സി.കെ. ജാനു
ഉടൻ ദേശീയ രാഷ്ട്രീയത്തിലേക്ക്

‘‘ഞാൻ എൻ.ഡി.എയിലേക്ക് പോയതിന്റെ സമാധാനം പറയണ്ടേത് എൽ.ഡി.എഫാണ്, യു.ഡി.എഫുമാണ്. കാരണം, കേരളത്തിൽ അവരാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തൊന്നും ഈ മുന്നണികൾ ഞങ്ങളെ പരിഗണിച്ചിട്ടില്ല. അവരോടൊപ്പം പോകാൻ ശ്രമിച്ചപ്പോഴൊക്കെ അകറ്റിനിർത്തുകയും മാറ്റിനിർത്തുകയും ചെയ്തു.’’

Think

എൻ.ഡി.എയുടെ ഭാഗമായി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന് സി.കെ. ജാനു. ട്രൂകോപ്പി തിങ്കിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജാനുവിന്റെ വെളിപ്പെടുത്തൽ. ദേശീയതലത്തിൽ എൻ.ഡി.എ സി.കെ. ജാനുവിന് ഒരു പ്ലേസ്മെന്റ് നൽകുമോ എന്ന ചോദ്യത്തിന്, 'അത് ഉണ്ടാകുമെന്നതിൽ എനിക്ക് സംശയമില്ല, വളരെ അകലെയല്ല' എന്ന് അവർ മറുപടി നൽകി. ട്രൂകോപ്പി തിങ്ക് സി.ഇ. ഒ യും മാനേജിങ് എഡിറ്ററുമായ കമൽറാം സജീവുമായി നടത്തിയ ദീർഘ അഭിമുഖം ട്രൂകോപ്പി തിങ്കിൽ ഇന്ന് കാണാം.

ആദിവാസി എന്ന പേരിൽ ഒരു മതം വേണമെന്നും സി.കെ. ജാനു ആവശ്യപ്പെട്ടു. ''ആദിവാസികൾ ഇപ്പോൾ ഹിന്ദു മതം എന്നാണ് എഴുതുന്നത്. അത് മാറി ആദിവാസി മതം വേണം എന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. ആദിവാസി എന്ന പേര് ലോകത്ത് എല്ലാ ആദിവാസികളും സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആ വാക്കിനെ മതം ആയി പരിവർത്തിപ്പിച്ചാൽ അത് അഅവർക്ക് എളുപ്പം അംഗീകരിക്കാനാകും. എൻ.ഡി.എയുടെ ഭാഗമായി നിന്നാലും ആദിവാസി മതം എന്ന ആവശ്യത്തിൽനിന്ന് ഞാൻ പുറകോട്ടുപോകില്ല. അതിനുവേണ്ടിയുള്ള ഇടപെടൽ നിരന്തരമുണ്ടാകും'', അവർ പറഞ്ഞു.

''ആദിവാസികൾ ഗോത്ര പാരമ്പര്യ തനിമയിൽ ജീവിക്കുന്നവരാണ്. ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും കൂടെ വന്നവരും അത്തരം ആചാരങ്ങൾ ഉപേക്ഷിച്ചിട്ടില്ല. അടിയ സമുദായക്കാരിയായ ഞാൻ ഈ സംവിധാനത്തിലേക്ക് വന്നുവെന്ന് വിചാരിച്ച് എന്റെ വിശ്വാസങ്ങൾക്കും തനിമക്കും ഒരു വ്യത്യാസവും വന്നിട്ടില്ല. അവയെല്ലാം അതേപടി നിലനിർത്തുന്നുണ്ട്. നമ്മുടെ പാരമ്പര്യം ഇല്ലാതാക്കി ഇതിന്റെ ഭാഗമാകാനല്ല ശ്രമിക്കുന്നത്. ഗോത്രത്തനിമ കൂടതൽ സംരക്ഷിച്ചുകൊണ്ട് അധികാരത്തിലേക്കു കൂടി കൂടുതൽ എങ്ങനെ കടക്കാനാകും എന്ന ശ്രമമാണ് ഞങ്ങൾ നടത്തുന്നത്.''

ആദിവാസി പ്രശ്നങ്ങളിൽ കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും നടത്തിയ വഞ്ചനയെക്കുറിച്ചും തനിക്ക് എൻ.ഡി.എ മുന്നണിയിലേക്ക് പോകേണ്ടിവന്ന സാഹചര്യത്തെക്കുറിച്ചും സി.കെ ജാനു വിശദമായി സംസാരിക്കുന്നുണ്ട്.

''1957-ൽ ഇ.എം.എസ് സർക്കാർ അധികാരത്തിൽ വന്നിട്ടും വയനാട്ടിലെ ആദിവാസികളുടെ അടിമക്കച്ചവടം നിർത്തിയില്ല. 1970-ലാണ് കേന്ദ്ര സർക്കാർ ഈ കച്ചവടം നിരോധിക്കുന്ന നിയമം കൊണ്ടുവന്നത്. എന്നിട്ടും അടിമപ്പണി തുടർന്നു.''

''ആദിവാസി ഗോത്രമഹാസഭ വന്നപ്പോഴാണ് ആദിവാസികളെ ഒരുമിപ്പിക്കാൻ ശ്രമമുണ്ടായത്. അപ്പോൾ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആദിവാസികൾക്ക് ജാതി സംഘടനകളുണ്ടാക്കുകയാണ് ചെയ്തത്. പാരമ്പര്യമായി സ്വാധീനശക്തിയായി വരുന്നവരെ ശിഥിലീകരിച്ചുനിർത്താനാണ് ഈ പാർട്ടികൾ ശ്രമിക്കുന്നത്.''

''പട്ടികജാതിക്കാരും പട്ടിക വർഗക്കാരും എൽ.ഡി.എഫിനൊപ്പം നിന്നവരാണ്, ജാഥക്ക് നീളം കൂട്ടാനും കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനുമൊക്കെ. അതുകൊണ്ടുതന്നെ ഞാൻ എൻ.ഡി.എയിലേക്ക് പോയതിന്റെ സമാധാനം പറയണ്ടേത് എൽ.ഡി.എഫാണ്, യു.ഡി.എഫുമാണ്. കാരണം, കേരളത്തിൽ അവരാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തൊന്നും ഈ മുന്നണികൾ ഞങ്ങളെ പരിഗണിച്ചിട്ടില്ല. അവരോടൊപ്പം പോകാൻ ശ്രമിച്ചപ്പോഴൊക്കെ അകറ്റിനിർത്തുകയും മാറ്റിനിർത്തുകയും ചെയ്തു. പൊളിറ്റിക്കലായേ ഞങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകൂ എന്ന തിരിച്ചറിവിലാണ് ഒരു മുന്നണി സമവാക്യത്തെക്കുറിച്ച് ചിന്തിച്ചത്. അതിനായി ശ്രമിച്ചപ്പോൾ ആദ്യമായി ഞങ്ങളെ പരിഗണിക്കേണ്ടിയിരുന്നത് ഇടതുപക്ഷമായിരുന്നു, പിന്നെ യു.ഡി.എഫ്. ആദിവാസികളെ മനുഷ്യരായി പോലും അവർ പരിഗണിച്ചില്ല. പട്ടികജാതി- പട്ടിക വർഗത്തിൽനിന്ന് കേരളത്തിൽ 14 എം.എം.എമാരുണ്ടായിട്ടും ഒരു എം.എൽ.എ എങ്കിലും ഈ മനുഷ്യരുടെ പ്രശ്‌നങ്ങൾ സംസാരിക്കുന്നതായി ഞാൻ ഇതുവരെ കേട്ടിട്ടില്ല. അപ്പോഴാണ്, ഒരു മുന്നണി സമവാക്യത്തിൽ വന്നാലേ ഞങ്ങളുടെ ജീവിതാവസ്ഥക്ക് മാറ്റം വരികയുള്ളൂ എന്ന് ബോധ്യമായത്. ഈ രണ്ടു മുന്നണി സംവിധാനങ്ങൾക്കപ്പുറത്തേക്ക് ഒരു പൊളിറ്റിക്കൽ കൂട്ടായ്മയുണ്ടാകണം. അതിനുള്ള പരിശ്രമം നടത്തിയപ്പോൾ എൻ.ഡി.എയാണ് ഒരു മുന്നണി എന്ന നിലയിൽ ഞങ്ങളെ സ്വീകരിക്കാൻ തയാറായത്. അവരുമായി ഞങ്ങൾക്ക് വർത്തമാനം പറയാനുള്ള സ്‌പെയ്‌സുണ്ട്. ദൽഹിയിൽ മോദിയും അമിത് ഷായും പങ്കെടുത്ത വേദിയിൽ ഞങ്ങൾക്ക് വർത്തമാനം പറയാൻ അവസരം ലഭിക്കുന്നു, ഞങ്ങൾ പറയുന്നത് അവർ പരിഗണിക്കുന്നു. ഞാൻഎൻ.ഡി.എയിലേക്ക് പോയതുകൊണ്ട് ആദിവാസി പ്രശ്‌നങ്ങൾ പെട്ടെന്നങ്ങ് തീരും എന്ന സ്വപ്‌നമൊന്നും എനിക്കില്ല. കാരണം, തഴമ്പിച്ച ഒരു സംവിധാനമാണ് നിലവിലുള്ളത്. ഞാൻ എൻ.ഡി.എയുടെ ഭാഗമായതുകൊണ്ട് പ്രശ്‌നം പരിഹരിക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നവർ, ഇതുവരെയുണ്ടായിരുന്നവർക്ക് എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതിരുന്നത് എന്നുകൂടി ചോദിക്കേണ്ടേ? ഞങ്ങൾ പറയുന്നത് കേൾക്കാൻ എൻ.ഡി.എ സന്നദ്ധരാകും എന്നുതന്നെയാണ് വിചാരിക്കുന്നത്. ഞങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ ഒരിടപെടലുണ്ടായാൽ അവരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ''- സി.കെ. ജാനു പറയുന്നു.

Comments