അട്ടപ്പാടിയിൽ ശിശുമരണം നടന്ന ഊരുകൾ പട്ടികജാതി- പട്ടികവർഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്​ണൻ സന്ദർശിച്ചപ്പോൾ

അട്ടപ്പാടിയിൽ ഭരണകൂടമാണ്​ പ്രതി

അട്ടപ്പാടിയടക്കമുള്ള ആദിവാസി മേഖലകളിൽ ധാരാളം പണം ചെലവഴിക്കപ്പെടുന്നുണ്ട്. ഇത് എവിടെ പോകുന്നു എന്ന് കണ്ടുപിടിക്കാൻ സർക്കാരിന് സംവിധാനങ്ങളില്ലേ? അട്ടപ്പാടിയിലേതടക്കമുള്ള ആദിവാസി വികസനപ്രവർത്തനങ്ങളുടെ പൊള്ളത്തരം വിശകലനം ചെയ്യുന്നു

ട്ടപ്പാടിയിൽ, പോഷാകാഹാരക്കുറവും അതിനോടനുബന്ധിച്ച മരണങ്ങളും ആദിവാസി വിഭാഗങ്ങൾക്കിടയിലെ മാത്രം പ്രശ്‌നമായി എന്തുകൊണ്ട്​ മാറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ, അവിടെ നവജാതശിശുക്കളും അമ്മയും മരിച്ച സാഹചര്യത്തിൽ ഇതാണ്​ ആദ്യം പരിശോധിക്കേണ്ട കാര്യം. രണ്ടാമത്​, അക്കാദമിക് സ്റ്റഡിയിലൂടെയോ വിശകലത്തിലൂടെയോ ആണ് ഈ പ്രശ്‌നങ്ങൾ പുറത്തുവന്നിരുന്നതെങ്കിൽ ആരും ശ്രദ്ധിക്കില്ലായിരുന്നു. വാർത്തയായതുകൊണ്ടാണ് ശ്രദ്ധ നേടിയത്​. വാർത്തയും രാഷ്ട്രീയവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നും ഓർക്കണം. അതുകൊണ്ട്​, വാർത്തയായില്ലെങ്കിൽ ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കില്ല, അവരതങ്ങ് അവഗണിക്കും. മൂന്നാമത്തെ കാര്യം, കേരളത്തെ സംബന്ധിച്ച്​ ആദിവാസി പ്രദേശങ്ങളോ പട്ടികവർഗ പ്രദേശങ്ങളോ ഇല്ല, കൈയേറ്റ മേഖലയിൽ കാണുന്ന ചെറിയ വിഭാഗമാണ് ആദിവാസികൾ, പ്രത്യേകിച്ച് അട്ടപ്പാടി, വയനാട് പ്രദേശങ്ങളിൽ.

ആദിവാസികളിലും സമ്പന്നരുണ്ട്​

അട്ടപ്പാടിക്ക്​ ചില പ്രത്യേകതകളുണ്ട്. 1950കൾ വരെ അട്ടപ്പാടിയിൽ വലിയ തോതിൽ മലേറിയ ഉണ്ടായിരുന്നു. അതുകൊണ്ട് പുറമെനിന്നുള്ളവർ അവിടേക്ക് അധികം വന്നിരുന്നില്ല. മലേറിയ നിയന്ത്രിക്കുകയും റോഡ് വികസനം അടക്കമുള്ള ഗതാഗത സൗകര്യങ്ങൾ വരികയും ചെയ്തതോടെ ധാരാളം ആളുകൾ തമിഴ്‌നാട്ടിൽ നിന്നും കേരളത്തിന്റെ ഇതര പ്രദേശങ്ങളിൽ നിന്നും അങ്ങോട്ട് കുടിയേറി. കുടിയേറ്റം കൂടിയതോടെ ആദിവാസികൾ ന്യൂനപക്ഷമായി. ഇത് വയനാട്ടിലും സംഭവിച്ചു. കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങൾ പരിശോധിക്കുമ്പോൾ രണ്ടുമൂന്ന് കാര്യങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടിവരും. ഒന്ന്, കേരളത്തിലെ എല്ലാ ആദിവാസികളും പാവപ്പെട്ടവരല്ല, അവരുടെയിടയിൽ തന്നെ സമ്പന്നരുണ്ട്, ശക്തരുണ്ട്. ജനകീയാസൂത്രണത്തിന്റെ കാലത്ത് ഡാറ്റ പരിശോധിച്ചപ്പോൾ മനസ്സിലായതാണിത്. കേരളത്തിലെ മൊത്തം ധനിക കുടുംബങ്ങളിൽ മൂന്നുശതമാനം ആദിവാസികളായിരുന്നുവെന്നാണ് അന്ന് കണ്ടെത്തിയത്. അവരെ ആദിവാസികൾ എന്നൊന്നും പറയാൻ പറ്റില്ല. പട്ടികവർഗക്കാരായിരുന്നു. അതിൽ വലിയൊരു വിഭാഗം പഴയ തിരുവിതാംകൂർ സംസ്ഥാനത്തുണ്ടായിരുന്നവരായിരുന്നു. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. 1903-ലെ ഹിൽമെൻസ് സെറ്റിൽമെൻറ്​ ആക്റ്റിനുകീഴിൽ ആദിവാസികളുടെ ഭൂമി നിയന്ത്രണം ആദിവാസികളിൽ അധിഷ്​ഠിതമാക്കിയത് തിരുവിതാംകൂർ മഹാരാജാവിന്റെ ആദിവാസികൾക്ക് അനുകൂലമായ നയത്തിന്റെ ഭാഗമായാണ്. ചരിത്രപരമായ കാരണങ്ങളാലാണ്​ ഇത്തരമൊരു നിയമം വന്നത്​.

പട്ടിണി കിടന്ന് മോഷ്ടിച്ചാൽ അയാളെ തല്ലിക്കൊല്ലുന്ന സംഭവമുണ്ടായാൽ അയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ഭരണകൂടം തയാറാകും. പട്ടിണി മരണങ്ങളുണ്ടായാൽ കുറേ ടാബ്​ലറ്റുകൾ കൊടുക്കും, പോഷകാഹാരം കൊടുക്കില്ല. ഇതൊരു ഭരണകൂട തന്ത്രമാണ്. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ മാത്രമാണ് ഭരണാധികാരികൾ ഓടിയെത്തുന്നത് / Photo : Shafeeq Thamarassery
പട്ടിണി കിടന്ന് മോഷ്ടിച്ചാൽ അയാളെ തല്ലിക്കൊല്ലുന്ന സംഭവമുണ്ടായാൽ അയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ഭരണകൂടം തയാറാകും. പട്ടിണി മരണങ്ങളുണ്ടായാൽ കുറേ ടാബ്​ലറ്റുകൾ കൊടുക്കും, പോഷകാഹാരം കൊടുക്കില്ല. ഇതൊരു ഭരണകൂട തന്ത്രമാണ്. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ മാത്രമാണ് ഭരണാധികാരികൾ ഓടിയെത്തുന്നത് / Photo : Shafeeq Thamarassery

കേരളത്തിലെ ആദ്യത്തെ ട്രൈബൽ ഡെവലപ്‌മെൻറ്​ ബ്ലോക്ക് അട്ടപ്പാടിയായിരുന്നു. ആദ്യത്തെ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെൻറ്​ പ്രൊജക്റ്റും അട്ടപ്പാടിയായിരുന്നു. ഇങ്ങനെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതലും ആഴത്തിലും നടന്നിട്ടുള്ള പ്രദേശം അട്ടപ്പാടിയാണ്.

രണ്ടാമത്തെ കാര്യം, ആദിവാസികളുടെ പ്രശ്‌നങ്ങൾ ആ സ്വഭാവ സവിശേഷതയോടുകൂടി നമ്മൾ കാണുന്നത് പഴയ കൊച്ചി സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും അട്ടപ്പാടിയിലും വയനാട്ടിലുമാണ്. വയനാട്ടിൽ തന്നെ കുറിച്യർക്ക് ഇത്തരം പ്രശ്‌നങ്ങളില്ല. കേരളത്തിൽ തനതായ ചരിത്രമുണ്ടായിരുന്ന ആദിവാസി വിഭാഗം കുറിച്യരാണ്. അവർ ബ്രിട്ടീഷുകാരെ തോൽപ്പിച്ചിരുന്നു. 1812-ലെ ആ സംഭവത്തെ ചരിത്രകാരൻമാർ കുറിച്യ ലഹള എന്നാണ് വിശേഷിപ്പിക്കുന്നത്. അത് ശരിക്കുമൊരു കുറിച്യ വിപ്ലവമായിരുന്നു. കുറിച്യർക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു. ഒന്ന്, അവരുടെ വിഭവാധിഷ്​ഠിതമായ സാമ്പത്തികവ്യവസ്ഥ. അത് അവരുടെ നിയന്ത്രണത്തിലായിരുന്നു. അതിനെ ആക്രമിച്ച് കീഴടക്കാൻ അവർ ആരെയും അനുവദിച്ചില്ല. രണ്ട്, അവർക്ക് ഗറില്ലാ യുദ്ധമുറകളിലുണ്ടായിരുന്ന പ്രാവീണ്യം. അമ്പും വില്ലും ഉപയോഗിച്ചുള്ള യുദ്ധത്തിൽ അവർക്ക്​ പ്രാവീണ്യമുണ്ടായിരുന്നു. അതുകൊണ്ട്​, തലശ്ശേരിയിൽനിന്നും മറ്റും വന്ന ബ്രിട്ടീഷ്​ പൊലീസിനും പട്ടാളത്തിനും അവരെ തോൽപ്പിക്കാനായില്ല. പിന്നെ, കൂട്ടുകുടുംബ വ്യവസ്ഥിതി. കുറിച്യരുടെ കൂട്ടുകുടുംബ വ്യവസ്ഥിതി ഇപ്പോഴും ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഈ മൂന്ന് ഘടകങ്ങളും ഈ ആദിവാസി വിഭാഗത്തെ സുശക്തരായി നിർത്തിയ ഘടകങ്ങളാണ്.

അട്ടപ്പാടിയാണ് അവസാനം  ‘തുറക്ക’പ്പെട്ട പ്രദേശം. കോഴിക്കോട് സാമൂതിരിയുടെ കീഴിലുള്ള മണ്ണാർക്കാട് മൂപ്പിൽ നായരുടെ നിയന്ത്രണത്തിലായിരുന്നു അട്ടപ്പാടി. മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവർ വരാത്തതുകൊണ്ട് അവിടെ അന്ന് ആദിവാസികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. / Photo : Shafeeq Thamarassery
അട്ടപ്പാടിയാണ് അവസാനം ‘തുറക്ക’പ്പെട്ട പ്രദേശം. കോഴിക്കോട് സാമൂതിരിയുടെ കീഴിലുള്ള മണ്ണാർക്കാട് മൂപ്പിൽ നായരുടെ നിയന്ത്രണത്തിലായിരുന്നു അട്ടപ്പാടി. മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവർ വരാത്തതുകൊണ്ട് അവിടെ അന്ന് ആദിവാസികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. / Photo : Shafeeq Thamarassery

ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ ഭൂമിയും തൊഴിലും വനവും ആക്രമിച്ച് കീഴടക്കാൻ ശ്രമിച്ചപ്പോൾ അവർ ചെറുത്തുതോൽപ്പിച്ചു. സത്യത്തിൽ പഴശ്ശിരാജയുടെ കഴിവുകൊണ്ടല്ല ബ്രിട്ടീഷുകാർ പരാജയപ്പെട്ടത്. പഴശ്ശിരാജ ബ്രിട്ടീഷുകാർക്ക് അനുകൂലമായിരുന്നു ആദ്യം. പഴശ്ശിരാജ കുറിച്യരെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. കുറിച്യരുടെ സംരക്ഷണത്തിലാണ് അദ്ദേഹം നിലനിന്നത്. ഇത്തരത്തിൽ ഒരു സമരവീര്യമുള്ള, ഒരു വൻകിട ശക്തിയെ പരാജയപ്പെടുത്തിയ ചരിത്രമുള്ള ഒരു ആദിവാസി വിഭാഗമേ കേരളത്തിലുള്ളൂ, അത് കുറിച്യരാണ്. ഇപ്പോഴും അവർക്ക് അവരുടെ വിഭവങ്ങളിൽ നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ നിന്ന് ആളുകൾ മുന്നോട്ടുവരുന്നുണ്ട്. നേരെ മറിച്ച് മറ്റു വിഭാഗങ്ങളിൽ ഇങ്ങനെയില്ല. ജനസംഖ്യാപരമായി ഏറ്റവും വലിയ ആദിവാസി വിഭാഗം പണിയരാണ്. അവർ അടിമകളും അടിമ തൊഴിലാളികളുമായിരുന്നു. അടിയരും പണിയരും ആദിവാസി സ്വഭാവമുള്ള ജനങ്ങളായിരുന്നില്ല.

വികസനത്തിന്റെ ഭാഗമായി ആദിവാസികൾ വനാന്തരങ്ങളിലേക്കും മൊട്ടക്കുന്നുകളിലേക്കും നിഷ്‌കാസിതരാക്കപ്പെട്ടു. കുടിയേറ്റക്കാർ വികസിത പ്രദേശങ്ങൾ കീഴടക്കി. അട്ടപ്പാടിയിലെ അഗളി ഇപ്പോൾ ആരുടെ നിയന്ത്രണത്തിലാണ്?

അട്ടപ്പാടിയാണ് അവസാനം ‘തുറക്ക’പ്പെട്ട പ്രദേശം. കോഴിക്കോട് സാമൂതിരിയുടെ കീഴിലുള്ള മണ്ണാർക്കാട് മൂപ്പിൽ നായരുടെ നിയന്ത്രണത്തിലായിരുന്നു അട്ടപ്പാടി. മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവർ വരാത്തതുകൊണ്ട് അവിടെ അന്ന് ആദിവാസികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടായിരുന്നു. അവതരത് ഉപയോഗപ്പെടുത്തിയിരുന്നു. അന്നും മരണനിരക്കും രോഗനിരക്കുമൊക്കെ വളരെ കൂടുതലായിരുന്നു. അത് കേരള സമൂഹത്തിൽ മൊത്തം ഉണ്ടായിരുന്ന കാര്യമായിരുന്നു. ആരോഗ്യപരിരക്ഷയൊക്കെ വികസിക്കുന്നത്​ പിന്നീടാണല്ലോ.

അട്ടപ്പാടി; വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ കേന്ദ്രം

ആദിവാസി ക്ഷേമ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് ചരിത്രപരമായി മൂന്നു നാല് ഘട്ടങ്ങൾ കാണാൻ കഴിയും. ആദ്യം അത് മുഖ്യധാരാ വികസനത്തിന്റെ മാതൃകയിൽ തന്നെയായിരുന്നു. മുഖ്യധാരയിൽ കമ്യൂണിറ്റി ഡെവലപ്‌മെൻറ്​ ബ്ലോക്കുകളായിരുന്നെങ്കിൽ ആദിവാസി മേഖലയിൽ അത് ട്രൈബൽ ഡെവലപ്‌മെൻറ്​ ബ്ലോക്കുകളാക്കി. കേരളത്തിലെ ആദ്യത്തെ ട്രൈബൽ ഡെവലപ്‌മെൻറ്​ ബ്ലോക്ക് അട്ടപ്പാടിയായിരുന്നു. അട്ടപ്പാടിയിൽ അതിന്റെ പേരിൽ ധാരാളം പണം ചെലവഴിച്ചു. പിന്നീട് അഞ്ചാം പഞ്ചവത്സര പദ്ധതിയിൽ ട്രൈബൽ സബ് പ്ലാനുണ്ടായി. അതിന്റെ ഭാഗമായി ധാരാളം പണം ആദിവാസി മേഖലകളിലേക്ക് ഒഴുകി. ആദ്യത്തെ ഐ.ടി.ഡി.പി.യും (ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെൻറ്​ പ്രൊജക്റ്റ്) അട്ടപ്പാടിയായിരുന്നു. ഇങ്ങനെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതലും ആഴത്തിലും നടന്നിട്ടുള്ള പ്രദേശം അട്ടപ്പാടിയാണ്.

കേരളത്തിലെ ആദിവാസി ചരിത്രം എന്നു പറയുന്നത്, അവകാശികൾ എന്ന നിലയിൽ നിന്ന്​ സ്വന്തം ഭൂമിയിൽ അഭയാർഥികളും ആശ്രിതരുമായതിന്റേതാണ്. അതായത് വിഭവനിയന്ത്രണമുണ്ടായിരുന്ന ഒരു ജനത ജനിച്ചുവളർന്ന ഭൂമിയിൽ അഭയാർഥികളും ആശ്രിതരുമായി മാറിയ ചരിത്രം / Photo : Shafeeq Thamarassery
കേരളത്തിലെ ആദിവാസി ചരിത്രം എന്നു പറയുന്നത്, അവകാശികൾ എന്ന നിലയിൽ നിന്ന്​ സ്വന്തം ഭൂമിയിൽ അഭയാർഥികളും ആശ്രിതരുമായതിന്റേതാണ്. അതായത് വിഭവനിയന്ത്രണമുണ്ടായിരുന്ന ഒരു ജനത ജനിച്ചുവളർന്ന ഭൂമിയിൽ അഭയാർഥികളും ആശ്രിതരുമായി മാറിയ ചരിത്രം / Photo : Shafeeq Thamarassery

തിരുവിതാംകൂർ സംസ്ഥാനത്ത് 1903-ൽ നിലവിലുണ്ടായിരുന്ന ഹിൽമെൻ ആക്റ്റ് അനുസരിച്ച്, അവിടെ മറ്റുള്ളവർക്ക് ആദിവാസിയുടെ ഭൂമിയും വനവും വെള്ളവും കൈയടക്കാൻ നിയമം അനുവദിച്ചിരുന്നില്ല. ഇതായിരുന്നില്ല മലബാറിലെ സ്ഥിതി. ധാരാളം പണം ഒഴുകിയതുകൊണ്ട് അവിടെ ആദിവാസി പ്രദേശങ്ങൾ വികസിച്ചു. ധാരാളം സ്ഥാപനങ്ങൾ വന്നു. റോഡുകളുണ്ടായി. ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടന്നു. പക്ഷെ വികസനത്തിന്റെ ഭാഗമായി ആദിവാസികൾ വനാന്തരങ്ങളിലേക്കും മൊട്ടക്കുന്നുകളിലേക്കും നിഷ്‌കാസിതരാക്കപ്പെട്ടു. കുടിയേറ്റക്കാർ വികസിത പ്രദേശങ്ങൾ കീഴടക്കി. അട്ടപ്പാടിയിലെ അഗളി ഇപ്പോൾ ആരുടെ നിയന്ത്രണത്തിലാണ്? അതത് പ്രദേശങ്ങളിലെ സാമ്പത്തിക നിയന്ത്രണം കുടിയേറ്റക്കാരിലേക്ക് മാറുന്ന ചരിത്രമാണ് നമ്മൾ കാണുന്നത്.

ഇത് ഒരർഥത്തിൽ ഇന്ത്യയിൽ മൊത്തത്തിൽ സംഭവിച്ചതാണ്. ബി.ഡി. ശർമ എഴുതിയ An Unbroken History of Broken Promises എന്ന പുസ്തകത്തിൽ ഈ ചരിത്രം പറയുന്നുണ്ട്. ഭരണാധികാരികൾ വാഗ്ദാനം കൊടുക്കുന്നത് പുതിയൊരു സംഭവമല്ല. എപ്പോൾ പ്രതിസന്ധിയുണ്ടാകുന്നോ, പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നോ അപ്പോഴൊക്കെ ഭരണാധികാരികൾ അവിടെ ഓടിയെത്തും. പട്ടിണി കിടന്ന് മോഷ്ടിച്ചാൽ അയാളെ തല്ലിക്കൊല്ലുന്ന സംഭവമുണ്ടായാൽ അയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ഭരണകൂടം തയാറാകും. പട്ടിണി മരണങ്ങളുണ്ടായാൽ കുറേ ടാബ്​ലറ്റുകൾ കൊടുക്കും, പോഷകാഹാരം കൊടുക്കില്ല. ഇതൊരു ഭരണകൂട തന്ത്രമാണ്. പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ മാത്രമാണ് ഭരണാധികാരികൾ ഓടിയെത്തുന്നത്. ആദിവാസികളുടെ മാത്രമല്ല, മൊത്തത്തിലുള്ള വോട്ടിനെ ബാധിക്കുന്നത് കാരണമാണ് ഇങ്ങനെ അവർ ഓടിവരുന്നത്.

ഭരണകൂടത്തിനെ ആദിവാസികൾക്ക് ഭയമാണ്. അതൊരു പുതിയ കാര്യമല്ല. ഭരണകൂടം ഇവരെ ഭയപ്പെടുത്തുന്നു. ചൂഷകരുടെ പക്ഷത്താണ് ഭരണകൂടം. ഇത്തരത്തിലുള്ള അവസ്ഥ മാറ്റിയെടുക്കുന്നതിന്​ സമൂല മാറ്റം അനിവാര്യമാണ് / Photo : Shafeeq Thamarassery
ഭരണകൂടത്തിനെ ആദിവാസികൾക്ക് ഭയമാണ്. അതൊരു പുതിയ കാര്യമല്ല. ഭരണകൂടം ഇവരെ ഭയപ്പെടുത്തുന്നു. ചൂഷകരുടെ പക്ഷത്താണ് ഭരണകൂടം. ഇത്തരത്തിലുള്ള അവസ്ഥ മാറ്റിയെടുക്കുന്നതിന്​ സമൂല മാറ്റം അനിവാര്യമാണ് / Photo : Shafeeq Thamarassery

