പ്രവേശ്​ ശുക്ല ലിംഗത്തിലൂടെ ഒഴിച്ചുകളഞ്ഞത്​ ജാതിയുടെ സോമമാണ്​​

മധ്യപ്രദേശിലെ സിധി ജില്ലയില്‍ തെരുവിലിരിക്കുകയായിരുന്ന ഗോത്രവര്‍ഗ യുവാവിന്റെ തലയിലും മുഖത്തും മൂത്രമൊഴിച്ച ബി.ജെ.പിക്കാരനായ പ്രവേശ്​ ശുക്ല, നവീകരിക്കാന്‍ പറ്റാത്ത ഹൈന്ദവ ധര്‍മബോധത്തിന്റെ അടയാളമാണ്​. അതുകൊണ്ടാണ് ഇയാൾക്ക്​, തികച്ചും സ്വഭാവികതയോടെ, തെരുവിൽ ഇത്രയും മര്‍ദ്ദകനായി പെരുമാറാന്‍ കഴിയുന്നത്.

ലയില്‍ നിന്ന് ബ്രാഹ്മണനും കൈകളില്‍നിന്ന് ക്ഷത്രിയനും വയറ്റില്‍നിന്ന് വൈശ്യനും കാലുകളില്‍നിന്ന് ശൂദ്രനും പിറവിയെടുത്തു എന്ന് വിശ്വസിക്കുന്ന മതബോധത്തില്‍നിന്ന് എന്തു നീതിയാണ് നാം പ്രതീക്ഷിക്കുക?

കാല്‍പാദത്തിനും പുറത്തായവരാണ് ദലിത്​- ആദിവാസി മനുഷ്യര്‍. ഒരുപക്ഷെ, മൃഗങ്ങളേക്കാള്‍ മോശം അവസ്ഥയിലാക്കപ്പെട്ടവരും മറ്റുള്ളവരുടെ അവഹേളനത്തിന് വിധേയരാകേണ്ടവരെന്ന്​ വിധിക്കപ്പെട്ടവരുമായ മനുഷ്യർ. അതായത്, മനുവിന്റെ ഭ്രാന്തില്‍ പിറന്നവര്‍.
തലയില്‍നിന്ന് പിറക്കാത്തവരെങ്കിലും തലയുള്ളവര്‍, കൈകളില്‍ നിന്ന് പിറക്കാത്തവരെങ്കിലും കൈയുള്ളവര്‍.

ഈ മനുഭ്രാന്തിന്​ ഇന്ത്യയില്‍ മതവേര്‍തിരിവുകളില്ല. മതമില്ലാത്ത ഏക ബോധം ഒരുപക്ഷെ, ഇതാണ്​​ എന്നും പറയാം. ജാതിയുടെയും വര്‍ണത്തിന്റെയും മുകളിലേക്കുപോകും തോറും ബഹുമതിയും താഴേക്കുവരുമ്പോള്‍ അവമതിപ്പും ഉണ്ടാക്കുന്ന ഈ സാമൂഹികവ്യവസ്ഥ ക്രൂരതയും വെറുപ്പും നിറഞ്ഞതാണ്​.

പ്രവേശ്​ ശുക്ല, ജാതി കൊടുത്ത സാമാന്യബോധത്തിലാണ് മറ്റൊരു മനുഷ്യന്റെ തലയില്‍ മൂത്രമൊഴിക്കുന്നത്. ഒരു ആദിവാസിയുടെ മേലാണ്​, അയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാൾ കൂടിയാണ്​, ഈ ശുക്ല അയാളുടെ സാമൂഹിക മേല്‍സ്ഥിതി തന്റെ ലിംഗത്തിലൂടെ ഒഴിച്ചുകളഞ്ഞത്​. വെറുപ്പ് ഒരു കുറ്റമല്ലെന്ന്​ വരുത്തിത്തീർക്കുന്ന മനോനില ജാതിയുടേതാണ്. കാണുന്ന നമുക്ക്, ആ ചിത്രം ഒരു കുറ്റകൃത്യമാണ്. അയാള്‍ ക്രിമിനലാണ്. എന്നാല്‍, അയാളുടെ ജാതിബോധം അയാള്‍ക്ക് അതിനുള്ള അധികാരം പ്രദാനം ചെയ്യുന്ന ഒരു സംഗതിയാണ്​.

കറുത്തയാളെ കണ്ടപ്പോൾ, അയാൾ കള്ളനാണെന്ന് തോന്നിപ്പിച്ചത്​, സനാതന ധര്‍മബോധമാണ്. ഒരിക്കലും മാറാത്തതിനെയാണ് സനാതനം എന്നു പറയുന്നത്. ഈ സനാതന വിശ്വാസിയുടെ അടിമകളാണ് ജാതിയിലും വര്‍ണത്തിലും കീഴ്‌നിലയിലുള്ളവര്‍. ഇത് അയാളുടെ മാത്രം പ്രശ്‌നമല്ല. ഇന്ത്യന്‍ സാമൂഹിക ശരീരത്തെ ബാധിച്ച അര്‍ബുദമാണീ ബോധം. ആ അര്‍ബുദത്തെ ചികിത്സിക്കാന്‍ അനേകം വൈദ്യന്മാര്‍ വന്നു. അവരൊക്കെ തോറ്റുപോകുകയാണ്. ഭരണഘടനയിലൂടെയും സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളിലൂടെയും ഈ മനോനിലകളെ ചോദ്യം ചെയ്യാന്‍ വന്നവര്‍ തോറ്റുപോകുന്നു. അത്രമേല്‍ പ്രഹരശേഷിയുള്ള ഒന്നാണ്​ മനുവിന്റെ ഭ്രാന്ത്.

