ആദിവാസി പുനരധിവാസത്തിന്റെ മികച്ച മാതൃകകളൊന്നുമില്ലാത്ത സംസ്ഥാനമാണ് കേരളം. ഇന്നും അരിപ്പയിലും നിലമ്പൂരിലും തൊവരിമലയിലും അടക്കം കേരളത്തിന്റെ പലയിടങ്ങളിൽ ആദിവാസികളുടെയും ദലിതരുടെയും നേതൃത്വത്തിൽ ഭൂസമരങ്ങൾ തുടരുന്നുണ്ട്. ഫെബ്രുവരി എട്ടിന് ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെയും ആദിവാസി ഗോത്രമഹാസഭയുടെയും ആദിവാസി ഗോത്ര ജനസഭയുടെയും നേതൃത്വത്തിൽ ഭൂപ്രശ്‌നങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റ് മാർച്ചും നടക്കുകയാണ്.
ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത കേരളം എന്നതാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യങ്ങളിൽ ഒന്നായി മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം പറഞ്ഞുവരുന്നത്. തന്റെ നേതൃത്വത്തിലുള്ള രണ്ടു സർക്കാറുകളുടെയും കാലത്ത് വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം ചരിത്രനേട്ടമായും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. എന്നാൽ, ഭൂസമരങ്ങൾ നടക്കുന്ന ഇടങ്ങളിലെ ആദിവാസി- ദലിത് മനുഷ്യർ മുഖ്യമന്ത്രി അവകാശപ്പെടുന്ന ഈ ചരിത്രനേട്ടങ്ങൾക്ക് പുറത്തുള്ളവരാണ്.
സർക്കാറിൽ നിക്ഷിപ്തമാകേണ്ട തോട്ടഭൂമി തരം മാറ്റി കൈയടക്കാനുള്ള ഭൂമാഫിയയുടെ നീക്കങ്ങൾക്ക് ഇതേ സർക്കാർ സംവിധാനങ്ങളാണ് ഒത്താശ നൽകുന്നത്. വയനാട്ടിൽ 49 വൻകിട തോട്ടങ്ങളിലായി 60,000 ഏക്കർ ഭൂമി അനധികൃത കൈവശത്തിലാണെന്ന് ഭൂസമര സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അട്ടപ്പാടിയിൽ പട്ടയമുള്ള ആദിവാസി ഭൂമികൾ വ്യാജരേഖയുണ്ടാക്കി കൈയേറ്റം നടത്തുന്ന നിരവധി സംഭവങ്ങൾ സമീപകാലത്ത് പുറത്തുവരുന്നുണ്ട്. വില്ലേജ് ഓഫീസർമാർ മുതൽ പൊലീസും കോടതിയും വരെയുള്ള നിയമ- നീതിന്യായ സംവിധാനങ്ങളാണ് അട്ടപ്പാടിയിൽ ആദിവാസികളുടെ എതിർപക്ഷത്തുള്ളത്. രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അട്ടപ്പാടിയിലെ ആദിവാസികളും സംഘടനാപ്രവർത്തകരും കൈയേറ്റങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.
‘‘ഒരു പാർട്ടി ഗ്രാമം തന്നെയാണ് സി.പി.എം ലക്ഷ്യം, സാമ്പത്തിക സ്രോതസ്സുള്ള അധികാരകേന്ദ്രമായി ആറളം ഫാമിനെ മാറ്റിയെടുക്കുക.''
ഈയിടെ കെ.കെ.രമ എം.എൽ.എയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ നടന്ന വസ്തുതാന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സർക്കാർ നൽകിയ പട്ടയം കൈയിലുള്ളവരെ പോലും കുടിയിറക്കാൻ പൊലീസ് സഹായത്തോടെ ഭൂമാഫിയ നടത്തുന്ന നീക്കങ്ങൾ, പട്ടയഭൂമി എവിടെയാണെന്നറിയാത്ത 'ഭൂവുടമ'കൾ, വനഭൂമി വെട്ടിനീക്കി നടത്തിയ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയവക്ക് വ്യക്തമായ തെളിവുകളാണ് ഈ സംഘത്തിന് ലഭിച്ചത്. അഗളി സബ് രജിസ്ട്രാർ ഓഫീസ്, റവന്യൂ- ലാൻഡ് ട്രൈബ്യൂണൽ ഓഫീസ് എന്നിവിടങ്ങൾ കേന്ദ്രമാക്കി കേരളത്തിനകത്തും പുറത്തും നിന്നുള്ള വൻകിട ഭൂമാഫിയകൾ ട്രസ്റ്റുകളുടെ പേരിൽ നടത്തുന്ന കൈയേറ്റങ്ങളെക്കുറിച്ചും അനധികൃത നിർമാണങ്ങളെക്കുറിച്ചും തെളിവുകളുണ്ടായിട്ടും അവയുടെ അടിസ്ഥാനത്തിൽ പരാതികൾ നൽകിയിട്ടും ഭരണകൂട സംവിധാനങ്ങൾ ചെറുവിരൽ പോലും അനക്കുന്നില്ല.
വിതരണം ചെയ്യപ്പെട്ട പട്ടയങ്ങളുടെ എണ്ണമല്ല, അവക്ക് പിന്നീട് എന്തു സംഭവിക്കുന്നു എന്ന അന്വേഷണം നടന്നാൽ, ഭൂരഹിതർക്ക് നൽകിയെന്ന് സർക്കാർ അവകാശപ്പെടുന്ന ഭൂമിക്ക് എന്തു സംഭവിച്ചു എന്ന് വ്യക്തമാകും. ആറളം ഫാം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. മാത്രമല്ല, ആറളം ഫാമിൽനിന്നുള്ള ആദിവാസികളുടെ കുടിയിറക്കം സ്വഭാവികമായ ഒന്നല്ല. പട്ടയം കിട്ടിയ ഭൂമിയിൽനിന്ന് അവരെ ആട്ടിപ്പായിച്ച ഒരു ആസൂത്രിത പദ്ധതി, പിന്നാമ്പുറത്തുണ്ട്.
പണിയരിൽനിന്ന്
പിടിച്ചെടുക്കുന്ന ആറളം
കേരളത്തിന്റെ മോഡൽ പുനരധിവാസകേന്ദ്രമായിത്തീരേണ്ടതായിരുന്നു ആറളം ഫാം. ഇവിടുത്തെ ഭൂമി അർഹരായ ആദിവാസികളിൽനിന്ന് അന്യമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഈയിടെ, നവകേരള സദസ്സിന്റെ ഭാഗമായി ഇരിട്ടിയിൽ നടന്ന പരിപാടിയിൽ വച്ച്, ആറളം ഫാമിൽ രണ്ടായിരം പേർക്ക് പുതുതായി പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇത്, ആറളം ഫാം ലക്ഷ്യമാക്കി നടക്കുന്ന വലിയൊരു കുടിയിറക്കൽ പദ്ധതിയുടെ ക്ലൈമാക്സാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ഭൂരഹിതരെ പുനരധിവസിപ്പിക്കാനുള്ള പ്രഖ്യാപനമായി തോന്നുമെങ്കിലും, ആറളം ഫാമിൽ നിലവിൽ പട്ടയമുള്ള രണ്ടായിരത്തോളം വരുന്ന ആദിവാസികളുടെ പട്ടയം റദ്ദാക്കി അവരുടെ പ്ലോട്ടുകളിൽ കയ്യേറിയവർക്ക് പട്ടയം നൽകാനുള്ള നീക്കമാണെന്നാണ് ആദിവാസി സംഘടനാപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.
ആറളം ഫാമിൽ 2006- മുതൽ കുടിയിരുത്തിയ ആദിവാസികളിൽ അതിപിന്നാക്കക്കാരായ പണിയ ഗോത്രവർഗ്ഗക്കാരുടെ പട്ടയങ്ങളാണ് റദ്ദാക്കുന്നതിൽഭൂരിപക്ഷവും. 2006 മുതലുള്ള യഥാർത്ഥ പട്ടയ ഉടമകളുടെ വീടുകളിലും കൃഷിഭൂമിയിലുമാണ് കയ്യേറ്റം നടന്നത്. ആദിവാസി സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന പണിയർ, വയനാട്ടിലെ അടിയർ, കാട്ടുനായ്ക്കർ തുടങ്ങിയവരെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ഒളിഞ്ഞിരിക്കുന്നത്. ഫലത്തിൽ, ആറളം ഫാം ആദിവാസി പുനരധിവാസ പദ്ധതി അട്ടിമറിക്കപ്പെടുകയായിരിക്കും ഇതിന്റെ ഫലം.
2007-ൽ, സി.പി.എം നിയന്ത്രണത്തിൽ ആറളം ഫാമിൽ നടന്ന രണ്ടാം ഘട്ട പട്ടയമേളയിൽ സി.പി.എം പിന്തുണയുള്ള കരിമ്പാല, മാവില വിഭാഗക്കാരെയാണ് കൂടുതലും ഉൾപ്പെടുത്തിയത്.
ആറളം ഫാമിലെ പുനരധിവാസ പദ്ധതി ഏറെ സവിശേഷതകളുള്ളതാണ്.
ആദിവാസികളുടെ പാരമ്പര്യഭൂമിയായിരുന്നു ആറളം ഫാം. 1976-ലാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ 12,500 ഏക്കർ വരുന്ന ഈ ഭൂമി ഏറ്റെടുത്തത്. 5000 ഏക്കർ വന്യജീവി സങ്കേതമായും, 7500 ഏക്കർ ഫാമായും നിലനിർത്തി. ആറളം ഫാം 1965 മുതൽ എൺപതുകൾ വരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഒരുപാട് മോഡൽ നഴ്‌സറികളും അവയുടെ സീഡ്‌ലിങ് യൂണിറ്റുകളും 45-ഓളം തെങ്ങിൻ ഇനങ്ങളും കശുമാവ്, റബർ കൃഷിയുമൊക്കെ അവിടെയുണ്ടായിരുന്നു. 90-കളുടെ അവസാനമായപ്പോൾ, ഫാം ലാന്റുകൾ കേന്ദ്രം വിറ്റൊഴിക്കാൻ തുടങ്ങി. കേരളത്തിൽ, ആദിവാസി പുനരധിവാസത്തിന് ഭൂമി വേണം എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങളുടെ കാലം കൂടിയായിരുന്നു അത്.
2001 ലെ കുടിൽ കെട്ടൽ സമര കരാർ വ്യവസ്ഥകൾ നടപ്പിലാക്കാൻ 2002 ജനുവരി ഒന്നിന് ആദിവാസി പുനരധിവാസ വികസന മിഷൻ നിലവിൽ വന്നിരുന്നു. 2001 ലെ സമരത്തിന്റെ കരാറനുസരിച്ച് ഒരു വർഷം മുന്നേ വിതരണം ചെയ്യേണ്ട ഭൂമിയാണ് ആറളം ഫാം. കണ്ണൂർ ജില്ലയിലെ ഭൂരഹിത ആദിവാസികളിലേറെയും പണിയ സമുദായക്കാരാണ്. ആറളം കാർഷിക ഫാമിന്റെ ചുറ്റുവട്ട പ്രദേശത്ത് ജീവിക്കുന്നവരാണിവർ. ഭൂമി കൊടുക്കാനുള്ള സർവേ കഴിഞ്ഞിട്ടും ഭൂവിതരണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു.
കണ്ണൂരിൽ ഈ സമയത്ത് ഒരു ഭൂസമരം നടന്നിരുന്നു; തിരുവോണപ്പുറത്ത്. പേരാവൂർ മണ്ഡലത്തിലെ ഇരിട്ടി ബ്ലോക്കിൽ, അന്നത്തെ കണക്കനുസരിച്ച് 12,000 ലേറെ കുടുംബങ്ങൾ ഒരു സെന്റ് പോലും ഭൂമിയില്ലാതെ അവിടെയുണ്ടായിരുന്നു. ആറളം ഫാമിനടുത്ത് കേളകം പഞ്ചായത്തിലെ പൂക്കുണ്ട് കോളനിയിൽ 45 കുടുംബങ്ങൾ കടുത്ത ദാരിദ്ര്യത്തെയും രോഗത്തെയും തുടർന്ന് ജീവിതം ദുസ്സഹമായ സ്ഥിതിയിൽ കഴിഞ്ഞിരുന്നു. അജ്ഞാത രോഗമാണെന്ന കാമ്പയിനെതുടർന്ന് കോളനി പൂർണമായും ഒറ്റപ്പെട്ടു. അതുവരെ അദൃശ്യവൽക്കരിക്കപ്പെട്ട പ്രദേശമായിരുന്ന കണ്ണൂരിലെ ആദിവാസി ഊരുകളിൽ സി.കെ. ജാനു, എം. ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ എന്നിവരുടെ നേതൃത്വത്തിലുണ്ടായ മൂവ്‌മെന്റിനെതുടർന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
സ്വന്തമായി ഭൂമി കിട്ടിയ ആദിവാസികളെ ഭരണകൂട സംവിധാനങ്ങൾ തന്നെ അവിടെനിന്ന് ആട്ടിപ്പായിച്ച കഥയാണ് ആറളം ഫാമിന് പറയാനുള്ളത്.
പട്ടയ വിതരണം
ആറളം ഫാം സ്വകാര്യ കമ്പനിയ്ക്ക് കൈമാറാൻ 2002-ൽ ശ്രമം ആരംഭിച്ചിരുന്നു. ഇതേതുടർന്ന് 2002 ആഗസ്റ്റിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ 'ആദിവാസി കോടതി' ചേർന്ന്, ഭൂമിയിൽ അവകാശ സമരം നടത്താൻ തീരുമാനിച്ചു. ആദിവാസികളുടെ പാരമ്പര്യ ഭൂമിയായ ആറളം ഫാം കൈയ്യേറുമെന്ന് ആദിവാസി സമര നേതൃത്വം പ്രഖ്യാപിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികളെല്ലാം അതിനെ എതിർത്തു. ആറളം ഫാം മോഡൽ ഫാമാണ്, ഇത് ആദിവാസി പുനരധിവാസത്തിന് ഏറ്റെടുക്കരുതെന്ന് കോൺഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടു. ആറളം ഫാം ആദിവാസികൾക്ക് കൊടുക്കരുതെന്നുപറഞ്ഞ് അന്നത്തെ ഏഴ് എം.പി.മാർ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി. എന്നാൽ, പോസിറ്റീവായാണ് ജില്ലാ ഭരണകൂടം പ്രതികരിച്ചത്. മുത്തങ്ങ സമരം കഴിഞ്ഞ സാഹചര്യത്തിൽ, ഈ ആവശ്യമുയർത്തി സർക്കാർ തലത്തിൽ സമ്മർദം ചെലുത്താനായി. അത് കൃഷിവകുപ്പിന്റെ പരിഗണനയിലും വന്നു. മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ, അത് ഏറ്റെടുത്ത് നൽകുന്നതിൽ വിരോധമില്ല എന്ന നിലപാടെടുത്തു.
2002 ഡിസംബർ 10 ന് ആറളത്ത് 'ഗോത്രപൂജ' നടത്തുമെന്ന് സി.കെ. ജാനുവിന്റെയും എം. ഗീതാനന്ദന്റെയും ശ്രീരാമൻ കൊയ്യോന്റെയും നേതൃത്വത്തിലുള്ള സമരക്കാർ പ്രഖ്യാപിച്ചു. ഗോത്രപൂജ തടയാൻ രാഷ്ട്രീയപാർട്ടികൾ സംഘടിതമായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഏഴു ദിവസം ഓരോ കോളനിക്കാരുടെ പങ്കാളിത്തത്തിൽ പൂജ നടത്തി ഭൂമിയിൽ കുടിൽകെട്ടി താമസിക്കാനുള്ള അവകാശം പ്രഖ്യാപിച്ചു.
ഭൂമി കൊടുത്തുവെങ്കിലും, ആറളത്ത് ആദിവാസികൾക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല. കൃഷിക്ക് സഹായം നൽകിയില്ല. സാമ്പത്തിക സഹായ പദ്ധതികളുണ്ടായിരുന്നില്ല. ജീവനും സ്വത്തിനും സംരക്ഷണമില്ലായിരുന്നു.
സി.കെ. ജാനു ആത്മകഥയായ 'അടിമമക്ക'യിൽ എഴുതുന്നു: ''2004, 2005, 2006 വർഷങ്ങളിലെ ട്രൈബൽ സബ് പ്ലാൻ ഫണ്ട് ആറളം ഫാമിലെ ആദിവാസി പുനരധിവാസത്തിന് കൊടുക്കാൻ ഞങ്ങൾ നിർദേശം വച്ചു. അതനുസരിച്ചാണ് ഫാമിലെ 7500 ഏക്കർ ഭൂമി 42 കോടി രൂപയ്ക്ക് കേന്ദ്രസർക്കാറിൽനിന്ന് കേരള സർക്കാർ വിലയ്ക്ക് വാങ്ങിയത്. ഇങ്ങനെ വാങ്ങിയ മുഴുവൻ ഭൂമിയും ആദിവാസികൾക്ക് കൊടുക്കേണ്ടതാണ്. അതിനുപകരം അവരവിടെ തൊഴിലാളി പ്രശ്നമുണ്ട് എന്നു പറഞ്ഞ് 4000 ഏക്കർ ഭൂമി കമ്പനിയായി നിലനിർത്തി. 3500 ഏക്കർ ഭൂമി ആദിവാസികൾക്ക് വിതരണത്തിനും മാറ്റിവച്ചു. വലിയ പ്രക്ഷോഭങ്ങൾക്കു ശേഷമാണ് കണ്ണൂർ, വയനാട് മേഖലയിലെ ആദിവാസികൾക്ക് ഭൂമി, വിതരണം ചെയ്യാൻ തുടങ്ങിയത്. ആറളം ഫാം മൂന്നിൽ രണ്ടുഭാഗം വയനാട്ടിൽ നിന്നുള്ള ആദിവാസികൾക്കും, ഒരു ഭാഗം കണ്ണൂർ ജില്ലയിലുള്ളവർക്കും എന്നതായിരുന്നു വ്യവസ്ഥ. പക്ഷേ, 3000-ഓളം കുടുംബങ്ങൾക്ക് കൈവശരേഖ കൊടുത്തതിൽ അധികവും കണ്ണൂർ ജില്ലക്കാരായിരുന്നു. ഫാമിന്റെ പരിസര പ്രദേശത്തുള്ള ആദിവാസികളെയാണ് ആദ്യഘട്ട ഭൂവിതരണത്തിന് പരിഗണിച്ചത്. 2006 മാർച്ച് മൂന്നിന്, 751 കുടുംബങ്ങൾക്ക് ഒരേക്കർ വച്ച് നൽകി''.
2007 സെപ്റ്റംബർ 22 ന് രണ്ടാംഘട്ടത്തിൽ 1584 പേർക്കും, 2011 ഫെബ്രുവരി മൂന്നിന് മൂന്നാംഘട്ടത്തിൽ 138 പേർക്കും, 2011- 2012ൽ നാലാംഘട്ട വിതരണത്തിൽ 549 പേർക്കും ഭൂമി കൊടുത്തു. അങ്ങനെ, ഘട്ടംഘട്ടമായി ഭൂമി കൈയ്യേറിയ കുടുംബങ്ങൾക്കും ഭൂമി വിതരണം ചെയ്തു. കണ്ണൂർ, വയനാട് എന്നിവിടങ്ങളിലുള്ളവർക്ക് പട്ടയം കൊടുക്കണമെന്ന ധാരണയാണ് ആദ്യമുണ്ടായിരുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിൽ വയനാട്ടിലുള്ളവരെ പരിഗണിച്ചിരുന്നില്ല. വയനാട്ടിൽ നിന്നൊരാൾ ഹൈകോടതിയിൽ പോയി അനുകൂല വിധി നേടിയെടുത്തതിനെതുടർന്നാണ്, 400 വയനാട്ടുകാർക്കും പട്ടയം ലഭിച്ചത്.
പട്ടയവിതരണം
സി.പി.എം നിയന്ത്രണത്തിൽ
പട്ടയ വിതരണത്തിൽ സി.പി.എമ്മിന്റെ ഒത്താശയോടെ നടന്ന ഒരു ആസൂത്രിതനീക്കത്തെക്കുറിച്ച് എം. ഗീതാനന്ദൻ പറയുന്നു: ''ആദ്യ ഘട്ടത്തിൽ ഒരു സെന്റ് പോലും ഭൂമിയില്ലാത്തവർക്കാണ് പട്ടയം നൽകിയത്. പതിനായിരത്തിലേറെ ഭൂരഹിതരുടെ അപേക്ഷ കലക്ടറേറ്റിലുണ്ടായിരുന്നു. അതിൽ പണിയ കമ്യൂണിറ്റി മാത്രമേയുണ്ടായിരുന്നുള്ളൂ. പിന്നീട് വി.എസ്. അച്യുതാനന്ദൻ സർക്കാർ വന്നു. 2007-ൽ, സി.പി.എം നിയന്ത്രണത്തിൽ നടന്ന രണ്ടാം ഘട്ട പട്ടയമേളയിൽ സി.പി.എം പിന്തുണയുള്ള കരിമ്പാല, മാവില വിഭാഗക്കാരെയാണ് കൂടുതലും ഉൾപ്പെടുത്തിയത്. 2004- ലാണ് ഇവർ പട്ടികവർഗ ലിസ്റ്റിൽ വന്നത്. കൂടുതൽ ഭൂമിയുള്ളവരെ കൂടി ലിസ്റ്റിൽ പെടുത്താൻ ആദ്യ ഘട്ടത്തിലെ ‘ഒരു സെന്റ് ഭൂമി’ എന്ന വ്യവസ്ഥ മാറ്റി. 21 സെന്റ് വരെയുള്ളവർക്കും ഒരേക്കർ കൊടുക്കാം എന്നായി. അതോടെ, ഒട്ടും ഭൂമിയില്ലാത്തവർ എന്ന ഊന്നൽ ഇല്ലാതായി. യഥാർഥത്തിൽ കരിമ്പാല, മാവില വിഭാഗങ്ങൾക്ക് ആലക്കോട് എസ്‌റ്റേറ്റിലായിരുന്നു ഭൂമി കൊടുക്കേണ്ടിയിരുന്നത്. വി.എസ്. സർക്കാർ പോയശേഷം അവിടെ ഒരു നിയന്ത്രണവുമില്ലാതെ കൈയേറ്റങ്ങൾ തുടങ്ങി.''
കുടിയിറക്കൽ വിദ്യ
സ്വന്തമായി ഭൂമി കിട്ടിയ ആദിവാസികളെ ഭരണകൂട സംവിധാനങ്ങൾ തന്നെ അവിടെനിന്ന് ആട്ടിപ്പായിച്ച കഥയാണ് ആറളം ഫാമിന് പറയാനുള്ളത്.
ഭൂമി കൊടുത്തുവെങ്കിലും, അവിടെ ആദിവാസികൾക്കുവേണ്ട പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല. കൃഷി ചെയ്യാൻ ഒരു സഹായവും നൽകിയില്ല. സാമ്പത്തിക സഹായ പദ്ധതികളുണ്ടായിരുന്നില്ല. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പദ്ധതി പോലും സർക്കാർ കൊണ്ടുവന്നില്ല.
ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള ഭൂമിയായതിനാൽ വന്യജീവികളുടെ ആക്രമണമുള്ള പ്രദേശമാണിത്. കേന്ദ്ര സർക്കാറിന്റെ ഫാമായിരുന്ന സമയത്ത്, 14 കിലോമീറ്ററിൽ മികച്ച വൈദ്യുതി ഫെൻസിങ്ങുണ്ടായിരുന്നു. ഫാം ലാൻഡ് ആയിരുന്ന സമയത്തും അപൂർവം കാട്ടാനകൾ വരുമെങ്കിലും ഫെൻസിങ് ഉള്ളതുകൊണ്ട് അവ വലിയ പ്രശ്‌നമായിരുന്നില്ല. പുതിയ ഫാം അഡ്മിനിസ്‌ട്രേഷൻ വളരെ വൈകിയാണ് വരുന്നത്. അതോടെ, വൈദ്യുതി ഫെൻസിങ് പൂർണമായും പ്രവർത്തനക്ഷമമല്ലാതായി. ആനകൾ വൻതോതിൽ വരാൻ തുടങ്ങി.
2008-ൽ തന്നെ 13ാം ബ്ലോക്കിൽ ഒറ്റ രാത്രി കൊണ്ട് 12 കുടിലുകൾ തകർത്തതിനും 230 പേർ ഒഴിഞ്ഞുപോയതിനും താൻ സാക്ഷിയാണ് എന്ന് എം. ഗീതാനന്ദൻ പറയുന്നു. 2008- നുശേഷമുള്ള കാട്ടാന ആക്രമണങ്ങളിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ആനശല്യം വർധിക്കാൻ നിരവധി കാരണങ്ങളുണ്ട്. പൈനാപ്പിൾ കൃഷി ചെയ്യാൻ തൊടുപുഴയിലുള്ള കമ്പനിക്ക് പാട്ടം നൽകി. ജനവാസ കേന്ദ്രങ്ങളിൽ ഫെൻസിങ് ഇല്ലായിരുന്നു, പൈനാപ്പിൾ കൃഷി ചെയ്യുന്ന ഭാഗത്തുമാത്രമാണ് വേലി. ഷോക്കേൽക്കുന്ന ആനകൾ കൂടുതൽ പ്രകോപിതരാകാൻ തുടങ്ങി. തെങ്ങുകൾ ചെത്താൻകൊടുത്തതും ആനകളുടെ സാന്നിധ്യം വർധിപ്പിച്ചു.
തൊഴിൽ പ്രശ്‌നമായിരുന്നു മറ്റൊന്ന്. പണിയ കുടുംബങ്ങൾ ദിവസവേതനത്തിന് പണിയെടുക്കുന്നവരാണ്. കുടിയിരുത്തപ്പെട്ട ഭൂമി തോട്ടങ്ങളുള്ളതല്ല. ഇവിടെ കൃഷി ചെയ്ത് വരുമാനമുണ്ടാക്കാൻ അവർക്കു കഴിയില്ല. മാത്രമല്ല, പലർക്കും വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞതും ജീവിതം അസാധ്യമായതുമായ ഭൂമിയാണ് കിട്ടിയത്. പ്രാദേശികമായ പണികൾക്ക് ഇവരെ ആരും വിളിക്കുകയുമില്ല. തൊഴിലുറപ്പു പദ്ധതിയില്ല. ഭീകരമായ അന്യവൽക്കരണത്തിനാണ് ഇവർ ഇരകളായത്.
വീടുനിർമാണത്തിന് വകയിരുത്തിയ പണം കൈമാറുക, ചികിത്സാ സൗകര്യം ഏർപ്പെടുത്തുക, കുടിവെള്ള പദ്ധതി നടപ്പാക്കുക, വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും കുടിലുകൾ നഷ്ടപ്പെട്ടവർക്കും നഷ്ടപരിഹാരം നൽകുക, സൗജന്യ റേഷൻ വിതരണം ചെയ്യുക, റോഡുകൾ നന്നാക്കുക, ആറളം ഫാം പട്ടികവർഗമേഖലയായി പ്രഖ്യാപിക്കുക, ഫാമിൽ സ്‌പെഷൽ ഓഫീസറെയും, സ്റ്റാഫിനെയും നിയമിക്കുക, വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തുക, ഫാമിൽ ആദിവാസികളല്ലാത്തവർ നടത്തുന്ന കച്ചവട സ്ഥാപനങ്ങൾ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2008 ജൂൺ 7 ന് കണ്ണൂർ കലക്ടറേറ്റിൽ സമരം നടത്തി. ഇതേ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിവേദനവും നൽകി. ഇതൊന്നു പരിഹാര നടപടികളായി മാറിയില്ല. അങ്ങനെ, 2012 ആകുമ്പോഴേക്കും പണിയർക്കും അടിയർക്കും വയനാട്ടിലേക്ക് തിരിച്ചുപോകേണ്ടിവന്നു.
ഒഴിഞ്ഞുകിടക്കുന്ന വീടുകളിലെല്ലാം ഇപ്പോൾ താമസമുണ്ട്. കലക്ടറേറ്റിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഇങ്ങനെ താമസിക്കുന്നവരെല്ലാം അപേക്ഷ നൽകിയവരാണ് എന്നാണ്.
വീടു നിർമാണം എന്ന വെള്ളാന
വീടുനിർമാണമാണ് വലിയ അഴിമതി അരങ്ങേറുന്ന മറ്റൊരു മേഖല.
ആറളം ഫാമിൽ സംസ്ഥാന നിർമിതി കേന്ദ്രത്തിന്റെ മേൽനോട്ടത്തിലായിരുന്നു വീടുനിർമാണം. കുടിയിരുത്തപ്പെട്ട ആദിവാസികൾക്ക് വീടുനിർമാണം ഏറ്റെടുത്തുനടത്താനാകില്ല. അതുകൊണ്ട് ഇവർക്കിടയിൽ ചെറുകിട കരാറുകാർ വരും. ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്ത് ഈ കരാറുകാരുടെ ലോബി വൻ ലാഭമുണ്ടാക്കും. മുമ്പ് നാലു ലക്ഷം രൂപയായിരുന്നു, ഇപ്പോഴാണ് ആറു ലക്ഷമായത്. ഓരോ ഗഡു കൈമാറുമ്പോഴും പ്രമോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും ഒരു തുക, ഇതാണ് അവിടെ കൃത്യമായി നടന്നിരുന്നത്. വീടു നിർമാണ ചുമതല ഗുണഭോക്താക്കളെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ പ്രക്ഷോഭം നടത്തി. ഇതേതുടർന്ന് തുക ഗുണഭോക്താക്കൾ വഴി കൊടുക്കാൻ തുടങ്ങി. പക്ഷേ, അത് കോൺട്രാക്ടർമാരുടെ കൈകളിലേയ്ക്കാണ് പോയത്. അവർക്ക് തോന്നിയപോലെ വീടുനിർമാണം നടത്തി ലാഭം കൊയ്യും. പട്ടികവർഗവകുപ്പിൽനിന്ന് അതാതുസമയം വരുന്ന മാനേജർമാരാണ് വീടുനിർമാണക്കാര്യം തീരുമാനിക്കുക. ഇത്ര വീടു വച്ചാൽ അവർക്ക് ഇത്ര കമീഷൻ കിട്ടും, ആളുണ്ടോ ഇല്ലയോ എന്ന് നോക്കില്ല. ആറളം ഫം മാനേജർമാരുടെ വലിയ അഴിമതിയുടെ കേന്ദ്രം കൂടിയാണ്. അവർ കരാർ കൊടുക്കുന്നു. ഗഡു ഒരു വട്ടം കൊടുത്തശേഷം പലതവണ നൽകിതായി ഒപ്പിട്ടു വാങ്ങുന്നു. കൊടുത്ത തുക എത്രയെന്ന് ആദിവാസികൾക്ക് അറിയില്ല. ഇത്തരം നിരവധി പരാതികളുണ്ടായിരുന്നു. അങ്ങനെ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും കീശ വീർപ്പിക്കാനുള്ള വഴിയായി വീടു നിർമാണം.
അടിസ്ഥാനപരമായി പണിയർക്കുവേണ്ടിയുളള ഒരു പ്രൊജക്റ്റ്, രാഷ്ട്രീയ- ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ ഇടപെടലോടെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് ആറളം ഫാം അടക്കമുള്ള ഭൂപ്രശ്‌നങ്ങൾ വർഷങ്ങളായി റിപ്പോർട്ടുചെയ്യുന്ന 'മാധ്യമം' പത്രത്തിന്റെ ലേഖകൻ ഡോ. ആർ. സുനിൽ പറയുന്നു: ''ആറളം ഫാമിലെ എല്ലാ പ്രവർത്തനങ്ങളും സി.പി.എം ഏറ്റെടുത്തുകഴിഞ്ഞു. ആദിവാസികളിൽനിന്നുതന്നെ ആളുകളെ പരിശീലിപ്പിച്ച് പാർട്ടി യൂണിറ്റ് ശക്തമാക്കാൻ വലിയ ശ്രമം നടക്കുന്നു. അതുകൊണ്ട് ഒഴിഞ്ഞുകിടക്കുന്ന വീടുകളിലെല്ലാം ഇപ്പോൾ താമസമുണ്ട്. കലക്ടറേറ്റിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഇങ്ങനെ താമസിക്കുന്നവരെല്ലാം അപേക്ഷ നൽകിയവരാണ് എന്നാണ്. തങ്ങൾ ഭൂരഹിതരാണ് എന്നു പറഞ്ഞ് ഇവരെല്ലാം അപേക്ഷ നൽകിയിട്ടുണ്ട്. ഇതിന് സി.പി.എം സഹായിച്ചിട്ടുണ്ട്. പാർട്ടി കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചായിരിക്കും ഇനി പട്ടയവിതരണം നടക്കുക. അതോടെ പണിയർ ആറളം ഫാമിൽനിന്ന് പൂർണമായും പുറത്താകും. ഒഴിഞ്ഞുപോയവർക്കെല്ലാം രണ്ടുമൂന്നു തവണ കത്തെഴുതിയിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്, നിശ്ചിത തീയതിക്കകം ഭൂമിയിൽ പ്രവേശിച്ച് താമസിക്കാത്തവരുടെയെല്ലാം പട്ടയം റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി. എന്നാൽ, ഈ നോട്ടീസ് ആദിവാസികൾക്ക് കിട്ടണമെന്നുമില്ല. സ്വഭാവികമായും അവരുടെ പട്ടയം റദ്ദാകും. പകരം, മാവില വിഭാഗത്തെ സംഘടിതമായി താമസിപ്പിക്കാൻഒരുങ്ങുകയാണ്.''
ആറളത്ത് ലഭിച്ച ഒരേക്കറിൽ കുടിലുകൾ കെട്ടിയാണ് പല ആദിവാസികളും കഴിഞ്ഞിരുന്നത്. ഒരേക്കറിനു നടുക്ക്, ഒറ്റപ്പെട്ട നിലയിൽ ഒരു വീട്. അങ്ങനെ ഒറ്റപ്പെട്ട് അവർക്ക് ജീവിക്കാനാകില്ല. ഒരേക്കർ വീതമുള്ള നാല് പ്ലോട്ടുകൾ ഒന്നിച്ചുരുന്ന മൂലയ്ക്ക് നാലു വീടുകൾ ഒന്നിച്ചുവച്ചുകൊടുക്കാമായിരുന്നു. അങ്ങനെയായാൽ വന്യമൃഗങ്ങളെ തുരത്താൻ കഴിയും, സുരക്ഷിതത്വവുമുണ്ടാകും. ആദിവാസികൾക്ക് അനുയോജ്യമായ ഒരു മോഡൽ എളുപ്പം ഉണ്ടാക്കാമായിരുന്നു. എന്നാൽ, അതിനെ ഉദ്യോഗസ്ഥലോബി അട്ടിമറിച്ചു. മാത്രമല്ല, ആറളത്ത് ഒരേക്കർ നൽകിയപ്പോൾ തന്നെ, അവരുടെ കോളനികളിലും വീടു വച്ചുകൊടുത്തു. അപ്പോൾ സ്വഭാവികമായും അവർ കോളനിയാണ് തെരഞ്ഞെടുക്കുക. കാരണം, അവിടെയാണ് സുരക്ഷിതത്വമുണ്ടാകുക. ആറളത്ത് കോടികളുടെ നിർമാണപ്രവർത്തനം നടന്നിട്ടുണ്ട്. ഇതൊന്നും ആദിവാസികളുടെ ജീവിതത്തെ മാറ്റാനുതകിയിട്ടില്ല.
'2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ, ആറളത്ത് കുടിയിരുത്തിയ ആദിവാസികളുടെ സ്വന്തം ഊരുകളിലെ വോട്ടുബാങ്കിൽ ഒരു ട്വിസ്റ്റുണ്ടായതായി സി.പി.എം മനസ്സിലാക്കി’
ആദിവാസി വോട്ടും സി.പി.എമ്മിന്റെ
ഇലക്ടറൽ പൊളിറ്റിക്സും
ആറളം ഫാമിൽ നടന്നത് സ്വഭാവികമായ ഒഴിഞ്ഞുപോക്കല്ലെന്നും ഇലക്ടറൽ പൊളിറ്റിക്‌സിലെ ബലാബലമൊപ്പിക്കാൻ നടന്ന ആസൂത്രിത കുടിയിറക്കായിരുന്നുവെന്നും സാക്ഷ്യപ്പെടുത്തുകയാണ് എം. ഗീതാനന്ദൻ: ''2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ, ആറളത്ത് കുടിയിരുത്തിയ ആദിവാസികളുടെ സ്വന്തം ഊരുകളിലെ വോട്ടുബാങ്കിൽ ഒരു ട്വിസ്റ്റുണ്ടായതായി സി.പി.എം മനസ്സിലാക്കി. അവരെ ആറളത്തുനിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം അങ്ങനെയാണ് ആസൂത്രണം ചെയ്യപ്പെട്ടത്. തിരിച്ചുവന്നവർക്ക് പഴയ ഊരിൽ വീടുവച്ചുകൊടുക്കുന്ന പദ്ധതിയുണ്ടാക്കി. അങ്ങനെ, ആറളം ഫാമിൽ കുടിയിരുത്തപ്പെട്ടവർക്ക് പഴയ ഊരിൽ പുതിയ വീട് കിട്ടി. അതുകൊണ്ടുതന്നെ തിരിച്ചുവന്നവർ പിന്നെ മടങ്ങിപ്പോയില്ല. അങ്ങനെ കേളകം മുതൽ പേരാവൂരു വരെയുള്ള പണിയ കോളനികളെല്ലാം അവിടങ്ങളിലെ രാഷ്ട്രീയക്കാർ തിരിച്ചുപിടിച്ചു. ഈ തക്കം നോക്കി ആറളത്ത് കൈയേറ്റം ശക്തമാക്കി. പേരാവൂർ നിയമസഭാ മണ്ഡലവുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു ആസൂത്രിത നീക്കം. ഇടവേളകളൊഴിച്ചാൽ യു.ഡി.എഫ് സ്ഥിരം ജയിച്ചുവരുന്ന പേരാവൂർ സി.പി.എമ്മിന്റെ ലക്ഷ്യമാണ്. 5000- 6000 വോട്ടാണ് ശരാശരി ഇവിടുത്തെ ഭൂരിപക്ഷം. ട്രൈബൽ റിഹാബിലിറ്റേഷൻ ഏരിയ പേരാവൂരിലാക്കണമെന്നൊരു നിർദേശമുണ്ട്. ആറളം പഞ്ചായത്തിന്റെ ആറാം വാർഡിലാണ് ഫാം. 2000- 2500 പുനരധിവാസക്കാരുണ്ടെങ്കിൽ അത്രയും വോട്ടായല്ലോ. കണ്ണൂർ കൂടാതെ മറ്റു ജില്ലകളിൽ നിന്ന് പാർട്ടി അനുഭാവികളെയും, ആദിവാസികളല്ലാത്തവരെയും മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ളവരെയും കയ്യേറ്റം ചെയ്യിക്കുന്നതാണ് സി.പി.എം പദ്ധതി. ചെറിയ ഭൂരിപക്ഷത്തിന് ജയപരാജയം നിർണയിക്കുന്ന പേരാവൂർ മണ്ഡലം പിടിച്ചെടുക്കാൻ, ആദിവാസി പുനരധിവാസം അട്ടിമറിക്കുകയും സമൂഹത്തിലെ അതിദുർബലരായ പണിയ വിഭാഗത്തെ പുനരധിവാസഭൂമിയിൽ നിന്ന് പുറംതള്ളുന്നതുമായ നടപടിയാണ് ഇപ്പോൾ നടക്കുന്നത്.''
2015-ലെ പഞ്ചായത്തുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു തോൽവിയുടെ കഥ സി.കെ. ജാനു 'അടിമമക്ക'യിൽ വിശദീകരിക്കുന്നുണ്ട്: ''2015-ലെ പഞ്ചായത്ത് ഇലക്ഷനിൽ ആദിവാസി ഗോത്രമഹാസഭ പുനരധിവാസമേഖലയിലെ വിനീത എ.വി, മായ എം.ആർ, അനിത ഇ.സി. എന്നിവരെ മത്സരിപ്പിച്ചു. ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമായി ഒരുപാട് നേട്ടങ്ങളുണ്ടായിട്ടുള്ളവരാണെങ്കിലും സ്വന്തം വിഭാഗക്കാർ മത്സരിച്ചപ്പോൾ ആദിവാസികളെല്ലാം ഇവർക്കെതിരായി രംഗത്തുവന്നു. സ്വന്തം പ്രദേശത്തെ, സ്വന്തം സമുദായത്തിലെ, സ്വന്തം സഹോദരങ്ങൾക്കെതിരായി പ്രവർത്തിച്ചു, രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് ചെയ്തു. 'ആറളം ഫാം ആദിവാസികൾക്കു കൊടുക്കരുത്, ആദിവാസികൾ ഫാം നശിപ്പിക്കും' എന്നു പറഞ്ഞ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കൊപ്പമാണ് അന്ന് അവിടുത്തെ ആദിവാസികളിൽ ഭൂരിഭാഗവും നിന്നത്. എനിക്കത് മാനസികമായി വേദനയുണ്ടാക്കി. നിരന്തരം അവരെ ചൂഷണം ചെയ്യുന്നവർക്ക് പിന്നെയും ചൂഷണം ചെയ്യാനുള്ള അവസരമാണ് അവർ സൃഷ്ടിച്ചുകൊടുത്തത്.''
''600 ഏക്കർ പാർക്കിനുവേണ്ടി മാറ്റാനുള്ള പ്രൊജക്റ്റും ഒരുങ്ങുന്നുണ്ട്. ഫാമിങ് കമ്പനി ഇതിന് തീരുമാനമെടുത്തു എന്നാണറിവ്. ഒരു പാർട്ടി ഗ്രാമം തന്നെയാണ് സി.പി.എം ലക്ഷ്യം, സാമ്പത്തിക സ്രോതസ്സുള്ള അധികാരകേന്ദ്രമായി ആറളം ഫാമിനെ മാറ്റിയെടുക്കുക.''
3000- ഓളം കുടുംബങ്ങൾ താമസിക്കേണ്ടിടത്ത് ആറളം ഫാമിൽ കഷ്ടിച്ച് ആയിരത്തിലേറെ കുടുംബങ്ങളേ ബാക്കിയുള്ളൂ. പട്ടയമുള്ളതും വീടുള്ളതുമായ ആളുകളൊഴിഞ്ഞുപോയ പ്ലോട്ടിൽ സ്വന്തം ആളുകളെ കുടിയിരുത്തുക എന്നതാണ് സി.പി.എം നയമെന്ന് ആദിവാസി സംഘടനകൾ പറയുന്നു. ആയിരത്തിലേറെ പേരുടെ ലിസ്റ്റാണ് ആദ്യം സി.പി.എം തയാറാക്കിയത്. ഇപ്പോൾ അത് 2000 പേരുടെ ലിസ്റ്റായി. നാട്ടിലില്ലാത്തവർ വരെ ഈ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ടത്രേ. നവകേരള സദസ്സ് തുടങ്ങുന്നതിനുമുമ്പ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആറളം വന്യജീവിസങ്കേതത്തിന്റെ അതിർത്തിയിൽ ആന മതിൽ നിർമിക്കാൻ 58 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. ഈ യോഗത്തിലാണ്, 2000 പേർക്ക് പുതിയ പട്ടയം കൊടുക്കാനും തീരുമാനിച്ചത്.
ഫാമിന്റെ റിസോഴ്‌സ് പൂർണമായും കൈയടക്കുകയാണ് സി.പി.എം ലക്ഷ്യമെന്ന് എം. ഗീതാനന്ദൻ പറയുന്നു: ''600 ഏക്കർ പാർക്കിനുവേണ്ടി മാറ്റാനുള്ള പ്രൊജക്റ്റും ഒരുങ്ങുന്നുണ്ട്. ഫാമിങ് കമ്പനി ഇതിന് തീരുമാനമെടുത്തു എന്നാണറിവ്. ഒരു പാർട്ടി ഗ്രാമം തന്നെയാണ് സി.പി.എം ലക്ഷ്യം, സാമ്പത്തിക സ്രോതസ്സുള്ള അധികാരകേന്ദ്രമായി ആറളം ഫാമിനെ മാറ്റിയെടുക്കുക.''
പട്ടയം എങ്ങനെ റദ്ദാക്കും?
ഒരിക്കൽ നൽകിയ പട്ടയം റദ്ദാക്കാനോ മറ്റൊരാൾക്ക് കൈമാറാനോ നിയമപ്രകാരം കഴിയുമോ എന്നത് നിയമപ്രശ്‌നമാണെന്ന് എം. ഗീതാനന്ദൻ പറയുന്നു: ''പട്ടയത്തിൽ പറയുന്നത്, inalienable but inheritable എന്നാണ്. ആദിവാസി ഭൂമി അന്യാധീനപ്പെടുത്താൻ പറ്റില്ല. അത് റദ്ദാക്കി മറ്റൊരാൾക്ക് നൽകുക എന്നത് സ്‌റ്റേറ്റ് തന്നെ അന്യാധീനപ്പെടുത്തലാണല്ലോ. 2003-ലെ നിയമഭേദഗതി, ആദിവാസികൾക്ക് ഭൂമി പതിച്ചുകൊടുക്കാനുണ്ടാക്കിയ ചട്ടമാണ്. ഈ ചട്ടം സർക്കാറിന് മറികടക്കാനാകുമോ എന്നതാണ് നിയമപ്രശ്‌നം.
പട്ടയ ഉടമകൾ മറ്റൊരിടത്താണ് താമസിക്കുന്നത് എന്നതുകൊണ്ടുമാത്രം പട്ടയം റദ്ദാക്കാൻ അധികാരമില്ല. കേരളത്തിൽ കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവർക്ക് ഭൂമി നൽകാൻ ചട്ടങ്ങളുണ്ട്. ആദിവാസികൾക്ക് നൽകുന്ന ഭൂമി വില്ലേജുകളിൽ പോക്കുവരവ് ചെയ്യാനോ നികുതി സ്വീകരിക്കാനോ സർക്കാർ താൽപര്യം കാണിക്കുന്നില്ലെന്നും ആദിവാസികൾ പരാതിപ്പെടുന്നു. ആദിവാസി ഭൂമി സർക്കാർ ഉൾപ്പെടെയുള്ളവർക്ക് കയ്യേറുന്നതിനും തട്ടിയെടുക്കുന്നതിനുമാണ് ഈ വിവേചനം തുടരുന്നതെന്നും അവർ ആരോപിക്കുന്നു.
പട്ടയം കിട്ടിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങൾക്ക് ജീവിക്കാൻ പര്യാപ്തമായ നിലയിൽ തൊഴിൽ, കാർഷിക, വിദ്യാഭ്യാസ പദ്ധതികൾ തയ്യാറാക്കി ഇവരെ തിരിച്ചുകൊണ്ടുവരാൻ സമയബന്ധിത പരപാടിയാണ് വേണ്ടത്. അതിനുപകരം, പുനരധിവസിപ്പിക്കപ്പെട്ട ഭൂമി, ജീവിക്കാൻ കൊള്ളാത്തതാക്കി മാറ്റി, ആദിവാസികൾക്ക് ഒഴിഞ്ഞുപോകേണ്ട സാഹചര്യം സൃഷ്ടിക്കുകയായിരുന്നു രാഷ്ട്രീയ- ഭരണകൂട സംവിധാനങ്ങൾ എന്ന് വ്യക്തമാണ്. സ്വന്തം ഊരുകളിലെ ദയനീയമായ സാഹചര്യത്തിൽനിന്ന് അൽപം കൂടി മെച്ചപ്പെട്ട ഒരു ജീവിതം തേടിയാണ് ഇവർ ആറളം ഫാമിലെത്തിയത്. പുനരധിവാസ ഭൂമി വേണ്ട എന്ന് ഇവർ ഇപ്പോഴും പറയുന്നില്ല. എന്നാൽ, മരണത്തെ മുന്നിൽ കണ്ട് ജീവിക്കാൻ ആരാണ് തയാറാകുക? ഇതിലും നല്ലത് പഴയ ഊരുകളാണെന്ന ചിന്തയിലേക്ക് ഇവരെ തള്ളിവിടുകയായിരുന്നു.