മുത്തങ്ങ ഭൂസമരത്തിനെതിരെ പൊലീസ് നടത്തിയ അതിക്രൂരമായ ആദിവാസി വേട്ടയിൽ, കസ്റ്റഡിയിലെ മാനസിക- ശാരീരിക പീഡനത്തെതുടർന്ന് 25 പേർ മരിച്ചതായി സമരത്തിന് നേതൃത്വം നൽകിയ സി.കെ. ജാനു. ട്രൂകോപ്പി വെബ്സീനിൽ തുടരുന്ന ‘അടിമമക്ക’ എന്ന ആത്മകഥയിലാണ്, കേരളം കണ്ട ഏറ്റവും ഭീകരമായ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
‘‘തികച്ചും ജനാധിപത്യപരമായ ഒരു സമരത്തെ ഭീകരപ്രവർത്തനമായി ചിത്രീകരിച്ച്, വന്യജീവി സങ്കേതം കയ്യേറി എന്ന കള്ളക്കഥയുണ്ടാക്കി ഭീകരമായി ഞങ്ങളെ ആക്രമിക്കുകയായിരുന്നു. പൊലീസ്അടി തുടങ്ങിയപ്പോൾ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞുമായി കാട്ടിലേക്ക് ഓടിപ്പോവേണ്ടി വന്ന പുലിതൂക്കി കോളനിയിലെ മാളു ദിവസങ്ങളോളം കാട്ടിൽ പെട്ടുപോയി. അവശതയിലായ അമ്മയെയും കുഞ്ഞിനെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാൻ സർക്കാർ ആശുപത്രി വാഹനം വിട്ടുകൊടുക്കാൻ മടിച്ചു. കുഞ്ഞായതുകൊണ്ട് പൊതിഞ്ഞുകൊണ്ടുപോയാൽ പോരേ എന്നാണവർ ചോദിച്ചത്. ഇത് പ്രശ്‌നമായപ്പോൾ രണ്ടാം ദിവസമാണ് വാഹനം വിട്ടുകൊടുത്തത്. കുഞ്ഞിനെ അടക്കിയ ഉടൻ മുത്തങ്ങ സമരത്തിന്റെ പേരിൽ മാളുവിനെ പൊലീസ് അറസ്റ്റുചെയ്തു. കുഞ്ഞിന്റെ മരണവും, ഭാര്യയുടെ അറസ്റ്റും മാനസികമായി തകർത്തുകളഞ്ഞ നാരായണനും മരിച്ചു. മുത്തങ്ങ സമരത്തിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞു മടങ്ങിയ ഞേണൻ, മൂന്നാം ദിവസം രക്തം ചർദ്ദിച്ച് ആശുപത്രിയിൽ മരിച്ചു. മർദ്ദനമേറ്റ് മനോനില തെറ്റി പിന്നീട് തൂങ്ങിമരിച്ച ഗോപാലൻ, മർദ്ദനത്തിനിരയായി ആരോഗ്യം തകർന്ന് ശരിയായ ചികിത്സ കിട്ടാതെ മരിച്ച പെരുവൻ തുടങ്ങി ഇരുപത്തഞ്ചോളം പേരാണ് കസ്റ്റഡിയിലെ മാനസിക- ശാരീരിക പീഡനത്തെതുടർന്ന് മരിച്ചത്.’’- ജാനു എഴുതുന്നു.
‘‘സമരം നടന്ന സമയത്ത് ജോഗിയണ്ണൻ മാത്രമേ മരിച്ചുള്ളൂ. പൊലീസിന്റ ക്രൂരമർദ്ദനങ്ങൾക്കിരയായി പിന്നീട് ഓരോരുത്തരായി മരിക്കുകയായിരുന്നു. പൊലീസ് മർദ്ദനത്തിന്റെ ദുരിതം പേറുന്നവർ നിരവധിയാണ്. അംഗവൈകല്യം സംഭവിച്ചവരുണ്ട്, ഗുരുതര പരിക്കേറ്റവരുണ്ട്. അവരിൽ പലരും ജീവിച്ചിരിക്കുന്ന രകതസാക്ഷികളാണ്. ബൂട്ടിട്ട് ഇടിച്ച് എന്റെ നെഞ്ചിലുണ്ടായ മുഴ ഇപ്പോഴും കല്ലിച്ച് നിൽക്കുന്നുണ്ട്. പനിയും, ശരീരവേദനയും വരുമ്പോൾ അതിന്റെ വേദന കൂടും.’’
‘‘മുത്തങ്ങ സമരം ആസൂത്രണം ചെയ്തതിൽ ചില തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. സായുധ വിപ്ലവത്തിന്റെ ഏർപ്പാടൊന്നും ഞങ്ങൾക്കറിയില്ല. പ്രതികരിക്കുന്നവരെ മാവോയിസ്റ്റുകളാക്കുന്നത് ഭരണകൂട അജണ്ടയാണ്. കേരളത്തിലെ മുഴുവൻ പൊലീസും പട്ടാളവും മുത്തങ്ങയിൽ അരിച്ചുപെറുക്കിയിട്ടും ഒരു ഓലപ്പടക്കം പോലും കിട്ടിയില്ല. മറ്റ് സംഘടനകൾ ഞങ്ങളുടെ പിന്നിലുണ്ടായിരുന്നുവെങ്കിൽ ഒരു നാടൻബോംബെങ്കിലും അന്നവിടെ കാണുമായിരുന്നു. എന്നിട്ടും ഞങ്ങൾക്ക് തീവ്രവാദബന്ധമുണ്ട്, തീവ്രവാദപരിശീലനം നേടിയാണ് മുത്തങ്ങയിൽ കേറിയത് എന്നെല്ലാം പറഞ്ഞു പരത്തി. മുത്തങ്ങയിൽ നിന്ന് പൊലീസിന് കിട്ടിയ ആയുധങ്ങൾ വിറക് വെട്ടാനുള്ള കോടാലി, വാക്കത്തി, കാട് വയക്കാനുള്ള അരിവാൾ, തൂമ്പ തുടങ്ങിയ പണിയായുധങ്ങളായിരുന്നു.’’
‘‘ചില രാഷ്ട്രീയക്കാർ ആദിവാസികളെ ഭീഷണിപ്പെടുത്തി മുത്തങ്ങ സമരത്തിനെതിരെയും, എനിക്കെതിരെയും പറയിപ്പിച്ചു. മാധ്യമങ്ങളടക്കം മുഴുവൻ സംവിധാനങ്ങളും ഞങ്ങൾക്കെതിരായിരുന്നു. ഭൂരഹിതരായ ആദിവാസികളുടെ സമരം എന്ന നിലയിലല്ല, തീവ്രവാദ സംഘടനയുടെയും മാവോയിസ്റ്റുകളുടെയും സാന്നിധ്യമുണ്ടെന്ന് പറഞ്ഞാണ് മാധ്യമങ്ങൾ മുത്തങ്ങ സമരത്തെ ഫോക്കസ് ചെയ്തത്. ’’
‘‘അന്നത്തെ മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണ് മുത്തങ്ങയിൽ വെടിവെപ്പ് നടന്നത്. ‘ആദർശധീരനായ’ മുഖ്യമന്ത്രി അധികാരത്തിലിരുന്ന സമയത്ത് സമൂഹത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയിൽ ജീവിക്കുന്ന ആദിവാസികൾക്കുനേരെ നടത്തിയ അതിക്രൂരമായ നരനായാട്ടിൽ കേരളീയ സമൂഹത്തിനുതന്നെ ലജ്ജിച്ച് തലകുനിക്കേണ്ടിവന്നു. അന്നത്തെ വനം വകുപ്പ് മന്ത്രി ആദിവാസികളെ മനുഷ്യരായിപോലും പരിഗണിച്ചില്ല. ആദിവാസികൾ മുഴുവൻ കുറ്റക്കാരെന്ന നിലയിൽ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ടാണ് കുറ്റവാളികൾക്ക് നഷ്ടപരിഹാരം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞത്. മുത്തങ്ങ സമരത്തിനുപിന്നിൽ സി.കെ. ജാനുവിന്റെ രഹസ്യ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.’’
‘‘ആദിവാസി ഗോത്ര മഹാസഭയെ നിരോധിക്കുമെന്ന് വനംവകുപ്പ് മന്ത്രിയും അന്നത്തെ കെ.പി.സി.സി പ്രസിഡന്റും പറഞ്ഞിരുന്നു. നക്‌സലുകളെന്നും, സായുധ കലാപകാരികൾ എന്നുമാണ് എന്നെയും ഗീതാനന്ദനെയും കെ.പി.സി.സി. പ്രസിഡൻറ് വിശേഷിപ്പിച്ചത്. എന്റെ സമരത്തിനുപിന്നിൽ ദേശവിരുദ്ധ ശക്തികളുണ്ടെന്നാണ് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി ആരോപിച്ചത്. ആദിവാസികളോടുള്ള ഇവരുടെയെല്ലാം മനോഭാവമാണ് ഇവരുടെതന്നെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പുറത്തുവന്നത്. ’’
‘‘മുത്തങ്ങ സമരത്തിന്റെ പേരിലെടുത്ത കേസുകൾ നിലനിൽക്കുന്നുണ്ട്. പൊലീസുകാരനെ കൊന്നുവെന്ന കേസിന്റെ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. പൊലീസുകാരും റവന്യു ഉദ്യോഗസ്ഥരും, വനംവകുപ്പ് ജീവനക്കാരും, നാട്ടുകാരുമായിരുന്നു സാക്ഷികൾ. അവർ ചൂണ്ടിക്കാണിച്ചവരുടെ പേരിലെല്ലാം കൊലക്കുറ്റത്തിന് കേസെടുത്തു. സി.ബി.ഐ കേസ് ഏറ്റെടുത്തപ്പോൾ യഥാർത്ഥ അന്വേഷണമൊന്നും നടത്തിയില്ല. അന്വേഷണത്തിനൊടുവിൽ ആദിവാസികളെല്ലാം അതിക്രമികളായി. ലോക്കൽ പൊലീസ് എഴുതിയതും പറഞ്ഞതുമായ റിപ്പോർട്ടുകൾ അംഗീകരിക്കുന്ന പണിയാണ് സി.ബി.ഐ ചെയ്തത്. ഞങ്ങൾക്ക് അനുകൂലമായ റിപ്പോർട്ടുകൾ ഏറെയുണ്ടായിട്ടും നീതിയുടെ വാതിലുകൾ ഇന്നും കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്.’’
മുത്തങ്ങ വെടിവെപ്പ് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ
‘അടിമമക്ക’, സി.കെ. ജാനുവിന്റെ ആത്മകഥ തുടരുന്നു
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 105
വായിക്കാം, കേൾക്കാം