ്റക്കാര്‍ വന്നപ്പോള്‍ ഞങ്ങളുടെ ഭൂമിയെല്ലാം ഇവരുടെ കൈയ്യിലായി. ഞങ്ങളുടെ കാര്‍ന്നോന്മാര്‍ക്ക് കള്ളും വെറ്റിലയും അടയ്ക്കയും പുകയിലയും കൊടുത്താണ് ഇവര്‍ ഭൂമി കൈക്കലാക്കിയത്. മേലാളന്മാര്‍ കള്ളിന്റെ പൈസ ചോദിക്കും. നമ്മുടെ ആളുകള്‍ക്ക് കൊടുക്കാന്‍ പൈസയുണ്ടാവില്ല. 'എന്നാ നിങ്ങളുടെ ഭൂമി തന്നാല്‍ മതി'യെന്ന് അവര്‍ പറയും. ചായക്കടയില്‍ കള്ളക്കണക്കെഴുതിവെക്കും. ഒരു ഉണ്ടയും ചായയും കൊടുത്ത്, അതിന്റെ പൈസ പോലും കൊടുക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് നമ്മുടെ ആളുകള്‍ക്ക് ഭൂമി വിട്ടുകൊടുക്കേണ്ടിവന്നിട്ടുണ്ട്. അന്നൊന്നും ആര്‍ക്കും കണക്കും കാര്യമൊന്നും അറിയില്ല. ആദിവാസികളുടെ അറിവില്ലായ്മ ചൂഷണം ചെയ്തവരാണ് അവരെ ഇന്ന് കുറ്റം പറയുന്നത്.''

സി.കെ. ജാനു

സ്വന്തം മണ്ണിലെ തൊഴിലിടങ്ങളില്‍ അന്യരാക്കപ്പെട്ടവര്‍ക്കുമുന്നില്‍, അങ്ങനെ കുടക് എന്ന പുത്തന്‍ ദേശമുണ്ടായി. രണ്ടു ദശകം മുമ്പ്, വയനാട്ടിയെ യുവാക്കളുടെ സ്വപ്‌നങ്ങളില്‍ പ്രധാനം, കുടകിലേക്ക് പണിക്കുപോകുക എന്നതായിരുന്നു. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സുകുമാരന്‍ ചാലിഗദ്ദയെപ്പോലുള്ളവര്‍തങ്ങളുടെ തലമുറയുടെ ഈ 'സ്വപ്നം' പങ്കുവച്ചിട്ടുമുണ്ട്.

കുടകിലെ
അടിമപ്പാടങ്ങൾ

വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്നാണ്, തൊണ്ണൂറുകളുടെ അവസാനത്തില്‍, കുടിയേറ്റ കര്‍ഷകര്‍ കുടകില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങുന്നത്. പിന്നീട് കുടക് സ്വദേശികളായ ജന്മിമാരും തോട്ടകൃഷി തുടങ്ങി വയനാട്ടില്‍നിന്ന് ആദിവാസികളെ പണിക്ക് കൊണ്ടുവരാന്‍ തുടങ്ങി. തുടക്കത്തില്‍ പ്രധാനമായും ഇഞ്ചിയും കുരുമുകളുമായിരുന്നു വിള. കാര്‍ഷിക ജോലിയില്‍ വൈദഗ്ധ്യമുള്ള പണിയരായിരുന്നു കുടകിലേക്ക് പോയവരിലേറെയും. 2000- കാലത്ത്, പുരുഷന്മാരില്ലാത്ത പണിയ വീടുകള്‍ വയനാട്ടില്‍ ഏറെയായിരുന്നു.

വളരെ പ്രാകൃതമായ ഫ്യൂഡല്‍ തൊഴില്‍ ബന്ധമാണ് കുടകിലുള്ളത്. മനുഷ്യരായി പോലും ആദിവാസികളെ പരിഗണിക്കാറില്ല. രണ്ടായിരമോ മൂവായിരമോ രൂപ അഡ്വാന്‍സ് എന്ന നിലയ്ക്ക് തൊഴിലാളികള്‍ക്ക് നല്‍കിയാണ് കുടകിലേക്ക് കൊണ്ടുപോകുക. അത്, അവരെ സംബന്ധിച്ച് വലിയൊരാകര്‍ഷണമായിരുന്നു. എന്നാല്‍, കാത്തിരിക്കുന്ന ബോണ്ടഡ് ലേബറിന്റെ കുരുക്കുകൂടിയായിരുന്ന ഈ അഡ്വാന്‍സ്. കുടകില്‍ തോട്ടങ്ങള്‍ക്കടുത്തുള്ള കുടിലുകളിലും ഷെഡുകളിലുമാണ് തൊഴിലാളികളെ പാര്‍പ്പിക്കുക.

കുടകിലെ കാപ്പിത്തോടങ്ങളിൽ തൊഴിലാളികൾക്ക്​ താമസിക്കാനുള്ള ലൈൻ വീടുകൾ

ഇപ്പോൾ നേരിയ വർധനയുണ്ടായിട്ടുണ്ടെങ്കിലും, അഞ്ചു വര്‍ഷം മുമ്പുവരെ എട്ടു മണിക്കൂര്‍ ജോലിക്ക് 270 രൂപയായിരുന്നു വാഗ്ദാനം ചെയ്യപ്പെട്ട കൂലി. എന്നാല്‍, 12- 14 മണിക്കൂര്‍ വരെ പണിയെടുപ്പിച്ചശേഷം 150 രൂപയാണ് കിട്ടുക. പുറംലോകവുമായി ബന്ധമില്ലാതെ, രാവിലെ മുതല്‍ രാത്രി വരെ അടിമപ്പണിയാണ്. അഡ്വാന്‍സ് തുക നല്‍കിയതിനാല്‍, ചോദിച്ച കൂലി പല മുതലാളിമാരും കൊടുക്കില്ല. പണിക്കിടക്ക് പാക്കറ്റ് ചാരായവും ലഹരിമരുന്നുകളും നല്‍കി ഇവരെ എല്ലാതരത്തിലും അടിമകളാക്കി മാറ്റും. മദ്യം കിട്ടാന്‍ വേണ്ടിമാത്രം പണിയില്‍ തുടരുന്നവരുമുണ്ട്. ഒരു ഭൂവുടമയുടെ തോട്ടത്തിലെ പണി കഴിഞ്ഞാല്‍, മറ്റൊരു ഭൂവുടമ വന്ന് ഇയാളെ ഏറ്റെടുക്കും. അങ്ങനെ അവിടെ പെട്ടുപോകും. മാസങ്ങള്‍ക്കുശേഷം തോട്ടത്തിലെ പണി കഴിഞ്ഞ് പോകുമ്പോഴായിരിക്കും 5000 രൂപയൊക്കെ കൊടുക്കുക. രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന ആദിവാസികള്‍ മുഴു മദ്യപാനികളായി, ആരോഗ്യം നശിച്ച്, പണിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും. കുടകിലെ പണി കൊണ്ട് വയനാട്ടിലെ ഒരു കുടുംബത്തിന്റെയും പട്ടിണിയും ദാരിദ്ര്യവും മാറിയിട്ടില്ലെന്ന് ആദിവാസി സംഘടനാ പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, രോഗികളായ തലമുറകളെ സൃഷ്ടിക്കുകയാണ് ചെയ്തത്.

ഇഞ്ചി നടാന്‍ വലിയ കുഴിയെടുത്ത്, അതില്‍ തിമിറ്റ് പോലുള്ള അപകടകരമായ കീടനാശിനികള്‍ ചേര്‍ത്ത വെള്ളത്തില്‍ കഴുത്തൊപ്പം വൈകുന്നേരം വരെ നിന്ന്, വിത്ത് മുക്കിയെടുക്കുന്ന പണിയിലേര്‍പ്പെടുന്നവര്‍ ഗുരുതര രോഗം ബാധിച്ച് മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് കുടകില്‍ പണിക്കുപോയിരുന്ന ഗൗരി വയനാട് പറഞ്ഞു.

