മുത്തങ്ങ സമരത്തെതുടർന്ന് പൊലീസ് അറസ്റ്റു ചെയ്ത സി.കെ. ജാനു.

കുറുമാട്ടിയുടെ
അനിയൻ ജോഗിയും
ചാലിഗദ്ധ എന്ന ഞാനും

‘‘ചാലിഗദ്ധയിൽ നിന്നാണ് മുത്തങ്ങ സമരത്തിന്റെ ആരംഭം. അവിടുന്നാണ് അരയിൽ ചുവന്ന പട്ട് കെട്ടി തുടിയെടുത്ത് ചീനിയും മാമൻപേരപ്പനും കുളിയപ്പനുമെല്ലാം ഒരുങ്ങിറങ്ങിയത്’’- സുകുമാരൻ ചാലിഗദ്ധ എഴുതുന്നു.

കുട്ടിക്കാലം ആസ്വദിച്ച് ജീവിച്ചോണ്ടിരിക്കുകയായിരുന്നു ഞാൻ. എനിക്കോ കോളനിയിലെ മുതിർന്നവർക്കോ പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഒന്നുകിൽ കാട്ടിൽ പോയി വിറക് ശേഖരിക്കുക, ഞണ്ടും മീനും പിടിക്കുക, എന്നിട്ട് വീട്ടിലെത്തി പാചകം ചെയ്ത്, മക്കളെയും വിരുന്നുകാരെയും കൂട്ടി ഒന്നിച്ചിരുന്ന് കഴിച്ച്, കളിയും കാര്യവും പറഞ്ഞ്, കിടന്നുറങ്ങി നേരം വെളുപ്പിച്ച്, വീണ്ടും പണിക്കുപോകുക.

ഈയൊരു ആഘോഷത്തിലേക്കാണ് ഒരു കാലത്ത് കോളനിയിലേക്ക് സാക്ഷരതാപഠനം വരുന്നത്. മുതിർന്നവർ എഴുത്തും വായനയും പഠിക്കാൻ തുടങ്ങി. പത്രങ്ങളും മനോരമ, മംഗളം വാരികകളിലെ നോവലുകളും വായിച്ച് തനത് സംസാരരീതിയിൽനിന്ന് പുറത്തു കടന്നുവരികയായിരുന്നു.

അന്ന് ഞാൻ കുഞ്ഞാണ്, ഒന്നിൽ പഠിക്കുന്നു. മുതിർന്നവരുടെ അനുഭവ കഥകൾ കേട്ടാണ് വളരുന്നത്. എന്റെ അമ്മയുടെ അമ്മ കുറുമാട്ടിയും കാളി പെരിയാട്ടിയും നെയ്ക്കാളി ഇത്തിയമ്മയും അവരുടെ കുട്ടിക്കാല കഥകൾ, ഭൂമിയുടെ കഥകൾ, റേഡിയോയിലെന്ന പോലെ കേൾപ്പിച്ചുതരും. എന്റെ ചെവികൾ സദാ അവരുടെ കഥകളിലേക്ക് ഒട്ടിച്ചേർന്നിരിക്കും.

25 സെന്റ് സ്ഥലം 25 രൂപയ്ക്ക് പേരപ്പൻ കുടിയേറ്റക്കാർക്ക് കൊടുത്തത്.
കൃഷി വെക്കാൻ തെളിച്ചെടുത്ത മണ്ണിലേക്ക് ചാമയും മുതിരയും എള്ളും വിതയ്ക്കുമ്പോ കുടിയേറ്റക്കാരുടെ അടിയും തൊഴിയും തെറിയും കേട്ട് ഓടിയൊളിച്ചത്.

കേട്ട പല അനുഭവങ്ങളും എന്നിൽ വല്ലാത്ത സങ്കടവും അമർഷവുമുണ്ടാക്കി, പോരാടണമെന്ന തോന്നലുണ്ടാക്കി.

മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ് ശരീരം തളർന്നുപോയ ചാലിഗദ്ധ കോളനിയിലെ മാതൻ പാക്കൻ. 2018 ൽ ഇദ്ദേഹം മരണപ്പെട്ടു. / Photo: Shafeeq Thamarassery
മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ് ശരീരം തളർന്നുപോയ ചാലിഗദ്ധ കോളനിയിലെ മാതൻ പാക്കൻ. 2018 ൽ ഇദ്ദേഹം മരണപ്പെട്ടു. / Photo: Shafeeq Thamarassery

മുത്തങ്ങ ഞങ്ങളുടെ സ്വന്തം ഭൂമിയാണ്. ഞങ്ങളുടെ അധ്വാനത്തിന്റെ മണം അവിടെയുണ്ട്. അതുകൊണ്ടാണ് അവിടെ കൃഷിയിറക്കാനും പക്ഷികളെ വളർത്താനും മൃഗങ്ങളെ മേയ്ക്കാനും ഞങ്ങൾ മേനിഞ്ഞിറങ്ങിയത്.

