കേരളത്തിലിപ്പോഴും അടിമകളുണ്ട് ! വിശ്വസിക്കുമോ ?

വികസനക്കുതിപ്പിനെക്കുറിച്ചുള്ള മുഖ്യധാരാ കേരള വാഴ്ത്തുകൾ അതിർത്തി ഗ്രാമത്തിലെ ഈ ജാതി അടിമകളെ കാണാനിടയില്ല. ആയിരക്കണക്കിന് കോടികൾ ചെലവഴിച്ചുകൊണ്ടുള്ള വികസന പദ്ധതികളുമായി സർക്കാർ സംവിധാനങ്ങൾ മുന്നോട്ടുപോകുന്ന കേരളത്തിൽ തന്നെയാണ് തൊഴുത്തുകൾക്ക് സമാനമായ ചോർ‌ന്നൊലിക്കുന്ന കൂരകളിൽ, നിലക്കാത്ത മഴയിൽ, കുറേ മനുഷ്യർ ആടുമാടുകളെ പോലെ കഴിയുന്നത്. വിശാലമായ ഭൂമിയിൽ കൃഷി ചെയ്ത് ജീവിച്ചിരുന്ന മലസർ വിഭാഗത്തിൽപ്പെട്ട ഗോത്ര തലമുറയുടെ പിൻമുറക്കാരാണിവർ. ഭൂമിയെല്ലാം പ്രബലജാതിക്കാരുടെ കൈകളിലെത്തിയപ്പോൾ അവർ കൗണ്ടർമാരുടെ തോട്ടങ്ങളിൽ പണിക്കാരായി. അടിമ ജീവിതം സഹിച്ചുമടുത്ത അവർ മനുഷ്യരെപ്പോലെ നിവർന്നുനിൽക്കാനായി, കൃഷി ചെയ്യാനും കിടന്നുറങ്ങാനും തങ്ങൾക്കവകാശപ്പെട്ട ഭൂമി ആവശ്യപ്പെട്ടപ്പോൾ സർക്കാർ തിരികെ ചോദിച്ചത് നിങ്ങൾ ആരാണ് എന്നാണ്. ഞങ്ങൾ ആദിവാസികളാണെന്ന അവരുടെ ഉത്തരത്തിന് സർക്കാറിന്റെ മറുചോദ്യം അതിനെന്താണ് തെളിവെന്നാണ്. ദളിതരും ആദിവാസികളും അടിച്ചമർത്തപ്പെടുന്ന ഈ ലോകത്ത് ആദിവാസികളായി പോലും അംഗീകരിക്കാത്ത ഇതുപോലുള്ള അടിമ മനുഷ്യർ കേരള മോഡൽ വികസനത്തിന്റെ ആരും കാണാത്ത പുറമ്പോക്കുകളിൽ തളച്ചിടപ്പെടുകയാണ്.

Comments