‘‘ഒരിക്കല്‍ എസ്‌റ്റേറ്റ് ഉടമയോട് കൂലിയെക്കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞത്, ഇടനിലക്കാരന് 300 രൂപ കൊടുക്കുന്നുണ്ട് എന്നാണ്. ഇടനിലക്കാരന്‍ എനിക്ക് തന്നിരുന്നത് 90 രൂപയാണ്. അങ്ങനെയാണ് ഞാന്‍ പണി നിര്‍ത്തിയത്.’’

കുടുംബത്തോടെ പണിക്കുപോകുന്നവരുടെ ഏറെ ദയനീയമാണ്. കുട്ടികളെക്കൊണ്ട് ഭൂവുടമകളുടെ വീട്ടിലെ പണിയെടുപ്പിക്കും. സ്ത്രീകളെ ലൈംഗികചൂഷണത്തിന് വിധേയമാക്കും. കുറുക്കന്‍മൂലയില്‍ നിന്ന് കാപ്പി പറിക്കാന്‍ പോകുന്നവര്‍ ഇപ്പോഴും പറയുന്നത്, സ്ത്രീകള്‍ കുഞ്ഞുങ്ങളെ കാപ്പിക്കൊമ്പില്‍ തൊട്ടില്‍ കെട്ടി ഉറക്കിയശേഷമാണ് കാപ്പി പറിക്കാന്‍ പോകുന്നത് എന്നാണ്.

അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് കാപ്പിത്തോട്ടത്തിലേക്കും മറ്റും ദിവസേന പണിക്ക് പോകുന്നവരുമുണ്ട്. രാവിലെ ജീപ്പ് വന്ന് കോളനികളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുപോകും. ഇവര്‍ക്ക് 300 രൂപയാണ് കൂലി. കാപ്പി സീസണില്‍ ഓരോ കോളനിയില്‍നിന്നും രണ്ടും മൂന്നും ജീപ്പില്‍ നിറയെ ആളുകളെ കൊണ്ടുപോകും. അധ്വാനത്തിനല്ല, ഉല്‍പ്പന്നത്തിന്റെ കിലോക്കണക്കിനാണ് കൂലി. ഭൂവുടമകളില്‍നിന്ന് തൊഴിലാളികളുടെ കൂലിയായി വാങ്ങുന്നതില്‍ പകുതിയേ ഇടനിലക്കാര്‍ അവര്‍ക്ക് നല്‍കൂ.

കുടകിലെ പാടങ്ങളില്‍ വര്‍ഷങ്ങളോളം പണിക്കുപോയിരുന്ന ഗൗരി വയനാട് പറയുന്നു: ''ഞാന്‍ രാവിലെയാണ് വണ്ടിയില്‍ പോയിരുന്നത്. വൈകീട്ട് തിരിച്ചുവരും. 150 രൂപയായിരുന്നു കൂലി. വിവാഹം കഴിക്കുന്നതുവരെ അവിടെ പണിയെടുത്തു. ഒരിക്കല്‍ എസ്‌റ്റേറ്റ് ഉടമയോട് കൂലിയെക്കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞത്, ഇടനിലക്കാരന് 300 രൂപ കൊടുക്കുന്നുണ്ട് എന്നാണ്. ഇടനിലക്കാരന്‍ എനിക്ക് തന്നിരുന്നത് 90 രൂപയാണ്. അങ്ങനെയാണ് ഞാന്‍ പണി നിര്‍ത്തിയത്. അവിടെ കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നത് കണ്ടിട്ടുണ്ട്, സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അറിയാം.''

കേരളത്തിലേക്കു വരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നല്ല വരുമാനവുമായാണ് തിരിച്ചുപോകുന്നത്. എന്നാല്‍, കുടകില്‍ പോകുന്ന വയനാട്ടുകാരുടെ സ്ഥിതി നേരെ മറിച്ചാണ്.

