കുടിയേറ്റക്കാരും കയ്യേറ്റക്കാരും റിയൽ എസ്റ്റേറ്റുകാരും റിസോർട്ട് നിർമാതാക്കളും കാറ്റാടി കമ്പനിക്കാരും നിരന്തരം ഭൂമി കയ്യേറുകയും വ്യാജ ആധാരം ചമക്കുകയും ചെയ്യുന്ന വാർത്തകൾ അട്ടപ്പാടിയിൽ നിന്നു വരുന്നത് അസാധാരണമല്ല. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള കയ്യേറ്റങ്ങൾ മൂലം 1982 വരെ തന്നെ 10,696 ഏക്കർ ആദിവാസി ഭൂമി കയ്യേറിക്കഴിഞ്ഞു എന്ന് ഔദ്യോഗിക റിപ്പോർട്ടുകളിൽ തന്നെ രേഖപ്പെടുത്തപ്പെട്ട ഒരിടമാണിത്.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് അവർക്കു തന്നെ നൽകാനുള്ള നിയമം 1975- ൽ തന്നെ കേരള നിയമസഭ പാസാക്കിയിരുന്നെങ്കിലും കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടുണ്ടായിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് അത് നടപ്പിലാക്കാതിരിക്കാൻ ആവുന്നതെല്ലാം ചെയ്യുകയും 1999-ൽ അത് അട്ടിമറിച്ച് പുതിയ നിയമമുണ്ടാക്കുകയും ചെയ്തു. ചെറുകിട കർഷകരെ കയ്യേറ്റഭൂമിയിൽ നിന്ന് ഒഴിപ്പിക്കുന്നത് ഒഴിവാക്കി 5 ഏക്കറിൽ കൂടുതലുള്ള അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുത്ത് ആദിവാസി ഉടമസ്ഥർക്ക് തിരിച്ചുനൽകാൻ ലക്ഷ്യമിട്ടാണ് ആ നിയമം നിർമിച്ചത് എന്നായിരുന്നു അന്നത്തെ എൽ.ഡി.എഫ് സർക്കാറിൻ്റെ വ്യാഖ്യാനമെങ്കിലും അന്യാധീനപ്പെട്ട വലിയ വിസ്തൃതിയിലുള്ള ഭൂമിയെങ്കിലും തിരിച്ചെടുക്കാൻ ആ സർക്കാരോ പിന്നീട് വന്ന സർക്കാരുകളോ ഒരു താൽപര്യവും കാണിച്ചില്ല.
1978-ല്‍ 150 ആദിവാസി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അട്ടപ്പാടിയിൽ ഭൂമി വിതരണം ചെയ്തിരുന്നു. അതിനുശേഷം, നായനാര്‍ മുഖ്യമന്ത്രിയും കെ.ഇ. ഇസ്മയില്‍ റവന്യൂമന്ത്രിയുമായിരിക്കെയാണ്, 1999-ല്‍ അട്ടപ്പാടിയില്‍ പട്ടയമഹാമേള നടക്കുന്നത്. ഭൂരഹിതരായ ഒരു ആദിവാസി പോലും ഇനി കേരളത്തിലുണ്ടാവില്ല എന്നാണ് അന്ന് ആ മേളയിൽ ഘോഷിക്കപ്പെട്ടത്. 1975-ലെ ആദിവാസി ഭൂനിയമം കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്തതിനു തൊട്ടുപിറകെയായിരുന്നു ഈ പട്ടയമേളാപ്രഹസനം. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കുപകരം ഭൂമി നല്‍കാനെന്ന മട്ടിൽ 99- ലെ നിയമത്തിൻ്റെ ന്യായസമർഥനമെന്ന നിലക്കാണ് മേള സംഘടിപ്പിച്ചത്. മേളയില്‍ 500 ആദിവാസികള്‍ക്ക് പട്ടയം നല്‍കി.
വ്യക്തികള്‍ നടത്തുന്ന നിയമലംഘനത്തേക്കാള്‍ വലിയ വഞ്ചനയാണ് സര്‍ക്കാര്‍ (മാറിമാറി അധികാരത്തിൽ വന്ന യു ഡി എഫും എൽ ഡി എ ഫും) ചെയ്തത്; ചെയ്തുകൊണ്ടിരിക്കുന്നത്. 1978-ല്‍ പട്ടയം കിട്ടിയ 150 പേരില്‍ 149 പേരുടെയും പട്ടയങ്ങള്‍ റദ്ദുചെയ്ത ഭൂമിയാണ് 1999-ല്‍ വിതരണം ചെയ്തത്. 32 വര്‍ഷമായി തങ്ങള്‍ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന പട്ടയം (അവരതിന് നികുതിയും അടയ്ക്കുന്നുണ്ടായിരുന്നു) തങ്ങളുടെ ഭൂമിക്ക് ലഭിച്ച പട്ടയം 11 വര്‍ഷം മുമ്പ് റദ്ദാക്കപ്പെ വിവരം ആദിവാസികള്‍ അറിയുന്നത് 1999-ലെ മഹാമേളയുടെ സമയത്ത് മാത്രമാണ്.
പട്ടയം ലഭിച്ച ഭൂമിയില്‍ താമസിക്കുകയോ കൃഷിചെയ്യുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്നു ബോധിപ്പിക്കാന്‍ ഹിയറിങ് വിളിച്ചിരുന്നെന്നും എന്നാൽ ആദിവാസികള്‍ ഹാജരായില്ലെന്നുമാണ് അധികൃതർ പറയുന്നത്. എന്നാല്‍, അങ്ങനെയൊരു കാര്യം തങ്ങള്‍ അറിഞ്ഞിട്ടേയില്ല എന്നാണ് ആദിവാസികള്‍ പറയുന്നത്.
മാത്രമല്ല, പട്ടയം കിട്ടിയ ഭൂമിയില്‍ താമസിക്കണമെങ്കില്‍ അത് അളന്നു തിരിച്ചുകൊടുക്കണമല്ലോ. അതുണ്ടായതുമില്ല. 1999- ലും അങ്ങനെത്തന്നെ സംഭവിച്ചു. ഭൂമി കയ്യേറി കുടിൽകെട്ടി താമസിക്കുന്ന രീതി അറിയാത്ത അട്ടപ്പാടിയിലെ ആദിവാസികള്‍ പട്ടയം മുളംപെട്ടിയിൽ ഭദ്രമായിവച്ച് ക്ഷമയോടെ കാത്തിരുന്നു. അവരുടെ ഭൂമി അളന്നുതിരിച്ച് വിതരണം ചെയ്യാനുള്ള നിരന്തരാപേക്ഷകൾ കേൾക്കാൻ റവന്യൂ അധികാരികൾ ഒരിക്കലും തയ്യാറായിരുന്നില്ല. ഒരേ ഭൂമി പല തവണ പലർക്ക് വിതരണം ചെയ്യുവാനുള്ള ശേഷി ഇതുവഴി സർക്കാർ സംവിധാനങ്ങൾ ആജിച്ചെടുക്കുകയും മെയ് വഴക്കത്തോടെ പുതിയ കയ്യേറ്റങ്ങൾക്കും വ്യാജരേഖാനിർമാണത്തിനും അവസരമൊരുക്കാൻ അരങ്ങൊരുക്കുകയും ചെയ്തു.
ആദിവാസി ഭൂമിയിലും വനഭൂമിയിലും പുതുതായി നടക്കുന്ന കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് കഴിഞ്ഞ 13ന് കെ.കെ. രമ എം.എൽ.എ നയിച്ച സംഘത്തോടൊപ്പം ആനക്കട്ടിയിലെ ഷോളയൂർ പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിയപ്പോൾ അമ്പതോളം ആദിവാസികൾ പ്ലാസ്റ്റിക്ക് കവറുകളിൽ തങ്ങളുടെ ആധാരവും പിടിച്ച് ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് കോട്ടത്തറ വില്ലേജിലെ അദ്ധ്വാനപ്പെട്ടിയിലെ 1275, 1819 സർവ്വേ നമ്പറുകളിൽ പുതിയതായി കയ്യേറ്റം നടന്ന മേഖലകളിലേക്കാണ് ഞങ്ങൾ പോയത്. തങ്ങളുടെ ഭൂമിയെവിടെയെന്നറിയാതെ കയ്യിൽ പട്ടയവും പിടിച്ച് നിരവധി സ്ത്രീകൾ വഴിവക്കിൽ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
അധ്വാനപ്പെട്ടിയിലേക്ക് പട്ടയം കിട്ടിവന്ന ചെങ്ങറക്കാർക്ക് വിതരണം ചെയ്ത ഭൂമിയിലേക്കടക്കം പ്രദേശങ്ങളിലേക്ക് വിശാലമായ റോഡുകൾ ജെ.സി.ബി ഉപയോഗിച്ച് വെട്ടിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. പരമ്പരാഗതമായ ആനത്താരകൾ ഉൾപ്പെടുന്ന പ്രദേശം പൂർണമായും വെട്ടി വെളുപ്പിച്ചിട്ടുണ്ടായിരുന്നു. വനഭൂമിയോടു ചേർന്ന ആദിവാസി ഭൂമിയും ചെങ്ങറക്കാർക്ക് വിതരണം ചെയ്ത ഭൂമിയും കൂടാതെ ജണ്ടകൾ മാറ്റി വനഭൂമിയും ആരൊക്കെയോ കയ്യേറിക്കഴിഞ്ഞ കാഴ്ചയാണ് അവിടെ കാണാൻ സാധിച്ചത്.
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ ഗായിക നഞ്ചിയമ്മയുടെ കുടുംബഭൂമി കയ്യേറ്റം ചെയ്യപ്പെട്ട റിപ്പോർട്ടാണ് വീണ്ടും അട്ടപ്പാടിയിലേക്ക് ജനശ്രദ്ധയെത്തിച്ചത്.
TLA 297/87 നമ്പർ കേസിൽ 1995 ൽ നാഗ മൂപ്പന് അനുകൂലമായി ഉണ്ടായ ഉത്തരവിനെതിരെ 2020- ൽ കെ.വി. മാത്യുവിനും ജോസഫ് കുര്യനും കൈമാറ്റം ചെയ്യാൻ അനുവാദം നൽകിക്കൊണ്ടുള്ള ഒറ്റപ്പാലം ആർ.ഡി.ഒയുടെ വിധിയാണ് നഞ്ചിയമ്മക്ക് ഭൂമി നഷ്ടപ്പെടാൻ ഇടയാക്കിയത്. (നഞ്ചിയമ്മയുടെ കുടുംബഭൂമി കയ്യേറ്റക്കേസിൽ ജോസഫ് കുര്യൻ കെ.വി. മാത്യു അൻസി തുടങ്ങിയവർ നായ്ക്കർ പാടിയിൽ കൈവശപ്പെടുത്തിയ 20 ഏക്കർ ഭൂമിക്ക് നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അവർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിട്ടുണ്ട് എന്നത് ആശ്വാസം.)
അട്ടപ്പാടിയിലെ ആദിവാസികളുടെ അന്യാധീനപ്പെട്ടദൂമി തിരിച്ചെടുക്കാനുള്ള 1975-ലെ നിയമത്തിന്റെ പരിധിയിൽ വരുന്ന നൂറുകണക്കിന് കയ്യേറ്റങ്ങൾക്ക് പരിഹാരം കാണാതെ വഞ്ചിക്കപ്പെട്ട സാഹചര്യം നിലനിൽക്കുമ്പോഴാണ്, റിയൽ എസ്റ്റേറ്റ്കാരുടെയും കോർപ്പറേറ്റ് സ്വഭാവമുള്ള നിക്ഷേപകരുടെയും കണ്ണുകൾ രണ്ടായിരത്തോടെ അട്ടപ്പാടിയിലെ ആദിവാസി ഭൂമിയിൽ വീണ്ടും പതിഞ്ഞത്. ആദിവാസികളെ ശാക്തീകരിക്കാനെന്ന പേരിൽ രൂപീകരിക്കപ്പെട്ട അഹാഡ്സ് (അട്ടപ്പാടി ഹിൽ ഏരിയ ഡവലപ്മെൻറ് സൊസൈറ്റി) എന്ന സർക്കാർ നിയന്ത്രിത എൻ.ജി.ഒയുടെ പ്രവർത്തനവും വളഞ്ഞ വഴിയിൽ ഭൂമി കയ്യടക്കുന്നതിന് കയ്യേറ്റക്കാർക്ക് സഹായകരമായി. ആദിവാസികളുടെ കയ്യിലുണ്ടായിരുന്നതും അവർ പുനംകൃഷിക്ക് ഉപയോഗിച്ചിരുന്നതും എന്നാൽ ആവശ്യമായ ഭൂരേഖകൾ ഇല്ലാതിരുന്നതുമായ ഭൂമി തിരിച്ചറിയാൻ അഹാർഡ്സിന്റെ സർവ്വേകൾ ഭൂമാഫിയക്ക് സഹായകരമായി. റവന്യൂ ഉദ്യോഗസ്ഥരും, അഗളി രജിസ്റ്റാർ ഓഫീസിലെ ഉദ്യോഗസ്ഥരും, ആധാരം എഴുത്തുകാരും ചേരുന്ന ഗൂഢസംഘമാണ് പുതിയ കയ്യേറ്റമുഖം തുറക്കുന്നത്.
കാറ്റാടി പാടങ്ങൾ വിവാദമായശേഷം ആദിവാസി ഭൂമി തട്ടിയെടുത്ത് വ്യാജ ആധാരങ്ങൾ നടന്നതിന്റെ വിവരങ്ങൾ സർക്കാർ നിയോഗിച്ച വിജിലൻസ് റിപ്പോർട്ടിലൂടെ 2013-ൽ പുറത്തുവന്നിരുന്നു. ആദിവാസി ഭൂമിയിലും സർക്കാർ ഭൂമിയിലും വ്യാജ ആധാരങ്ങൾ ഉണ്ടാക്കിയവർക്കെതിരെ യുക്തമായ നടപടി കൈക്കൊള്ളണമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർനടപടിയെടുക്കണമെന്ന് സർക്കാർ നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സംഘവും നിർദ്ദേശിച്ചിരുന്നു. അന്നത്തെ അന്വേഷണ പരിധിയിൽ വന്നിരുന്ന നൂറിലേറെ വരുന്ന വ്യാജ ആധാരങ്ങൾ റദ്ദാക്കപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല, അഗളി കേന്ദ്രമായി നടക്കുന്ന ഈ നിഗൂഢസംഘത്തിന്റെ കയ്യേറ്റം സർക്കാർ റവന്യൂ ഭൂമിയിലും, ആദിവാസികൾക്ക് പട്ടയം കൊടുത്ത ഭൂമിയിലും തുറന്ന നിലയിൽ നടക്കുകയാണ്. കോട്ടത്തറ വില്ലേജിലെ 1275 ,1819 എന്നീ സർവ്വേ നമ്പറുകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വ്യാജ ആധാരങ്ങളുണ്ടാക്കി കയ്യേറ്റം നടന്നുകൊണ്ടിരിക്കുന്നത്.
1999-ൽ ആദിവാസികൾക്ക് പട്ടയം കൊടുത്ത ഭൂമിയാണ് സർവ്വേ നമ്പർ 1819-ലേത്. ചെങ്ങറ സമരഭൂമിയിൽ ഉള്ളവർക്ക് ഇവിടെ പട്ടയം നൽകിയിട്ടുണ്ട്. സർവ്വേ നമ്പർ 1275-ൽ റവന്യൂ ഭൂമി മാത്രമാണുള്ളത്. ഈ സർവ്വേ നമ്പറിൽ പെട്ട ഭൂമിയിലും വൻതോതിൽ കയ്യേറ്റം നടന്നിട്ടുണ്ട്. ഇതിനോടുചേർന്ന് വനം വകുപ്പ് ജണ്ടയിട്ട ഭൂമിയിലും കയ്യേറ്റം നടന്നുകൊണ്ടിരിക്കുന്നു. ഇതിനകം 200-ഏക്കറോളം ഭൂമിയിൽ ജെ സി ബി ഉപയോഗിച്ച് കയ്യേറ്റം തുടരുന്നു. കേരളത്തിന് പുറത്തുള്ളവർ ഉൾപ്പെടെ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ ഉടമസ്ഥാവകാശം ഉണ്ടാക്കി എന്നതാണ് ഇപ്പോഴുള്ള സാഹചര്യം. നിരവധി പരാതികൾ കയ്യേറ്റം സംബന്ധിച്ച് സർക്കാരിനു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. 1999-ൽ പട്ടയം കിട്ടിയ ആദിവാസികളും, പോത്തുപ്പാടിയിൽ ഉൾപ്പെടെ ഭൂമി നഷ്ടപ്പെട്ടവരുമായ നിരവധി ആദിവാസി സ്ത്രീകളും സ്ഥലത്തെത്തി ഞങ്ങളോട് സംസാരിച്ചിരുന്നു. കയ്യേറ്റസ്ഥലം സന്ദർശനത്തിനുശേഷം കെ.കെ. രമ എം എൽ എയുടെ നേതൃത്വത്തിൽ പട്ടയം കിട്ടിയ ആദിവാസികളുമായി റവന്യു ഉദ്യോഗസ്ഥരെ കണ്ട്, ആദിവാസികൾക്ക് പതിച്ച് നൽകിയ ഭൂമിയിൽ അവരെ കുടിയിരുത്താൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
അട്ടപ്പാടിയിലെ ആദിവാസിഭൂമി അന്യാധീനപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അതൊരു തുടർക്കഥയാണ്. കുടിയേറ്റക്കാർ, കയ്യേറ്റക്കാർ, റിയൽ എസ്റ്റേറ്റുകാർ, റിസോർട്ടുകാർ, കാറ്റാടിക്കമ്പനികൾ, ഇവർക്കൊക്കൊപ്പം നില്ക്കുന്ന അഴിമതിക്കാരായ ചില ഉദ്യോഗസ്ഥർ, നിയമലംഘനങ്ങൾ, വ്യാജപ്പട്ടയങ്ങൾ, വിവാദങ്ങൾ, അന്വേഷണപ്രഹസനങ്ങൾ വർഷങ്ങളായി ഒരു മാറ്റവുമില്ലാതെ അത് തുടരുകയാണ്.