അരുൺ ടി. വിജയൻ: ദളിതരുടെ പ്രശ്നങ്ങൾ ഏറെ മനസ്സിലാക്കിയ ശേഷമാണ് ചെങ്ങറ സമരത്തിലേക്ക് എത്തിച്ചേർന്നതെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. എങ്ങനെയായിരുന്നു ളാഹ ഗോപാലൻ എന്ന ദളിതന്റെ ജീവിതം തുടങ്ങിയത്?
ളാഹ ഗോപാലൻ: ഏഴെട്ട് വയസ്സായപ്പോഴേ അച്ഛനും അമ്മയും ഇല്ലാതായി. അധികം വിദ്യാഭ്യാസവും ലഭിച്ചില്ല. ജീവിതത്തിൽ ഏറ്റവും കഷ്ടതകൾ അനുഭവിച്ച കൂട്ടത്തിലുള്ള ഒരാളാണ് ഞാൻ. ദുഃഖിതരുടെ ഇടയിൽ വളർന്നുവന്ന ഒരാൾ. വലിയ വിദ്യാഭ്യാസമില്ലെന്ന് കേൾക്കുമ്പോൾ ചിലർക്ക് അവജ്ഞ തോന്നും. എനിക്കതിൽ പരാതിയില്ലായിരുന്നു. അച്ഛനോ അമ്മയോ ആരെങ്കിലും ഒരാൾ ഭക്ഷണം തരാനില്ലങ്കിൽ ഏത് മിടുക്കനാണെങ്കിലും പഠിക്കാൻ പറ്റില്ല. അങ്ങനെ പഠനം ഒന്നുമില്ലാത്തതുകൊണ്ട് അനുഭവത്തിലുള്ള അറിവിലൂടെയാണ് ഓരോ കാര്യങ്ങൾ ചെയ്തത്.
കെ.എസ്.ഇ.ബിയിലെ ജോലിയിൽ നിന്ന് വിരമിച്ച് മൂന്നുമാസത്തിനുശേഷമാണ് ചെങ്ങറ സമരം ആരംഭിച്ചത്. അത്ര വലിയൊരു ആൾക്കൂട്ടത്തെ ഉപയോഗിച്ചുള്ള സമരം മൂന്നുമാസം കൊണ്ട് സംഘടിപ്പിക്കാനാകില്ലല്ലോ? എന്തൊക്കെയായിരുന്നു അതിനായി നടത്തിയ തയ്യാറെടുപ്പുകൾ?
2005 ഏപ്രിലിലാണ് ഞാൻ റിട്ടയർ ചെയ്തത്. ആഗസ്റ്റിൽ ചെങ്ങറ സമരം ആരംഭിച്ചു. സർവ്വീസിലുള്ളപ്പോൾ അവധി ദിവസങ്ങളിൽ കോളനികളിൽ പോയി അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിരുന്നു. പെൻഷനായശേഷം പത്തനംതിട്ട ടൗണിൽ ഒരു മുറി വാടകക്കെടുത്ത് ഓഫീസ് ആരംഭിച്ചു. എല്ലാ ഞായറാഴ്ചയും ആളുകളെ അവിടെ കൂട്ടാൻ ആരംഭിച്ചു. പതിവായി പങ്കെടുക്കുന്ന 35 പേരായപ്പോൾ മിനി സിവിൽ സ്റ്റേഷനുമുന്നിൽ ഒരു യോഗം സംഘടിപ്പിച്ചു. ആദിവാസികളുടെ വിഷയങ്ങൾ വലിയ ബോർഡൊക്കെ വച്ച് വിശദമാക്കുന്നതായിരുന്നു യോഗം. രാപകൽ ഒരുപോലെ ആ സമരം നടന്നു. 150 ദിവസം അത് നീണ്ടു. അപ്പോഴേക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമരത്തെക്കുറിച്ച് അന്വേഷിക്കുകയും ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കാമെന്നാണ് അദ്ദേഹം നൽകിയ ഉറപ്പ്. ആ ഉറപ്പ് വിശ്വസിച്ചാണ് സമരം അവസാനിപ്പിച്ചത്.
മൂന്നുമാസം മറുപടി പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങളിലൊരെണ്ണം കൊടുമണ്ണിലുണ്ട്. മറ്റൊന്ന് തണ്ണിത്തോട്ടിലും. ഇതിൽ കൊടുമൺ പ്ലാന്റേഷനിലെ തോട്ടങ്ങളിൽ രാത്രി കയറി കുടിലുകെട്ടി. അപ്പോഴേക്കും ഞങ്ങൾക്കൊപ്പം നാലായിരത്തോളം പേർ സഹകരിക്കാൻ തുടങ്ങിയിരുന്നു. ഭൂമി പ്രശ്നമായതുകൊണ്ട് കൂടുതൽ ആളുകൾ ഞങ്ങൾക്കൊപ്പം ചേരാനും തുടങ്ങി. നാലായിരത്തിൽപ്പരം കുടിലുകളുണ്ടായിരുന്നു അവിടെ. ആ സമരം അഞ്ച് ദിവസം നീണ്ടു. അഞ്ചാമത്തെ ദിവസം റവന്യു മന്ത്രിയുടെ നിർദ്ദേശപ്രകാരം കളക്ടർ ചർച്ചയ്ക്ക് വിളിച്ചു. ആ ചർച്ചയുടെ ഫലമായി സമരം അവസാനിച്ചു. എന്നാൽ, സർക്കാർ വാഗ്ദാനം പാലിച്ചില്ല. അങ്ങനെ വന്നപ്പോൾ ഞങ്ങൾ ചെങ്ങറ എസ്റ്റേറ്റിൽ പ്രവേശിക്കുകയും വീണ്ടും സമരം ആരംഭിക്കുകയുമായിരുന്നു.
ചെങ്ങറ സമരത്തിന് ശേഷം ചെങ്ങറ മോഡൽ സമരം എന്ന പുതിയ സംജ്ഞ രൂപപ്പെട്ടു. ചെങ്ങറ സമരം മറ്റ് മുന്നേറ്റങ്ങൾക്ക് എന്തൊക്കെ വഴിയാണ് തുറന്നുകൊടുത്തത്?
ഒരു പൊതുമുതലും നശിപ്പിക്കാതെ, രക്തച്ചൊരിച്ചിലുണ്ടാകാതെ, പൊലീസുകാരുടെ തല്ലുകൊള്ളാതെ, നൂറുകണക്കിന് ആളുകൾ കേസിൽ പ്രതിയാകാതെ, ശാന്തവും സമാധാനവും നിയമപരവുമായി, കേരളത്തിൽ ആദ്യമായിട്ടാണ് ഒരു സമരം നടന്നത്. ഇത് മറ്റുള്ളവർക്ക് മാതൃകയായിരുന്നു. കാരണം, മറ്റാരെയും തോൽപ്പിക്കുകയായിരുന്നില്ല നമ്മൾ. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച്, ‘അത് തരാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ ഞങ്ങളങ്ങ് ഒടുങ്ങുക’ എന്നതായിരുന്നു എന്റെ ഡിമാൻഡ്. ഞങ്ങൾ ഒടുങ്ങുക, ഞങ്ങൾ ആത്മഹത്യ ചെയ്യുക. വേറെയാരെയും കൊല്ലാനോ അവർക്ക് എന്തെങ്കിലും നഷ്ടപ്പെടുത്താനോ എന്റെ സമരത്തിൽ ആരും തയ്യാറായില്ല. ഇനിയും എനിക്ക് ഇതേ മോഡലിൽ സമാധാനപരമായ പല സമരങ്ങളും ചെയ്യാൻ കഴിയും. ബഹളം വച്ചാലേ ലോകർ അറിയൂ, നാലഞ്ച് പേരെ കൊന്നാലേ സമരത്തിന് വീര്യമുള്ളൂ എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഇത് മറ്റുള്ളവർക്ക് കണ്ട് പഠിച്ചുകൂടേ?
അതുപോലെ പല സമരക്കാരും പിന്നീട് ചെങ്ങറ മോഡൽ എന്ന് തന്നെ സമരങ്ങളെ വിളിക്കാൻ തുടങ്ങിയല്ലോ? എന്റെ രീതികളെല്ലാം മാതൃകപരമായിരുന്നു. മുമ്പ് ആരും കാണിക്കാത്തതുമായിരുന്നു. നൂറ് ശതമാനം ലഹരിവിരുദ്ധമായിരുന്നു. ലഹരി ഉപയോഗിക്കുന്നവൻ സമരത്തിന് വരണ്ട. ലഹരി ഉപയോഗിക്കുന്നവനെ അവിടെ നിന്നും അടിച്ചോടിക്കുകയാണ് ചെയ്തിരുന്നത്.