ചെക്ക് പോസ്റ്റില്‍ അധികാരികളുടെ കണ്‍മുന്നിലൂടെയുള്ള ഈ മനുഷ്യക്കടത്തിന് ഒരുവിധ നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. പ്രതിഷേധങ്ങളുണ്ടാകുമ്പോള്‍ ജില്ലാ ഭരണകൂടവും പൊലീസും ചില ഉത്തരവുകളിടുമെങ്കിലും അവ ഒരിക്കലും കര്‍ശനമായി നടപ്പാക്കാറില്ല. ദുരൂഹമായ തിരോധനങ്ങളും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട പൊലീസിന്റെ അലംഭാവം, കടുത്ത മനുഷ്യാവകാശലംഘനം കൂടിയാണ്. ഇടനിലക്കാരും ഭൂവുടമകളുമായി വിലപേശി ഇത്തരം സംഭവങ്ങള്‍ ഒത്തുതീര്‍ക്കുന്ന സംവിധാനമായി പൊലീസ് മാറി. മരണം കുടകിലാണ് സംഭവിക്കുന്നത എന്ന ന്യായത്തില്‍, കേരളത്തിലെ പൊലീസ് ഒഴിഞ്ഞുമാറും. ആദിവാസികള്‍ കേസ് കൊടുത്താല്‍തന്നെ അവ എഫ.ഐ.ആറില്‍ അവസാനിക്കും. പോസ്റ്റുമോര്‍ട്ടം പോലുമില്ലാതെ, ആദിവാസികളെക്കൊണ്ടുതന്നെ മൃതദേഹങ്ങള്‍ അടക്കം ചെയ്യിപ്പിക്കുകയാണ് പതിവെന്ന് മനുഷ്യവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

''നാലു വര്‍ഷം മുമ്പ് ആദിശക്തി സമ്മര്‍ സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛന്‍ കുടകില്‍ വച്ച് മരിച്ചു. അന്ന് സംസ്‌കാരത്തിനുപോയപ്പോള്‍ ഒരു ഏജന്റാണ് ആംബുലന്‍സില്‍ ബോഡി കൊണ്ടുവരുന്നത്. തിരക്കുപിടിച്ച് മറവുചെയ്യാനുള്ള നീക്കമായിരുന്നു''- ഗീതാനന്ദന്‍ പറഞ്ഞു. അസ്വഭാവിക മരണമായി കേസ് അവസാനിപ്പിക്കാന്‍ ബന്ധുക്കളുടെ അനുമതി വേണമെന്നുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ടാല്‍ നടത്തണം. ഇതൊന്നും പാലിക്കപ്പെടുന്നില്ല.

കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളോ അവരുടെ ട്രേഡ് യൂണിയനുകളോ ഈ പ്രശ്‌നം കണ്ടില്ലെന്നു നടിക്കുകയാണ്. കുടിയേറ്റ കര്‍ഷക സമൂഹവുമായുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ചങ്ങാത്തം, ഈ കൊടും ചൂഷണം തുടരുന്നതിന് ഒത്താശയാകുന്നു. ആദിവാസി ഗോത്രമഹാസഭ അടക്കമുള്ള സംഘടനകളുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മുന്‍കൈയിലാണ് ആദിവാസികളുടെ തൊഴില്‍ പ്രശ്‌നം പൊതുശ്രദ്ധയില്‍ ഇടം നേടുന്നത്.

കൊളോണിയല്‍ ചൂഷണരീതികളോടെ വയനാട്ടില്‍ ശക്തമാകുന്ന അഗ്രേറിയന്‍ കാപ്പിറ്റലിസം പരമ്പരാഗത തൊഴിലാളികളുടെ പാര്‍ശ്വവല്‍ക്കരണം രൂക്ഷമാക്കുന്ന പ്രധാന ഘടകമാണ്.

എന്താണ്
പരിഹാരം?

കുടകിലേക്ക് പണിക്ക് പോകുന്നവരുടെ എണ്ണത്തില്‍കുറവുണ്ടായിട്ടുണ്ടെങ്കിലും കുടകിലെ തൊഴിലിടങ്ങള്‍ ഇപ്പോഴും അടിമപ്പണിയുടെ കേന്ദ്രങ്ങള്‍ തന്നെയാണ് എന്ന് ശേഖരന്റെയും ശ്രീധരന്റെയും മരണങ്ങള്‍ തെളിയിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായവരുടെയും മരിച്ചവരുടെയും കേസുകള്‍ക്ക് തീര്‍ച്ചയായും ഉത്തരം ലഭിക്കേണ്ടതുണ്ട്. പണിക്കുപോയവര്‍ തിരിച്ചുവരുന്നതും കാത്തിരിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇപ്പോഴും വയനാട്ടിലുണ്ട്. നിയമപരവും തൊഴില്‍പരവുമായ പരിശോധനകളില്‍നിന്നെല്ലാം രക്ഷപ്പെട്ട്, എങ്ങനെയാണ് ഇക്കാലത്തും കുടകിലെ തൊഴിലിടങ്ങള്‍ക്ക് ചൂഷണകേന്ദ്രങ്ങളായി നിലനില്‍ക്കാന്‍ കഴിയുന്നത് എന്നത് വലിയ ചോദ്യമാണ്.

കേരളത്തിലാകട്ടെ, നിലവിലുള്ള മൈഗ്രന്റ് ലേബര്‍ ആക്റ്റ് നടപ്പിലാക്കിയും രജിസ്‌ട്രേഷന്‍ അടക്കമുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയും പരിഹരിക്കാവുന്ന വിഷയമാണിത്. അന്തര്‍ സംസ്ഥാന പൊലീസ് തലത്തില്‍ അന്വേഷണം നടത്തിയാല്‍, മരണങ്ങള്‍ക്കും തിരോധനങ്ങള്‍ക്കും തുമ്പുണ്ടാക്കാം. വണ്ടികളില്‍ ആളുകളെ കുത്തിനിറച്ചാണ്, ചെക്ക് പോസ്റ്റ് അധികൃതര്‍ക്കുമുന്നിലൂടെ തൊഴിലാളികളെ കടത്തുന്നത്. അതിനൊരു ക്രമീകരണം കൊണ്ടുവന്നാല്‍ തന്നെ വലിയൊരളവില്‍ പരിഹാരമാകും. ലേബര്‍ വകുപ്പിന്റെ ഇടപെടലോടെ, ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തി സര്‍ക്കാറിന് ഇടപെടാന്‍ കഴിയുന്ന സാഹചര്യമുണ്ട്. എത്ര പേരെ കൊണ്ടുപോകുന്നു, എവിടേക്കാണ് പോകുന്നത്, അവിടുത്തെ തൊഴില്‍ സാഹചര്യം എന്താണ് എന്നിവ മോണിറ്റര്‍ ചെയ്യാന്‍ കേരള- കര്‍ണാടക സര്‍ക്കാറുകളുമായി ബന്ധപ്പെട്ട സംവിധാനം വേണം.

വയനാട്ടിലെ കാര്‍ഷിക- വിഭവാധികാര മേഖലയില്‍ നടക്കേണ്ട അടിസ്ഥാന മാറ്റങ്ങള്‍ കൂടി പരിഹാരത്തിന്റെ ഭാഗമാകേണ്ടതുണ്ട്. വയനാട്ടിലുള്ള ചെറുകിട കര്‍ഷകരെ പൂള്‍ ചെയ്ത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കണം. അതിന്, പ്രൊഡക്ഷന്റെ സോഷ്യലൈസേഷന്‍ അനിവാര്യമാണ്. നിലമൊരുക്കുന്നതും വളം വാങ്ങുന്നതും മുതലുള്ള കാര്യങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍, ഒരുമിച്ചാണ് ചെയ്യുന്നതെങ്കില്‍ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാം. കാപ്പി കൃഷിയില്‍ സഹകരണ കാര്‍ഷിക മോഡല്‍ നടപ്പാക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് വയനാട്. അതാതു വാര്‍ഡുകളില്‍ തന്നെയുള്ളവര്‍ക്ക് അവിടെ തന്നെ തൊഴിലും വരുമാനവുമുണ്ടാക്കാന്‍ കഴിയുന്ന പൂളിങ് വേണം.

കൊളോണിയല്‍ ചൂഷണരീതികളോടെ വയനാട്ടില്‍ ശക്തമാകുന്ന അഗ്രേറിയന്‍ കാപ്പിറ്റലിസം പരമ്പരാഗത തൊഴിലാളികളുടെ പാര്‍ശ്വവല്‍ക്കരണം രൂക്ഷമാക്കുന്ന പ്രധാന ഘടകമാണ്. അവരെ തൊഴിലിടങ്ങളില്‍നിന്ന് ബഹിഷ്‌കൃതരാക്കിയും കാപ്പിറ്റല്‍- ലേബര്‍ ബന്ധങ്ങളെ ഫ്യൂഡല്‍ രീതിയിലേക്ക് സങ്കുചിതപ്പെടുത്തിയും ഒരുതരം വംശീയത കലര്‍ന്ന ചൂഷണവ്യവസ്ഥ തിരിച്ചുകൊണ്ടുവരാനുള്ള പ്രവണത പ്രബലമാണ്. ആദിവാസികളിലെ ഏറ്റവും ദുർബലരായ പണിയർ, അടിയർ വിഭാഗങ്ങളെ സോഷ്യൽ എക്​സ്​ക്ലൂഷന്​ വിധേയമാക്കുന്ന സാമൂഹിക സംവിധാനം തന്നെ വയനാട്ടിൽ പ്രബലപ്പെട്ടുവരുന്നത്​ ഇതുമൂലമാണ്​. ഈയൊരു പുറന്തള്ളലിനെ പ്രബലമാക്കുന്ന പുത്തൻ കാർഷിക മൂലധനാധിനിവേശമാണ്​ വയനാട്ടിൽ ഇപ്പോൾ നടന്നുവരുന്നത്​. വിഭവങ്ങളുടെ ഉടമസ്​ഥതയിൽ മാത്രമല്ല, അടിസ്​ഥാനപരമായ ജീവിതം സാധ്യമാക്കുന്ന എല്ലാ മേഖലകളിലേക്കും ഈ അധിനിവേശം കടന്നുകയറുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ആഘാതം, ഭൂമിയിൽനിന്നുപോലും ആട്ടിയോടിക്കപ്പെട്ട പണിയരിലും അടിയരിലുമാണ്​ സംഭവിക്കുന്നത്​. പ്രാഥമിക വിദ്യാഭ്യാസ കാലം മുതൽ തൊഴിൽ ലഭ്യത വരെയുള്ള കാര്യങ്ങളിൽ സംഭവിക്കുന്ന ഈ ഒഴിവാക്കലുകളാണ്​ ബോണ്ടഡ്​ ലേബറിന്റെ ഫ്രീ മാർക്കറ്റ്​ സൃഷ്​ടിക്കുന്നത്​.

പണിയ കോളനികളിൽ പഠനം നടത്തിയ നിയമസഭാ സമിതി ഈ പുറന്തള്ളലിനെക്കുറിച്ച്​ സൂചിപ്പിക്കുന്നുണ്ടെങ്കിലും അത്​, ആ വിഭാഗത്തിന്റെ ദൗര്‍ബല്യവും കഴിവുകേടും എന്ന നിലയ്ക്കാണ് വിലയിരുത്തുന്നത്. അതുകൊണ്ടാണ് 'ബോധവല്‍ക്കരണം' പോലുള്ള പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെടുന്നത്. ഭരണകൂടം നിയോഗിച്ച ഒരു സമിതിക്കുപോലും ഇവരുടെ സോഷ്യല്‍ എക്‌സ്‌ക്ലൂഷനെ കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയുന്നില്ല എന്നിടത്താണ്, ആദിവാസി വിഷയങ്ങളോടുള്ള സമീപനത്തിലെ സര്‍ക്കാറിന്റെ പരാജയം കാണാന്‍ കഴിയുക.

ഇതിനെതിരെ, ആദിവാസികളെ രാഷ്ട്രീയവല്‍ക്കരിച്ചുകൊണ്ടുള്ള ചെറുത്തുനില്‍പ്പ് വികസിപ്പിക്കുക കൂടി, ഈ പ്രശ്‌നത്തിന്റെ പരിഹാരങ്ങളില്‍ പെടുന്നു.

Comments