പുറമ്പോക്കിലും പുഴയരികിലും കുറച്ച് സ്ഥലം തെളിച്ച് മുള വീട് വെച്ച് സുഖകരമായി കഴിഞ്ഞിരുന്നൊരു കാലം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നതും ഭൂമിയേയും സൂര്യനേയും മഴയേയും വെയിലിനെയും തണുപ്പിനെയും തണലിനെയും കുളിരിനെയും പുഴയെയും തോടിനെയും മീനിനെയും കാണുന്നതും അനുഭവിക്കുന്നതും. ആ കാണലിലൂടെ ഞാൻ പത്താം ക്ലാസ് വരെ എത്തി. ചാലിഗദ്ധയിൽനിന്ന് ആദ്യമായി പത്താം ക്ലാസ് പാസ്സായ കുട്ടികൾ ഞാനും അനിയൻ സുനിയുമായിരുന്നു, അവൻ മരിച്ചു പോയി. സാരമില്ല.

ഞാൻ പത്തിൽ പഠിക്കുന്ന സമയം. ചാലിഗദ്ധയിലേക്ക് എന്റെ പേരമ്മ സി. കെ. ജാനു എത്തുന്നു. എല്ലാവരേയും കൂട്ടി, ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഞാനും അതു കേട്ട് ലയിച്ചിരുന്നു. പോരാളിയാവണമെന്നൊരു തീരുമാനം അവിടെവെച്ചുണ്ടാകുന്നു. എന്റെ വിദ്യാഭ്യാസം ജാനുവമ്മയുടെ വാക്കുകൾക്കൊപ്പം വളരാൻ തുടങ്ങി. ഭൂമിക്കുവേണ്ടി സമരം ചെയ്യാൻ പേരമ്മ എന്തുകൊണ്ടാണ് ചാലിഗദ്ധയെ തെരഞ്ഞെടുത്തത് എന്നാലോചിച്ചുനോക്കി. അപ്പോൾ തോന്നി, ചാലിഗദ്ധക്ക് കുറച്ച് ശക്തിയുണ്ട്. അവിടെനിന്നാണ് ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വേരുകൾ മുളച്ചുപൊന്തി വയനാട്ടിലെ സകല കോളനികളിലേക്കും സകല മനുഷ്യരിലേക്കും പർന്നുകയറിയത്. സി.കെ. ജാനു കൊളുത്തിയ ആ തീ ചാലിഗദ്ധയാണ് പടർത്തിവിട്ടത്. ആ പടർച്ചയിൽ എല്ലാവരും ആടിയും പാടിയും ആനന്ദിച്ചും ഒന്നിച്ചു. ഞങ്ങൾ സ്വന്തമായ ഒരു ലോകമുണ്ടാകാൻ പോകുന്നു. ആരെയും ആശ്രയിക്കാതെ ജീവിതം നയിക്കാനുള്ള മണ്ണും വെള്ളവും കിട്ടും. അവിടെ കൃഷി ചെയ്യാം. ഞങ്ങളുടെ ഒരു സ്വയഭരണപ്രദേശം.

മുത്തങ്ങ സമരത്തിൽ പങ്കെടുത്ത ചാലിഗദ്ദ കോളനിയിൽ നിന്നുള്ള മല്ലി എന്ന ആദിവാസി സ്ത്രീ / Photo: Shafeeq Thamarassery
മുത്തങ്ങ സമരത്തിൽ പങ്കെടുത്ത ചാലിഗദ്ദ കോളനിയിൽ നിന്നുള്ള മല്ലി എന്ന ആദിവാസി സ്ത്രീ / Photo: Shafeeq Thamarassery

ചാലിഗദ്ധയിൽ നിന്നായിരുന്നു മുത്തങ്ങ സമരത്തിന്റെ ആരംഭം. അവിടുന്നാണ് അരയിൽ ചുവന്ന പട്ട് കെട്ടി തുടിയെടുത്ത് ചീനി, (തൊറുവാളി) മക്കമറി, അവ്വ, പെരുമ, മാമൻപേരപ്പൻ, കുളിയപ്പൻ എന്നിവർ തീരുമാനിച്ചിറങ്ങിയത്.

അതിനിടയിൽ ഒരു കാര്യം സൂചിപ്പിക്കാം. മുത്തങ്ങ സമരത്തിൽ വെടിയേറ്റു മരിച്ച ജോഗി എന്റെ അമ്മയുടെ അമ്മ കുറുമാട്ടിയുടെ അനിയനാണ്. ഞാൻ കുഞ്ഞുന്നാളിലേ കണ്ടിട്ടുള്ളൂ, പിന്നീട് കണ്ടിട്ടില്ല. എന്നിരുന്നാലും ജോഗിയെപ്പോലെയുള്ള കുറുമാട്ടിയുടെ ഒരു മകൻ ഇപ്പോഴുമുണ്ട്; എന്റമ്മയുടെ അനിയൻ സുധാകരൻ. ഞങ്ങളുടെ കുടുംബം എല്ലാവരും താടിക്കാരാണ്. താടിയില്ലാതെ പറ്റില്ല.

വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ സി. കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇപ്പോൾ 10% ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ...

ഇനി, സമരത്തിലേക്ക് വരാം.

ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തോട് പോലീസോ മറ്റ് അധികാരികളോ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലായിരുന്നു.
ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തോട് പോലീസോ മറ്റ് അധികാരികളോ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലായിരുന്നു.

ചാലിഗദ്ധ ഒരു കന്നട പേരാണ്, എങ്കിലും കേരളത്തിലാണ്. അവിടെനിന്നായിരുന്നു ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ തുടക്കം. ഭക്ഷണത്തിന് ആരോടും ഇരക്കേണ്ടതില്ലാത്ത സ്വതന്ത്ര ജീവിതമായിരുന്നു ഞങ്ങൾക്കുവേണ്ടത്. അതുകൊണ്ടുതന്നെ ആ യാത്രയിൽ എല്ലാവരും ചേർന്നു. മുത്തങ്ങ ഞങ്ങളുടെ സ്വന്തം ഭൂമിയാണ്. ഞങ്ങളുടെ അധ്വാനത്തിന്റെ മണം അവിടെയുണ്ട്. അതുകൊണ്ടാണ് അവിടെ കൃഷിയിറക്കാനും പക്ഷികളെ വളർത്താനും മൃഗങ്ങളെ മേയ്ക്കാനും ഞങ്ങൾ മേനിഞ്ഞിറങ്ങിയത്. ആ മേനിച്ചിറക്കത്തിൽ മുളവെട്ടി കമ്പും നാട്ടി തറ മെഴുകി സുന്ദരമായിരു യൊരു വീടും കെട്ടി അടുപ്പ് മെഴുകി കലം വെച്ച് അരി വെച്ച് കറിവെച്ച് മക്കൾക്കും വന്നവർക്കെല്ലാം തീറ്റ കൊടുത്ത് കൊടുംകാട്ടിൽ കിടന്നുറങ്ങി. നേരം വെളുക്കാറാകുമ്പോൾ കാട്ടിൽ പോയി വെള്ളവും വിറകും ശേഖരിച്ച് കുടിലേക്കുവരും. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ആ കാട്ടിലെ ഒരു മൃഗവും ആദിവാസിയെ ഉപദ്രവിച്ചിട്ടില്ല.

ഒരു ജനത അവരുടെ അവകാശത്തിന് പോരാടുമ്പോൾ, അവിടുത്തെ ജനത തന്നെ അവരെ ആക്രമിക്കുന്നു. അത് അത്രയ്ക്ക് ശരിയായ പ്രവർത്തിയല്ലെന്ന് എല്ലാവർക്കും അറിയാം.
ഒരു ജനത അവരുടെ അവകാശത്തിന് പോരാടുമ്പോൾ, അവിടുത്തെ ജനത തന്നെ അവരെ ആക്രമിക്കുന്നു. അത് അത്രയ്ക്ക് ശരിയായ പ്രവർത്തിയല്ലെന്ന് എല്ലാവർക്കും അറിയാം.

വെടിയൊച്ചയിൽനിന്ന് രക്ഷപ്പെട്ട് ഒത്തിരിപ്പേര് ഞാൻ പഠിച്ച ഹോസ്റ്റലിൽ അഭയം തേടി. അവരെ സ്നേഹത്തോടെ ഞങ്ങളെല്ലാവരും ചേർന്ന് ഒളിപ്പിച്ചുവെച്ചു.

എന്റപ്പനും അളിയനും മുത്തങ്ങയിൽ പോയിരുന്നു. അമ്മയും ഞാനും മാത്രമേ വീട്ടിലുള്ളൂ. എനിക്കും മുത്തങ്ങയിൽ പോണമെന്ന് അമ്മയോടു പറഞ്ഞപ്പോൾ അമ്മ 25 കോഴിമുട്ട തന്നു. അത് വിറ്റിട്ടാണ് ഞാൻ മുത്തങ്ങയിൽ പോയത്. ഒരാഴ്ച അവിടെയുണ്ടായിരുന്നു. പിന്നെ വീട്ടിലേക്കുവന്ന്, നേരെ ഹോസ്റ്റലിൽ പോയി പഠിപ്പ് തുടർന്നു. ഒരു ദിവസം പത്രത്തിൽനിന്നാണ് ഞങ്ങളെല്ലാവരെയും ഞെട്ടിച്ച ആ വിവരമറിഞ്ഞത്. ഞങ്ങളിൽ അത് പോരാട്ടവീര്യം നിറച്ചു. കാട്ടിക്കുളം ടൗണിൽ സമരം സംഘടിപ്പിക്കാൻ ഞാൻ തീരുമാനിച്ചെങ്കിലും നടന്നില്ല.

വെടിയൊച്ചയിൽനിന്ന് രക്ഷപ്പെട്ട് ഒത്തിരിപ്പേര് ഞാൻ പഠിച്ച ഹോസ്റ്റലിൽ അഭയം തേടി. അവരെ സ്നേഹത്തോടെ ഞങ്ങളെല്ലാവരും ചേർന്ന് ഒളിപ്പിച്ചുവെച്ചു. അഞ്ചു മക്കളെയും ചുമന്ന് അപ്പനും അമ്മയും ആ കാട്ടിൽ നിന്ന് എങ്ങനെയോ വീട്ടിലെത്തി. എന്റപ്പന്റെ തലയിൽ നല്ല അടി കിട്ടിയതിന്റെ മുറിവുണ്ടായിരുന്നു. അളിയൻ രക്ഷപ്പെട്ടു. സമരത്തിൽ പങ്കെടുത്ത പല സ്ത്രീകളും പുരുഷരും കുഞ്ഞുകുട്ടികളുമെല്ലാം കുറച്ച് കാലം കൊണ്ടുതന്നെ മരിച്ചു.

മുത്തങ്ങ സമരത്തിൽ പൊലീസിന്റെ വെടിയേറ്റു മരിച്ച ജോഗി.
മുത്തങ്ങ സമരത്തിൽ പൊലീസിന്റെ വെടിയേറ്റു മരിച്ച ജോഗി.

ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തോട് പോലീസോ മറ്റ് അധികാരികളോ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലായിരുന്നു. ഒരു ജനത അവരുടെ അവകാശത്തിന് പോരാടുമ്പോൾ, അവിടുത്തെ ജനത തന്നെ അവരെ ആക്രമിക്കുന്നു. അത് അത്രയ്ക്ക് ശരിയായ പ്രവർത്തിയല്ലെന്ന് എല്ലാവർക്കും അറിയാം. കാരണം, അവർ സ്വന്തമായി, സ്വയമായി ജീവിച്ചുപോന്ന മണ്ണ് കട്ടെടുത്തവർ നിങ്ങളാണ്. എന്താ, ആദിവാസികൾ മലയാളികളല്ലേ?.

ഞങ്ങളുടെ ഭൂമി തട്ടിയെടുത്തവർ ഓർക്കുക, ഞങ്ങളും കേരളത്തിലുള്ളവരാണ്. ഞങ്ങളോട് ​ക്രൂരത കാട്ടിയ മനുഷ്യരോട് ഞങ്ങൾ പറയുന്നു; ഭൂമി ചോദിക്കുന്നത് ഞങ്ങളുടെ സ്വാതന്ത്ര്യവും ഞങ്ങളുടെ അവകാശവുമാണ്. ആ സ്വാതന്ത്ര്യവും അവകാശവും ഞങ്ങളിൽനിന്ന് കവർന്നെടുക്കാനാകില്ല.


Summary: Jogi, who was killed in police firing on Muthanga protesters in 2003 at Wayanad and Adivasi Land Struggle, Sukumaran Chaligadha writes.


സുകുമാരൻ ചാലിഗദ്ധ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments