സ്വന്തം ഭൂമിയിൽ കൃഷിയിറക്കൽ സമരവുമായി നഞ്ചിയമ്മ,
കൈയേറ്റങ്ങൾക്കുമുന്നിൽ കണ്ണടച്ച് സർക്കാർ

അഗളിയിലുള്ള തന്റെ നാലേക്കർ പാരമ്പര്യ സ്വത്തിലാണ് നഞ്ചിയമ്മ കൃഷിയിറക്കാനെത്തിയത്. നിലവിൽ അവരുടെ ഭൂമിക്കുമേൽ അവകാശവാദം ഉന്നയിക്കുന്നവരും അവിടെയുണ്ടായിരുന്നു. നഞ്ചിയമ്മ ഉയർത്തുന്ന പ്രശ്‌നങ്ങൾ ജൂലൈ 19-ന് ചർച്ചചെയ്യാമെന്ന തഹസിൽദാരുടെ ഉറപ്പിൻമേൽ കൃഷിയിറക്കാതെ അവർ മടങ്ങി. വ്യാജരേഖകൾ ചമച്ച് സർക്കാർ സംവിധാനങ്ങളുടെ ഒത്താശയോടെ ആദിവാസി ഭൂമിയിൽ നടത്തുന്ന കയ്യേറ്റങ്ങൾക്കെതിരായ ആദിവാസികളുടെ ചെറുത്തുനിൽപ്പിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് നഞ്ചിയമ്മയുടെ പ്രതിഷേധം.

മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മ അട്ടപ്പാടി അഗളിയിലെ തന്റെ ഭൂമിയിൽ നടത്തുന്ന കൃഷിയിറക്കൽ സമരം ആദിവാസി ഭൂമി കയ്യേറ്റങ്ങൾക്കെതിരെ ആദിവാസികൾ നടത്തിക്കൊണ്ടിരിക്കുന്ന ചെറുത്തുനിൽപ്പിന്റെ ശക്തമായ ഒരടയാളമാണ്. വ്യാജരേഖകൾ ചമച്ച് സർക്കാർ സംവിധാനങ്ങളുടെ ഒത്താശയോടെ ആദിവാസി ഭൂമിയിൽ നടത്തുന്ന കയ്യേറ്റങ്ങൾ അട്ടപ്പാടിയിലെ സ്ഥിരസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.

ആദിവാസി ഭൂമി അന്യധീനപ്പെടൽ തടയൽ നിയമപ്രകാരം (ടി.എൽ.എ) വിധിയായ ഭൂമിയിൽ ജൂലൈ 17-നാണ് നഞ്ചിയമ്മയും കുടുംബാംഗങ്ങളും കൃഷിയിറക്കാനെത്തിയത്. എന്നാൽ പൊലീസും റവന്യു അധികൃതരും ചേർന്ന് അവരെ തടഞ്ഞു. അഗളിയിലുള്ള തന്റെ നാലേക്കർ പാരമ്പര്യ സ്വത്തിലാണ് നഞ്ചിയമ്മ കൃഷിയിറക്കാൻ എത്തിയത്. നിലവിൽ അവരുടെ ഭൂമിക്കുമേൽ അവകാശവാദം ഉന്നയിക്കുന്നവരും അവിടെയുണ്ടായിരുന്നു. നഞ്ചിയമ്മ ഉയർത്തുന്ന പ്രശ്‌നങ്ങൾ ജൂലൈ 19-ന് ചർച്ചചെയ്യാമെന്ന തഹസിൽദാരുടെ ഉറപ്പിൻമേൽ കൃഷിയിറക്കാതെ അവർ മടങ്ങുകയും ചെയ്തു.

അട്ടപ്പാടി അഗളിയിലെ തന്റെ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്താനെത്തിയ നഞ്ചിയമ്മ
അട്ടപ്പാടി അഗളിയിലെ തന്റെ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്താനെത്തിയ നഞ്ചിയമ്മ

നഞ്ചിയമ്മയുടെ അച്ഛൻ നാഗമൂപ്പന്റെ കൈയിൽനിന്ന് കന്ത ബോയൻ എന്നൊരാളാണ് ഭൂമി കൈവശപ്പെടുത്തിയത്. പരാതിയെതുടർന്ന് 2003-ൽ വിൽപ്പന റദ്ദാക്കി ഭൂമി അവകാശികൾക്ക് തിരിച്ചുകൊടുത്തു. അവർ കൃഷി ചെയ്തുകൊണ്ടിരിക്കേ, 2007-ൽ ഈ ഭൂമി മിച്ചഭൂമിയാണെന്ന് നോട്ടീസ് നൽകി അഗളി വില്ലേജ് അധികൃതർ ഒഴിപ്പിച്ചു. മൂന്നുവർഷത്തിനുശേഷം കെ.വി. മാത്യു എന്നൊരാൾ ഈ ഭൂമിയുടെ അവകാശിയായി വന്നു. ഒറ്റപ്പാലം സബ് ജഡ്ജി ഒപ്പിട്ട ആധാരമാണ് തെളിവായി ഇയാൾ ഹാജരാക്കിയത്. മിച്ചഭൂമി എന്ന പേരിൽ ഒഴിപ്പിച്ച ഭൂമി കന്തബോയന്റെ മകനെന്നുപറയപ്പെടുന്ന മാരിമുത്തുവിൽനിന്നാണ് മാത്യു വാങ്ങിയത്. മാത്യുവിന് കരാർ എഴുതിക്കൊടുത്ത മാരിമുത്തു സ്ഥലം രജിസ്റ്റർ ചെയ്തുകൊടുത്തില്ല. ഇതിനെതിരെ മാത്യു ഒറ്റപ്പാലം കോടതിയിൽ പരാതി നൽകി. മാരിമുത്തു കേസിന് ഹാജരാകാത്ത കാരണം പറഞ്ഞ് രജിസ്ട്രേഷൻ നടത്തിക്കൊടുക്കാൻ എക്സ്പാർട്ടി വിധിയായി. മാരിമുത്തും ഈ വിധിയും അനുസരിച്ചില്ല. മാത്യു വീണ്ടും കോടതിയെ സമീപിച്ചു. മാരിമുത്തു പിന്നെയും ഹാജരായില്ല. ഒടുവിൽ ആധാരം എഴുതി ഹാജരാക്കാൻ വാദിക്ക് കോടതി ഉത്തരവ് നൽകി. സബ് ജഡ്ജി തന്നെ മാത്യുവിന് ആധാരം രജിസ്റ്റർ ചെയ്തുകൊടുത്തു. മാത്യുവിൽനിന്ന് ഈ ഭൂമി ജോസഫ് കുര്യൻ എന്ന ആളിലെത്തി. റവന്യൂ വകുപ്പിന് ലഭിച്ച പരാതികളിൽ അസി. ലാൻഡ് റവന്യു കമീഷണറുടെ മേൽനോട്ടത്തിൽ റവന്യു വിജിലൻസ് അന്വേഷിക്കുകയും വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി തട്ടിയെടുത്തത് എന്ന് കണ്ടെത്തുകയും ചെയ്തു.

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മേശപ്പുറത്ത് മധ്യമേഖലാ റവന്യു ഇന്റലിജൻസിന്റെ റിപ്പോർട്ടുണ്ട്. നിയമവിരുദ്ധമായിട്ടാണ് ഈ രണ്ടു പേർ ചേർന്ന് ഭൂമി കൈവശപ്പെടുത്തിയത് എങ്കിൽ അവരുടെ മുഴുവൻ രേഖകളും റദ്ദാക്കണമെന്ന് അതിലുണ്ട്. വിവരണത്തിൽ, നിയമവിരുദ്ധമാണ് എന്ന് എഴുതിവച്ചിട്ടുണ്ട്, എന്നാൽ ശുപാർശയിൽ കലക്ടറാണ് അത് ചെയ്യേണ്ടത് എന്നുമുണ്ട്. എന്നാൽ അത്തരത്തിലൊരു നീക്കങ്ങളും ഇതുവരെയും നടന്നിട്ടില്ലെന്നാണ് നഞ്ചിയമ്മയും കുടുംബവും ആരോപിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഭൂമികയ്യേറ്റങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങളിൽ നിരന്തര ഇടപെടലുകൾ നടത്തുന്ന സുകുമാരൻ അട്ടപ്പാടി ഈ വിഷയത്തെ കുറിച്ച് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്:
“നഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ വെള്ളിയാഴ്ച തഹസിൽദാരുടെ നേതൃത്വത്തിൽ മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളെ കുറിച്ച് ചർച്ച ചെയ്യാമെന്നാണ് പറയുന്നത്. ഭൂമി അളന്നുകിട്ടുക എന്നതാണ് നമ്മളുടെ ആവശ്യം. തന്റെ ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കിയവരുടെ പേരിൽ നടപടിയെടുക്കുക, ടി.എൽ.എ കേസിൽ ഉത്തരവായ ഭൂമി അളന്ന് തിട്ടപ്പെടുത്തുക ഇതൊക്കെയാണ് നഞ്ചിയമ്മയുടെ ആവശ്യങ്ങൾ. അത് ചെയ്യാത്തതുകൊണ്ടാണ് അവർ കൃഷിയിറക്കാനെത്തിയത്. ടി.എൽ.എ കേസ് നിലനിൽക്കുന്ന കാലത്ത് ഈ ഭൂമിക്ക് മറ്റൊരു ഡോക്യുമെന്റും വരാതെ നോക്കേണ്ടത് റവന്യു അധികാരികളുടെ ഉത്തരവാദിത്തമാണ്. എന്നാൽ അവർ അത് ചെയ്തില്ല. അവർ ആ ഭൂമിക്ക് വേറെ രേഖകളുണ്ടാക്കി. അത് അംഗീകരിക്കാനാവില്ല. ലക്ഷങ്ങൾ വാങ്ങിയിട്ടാണ് ഇത്തരത്തിലുള്ള ഭൂമികൾക്ക് സർവ്വേ ചെയ്ത് കൊടുക്കുന്നതും രേഖകളുണ്ടാക്കി കൊടുക്കുന്നതും. കോടതിയിലെത്തിയാൽ ഭൂമാഫിയകൾക്ക് അനുകൂലമായ രീതിയിൽ കാര്യങ്ങൾ ചെയ്തുകൊടുക്കന്നത് വില്ലേജ് ഓഫീസിൽ നിന്നാണ്. താലൂക്കിൽ, തഹസിൽദാർമാരും പണം വാങ്ങിയാണ് ഇത് ചെയ്യുന്നത്. അട്ടപ്പാടിയിലെ ആദിവാസികളെ കൊന്നൊടുക്കി അവരുടെ കൃഷിഭൂമി ഇല്ലാതാക്കുന്ന വൻ ഗൂഢാലോചന നടക്കുന്നുണ്ട്. അതിൽ സർക്കാരും പങ്കാളിയായിരിക്കുന്നു. ഘട്ടം ഘട്ടമായി ഇവരെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി അവരുടെ ഭൂമി ഇല്ലാതാക്കുക, കൃഷിയില്ലാതാക്കുക, അവരെ കൊന്നൊടുക്കുക എന്നിട്ട് ഈ ഭൂമി ഭൂമാഫിയയുടെ കൈയ്യിലെത്തിക്കുക അതാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് മാഫിയകൾക്കെതിരെ സർക്കാർ നടപടിയെടുക്കാത്തത്.”

സുകുമാരൻ അട്ടപ്പാടിയും നഞ്ചിയമ്മയും
സുകുമാരൻ അട്ടപ്പാടിയും നഞ്ചിയമ്മയും

ഇത് അട്ടപ്പാടിയലെ ഒറ്റപ്പെട്ട സംഭവമല്ല. ആദിവാസി ഭൂമികയ്യേറ്റങ്ങൾ അവിടെ നിത്യസംഭവമാണ്. ഭീഷണിപ്പെടുത്തിയും അതിക്രമിച്ചും മദ്യവും മറ്റ് ലഹരികളും നൽകിയും വ്യാജരേഖകളിലൂടെയും ആദിവാസികളുടെ ഭൂമി ​കൈയേറ്റക്കാർ കൈവശപ്പെടുത്തി. അങ്ങനെ, അട്ടപ്പാടിയുടെ ഉടമകളായിരുന്ന ആദിവാസികളുടെ മാതൃഭൂമി കൈയേറ്റക്കാരുടെ സ്വന്തം ഭൂമിയായി. വ്യാജരേഖകൾ ചമച്ച് പൊലീസ് സഹായത്തോടെയാണ് കയ്യേറ്റക്കാർ ആദിവാസി ഭൂമികളിലേക്ക് വരുന്നത്. അങ്ങനെ പലതലമുറകളായി തങ്ങൾ താമസിച്ച് പോന്നിരുന്ന ഭൂമി തങ്ങളുടേതല്ലാതാവുന്ന കാഴ്ച അട്ടപ്പാടിയിലെ ആദിവാസി ജീവിതങ്ങളെ സംഘർഷത്തിലാക്കുന്നുണ്ട്.

ഷോളയൂർ പഞ്ചായത്തിലെ വച്ചപ്പതി നിവാസികൾ ഇത്തരത്തിൽ തമിഴ് കയ്യേറ്റക്കാർക്കെതിരെ നിത്യസമരത്തിലാണ്. തലമുറകളായി തങ്ങൾ കൈവശം വെക്കുന്ന ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാവാതെ അവർ നിയമപോരാട്ടം നടത്തുകയാണ്. തങ്ങളുടെ പൂർവിക ഭൂമിയിലേക്ക് പെട്ടന്നൊരു ദിവസം അവകാശ വാദങ്ങൾ ഉന്നയിച്ച് തമിഴ് വംശജരായ ചിലർ കടന്നുവരുകയായിരുന്നുവെന്നാണ് ഊര് നിവാസികൾ പറയുന്നത്. ഭൂമിയുടെ അവകാശം തെളിയിക്കുന്ന വ്യാജരേഖകളും അവരുടെ കൈവശമുണ്ടായിരുന്നെന്നും ഊര് നിവാസികൾ പറയുന്നു. സർവ്വേ നമ്പറുള്ള തങ്ങളുടെ ഭൂമിയെങ്ങനെ മറ്റൊരാളുടെ പേരിലായതെന്നാണ് ആദിവാസികൾ ഉന്നയിക്കുന്ന പ്രധാന ചോദ്യം. തങ്ങൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയാണ് വെച്ചപ്പതി നിവാസി നഞ്ചി:

വെച്ചപ്പതി നിവാസി നഞ്ചി
വെച്ചപ്പതി നിവാസി നഞ്ചി

“പൈസ വില്ലേജ് ഓഫീസിൽ കൊടുത്താൽ രേഖകൾ ഉണ്ടാക്കി കോടക്കും. അങ്ങനെയുണ്ടാക്കിയ രേഖകളുമായി വക്കീലും ഗൗണ്ടർമാരും ഞങ്ങളുടെ വീടുകളിൽ വന്ന് വീട് പൊളിക്കുമെന്നടക്കമുള്ള ഭീഷണികൾ മുഴക്കി. ഞങ്ങൾ പൂർവീകകാലം മുതൽ തമാസിക്കുന്ന ഭൂമിയാണിതെന്നും പെട്ടെന്നൊരു ദിവസം നിങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യുമെന്നും അവരോട് ഞങ്ങൾ ചോദിച്ചു. അപ്പോൾ അവരുടെ കൈയ്യിൽ രേഖയുണ്ടെന്നാണ് അവർ പറഞ്ഞത്. അങ്ങനെ അവരുടെ കയ്യിലുള്ള രേഖ വ്യാജമാണോ അല്ലയോ എന്ന് ഞങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് മനസിലായത് ഒരേ സ്ഥലത്തിന്റെ പേരിൽ തന്നെ വേറെ മൂന്ന് രേഖകളുണ്ടെന്ന്. ആദിവാസികളുടെ പേരിലും രേഖകളുണ്ട്. അപ്പോൾ ആരുടെ ഭാഗത്താണ് തെറ്റെന്ന് സർക്കാർ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞങ്ങൾ ഹൈക്കോടതി വരെ പോയത്.”

2000-കൾക്കുശേഷമാണ് ഇന്ന് കാണുന്ന തരത്തിൽ വ്യാജരേഖകളുണ്ടാക്കി അട്ടപ്പാടിയിൽ ഭൂമി കൈയേറ്റം വ്യാപകമായത്. ആദിവാസികൾ തുടർച്ചയായി പരാതികൾ നൽകുന്നുണ്ടെങ്കിലും അന്വേഷണം നടക്കാറില്ല. കൊട്ടിഘോഷിച്ചുനടത്തിയ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പോലും ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആദിവാസികളുടെ പരാതികളുണ്ടായിരുന്നു.

2000-കൾക്കുശേഷമാണ് ഇന്ന് കാണുന്ന തരത്തിൽ വ്യാജരേഖകളുണ്ടാക്കി അട്ടപ്പാടിയിൽ ഭൂമി കൈയേറ്റം വ്യാപകമായത്. ആദിവാസികൾ തുടർച്ചയായി പരാതികൾ നൽകുന്നുണ്ടെങ്കിലും അന്വേഷണം നടക്കാറില്ല.
2000-കൾക്കുശേഷമാണ് ഇന്ന് കാണുന്ന തരത്തിൽ വ്യാജരേഖകളുണ്ടാക്കി അട്ടപ്പാടിയിൽ ഭൂമി കൈയേറ്റം വ്യാപകമായത്. ആദിവാസികൾ തുടർച്ചയായി പരാതികൾ നൽകുന്നുണ്ടെങ്കിലും അന്വേഷണം നടക്കാറില്ല.

കഴിഞ്ഞ മാസം ആദിവാസികൾ ചീഫ് ജസ്റ്റിസ് എ. ജെ. ദേശായിയെ കണ്ട് തങ്ങളെ കുടിയിറക്കാൻ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് രേഖാമൂലം പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പരാതികൾ പാലക്കാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറി തുടർനടപടിക്ക് അദ്ദേഹം നിർദേശവും നൽകി. ലീഗൽ സർവീസസിലെ അഭിഭാഷകർ ഊരുകളിലെത്തി അന്വേഷണവും നടത്തിയിട്ടുണ്ട്. മൂന്നു തലമുറകളായി കൃഷി ചെയ്യുന്ന ഭൂമിയിൽ തമിഴ്‌നാട് സ്വദേശി അവകാശമുന്നയിച്ചതായും അവരുടെ ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നതായും ആദിവാസികൾ പറയുന്നു. തങ്ങളുടെ സ്വന്തമായിരുന്ന 375 ഏക്കർ ഭൂമി പുറത്തുനിന്നെത്തിയവർ കൈയേറി, ഇവർക്ക് പൊലീസും റവന്യൂ അധികാരികളും സഹായവും നൽകുന്നുണ്ട്. വ്യാജ ആധാരമുണ്ടാക്കുന്നവർക്ക് നികുതി രശീതി നൽകിയും നികുതി അടക്കാൻ ആദിവാസികൾക്ക് അനുമതി നിഷേധിച്ചും വില്ലേജ് ഓഫീസ് മുതലുള്ള സർക്കാർ സംവിധാനങ്ങൾ കൈയേറ്റക്കാർക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നത്.

Comments