സി.കെ ജാനു

ആദിവാസികളുടെ രാഷ്ട്രീയ അതിജീവനം: അനുഭവങ്ങളിൽനിന്ന് ചില ചോദ്യങ്ങൾ

‘‘കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ ഇവിടുത്തെ പട്ടിക ജാതിക്കാരും പട്ടിക വർഗക്കാരും എൽ.ഡി.എഫിന് ഒപ്പം നിന്നവരാണ്. നമ്മളെ ശരിക്കും പരിഗണിക്കേണ്ടിയിരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. എന്നെപോലെ ഒരാൾ എൻ.ഡി.എയിലേക്ക് പോയതിന്റെ സമാധാനം പറയേണ്ടത് ഇടതുപക്ഷവും വലതുപക്ഷവുമായിട്ടുള്ള മുന്നണികളാണ്.’’

കമൽറാം സജീവ്: 1995-ലാണ് ഞാൻ നിങ്ങളെ ആദ്യമായി കാണുന്നത്, പനവല്ലി മിച്ചഭൂമി സമരം നടക്കുന്ന സമയത്ത്. ഇത്രയും കാലത്തിനുശേഷം, ഇപ്പോൾ ചോദിക്കാനാഗ്രഹിക്കുന്ന ഒരു ചോദ്യം, പോരാട്ടങ്ങളുടെയോ സമരങ്ങളുടെയോ മനുഷ്യവകാശത്തിന്റെയോ ഒന്നും ഐക്കണായിട്ടല്ല,പലപ്പോഴും സി.കെ. ജാനുവിനെ കേരളീയ പൊതുസമൂഹം കാണുന്നത്. സംഘപരിവാറുമായി അടുപ്പമുള്ള പ്രവർത്തക എന്ന രീതിയിലാണ്. അതിനെ എങ്ങനെയാണ് നിങ്ങൾ വിശകലനം ചെയ്യുന്നത്?

സി.കെ.ജാനു: ശരിക്കും അവരുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്നമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. സംഘപരിവാറിന്റെ ഒരാളായി, ആ തലത്തിലേക്ക് ഞാൻ ഒരു കാലത്തും മാറിയിട്ടില്ല. നിരന്തരം സമരവും മറ്റും നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ കുറേ കാലങ്ങളായി സമരങ്ങളിൽ നിന്ന് കുറച്ച് മാറിനിന്നിട്ടുണ്ട്. അത്രമാത്രമെ സംഭവിച്ചിട്ടുള്ളൂ. സംഘ്പരിവാർ എന്ന നിലയ്ക്ക് കാണുന്ന കാഴ്ചക്കാരുടെ പ്രശ്നമാണ് ഇതെന്നാണ് എന്റെ അഭിപ്രായം.

കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു, പ്രത്യേകിച്ച് സി.പി.എമ്മുമായി, അതിന്റെ കർഷക തൊഴിലാളി പ്രസ്ഥാനത്തിലുണ്ടായിരുന്നു. അതിന്റെ ജില്ലാ നേതൃത്വം വരെ എത്തിയ ആളാണ്. അതുകഴിഞ്ഞ് വലതുപക്ഷത്തേക്കുള്ള മാറ്റം സംഭവിച്ചിട്ടില്ലേ സി.കെ. ജാനുവിന്?

വലതുപക്ഷത്തേക്കൊരു മാറ്റം സംഭവിച്ചട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സജീവ പ്രവർത്തകയായിരുന്നു. സാധാരണ മെമ്പറായിരുന്നു, കർഷക തൊഴിലാളി യൂണിയന്റെ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യാനുള്ള ആലോചന നടക്കുന്നുണ്ടായിരുന്നു. ഞാൻ തന്നെയാണ് പറഞ്ഞത്, എന്നെ അത്തരം സ്ഥാനങ്ങളിലേക്ക് നാമനിർദേശം ചെയ്യേണ്ടതില്ലെന്നും നിലവിലുള്ള പദവിയിൽ നിന്നുപോലും ഒഴിയുന്ന സാഹചര്യത്തിലാണെന്നും. അതിന് എനിക്ക് വ്യക്തമായ കാരണമുണ്ട്. തൊഴിലാളിവർഗ പ്രസ്ഥാനമെന്ന നിലയിൽ ഞാനടക്കമുള്ളവർ ആത്മാർഥമായിട്ടും സത്യസന്ധതയോടെയുമാണ് പാർട്ടിക്കൊപ്പം നിന്നത്. പക്ഷെ ഈ ആളുകളുടെ പ്രശ്നം പരിഹരിക്കുന്നതിൽ പ്രസ്ഥാനം വളരെ പിന്നിലാണ്.

സി.കെ ജാനു എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വരുന്നത്?

എന്റെ അച്ഛനും അമ്മയും ഞാനറിയുന്ന, എന്റെ പ്രദേശത്തുള്ള എല്ലാവരും ജന്മിയുടെ കീഴിൽ അടിമവേല ചെയ്യുന്നവരായിരുന്നു. അന്ന് ഞങ്ങളുടെ ആളുകളെയൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ജാഥക്ക് കൊണ്ടുപോകും. ഇന്നത്തെ പോലെ ബസിലൊന്നുമായിരുന്നില്ല. ഞങ്ങളൊന്നും ശരിക്ക് വണ്ടിയിലൊന്നും കയറാത്തതുകൊണ്ട് ലോറിയിലൊക്കെ കയറാൻ എനിക്ക് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ അച്ഛനും അമ്മയും ജാഥക്കുപോകുമ്പോൾ അവർ വേണ്ടെന്ന് പറഞ്ഞാലും വണ്ടിയിൽ കയറി പോകുമായിരുന്നു. ഇങ്ങനെ ജാഥക്കു പോയാണ് ശരിക്കും പാർട്ടിയുടെ ഭാഗമാകുന്നത്.

അടിമവേലയിൽ നിന്ന് വിമോചനം എന്ന ചിന്ത പണിക്കിറങ്ങിയ കാലം മുതലുണ്ടായിരുന്നു. അതിനുമുമ്പ് ചെറിയ ചെറിയ കാര്യങ്ങളിലൊക്കെ പ്രതികരിക്കുമായിരുന്നു. അടിമപ്പണിയിൽ നിന്നും വ്യത്യസ്തമായി പണിയെടുത്താലും മനുഷ്യർക്ക് മനഃസമാധാനമായി കിടന്നുറങ്ങാനും വയറ് നിറച്ച് ഭക്ഷണം കഴിക്കാനുള്ള അവസ്ഥയും അക്കാലത്തുണ്ടായിരുന്നില്ലല്ലോ. സ്ത്രീകൾക്ക് അന്ന് രണ്ട് വള്ള വല്ലിയും പുരുഷന്മാർക്ക് മൂന്ന് വള്ള വല്ലിയുമായിരുന്നു ലഭിച്ചിരുന്നത്. ഇന്നത്തെ കണക്കനുസരിച്ച് അച്ഛനും അമ്മക്കും കൂടി ലഭിക്കുന്നത് അഞ്ച് ലിറ്റർ നെല്ലാണ്. അത് കുത്തിയെടുത്ത് അരിയാക്കുമ്പോൾ ഒന്നര ലിറ്ററാണ് കിട്ടുക.

വയറ് നിറച്ച് ചോറുണ്ണാൻ കൊതിക്കുന്ന കാലമായിരുന്നു അത്. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം മുറ്റം അടിച്ച് വാരുക, വെള്ളം കോരിക്കൊടുക്കുക, വിറക് പെറുക്കി കൊടുക്കക തുടങ്ങിയ പണികൾ ചെയ്തിരുന്നു. അതൊന്നും കൂലിക്കായിരുന്നില്ല, പകരം രാവിലെയും ഉച്ചക്കും അവർ ഭക്ഷണം തരും, അതിനുവേണ്ടിയായിരുന്നു പണിക്കുപോയിരുന്നത്.