ഉത്തരേന്ത്യയിലെ പട്ടണങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ കാണുന്ന ചില സ്ഥിരം ചിത്രങ്ങളുണ്ട്. റിക്ഷ വലിക്കുന്ന ബീഹാറുകാറും ഉത്തര്‍പ്രദേശുകാരും. ഗ്രാമങ്ങളില്‍നിന്ന്​ നഗരങ്ങളിലേക്ക് പട്ടിണി മാറ്റാനായി കുടിയേറിയവര്‍. കാറുകളില്‍ പോകുന്ന സവർണർ,​ റോഡില്‍ വഴി കൊടുത്തില്ല എന്നു പറഞ്ഞ് റിക്ഷ വലിക്കുന്നവരുടെ ചെകിടത്തടിക്കുന്നത് നിസ്സഹായതയോടെ നോക്കിനിന്നിട്ടുണ്ട്. മുഖത്തടി കിട്ടിയാലും ഒരു ഭാവവ്യത്യാസവുമില്ലാതെ പെരുമാറുന്ന ഈ ദുര്‍ബലരാക്കപ്പെട്ടവർ, ദലിതരും ആദിവാസികളുമാണ്. ദലിത്- പിന്നാക്ക കുടിലുകളില്‍ പെണ്‍കുട്ടികള്‍ ജനിച്ചാല്‍ ഈ ശുക്ലമാര്‍ ആഘോഷിക്കും. അവരുടെ കാമം തീര്‍ക്കാനുള്ളതാണ് ആ ശരീരങ്ങള്‍ എന്ന്​ ജാതി അവരെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കും. ഇത്ര ക്രൂരമായ സാമൂഹിക - സാംസ്‌കാരിക സന്ദര്‍ഭം സൃഷ്​ടിക്കുന്ന ശുക്ലമാര്‍ പിന്നെ എങ്ങനെ പെരുമാറുമെന്നാണ് നാം കരുതേണ്ടത്​?

പ്രവേശ് ശുക്ല

ഇന്ത്യയിലും ലോകത്തും ജയിലുകളിലടക്കപ്പെട്ട ​‘ക്രിമിനലുകളിൽ’ ഏറ്റവും കൂടുതല്‍ കറുത്ത വര്‍ഗക്കാരാണ്. അമേരിക്കയിൽ പൊലീസുകാര്‍ കണ്ണീര്‍വാതകം പ്രയോഗിക്കുമ്പോള്‍, അത് കറുത്തവര്‍ക്കെതിരെയാണെങ്കിൽ, അതിന്റെ ശക്തി കൂടും. ഇന്ത്യയില്‍ ദുര്‍ബലത ഒരു കുറ്റമാണ്. ദുര്‍ബലനാണെങ്കില്‍ അയാള്‍ ആക്രമിക്കപ്പെടാൻ യോഗ്യനാണ്​. സ്ത്രീകളുടെ കഥ ഇതിലും ദയനീയമാണ്. ശുക്ലയെപ്പോലുള്ളവര്‍ സ്ത്രീകളോടും കുട്ടികളോടും എങ്ങനെയായിരിക്കും പെരുമാറുക?

മനുഷ്യര്‍ പൊതുവില്‍ മറ്റുള്ളവരോട് വിവേചനം കാണിക്കാര്‍ താല്‍പര്യപ്പെടുന്നവരാണ്. വിവേചനത്തിന്റെ സാമൂഹിക ഘടകങ്ങള്‍ അവര്‍ കണ്ടുപിടിക്കും. ഭൂമിയുടെയും സമ്പത്തിന്റെയും നിറത്തിന്റെയുമൊക്കെ അടിസ്​ഥാനത്തിൽ, തന്നിൽനിന്ന്​ മാറ്റിനിർത്തപ്പെടാൻ ‘അർഹരായ’ വിഭാഗങ്ങളെ അവർ സൃഷ്​ടിച്ചെടുക്കും. അതിനെയാണ് taste for discrimination എന്നു പറയുന്നത്. ഇതിനൊപ്പം അവര്‍ക്ക് ഹിംസയും ആക്രമണവും നടത്താന്‍ ന്യായം നൽകുന്ന സാമൂഹ്യസ്ഥാപനത്തിന്റെ പേരാണ് ജാതി. കറുപ്പും വെളുപ്പും അതിന്റെ പ്രയോഗവര്‍ണങ്ങളാണ്. 'എനിക്കൊരു രാജ്യമില്ല, ഞാന്‍ ഹിന്ദുവായി ജനിച്ചു, മരിക്കുന്നത് ഹിന്ദുവായിട്ടല്ല' എന്ന് ഡോ. അംബേദ്കര്‍ പറയുന്നതിന്റെ അർഥം, ഹിന്ദു മതം നവീകരിക്കാന്‍ പറ്റാത്ത ഒരു ധര്‍മബോധമാണ് എന്നാണ്​. അതിന് മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടാണ് ഹിന്ദുവിനെ ഉണര്‍ത്താന്‍ നടക്കുന്ന ബി.ജെ.പി പ്രവര്‍ത്തകനായ പ്രവേശ്​ ശുക്ലക്ക്, തികച്ചും സ്വഭാവികതയോടെ, തെരുവിൽ ഇത്രയും മര്‍ദ്ദകനായി പെരുമാറാന്‍ കഴിയുന്നത്.

Comments