ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 8
1992- 1996 കാലത്ത് സമ്പർക്കപരിപാടിയുടെ ഭാഗമായിരുന്നപ്പോൾ ഭാഷാപഠനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കൊളോണിയൽ പഠനങ്ങളിലെ അപൂർവം പരാമർശങ്ങളും മെക്കാർത്തെയുടെ (1940) അപ്രകാശിത റിപ്പോർട്ടിലെ ചില പദങ്ങളും 1974- ൽ വി.എസ്. നായർ പ്രസിദ്ധീകരിച്ച ഒരു ലേഖനവും മാത്രമാണ് മുൻപഠനങ്ങളായി ഉണ്ടായിരുന്നത്.
ഈ പഠനങ്ങളിൽ വി.എസ്. നായരുടെ പഠനം മറ്റുള്ളവയെ അപേക്ഷിച്ച്, ജരാവ പദങ്ങളെ പരിചയപ്പെടുത്തുന്നതിൽ മെച്ചമായിരുന്നു. സമ്പർക്കപരിപാടിയുടെ ഭാഗമായി എനിക്കു ശേഖരിക്കാൻ കഴിഞ്ഞ ശരീരാവയവനാമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം 1997- ൽ ആന്ത്രോപോളജിക്കൽ സർവ്വേ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനപ്പുറം അവരുടെ ഭാഷയെയോ സംസ്കാരത്തെയോ അന്ന് അറിയാനായിരുന്നില്ല.
2000 ഫെബ്രുവരിയിലാണ് ഞാൻ വീണ്ടും ജരാവകൾക്കിടയിൽ ഭാഷാപഠനത്തിനെത്തുന്നത്. ഈ വരവ് തികച്ചും വ്യത്യസ്തമായ ഒരു ജരാവ സാഹചര്യത്തിലേക്കായിരുന്നു. കാട്ടിൽ നിന്ന് പുറത്തുവന്ന് നാട്ടുകാരുമായി അവർ സമ്പർക്കം സൃഷ്ടിച്ചിരിക്കുന്നു. സമ്പർക്കം ഭരണപരവും അക്കാദമികവുമായ വെല്ലുവിളികളും വിവാദങ്ങളുമായി അരങ്ങു തകർക്കുന്നു. സമ്പർക്കത്തിന്റെ ദോഷഫലങ്ങൾ ഇതിനകം അവർ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഭരണകൂടം ആവുന്നത്ര അവരെ സമ്പർക്കത്തിൽ നിന്ന് അകറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണമായും വിജയിച്ചിട്ടില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് ഞാൻ പഠനത്തിന് വീണ്ടും എത്തിയത്.
തിരൂർ ഭാഗത്തു പോയെങ്കിലും മിഡിൽ ആൻഡമാനിലുള്ളവരുടെ ഇടയിലാണ് കുടുതലും പ്രവർത്തിച്ചത്. സമ്പർക്കപാർട്ടിയുടെ കൂടെ പോകുമ്പോഴുള്ള സുരക്ഷിതത്വമില്ല. സമ്മാനം കൊടുക്കാനുമല്ല ഞാൻ പോകുന്നത്. എന്നെ സഹായിക്കാൻ ഞങ്ങളുടെ ആൻഡമാൻ ഓഫീസിൽ നിന്ന് അറ്റൻഡറായ സുഭാഷിനെ നിയമിച്ചിട്ടുണ്ട്. എങ്കിലും എന്ത് സംഭവിക്കുമെന്ന ഭയമുണ്ടായിരുന്നു. 1997 മുതൽ ജരാവ പുറംലോകവുമായി സമ്പർക്കത്തിലെത്തിയതുകാരണം അവർക്കിടയിൽ പ്രവർത്തിക്കാൻ വലിയ ഭയം വേണ്ടെന്നു എ എ ജെ വി എസ് പ്രവർത്തകർ പറഞ്ഞു. അവരുമായി സമ്പർക്കത്തിലേർപ്പെട്ടപ്പോൾ മനസ്സിലായത് ഒരുകാലത്തു അന്യർ ഈനേൻ അഥവാ ശത്രുവായിരുന്നെങ്കിലും ഇപ്പോൾ അവർക്ക് അങ്ങനെയല്ല. പക്ഷേ അവർ പുറത്തുവന്നു മറ്റുള്ളവരോട് സമ്പർക്കം പുലർത്തുന്നതുപോലെയല്ല ഞാൻ അവരുടെയിടയിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തുടക്കത്തിൽ ഭയം പൂർണമായും ഒഴിവായിരുന്നില്ല. ക്രമേണ ഞങ്ങൾ രണ്ടാളെയും അവർ അംഗീകരിച്ചുതുടങ്ങിയതോടെ ഭയം അകന്നുപോയി.