കേരളത്തിലെ ആദിവാസി ചരിത്രം എന്നു പറയുന്നത്, അവകാശികൾ എന്ന നിലയിൽ നിന്ന്​ സ്വന്തം ഭൂമിയിൽ അഭയാർഥികളും ആശ്രിതരുമായതിന്റേതാണ്. അതായത് വിഭവനിയന്ത്രണമുണ്ടായിരുന്ന ഒരു ജനത ജനിച്ചുവളർന്ന ഭൂമിയിൽ അഭയാർഥികളും ആശ്രിതരുമായി മാറിയ ചരിത്രം. ഇതിന് പല ഘടകങ്ങളും പ്രവർത്തിച്ചു. കേരളത്തിൽ ഭൂമി കൈയേറ്റം നിരന്തരം നടക്കുന്നു. ഭൂമാഫിയ കേരളത്തിൽ വളരെ ശക്തമാണ്. അവർക്ക് ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും മത സ്ഥാപനങ്ങളുടെയും സംരക്ഷണയും പിന്തുണയുമുണ്ട്. അതുകൊണ്ടുതന്നെ ഈ ഭൂമാഫിയയെ ചെറുക്കാൻ ആർക്കും സാധ്യമല്ല. ഇത് ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ ഗവൺമെന്റിന്റെയോ പ്രശ്‌നമല്ല. ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

സംരക്ഷണത്തിന്​ വകുപ്പുകളുണ്ട്​; പക്ഷേ...

ആദിവാസികളിൽ ദാരിദ്ര്യം കൂടുന്നതും പോഷകാഹാരക്കുറവുണ്ടാകുന്നതും പട്ടിണിമരണങ്ങളുണ്ടാകുന്നതും പണമില്ലാത്തതുകൊണ്ടല്ല എന്നർഥം. പണമൊഴുക്കുണ്ടായി, ആദിവാസി പ്രദേശങ്ങൾ വികസിച്ചു, വളർന്നു. പക്ഷെ, ആദിവാസികൾ തളർന്നു. കേരളത്തിലെ വികസനപ്രവർത്തനം എന്നുപറയുന്നത് ആദിവാസി പ്രദേശങ്ങൾ വളർന്നതിന്റെയും ആദിവാസികൾ തളർന്നതിന്റെയുമാണ്. വികസിച്ച പ്രദേശങ്ങളിൽ ഭൂമിയും വനവും വെള്ളവും മറ്റുള്ളവരുടെ കൈയിലേക്ക് പോകുന്നു. ആദിവാസികൾ നിഷ്‌കാസിതരാക്കപ്പെടുന്നു. ഈ വികസനം അവരെ സഹായിക്കില്ല. ഭരണാധികാരികളുടെ ഒത്താശയോടുകൂടിയാണ് ഇതൊക്കെ സംഭവിച്ചത്. കുറ്റകരമായ വീഴ്ചയാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഭരണഘടനയുടെ 46-ാം വകുപ്പിന്റെ നിഷേധമാണ് നടക്കുന്നത്. നിർദ്ദേശക തത്വങ്ങളുടെ ഭാഗമായ 46-ാം വകുപ്പ് പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും പൊതുവായുള്ളതാണ്. ആദിവാസികളെ അടിമപ്പണി, സാമ്പത്തികചൂഷണം, ഭൂമി അന്യാധീനപ്പെടുത്തൽ തുടങ്ങി വിവിധ തരം ചൂഷണങ്ങളിൽ നിന്ന് ഭരണകൂടം സംരക്ഷിക്കണമെന്നാണ്​ 46-ാം വകുപ്പിൽ പറയുന്നത്.

ആദിവാസികൾക്ക്​ പ്രത്യേകം ആശുപത്രിയുണ്ട്, ഭക്ഷണം നൽകാൻ സംവിധാനമുണ്ട്, പോഷാകാഹാരക്കുറവ് പരിഹരിക്കാൻ സംവിധാനമുണ്ട്, പണമുണ്ട്. എന്നാൽ ഭരണകൂടം ചൂഷകരുടെ കൂടെ നിൽക്കുന്നു.

ആദിവാസി സാമൂഹ്യജീവിതത്തിൽ ഗോത്രം മൂന്നുനാല് ധർമങ്ങൾ അനുഷ്​ഠിച്ചിരുന്നു. ഒന്ന്, ഗോത്രത്തിലെ അംഗത്വം എന്നുപറഞ്ഞാൽ അവർക്ക് ഭൂമിയും മറ്റ് ജീവിതോപാധികളും ലഭിക്കും. രണ്ട്, ഗോത്രം അവരെ സംരക്ഷിക്കും. മൂന്ന്, അവർക്കിടയിൽ എന്തെങ്കിലും പ്രശ്‌നം വരുമ്പോൾ ഗോത്രം ഇടപെട്ട് പരിഹരിക്കും. ഈ മൂന്ന് കാര്യങ്ങൾ ആധുനിക ഭരണകൂടത്തിന്റെ ധർമങ്ങളായി മാറി. അതുകൊണ്ടുതന്നെ, കേരളത്തിലെ ആദിവാസികൾ അവർക്കെതിരെ അക്രമവും ചൂഷണവും നടക്കുമ്പോൾ നേരിട്ട് പ്രതികരിച്ചിട്ടില്ല. അവർ ഭരണകൂടത്തെയാണ് ആശ്രയിക്കുന്നത്.

ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണങ്ങളും നൽകുന്നത് പട്ടികവർഗങ്ങൾക്കാണ്, ആദിവാസികൾക്കാണ്. ഭരണഘടനയിൽ രണ്ട് ഷെഡ്യൂളുകളുണ്ട് ആദിവാസികൾക്കായിട്ട്. അതുപോലെ, അവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന ഇരുപതിലേറെ വകുപ്പുകളുണ്ട്. ഇന്ത്യയിലെ 703 ആദിവാസി വിഭാഗങ്ങളുടെയും സംരക്ഷണത്തിന് വളരെ വിശാലമായ, നിയതമായ വകുപ്പുകൾ ഭരണഘടനയിലുണ്ട്. അതിന് കീഴിൽ നിയമങ്ങളിലുണ്ട്. ഇതെല്ലാം ഇവരെ സംരക്ഷിക്കാനുള്ളതാണ്. ഇവിടെ നമ്മൾ കാണുന്നത് സ്റ്റേറ്റിന്റെ പരാജയമാണ്. സ്റ്റേറ്റാണ് അവരുടെ അവരുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഭരണകൂടമാണ് പ്രതിക്കൂട്ടിൽ.

പോഷകാഹാരക്കുറവുകൊണ്ട് കുഞ്ഞുങ്ങൾ മരിക്കുന്നത് കുറച്ച് പോഷക മരുന്നുകൾ വിതരണം ചെയ്തതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ല. / Photo : Shafeeq Thamarassery
പോഷകാഹാരക്കുറവുകൊണ്ട് കുഞ്ഞുങ്ങൾ മരിക്കുന്നത് കുറച്ച് പോഷക മരുന്നുകൾ വിതരണം ചെയ്തതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ല. / Photo : Shafeeq Thamarassery

ഏത് മുന്നണി ഭരിച്ചു എന്നതല്ല, ഏത് രാഷ്ട്രീയപാർട്ടി ആദിവാസി വകുപ്പ് കൈകാര്യം ചെയ്തു എന്നതല്ല, ഭരണകൂടമാണ് ഉത്തരവാദികൾ. പ്രശ്‌നം വരുമ്പോൾ രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് സാധാരണ ചെയ്യുന്നത്. ഉദ്യോഗസ്ഥരിലെ അഴിമതിയും അനീതിയുമൊക്കെയാണ് കാരണമെന്നാണ് പറയുന്നത്. ഇത് പറഞ്ഞ് ഭരണാധികാരികൾക്ക് രക്ഷപ്പെടാനാവില്ല. ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് ഭരണാധികാരികളല്ലേ. ഉദ്യോഗസ്ഥർ അഴിമതിക്കാരാണെങ്കിൽ അതിന്റെ ഉത്തരവാദിത്തവും ഭരണാധികാരികൾക്കാണ്. ആദിവാസി മേഖലകളിൽ ആദിവാസികളുടെ പേരിൽ ധാരാളം പണം ചെലവഴിക്കപ്പെടുന്നുണ്ട്. ഇത് എവിടെ പോകുന്നു എന്ന് കണ്ടുപിടിക്കാൻ സർക്കാരിന് സംവിധാനങ്ങളില്ലേ? സർക്കാരിന് ഇത് കഴിയുന്നില്ല എന്ന് പറയുന്നത് കൈകഴുകലാണ്. ഇത് കണ്ടുപിടിച്ചാൽ തന്നെ ആരും ഒരു ആക്ഷനും എടുക്കില്ല. ആദിവാസികൾ നിസ്സഹായരാണ്. പ്രത്യേകം ആശുപത്രിയുണ്ട്, ഭക്ഷണം നൽകാൻ സംവിധാനമുണ്ട്, പോഷാകാഹാരക്കുറവ് പരിഹരിക്കാൻ സംവിധാനമുണ്ട്, പണമുണ്ട്. എന്നാൽ ഭരണകൂടം ചൂഷകരുടെ കൂടെ നിൽക്കുന്നു. അധികാരം എപ്പോഴും ചൂഷകപക്ഷത്താണ്.

ആദിവാസികളെ പുറന്തള്ളിയ ​‘കേരള മാതൃക’

കേരള വികസന മാതൃകയുടെ ചരിത്രം എന്നുപറയുന്നത് ആദിവാസികളെയും മറ്റ് കീഴാള വിഭാഗങ്ങളെയും പുറന്തള്ളിയതിന്റെയും പിൻതള്ളിയതിന്റെയും ചരിത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം നടക്കുന്നത് ഇത്തരം വിഭാഗങ്ങളെ പുറന്തള്ളിക്കൊണ്ടാണ്. സംസ്ഥാനത്തിന്റെ മൊത്തം വികസനത്തെ ഇത് ബാധിക്കില്ല. കാരണം അവിടെ ശരാശരിയാണ്. ആദിവാസികളെയും മറ്റു പാർശ്വവത്കൃത സമൂഹങ്ങളെയും ഒഴിച്ചുനിർത്തിയാലും കേരളത്തിന്റെ വികസന ചിത്രം വളരെ തിളക്കമുള്ളതായിരിക്കും. ഇത്ര ശോഭനമായ ഒരു ചിത്രം ഉണ്ടാകുമ്പോഴും ഈ അവാന്തര വിഭാഗങ്ങൾക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?. A Theory of Justice എന്ന പുസ്തകത്തിൽ ജോൺ റോൾസ് പറയുന്നുണ്ട്, വികസനത്തെ വിലയിരുത്തേണ്ടത് ഒരു സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന്​. വികസനം സംഭവിക്കുമ്പോൾ ശക്തൻ എപ്പോഴും കൂടുതൽ ശക്തനാകും. ബി.ആർ. അംബേദ്കറും ഇതാണ് പറഞ്ഞത്. ഒരു സമൂഹത്തിന്റെ പുരോഗതി മനസ്സിലാക്കേണ്ടത്, സ്ത്രീകൾക്ക് എന്ത് സംഭവിക്കുന്നു എന്നത് പരിഗണിച്ചായിരിക്കണം.