ആദിവാസി മു​ന്നേറ്റ പ്രസ്ഥാനമല്ലല്ലോ ആദ്യമുണ്ടാകുന്നത്, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് ഇത്തരം രാഷ്ട്രീയം എടുത്ത് പ്രയോഗിക്കാൻ തയാറാകുന്നത്. പ്രത്യേകിച്ച്, വർഗീസിനെപ്പോലൊരു വലിയ നേതാവ് വയനാട്ടിലുണ്ടാകുന്നുണ്ട്. നക്സലൈറ്റുകളും പിന്നീട് മാവോയിസ്റ്റുകളും സ്വാധീനം ചെലുത്തിയ മേഖലയാണ് വയനാട്. ആ അനുഭവങ്ങൾ എങ്ങനെയാണ് ഓർമയിലുള്ളത്?

വർഗീസിന്റെ കാലഘട്ടത്തെ കുറിച്ചൊന്നും സത്യത്തിൽ എനിക്ക് അറിയില്ല. അപ്പൂപ്പന്മാരൊക്കെ പറഞ്ഞുകേട്ട അറിവ് മാത്രമേയുള്ളൂ. ഞാൻ ജനിച്ച 1970ലാണ് വർഗീസ് കൊല്ലപ്പെടുന്നത്. അദ്ദേഹം നല്ല മനുഷ്യനാണെന്നും നമ്മളുടെ ആവശ്യങ്ങൾ നിറവേറ്റിതരാനാണ് വരുന്നതെന്നും നമ്മുടെ വീട്ടിൽ നമ്മൾ നൽകുന്ന ഭക്ഷണം കഴിച്ച് അവിടുത്തെ പുൽപ്പായയിലൊക്കെ കിടന്നുറങ്ങിയിട്ടുണ്ട് എന്നുമൊക്കെ അച്ഛനും അമ്മയും പറഞ്ഞ അറിവ് മാത്രമെ എനിക്കുണ്ടായിരുന്നുള്ളൂ. കൂലിക്ക് വേണ്ടിയുള്ള സമരത്തിൽ സഖാവ് വർഗീസാണ് നമ്മളോട് രംഗത്തിറങ്ങാൻ പറഞ്ഞതെന്നും ചെറുപ്പത്തിൽ അവരൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്.

ആ കാലഘട്ടത്തിൽ വർഷത്തിലൊരിക്കലായിരുന്നു പണിയെടുത്തതിന്റെ കണക്ക് ജന്മി നോക്കിയിരുന്നത്. വെള്ളൂർക്കാവ് ഉത്സവത്തിന്റെ സമയത്തായിരിക്കും കണക്ക് കൂട്ടുക. എന്നാൽ തൊഴിലാളികൾ എല്ലാ ദിവസവും പോവുകയും പണിയെടുക്കുകയും ചെയ്യും. ഇന്നത്തെ പണികളുടെ സ്വഭാവമായിരുന്നില്ല അന്നത്തെ പണികൾക്ക്. ഏകദേശം ആറുമാസമൊക്കെ നീണ്ടുനിൽക്കുന്ന പാടത്തെ പണികളായിരുന്നു അന്ന്. ഒന്നുരണ്ടു മാസം കൊയ്ത്തു. പിന്നെ നെല്ല് ജന്മിയുടെ പത്തായത്തിൽ നിറച്ചുകൊടുക്കുന്ന പണി.

ആ കാലത്ത് കൂലിക്ക് സമരരംഗത്തേക്ക് ആദ്യം ഇറങ്ങിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. അടിമവ്യാപാരം അവസാനിപ്പിച്ചത് വർഗീസിന്റെ സമരങ്ങളിലൂടെയാണെന്ന് പൂർണമായി പറയാൻ സാധിക്കില്ല. വെള്ളൂർക്കാവ് താഴത്തെ അമ്പലത്തിൽ വെച്ചായിരുന്നു അടിമ കച്ചവടം നടത്തിയിരുന്നത്. ഒരു പ്രദേശത്തുള്ള ജന്മി തന്റെ അടിമകളെ കാവിൽവെച്ച് മറ്റൊരു ജന്മിക്ക് കൈമാറും. ജന്മിമാർ പരസ്പരം ആളുകളെ വിൽക്കുകയും തന്റെ അടിമ തരാനുള്ള പണം അയാളെ വാങ്ങുന്ന ജന്മിയിൽ നിന്നും വാങ്ങുകയുമായിരുന്നു ചെയ്തിരുന്നത്.

1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ പാർട്ടി അധികാരത്തിൽ വന്നു. ആ കാലഘട്ടത്തിൽ അടിമ കച്ചവടവും അടിമ വ്യവസ്ഥിതിയും കർശനമായി നിലനിന്നിരുന്നു. എന്നാൽ, 1970ൽ അടിമ കച്ചവടം അവാസാനിപ്പിച്ച് കേന്ദ്ര സർക്കാറിന്റെ ഉത്തരവ് വരുന്നതുവരെ അടിമ കച്ചവടം തുടർന്നു. 1957-ൽ ഇടത് സർക്കാർ വന്നയുടനെ ആദ്യം തന്നെ ചെയ്യേണ്ടിയിരുന്നത് അടിമ കച്ചവടം അവസാനിപ്പിക്കുകയായിരുന്നു. അവർ ഭരണത്തിലുണ്ടായിരുന്ന കാലയളവിലും അടിമ കച്ചവടം നടന്നു.

പണ്ട് ഞങ്ങളുടെ അപ്പനപ്പൂപ്പന്മാർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നു ഉണ്ടായിരുന്നത്, അതുകൊണ്ട് ഞങ്ങളും അവർക്കൊപ്പമുണ്ട് എന്നതാണ് ആളുകളുടെ രീതി. ഇപ്പോഴും പാർട്ടി മാനിഫെസ്റ്റോയും അതിന്റെ പ്രത്യയശാസ്ത്രവും പൊളിറ്റിക്കൽ അജണ്ടയും ആർക്കും അറിയില്ല.

പക്ഷെ, 1970ൽ അടിമ കച്ചവടം നിർത്തിയെങ്കിലും അടിമപ്പണി തുടർന്നുകൊണ്ടേയിരുന്നു. അതിനെതിരെയാണ് സഖാവ് വർഗീസിന്റെ നേതൃത്വത്തിൽ വളരെ ശക്തമായ സമരമുണ്ടാകുന്നത്. ഞങ്ങളുടെ പ്രദേശത്തുള്ള അടിയ സമുദായത്തിൽ പെട്ട ആളുകളായിരുന്നു വർഗീസിനൊപ്പം ശക്തമായി നിന്നത്. വർഗീസ് അന്ന് അടിമപ്പണിക്കെതരായാണ് സമരം ചെയ്തത്. അന്ന് നെല്ലാണ് കൂലിയായി നൽകുക. വർഷത്തിലൊരിക്കൽ കണക്ക് കൂട്ടുമ്പോൾ ഓരോരുത്തർക്കും ഒന്നോ രണ്ടോ ചാക്ക് നെല്ലൊക്കെ കൊടുക്കാനുണ്ടാകും. എന്നാൽ ഒരു ചാക്കിനകത്ത് നിറയെ പതിരും ഒരു ചാക്ക് നിറയെ നെല്ലും കലർത്തിയായിരുന്നു ജന്മി അന്ന് തൊഴിലാളികൾക്ക് നൽകിയിരുന്നത്. വീട്ടിൽ കൊണ്ടുപോയി പേറ്റിയെടുക്കുമ്പോൾ ഒരു ചാക്ക് നെല്ല് മാത്രമാണ് മിച്ചം ലഭിക്കുക. ഇതിനെ കുണ്ടൽ നെല്ല് എന്നായിരുന്നു പറഞ്ഞിരുന്നത്. ഗുണ്ടികപ്പാട്ടത്തിന്റെ കുണ്ടൽ നെല്ല് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് യഥാർത്ഥത്തിൽ വർഗീസ് ആദ്യമായി സമരം ചെയ്തത്. പിന്നീടാണ് അദ്ദേഹം മറ്റ് പല കാര്യങ്ങളിലും ഇടപെട്ടിരുന്നത്.

കമ്യൂണിസ്റ്റ് പാർട്ടി എന്ന നിലയ്ക്ക്, തീവ്ര ഇടത് ആശയങ്ങൾക്ക് പോലും ശക്തമായ സ്വാധീനമുണ്ടായിരുന്ന മേഖലയാണ് വയനാട്ടിലെ ആദിവാസി സമൂഹം. പിന്നീടാണല്ലോ ആദിവാസി പ്രസ്ഥാനം എന്ന തലത്തിലേക്ക് വരുന്നത്. എന്താണ് ഇപ്പോൾ അവിടുത്തെ സാഹചര്യം? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ആദിവാസി മേഖലയിൽ നിലവിൽ എത്രമാത്രം സ്വാധീനമുണ്ട്?

