തുടക്കം മുതൽ മുത്തങ്ങ സമരത്തിൽ ഞാൻ പങ്കാളിയാണ്. പണിയ വിഭാഗക്കാരനായ എനിക്ക് സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല.
നൂൽപ്പുഴ പഞ്ചായത്തിലെ ക്ഷയരോഗ- കുഷ്ഠരോഗ ബാധിതർക്ക് മരുന്ന് എത്തിച്ചുകൊടുക്കുന്ന ജോലിയാണ് ഞാൻ ചെയ്തിരുന്നത്. നമ്പിക്കുഴി എന്ന സ്ഥലത്തുനിന്ന് കുറെ രോഗികൾ മുത്തങ്ങയിലേക്ക് പോയപ്പോൾ ഞാനും അവർക്കൊപ്പം പോയി.
ഒരുപാട് പേർ ജയിലിലായിരുന്ന കാലത്ത് അവരുടെ കുടുംബങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഗീതാനന്ദൻ മാഷാണുണ്ടായിരുന്നത്.
കോളനികളിൽനിന്നും ഊരുകളിൽനിന്നും എല്ലാ കുടുംബങ്ങളും സമരത്തിൽ പങ്കാളികളായിരുന്നു. സമരത്തിനുമുമ്പ് ഊരുസഭകൾ ചേർന്ന് ഓരോ വീട്ടിൽനിന്നും ദിവസം ഒരു നാഴി അരി ശേഖരിച്ചുവെച്ചാണ് എല്ലാവരും മുത്തങ്ങയിലേക്ക് കയറിയത്. ഇതിനായി എല്ലാ കുടുംബങ്ങളും ഒറ്റക്കെട്ടായി നിന്നു. എല്ല പ്രശ്നങ്ങളും പരസ്പരം സഹായിച്ച് പരിഹരിച്ചു. ആന ചവുട്ടി കലക്കിയ വെള്ളമായിരുന്നു അവിടെയുണ്ടായിരുന്നത്. നല്ല വെള്ളം എത്തിക്കാനുള്ള ഏർപ്പാടെല്ലാം ചെയ്തു. ആരോഗ്യപ്രശ്നമുള്ള കുട്ടികളെ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കി. ഒന്നര മാസത്തോളം ഞങ്ങൾ സമാധാനപരമായി ജീവിച്ചു. കാരണം, അത് ഞങ്ങളുടെ സ്വന്തം ഭൂമി തന്നെയായിരുന്നു.

റൂട്ട് മാർച്ചൊക്കെ നടത്തി പൊലീസ് ഭയാന്തരീക്ഷമുണ്ടാക്കി. കാട് നന്നായി ഉണങ്ങിനിൽക്കുന്ന സമയമായിരുന്നു. കാടിന് തീയിട്ടുകൊണ്ടാണ് പൊലീസ് അതിക്രമം തുടങ്ങിയത്. ആനപ്പിണ്ഡത്തിൽ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് എറിയാൻ ഫോറസ്റ്റുകാർ പറഞ്ഞതായി ഒരു പയ്യൻ എന്നോട് പറഞ്ഞിരുന്നു. അത് ശരിയായിരുന്നു. ഞങ്ങളുടെ കുടിലുകളും സാധനങ്ങളും അവർ തീയിട്ടു നശിപ്പിച്ചു. ശരിക്കും ഭീകരാന്തരീക്ഷമായിരുന്നു. എന്റെ കുടുംബം മുഴുവൻ അവിടെയായിരുന്നു. ഭാര്യ ആശയും അവരുടെ അമ്മ മുരിങ്ങയുമെല്ലാം ഉണ്ടായിരുന്നു. അവർ ഓടി പുറത്തുവന്നു. പൊലീസ് എന്നെ ഒരുപാട് അടിച്ചു. മുളക്കുറ്റി കൊണ്ടുള്ള ഏറിൽ തലയ്ക്ക് ചെറിയ പരിക്കുപറ്റി. ഞാൻ പിടികൊടുത്തില്ല, ഓടി രക്ഷപ്പെട്ട് തകരപ്പാടിയിലെത്തി. പൊൻകുഴി വരെ പോയപ്പോൾ കാട്ടിൽ മുന്നൂറോളം കുടുംബങ്ങൾ ഉണ്ടായിരുന്നു. പൊലീസ് ആക്രമണത്തിൽ തുടയിൽ എന്തോ കയറി മരത്തിനുചുവട്ടിൽ കിടക്കുകയായിരുന്ന ഒരാളെ അവിടെ കണ്ടു, അയാളെയുമെടുത്ത് പൊൻകുഴി അമ്പലത്തിന്റെ അടുത്തെത്തിച്ചു.
സമരത്തിനുശേഷമുള്ള ഞങ്ങളുടെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. കേസിന്റെ പേരിൽ, ഞാൻ ജോലി ചെയ്തിരുന്ന എൻ.ജി.ഒയിൽനിന്ന് ഒഴിവാക്കി. സാധാരണ പണിക്കുപോയാണ് ജീവിതം.

ഭൂമി ഇല്ലാത്തതുതന്നെയാണ് ഇപ്പോഴും ഞങ്ങളുടെ പ്രശ്നം. ആദിവാസി ഗോത്രമഹാസഭയുടെ പ്രവർത്തകനായ എനിക്ക് ഭൂമി കിട്ടിയില്ല. അതുകൊണ്ടുതന്നെ, ഭൂരഹിതരായ ആയിരക്കണക്കിന് മനുഷ്യരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത ഗീതാനന്ദൻ മാഷ് എനിക്ക് ദൈവമാണ്. മുത്തങ്ങ സമരകാലത്തും അതിനുശേഷവും മാഷുമായി അടുത്ത ബന്ധമുണ്ട്. സമരം കഴിഞ്ഞശേഷം, കേസിൽ പ്രതികളാക്കപ്പെട്ട 350-ഓളം പേരെ ഓരോ മാസവും വയനാട്ടിൽനിന്ന് എറണാകുളത്തെ കോടതിയിലേക്ക് കൊണ്ടുപോയിരുന്നതെല്ലാം മാഷ് ഒറ്റക്കായിരുന്നുവെന്നു പറയാം. മാഷിന്റെ കൂടെ ഞാനുമുണ്ടായിരുന്നു. ഇതിന്റെ ചെലവിനുവേണ്ടി മാഷ് നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് പേർ ജയിലിലായിരുന്ന കാലത്ത് അവരുടെ കുടുംബങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനും മാഷാണുണ്ടായിരുന്നത്. എന്റെ മകൾ ആര്യ പാലക്കാട് പിംസ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ്. മകളുടെ പഠനത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് മാഷാണ്.

ഞങ്ങൾക്കറിയാം, മാഷ് കുറ്റം ചെയ്തിട്ടില്ല. സമാധാനപരമായും സന്തോഷത്തോടെയുമാണ് ഞങ്ങൾ മുത്തങ്ങയിൽ കഴിഞ്ഞത്. പൊതുജനങ്ങൾക്കും കാടിനും ഉദ്യോഗസ്ഥർക്കും ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കും ഒരുതരത്തിലും ഞങ്ങൾ ദ്രോഹം ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഞങ്ങളെ പൊലീസ് ദ്രോഹിച്ചത്? എന്തിനാണ് മാഷെ ജയിലിലടച്ചത്?
ഈ ചോദ്യം ഞങ്ങൾ, ആദിവാസികൾ ഉറക്കെ ചോദിച്ചുകൊണ്ടിരിക്കും. കൈയിലെ അഞ്ചു വിരലിൽ ഒരു വിരൽ പോയാലും നാലെണ്ണം ബാക്കിയുണ്ടല്ലോ. ഇപ്പോഴും വയനാട്ടിലെ ആദിവാസികൾക്ക് വീടിനുപോലുമുള്ള സ്ഥലമില്ല. ഞങ്ങൾക്ക് ഭൂമി വേണം. അതിനായി ഇനിയും സമരം ചെയ്യേണ്ടിവന്നാൽ ഞങ്ങൾ അതിന് തയ്യാറാണ്.
