ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ 2001-ൽ തിരുവനന്തപുരത്ത് നടന്ന കുടിൽകെട്ടി സമരത്തിലും 2003-ൽ നടന്ന മുത്തങ്ങ സമരത്തിലും സജീവമായി പങ്കെടുത്ത വേടർ സമുദായാംഗമാണ് ഞാൻ.
വേടർ രണ്ടു വിഭാഗമുണ്ട്; എസ്.ടിയിൽ ഉൾപ്പെടുന്ന മലവേടർ വിഭാഗവും എസ്.സിയിലുള്ള വേടർ സമുദായവും. സാമ്പത്തികമായും സാമൂഹികമായും ഏറ്റവും ദുർബല വിഭാഗത്തിലുള്ളവരാണ്. ഞാൻ പട്ടികജാതി വേടർ വിഭാഗത്തിൽ പെട്ടയാളാണ്. എന്നാൽ, ഞങ്ങളുടെ തന്നെ കൊല്ലത്തും തിരുവനന്തപുരത്തെ മലയോരപ്രദേശങ്ങളിൽ വനമേഖലയോട് ചേർന്നും ജീവിക്കുന്ന സഹോദരങ്ങൾ എസ്.ടിയാണ്. ഞങ്ങളുടെ സമുദായത്തിൽ അങ്ങനെയൊരു പ്രശ്‌നമുണ്ട്. വേടർ സമുദായത്തെ എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് 15 വർഷമായി ഞങ്ങൾ സമരത്തിലാണ്.
ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടന്ന ഭൂസമരങ്ങളിൽ ഞങ്ങളുടെ കോളനിയിൽനിന്ന് ധാരാളം പേർ പങ്കെടുത്തിട്ടുണ്ട്.
മുത്തങ്ങ സമരകാലത്ത്, 2003-ൽ, എനിക്ക് ആറു വയസ്സാണ്. അമ്മൂമ്മ ഗോത്രമഹാസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതിനാൽ വീട്ടിലെപ്പോഴും പ്രവർത്തകരെയും നേതാക്കളെയും കാണാമായിരുന്നു. ഒരു ദിവസം ഞാൻ സ്‌കൂളിൽനിന്ന് വരുമ്പോൾ കാണുന്നത്, എല്ലാവരും സെക്രട്ടറിയേറ്റിനുമുന്നിൽ കുടിൽകെട്ടി സമരത്തിന് പോകുന്നതാണ്. എന്തിനാണ് എന്നുപോലും മനസ്സിലാകാതെ, ഞങ്ങൾ കുട്ടികളും സ്‌കൂളിൽ പോലും പോകാതെയാണ് സെക്രട്ടേറിയറ്റിനു മുന്നിലിരുന്നത്. കുടുംബസമേതമാണ് എല്ലാവരും സമരത്തിനെത്തിയത്.
തുടർന്ന്, മുത്തങ്ങയിൽ നടന്ന കുടിൽകെട്ടൽ സമരത്തിലും തിരുവനന്തപുരത്തുനിന്ന് എന്റെ ചില ബന്ധുക്കൾ പോയിരുന്നു. പൊലീസുകാരൻ വിനോദിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട, മരിച്ചുപോയ അശോകൻ, വിജയൻ, ബിനു, ഹരിദാസ് തുടങ്ങിയവർ സമരമുഖത്തുണ്ടായിരുന്നു. ഇവർ നേരിട്ട മർദ്ദനങ്ങൾ ചെറുപ്പത്തിലേ കേട്ടാണ് ഞങ്ങൾ വളരുന്നത്.

മുത്തങ്ങ സമരത്തിനുശേഷം, 2003 നവംബർ ഒമ്പതിന് കുട്ടികൾക്കുവേണ്ടി ഒരു വിദ്യാർത്ഥി കൂട്ടായ്മയുണ്ടാക്കി. മുത്തങ്ങ സമരത്തിൽ പങ്കെടുത്തവരാണ് ഞങ്ങൾക്ക് ക്ലാസെടുക്കാനെത്തിയത്. മുത്തങ്ങ സമരത്തിന്റെ രാഷ്ട്രീയം കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ ഈ ക്ലാസുകളിൽ വിശദീകരിച്ചിരുന്നു. ഭൂമിയുടെ മേൽ നമുക്ക് അവകാശമുണ്ട്, അതിനായുള്ള സമരത്തിന് പോയത് ഇവരൊക്കെയാണ്, എന്താണ് വിഭവാധികാരം എന്നെല്ലാം ഞങ്ങൾ കേൾക്കുന്നുണ്ട്, ചെറിയ തോതിൽ മനസ്സിലാക്കുന്നുണ്ട്. അന്ന് ഞങ്ങൾ കേട്ട ഒരു കഥയാണ് ബിനു അണ്ണൻേറത്. ഇപ്പോൾ ഗീതാനന്ദൻ മാഷുടെ കൂടെ ജയിലിൽ കഴിയുന്ന വ്യക്തി. എൽ.എൽ.ബി പാസായ ആളാണ്. സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു അണ്ണൻ. നട്ടെല്ലിനും കാലിലുമൊക്കെയാണ് പൊലീസ് അവരെ അടിച്ചത്. ബിനു അണ്ണന്റെ ബോധം കെട്ടുപോയി. അശോകൻ, ബിനു തുടങ്ങിയവരെ പൊലീസ് ചാക്കിൽ കെട്ടിയാണ് വച്ചിരുന്നത്. അശോകൻ ചേട്ടന് ഡിഗ്രിയുണ്ടായിരുന്നു. ഭാവി തന്നെ പണയപ്പെടുത്തിയാണ് അദ്ദേഹവും സമരത്തിലേക്കിറങ്ങിയത്. കോവിഡ് കാലത്താണ് അദ്ദേഹം മരിച്ചത്. അമ്മ മാത്രമേയുള്ളൂ. അദ്ദേഹത്തിനുമേൽ ചുമത്തിയ കൊലപാതകക്കുറ്റം ഒഴിവാക്കാൻ അമ്മയെക്കൊണ്ട് അപ്പീൽ കൊടുക്കണം എന്നാണ് ആലോചന.
2014-ൽ ആദിവാസി ഗോത്രമഹാസഭ സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ നിൽപ്പ് സമരത്തിലും ഞങ്ങൾ പങ്കെടുത്തിരുന്നു. നിൽപ്പ് സമരത്തെ തുടർന്ന് കണ്ണൂർ ആറളം ഫാമിൽ ഭൂമി അനുവദിച്ചു. ആ സമയം അവിടെ കേരളത്തിലെ ആദിവാസി- ദലിത് വിദ്യാർത്ഥികളുടെ ഒരു സംഗമം വിളിച്ചുചേർത്തു. അവിടെവെച്ചാണ് ഗീതാനന്ദൻ മാഷ് ഒരു വിദ്യാർത്ഥി കൂട്ടായ്മ എന്ന ആശയം പങ്കിടുന്നത്. അങ്ങനെ ഗോത്രമഹാസഭയുടെ കീഴിൽ ആദിശക്തി സമ്മർ സ്‌കൂൾ തുടങ്ങി.

2016-ലായിരുന്നു വയനാട്ടിൽ ആദിശക്തിയുടെ ആദ്യ ക്യാമ്പ്. അപ്പോഴും ഞാൻ ആദിവാസിയാണോ വേടനാണോ എന്ന ആശയക്കുഴപ്പമുണ്ട്. വയനാട്ടിലെ പണിയർ, കണ്ണൂരിലെ ഇരുളർ വിഭാഗങ്ങളിൽനിന്നുള്ളവരടക്കം പാലക്കാട്, ഇടുക്കി തുടങ്ങി കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് 500-ഓളം വിദ്യാർത്ഥികൾ ക്യാമ്പിനെത്തിയിരുന്നു. ആദ്യ സെഷനിൽ ‘ആദിവാസി എന്നതിൽ അഭിമാനിക്കുന്നുണ്ടോ’ എന്ന ചോദ്യമുണ്ടായിരുന്നു. ‘ഞാൻ ആദിവാസിയല്ല, വേടനാണ്’ എന്ന് മറുപടി പറഞ്ഞു. അപ്പോൾ അവിടെയുള്ളവർ തിരുത്തി; നമ്മളെല്ലാവരും ആദിവാസികളാണ്, നമുക്ക് സംസ്‌കാരമുണ്ട്, ഭാഷയുണ്ട്, കലയുണ്ട്, ഭൂമിയുടെ മേൽ അവകാശമുണ്ട്. നമുക്ക് ഏറ്റവും ആവശ്യം ഭൂമിയാണ്, നമ്മിൽനിന്ന് ഏറ്റവും കൂടുതൽ തട്ടിയെടുക്കപ്പെടുന്നതും ഭൂമിയാണ്, നമ്മളെ പറ്റിക്കുന്നതും ഭൂമിയ്ക്കുവേണ്ടിയാണ്.
നമ്മൾ ദലിതനും ആദിവാസിയുമാണ് എന്ന തിരിച്ചറിവിലാണ് ക്ലാസ് തുടങ്ങുന്നത്. നേതൃശേഷിയുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്തതിൽ തിരുവനന്തപുരം ജില്ലയിൽനിന്ന് ഞാനുമുണ്ടായിരുന്നു, ജില്ലാ കോ ഓഡിനേറ്ററായി.

2017-ലാണ് ക്യാമ്പിനായി വീണ്ടും വയനാട്ടിലേക്കു പോയത്. കണ്ണൂരിൽനിന്നും തിരുവനന്തപുരത്തുനിന്നുമൊക്കെ വന്ന വിദ്യാർത്ഥികളെല്ലാം മുത്തങ്ങ സമരത്തിൽ പങ്കെടുത്തവരുടെ മക്കളും ചെറുമക്കളുമായിരുന്നു. ഇത് എന്നെ സംബന്ധിച്ച് ഒരു തിരിച്ചറിവായിരുന്നു. ഈ ക്യാമ്പിലാണ് മുത്തങ്ങ സമരത്തിന്റെ ഡോക്യുമെന്ററി കാണുന്നത്. ന്യൂസ് ചാനലുകളിലും നരിവേട്ട സിനിമയിലുമൊന്നും കാണുന്നതല്ല യാഥാർഥ്യം എന്ന് മനസ്സിലായി. അശോകൻ കലക്ടറുമായി കമ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരുന്ന ആളാണെന്ന് ഈ ഡോക്യുമെന്ററിയിൽ വ്യക്തമായി കാണാം. അശോകൻ വിനോദിനെ വെട്ടിക്കൊന്നു എന്നാണ് കേസിൽ എഴുതിവെച്ചത്. സാക്ഷികൾ പൊലീസുകാർ തന്നെയാണ്. ജോഗി വെടിയേറ്റു മരിച്ചത് എങ്ങനെയാണ് എന്ന് അന്വേഷിച്ചിട്ടില്ലല്ലോ. അതിനുശേഷം, ഫെബ്രുവരി 19ന് നടക്കുന്ന ജോഗി അനുസ്മരണത്തിൽ ഞാൻ മുടങ്ങാതെ പങ്കെടുക്കാറുണ്ട്.
2018-19ൽ ആദിശക്തി അഡ്മിഷൻ ഹെൽപ്പ് ഡെസ്‌ക് തുടങ്ങി. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ ഓറിയൻേറഷൻ ക്യാമ്പ് സംഘടിപ്പിച്ചും ഊരുകളിൽ ചെന്ന് കുട്ടികളെ ക്യാമ്പുകളിലെത്തിച്ചും ഉപരിപഠനത്തിന്റെ പ്രാധാന്യം പറഞ്ഞ് മനസ്സിലാക്കും. നിരവധി കുട്ടികൾ ഇങ്ങനെ ഉപരിപഠനത്തിലേക്ക് വന്നിട്ടുണ്ട്. ക്യാമ്പുകളിലെത്തുന്നവരിൽനിന്ന് ഉപരിപഠനത്തിന് താൽപര്യമുള്ളവരെ കണ്ടെത്തിയാണ് പഠനസഹായം നൽകിയിരുന്നത്. മുത്തങ്ങ സമരപാശ്ചാത്തലമായിരിക്കാം, ആദിശക്തി സമ്മർ സ്കൂൾ എന്ന വിദ്യാർത്ഥികൂട്ടായ്മയെയും അവകാശപോരാട്ട സംഘടനയായി വികസിപ്പിച്ചത്. ഇ ഗ്രാന്റ്‌സിനുവേണ്ടി ആദിശക്തി ഏഴെട്ടു സമരങ്ങൾ വയനാട്ടിലും തിരുവനന്തപുരത്തും നടത്തിയിട്ടുണ്ട്.

മുത്തങ്ങ സമരമാണ്, എന്നെ ഒരുപാട് പ്രതിഷേധങ്ങളുടെ ഭാഗമാക്കിയത്. ജന്റർ ഇക്വാലിറ്റിയെക്കുറിച്ചും ആദിവാസി- ദലിത് രാഷ്ട്രീയത്തെക്കുറിച്ചും അംബേദ്കറെക്കുറിച്ചുമുള്ള അറിവുകളുണ്ടായത് മുത്തങ്ങ സമരം മൂലമാണ്. ഇല്ലെങ്കിൽ, വിദ്യാഭ്യാസം കഴിഞ്ഞ് വെറുമൊരു സർക്കാർ ജോലിക്കാരനായി കഴിഞ്ഞുകൂടുമായിരുന്നു.
ഭൂമിയാണ് ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനം എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ അമ്മൂമ്മ അധ്യാപികയായിരുന്നു. അവർ പണ്ടു തന്നെ പലയിടത്തായി ഭൂമി വാങ്ങിയിട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട് അമ്മ ഇപ്പോൾ സ്ട്രഗ്ൾ ചെയ്യുന്നില്ല. ഈ ഭൂമിയിൽ കൃഷി ചെയ്ത് ഞങ്ങൾക്ക് ജീവിക്കാം. ഇതേ ലോജിക്കാണ് എല്ലാ ആദിവാസികൾക്കുമുള്ളത്. സ്വന്തമായി ഭൂമിയുണ്ടെങ്കിൽ അവർക്ക് അവിടെ വീടു വെക്കാം, കൃഷി ചെയ്ത് ജീവിക്കാം.
ഗീതാനന്ദൻ മാഷ് പറയാറുണ്ട്, വിദ്യാഭ്യാസം പ്രധാനമാണ്, ആക്റ്റീവായി നിൽക്കാൻ വിദ്യാഭ്യാസം വേണം, നമ്മളെ തകർക്കാൻ പറ്റുന്നത് വിദ്യാഭ്യാസം നിഷേധിച്ചിട്ടാണ് എന്ന്. അത് ഞങ്ങൾ, പുതിയ തലമുറയിലെ വിദ്യാർത്ഥികൾ എപ്പോഴും ഓർക്കുന്ന കാര്യമാണ്.
