മന്ത്രി ഒ.ആർ. കേളുവിന് അറിയാമോ, മരിയനാട് എസ്റ്റേറ്റിൽ ആദിവാസികൾ ഭൂമിക്കുവേണ്ടി രണ്ടു വർഷമായി സമരത്തിലാണ്…

തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി സ്വന്തം പേരിൽ പതിച്ചു കിട്ടാൻ രണ്ടു വർഷമായി വയനാട് മരിയനാട് എസ്റ്റേറ്റിൽ ആദിവാസികൾ സമരം ചെയ്യുകയാണ്. സമരം ചെയ്യുന്ന ആദിവാസികളെ കയ്യേറ്റക്കാരെന്ന് ചാപ്പയടിച്ച് അവകാശങ്ങൾ നിഷേധിക്കുകയാണ്. ആദിവാസി വിഭാഗത്തിൽ നിന്ന് തന്നെയുള്ള ജനപ്രതിനിധി ഒ.ആർ. കേളു പട്ടികജാതി - പട്ടികവർഗവികസന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും മരിയനാട് എസ്റ്റേറ്റ് സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ല. ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കും എന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു മന്ത്രി ചുമതലയേറ്റത്.

News Desk

രിയനാട് എസ്‌റ്റേറ്റ് ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു നൽകുക എന്ന മുദ്രാവാക്യം ഉയർത്തി ആദിവാസി ഗോത്രമഹാസഭയുടെയും ഇരുളം ഭൂസമരസമിതിയുടെയും നേതൃത്വത്തിൽ മരിയനാട് എസ്റ്റേറ്റിൽ ആരംഭിച്ച ഭൂസമരം രണ്ടുവർഷം പിന്നിടുകയാണ്.

മാറിമാറി വന്ന സർക്കാരുകളും ജനപ്രതിനിധകളും മരിയനാട് എസ്റ്റേറ്റിനെയോ അവിടെ സമരം ചെയ്യുന്ന ആദിവാസികളെയോ പരിഗണിച്ചതേയില്ല. എന്തിന്, ആദിവാസി വിഭാഗത്തിൽ നിന്ന് തന്നെയുള്ള ജനപ്രതിനിധി ഒ.ആർ കേളു പട്ടികജാതി - പട്ടികവർഗവികസന വകുപ്പ് മന്ത്രിയായി ചുമതലയേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും മരിയനാട് എസ്റ്റേറ്റ് സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ല. ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കും എന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു മന്ത്രി ചുമതലയേറ്റത്.

ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ 2001-ൽ നടന്ന കുടിൽ കെട്ടൽ സമരത്തിന്റെയും മുത്തങ്ങ സമരത്തിന്റെയും ഫലമായി ഭൂരഹിത ആദിവാസികൾക്ക് പതിച്ചു നൽകാൻ കേന്ദ്ര സർക്കാർ കൈമാറിയ 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ ഉൾപ്പെട്ടതാണ് മരിയനാട് എസ്റ്റേറ്റ്. സുപ്രീംകോടതി കർക്കശമായ വ്യവസ്ഥകളോടെ ഭൂമി ആദിവാസികൾക്ക് കൈമാറാൻ ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ കാര്യമായി നടപടിയെടുത്തിട്ടില്ല. മുത്തങ്ങയിലെ ആദിവാസികൾ കബളിപ്പിക്കപ്പെടുകയും പ്രളയം മൂലം വ്യാപകമായി വാസസ്ഥലം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു മരിയനാട് എസ്റ്റേറ്റിൽ 2022 മെയ് 31-ന് ഭൂസമരം ആരംഭിക്കുന്നത്. എന്നാൽ സമരം ചെയ്യുന്ന ആദിവാസികളെ തിരിഞ്ഞുപോലും നോക്കാതെ അവഗണിക്കുകയായിരുന്നു ഇടതുസർക്കാർ. എന്നാൽ തങ്ങൾക്കവകാശപ്പെട്ട ഭൂമിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽനിന്നും പിന്നോട്ടില്ലെന്നു തന്നെയാണ് രണ്ട് വർഷമായി സമരം ചെയ്യുന്ന ആദിവാസികൾ പറയുന്നത്.

ആദിവാസികൾക്കായി ഭൂമി കൈമാറ്റത്തിനുള്ള വിജ്ഞാപനം വന്നതോടെ വനം വികസന കോർപ്പറേഷൻ എസ്റ്റേറ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എസ്റ്റേറ്റ് പ്രവർത്തനം അവസാനിപ്പിച്ചുവെങ്കിലും ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി കൈമാറ്റം മാത്രം നടന്നില്ല. പ്രവർത്തനം അവസാനിപ്പിച്ചതോടെ, എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന തോട്ടം തൊഴിലാളികളും തൊഴിൽരഹിതരായി. ഇവർക്ക് ആനുകൂല്യങ്ങൾ നൽകാനുണ്ട് എന്ന് കാണിച്ചാണ് മരിയനാട് ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യുന്നത് പിന്നെയും കുറേനാൾ നീട്ടിക്കൊണ്ടുപോയത്.

സീത
സീത

സമരം ചെയ്തും, നിരാഹാരമിരുന്നും ഫലമില്ലെന്നായതോടെയാണ് കുടിൽ കെട്ടിയുള്ള സമരത്തിന് ആദിവാസികൾക്ക് എസ്റ്റേറ്റ് കയ്യേറേണ്ടിവന്നത്. അവകാശപ്പെട്ട ഭൂമി അളന്നുതരുന്നത് നോക്കി ഞങ്ങൾ എത്രനാൾ കാത്തിരിക്കണം എന്നാണ് സമരം ചെയ്യുന്നവരുടെ ചോദ്യം. സർക്കാരിന് പക്ഷേ ഉത്തരമില്ല. കുടിയേറ്റക്കാർ എന്ന ചാപ്പ കുത്തി മരിയനാട് സമരക്കാരെ സർക്കാർ അവഗണിക്കുകയാണ്.

ഇവിടുന്ന് ഓടിച്ചാലും ഞങ്ങൾ പോകില്ല. ഞങ്ങൾക്കൊരു വീട് വേണം, വെട്ടം വേണം, വെള്ളം വേണം, റോഡ് വേണം ഇത്രയേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളൂ. ഇവിടെ, എന്തെങ്കിലും നട്ടുണ്ടാക്കാൻ പോലും പറ്റില്ല. ഇതാരോട് ചോദിച്ചിട്ടാ ഇവിടെ കൃഷി ചെയ്യുന്നത് ? കൃഷി ചെയ്താലും ഈ ഭൂമിയൊന്നും നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല കേട്ടോ എന്നാണ് അവർ പറയുന്നത്. ഞങ്ങളുടെ കാര്യങ്ങൾ അറിയാൻ ആരുമിങ്ങോട്ട് വന്നിട്ടില്ല. ആർക്കുമതിന് താത്പര്യവുമില്ല. ആദിവാസികൾക്കായി മാറ്റിവെച്ച ഭൂമി ഇത്രയും വർഷങ്ങളായിട്ടും എന്തുകൊണ്ട് തന്നില്ല - 2021 മുതൽ മരിയനാട് ഭൂസമരത്തിൽ പങ്കെടുക്കുന്ന സീത ചോദിക്കുന്നു.

ആദിവാസികൾ പൊരുതിനേടിയ ഭൂമിയാണിത്. ഒരുപാട് മനുഷ്യരുടെ രക്തവും വിയർപ്പും പുരണ്ട ഭൂമി. പക്ഷെ മരിയനാട് എസ്റ്റേറ്റ് ആദിവാസികൾക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു ഫയൽപോലും മേശപ്പുറത്ത് എത്തിയിട്ടില്ലെന്നാണ് ട്രൈബൽ ഡെവലപ്പമെന്റ് ഓഫീസിൽ നിന്ന് ഉൾപ്പടെ അറിയിച്ചത് എന്നാണ് ആദിവാസികൾ പറയുന്നത്. എന്ന് മാത്രമല്ല, നിങ്ങളെന്തിനാണ് ഇവിടെ വന്ന് കുടിയേറിയത് എന്നാണ് അധികൃതരുടെ ചോദ്യം.

ചിത്ര നിലമ്പൂർ
ചിത്ര നിലമ്പൂർ

ആദിവാസി വിഭാഗത്തിൽ നിന്നുതന്നെ അധികാരികൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മരിയനാട് മാത്രം ഇന്നും ആദിവാസികൾക്ക് വീതിച്ചു കൊടുക്കാത്തത് ? എങ്ങനെയാണ് ഇത് വീതിക്കാൻ ഉദ്ദേശിക്കുന്നത്, എങ്ങനെയാണ് അപേക്ഷകരെ കണ്ടെത്തുന്നത് എന്ന് ചോദിച്ചപ്പോൾ, 3600ഓളം അപേക്ഷകർ ഉണ്ട് എന്നാണ് കണക്ക്. അതിൽ നിന്നാണ് അപേക്ഷകരെ തിരഞ്ഞെടുക്കുക എന്നാണ് പറഞ്ഞത്. ഇതിൽ ഈ കുടിൽ കെട്ടിയ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥലം കിട്ടും. അല്ലാതെ കുടിലുകെട്ടി സമരം ചെയ്തതുകൊണ്ടൊന്നും ഭൂമി കിട്ടില്ല- ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ നിന്ന് കിട്ടിയ വിവരം ആദിവാസി- ദലിത് ആക്ടിവിസ്റ്റ് ചിത്ര നിലമ്പൂർ ട്രൂകോപ്പിതിങ്കിനോട് പങ്കുവെച്ചു.

680 അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. ഒന്നാംഘട്ടമായി 283 പേർക്കാണ് ഭൂമി നൽകാൻ തീരുമനിച്ചിരുന്നത്. ഇതിനായി മരിയനാട് എസ്റ്റേറ്റും പാമ്പ്ര എസ്റ്റേറ്റും സർവ്വേ ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാൽ സർവ്വേ പൂർത്തിയാക്കാൻ സമരം ചെയ്യുന്ന എസ്റ്റേറ്റ് തൊഴിലാളികൾ സമ്മതിച്ചില്ല. പ്രതിഷേധത്തെ തുടർന്ന് പിന്നീട് സർവേ നിർത്തിവെക്കുകയായിരുന്നു.

അളന്നു തിട്ടപ്പെടുത്തിയതിൽ 12 പേർക്ക് 2014ൽ ഭൂമി നൽകിയിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതൽ നടപടികളൊന്നും ഉണ്ടായില്ല. നാനൂറലിധികം കുടുംബങ്ങൾ, ഇന്നും കുടിൽ കെട്ടിയ ഭൂമിക്ക് പോലും അവകാശികളല്ലാതെ ജീവിക്കുകയാണ്.

'സർക്കാർ ഞങ്ങളെക്കാണുന്നത് പട്ടികളെപ്പോലെയാണ്’ | Think Stories കാണാം

Comments