2003-ൽ മുത്തങ്ങ സമരം നടക്കുമ്പോൾ എനിക്ക് മൂന്നു വയസ്സാണ്. ബാല്യം മുതൽ ഞങ്ങൾ കേട്ടുവളരുന്നത് മുത്തങ്ങയിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ചും കേസിന്റെ കാര്യങ്ങളുമൊക്കെയാണ്. സ്ത്രീകൾക്കെതിരായ അതിക്രൂരമായ ആക്രമണങ്ങൾ, ഗർഭിണികളടക്കമുള്ളവർ നേരിട്ട മർദ്ദനങ്ങൾ. പല കാര്യങ്ങളും അച്ഛൻ ഇപ്പോഴും ഞങ്ങളോട് പറഞ്ഞിട്ടില്ല. ‘മക്കളല്ലേ, എങ്ങനെയാണ് നിങ്ങളോട് അതെല്ലാം പറയുക’ എന്നാണ് അച്ഛൻ പറയാറ്. അത്രയ്ക്കും ക്രൂരമായ കാര്യങ്ങളാണ് അന്ന് മുത്തങ്ങയിൽ നടന്നത്. തമിഴ് സംസാരിക്കുന്ന ആളായതിനാൽ അച്ഛന് എൽ.ടി.ടി.ഇയുമായി ബന്ധമുണ്ടെന്നും നക്‌സലൈറ്റ് മൂവ്‌മെന്റിലുള്ള ആളാണെന്നും അന്ന് പ്രചാരണം നടത്തിയിരുന്നു. എന്റെ വീട്ടിലും ചുറ്റുമുള്ള കുടുംബങ്ങളിലും സമരത്തിൽ പങ്കെടുത്ത എല്ലാവരും കടുത്ത ആക്രമണത്തിനിരയായവരാണ്. 23 വർഷമായി അവരുടെ ജീവിതം കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇപ്പോൾ, മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട കേസുകളിൽ വന്ന വിധി, പൊലീസും സർക്കാറും സിസ്റ്റവും കാണിച്ച അതേ വിവേചനവും നീതികേടും അതേപടി തുടരുന്ന അനുഭവമാണ് ഞങ്ങൾക്കുണ്ടാക്കുന്നത്. പൊലീസുകാരൻ വിനോദ് മരിച്ച കേസിൽ നിരപരാധിയെന്നു പറഞ്ഞ് ഗീതാനന്ദൻ മാഷ് അടക്കമുള്ളവരെ വെറുതെവിട്ടു എന്നു കേൾക്കുമ്പോൾ ഞങ്ങൾക്ക് ആശ്വസിക്കാൻ കഴിയുന്നില്ല. കാരണം, അവർ അന്നും നിരപരാധികളായിരുന്നു. അവരുടെ മേൽ കെട്ടിച്ചമച്ച കേസായിരുന്നു ഇത്. 23 വർഷം അവരെ കേസിലൂടെ വലിച്ചിഴച്ചശേഷം, ഇപ്പോൾ വെറുതെവിട്ടിരിക്കുന്നു എന്നു പറഞ്ഞാൽ, എല്ലാം അനുഭവിച്ച ആദിവാസികൾക്ക് ഈ വിധിയോട് യോജിക്കാനാകില്ല.
ആദിവാസികൾ മുത്തങ്ങയിൽ പോയത് ആരെയും ആക്രമിക്കാനായിരുന്നില്ല. പാരമ്പര്യമായി അവർക്ക് അവകാശപ്പെട്ട ഭൂമിയിൽ ജീവിക്കാനാണ് പോയത്. സ്വസ്ഥതയോടെയാണ് അവർ അവിടെ കഴിഞ്ഞിരുന്നത്. ഈ പൊലീസ് ആക്രമണത്തോടെയാണ് അത് തകർക്കപ്പെട്ടത്.
സർക്കാറിന്റെയും പൊലീസിന്റെയും പൂർണമായ താൽപര്യപ്രകാരമാണ് മുത്തങ്ങയിൽ അന്ന് ഈ സംഭവം ഉണ്ടായത്. പൂർണ ഉത്തരവാദികൾ അന്നത്തെ സർക്കാർ സംവിധാനവും പൊതുസമൂഹവുമാണ്. പൊലീസ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട് നമ്പിക്കൊല്ലി ഭാഗത്ത് എത്തിയവരെ അവിടെയുണ്ടായിരുന്നവർ തല്ലിച്ചതച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് പൊതുസമൂഹത്തിന് ഈ കുറ്റകൃത്യത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.

ഈ കേസിൽ പറയുന്നുണ്ട്, ഒരു മീറ്ററിനുള്ളിലാണ് രണ്ടു മരണങ്ങളും സംഭവിച്ചത് എന്ന്. എന്നാൽ, പൊലീസുകാരന്റെ മരണം കൊലപാതകവും ജോഗിയുടേത് സ്വാഭാവിക മരണവുമായി മാറി. എഫ്.ഐ.ആർ ഉണ്ടെന്നതല്ലാതെ ഒരുതരം അന്വേഷണവും ജോഗിയുടെ മരണത്തിലുണ്ടായിട്ടില്ല. വിധി വരുമ്പോൾ പോലും, അത് അവർക്ക് അനുകൂലമാണ്. പൊലീസുകാർക്ക് നഷ്ടപരിഹാരം കിട്ടുന്നു, എന്നാൽ, കൊല്ലപ്പെട്ട ജോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും നീതിയും ലഭിച്ചില്ല. അന്ന്, നാലു വയസ്സുള്ള കുട്ടികളുടെ പോലും തല തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. ക്രൂര മർദ്ദനമേറ്റവർക്കോ വീട് നഷ്ടപ്പെട്ടവർക്കോ നീതി ലഭിച്ചില്ല. പകരം, ഒരു പൊലീസുകാരന്റെ കൊലപാതകം എന്ന നിലയിൽ ഈ സംഭവങ്ങളെയാകെ ചുരുക്കി. സി.ബി.ഐ എന്താണ് ശരിക്കും അന്വേഷിച്ചത്? ആദിവാസികളെ അതിക്രൂരമായി ഉപദ്രവിച്ച ഒരു പൊലീസുകാരന്റെ പേരിൽ പോലും നടപടിയില്ല. അവർ ഇപ്പോഴും സർവീസിൽ തുടരുന്നു. എന്നാൽ, ആദിവാസികൾ കേസിന്റെയും കോടതിയുടെയും പുറകെ നടക്കുകയായിരുന്നു, 23 വർഷവും. അതുകൊണ്ടുതന്നെ അതിന്മേൽ വരുന്ന വിധി അംഗീകരിക്കാൻ ഞങ്ങൾ, പുതിയ തലമുറയിലുള്ളവർക്ക് ബുദ്ധിമുട്ടുണ്ട്. അപ്പോൾ, സമരത്തിന്റെ ഭാഗമായവരുടെ കാര്യം പറയാനില്ലല്ലോ.
ഞങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യാനുള്ള ധൈര്യം മുത്തങ്ങ സമരം ഞങ്ങളുടെ ഉള്ളിൽ നിറച്ചിട്ടുണ്ട്. ഇനിയൊരു മുത്തങ്ങ ആവർത്തിക്കാനാണെങ്കിൽ അതിനും ഞങ്ങൾ തയാറാണ്.
മുത്തങ്ങയിലെ ഭൂമി ആദിവാസികൾക്ക് അവകാശപ്പെട്ടതാണ്. അവരുടെ സ്വന്തം ഭൂമിയിൽ അവർ കൈയേറ്റക്കാരായി മാറുകയായിരുന്നു. സ്വന്തം ഭൂമിയിൽ ജീവിക്കണമെന്ന തീരുമാനവുമായാണ് എല്ലാവരും അന്ന് മുത്തങ്ങയിലേക്ക് പോയത്. ഞങ്ങളുടെ ഊരിൽനിന്ന് എല്ലാവരും സമരത്തിലുണ്ടായിരുന്നു. ആദിവാസി സംസ്‌കാരമനുസരിച്ചുള്ള ജീവിതമായിരുന്നു മുത്തങ്ങ സമരഭൂമിയിലുണ്ടായിരുന്നത്. കുടിൽ കെട്ടി, അതിനു ചുറ്റും കൃഷി ചെയ്താണ് കുടുംബങ്ങൾ കഴിഞ്ഞത്. കുട്ടികൾക്ക് ക്ലാസ് എടുത്തുകൊടുക്കാൻ സൗകര്യമേർപ്പെടുത്തി. തനതായ പാട്ടും പരിപാടികളുമെല്ലാമുണ്ടായിരുന്നു. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവർത്തനവും അവിടെയുണ്ടായിരുന്നില്ല.
18 റൗണ്ടാണ് പൊലീസ് വെടിവെച്ചത്. അതിനുമുമ്പ് തീയിട്ട് കുടിലുകൾ കത്തിച്ച് ആദിവാസികളെ ഓടിക്കാൻ നോക്കി. പൊലീസ് കമ്പുകൾ കത്തിച്ച് എറിഞ്ഞ് ശരീരത്തിൽ പൊള്ളിയ പാടുകളുള്ളവർ ഇപ്പോഴുമുണ്ട്. ഗർഭിണിയായിരുന്ന ബിന്ദു ചേച്ചിയെ നിലത്തിട്ട് വലിച്ചിഴക്കുകയും മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. വീടുകളെല്ലാം നശിപ്പിച്ചു. ആനയും കടുവയും വരുന്ന ഉൾക്കാട്ടിലേക്കാണ് അവരെ പൊലീസ് ഓടിച്ചുകയറ്റിയത്.

സമരം കഴിഞ്ഞും പൊലീസ് ഭീകരാവസ്ഥ തുടർന്നു. എല്ലാ കോളനികളിലും പൊലീസ് അന്വേഷണത്തിനെന്ന പേരിൽ വന്ന് എല്ലാം അടിച്ചുടച്ചു, എല്ലാവരെയും പേടിപ്പിച്ചു. പൊലീസ് കടന്നുപോയ എല്ലാ ഊരുകളിലും ആളുകൾ പേടിച്ചുവിറച്ചാണ് കഴിഞ്ഞിരുന്നത്.
മുത്തങ്ങ സമരം നടന്നപ്പോൾ എല്ലാവരും ആദിവാസികൾക്ക് എതിരായിരുന്നു. മാധ്യമങ്ങളും സർക്കാറും ഞങ്ങളെ കൈയേറ്റക്കാരായാണ് കണ്ടത്. സമരത്തിനുശേഷം ഞങ്ങൾക്ക് ഭൂമി തന്നു എന്ന് പറയുന്നുണ്ട്. എന്നാൽ, കിട്ടിയ ഭൂമി വാസയോഗ്യമായിരുന്നില്ല. മരിയനാട് സമരമെല്ലാം അതിന്റെ ഭാഗമായി കാണാം. ഇ ഗ്രാന്റിനുവേണ്ടി ഇന്നും ഞങ്ങൾക്ക് സമരം ചെയ്യേണ്ടിവരുന്നു.
പോരാട്ടം എന്ന രീതിയിൽ മുത്തങ്ങ സമരം ഞങ്ങൾക്ക് വലിയ കരുത്ത് നൽകുന്നുണ്ട്. ഞങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യാനുള്ള ധൈര്യം ഈ സമരം ഞങ്ങളുടെ ഉള്ളിൽ നിറച്ചിട്ടുണ്ട്. ഇനിയൊരു മുത്തങ്ങ ആവർത്തിക്കാനാണെങ്കിൽ അതിനും ഞങ്ങൾ തയാറാണ്. പുതിയ തലമുറ പ്രതികരിക്കുക തന്നെ ചെയ്യും.
നിയമം ഞങ്ങളുടെ സംരക്ഷണത്തിനുണ്ടാകും എന്ന വിശ്വാസം, ഈ വിധി വന്നതോടെ ഇല്ലാതാകുകയാണ്. ആരോടാണ് സംസാരിക്കേണ്ടത്, എവിടെനിന്നാണ് നീതി കിട്ടുക എന്ന ആശങ്കയിലാണ് ഞങ്ങൾ. കാരണം, ഗീതാനന്ദൻ മാഷ് അടക്കമുള്ളവരെ കുറ്റവാളികളായി കാണാൻ ഞങ്ങൾക്കാകില്ല. അന്ന് സമരത്തിലുള്ളതും അല്ലാത്തതുമായ എല്ലാവരുടെയും പേരിൽ കേസെടുത്തിരുന്നു. ഇപ്പോഴും അവർ വേട്ടയാടപ്പെടുകയാണ്. 23 വർഷത്തിനുശേഷം, കേസിൽ വിധി വരുന്ന സമയത്തും, അന്നും ഇന്നും ഭരണകൂടത്തിന്റെ മനോഭാവത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. മുത്തങ്ങയിലെ പോരാട്ടം ഒരു ക്രിമിനൽ കേസല്ല എന്ന് തിരുത്തേണ്ടത് ഞങ്ങളുടെ കൂടി ആവശ്യമാണ്.