ആദിവാസികൾക്കും ദലിതർക്കും വേണ്ടത് പ്രത്യേക സംരക്ഷണമല്ല, തുല്യ സംരക്ഷണമാണ്. മറ്റുള്ളവർക്ക് എങ്ങനെ സ്വതന്ത്രമായി ജീവിക്കാനും മുന്നോട്ട് പോകാനും കഴിയുന്നു, അത് ഇവർക്കും കഴിയണം / Photo : Doolnews Youtube Screen Scrap
ആദിവാസികൾക്കും ദലിതർക്കും വേണ്ടത് പ്രത്യേക സംരക്ഷണമല്ല, തുല്യ സംരക്ഷണമാണ്. മറ്റുള്ളവർക്ക് എങ്ങനെ സ്വതന്ത്രമായി ജീവിക്കാനും മുന്നോട്ട് പോകാനും കഴിയുന്നു, അത് ഇവർക്കും കഴിയണം / Photo : Doolnews Youtube Screen Scrap

ആദിവാസികളിലെ പോഷകാഹാരക്കുറവും കുട്ടികളുടെ മരണവും പരിഹരിക്കുക എന്ന ഒരു ചെറിയ പ്രശ്‌നമല്ല ഇത്. മൊത്തത്തിലുള്ള വികസനം എങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്നതാക്കാം (Inclusive) എന്നതാണ്. അതിന് മൗലികമായ, ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. അതിന് ഇവിടുത്തെ ശക്തരും അവരെ പിന്തുണയ്ക്കുന്നവരും അവരുടെ ശക്തികേന്ദ്രമായ ഭരണകൂടവും സമ്മതിക്കുമോ എന്നതാണ് നിർണായക ചോദ്യം. വിശാലമായ അടിസ്ഥാനത്തിലേ ഈ പ്രശ്‌നങ്ങളെ നോക്കിക്കാണാൻ പറ്റുകയുള്ളൂ എന്നർഥം. ഉദാഹരണത്തിന്​, കുറച്ച് കുട്ടികൾക്ക് മൊബൈൽ ഫോണോ ലാപ്‌ടോപോ കൊടുത്താൽ പരിഹരിക്കാവുന്നതല്ല അവർക്കിടയിലെ ഡിജിറ്റൽ ഡിവൈഡ്, അതൊരു ഇക്കണോമിക് ഡിവൈഡാണ്. അത് പരിഹരിക്കണമെങ്കിൽ മൗലികമായ മാറ്റമാണ് ആവശ്യം. പോഷകാഹാരക്കുറവുകൊണ്ട് കുഞ്ഞുങ്ങൾ മരിക്കുന്നത് കുറച്ച് പോഷക മരുന്നുകൾ വിതരണം ചെയ്തതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ല.

ആദിവാസി ഭൂമി പിടിച്ചെടുക്കാനും അവരെ ദുർബലരാക്കാനും മദ്യം, പുകയില തുടങ്ങിയ ലഹരികളും പണം കടം കൊടുക്കൽ, ഭീഷണി തുടങ്ങിയവയും കാലാകാലങ്ങളായി ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്. അത് അവരുടെ ജീവിതരീതിയേ അല്ല.

കേരളത്തിലെ ആദിവാസികൾക്കിടയിൽ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്. പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായിരുന്ന എ. അയ്യപ്പൻ 1960-ൽ എഴുതിയ ഒരു ലേഖനത്തിൽ പറഞ്ഞത്, കടുവയെയും സിംഹത്തെയും കീഴടക്കുന്ന ആദിവാസി ഒരു റവന്യൂ ഇൻസ്‌പെക്ടറുടെ മുന്നിൽ നിന്ന് വിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് എന്നാണ്​. കാരണം അയാൾ ഭരണകൂട പ്രതിനിധിയാണ്. ഭരണകൂടത്തിനെ ആദിവാസികൾക്ക് ഭയമാണ്. അതൊരു പുതിയ കാര്യമല്ല. ഭരണകൂടം ഇവരെ ഭയപ്പെടുത്തുന്നു. ചൂഷകരുടെ പക്ഷത്താണ് ഭരണകൂടം. ഇത്തരത്തിലുള്ള അവസ്ഥ മാറ്റിയെടുക്കുന്നതിന്​ സമൂല മാറ്റം അനിവാര്യമാണ്​.

ഇരകളെ കുറ്റവാളികളാക്കുന്ന തന്ത്രം

ഇപ്പോൾ, ജീവിതരീതിയാണ്​ ആദിവാസി സമൂത്തെ തകർക്കുന്നത്​ എന്നൊരു വാദമുയരുന്നുണ്ട്​. ആദിവാസി യുവാക്കൾ ലഹരിക്ക് അടിമകളാകുന്നു എന്നത് പുതിയ കണ്ടെത്തലല്ല. മതം ദുർബലനെതിരായി ഉപയോഗിക്കുന്ന മയക്കുമരുന്നാണെന്നാണ് മാർക്‌സ് പറഞ്ഞത്. ശക്തനെതിരായി മയക്കുമരുന്ന് ഉപയോഗിക്കേണ്ട കാര്യമില്ല. ആദിവാസി ഭൂമി പിടിച്ചെടുക്കാനും അവരെ ദുർബലരാക്കാനും മദ്യം, പുകയില തുടങ്ങിയ ലഹരികളും പണം കടം കൊടുക്കൽ, ഭീഷണി തുടങ്ങിയവയും കാലാകാലങ്ങളായി ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്. അത് അവരുടെ ജീവിതരീതിയേ അല്ല. ഈ സ്വഭാവം കൂടിവരുന്നു എന്നു പറഞ്ഞാൽ, അത് ഇരകളെ കുറ്റവാളികളാക്കുന്ന രീതിയാണ്, ഇരയെ കുറ്റപ്പെടുത്താൻ ഈസിയാണ്. ഇത് പ്രശ്‌നത്തിൽനിന്നുള്ള ഒളിച്ചോടലാണ്.

പണമൊഴുക്കുണ്ടായി, ആദിവാസി പ്രദേശങ്ങൾ വികസിച്ചു, വളർന്നു. പക്ഷെ, ആദിവാസികൾ തളർന്നു. കേരളത്തിലെ വികസനപ്രവർത്തനം എന്നുപറയുന്നത് ആദിവാസി പ്രദേശങ്ങൾ വളർന്നതിന്റെയും ആദിവാസികൾ തളർന്നതിന്റെയുമാണ് / Photo : Shafeeq Thamarassery
പണമൊഴുക്കുണ്ടായി, ആദിവാസി പ്രദേശങ്ങൾ വികസിച്ചു, വളർന്നു. പക്ഷെ, ആദിവാസികൾ തളർന്നു. കേരളത്തിലെ വികസനപ്രവർത്തനം എന്നുപറയുന്നത് ആദിവാസി പ്രദേശങ്ങൾ വളർന്നതിന്റെയും ആദിവാസികൾ തളർന്നതിന്റെയുമാണ് / Photo : Shafeeq Thamarassery

ആദിവാസികൾക്കും ദലിതർക്കും വേണ്ടത് പ്രത്യേക സംരക്ഷണമല്ല, തുല്യ സംരക്ഷണമാണ്. മറ്റുള്ളവർക്ക് എങ്ങനെ സ്വതന്ത്രമായി ജീവിക്കാനും മുന്നോട്ട് പോകാനും കഴിയുന്നു, അത് ഇവർക്കും കഴിയണം. പ്രത്യേക ആനുകൂല്യങ്ങളുടെ പേരിൽ ഇവർ ഭരണകൂടത്തെ കൂടുതൽ കൂടുതൽ ആശ്രയിക്കുകയാണ്. ആശ്രിതത്വം അവരെ ദുർബലരാക്കുകയാണ്. ഒന്നുകിൽ ഇത് നിർത്തണം, അല്ലെങ്കിൽ ടി.എസ്.പി ഫണ്ടുകൾ പ്രദേശങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്താതെ വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തണം.

ഏതെങ്കിലും ഒരു ബജറ്റിൽ അനുവദിച്ച പണം ചെലവഴിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് ആദിവാസികളുടെ കുറ്റമല്ല. ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും തകരാറാണ്. ആദിവാസികൾക്കായി ബജറ്റിൽ ഉൾപ്പെടുത്തിയ ഫണ്ട്​ ലാപ്‌സായി പോകരുത്. ഒരു വർഷം ഉപയോഗിച്ചില്ലെങ്കിൽ അടുത്തവർഷത്തേക്ക് മാറ്റണം. അടുത്തവർഷത്തെ ബജറ്റ് അലോക്കേഷനിൽ ഇത് ബാധകമാകരുത്. ഫണ്ടുകൾ ലാപ്‌സാകാതിരിക്കുകയും ‘ഇയർ മാർക്ക്ഡ്’ ആയ ഫണ്ടുകൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്തുകയും വേണം. വ്യക്തിയെ ശാക്തീകരിക്കാതെ കുടുംബത്തെ ശാക്തീകരിക്കാതെ വികസന, ക്ഷേമ നിലനിൽപ്പ് സാധ്യമല്ല. മറ്റൊന്ന് ഒരു പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികാസത്തിന് പൊതുഫണ്ടുകളാണ് ഉപയോഗപ്പെടുത്തേണ്ടത്, ആദിവാസി ഫണ്ടുകൾ ഉപയോഗിക്കരുത്. ബജറ്റിൽ അനുവദിച്ച പണം എവിടെ പോകുന്നു എന്നത് ഇവിടെ വളരെ വ്യക്തമാണ്. പക്ഷെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. കാരണം അത് ചെയ്യുന്നവർ ശക്തരാണ്. ആദിവാസികൾക്ക് ഇത് ചോദ്യം ചെയ്യുക എന്നത് സാധ്യമല്ല. നിസ്സഹായരായ ഒരു ജനതയുടെ പണമാണ് ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നത്.

ഒരു നയത്തെ വിമർശിച്ചാലോ, ഒരു പരിപാടിയെ വിമർശിച്ചാലോ അവർ വികസന വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയാണിപ്പോൾ.

കാഴ്ചപ്പാടിൽ മാറ്റം വന്നാലേ ഇതിലൊക്കെ മാറ്റമുണ്ടാകൂ. ഒരു നയത്തെ വിമർശിച്ചാലോ, ഒരു പരിപാടിയെ വിമർശിച്ചാലോ അവർ വികസന വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയാണിപ്പോൾ. കേന്ദ്രത്തിന്റെ നയങ്ങളെ വിമർശിച്ചാൽ അവർ ദേശവിരുദ്ധരാകും. വിമർശനമോ വ്യത്യസ്ത അഭിപ്രാമോ പ്രകടിപ്പിക്കുന്നവരെ ശത്രുക്കളായി കാണുന്ന മനോഭാവം അതിശക്തമായി നിലനിൽക്കുന്നുണ്ട്. അങ്ങനെ വിമർശിക്കുന്നവരെയും വിശകലനം ചെയ്യുന്നവരെയും ദ്രോഹിക്കാൻ ഭരണകൂടത്തിന് ധാരാളം നടപടികളുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്ത് ചെയ്യാൻ പറ്റുമെന്ന് വളരെ വ്യക്തമായി പറയാൻ പറ്റില്ല. ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. ആദിവാസികളും നിസ്സഹായരാണ് ഈ കാര്യത്തിൽ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments