സമരഭൂമി മുതൽ കോടതിമുറി വരെ നീളുന്ന വംശീയത; മുത്തങ്ങയിലെ ആദിവാസികളുടെ അനുഭവങ്ങൾ

കൊലപാതകക്കേസുകളിലും അഴിമതിക്കേസിലും പ്രതികളായ നിരവധി പേർ പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ കുറ്റവിമുക്തരായി മാറുന്ന രാഷ്ട്രീയ കേരളത്തിൽ ജീവിക്കാൻ ഒരുപിടി മണ്ണ് ചോദിച്ച് സമരം നടത്തിയ ആദിവാസികൾ ഇന്നും കോടതിവരാന്തകളിൽ പീഡിപ്പിക്കപ്പെടുകയാണ്.

2023 മാർച്ച് 07 , സമയം 11 മണി.

കൽപ്പറ്റ ജില്ലാ സെക്ഷൻ കോടതിയിൽ മുത്തങ്ങസമരവുമായി ബന്ധപ്പെട്ട വിചാരണ നടക്കുകയാണ്. പ്രതിപട്ടികയിൽ ചേർക്കപ്പെട്ടവരെല്ലാം വിചാരണക്കായി കോടതിമുറിയിൽ കാത്തിരിക്കുകയാണ്. ഈ കൂട്ടത്തിൽ 75 വയസ്സുകാരിയായ മാരിയടക്കമുള്ള നിരവധി ആദിവാസികളുണ്ട്. 2003 ൽ നടന്ന മുത്തങ്ങ സമരത്തിന് ഇരുപത് വർഷം പിന്നിട്ടിട്ടും ഇനിയും തീർപ്പുകൽപ്പിക്കാനാവാത്ത കേസിന്റെ വിചാരണക്കായി ഇവരെല്ലാം ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. പരസഹായമില്ലാതെ നിൽക്കാനോ, നടക്കാനോ കഴിയാത്ത മാരിയെ പോലുള്ളവരുടെ നിസ്സഹായ അവസ്ഥകൾ മനസ്സിലാക്കാൻ നീതിന്യായ വ്യവസ്ഥക്കും ഭരണകൂടത്തിനും സാധിക്കണമെന്നില്ല. കാരണം നിയമത്തിനു മുന്നിൽ മുത്തങ്ങ സമരത്തിന്റെ ഭാഗമായി പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ 45-ാം പ്രതി മാത്രമാണ് മാരി. അതിനപ്പുറം പോലീസ് കസ്റ്റഡിയിൽ മാരി നേരിട്ടിരുന്ന മർദ്ദനങ്ങളെയോ, ഭർത്താവിന്റെ മരണത്തെ തുടർന്ന് അവർക്കുണ്ടായ മാനസിക വൈകല്യങ്ങളോ ഒന്നും കാണാൻ കഴിയണമെന്നില്ല. മുത്തങ്ങസമരവുമായി ബന്ധപ്പെട്ട് പോലീസ് പ്രതിചേർത്ത് വേട്ടയാടിക്കൊണ്ടിരിക്കുന്ന അനേകം നിരപരാധികളിൽ ഒരാൾ മാത്രമാണ് മാരി. പതിറ്റാണ്ടുകളായി അനുഭവിച്ചുപോന്ന വിവേചനങ്ങൾക്കെതിരെ കേരളീയ സാമൂഹിക ശ്രേണിയിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ അവരുടേതായ ചെറുത്ത്നിൽപ് നടത്തിയപ്പോൾ ആ മുന്നേറ്റത്തിൽ കണ്ണികളായ അനേകം പേരുണ്ട്. കോടതി വ്യവഹാരങ്ങളിൽ അവർ വനം കൈയ്യേറിയ ക്രിമിനൽ പ്രതികൾ മാത്രമാണ്.

180 ഓളം ആദിവാസികളാണ് മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട വിവിധ കേസുകളുടെ ഭാഗമായി ഇന്നും വയനാട്ടിലെയും എറണാകുളത്തെയും കോടതികൾ കയറിയിറങ്ങുന്നത്. 2004 തൊട്ട് 2014 വരെയും വിചാരണകളെല്ലാം എറണാകുളം കോടതിയിലായിരുന്നു നടന്നിരുന്നത്. 2014 ന് ശേഷം ഇതിൽ രണ്ട് കേസുകൾ മാത്രം കൽപ്പറ്റ കോടതിയിലേക്ക് മാറി.

മുത്തങ്ങയിൽ പൊലീസ് നടത്തിയ അടിച്ചമർത്തലുകളുടെ ഭാഗമായി ജോഗി എന്ന ഒരു ആദിവാസി കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ള അനേകം പേർക്ക് ക്രൂരമായി മർദനമേൽക്കുകയും ചെയ്തിട്ടുണ്ട്. ആദിവാസികൾക്ക് നേരെ പൊലീസിൻറെ ഭാഗത്ത് നിന്നുണ്ടായ അതിക്രമങ്ങൾക്ക് മേൽ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ള വിവിധ ഏജൻസികൾ ശുപാർശ ചെയ്തിട്ടും അതിൻമേൽ നടപടിയൊന്നുമുണ്ടായിട്ടില്ല. ജോഗി എന്ന ആദിവാസിയുടെ മരണം സംബന്ധിച്ചും അന്വേഷണം ഉണ്ടായില്ല. എന്നാൽ, അതേ സമയം ആദിവാസികൾക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ രണ്ട് പതിറ്റാണ്ടിനിപ്പുറവും ദയാരഹിതമായി അവർ വേട്ടയാടപ്പെടുന്നു.

മുത്തങ്ങ സമരത്തിൽ കൊല്ലപ്പെട്ട ജോഗിയുടെ സ്മാരകസ്തൂപം

കേസുകളുടെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ആദിവാസികൾക്കെതിരെ നടന്നിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളൊന്നും തന്നെ അന്വേഷിക്കപ്പെട്ടില്ലെന്നത് വ്യക്തമാണ്. മാറി മാറി വരുന്ന സർക്കാരുകളൊന്നും ഈ വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തിയിട്ടില്ല. ഏകപക്ഷീയമായ വിചാരണകൾ നമ്മുടെ നിയമപാലക നീതിനിർവഹണ സംവിധാനത്തിൻറെ വംശീയ മനോഭാവങ്ങളുടെ പ്രതിഫലനം കൂടിയാണെന്നാണ് ആദിവാസി നേതാക്കൾ പറയുന്നത്.

മുത്തങ്ങ കേസുകളിലെ ഇരട്ടനീതി

മുത്തങ്ങസമരവുമായി ബന്ധപ്പെട്ട് 2003 ഫെബ്രുവരിയിൽഏകദേശം എഴുനൂറോളം ആദിവാസികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വനം കയ്യേറി അതിക്രമം നടത്തിയെന്ന ഗുരുതരമായ വകുപ്പുകൾ ചുമത്തി, പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ 160 ലധികം സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. പന്ത്രണ്ട് കേസുകളാണ് മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആദിവാസികൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ ആറെണ്ണം വനത്തിൽ അതിക്രമിച്ച് പ്രവേശിച്ചതുമായി (ഫോറസ്റ്റ് ഒഫൻസ്) ബന്ധപ്പെട്ടും ബാക്കി ആറെണ്ണം ക്രിമിനൽ കേസുകളുമായിരുന്നു. ആദിവാസികൾ അനധികൃതമായി വനഭൂമി കൈയ്യേറാൻ ശ്രമിച്ചെന്ന രീതിയിലാണ് ഫോറസ്റ്റ് ഒഫൻസ് റിപ്പോർട്ടുകൾ തയ്യാറാക്കപ്പെട്ടത്. ഇതിൽ വന്യമൃഗങ്ങളെ വേട്ടയാടൽ, വനത്തിലെ മരങ്ങൾ മുറിക്കൽ തുടങ്ങിയ വകുപ്പുകളും ഉൾപ്പെടുത്തിയിരുന്നു. സമരത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതും പൊലീസ് ഉദ്യോഗസ്ഥൻ വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്താണ് മറ്റ് ആറ് ക്രിമിനൽ കേസുകൾ രജിസറ്റർ ചെയ്തിരുന്നത്. ഇതിൽ ഫോറസ്റ്റ് ഒഫൻസ് കേസുകളെല്ലാം ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് തള്ളിപോയിട്ടുണ്ടെങ്കിലും ക്രിമിനൽ കേസുകളുടെ വിചാരണകളെല്ലാം ഇപ്പോഴും തുടരുകയാണ്.

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട അടിസ്ഥാന മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് മുത്തങ്ങയിൽ അറസ്റ്റുകളും തുടർനടപടികളും ഉണ്ടായതെന്നാണ് ആദിവാസികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷക അഡ്വ. പ്രീത കെ.കെ. ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്.

""അറസ്റ്റ് ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം ആദിവാസി സ്ത്രീകളെയും കുട്ടികളെയും ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു. ആദിവാസി ഊരിൽ പുരുഷന്മാരില്ലാത്തതിനാൽ പനമരത്തെ പ്രീമെട്രിക് ഹോസ്റ്റലിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. കോഴിക്കോട്ടെ ജയിലിലും പനമരത്തെ പ്രീമെട്രിക്ക് ഹോസ്റ്റലിലുമെല്ലാം ആദിവാസി സ്ത്രീകളെ ഞാൻ പോയി കണ്ടിരുന്നു. പനമരത്തെ ഹോസ്റ്റലിന് മുന്നിലുണ്ടായിരുന്ന ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങളും കോഴിക്കോട് ജയിലിൽ ആദിവാസികളനുഭവിച്ച ദുരിതങ്ങളുമെല്ലാം അങ്ങേയറ്റം ദയനീയമായിരുന്നു''

അഡ്വ. പ്രീത കെ.കെ

"" വിധേയപ്പെടേണ്ടവർ മാത്രമാണെന്ന് വിചാരിച്ചുവെച്ചിരുന്ന ആദിവാസികൾ തങ്ങളുടെ അവകാശങ്ങൾക്ക് നേടിയെടുക്കാനായി ഉയർന്നുവന്നപ്പോൾ പൊതു സമൂഹത്തിനുണ്ടായ അസഹിഷ്ണുതയാണ് മുത്തങ്ങസമരത്തിലും കേസിന്റെ വിചാരണയിലും ഉടനീളം കാണാനായത്. ആദിവാസികൾ എല്ലാ ചൂഷണങ്ങളും സഹിച്ച് വിധേയപ്പെട്ട് ജീവിക്കേണ്ടവരാണെന്ന പൊതുബോധത്തിൽ നിന്നുകൊണ്ടാണ് ആദിവാസികളെ ആക്രമിക്കുന്നതും ജയിലിലയക്കുന്നതുമെല്ലാം. ഈ സംഭവത്തിന് ശേഷമാണ് ആദിവാസികളെല്ലാം നമ്മുടെ ചൊൽപ്പടിക്ക് നിക്കേണ്ട, തല്ലാനും ആക്രമിക്കാനുമുള്ള വർഗമായി മാത്രം മാറുന്നത്. ആദിവാസിയായതിന്റെ പേരിൽ നിരപരാധിയായ നിരവധിയാളുകളെയാണ് പോലീസുകാർ അന്ന് അറസ്റ്റ് ചെയ്ത് മർദിച്ച‌ിരുന്നത്''- പ്രീത കൂട്ടിച്ചേർത്തു

അറസ്റ്റ് ചെയ്യപ്പെട്ട നിരവധി ആദിവാസി സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾ അനുഭവിച്ചിരുന്നതായി ഗോത്രമഹാസഭ പ്രസിഡന്റ് എം. ഗീതാനന്ദൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. മുത്തങ്ങ സമരത്തിൽ ഗുരുതരമായി പരിക്കേറ്റവരെയും മരണപ്പെട്ട മരണപ്പെട്ട ജോഗിയെയുമെല്ലാം കുറ്റപത്രത്തിൽ കലാപകാരികളായി മുദ്രകുത്തുകയായിരുന്നു. മുത്തങ്ങ സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന ഗോത്രമഹാസഭാ നേതാക്കളായ സി.കെ. ജാനുവും എം. ഗീതാനന്ദനുമെല്ലാം പോലീസുകാരിൽ നിന്ന് കൊടിയ മർദനങ്ങളാണ് നേരിടേണ്ടി വന്നത്. പോലീസുകാരിൽ നിന്ന് നേരിടേണ്ടി വന്ന മർദനങ്ങളെക്കുറിച്ച് ട്രൂകോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിക്കുന്ന 'അടിമമക്ക' എന്ന ആത്മകഥയിൽ സി.കെ ജാനു വിശദീകരിക്കുന്നുണ്ട്.

"" കൈയ്യിൽ കിട്ടിയപ്പോൾ ഗീതാനന്ദനെയും എന്നെയും തേനീച്ച പൊതിയുന്നതുപോലെയാണ് പൊലീസുകാർ മർദ്ദിച്ചത്. എവിടെ നിന്നെല്ലാമാണ് അടി വരുന്നതെന്ന് കാണാൻ പോലും കഴിഞ്ഞില്ല. ആൺപൊലീസാണ് അടിച്ചതും ഉപദ്രവിച്ചതും. സ്റ്റാർട്ടാക്കി നിർത്തിയ വണ്ടിയിലേക്ക് റോഡിൽ നിന്ന് ഒറ്റച്ചവിട്ടിന് ഞങ്ങളെ കയറ്റി. നമ്പികൊല്ലിയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് നേരിട്ട് നല്ല റോഡുണ്ടായിട്ടും നമ്പികൊല്ലി- കല്ലൂർ റോഡുവഴി നാലുതവണ ചുറ്റിയടിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മണിക്കൂറോളം ഏതൊക്കെയോ വഴികളിലൂടെ ഞങ്ങളെ കൊണ്ടുപോയി. പൊലീസ് ബസിൽ മുകളിലെ കമ്പിയിൽ രണ്ടു കൈയും പിടിച്ച് തൂങ്ങിനിന്നാണ് ഞങ്ങളെ തൊഴിച്ചത്. തലമുടിയോടുകൂടി ചുരുട്ടിപ്പിടിച്ച് സീറ്റിന്റെ കമ്പിയിൽ തുടരെത്തുടരെ ഇടിച്ചു. എന്റെ തുടയിൽ ബൂട്ടിട്ട് ചവിട്ടിഞെരിച്ചു. ശരീരത്തിൽ നിന്ന് ഇറച്ചി കുത്തിപ്പറിച്ചെടുക്കുന്ന വേദനയായിരുന്നു. ലാത്തി വെച്ചും, ബൂട്ടു കൊണ്ടും കൂട്ട മർദ്ദനമായിരുന്നു. കാലിന്റെ മേൽ ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച് തിരിച്ചു. അപ്പോൾ, പ്രാണൻ പോകുന്ന പോലെയായിരുന്നു. കണ്ണിന്റെ സൈഡിലുള്ള എല്ലിന് അടികൊണ്ട് കണ്ണ് മിഴിഞ്ഞുപോയി. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ കൊണ്ടുപോയും ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു. ബൂട്ടിട്ട് അടിവയറ്റിൽ തൊഴിച്ചു. ആ തൊഴിയിൽ ഞാനറിയാതെ മൂത്രമൊഴിച്ചുപോയി. അടിവയറ്റിൽ തൊഴി കൊണ്ട് ശരീരത്തിൽ നിന്ന് കറുപ്പുരക്തം വരാൻ തുടങ്ങി. എന്നെ കൊല്ലാൻ പോകുകയാണെന്നുതന്നെ കരുതി. അപ്പോഴും, മനസ്സിൽ ആദിവാസികൾക്ക് ഭൂമി നേടിയെടുക്കാനുള്ള സമരം വിജയത്തിലെത്താതെ മരിക്കേണ്ടിവരുമോ എന്നായിരുന്നു ചിന്ത. ആദിവാസികൾക്ക് ഭൂമി കിട്ടാൻ മരിക്കാൻ തയ്യാറുള്ള ഞാൻ ഈ മർദ്ദനത്തെയൊന്നും കാര്യമാക്കിയില്ല. ഇവരുടെ മുമ്പിൽ മുട്ടുമുടക്കാനും തയ്യാറായിരുന്നില്ല. ''

എം. ഗീതാനന്ദനും സി.കെ. ജാനുവും പൊലീസ് കസ്റ്റഡിയിൽ

സി.കെ. ജാനുവിനെയും ഗീതാനന്ദനെയും കൂടാതെ അന്ന് അറസ്റ്റ് ചെയ്യപ്പെട്ട എല്ലാ ആദിവാസികൾക്കും ശാരീരിക മർദ്ദനങ്ങളേറ്റിരുന്നു. കോടതിയിൽ ഹാജരാക്കിയ സമയത്തു തന്നെ അവർക്കേറ്റ മർദനങ്ങളുടെ അടയാളങ്ങൾ കാണാമെന്നായിരുന്നെന്നാണ് പ്രീത കെ.കെ. പറയുന്നത്.

അന്വേഷണത്തിലെ അട്ടിമറി

മുത്തങ്ങസമരത്തെ തുടർന്നുള്ള ദിവസങ്ങളിൽ തന്നെ വെടിവെപ്പുമായി ബന്ധപ്പെട്ട കേസുകൾ സി.ബി.ഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആന്റണി സർക്കാർ തുടക്കം മുതലേ ഈ ആവശ്യത്തെ അവഗണിക്കുകയാണുണ്ടായത്. പിന്നീട് മനുഷ്യവകാശ പ്രവർത്തകയായ നിർമല ദേശ്പാണ്ഡെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ദേശീയ മനുഷ്യാവകാശ സംഘടന അന്വേഷണത്തെ സംബന്ധിച്ച നിർദേശങ്ങൾ ഇറക്കിയതോടെയാണ് ഈ ആവശ്യത്തിന് വഴങ്ങേണ്ടി വന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വീകരിച്ചിരുന്നില്ല. ആദിവാസികൾ ബന്ദികളാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് മുത്തങ്ങയിൽ പൊലീസ് നടപടിയുണ്ടായതെന്നെും ഇത് മനുഷ്യവകാശ പ്രശ്‌നത്തിൽ വരില്ലെന്നുമാണ് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇത് വിശ്വാസത്തിൽ എടുക്കാതിരുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷൻ, മുത്തങ്ങ വെടിവെപ്പും ബന്ധപ്പെട്ട വിഷയങ്ങളും ഒരു സ്വതന്ത്ര ഏജൻസിയെയോ, സി.ബി.ഐയെയോ ഏൽപ്പിച്ച് നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന സർക്കാറിനോട് 2003 മാർച്ച് ഇരുപതിന് ആവശ്യപ്പെട്ടു. തുടർന്ന് അന്നുതന്ന സർക്കാർ മന്ത്രിസഭായോഗം ചേർന്ന് മുത്തങ്ങകേസ് സി.ബി.ഐ ക്ക് കൈമാറുകയാണുണ്ടായത്. പക്ഷേ അവിടെയും ആദിവാസികൾക്കെതിരെ, അവരെ പ്രതി ചേർത്ത് തയ്യാറാക്കിയ കേസുകൾ കൂടി സി.ബി.ഐ യെ ഏൽപ്പിച്ച് അന്വേഷണത്തെ അട്ടിമറിക്കാനാണ് ആന്റണി സർക്കാർ ശ്രമിച്ചത്. അനന്തരഫലമായി ആദിവാസികളെ കുറ്റവാളികളാക്കി സി.ബി.ഐ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. മുത്തങ്ങ സമരത്തിന്റെ അന്വേഷണം തീർത്തും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ടുപോയതെന്നാണ് മുത്തങ്ങ സമരത്തിൽ കസ്റ്റഡി മർദ്ദനങ്ങൾക്കിരയായ സാംസ്‌കാരിക പ്രവർത്തകൻ കെ.കെ. സുരേന്ദ്രൻ പറയുന്നത്.

കെ.കെ. സുരേന്ദ്രൻ

""ആദിവാസികൾക്കെതിരെയുണ്ടായ അതിക്രമങ്ങളിലും അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടികവർഗകമ്മീഷനും കേരള ഗവൺമെന്റിന് നിർദ്ദേശം കൊടുത്തത്. മുത്തങ്ങ സംഭവത്തിൽ ഡി.ജിപിയും ചീഫ് സെക്രട്ടറിയും സമർപ്പിച്ച റിപ്പോർട്ടുകളെല്ലാം മനുഷ്യവകാശ കമ്മീഷൻ തള്ളികളയുകയാണുണ്ടായത്. പക്ഷേ ചട്ടങ്ങൾക്ക് വിരുദ്ധമായി സർക്കാർ, ആദിവാസികൾ നടത്തിയ കൈയ്യേറ്റവും അതിക്രമങ്ങളുമാണ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ അന്വേഷണത്തിന് ശേഷം സമർപ്പിച്ച ചാർജ് ഷീറ്റിൽ കൂടുതലായും പ്രതിചേർക്കപ്പെട്ടിരുന്നതെല്ലാം ആദിവാസികളായിരുന്നു. അന്വേഷണത്തിൽ അട്ടിമറി നടന്നതുകൊണ്ടു വിചാരണ സമയത്തും ഈ ഏകപക്ഷീയത ഉണ്ടാവുക സ്വഭാവികമാണ്.''

സുൽത്താൻ ബത്തേരി ഡയറ്റിലെ അദ്ധ്യാപകനായിരുന്നു സുരേന്ദ്രൻ. കലാപത്തിന് പ്രേരിപ്പിക്കും വിധം ആദിവാസികൾക്ക് ക്ലാസ്സെടുത്തെന്ന് പറഞ്ഞാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പൊലീസിൽ നിന്ന് കൊടിയ മർദ്ദനങ്ങൾ ഏൽക്കേണ്ടി വന്ന അദ്ദേഹം സുൽത്താൻ ബത്തേരി സബ് കോടതിയിൽ കസ്റ്റഡി പീഡനത്തിനെതിരെ കേസ് നൽകിയിരുന്നു. വിചാരണയിൽ അന്നത്തെ സുൽത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി. വിശ്വംഭരനും സർക്കിൾ ഇൻസ്‌പെക്ടർ വി. ദേവരാജനും സുരേന്ദ്രനെ മർദിച്ചിരുന്നതായി കണ്ടെത്തി. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി സുരേന്ദ്രന് നൽകാൻ കോടതി വിധിച്ചിരുന്നു. സർക്കാരിനോട് ആ പണം പ്രതികളിൽനിന്ന് ഈടാക്കാനുമാണ് പറഞ്ഞത്. എന്നാൽ സർക്കാർ കോടതിവിധിക്കെതിരെ അപ്പീൽ നൽകിയിരിക്കുകയാണ്. കോടതി വിധിച്ച നഷ്ടപരിഹാരത്തുക പോലും അംഗീകരിക്കാനാവാത്ത ഇടതുപക്ഷ സർക്കാർ തങ്ങൾ ആദിവാസികൾക്കനുകൂലമാണെന്ന് അവകാശപ്പെടുന്നത് എന്തുമാത്രം വിരോധാഭാസമാണെന്ന് കെ.കെ. സുരേന്ദ്രൻ ചോദിക്കുന്നു.

ഏകപക്ഷീയമായ വിചാരണകൾ

2004 ൽ സി.ബി.ഐ കുറ്റപത്രം കൊടുത്തതിന് ശേഷമാണ് ആദിവാസികളെ മാത്രം കുറ്റക്കാരാക്കിയുള്ള സമീപനത്തിലെ ഏകപക്ഷീയതയെ ചോദ്യം ചെയ്ത് ഗോത്രമഹാസഭയുടെ നേത്യത്വത്തിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രധാനമായും മൂന്ന് ഹർജികളാണ് നൽകിയത്.

ഒന്ന് : സർക്കാർ പക്ഷം ചേർന്ന് സി.ബി.ഐ നടത്തിയ അന്വേഷണം പുനർ അന്വേഷിക്കണം
രണ്ട് : മുത്തങ്ങ സമരത്തിൽ നിരപരാധികളായ 160 ഓളം കുട്ടികളെ പോലീസ് ജയിലിലടച്ചിതിനെക്കുറിച്ചുള്ള അന്വേഷണം
മൂന്ന് : മുത്തങ്ങ വെടിവെപ്പിലും പോലീസ് അതിക്രമത്തിലും പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകണം

ആദ്യത്തെ കേസ് അഡ്വ. കാളീശ്വരം രാജും രണ്ടാമത്തേത് അഡ്വ. നന്ദിനിയും മൂന്നാമത്തെ കേസ് അഡ്വ. എ.എക്‌സ് വർഗീസുമാണ്‌ വാദിച്ചിരുന്നത്. കേസിന്റെ വിചാരണക്ക് മൂന്നര വർഷത്തോളമെടുത്തിട്ടും നീതിയുക്തമായ ഒരു വിധിയല്ല വന്നത്. കുട്ടികളുടെ വിഷയത്തിൽ മാത്രമാണ് അനുകൂലമായ ഒരു വിധിയുണ്ടായത്. 160 ലേറെ കുട്ടികളെ ജയിലിലാക്കിയിരുന്നു എന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ജുവനൈൽ ചട്ടപ്രകാരത്തിന് വിരുദ്ധമായി കുട്ടികളെ കണ്ണൂർ, വൈത്തിരി, കോഴിക്കോട് തുടങ്ങിയ മൂന്ന് വ്യത്യസ്ത ജയിലുകളിലായാണ് അധിവസിപ്പിച്ചിരുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിൽ, 44 കുട്ടികളുടെ പേരുവിവരങ്ങളും അവരുടെ രക്ഷാകർത്താക്കളുടെ പേരും മാത്രമേ പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നുള്ളുവെന്നും കണ്ടെത്തിയിരുന്നു. ഈ കുട്ടികളെയൊക്കെ അവരുടെ രക്ഷിതാക്കളെ ഏൽപ്പിക്കുന്നതിന് പകരം ഏതെങ്കിലുമൊക്കെ ആദിവാസി കുടുംബങ്ങളെ ഏൽപ്പിക്കുകയാണുണ്ടായത്. മറ്റ് രണ്ടു കേസുകളിലും നീതിക്കായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും കാര്യമുണ്ടായതുമില്ല.

കമ്മീഷൻ റിപ്പോർട്ടുകൾ

മുത്തങ്ങവെടിവെപ്പിനെയും തുടർന്നുണ്ടായ സംഭവവികാസങ്ങളെയും കുറിച്ച് ദേശീയ പട്ടികജാതി വർഗ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ദേശീയ വനിതാ കമ്മീഷനുമൊക്കെ അന്വേഷണം നടത്തിയിരുന്നു. ഡോ. ബീസായ് ശങ്കർ ശാസ്ത്രി ചെയർമാനായ ദേശീയ പട്ടിക ജാതി വർഗ കമ്മീഷനിൽ സി. ചെല്ലപ്പനും കണ്ണകി ഭാഗ്യനാഥുമാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. മുത്തങ്ങ വെടിവെപ്പിനു ശേഷമുണ്ടായ അറസ്റ്റിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയ കമ്മീഷൻ സി.കെ. ജാനു നിരപരാധിയാണെന്നും സർക്കാർ വാഗ്ദാനം ലംഘിച്ചതുകൊണ്ടാണ് മുത്തങ്ങയിൽ കയറിയതെന്നും പറഞ്ഞിരുന്നു. 45 ദിവസത്തോളം അധികൃതരുടെ ഭാഗത്തുനിന്ന് എതിർപ്പൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഭൂമി കിട്ടുമെന്ന് ആദിവാസികൾ വിചാരിച്ചതാണെന്നും വെടിവെപ്പിന്റെ ആവശ്യമില്ലായിരുന്നെന്നും അവർ പറഞ്ഞിരുന്നു. ഐ.ജി. ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്റെ പ്രാഥമിക അന്വേഷണത്തിലും മുത്തങ്ങയിൽ മനുഷ്യവകാശ ലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിരുന്നു. ആദിവാസി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ചകളുണ്ടായിട്ടുണ്ടെന്നും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ക്രൂരമായി മർദ്ദിച്ചതായും പറയുന്നുണ്ട്. ദേശീയ വനിതാ കമ്മീഷന്റെ കീഴിൽ അദ്ധ്യക്ഷ പൂർണിമ അദ്വാനി നടത്തിയ അന്വേഷണത്തിലും ആദിവാസി സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ ഒരു ഊമ സ്ത്രീ തനിക്കനുഭവിക്കേണ്ടി വന്ന മർദനം വിവരിക്കുകയും മറ്റൊരു ആദിവാസി സ്ത്രീയെ നഗ്നയാക്കി മർദ്ധിച്ച കഥയും പറഞ്ഞിരുന്നു.

മുത്തങ്ങ സമരത്തിൽ പ​ങ്കെടുത്ത ആദിവാസി കുടുംബത്തെ പൊലീസ് മർദിക്കുന്നു / Source: Adivasi Gothramahasabha

ജോഗിയുടെയും വിനോദിന്റെയും കൊലപാതകങ്ങൾ

മുത്തങ്ങ സമരസ്ഥലത്തുവെച്ച് ഒരു പോലീസുകാരനും ഒരു ആദിവാസിയും കൊല്ലപ്പെട്ടിരുന്നു. പോലീസുകാരൻ വിനോദിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റ ഫോറസ്റ്റർ ശശിധരന് ഒരു ലക്ഷം രൂപയും സർക്കാർ നഷ്ടപരിഹാരമായി നൽകിയിരുന്നു. എന്നാൽ കൊല്ലപ്പെട്ട ആദിവാസി ജോഗിയുടെ കുടുംബത്തെ തീർത്തും അവഗണിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരുന്നത്. ജോഗിയുടെ മരണം ഇന്നും ഒരു ദുരുഹമരണമായാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നഷ്ടപരിഹാരത്തിന് പകരം മുത്തങ്ങ സമരത്തിലെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയാണ് ജോഗിയുടെ മരണത്തെ സർക്കാർ നേരിട്ടത്. നാളിതുവരെ ജോഗിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണങ്ങളുണ്ടായിട്ടില്ല. സി.ബി.ഐ യെകൊണ്ട് ഈ കേസ് അന്വേഷിപ്പിക്കാനും സർക്കാർ ശ്രമിച്ചിട്ടില്ല. ഒരേ സംഭവത്തിൽ നടന്ന മരണങ്ങളെ കൈകാര്യം ചെയ്ത രീതികളിൽ നിന്നുതന്നെ മുത്തങ്ങസമരത്തിലെ നിഷിപ്ത താൽപര്യങ്ങളെയും ഏകപക്ഷീയതയെയും വായിച്ചെടുക്കാവുന്നതാണ്.

അവകാശനിഷേധങ്ങൾ

മുത്തങ്ങ സമരത്തിന് ശേഷം നടന്ന അന്വേഷണത്തിലും വിചാരണയിലുമെല്ലാം കൃത്യമായ ഇടപെടലുകൾ നടത്തി സംഭവത്തെ പൊലീസിനനുകൂലമാക്കി മാറ്റാനാണ് സർക്കാർ ശ്രമിച്ചതെന്ന് വ്യക്തമാണ്. 2003 ഫെബ്രുവരി പതിനേഴിന് മുത്തങ്ങയിൽ നടന്ന തീവെപ്പുമായി ബന്ധപ്പെട്ട് ആദിവാസികൾ സംശയാസ്പദമായ സാഹചര്യത്തിൽ വനത്തിനകത്ത് കണ്ടെന്നാരോപിച്ച ഇരുപത്തിരണ്ടോളം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ പോലും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നില്ല. ഇവരെ തെളിവെടുപ്പുനടത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ഗൗനിക്കാതെ ഈ ഉദ്യോഗസ്ഥരെ തട്ടികൊണ്ടുപോയതിന്റെ പേരിൽ ആദിവാസികൾക്കെതിരെ കേസ് രജിസ്റ്റർചെയ്യുകയാണുണ്ടായത്. ഇന്നും തീവെച്ചതിനെക്കുറിച്ച് ഒരു അന്വേഷണവും നടന്നിട്ടില്ല. സമരത്തിനുശേഷവും പരിക്കുകളും മറ്റും കൊണ്ട് മൂന്നു പേരോളം മുത്തങ്ങ വെടിവെപ്പിനെ തുടർന്നുള്ള ആഴ്ചകളിൽ മരിച്ചുവെന്നാണ് ഗോത്രമഹാഭ നേതാക്കൾ പറഞ്ഞത്. അതിനെക്കുറിച്ചൊന്നും അന്വേഷണങ്ങളുണ്ടായിട്ടില്ല. ഇന്നും പോലീസ് അതിക്രമത്തിൽ പരിക്കേറ്റതിൻറെ പ്രത്യാഘാതങ്ങൾ അനുഭവിച്ച് ജീവിക്കുന്നവർ വയനാട്ടിലെ ആദിവാസി കോളനികളിലുണ്ട്. അവർക്കൊന്നും അർഹിക്കുന്ന നീതി ലഭിക്കാത്ത വിധത്തിലാണ് അന്വേഷണങ്ങൾ നടന്നിട്ടുള്ളത്.

ഭൂമി നൽകുമെന്ന പാഴ് വാഗ്ദാനങ്ങൾ

വംശീയമായി അടിമകളാക്കപ്പെടേണ്ടവരല്ല തങ്ങളെന്ന
തുറന്ന പ്രഖ്യാപനങ്ങളിലൂടെ അധികാരികളുടെ അനാസ്ഥക്കെതിരെ ആദിവാസികൾ തുടങ്ങിയ സമരങ്ങൾ കേരളത്തിൻറെ പൊതുമണ്ഡലത്തിൽ ശ്രദ്ധ പതിയുന്നത് രണ്ടായിരങ്ങളുടെ തുടക്കത്തിലാണ്. 2001 ആഗസ്‌ററിൽ ആദിവാസികൾക്കിടയിലുണ്ടായ പട്ടിണിമരണങ്ങളിലും ഭൂപ്രശ്‌നങ്ങളിലും നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാ സഭയുടെ കീഴിൽ സെക്രട്ടറിയേറ്റിനു മുന്നിൽ തുടങ്ങിയ കുടിൽകെട്ടി സമരം ശ്രദ്ധേയമായി. 48 ദിവസം നീണ്ട സമരത്തിനൊടുവിൽ ആദിവാസി പ്രശ്‌നങ്ങളിൽ ഉടനടി പരിഹാരം കാണുമെന്നും വനഭൂമി ഏറ്റെടുത്ത് നൽകുമെന്നുമുള്ള അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ വാഗ്ദാനത്തിലാണ് കുടിൽകെട്ടി സമരം അവസാനിക്കുന്നത്. ലഭ്യമായ ഭുമിയൂടെ അളവനുസരിച്ച് ആദിവാസികൾക്ക് ഭുമി നൽകുമെന്നും പുതുതായി നൽകുന്ന ഭൂമി അന്യാധീനപ്പെട്ടുപോകാതിരിക്കാൻ സംരക്ഷിത നിയമം പാസ്സാക്കുമെന്നും കരാറിലുണ്ടായിരുന്നു.

2001 ഒക്ടോബർ 16ന് ഗോത്രമഹാസഭാ നേതാക്കളുമായി മുഖ്യമന്ത്രി എ.കെ. ആന്റണി നടത്തിയ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ ഇവയാണ്

കരാറനുസരിച്ച് 2002 ജനുവരി ഒന്നിനാണ് ഭൂവിതരണം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ 2003 ആയിട്ടും ഇതിൽ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടയിൽ 2003ൽ കൊച്ചിയിൽ നടന്ന ഇന്റർനാഷണൽ ഗ്ലോബൽ ഫെസ്റ്റിൽ, മുത്തങ്ങ പ്രദേശം ഒരു മൾട്ടിനാഷണൽ കമ്പനിക്ക് വിൽക്കാൻ തീരുമാനമെടുത്തതായി ഗോത്രമഹാസഭ അറിയുന്നത്. നിയമാനുസൃതം ആദിവാസികൾക്ക് അവകാശപ്പെട്ട് ഈ ഭൂമി ഒരു സ്വകാര്യ കമ്പനിക്ക് നൽകുന്നതിൽ യാതൊരു ന്യായവും അവർ കണ്ടെത്തിയില്ല. കൂടാതെ 1914ലെ ബ്രിട്ടീഷ് സർക്കാർ ഓർഡറിൽ, പണിയ, കാട്ടുനായ്ക്ക സമുദായത്തിൽപെട്ട ആദിവാസികൾക്ക് മുത്തങ്ങ ഭൂമിയിൽ പാരമ്പര്യ അവകാശമുള്ളതായി പറഞ്ഞിരുന്നു. പക്ഷേ 1960കളിൽ ഇവിടെ നിന്ന് ആദിവാസികളെ കുടിയിറക്കുകയാണുണ്ടായത്. 1963-ലെ ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മിച്ചഭൂമിയായി പിടിച്ചെടുത്ത ഈ ഭൂമി പിന്നീട് 1971-ലെ 'വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ടി'ൽ ഉൾപ്പെടുത്തി റവന്യൂ ഫോറസ്റ്റായി നിശ്ചയിക്കുകയായിരുന്നു. മാധവമേനോന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് മുത്തങ്ങ പ്രദേശത്തുള്ള 12,000 ഏക്കർ ഭൂമി 'വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ടി'ൽ ഉൾപ്പെടുത്തിയത്. ഇങ്ങനെ പിടിച്ചെടുക്കുന്ന ഭൂമിയുടെ അൻപത് ശതമാനം ഭൂരഹിതരായ ആളുകൾക്ക് പതിച്ചുനൽകണമെന്ന് നിയമങ്ങളുണ്ടായിട്ടും 1975-80കളിൽ ബിർളയുടെ യൂക്കാലിപ്റ്റസ് തോട്ടത്തിന് വേണ്ടി ഇവിടെനിന്ന് ആദിവാസികളെ കുടിയൊഴിപ്പിച്ച ചരിത്രം മുന്നിലുള്ളതുകൊണ്ടാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ പ്രദേശത്ത് കുടിൽകെട്ടി സമരം നടത്താൻ തീരുമാനിച്ചതെന്ന് സി.കെ. ജാനു ആത്മകഥയിൽ പറയുന്നുണ്ട്. 2002 ഡിസംബറിൽ തന്നെ തങ്ങൾ മുത്തങ്ങയിൽ ഊരു സ്ഥാപിക്കാൻ പോകുകയാണെന്ന് സി.കെ. ജാനു സർക്കാരിനെ അറിയിച്ചിരുന്നു. സർക്കാരിൽ നിന്ന് കാര്യമായ പ്രതികരണങ്ങൾ ഒന്നും കാണാതെയായതോടെയാണ് ഇവർ മുത്തങ്ങക്കടുത്തുള്ള തകരപ്പാടി മുതലിങ്ങോട്ടുള്ള വനഭൂമിയിൽ പ്രവേശിക്കുന്നത്. എഴുന്നൂറോളം കുടിലുകളിലായി രണ്ടായിരത്തോളം ആദിവാസികൾ അന്ന് മുത്തങ്ങയിൽ കുടിയേറി പാർത്തിരുന്നു. മുത്തങ്ങ സമരത്തിന് ഇരുപത് വർഷവും പിന്നിട്ടിട്ടും ഇന്നും ഈ ഭൂപ്രശ്നത്തിൽ പരിഹാരം കാണാനായിട്ടില്ല.

തുടരുന്ന അവഗണന

മുത്തങ്ങ സമരത്തിന്റെ പ്രധാന ആവശ്യമായ ഭൂമിയുടെ മേലുള്ള അവകാശം ഇന്നും ആദിവാസികൾക്ക് കിട്ടിയിട്ടില്ല. മുത്തങ്ങ സമരത്തിനിടെ ഉണ്ടായ ആക്രമണങ്ങളിലും വെടിവെപ്പിലും മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും
കൃത്യമായ നഷ്ടപരിഹാരം നൽകാനും സർക്കാരുകൾക്ക് സാധിച്ചിട്ടില്ല. മുത്തങ്ങ സമരത്തിന് ശേഷവും തുടർന്നുള്ള വർഷങ്ങളിലുമായി ഇതിനകം തന്നെ മുപ്പതിലധികം ആദിവാസികൾ മരണപ്പെട്ടിട്ടുണ്ട്. 2014ൽ ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ ആറ് മാസത്തോളം നീണ്ട നിൽപ്പുസമരത്തിന്റെ ഫലമായിട്ടാണ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ആദിവാസികൾക്ക് നൽകാനും പുനരധിവാസത്തിനായി ഭൂമി നൽകാനുമുള്ള മുത്തങ്ങ പാക്കേജ് നിലവിൽ വരുന്നത്. എന്നാൽ പാക്കേജിൽ ഉൾപ്പെട്ടവർക്കെല്ലാം ഭൂമി നൽകാൻ തക്ക പ്രാപ്യത മുത്തങ്ങ പാക്കേജിനുണ്ടായിട്ടില്ല.

ആദിവാസി ഗോത്രമഹാസഭയുടെ നിൽപ്പുസമരത്തിൽ നിന്ന്

ഈയിടെ ദേശാഭിമാനി പത്രത്തിലും ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ പേജുകളിലുമെല്ലാം സർക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി മുത്തങ്ങസമരത്തിൽ പങ്കെടുത്ത മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭിച്ചെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത വസ്തുതാവിരുദ്ധമാണന്നാണ് ഗോത്രമഹാസഭാ നേതാവായ എം. ഗീതാനന്ദൻ പറയുന്നത്. ഭുരഹിതരായ എണ്ണൂറോളം വരുന്ന മുത്തങ്ങക്കാരിൽ ഇരുന്നൂറോളം പേർക്ക് മാത്രമേ ഇപ്പോൾ ഭൂമിനൽകിയിട്ടുള്ളു. ഇനിയും ഭൂമി ലഭിക്കാത്ത കണക്കിൽ പെടാത്ത അറുനൂറോളം പേർ പുറത്തുണ്ട്. ഭൂമി ലഭിച്ചവർക്കൊന്നും വാസയോഗ്യമോ , കൃഷിയോഗ്യമോ ആയ സ്ഥലത്തല്ല ഭൂമി ലഭിച്ചതെന്നും ഗീതാനന്ദൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

എം. ഗീതാനന്ദൻ

""മുത്തങ്ങ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഭൂമി കിട്ടിയെന്നു പറയുന്നത് വാസ്തവവിരുദ്ധമാണ്. ഞങ്ങളുടെ കണക്കനുസരിച്ച് 821ഓളം കുടുംബങ്ങൾക്കാണ് ഭൂമി കിട്ടാനുള്ളത്. ട്രൈബൽ ഡിപ്പാർട്ട്‌മെന്റിൽ ഇത് സംബന്ധിച്ച റിപ്പോർട്ടുകളുണ്ട്. 2014ലെ മുത്തങ്ങ പാക്കേജ് പ്രകാരം ഭൂരഹിതർക്ക് കൊടുക്കാനായി പട്ടികവർഗ വകുപ്പ് ആദ്യഘട്ടത്തിൽ 447 കുടുംബങ്ങളുടെ പട്ടികയാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ഗോത്രമഹാസഭ അതിന് മുമ്പ് തന്നെ 687 അപേക്ഷകൾ സർക്കാറിന് നൽകിയിരുന്നു. സർക്കാരും ഗോത്രമഹാസഭയും തയ്യാറാക്കിയ ഭൂരഹിതരുടെ കണക്ക് ഒരുമിച്ച് പരിശോധിച്ചാൽ 821 പേർക്കാണ് ഭൂമി കിട്ടാനുള്ളത്. ഭൂവിതരണവുമായി ബന്ധപ്പെട്ട് കാലതാമസം വരാതിരിക്കാൻ ഈ കൂട്ടത്തിൽ മുത്തങ്ങസമരത്തിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിച്ച 280 കുടുംബങ്ങൾക്ക് മുൻഗണന നൽകി ആദ്യഘട്ടത്തിൽ പട്ടികയുണ്ടാക്കി എന്നേയുള്ളു. പക്ഷേ ഈ ഭൂമി ലഭിച്ചവരിൽ 180 ൽ താഴെ കുടുംബങ്ങൾക്ക് മാത്രമേ വാസയോഗ്യവും കൃഷിയോഗ്യവുമായ സ്ഥലം കിട്ടിയിട്ടുള്ളുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.''

സർക്കാർ ഭൂവിതരണം നടത്തിയെന്ന് അവകാശപ്പെട്ടതിന് ശേഷം മുത്തങ്ങ സമരത്തിൽ പങ്കെടുക്കുകയും മർദനമേൽക്കുകയും ചെയ്ത തിണ്ണൂരിലുള്ള ശങ്കരൻ കുട്ടിയെ സന്ദർശിച്ച കഥ കെ.കെ. സുരേന്ദ്രനും വിവരിക്കുന്നുണ്ട്. സമരത്തിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ അദ്ദേഹത്തോട് ഭൂമി കിട്ടിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ കാടിന്റെ മുകളിൽ വാസയോഗ്യമല്ലാത്ത ഒരു സ്ഥലത്ത് എവിടെയോ ഒരേക്കർ കിട്ടിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ നിലയിൽ ഇതുവരെ സ്ഥലമൊന്ന് പോയി നോക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്നും കെ.കെ. സുരേന്ദ്രൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞിരുന്നു.

മുത്തങ്ങസമരം നടന്ന് ഇരുപത് വർഷമായിട്ടും ഇതുമായി ബന്ധപ്പെട്ട കേസുകൾ അവസാനിച്ചിട്ടില്ല. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിന്റെ, പ്രതിഷേധിച്ചതിന്റെ, സമരം നടത്തിയതിന്റെ പേരിൽ ഇരുപത് വർഷങ്ങൾക്കിപ്പുറം പ്രായഭേദമന്യേ ആദിവാസികൾ വേട്ടയാടപ്പെടുകയാണ്. മുത്തങ്ങക്ക് ശേഷവും മധുവിന്റെയും വിശ്വനാഥന്റെയും കൊലപാതകങ്ങളിലൂടെ, മറ്റനവധി ആദിവാസി വിരുദ്ധ പ്രവൃത്തികളിലൂടെ പൊതുസമൂഹം അവരുടെ വംശീയ മുഖം കൂടുതൽ വെളിവാക്കുകയാണ്.

കൊലപാതകക്കേസുകളിലും അഴിമതിക്കേസിലും പ്രതികളായ നിരവധി പേർ പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ കുറ്റവിമുക്തരായി മാറുന്ന രാഷ്ട്രീയ കേരളത്തിൽ ജീവിക്കാൻ ഒരുപിടി മണ്ണ് ചോദിച്ച് സമരം നടത്തിയ ആദിവാസികൾ ഇന്നും കോടതിവരാന്തകളിൽ പീഡിപ്പിക്കപ്പെടുകയാണ്.

Comments