മിഡിൽ ആൻഡമാനിലെ താമസം
കദംതല സർക്കാർ ഗസ്റ്റ്ഹൗസിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ നിന്ന് വെളുപ്പിനു 5 മണിക്കിറങ്ങി നടന്ന് ഉത്തര ജെട്ടിയിലെത്തും. ഒരു വള്ളക്കാരനെയാണ് അവിടെനിന്ന് ജരാവ തീരത്തിലേക്കു ഞങ്ങളെ കൊണ്ടുപോകാൻ ഏർപ്പാട് ചെയ്തിരിക്കുന്നത്. ജെട്ടിക്കടുത്തായി ചെറിയ ചായക്കടയുണ്ട്. വള്ളക്കാർക്ക് അതിരാവിലെ ഭക്ഷണം അവിടെ തയ്യാറാക്കാറുണ്ട്. ഞങ്ങളും പേരിന് എന്തെങ്കിലും കഴിച്ചു ആറു മണിക്കുമുമ്പായി യാത്ര തുടങ്ങും. മൂന്നുമണിക്കൂറോളം യാത്രയുണ്ട്. ഞങ്ങളുടെ കൈയിൽ ഉച്ചഭക്ഷണമുണ്ടാവില്ല. അന്യ ഭക്ഷണവസ്തുക്കളൊന്നും ജരാവയിടത്തിൽ കൊണ്ടുപോകരുതെന്ന് നിർദ്ദേശമുണ്ട്. ഒരു കുപ്പി വെള്ളം സുഭാഷ് സഞ്ചിയിൽ കരുതുമെങ്കിലും ജരാവ അംഗങ്ങൾ കാണാതെ രഹസ്യമായിട്ടാണ് ദാഹം ശമിപ്പിച്ചിരുന്നത്. രാത്രി അവരോടൊപ്പം താമസിക്കാൻ അനുമതിയില്ല. അതുകൊണ്ട് ദിവസവും നാലുമണിയോടെ തിരിച്ചുള്ള യാത്ര. ഏഴുമണിയാകുമ്പോൾ ജെട്ടിയിൽ തിരിച്ചെത്തും. അപ്പോഴാണ് ഒരു ചായ കുടിക്കുന്നത്. ഗസ്റ്റ് ഹൗസിലെത്തുമ്പോൾ രാത്രി എട്ടു മണിയോടടുക്കും. വീണ്ടും പിറ്റേന്നു രാവിലെ യാത്ര തുടരും. അങ്ങനെ ആറാഴ്ച.
ആദ്യ ദിവസങ്ങളിലൊന്നും അവർ ഞങ്ങളെ അധികം ശ്രദ്ധിക്കാനോ കൂടെ കൂട്ടാനോ താല്പര്യം കാണിച്ചില്ല. ഞങ്ങളും അവരെ നിരീക്ഷിക്കുകയല്ലാതെ അധികം ഇടപെടാനും പോയില്ല. ഇവർ പരസ്പരം സംസാരിക്കുന്നത് അധികം കേട്ടില്ല. അധികം പേരും എന്തെങ്കിലും പ്രവൃത്തികളിൽ തിരക്കായിരിക്കും. ചിലർ വെറുതേ യിരിക്കുന്നതും കണ്ടു. പക്ഷേ ഞങ്ങളുടെ ചലനങ്ങൾ അവർ ശ്രദ്ധിക്കുന്നുണ്ടയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വേറെ കുറേ പേർ അവിടെയെത്തി. അപ്പോൾ എല്ലാ ജോലികളും നിർത്തി വലിയ ബഹളവും സ്വീകരണവും. ചിലർ മടിയിൽ കയറിയിരുന്നുള്ള ആശ്ലേഷം. വന്നവർ കുറേദിവസം മറ്റെവിടെയോ ആയിരുന്നുവെന്നും തിരിച്ചെത്തിയപ്പോഴുള്ള സന്തോഷവും കുശലാന്വേഷണവുമാണ് ഈ ബഹളത്തിനു പിന്നിലെന്നും മനസ്സിലായി. ഒരു മണിക്കൂറിനുശേഷം എല്ലാവരും അവരവരുടെ ജോലികളിലേക്കു മടങ്ങി. സുഹൃത്തുക്കളിൽ ചിലർ കെട്ടിപ്പിടിച്ചിരിപ്പു (യെനെങേയ) തുടർന്നു. അന്നാണ് എന്മേയെ വീണ്ടും കണ്ടത്. ചെറിയ അടുപ്പം അയാൾ ഞങ്ങളോട് കാണിച്ചു. ക്രമേണ അവർ ഞങ്ങളെ ഉൾക്കൊള്ളാൻ തയാറായി. ഞങ്ങൾ ഒന്നും കഴിക്കുന്നില്ലെന്നു കാണുമ്പോൾ ചില പഴങ്ങളും ചുട്ട കിഴങ്ങുമൊക്കെ ചിലർ തരാൻ തുടങ്ങി. അപ്പോൾ മറ്റുള്ളവരും ഞങ്ങളുമായി അടുത്തുതുടങ്ങി.
അകം പൊരുൾ തേടി
ഏക ഭാഷാ സമൂഹമായ അവരിൽനിന്ന് അവരുടെ കാര്യങ്ങൾ എന്തെങ്കിലും മനസിലാക്കണമെങ്കിൽ അവരുടെ ഭാഷയറിഞ്ഞാലേ സാധിക്കൂ. ആദ്യത്തെ ദിവസങ്ങൾ പങ്കാളിത്തനിരീക്ഷണവുമായി മുന്നോട്ടുപോയെങ്കിലും കുട്ടികൾ ചുറ്റും കൂടി. ടേപ്പ് റെക്കോർഡറിൽ അവരുടെ ശബ്ദം റെക്കോർഡ് ചെയ്തു കേൾപ്പിച്ച് അവരുടെ താല്പര്യമുയർത്തി. പതിയെ അവരിൽനിന്ന് അട്ടിബ എന്നവാക്ക് പഠിച്ചു. അതിന്റെ അർഥം പേര് എന്നാണ് എന്നു മനസ്സിലായി. അട്ടിബ എന്നു ഞാൻ പറയുമ്പോൾ അവർ പ്രതികരിച്ചു തുടങ്ങി. ചിലർ ‘മെ യെങ് ഡാ’ എന്നു പറയും. ചിലർ വ്യക്തിനാമം പറയും. മറ്റുള്ളവരുടെ പേരും പറയും. വാട്ട് ഈസ് ദിസ് എന്നു ചോദിക്കാനായി ലി അട്ടിബ എന്നു ചോദിച്ചാൽ മതിയാകുമെന്നു മനസിലാക്കി. അതുപയോഗിച്ചപ്പോൾ എനിക്കു വേണ്ട വിവരങ്ങൾ എന്താണെന്ന് അവർക്കു ബോധ്യപ്പെട്ടു. ശരീരാവയവങ്ങളുടെ പേരുകൾ തൊട്ടു ചോദിച്ചു മനസ്സിലാക്കി. കുഞ്ഞുങ്ങളിൽ നിന്നു മാത്രം പദങ്ങൾ ശേഖരിക്കാതെ മുതിർന്നവരിൽ നിന്നും അതിൽ തന്നെ പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽനിന്നുമൊക്കെ ആവർത്തിച്ചുചോദിച്ചു മാത്രമേ ഓരോവാക്കും ഉച്ചാരണവും അർത്ഥവും തീരുമാനിക്കാനാവൂ. പല വിരുതന്മാരും തെറ്റായ വാക്ക് പറയും. അതവർക്കു കളിയാണ്. കുട്ടികളുടെ കണ്ണിൽ വിടരുന്ന ഭാവവ്യത്യാസം കണ്ടറിഞ്ഞാൽ ഒരു പരിധിവരെ പറഞ്ഞതും കേട്ടതും ശരിയാണോ എന്നറിയാം. അധികം സമയം ആരുമായും ഇടപെടാനാവില്ല. പത്തുമിനിറ്റിലധികമായാൽ അവർക്കു താല്പര്യം കുറയും. ഇത് മനസ്സിലാക്കാനായതോടെ ആരുമായും അധികം ഇടപെടാറില്ല. നിശ്ചിത ഇടവേളയ്ക്കു ശേഷമേ ഓരോരുത്തരെയും സമീപിക്കാറുള്ളൂ. അതും അവരുടെ തൊഴിലിനെ ബാധിക്കാത്ത തരത്തിൽ. തങ്ങളുടെ ലോകം എന്നെ പരിചയപ്പെടുത്താൻ വലിയ ഉത്സാഹമുള്ളവരുണ്ട്. എന്നെ ശല്യപ്പെടുത്തി രസിക്കുന്നവരുമുണ്ട്.
ശരീരാവയവങ്ങളുടെ പേരുകൾ മനസിലാക്കിയപ്പോൾ അവർ എങ്ങനെയാണ് മനുഷ്യശരീരത്തെ ഇതര ജന്തുസമൂഹത്തിൽനിന്ന് വ്യത്യസ്‍തമാക്കുന്നതെന്നറിയാൻ കഴിഞ്ഞു. മനുഷ്യ ശരീരത്തിന്റെ ഓരോ ശരീരഭാഗവും മനുഷ്യനുമായി ബന്ധപ്പെടുത്തിയേ പറയാറുള്ളൂ. കണ്ണ് (എച്ചെപൊ) എന്നത് മനുഷ്യരുടേതാവുമ്പോൾ (ഒനെ എച്ചെപൊ) എന്നും മറ്റു ജന്തുക്കളുടെ കാര്യത്തിൽ എച്ചെപൊ എന്നും വ്യക്തമായി തരം തിരിച്ചുപറയും. ബന്ധസൂചകപദങ്ങളിലും എന്റെ / മനുഷ്യന്റെ 'അമ്മ' എന്നു ചേർത്തു പറയും. ചുറ്റുമുള്ള സസ്യലതാദികളേയും ജന്തുവർഗ്ഗത്തെയുമൊക്കെ അവരോടൊപ്പം സഞ്ചരിച്ചു മനസ്സിലാക്കി. ഇവരുടെ പാരിസ്ഥിതിക അവബോധം സവിശേഷമാണ്, ജന്തു- സസ്യലോകം, കാട്, കടൽ മണ്ണ്, ജലം, പ്രകൃതി പ്രതിഭാസങ്ങൾ ഇങ്ങനെയെല്ലാം അവരുടെ പരിസ്ഥിതിക ജ്ഞാനലോകത്തിന്റെ ഭാഗമാണ്. പായലു മുതൽ വൻവൃക്ഷങ്ങൾ വരെ, ഓരോ ചെടിയുടെയും വേരു മുതൽ എല്ലാ ഭാഗങ്ങളും പ്രത്യേകമായി അവർ മനസിലാക്കിയിട്ടുണ്ട്. പച്ചിലയും പഴുത്തയിലയും കരിയിലയും മരത്തൊലിയും കറയും എന്നുവേണ്ട പൂക്കളുടെ ഓരോ ഭാഗവും സൂക്ഷ്മമായി അവർതിരിച്ചറിയുന്നുണ്ട്. ഭക്ഷ്യയോഗ്യമായതും അല്ലാത്തതും അവയുടെ ഭൗതികവും ഔഷദികവും സൗന്ദര്യപരവുമായ ഉപയോഗങ്ങളും അവർക്കറിയാം. ചില പഴങ്ങളെ കുറിച്ച് എനിക്കു തരുന്ന വിവരണത്തിൽ നിന്ന് സഹജീവികളോടുള്ള അവരുടെ താല്പര്യം വ്യക്തമാകും.
വക്കാം പഴം ജരാവ തിന്നും, പന്നി തിന്നും മാനും തിന്നും - വക്കാം ഡേ എല്ലെവ യെങ് റ്റീതാബ്, ഓവു റ്റീതാബ്, കടോപ്യൽ റ്റീതാബ്.
എവ്വ് പഴം മനുഷ്യരും പന്നിയും തിന്നും മാൻ തിന്നില്ല- എവ്വ് ഡെ ഒഡ് യെങ് റ്റീതാബ് ഓവു റ്റീതാബ്, കടോപ്യൽ റ്റീതാ നാടേം.
ആബ് (ആഞ്ഞിൽ ചക്ക) മനുഷ്യരും പന്നിയും തിന്നും, മാൻ തിന്നില്ല- ആബ് യെങ് റ്റീതാബ്, ഓവു റ്റീതാബ് കടോപ്യൽ റ്റീതാ നാടേം.
പക്ഷികൾ എല്ലാപഴങ്ങളും തിന്നും- എല്ലെവ മാലാവ് ഡെ നോഹ റ്റീതാബ്.
എന്നിങ്ങനെ പോകുന്നു അവരുടെ പഴങ്ങളെക്കുറിച്ചുള്ള അറിവ്.
ഇതേപോലെ തന്നെ ജന്തുലോകത്തെകുറിച്ചും വിപുലമായ അറിവുണ്ട്. ഭൗമികജ്ഞാനവും കാടറിവും കടലറിവും പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചും സമ്പന്നമായ അറിവുണ്ട്. സ്ഥലനാമങ്ങളുണ്ട്, പ്രധാന വാസയിടങ്ങൾക്കും പേരുകളുണ്ട്. രോഗങ്ങളെക്കുറിച്ചും (ഉള്ളേട) ചികിത്സയെക്കുറിച്ചും തനതായ ധാരണകളുണ്ട്. രോഗികൾക്ക് ഭക്ഷണവിലക്കുണ്ട്. ഉപകാരണ നിർമിതിയും ആഭരണ നിർമിതിയുമൊക്കെ തനതായിയുണ്ട്.
എന്നെ ഉൾക്കാട്ടിൽ കൊണ്ടുപോയി അവർ നിർമിച്ചുപയോഗിക്കുന്ന ഓരോ സാധനവും അതിനുപയോഗിക്കുന്ന മരം / ചെടി /വള്ളി ഏതെന്നും തൊട്ടുകാണിച്ചു പഠിപ്പിച്ചു. യാത്ര കഠിനമായിരുന്നു. മുന്നിൽ പോകുന്നവരുടെയും പിന്നാലെ വരുന്നവരുടെയും കൈയിൽ വെട്ടുകത്തിയുണ്ട്. അതുവെച്ചു വെട്ടിത്തെളിച്ചാണ് യാത്ര, പലപ്പോഴും പേടി തോന്നിയിരുന്നു. ചില ആഘോഷങ്ങളുമായി ബന്ധപ്പെട്ടുപയോഗിക്കുന്ന കളിമണ്ണ് കാണിച്ചുതരാൻ കിലോമീറ്ററുകളോളം ഉള്ളിലെത്തിച്ച്, ഒരു അരുവിയുടെ കര കാണിച്ചുതന്നു.
കൂട്ടത്തിൽ അതിശയിച്ചത് ഒരു ബൈലത്ത വള്ളി മുറിച്ചു കാണിച്ചപ്പോഴാണ്. അതിൽ രക്തനിറമുള്ള കറ ഊറി വരും. അതുപയോഗിച്ചാണ് വില്ലിലും മരത്തൊട്ടിയിലും ഡിസൈൻ വരയ്ക്കുന്നത്. അതുവരെ എല്ലാവരും ധരിച്ചിരുന്നത് പന്നി രക്തം കൊണ്ടാണ് വരയ്ക്കുന്നതെന്നാണ്. വീബോ എന്ന മറ്റൊരു വള്ളിയുടെ നാരുപയോഗിച്ചാണ് അമ്പിൻതല കെട്ടിയുറപ്പിക്കുന്നത്. ഇങ്ങനെ ഒന്നിനു പുറകെ ഒന്നായി അവർ തങ്ങളുടെ അറിവിന്റെ ലോകത്തേക്ക് എന്നെ കൈപിടിച്ചു നടത്തി. അവരുടെ ലോകത്തേക്ക് എന്നെ നയിക്കുകയായിരുന്നു. അന്നുവരെ ലഭിക്കാതിരുന്ന അറിവിന്റെ ഉറവ ശേഖരിക്കാനായി. ഈ വിവരങ്ങളാണ് ആന്ത്രോപോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 2001-ൽ പ്രസിദ്ധീകരിച്ച The Jarawas Language and Culture എന്ന പുസ്തകം. ആ പുസ്‌തകത്തിന്റെ കവർചിത്രം എന്മേ വരച്ച എന്റെ ചിത്രമാണ്.
എന്മേ എന്ന ചിത്രകാരൻ
ജരാവ ഗോത്രക്കാരിൽനിന്ന് ഫീൽഡ് വർക്കിലൂടെ പ്രാഥമിക ദത്തശേഖരണം നടത്തുക എളുപ്പമല്ല. കുട്ടികളും യുവാക്കളും കൂടെ കൂടിയാൽ ആകെ ബഹളമാണ്. ഒന്നും റെക്കോർഡ് ചെയ്യാനാവില്ല. ഇവരുടെ ശ്രദ്ധ എന്നിൽനിന്ന് തിരിക്കാനും ഓരോരുത്തരെയായി കണ്ട് ദത്ത ശേഖരണം നടത്താനുമായി ഞാൻ കുറേ നോട്ട് പാഡുകളും സ്കെച്ചു പെന്നും ഇവർക്കിടയിൽ വിതരണം ചെയ്‌തു. അതൊക്കെ ആദ്യമായി കാണുകയും ഉപയോഗിക്കുകയും ചെയ്യുകയാണ്. അവർക്കതു സന്തോഷമായി. കൂട്ടത്തിൽ എന്മേക്കും കൊടുത്തു. ദിവസങ്ങൾക്കുശേഷം ഞാൻ തിരികെ ശേഖരിച്ചു. പൊതുവിൽ അവരുടെ വില്ലിലും കെയ്ക്കാടിലും (ചെസ്ററ് ഗാർഡ്) കാണുന്ന ഡിസൈനുകൾ ചിലർ വരച്ചിട്ടുണ്ട്, ചിലർ വരയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. പേന ഉപയോഗിക്കുന്നതിലെ പരിചയക്കുറവു കാരണം ഒന്നും നേരെയായിട്ടില്ല. എല്ലാ പ്രായത്തിലുള്ളവരും ഇതിൽ പങ്കു ചേർന്നിട്ടുണ്ട്. എല്ലാവർക്കും പൊതുവിലറിയാവുന്ന ഡിസൈനുകളാണ് വരച്ചിട്ടുള്ളതും ശ്രമിച്ചിട്ടുള്ളതും.
എന്മേയുടെ വര ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. അന്നുവരെ പേന തൊടാത്ത ഒരാളിന്റെ വഴക്കപ്രശ്നങ്ങളൊന്നുമില്ലാതെ പേപ്പറിൽ അതിമനോഹരമായ രേഖാചിത്രങ്ങൾ കണ്ട ഞാൻ ഞെട്ടിപ്പോയി. തനിക്കു ചുറ്റുമുള്ള പ്രാണിലോകത്തെ പൂർണമായും പേപ്പറിൽ പകർത്തിയിരിക്കുന്നു. ഒരു സ്ഥലത്തുപോലും വര തെറ്റിയിട്ടില്ല. എന്നെയും ഓഫീസ് ജീപ്പുമൊക്കെ എന്മേ പകർത്തി. ജരാവ ഗോത്രത്തിലുള്ള മറ്റാർക്കുമില്ലാത്ത കരവിരുത് എൻമേയിൽ കണ്ടു.
ഇതെങ്ങനെയും ലോകത്തെ അറിയിക്കണമെന്നു നിശ്ചയിച്ചു. ആൻഡമാൻ ആദിമരുടെ ജാമിതീയ ഡിസൈനെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തി. പാലിയോ ആർട് സ്റ്റഡീസിൽ പ്രമുഖനായ റോബർട്ട് ബെഡ്‌നാരിക്കും സംയുക്തമായി പഠനം നടത്തി. പരക്കെ വിശ്വസിക്കുന്നതുപോലെ ഗുഹാചിത്രങ്ങളല്ല മനുഷ്യചരിത്രത്തിൽ ആദ്യം ഉണ്ടായതെന്നും വരകളും അവ ചേർന്ന ഡിസൈനുകളുമാണെന്ന കണ്ടെത്തൽ ആന്ത്രപ്പോസ് ജേർണലിൽ 2008- ൽ പ്രസിദ്ധീകരിച്ചു.
എന്മേയിൽ പ്രകടമായ കലാവൈദഗ്‌ധ്യം ആഗോളതലത്തിൽ ചർച്ച ചെയ്തു. 2012-ൽ റോക്ക് ആർട്ട് റിസർച്ച് ജേണലിലും ആൻഡമാൻ ഗോത്രവരകളെ കുറിച്ചുള്ള ഞങ്ങളുടെ പഠനം വന്നു. ജരാവയുടെ ഡിസൈനുകളെ സവിശേഷമായും ആൻഡമാൻ ഗോത്രവംശജരുടെ കലാപൈതൃകവുമായും ബന്ധപ്പെടുത്തി Jarawa arts and crafts in cognate context (2020) എന്ന പുസ്തകം ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർട്ടുഗീസ്, ഡച്ച് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടു. അതോടൊപ്പം മനുഷ്യവംശത്തിന്റെ കലാപ്രകൃതത്തെയും പരിണാമത്തെയും കുറിച്ചുള്ള നിരവധി അന്വേഷങ്ങൾക്ക് എന്മേയും ജരാവ ഗോത്രവും തുടക്കം കുറിച്ചിരിക്കുന്നു വെന്നും അറിയേണ്ടതുണ്ട്
ആട്ടവും പാട്ടും
ഇരു ലിംഗക്കാരുടെയും പ്രായപൂർത്തിയാകലുമായും വിവാഹവുമായും ബന്ധപ്പെട്ടുമുള്ള സാമൂഹിക ആചാര ചടങ്ങുകളിലാണ് പ്രധാനമായും നൃത്തം നിർബന്ധമാകുന്നത്. പാട്ടും ചലനവും ഒരേ രീതിയിലാണെങ്കിലും ആണും പെണ്ണും വെവ്വേറെയാണ് നൃത്തം ചെയ്യുന്നത്. ഗോത്രക്കാരെല്ലാം ഒത്തുകൂടി താമസിക്കുന്ന വലിയ കുടിലിന്റെ മുന്നിലാണ് ടോട്ടാലേ അഥവാ നൃത്തവേദി. യെച്ചലേ പാലേബ് (കുട്ടികളുടെ നൃത്തം) ഒപ്പേടി പാലേബ് (കന്യകകളുടെ നൃത്തം), ലെപ്പാവേ ടി പാലേബ് (അവിവാഹിതരായ ആൺകുട്ടികളുടെ നൃത്തം), തായ് വേ ടി പാലേബ് (വിവാഹിതകളുടെ നൃത്തം), തായ് വേ എടി പാലേബ് (വിവാഹിതരായ പുരുഷന്മാരുടെ നൃത്തം) എന്നിങ്ങനെ ലിംഗ -സാമൂഹികപദവി അനുസരിച്ചുള്ള നൃത്തം അവർക്കിടയിലുണ്ട്. പരസ്പരം കൊരുത്തുപിടിച്ച് നിരയായി നിന്ന് താളാത്മകമായി മുന്നോട്ടും പിന്നോട്ടും കാൽവയ്ക്കുന്നു. കൈ കൂട്ടിയടിക്കാലോ മറ്റേതെങ്കിലും സംഗീത ഉപകാരണമോ അവർക്കിടയിൽ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ചവിട്ടു താളമാണ്. നർത്തകർ പാട്ടു പാടുന്നു. ഉദാഹരണമായി വായ്ത്താരി അല്ലെങ്കിൽ പാട്ട് ഇവിടെ കുറിക്കാം.
ഊ ലേലോ വായായി ഊ ലേലോ വായായി
ഊ ലേലോ വായായി ഊ ലേലോ വായായി
ലിയാ തടാവെടി ഊ ലേലോ വായായി
ലിയാ തടാവെടി ഊ ലേലോ വായായി
ഹെ ലീ ലേ ലീ ഹെ ലീ ലേ ലീ
ഇത്തരം പല പാട്ടുകളും നൃത്തത്തിനായി ഉപയോഗിക്കുന്നുണ്ടെന്നു അവർ പറഞ്ഞു. സാധാരണ, അവരിൽ ആരെങ്കിലും പാടിയാൽ അല്ലെങ്കിൽ എവിടെന്നെങ്കിലും കേട്ടാൽ എല്ലാവരും കൂടി പാടുന്ന ഒരു സ്വത്വഗാനം അവർക്കുള്ളതായി തോന്നിയിട്ടുണ്ട്. ചിലർ പെട്ടെന്നു പാടിത്തുടങ്ങും. ചിലപ്പോൾ അങ്ങകലെ ആരോ പാടുന്നതായി കേൾക്കാം. ഉടൻ മറ്റുള്ളവർ ഏറ്റുപാടുന്നതും കണ്ടിട്ടുണ്ട്. ആ പാട്ട് ഇങ്ങനെയാണ്.
നവാതി ഹോത്തൊയി ഓവ ഡെ ഡാഡെ
ഡൊയ് ലേവാവായ ലിയൊ
ഡായ് ഡായ് വാതിബൂതെ
വേ ഡെ ഡെ വേ ഡെ ഡെ
നവാതി ഹോത്തൊയി ഓവ ഡെ ഡാഡെ ഡൊയ്
ലേ ലേ ലേ ല ഡേ ഡാ ഡേ ഡൊയ്
പാട്ടുകളുടെ അർത്ഥമെന്താണെന്നറിയാൻ ശ്രമിച്ചെങ്കിലും അവർക്കതു പറഞ്ഞുതരാൻ കഴിഞ്ഞില്ല.
ജരാവ എന്നെ പഠിപ്പിച്ചതെന്ത്?
ജ്ഞാനനിർമിതിയെ കുറിച്ച് അക്കാദമിക സമ്പ്രദായത്തിലൊളിഞ്ഞിരിക്കുന്ന മിഥ്യാധാരണകളെ പൊളിച്ചെഴുതുകയായിരുന്നു ജരാവയുടെ ജ്ഞാനലോകം. ഓരോ ഭാഷാസമൂഹവും ജ്ഞാനസമൂഹവും കൂടിയാണ് എന്ന ബോധമാണ് എന്നിലുണ്ടാക്കിയത്. മുതലാളിത്ത രാജ്യങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഉല്പന്നമാണ് ജ്ഞാനമെന്നും മുതലാളിത്തേതര സമൂഹങ്ങളെല്ലാം ജ്ഞാനശൂന്യരാണെന്നുമുള്ള മുൻവിധിയാണ് കൊളോണിയൽ സംഭാവന. തങ്ങളുൽപാദിപ്പിക്കുന്ന ജ്ഞാനം ശാസ്ത്രീയമാണെന്നുറക്കെ പാശ്ചാത്യർ പ്രഖ്യാപിക്കുന്നു. അച്ചടിസാങ്കേതികതയിലൂടെയുള്ള പാശ്ചാത്യ ആധുനികതയുടെ തീവ്രവ്യാപനം വഴി പാശ്ചാത്യേതരമായി ജ്ഞാനം ഉണ്ടാകുമോ എന്ന ചിന്ത പോലും നമുക്കിടയിൽ വേരുറപ്പിച്ചിരിക്കുന്നു. ശാസ്ത്രീയത അവകാശപ്പെടുന്ന ജ്ഞാനത്തിനപ്പുറം മറ്റൊരു ജ്ഞാനവുമില്ല എന്നവിശ്വാസം പ്രബലമാണ്. അച്ചടികേന്ദ്രിതമായ അറിവിന്റെ ഉടമസ്ഥാവകാശം, വസ്തുനിഷ്ഠത, ശാസ്ത്രീയത, പരീക്ഷണവിധേയം എന്നിവയുടെ പേരിൽ കൈയ്യടക്കിയിരിക്കുന്ന പാശ്ചാത്യജ്ഞാനം തുടങ്ങിയവ വൈജ്ഞാനിക ഭാഷയായ ഇംഗ്ലീഷിൽ നിക്ഷിപ്തമാണെന്നാണ് അധിനിവേശിത സമൂഹങ്ങളെല്ലാം അധിനിവേശാനന്തരകാലത്തും കാത്തുപോരുന്ന വിശ്വാസം. ജ്ഞാനോല്പാദക സമൂഹങ്ങളല്ല ജ്ഞാനോപഭോക്തക്കളാണ് തങ്ങൾ എന്ന ബോധം നിർമിച്ചെടുക്കാൻ പാശ്ചാത്യ ആധുനികതക്ക് കഴിഞ്ഞതാണ് ജ്ഞാനാടിമകളായി തുടരാൻ അധിനിവേശിത ജനതയെ പ്രേരിപ്പിക്കുന്നത്.
ജരാവ ഗവേഷണത്തിനെത്തിയ എനിക്ക് ആദ്യം ഡി സ്കൂളിംഗിന് വിധേയമാകേണ്ടിവന്നു. എനിക്കു പരിചിതമായ പാശ്ചാത്യ അറിവുനിർമാണ സാമഗ്രികൾ ജരാവയെ കുറിച്ചറിയാൻ സഹായകമാകില്ല എന്ന തിരിച്ചറിവാണ് ഞാൻ ആദ്യം നേടിയത്. അവരുടെ മാതൃഭാഷയിലുള്ളടങ്ങുന്ന തനതറിവുകളെ വേർതിരിച്ചു മനസിലാക്കേണ്ടതുണ്ട്. അതായത്, ഒരു ഭാഷാസമൂഹമെന്ന നിലയിൽ ആവാസവ്യവസ്ഥാനുഭവങ്ങളിൽനിന്ന് തനതായി നിർമിച്ച അറിവിടങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടുവേണം അവരുടെ ജ്ഞാനലോകം വിവരിക്കാൻ. പൊതുവിൽ സങ്കൽപ്പനങ്ങൾ ആശയങ്ങളായി വ്യവഹാരരൂപം കൈക്കൊള്ളുന്ന വഴിയറിഞ്ഞാലേ ചിന്തയുടെ ഘടനയും ചരിത്രവും തെളിയിച്ചെടുക്കാനാവൂ എന്നു ബോധ്യപ്പെട്ടു. ജരാവ ഭാഷാസമൂഹത്തിന്റെ ജ്ഞാനോല്പാദന അനുഭവങ്ങൾ സങ്കല്പനങ്ങളിലേക്കും, അറിവായും, അതായത്, ജ്ഞാനബിംബങ്ങളായി വ്യവഹാരരൂപം പ്രാപിക്കുന്നു. സങ്കല്പനങ്ങളുടെ രൂപീകരണവും വ്യാപനവും ആശയഘടനയും വ്യക്തമായി മനസിലാക്കാൻ വാങ്മയമറിഞ്ഞേ മതിയാവൂ. പാശ്ചാത്യ സിദ്ധാന്തങ്ങൾ ഇറക്കുമതി ചെയ്തതൊന്നും പരിഹരിക്കാവുന്ന കാര്യമല്ലിത്. ഒരു ജ്ഞാനസമൂഹത്തിന്റെ സ്വത്വനിർമിതിയാണ്. മലയാളിക്കിപ്പോഴും തനതു ജ്ഞാനത്തെ കുറിച്ചധികം ധാരണയില്ല.
ഓരോ ജനതയും അവരുൽപ്പാദിപ്പിച്ച തനത് ജ്ഞാനാടിത്തറ എന്തെന്ന് ആലോചിക്കുന്നതും പരിസ്ഥിതി സൗഹൃദവും വികേന്ദ്രീകൃതവുമായ അറിവുകളെ വീണ്ടെടുക്കുന്നതും ജ്ഞാനമുതലാളിത്തത്തെ ഒരളവിലെങ്കിലും പ്രതിരോധിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്ന ബദൽമുറ എന്നെ പഠിച്ചവരാണ് ജരാവ ഗുരുക്കന്മാർ.
(തുടരും)