ആദിവാസികളിൽ ഭൂരിഭാഗവും കമ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെയാണ്. അതിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ പാർട്ടിയുടെ ദൂരവ്യാപകമായ പ്രത്യശാസ്ത്രമോ ക്ലാസുകളോ ഒന്നും അവിടെയുണ്ടായിട്ടില്ല. പണ്ട് ഞങ്ങളുടെ അപ്പനപ്പൂപ്പന്മാർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലായിരുന്നു ഉണ്ടായിരുന്നത്, അതുകൊണ്ട് ഞങ്ങളും അവർക്കൊപ്പമുണ്ട് എന്നതാണ് ആളുകളുടെ രീതി. ഇപ്പോഴും പാർട്ടി മാനിഫെസ്റ്റോയും അതിന്റെ പ്രത്യയശാസ്ത്രവും പൊളിറ്റിക്കൽ അജണ്ടയും ആർക്കും അറിയില്ല. അവിടുത്തെ ഈ മാനസികാവസ്ഥയേയും മനോഭാവത്തേയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിരന്തരമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്.

ഒരുമിച്ച് ഒറ്റക്കെട്ടായി മുമ്പോട്ട് പോകാമെന്ന ചിന്തയിലേക്ക് കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ എത്തിയപ്പോൾ തന്നെ കേരളത്തിലെ മുഴുവൻ രാഷ്ട്രീയപാർട്ടികളും ആദിവാസികൾക്ക് ജാതി സംഘടനകളുണ്ടാക്കി.

പിന്നാക്ക സമുദായത്തിൽപ്പെട്ട ചെറിയ ഗ്രൂപ്പുകൾ കേരള രാഷ്ട്രീയത്തിൽ പവർ ബ്ലോക്കുകളായി മാറിയിട്ടുണ്ട്. പക്ഷെ ആദിവാസി സമൂഹം അത്തരത്തിലേക്ക് മാറുന്നില്ല. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഒരു രാഷ്ട്രീയ ശക്തിയായി സ്വാധീനം ചെലുത്താനാകാതെ പോകുന്നത്? ഇടതുപക്ഷത്തിന്റെ അടുത്തുപോലും നിങ്ങൾക്ക് സ്വാധീനശക്തിയില്ല.

ആദിവാസി സമൂഹം പാരമ്പര്യമായി സ്വാധീന ശക്തിയായി വളർന്നുവരുന്ന ഘട്ടത്തിലൊക്കെ അവരെ ശിഥിലീകരിച്ച് നിർത്താനുള്ള ശ്രമങ്ങളാണ് നടന്നിട്ടുള്ളത്. കേരളത്തിൽ ഷെഡ്യൂൾഡ് ട്രൈബ്‌സ് തന്നെ 36 വിഭാഗമാണുള്ളത്. ആദിവാസി എന്ന ഒറ്റപ്പേര് കാറ്റഗറിയിലല്ല എല്ലാവരും ഉൾക്കൊള്ളുന്നത്. കുറിച്ച്യർ, കുറയർ, പണിയർ, അടിയർ, കാട്ടുനായ്ക്കർ, മണ്ണാൻ, മുതുവാൻ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ ആദിവാസി സമൂഹത്തിലുണ്ട്. ഈ ഒരു വിഭജനത്തെ രാഷ്ട്രീയക്കാർ ആവശ്യത്തിന് മുതലെടുക്കുന്നുണ്ട്. മുള്ളകുറുമരും കുറിച്ച്യരുമൊക്കെ സവർണരാണെന്ന് ചിന്തിക്കുന്ന മനോഭാവമുള്ളവരാണ്. താഴേക്കിടയിലുള്ള പണിയരും അടിയരുമൊക്കെ താഴ്ന്നതാണെന്ന മനോഭാവം. ഇത്തരം പ്രശ്‌നങ്ങളൊക്കെ ആദിവാസി സമൂഹത്തിന് ഒരുമിച്ച് വരാനുള്ള തടസമായി നിലനിൽക്കുന്നുണ്ട്.

ഈ തടസത്തെ ഒരുതരത്തിൽ മറികടന്നത് 2001-ലെ ഗോത്രമഹാസഭയുടെ ഇടപെടലോടുകൂടിയാണ്. ഈ സംഘടന വന്നപ്പോഴാണ്, വിഭാഗീയതകളൊക്കെ മാറ്റിവെച്ച് ആദിവാസികൾ എന്ന നിലയിലേക്ക് ചിന്തിക്കാനും ഒരുമിച്ച് നിൽക്കാനും ആദിവാസി സമൂഹം തന്നെ തയ്യാറാവുന്നത്. ഒരുമിച്ച് ഒറ്റക്കെട്ടായി മുമ്പോട്ട് പോകാമെന്ന ചിന്തയിലേക്ക് കേരളത്തിലെ ആദിവാസി വിഭാഗങ്ങൾ എത്തിയപ്പോൾ തന്നെ കേരളത്തിലെ മുഴുവൻ രാഷ്ട്രീയപാർട്ടികളും ആദിവാസികൾക്ക് ജാതി സംഘടനകളുണ്ടാക്കി. ഗോത്രമഹാസഭ ഉണ്ടായ സമയത്താണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ആദിവാസി സംരക്ഷണ സമിതി രൂപീകരിക്കുന്നത്. സി പി ഐ ആദിവാസി മഹാസഭയും രൂപീകരിച്ചു. കോൺഗ്രസാകട്ടെ ആദിവാസി കോൺഗ്രസും തുടങ്ങി. വനവാസി സംഘം എന്ന പേരിൽ ബി ജെ പിയും സംഘടന ആരംഭിച്ചു. ആദിവാസികൾ ഒരുമിക്കുന്നത് കണ്ടപ്പോൾ തന്നെ അവരെ ജാതീയമായി വേർതിരിച്ച് ഗ്രൂപ്പ് ഗ്രൂപ്പായി മാറ്റിനിർത്താൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചു. വേറൊരു തലത്തിൽ നോക്കിയാൽ, ഗോത്രമഹാസഭയുടെ വിജയമായിട്ടാണ് ഞാൻ ഇതിനെയൊക്കെ കാണുന്നത്. ആദിവാസികളെ മനുഷ്യരായി പോലും പരിഗണിക്കാതിരുന്നവർ സ്വന്തം മാനിഫെസ്റ്റോയും പ്രത്യശാസ്ത്രവും മറികടന്ന് ജാതിസംഘടനയുണ്ടാക്കുന്ന ഗതികേടിലേക്ക് വരേണ്ടിവന്നു എന്നതാണ് മറ്റൊരു കാര്യം.

സമരങ്ങളൊക്കെ നടത്തുമ്പോഴും ഞങ്ങളെ ശരിക്കും പരിഗണിക്കേണ്ടിയിരുന്നത് ഇടതുപക്ഷം പോലൊരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. ഒരു മുന്നണി എന്ന നിലയിൽ ഇത്തരം കൂട്ടായ സംരംഭങ്ങൾ വരുമ്പോൾ ഞങ്ങളെ കൂടെ നിർത്തേണ്ടത് ഇടതുപക്ഷമായിരുന്നു.

ഗോത്രമഹാസഭ എന്ന പ്രസ്ഥാനം ദുർബലപ്പെടുകയോ പരാജയപ്പെടുകയോ ചെയ്ത ഒന്നല്ലേ?

ഗോത്രമഹാസഭ ദുർബലമായി എന്ന് പറയാൻ പറ്റില്ല. ഗോത്രമഹാസഭയുടെ പ്രവർത്തനം മൂലം നിരവധി നേട്ടങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ നേട്ടങ്ങൾ ആളുകൾ നേരിട്ട് അനുഭവിക്കുന്നുമുണ്ട്. ഒരു സമരം നടത്തി പിരിഞ്ഞുപോകുക എന്നതല്ല. അതിന്റെ പ്രയോജനം ലഭിച്ച് ജീവിക്കുന്നവരായി ആളുകൾ മാറിയിട്ടുണ്ട്. അതുകൊണ്ട് ഗോത്രമഹാസഭ പരാജയമാണെന്ന് പറയാനാകില്ല. ആദിവാസി സമൂഹത്തിലെ ആളുകളെന്ന നിലയ്ക്ക്, എല്ലാവരും നിത്യവും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാണ്. ഒരു രാഷ്ട്രീയപാർട്ടിയിലെപ്പോലെ എക്കാലവും സജീവമായി നിൽക്കാൻ സാമ്പത്തികശേഷവും വിഭവങ്ങളും ഇവർക്കില്ല. ഒരു സമയത്ത് ലൈവായി നിന്നാൽ, കുടുംബസാഹചര്യങ്ങൾ മൂലം മറ്റൊരു സമയത്ത് അവർ പുറകോട്ടുപോകും. ഗോത്രമഹാസഭ പഴയ കാലത്തേക്കാൾ ശക്തമായി തിരിച്ചുവരാം.

ഞാനൊകെ നാലഞ്ചുവർഷമായി, കുടുംബപരമായ പ്രശ്നങ്ങൾ മൂലം സമരരംഗത്തുനിന്ന് പുറത്തുപോയിരുന്നു. അതിന്റെ പ്രശ്നങ്ങളുണ്ട്. ഇപ്പോൾ പഴയ പോലെ സജീവമാകാനുള്ള നീക്കമാണ് നടത്തുന്നത്.
എനിക്കൊരു മകളുണ്ട് അവളെ തനിച്ചാക്കി പോകാൻ കഴിയാത്ത സ്ഥിതി വന്നപ്പോഴാണ് പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നത്. എന്നാൽ ഇപ്പോൾ മകളെ ബോർഡിങ്ങിലാക്കി. അതുകൊണ്ട് എനിക്ക് സജീവമായി രാഷ്ട്രീയരംഗത്തേക്ക് വരാൻ സാധിക്കും.

സി.കെ ജാനു മകൾക്കൊപ്പം
സി.കെ ജാനു മകൾക്കൊപ്പം

ഗോത്രമഹാസഭ പോലെയുള്ള ആദിവാസി പ്രസ്ഥാനമുണ്ടായിട്ടും സംഘപരിവാർ പക്ഷത്ത് നിൽക്കുന്ന ആക്റ്റിവിസ്റ്റ് എന്ന രീതിയിൽ സി.കെ. ജാനു ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിൽ, അതിനെ സ്വയംവിമർശനപരമായി ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഗോത്രമഹാസഭയോ ഇടതുപക്ഷുമാ നിലനിൽക്ക​ട്ടെ. ഹിന്ദുത്വ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ കൂടെ ആശയം ഉൾക്കൊള്ളുന്ന ഒരു പ്രസ്ഥാനത്തിന്റെ കൂടെ ആദിവാസി എങ്ങനെയാണ് യോജിച്ചുനിൽക്കുക?

2001-ൽ ഗോത്രമഹാസഭ രൂപീകരിക്കപ്പെടുന്നതിനുമുമ്പേ ഞാൻ സമരരംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. ഞാൻ 1989-ലാണ് ആദ്യമായി സമരരംഗത്തേക്കിറങ്ങുന്നത്. ഈ സമരങ്ങളൊക്കെ നടത്തുമ്പോഴും ഞങ്ങളെ ശരിക്കും പരിഗണിക്കേണ്ടിയിരുന്നത് ഇടതുപക്ഷം പോലൊരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. ഒരു മുന്നണി എന്ന നിലയിൽ ഇത്തരം കൂട്ടായ സംരംഭങ്ങൾ വരുമ്പോൾ ഞങ്ങളെ കൂടെ നിർത്തേണ്ടത് ഇടതുപക്ഷമായിരുന്നു. അതിനുശേഷം നിർത്തേണ്ടിയിരുന്ത് യു.ഡി.എഫിനെ പോലെയുള്ള മുന്നണികളായിരുന്നു. എന്നാൽ, ഇവർ രണ്ടുപേരും പൊളിറ്റിക്കൽ എന്ന രീതിയിൽ ഞങ്ങളെ പരിഗണിക്കാൻ തയ്യാറായിരുന്നില്ല. അത്തരത്തിൽ മുന്നണി എന്ന സമവാക്യത്തിലേക്ക് വന്നാൽ മാത്രമേ, ഞങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ആദിവാസി സമൂഹത്തിന്റെ ജീവിതാവസ്ഥക്ക് മാറ്റമുണ്ടാക്കാൻ സാധിക്കുകയുള്ളൂ. കേരളത്തിലുള്ള ഏത് സമൂഹത്തെ പരിഗണിച്ചാലും അത് നമുക്ക് മനസിലാക്കാൻ സാധിക്കും. അങ്ങനെ വരാതെപോയവർ പട്ടിക ജാതിക്കാരും പട്ടികവർഗക്കാരുമാണ്. അവരുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകാത്തതിന്റെ കാരണം, അവർ ഒരു മുന്നണി സമവാക്യത്തിന്റെ ഭാഗമായി രാഷ്ട്രീയ കൂട്ടായ്മയിലേക്ക് വന്നിട്ടില്ല എന്നതാണ്.

നിൽപ്പുസമരത്തിൽ നിന്ന്
നിൽപ്പുസമരത്തിൽ നിന്ന്

പക്ഷെ, മ​ന്ത്രിമാരൊക്കെയുണ്ടായിട്ടില്ലേ? വയനാട്ടിൽ നിന്നെല്ലാം?

മന്ത്രിമാരുണ്ടായി എന്നു പറഞ്ഞിട്ട് കാര്യമില്ല. അവർ കോൺഗ്രസിന്റെയും മാർക്സിസ്റ്റ് പാർട്ടിയുടെയും ടിക്കറ്റിൽ വരും, ആ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പറയുന്നതിനനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത്. കേരളത്തിൽ എസ്.ടി, എസ്.സി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന 14 എം.എൽ.എമാരുണ്ട്. ഇത്ര എം.എൽ.എമാരുണ്ടായിട്ടും ആ മനുഷ്യരുടെ ജീവിതാവസ്ഥ എന്താണ്? ഒരു എം.എൽ.എ എങ്കിലും ഇത്തരം ആളുകളുടെ പ്രശ്‌നങ്ങളെ കുറിച്ച് എവിടെയെങ്കിലും സംസാരിക്കുന്നത് എന്റെ അറിവിൽ ഞാനിതുവരെ കേട്ടട്ടില്ല. ഏത് പാർട്ടിയുടെ ആളായിട്ടാണോ അവർ നിയമസഭയിലെത്തുന്നത് ആ പാർട്ടി പറയുന്നതിന് അപ്പുറത്തേക്ക് അവരൊന്നും പോകില്ല. അപ്പോൾ, ഇങ്ങനെ പോയാലും പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല എന്ന് ഈ 14 എം.എൽ.എമാർ തന്നെ കാണിച്ചുതരുന്നു. അതിനുമപ്പുറത്തേക്ക് ഒരു സംവിധാനം ഉണ്ടായിവരണം. അതിന് ഒരു പൊളിറ്റിക്കൽ കൂട്ടായ്മയുണ്ടാകണം. ഇന്ത്യയിലുള്ള മുഴുവൻ ഭരണസംവിധാനത്തെയും പഠിക്കുകയും പരിശോധിക്കുകയും ചെയ്യുമ്പോൾ, സമീപകാലത്ത്, ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി മുന്നണിയായിട്ടല്ലാതെ ഒറ്റക്ക് ഭരിച്ച ചരിത്രം ഉണ്ടായിട്ടില്ല. അതുകൊണ്ട് ആദിവാസികളുടെയും കേരളത്തിലെ പട്ടികജാതിക്കാരുടെ ഇടയിൽ അങ്ങനെയൊരു സംവിധാനം വരും എന്ന ധാരണയും നമുക്കില്ല. നമ്മൾ നിലവിലുള്ള കൂട്ടുകക്ഷി സംവിധാനത്തിനകത്ത് മുന്നണി എന്ന നിലയിലേ പോകാൻ പറ്റൂ. അങ്ങനെയുള്ള ചില പരിശ്രമങ്ങളൊക്കെ ഞങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായപ്പോൾ, ആദ്യം പരിഗണിക്കേണ്ടിയിരുന്നത് എൽ.ഡി.എഫായിരുന്നു, പിന്നെ യു.ഡി.എഫും. എന്നാൽ, അവർ നമ്മളെ മനുഷ്യരായി അംഗീകരിക്കാൻ പോലും തയാറായില്ല. ഞങ്ങളെ ഒരു മുന്നണി എന്ന നിലയിൽ സ്വീകരിക്കാൻ തയ്യാറായത് എൻ.ഡി.എ മാത്രമാണ്.

ഹിന്ദുത്വത്തിന്റെ ഒരു ഭാഗമല്ല ആദിവാസി എന്ന് അടിമമക്ക എന്ന ആത്മകഥയിൽ പറയുന്നുണ്ട്. ആദിവാസി മതം എന്നൊരു മതം തന്നെ രൂപപ്പെടണം, എങ്കിൽ മാത്രമേ ഇന്ത്യയിലെ ആദിവാസികൾക്ക് രക്ഷപ്പെടാൻ കഴിയൂ എന്നൊരു വാദവും ഉന്നയിക്കുന്നുണ്ട്. ആദിവാസി എന്നൊരു മതം രൂപീകരിക്കുന്നതിനുള്ള ശ്രമം നടത്തിയിട്ടുണ്ടോ?

അതിനുള്ള ഇടപെടൽ നടത്തണമെന്നാണ് വിചാരിക്കുന്നത്. ഒരുപാട് കാലത്തെ ആലോചനകളുടെ ഭാഗമായാണ് ഞാൻ ഈ കാര്യം പറഞ്ഞത്. ഇന്ത്യയുടെ രാഷ്ട്രീയം പഠിക്കുമ്പോൾ, അവിടെ ജനാധിപത്യവും സോഷ്യലിസവും ഒന്നുമല്ല നടക്കുന്നത്, പക്കാ ജാതീയതയാണ്. കേരളത്തിൽ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ മാത്രം പരിഗണിച്ചാൽ നമുക്കത് മനസിലാകും. ഓരോ മണ്ഡലത്തിലും വാർഡിലും സ്ഥാനാർത്ഥികളാകുന്ന ആളുകളെ പഠിച്ചാൽ, അവിടെയെല്ലാം ജാതി അടിസ്ഥാനത്തിലാണ് ആളുകളെ നിർത്തുന്നത്. ജാതിപരമായി ഏകീകരിക്കപ്പെടാതെ പോയത് കേരളത്തി​ലെ പട്ടികജാതിക്കാരും പട്ടിക വർഗക്കാരുമാണ്. ക്രിസ്ത്യൻ, മുസ്‍ലിം, ഹിന്ദു തുടങ്ങിയ വിഭാഗങ്ങൾ ആ നിലയ്ക്ക് ഏകീകരിക്കപ്പെട്ടിട്ടുണ്ട്. പട്ടിക ജാതിക്കാരും വർഗക്കാരും മറ്റു മതങ്ങളെ ആശ്രയിച്ചുപോകുന്ന അവസ്ഥയാണുള്ളത്.

എൻ.ഡി.എയാണ് പരിഗണന തന്ന ഏക മുന്നണിയെന്ന് പറഞ്ഞല്ലോ? എൻ.ഡി.എയുടെ മുഖ്യപാർട്ടി എന്നു പറയുന്നത് ബി.ജെ.പിയാണ്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്, ഏറ്റവും റൈറ്റ് വിങ്ങായ പാർട്ടിയാണ്. അവിടെനിന്ന് ആദിവാസിക്കും ദലിതർക്കും എന്തെങ്കിലും നീതി കിട്ടുമെന്ന് നിങ്ങൾ എങ്ങനെയാണ് പ്രതീക്ഷിക്കുന്നത്?

ഘടകകക്ഷിയെന്ന നിലയിൽ അവർ നമ്മളെ പരിഗണിക്കുമ്പോൾ, അതിന്റേതായ അധികാരവും അവകാശവും കൊടുക്കുമ്പോൾ ഈയാളുകൾക്ക് അതിന്റെ വിഹിതമുണ്ടാകുമല്ലോ, മുന്നണി എന്ന നിലയിൽ. അല്ലാതെ നമ്മൾ ബി.ജെ.പിയിൽ ചേരുന്നു എന്ന നിലയ്ക്കല്ല. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾ പോലും ഇതുവരെയും ബി.ജെ.പിയിൽ ചേർന്നിട്ടില്ല. ജനാധിപത്യ രാഷ്ട്രീയ പാർട്ടി എന്ന പാർട്ടിയിലാണ് നമ്മൾ നിൽക്കുന്നത്. ഒരു മുന്നണി എന്ന നിലയിലാണ് എൻ.ഡി.എക്കൊപ്പം നിൽക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളെ മുന്നണിയെന്ന നിലയ്ക്ക് പരിഗണിക്കാൻ തയ്യാറായത് എൻ.ഡി.എ മാത്രമാണ്. അതിൽ ഭൂരിഭാഗം ചിലപ്പോൾ ബി.ജെ.പിയായിരിക്കാം. അതിന് തയാറായപ്പോൾ, അവർക്കൊപ്പം നിൽക്കുക എന്ന നിലപാടാണ് നമ്മൾ സ്വീകരിച്ചത്.

അവിടെനിന്ന് നീതി പ്രതീക്ഷിക്കുന്നുണ്ടോ? ഹിന്ദുത്വ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന, പ്രത്യേകിച്ച്, ജാതിരാഷ്ട്രീയത്തിലും ചാതുർവർണ്യത്തിലുമൊക്ക വിശ്വസിക്കുന്ന, ഒരു സംഘടയാണ​ല്ലോ അതിന്റെ പുറകിലുള്ളത്. അതിൽനിന്ന് ആദിവാസിയുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവർത്തനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുുണ്ടോ?

എൻ.ഡി.എയിൽ ശക്തമായ ഒരു ഇടപെടൽ നടത്താൻ സാധിച്ചാൽ അവിടെ നിന്ന് ഉറപ്പായും നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതാണ്. അതിനുശേഷം ഒരു ആദിവാസി വനിതയെ ഇന്ത്യയുടെ പ്രഥമ പൗരയായി തെരഞ്ഞെടുത്തത് എൻ.ഡി.എയാണ്. ഇതിന് എത്രയോ വർഷം കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലൊരു ശ്രമം നടത്താൻ അവർ തയ്യാറായില്ലല്ലോ? ഒരു ആദിവാസി സ്ത്രീയെ അംഗീകരിച്ചതിനെ മോശമായിട്ടൊന്നും ഞാൻ കാണുന്നില്ല. അതൊരു അന്തസ്സുള്ള നിലപാടായിരുന്നു.

ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്ന മുന്നണിക്കകത്ത് വർത്തമാനം പറയാനുള്ള ഇടമുണ്ട്. അടുത്തിടെ ദൽഹിയിൽ എൻ.ഡി.എ യോഗം ചേർന്നപ്പോൾ അമിത് ഷായായിരുന്നു അധ്യക്ഷൻ. പ്രധാനമന്ത്രിയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. ആ വേദിയിലൊക്കെ നമുക്ക് സംസാരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇതുവരെയും പരിഹരിക്കപ്പെടാത്ത ആദിവാസി പ്രശ്‌നങ്ങൾ സി.കെ ജാനു എൻ.ഡി.എയിൽ പോയലുടൻ പരിഹരിക്കപ്പെടുമെന്നൊന്നും ഞാൻ കരുതുന്നില്ല, അത്തരമൊരു സ്വപ്നം എനിക്കില്ല. കാരണം, ഈ പ്രശ്‌നങ്ങൾ പഴകി തഴമ്പിച്ച് പോയതാണ്. അതുകൊണ്ട് അതിന്റേതായ താമസം പിടിക്കും. ഇതിൽ പോയാൽ പ്രശ്നം പരിഹരിക്കപ്പെടുമോ എന്ന് ചോദിക്കുന്നവരോട് തിരിച്ചുചോദിക്കാനുള്ളത്, ഇതുവരെ എന്തുകൊണ്ട് പരിഹരിക്കപ്പെട്ടില്ല എന്നാണ്.

പട്ടിക ജാതിക്കാരും പട്ടിക വർഗക്കാരും എൽ.ഡി.എഫിന് ഒപ്പം നിന്നവരാണ്. വോട്ട് ചെയ്യാനും, കൊടിപിടിക്കാനും അവരുടെ മുദ്രാവാക്യം ഏറ്റുവിളിക്കാനും ഇവരെല്ലാം എന്നും മുന്നിലുണ്ടായിരുന്നു. നമ്മളെ ശരിക്കും പരിഗണിക്കേണ്ടിയിരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു

ഒരു വൈരുധ്യമായി തോന്നുന്ന കാര്യം, എൻ.ഡി.എ ആദിവാസികൾക്ക് അംഗീകാരം നൽകുന്നുണ്ടെന്ന് പറയുന്നു. എന്നാൽ, അതൊരു ഹിന്ദുത്വമുന്നണിയാണുതാനും. അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ സ്വയം സേവക് സംഘവും തീവ്ര വലതുപക്ഷ രാഷ്ട്രീയ സ്വഭാവമുള്ള പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന് നൽകാൻ കഴിയാത്ത അംഗീകാരം സംഘപരിവാറിന് നൽകാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നത് എങ്ങനെയാണ്?

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ ഇവിടുത്തെ പട്ടിക ജാതിക്കാരും പട്ടിക വർഗക്കാരും എൽ.ഡി.എഫിന് ഒപ്പം നിന്നവരാണ്. വോട്ട് ചെയ്യാനും, കൊടിപിടിക്കാനും അവരുടെ മുദ്രാവാക്യം ഏറ്റുവിളിക്കാനും ഇവരെല്ലാം എന്നും മുന്നിലുണ്ടായിരുന്നു. നമ്മളെ ശരിക്കും പരിഗണിക്കേണ്ടിയിരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. എന്നെപോലെ ഒരാൾ എൻ.ഡി.എയിലേക്ക് പോയതിന്റെ സമാധാനം പറയേണ്ടത് ഇടതുപക്ഷവും വലതുപക്ഷവുമായിട്ടുള്ള മുന്നണികളാണ്. കാരണം, കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളാണ് മാറി മാറി ഭരിക്കുന്നത്. ഇത്തവണ മാത്രമാണ് അതിനൊരു മാറ്റം സംഭവിച്ചത്. ഈ കാലഘട്ടത്തിലൊക്കെ അവർക്കൊപ്പം ചേരാനുള്ള ശ്രമം നടത്തിയ ആദിവാസി വിഭാഗങ്ങളെ മാറ്റിനിർത്തുകയും പരിഗണിക്കാതിരിക്കുകയുമായിരുന്നു രണ്ട് മുന്നണികളും.

രാഷ്ട്രീയമായിട്ട് മാത്രമെ ഞങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകൂ എന്ന തിരിച്ചറിവിനെ തുടർന്ന്, ഒരു മുന്നണി സമവാക്യത്തിൽ നിന്നാലേ പറ്റൂ എന്ന തിരിച്ചറിവിൽ, അങ്ങനെയൊരു മുന്നണി സമവാക്യത്തിൽ നമ്മളെ സ്വീകരിക്കാൻ തയാറായത് എൻ.ഡി.എയാണ്. നമ്മളെ സ്വീകരിക്കാൻ തയ്യാറാകുന്ന പ്രസ്ഥാനത്തോടൊപ്പം നിൽക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്. നമ്മളെ ഒപ്പം നിർത്താൻ അവർ സന്നദ്ധരാകുമ്പോൾ നമ്മളെ കേൾക്കാനും അവർ തയ്യാറാവും. തുടക്കത്തിൽ നമ്മളോട് വിശ്വസിക്കുറവിന്റെ പ്രശ്നമൊക്കെയുണ്ടാകാം. അതൊക്കെ മാറിവരുന്ന സമയത്ത് ഇതിന് പരിഹാരമുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
ഇടതുപക്ഷം പോലൊരു പ്രസ്ഥാനത്തിൽ നമുക്ക് സംസാരിക്കാനുള്ള ഇടം പോലും ലഭിക്കാറില്ല. അവിടെ മേൽകമ്മിറ്റി തീരുമാനമേ പറയാൻ പറ്റൂ, നടപ്പാക്കാൻ പറ്റൂ, അല്ലാതെ നിങ്ങളുടെ തീരുമാനമൊന്നും ഇവിടെ പറയാൻ പറ്റില്ല എന്നാണ് പറയാറ്. എന്നാൽ, എൻ.ഡി.എക്കകത്ത് എത്ര വലിയ ആളുകളിരുന്നാലും, പ്രധാനമന്ത്രി മോദിജി ഇരിക്കുമ്പോഴും അമിത് ഷാ ഇരിക്കുമ്പോഴും നിങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ പറഞ്ഞോളൂ എന്നാണ് അവർ പറയുക, അത് നടക്കുമോ ഇല്ലായോ എന്നത് ​വേറെ വിഷയം. പക്ഷെ, അത് കേൾക്കാൻ കാണിക്കുന്ന ജനാധിപത്യ മര്യാദയുണ്ടല്ലോ, ഈ മര്യാദ ഈ പ്രസ്ഥാനങ്ങളൊന്നും, ഇക്കാലത്തിനിടക്ക് നമ്മളോട് കാണിച്ചിട്ടില്ല.

ഓരോ രംഗത്തും നമ്മുടെ ആളുകളോട് കാണിക്കുന്ന അവഗണനയും അകറ്റിനിർത്തലും അയിത്തവുമൊക്കെയാണ് ഇങ്ങനെ ചിന്തിക്കാൻ എന്നെ പ്രാപ്തയാക്കിയത്. ഞാനൊക്കെ അങ്ങനെയുണ്ടായ ആളാണ്. ക്ലാസ് തന്നിട്ടോ പറഞ്ഞുപഠിപ്പിച്ചിട്ടോ അല്ല ഞാനുണ്ടായത്.

നിങ്ങളുടെ സംസാരത്തിലും മറ്റുമുള്ള ഈ രാഷ്ട്രീയ സ്ഥുടതയുണ്ടല്ലോ, ഈ ആർജവം, അതൊരു വിദ്യാഭ്യാസമായി പരിഗണിക്കുകയാണെങ്കിൽ, അത് ഉണ്ടാക്കിത്തന്നത് ഇടതു പക്ഷവുമായി ബന്ധപ്പെട്ട പ്രവർത്തനമേഖലയിൽനിന്നല്ലേ?

ഒരിക്കലും ഇടതുപക്ഷത്ത് നിന്നല്ല ഇതൊന്നും എനിക്ക് ലഭിച്ചത്. മറിച്ച്, അവരുണ്ടാക്കിത്തന്നിട്ടുള്ള കയ്പേറിയ ജീവിതമാണ് എന്നെ ഇവിടേക്ക് എത്തിച്ചത്. ഞാൻ പ്രവർത്തനരംഗത്ത് വന്നപ്പോൾ, ഞങ്ങളാണ് വളർത്തിക്കൊണ്ടുവന്നത് എന്നൊക്കെ അവർ പറഞ്ഞിട്ടുണ്ട്.

പക്ഷെ, സി.കെ. ജാനുവിന് രാഷ്ട്രീയവിദ്യാഭ്യാസം എവിടെനിന്നാണുണ്ടാകുന്നത്?

രാഷ്ട്രീയവിദ്യാഭ്യാസം എന്ന നിലയ്ക്ക് നമുക്ക് അവർ തന്നിട്ടേയില്ല. ഓരോ രംഗത്തും നമ്മുടെ ആളുകളോട് കാണിക്കുന്ന അവഗണനയും അകറ്റിനിർത്തലും അയിത്തവുമൊക്കെയാണ് ഇങ്ങനെ ചിന്തിക്കാൻ എന്നെ പ്രാപ്തയാക്കിയത്. ഞാനൊക്കെ അങ്ങനെയുണ്ടായ ആളാണ്. ക്ലാസ് തന്നിട്ടോ പറഞ്ഞുപഠിപ്പിച്ചിട്ടോ അല്ല ഞാനുണ്ടായത്. ഓരോ സംഭവവും പറയുമ്പോൾ ഭയങ്കര എതിർപ്പുകളാണുണ്ടായിട്ടുള്ളത്. ആ വെറുപ്പിനെ അതിജീവിച്ചാണ് ഞാനൊക്കെ ഇങ്ങനെ ഒറ്റക്ക് ഇറങ്ങി തിരിച്ചത്. എന്തായാലും ആളുകൾ നമ്മളെ ചൂഷണം ചെയ്യുന്നത് തിരിച്ചറിയാനുള്ള കഴിവ് ദൈവം നൽകിയിട്ടുണ്ട്.

Enter caption
Enter caption

​​ദൈവം തന്നതാണോ, അല്ലെങ്കിൽ സമൂഹത്തിൽനിന്നുള്ള പഠനത്തിൽനിന്നുണ്ടായതല്ലേ?
ദൈവികമായ ഒരു ശക്തിയുണ്ട്.
ഉണ്ടോ?
ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളുടെ ആളുകൾ പാരമ്പര്യമായി വിശ്വാസികളാണ്. അമ്പലങ്ങളോ പള്ളിയോ ഒന്നുമല്ല ഞങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. പ്രകൃതിയിൽ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുകയും അതിനെ പ്രാർഥിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരാളാണ്. അങ്ങനെയൊരു ശക്തിയുണ്ട്. അതിനപ്പുറത്തേക്ക്, ഓരോ സ്ഥലത്തുചെന്ന് ഓരോ ആളുകളുടെ ജീവിതം കാണുമ്പോൾ നമ്മൾ നമ്മളല്ലാതെയാവുകയാണ് ചെയ്യുന്നത്. ഒരിക്കൽ ഒരു ആദിവാസി കോളനിയിൽ താമസിച്ചിരുന്നു. അവിടെ നിന്ന് തൊട്ടടുത്ത കോളനിയിലേക്ക് രാത്രി യാത്ര ചെയ്യാൻ സാധിക്കില്ല. അങ്ങനെ ആ രാത്രി അവിടെ താമസിച്ചു. ചെറിയ മൂന്ന് കുടിലുകളായിരുന്നു അവിടെയുണ്ടായിരുന്നത്. ആ ഒരു ചെറിയ കുടിലിലായിരുന്നു പത്ത് ഇരുപത്തിയാറ് കുടുംബങ്ങൾ താമസിച്ചിരുന്നത്. എനിക്ക് ആ രാത്രി ഉറങ്ങാൻ സാധിക്കാതെ കുത്തിയിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു.

ഞാൻ അടിയ സമുദായത്തിൽ നിന്നും വരുന്ന ആദിവാസിയാണ്. എന്റെ സമുദായം പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അതേപടി നിലനിർത്തികൊണ്ടാണ് ഞാൻ എൻ.ഡി.എയിൽ തുടരുന്നത്.

അന്ന് ആ കോളനിയിൽ ഞാൻ നേരിട്ട് കണ്ട സംഭവങ്ങൾ എനിക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു. 1989 കാലഘട്ടത്തെ കുറിച്ചാണ് പറയുന്നത്. അന്നത്തെ മഴയിലും തണുപ്പിലും കാലുപോലും നിവരാതെ മരച്ചിരിക്കുകയായിരുന്നു. ഒരു ദിവസം മാത്രം അവിടെ താമസിച്ച എന്റെ അവസ്ഥ ഇതാണെങ്കിൽ കാലങ്ങളായി അവിടുത്തെ മനുഷ്യർ എത്ര വേദന അനുഭവിച്ചിട്ടുണ്ടായിരിക്കും. അവിടുത്തെ മനുഷ്യർ ദിനംപ്രതി മരിച്ച് തീർന്നുകൊണ്ടിരിക്കുകയല്ലേ. ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് തന്നെ നിയന്ത്രണമില്ലാതായി പോകുമല്ലോ. അങ്ങനെയാണ് എന്തുവന്നാലും വരട്ടെ എന്ന രീതിയിൽ ഭൂസമരത്തിലേക്കൊക്കെ ഇറങ്ങിയത്.

ഏതെങ്കിലും ഒരു രാഷ്ട്രീയ മുന്നണിയോ പ്രബല സംഘടനകളോ ഒന്നും ഒപ്പമില്ലാതിരുന്നിട്ടും മുത്തങ്ങ പോലൊരു ശക്തമായ സമരമുഖത്തിലേക്കിറങ്ങാൻ പ്രചോദനം എന്തായിരുന്നു?

2001-ൽ, സെക്രട്ടറിയേറ്റിനുമുമ്പിൽ ആദ്യം ഞങ്ങൾ കുടിൽ കെട്ടി സമരം നടത്തി. പനവല്ലി മിച്ചഭൂമി സമരത്തിനകത്തുണ്ടായിരുന്ന ഭൂരിഭാഗം മനുഷ്യരും കുടിൽകെട്ടി സമരത്തിൽ നമുക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ ഭൂരഹിതരായിട്ടുള്ള ഭൂരിഭാഗം ആദിവാസി കുടുംബങ്ങൾക്കും 5 ഏക്കർ ഭൂമി നൽകുമെന്ന ഒരു കരാറിൽ ഗവൺമെന്റുമായി ഗോത്രമഹാസഭ ഒപ്പ് വെച്ചിരുന്നു. ആന്റണി ഗവൺമെന്റിന്റെ സമയത്തെ ഈ കരാർ ഒരുവർഷത്തോളം കൃത്യമായി നടത്തിയിരുന്നു. എന്നാൽ ഒരു വർഷത്തിനുശേഷം ഇവർ മുഴുവൻ സംവിധാനങ്ങളും അട്ടിമറിച്ചു. ആ കരാർ നടപ്പിലാക്കാതെ വന്ന ഘട്ടത്തിൽ അതിനെതിരെ പ്രിഷേധാർഹമായിട്ടാണ് മുത്തങ്ങയിൽ കുടിൽകെട്ടി സമരം ആരംഭിക്കുന്നത്.

എൻ.ഡി.എയിലെ പ്രബല കഷിയായ ബി.ജെ.പിയുടെ ബുദ്ധി ഹബ്ബ് ആർ.എസ്.എസ് ആണ്. വിശാല ഹിന്ദുത്വ രാഷ്ട്രീയം എന്ന് അവർ പറയുമ്പോഴും ആദിവാസിയുടെ, ഇത്തരം ഗോത്രജനവിഭാഗങ്ങളുടെ, ദലിത് വിഭാഗങ്ങളുടെയൊന്നും രാഷ്ട്രീയമല്ല അവർ ഉയർത്തിപ്പിടിക്കുന്നത്. അത് ഹിന്ദുത്വ പ്രത്യയശാസ്ത്രം തന്നെയാണ്, ഒരു അധീശ, ബ്രാഹ്‌മണിക രാഷ്ട്രീയം തന്നെയാണ് ബി.ജെ.പിയുടേത്. അതുകൊണ്ട്, ഏതെങ്കിലും തെറ്റിദ്ധാരണയുടെ പുറത്താണോ ആദിവാസികൾ അവർ​ക്കൊപ്പം നിൽക്കുന്നത്? അല്ലെങ്കിൽ, അറിവില്ലായ്മയെ മുതലെടുക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ബുദ്ധിശക്തിക്ക് കീഴ്പെട്ടു പോകുകയാണോ ചെയ്യുന്നത്?

അങ്ങനെ പറയാൻ പറ്റില്ല. ആദിവാസികളായ ആളുകൾ ഒരു ഗോത്ര പാരമ്പര്യ തനിമയിൽ ജീവിക്കുന്നവരാണ്, ഉത്തരേന്ത്യയിലായാലും ദക്ഷിണേന്ത്യയിലായാലും കേരളത്തിലായാലും അങ്ങനെ തന്നെയാണ്. എൻ.ഡി.എയുടെ കൂടെ വന്നിട്ടുള്ള ആളുകളും അത്തരം ആചാരരീതിയൊന്നും ഉപേക്ഷിച്ചുകളഞ്ഞിട്ടില്ല. അതിനെ നിലനിർത്തി കൊണ്ടുപോവുകയാണ്. ഞാൻ അടിയ സമുദായത്തിൽ നിന്നും വരുന്ന ആദിവാസിയാണ്. എന്റെ സമുദായം പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അതേപടി നിലനിർത്തികൊണ്ടാണ് ഞാൻ എൻ.ഡി.എയിൽ തുടരുന്നത്.

ഞാൻ ഇതിലേക്ക് വന്നു എന്നതുകൊണ്ട് നമ്മുടെ പാരമ്പര്യത്തെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും പൂർണമായി ഇല്ലാതാക്കി, ഇതിന്റെ ഭാഗമാകാനല്ല ശ്രമിക്കുന്നത്. നമ്മുടെ ഗോത്ര തനിമയിലും വിശ്വാസത്തിലും അടിയുറച്ച് നിന്നുകൊണ്ട് അതിനെ കൂടുതൽ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. അതിലൂടെ അധികാരത്തിലേക്ക് കൂടി എങ്ങനെ കടക്കാമെന്നാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കാലങ്ങളായി നമ്മളെ മനുഷ്യരായി അംഗീകരിക്കാത്ത നിലയിൽനിന്ന് ഇവർ ഒരു മുന്നണി എന്ന നിലയ്ക്ക് നമ്മളെ പരിഗണിക്കുന്നു എന്നു പറയുമ്പോൾ അതിന്റെ വിശാലതയെ നമ്മൾ ചുരുക്കി കാണേണ്ടതില്ല.

ഞാൻ ഉത്തരേന്ത്യയിലൊക്കെ ആദിവാസി ഗ്രാമങ്ങളിൽ താമസിക്കാറുണ്ട്. അവിടെ, ആദിവാസികൾ എൻ.ഡി.എക്കൊപ്പം നിൽക്കുന്നുണ്ടെങ്കിലും പാരമ്പര്യമായ പൈതൃകത്തെ അവർ നശിപ്പിക്കുന്നില്ല. അതിനെ ശക്തിയോടെ നിലനിർത്തി, അതിലൂടെ പൊളിറ്റിക്കൽ ഇടപെടലിനാണ് ശ്രമിക്കുന്നത്. കേരളത്തിലെ 36 വിഭാഗത്തിലുള്ള ആദിവാസികളും അവരുടെ തനിമ നിലനിർത്തുന്നവരാണ്. ആദിവാസികളെ സംബന്ധിച്ച് അത് വിട്ടാൽ അവർ ഐഡന്റിറ്റി ഇല്ലാത്തവരായി മാറും. ലോകരാഷ്ട്രങ്ങളിൽ പോകുന്ന എനിക്കുപോലും ഈ സംസ്‌കാരത്തിന്റെ പുറത്തേക്ക് പോകാൻ പറ്റുന്നില്ല. ജനതയുടെ നിലനിൽപ്പിന് ഞാൻ ഇടപെട്ടുകൊണ്ടിരിക്കുമ്പോഴും അസ്തിത്വവും ഐഡന്റിറ്റിയും വ്യക്തിത്വവും ഉപേക്ഷിക്കില്ല. അത് ശക്തിയാർജിക്കുന്ന നിലയിലേക്ക് മാറും എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് ആദിവാസി മതം വേണം എന്നു പറയുന്നത്. ഞാൻ, അടിയ സമുദായത്തിലെ ആളാണ്. കരിയന്റെയും വെളിച്ചിയുടെയും മകൾ, അടിയസമുദായത്തിലെ സി.കെ. ജാനു. മതം എന്നത് ഹിന്ദു എന്നാണ് എഴുതുന്നത്.
ആദിവാസി എന്ന പേര് ലോകത്ത് എല്ലാ ആദിവാസികളും സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തങ്ങളുടെ ജീവിതത്തിലും രക്തത്തിലും അലിഞ്ഞുചേർന്ന ഈ വാക്കിനെ മതമാക്കി മാറ്റിയാൽ അതിനെ അംഗീകരിക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. അതിനെ മതമായി കാണാൻ അവർക്ക് എളുപ്പത്തിൽ സാധിക്കും. എൻ.ഡി.എയുടെ ഒപ്പം നിന്നാലും ഈ ആവശ്യത്തിൽനിന്ന് ഞാൻ പുറകോട്ടുപോകില്ല. ആദിവാസി മതം ഉണ്ടാക്കാനുള്ള നിരന്തര ഇടപെടൽ സജീവമായി നടത്തിക്കൊണ്ടിരിക്കും.

ആദിവാസി പ്രശ്‌നം എന്നത് വയനാട്ടിലും കേരളത്തിലും മാത്രമല്ല, ഇന്ത്യയിൽ തന്നെ നിലനിൽക്കുന്ന ഒരു പ്രശ്‌നവും പ്രതിഭാസമാണ്. എൻ.ഡി.എയെപ്പോലെ, വിശാല ഇന്ത്യയിലുള്ള ഒരു രാഷ്ട്രീയ മുന്നണി, സി.കെ. ജാനുവിന് അവിടെ ഒരു പ്ലേസ്‌മെന്റ് തരാൻ തയാറാകുമോ? ഇന്ത്യയിലെ ആദിവാസികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ? ഉദാഹരണത്തിന്, ദ്രൗപതി മുർമുവിനെപ്പോലൊരു തെരഞ്ഞെടുപ്പിന് എൻ.ഡി.എ തയാറാകുമോ?

അത്തരം കാര്യങ്ങൾ വളരെ അകലെയല്ല എന്ന തോന്നലാണ് എനിക്കുള്ളത്. അത് എപ്പോൾ, എങ്ങനെ എന്ന് പറയാനാകില്ല. പക്ഷെ, അവർ, ആദിവാസി എന്ന നിലയിൽ നമ്മളെ പരിഗണിക്കാൻ തയാറാകുന്നുണ്ട്. അതുതന്നെ വലിയ സംഭവമായിട്ടാണ് ഞാൻ കാണുന്നത്. കാലങ്ങളായി നമ്മളെ മനുഷ്യരായി അംഗീകരിക്കാത്ത നിലയിൽനിന്ന് ഇവർ ഒരു മുന്നണി എന്ന നിലയ്ക്ക് നമ്മളെ പരിഗണിക്കുന്നു എന്നു പറയുമ്പോൾ അതിന്റെ വിശാലതയെ നമ്മൾ ചുരുക്കി കാണേണ്ടതില്ല. അതിന്റെ വ്യാപ്തിയോടെ തന്നെ അതിനെ കാണണം. ഇതിലേക്ക് വന്നയുടൻ എന്ത് ഗുണം കിട്ടി എന്ന് ചോദിക്കുന്നത്, ആദിവാസികളെ വഞ്ചിക്കുന്നതിന്റെ ഭാഗമായുള്ള ചോദ്യമാണ് എന്ന് തിരിച്ചറിയാൻ എനിക്കു കഴിയുന്നുണ്ട്. ആളുകളെ മുഴുവൻ ചൂഷണം ചെയ്ത് അവരുടെ കുടുംബം സംരക്ഷിക്കുന്നതിന് അപ്പുറത്തേക്ക് ഇവർക്ക് ഇത്രയും കാലം എന്താണ് ചെയ്യാൻ പറ്റിയിട്ടുള്ളത്?

ദേശീയ രാഷ്ട്രീയത്തിലേക്ക് സി.കെ. ജാനുവിന്റെ പ്രവേശം ഉടൻ പ്രതീക്ഷിക്കാമോ?

ഉടൻ പ്രതീക്ഷിക്കാൻ പറ്റും എന്നൊന്നും ഞാൻ പറയുന്നില്ല. എന്തായാലും ഉണ്ടായേക്കാം. അക്കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല.


Summary: നമ്മളെ ശരിക്കും പരിഗണിക്കേണ്ടിയിരുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. എന്നെപോലെ ഒരാൾ എൻ.ഡി.എയിലേക്ക് പോയതിന്റെ സമാധാനം പറയേണ്ടത് ഇടതുപക്ഷവും വലതുപക്ഷവുമായിട്ടുള്ള മുന്നണികളാണ്. - സികെ. ജാനു പറയുന്നു


സി.കെ. ജാനു

കേരളത്തിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ആക്റ്റിവിസ്റ്റും രാഷ്ട്രീയപ്രവർത്തകയും. ആദിവാസികളുടെ ഭൂമിയടക്കമുള്ള വിഭവാവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. പാർട്ടി വിട്ട് ആദിവാസി ഗോത്രമഹാസഭയുടെ ചെയർപേഴ്‌സണായി. മുത്തങ്ങ സമരത്തിൽ പൊലീസ് മർദ്ദനത്തിനിരയായി, ജയിൽശിക്ഷയും അനുഭവിച്ചു. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഇന്ത്യയിലെ ആദിവാസികളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments