നരവേട്ടയുടെ കാലത്തെ മുത്തങ്ങ, അടിമമക്കയും നരിവേട്ടയും ഓർമ്മിപ്പിക്കുന്നത്

“അതെ; മുത്തങ്ങ. കേരളത്തിലെ ആദിവാസി സമരചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അടയാളം. പത്രങ്ങളിലും ചാനലുകളിലും കണ്ട ചിത്രങ്ങൾക്ക് മുഖാമുഖമായി ഞങ്ങൾ നടന്നു. കാടിനകത്ത് ആദിവാസികൾ കെട്ടിപ്പൊക്കിയ കുടിലുകളും മറ്റും തീയിട്ടതിന്റെ അവശിഷ്ടങ്ങളിലൂടെ ആ നടപ്പും നിൽപ്പും തുടർന്നു,” മുത്തങ്ങ സമരഭൂമി സന്ദർശിച്ചതിൻെറ ഓർമ്മകളും സി.കെ. ജാനുവിൻെറ ആത്മകഥ അടിമമക്കയുടെ വായനയും, വി.കെ. ജോബിഷ് എഴുതുന്നു.


കുറച്ചു ദിവസങ്ങൾക്കുമുമ്പ് അപ്രതീക്ഷിതമായ ഒരനുഭവമുണ്ടായി. ഞാൻ സി.കെ. ജാനുവിന്റെ ആത്മകഥയായ 'അടിമമക്ക' വായിച്ചു കൊണ്ടിരിക്കുകയാണ്.

"എൽ.ടി.ടി.ഇ എന്ന തീവ്രവാദസംഘടനയുമായി എന്താണ് ബന്ധം? അതിന്റെ ആരാണ് നിങ്ങളുടെ അടുത്തുവന്നത്? നിങ്ങൾക്ക് പണം തന്ന് സഹായിക്കുന്നത് ആരാണ്? പീപ്പിൾസ് വാർ ഗ്രൂപ്പുകളുമായും നക്സലൈറ്റുകളുമായും എന്താണ് ബന്ധം? എന്നെല്ലാം അവർ ചോദിച്ചു.

പിന്നെ, അരുന്ധതി റോയിയെക്കുറിച്ച് ചോദിച്ചു. ആ “ലോക വേശ്യയുമായിട്ടാണോ നിങ്ങൾക്ക് കൂട്ട്” എന്നു ചോദിച്ചപ്പോൾ ഉള്ളിൽ അടക്കാനാകാത്ത വേദനതോന്നി. ഞാൻ വളരെയധികം ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളാണ് അരുന്ധതി റോയ്. ഇതെല്ലാം ചോദിച്ചിട്ടവർ പറഞ്ഞു, സാധാരണ ആളുകൾ ഞങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങുമ്പോഴേ കരയാൻ തുടങ്ങും, പക്ഷെ നിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പോലും വന്നില്ല, നീ ഞങ്ങൾ വിചാരിച്ച പോലെയല്ല. “കണ്ണീരിന്റെ വിലയറിയാത്ത നിങ്ങളുടെ മുന്നിൽ കരഞ്ഞാൽ ഞാൻ സ്വയം വിഡ്ഢിയാകും, അതാണ് കരയാത്തതെന്ന് ഞാനവരോട് പറഞ്ഞു.”

വായന

നാനൂറ്റിപ്പതിനാറ് പേജുള്ള "അടിമമക്ക" എന്ന പുസ്തകത്തിലെ 'മുത്തങ്ങയിൽ നടന്ന പോലീസ് നരനായാട്ട്' എന്ന അധ്യായത്തിലെ അവസാന ഭാഗമെത്തിയിരുന്നു. അപ്പോഴാണ് അപരിചിതമായ ഒരു നമ്പറിൽ നിന്നും വിളി വന്നത്. ഞാനാ വത്സലൻ മാഷ്. ബ്രണ്ണൻ കോളേജിൽ ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റിലെ അദ്ധ്യാപകനായിരുന്നു.

"ആ മാഷേ... ഓർമ്മയുണ്ട്. പറഞ്ഞോളൂ."

"ഞാൻ വാട്സാപ്പിൽ നമ്മുടെ കുറച്ച് ഫോട്ടോസ് അയച്ചിട്ടുണ്ട്. മുത്തങ്ങ സമരകാലത്തുള്ളത്. അന്ന് കൂടെ ജോബിഷും വന്നിരുന്നല്ലോ."

എനിക്കത്ഭുതം തോന്നി. മുത്തങ്ങയിൽ നടന്ന പോലീസ് വെടിവെപ്പിന് ശേഷം സുൽത്താൻബത്തേരിയിൽ നടന്ന കൺവെൻഷനിൽ പങ്കെടുക്കാനായി എഴുത്തുകാരനും അദ്ധ്യാപകനുമായ എൻ. പ്രഭാകരൻ മാഷിന്റെ നേതൃത്വത്തിൽ തലശേരിയിൽ നിന്നും പോയ സംഘത്തിനൊപ്പം രണ്ടു വിദ്യാർത്ഥികളെയും അവർ ഒപ്പം കൂട്ടിയിരുന്നു. കവി അബ്ദുൽ സലാമിനെയും എന്നെയും. എൻ ശശിധരൻ, വത്സലൻ വാതുശേരി, ചിത്രകാരൻ ഭാഗ്യനാഥ്, എസ്. ജോസഫ്, വി.എസ് അനിൽകുമാർ, എ.ടി. മോഹൻരാജ്, നരേന്ദ്രൻ രവീന്ദ്രൻ, വത്സലൻ തുടങ്ങി എഴുത്തുകാരും അദ്ധ്യാപകരും കലാകാരരുമടങ്ങിയ ഒരു ചെറിയ ഗ്രൂപ്പ്. ഒരു ട്രാവലറിൽ കൊള്ളാവുന്നവർ.

RAT Books പ്രസിദ്ധീകരിച്ച സി.കെ. ജാനുവിന്റെ ആത്മകഥ ‘അടിമമക്ക’ ഇപ്പോൾ ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ ...

 സി.കെ. ജാനുവിന്റെ ആത്മകഥയായ 'അടിമമക്ക'
സി.കെ. ജാനുവിന്റെ ആത്മകഥയായ 'അടിമമക്ക'

വണ്ടി പുറപ്പെട്ടപ്പോൾ പിൻസീറ്റിൽ നിന്ന് ഉച്ചത്തിൽ കേട്ട ആദ്യ വാക്യങ്ങളിലൊന്ന് എൻ. ശശിധരൻ മാഷിൻ്റേതായിരുന്നു. ഗബ്രിയേൽ ഗാർസിയ മാർക്വിസിന്റെ ഏകാന്തയുടെ നൂറു വർഷങ്ങളിലെ ആദ്യ വാക്യം:

"Many years later, as he faced the firing squad, Colonel Aureliano Buendía was to remember that distant afternoon when his father took him to discover ice."

പിന്നീടങ്ങോട്ട് നിശ്ശബ്ദനായിരുന്ന് സാഹിത്യം രാഷ്ട്രീയവും മാത്രം കലർന്ന അവരുടെ സംഭാഷങ്ങളിലൂടെ ചുരം കയറുകയായിരുന്നു.

തലശേരിയിൽ നിന്ന് പുറപ്പെട്ടതു മുതൽ വയനാട് വരെയുള്ള ആ നിമിഷങ്ങളൊക്കെ ഇപ്പോഴും ഓർമ്മയിലുണ്ട്. നൂൽപ്പുഴ, പുലിതൂക്കി കോളനികളിലേക്ക് പോയപ്പോൾ അവർക്കായി അരിയും ഭക്ഷണ സാധനങ്ങളുമൊക്കെ കരുതിയിരുന്നു. അന്ന് പട്ടിണി മരണം വ്യാപകമായി നടന്ന കോളനിയാണ് പുലിതൂക്കി. അന്നാണ് വയനാട്ടിലെ കോളനികൾ ആദ്യമായി കാണുന്നത്. പോലീസ് കയറിയിറങ്ങുന്ന അസ്വസ്ഥമായ പകലുകളെക്കണ്ടും രാത്രികളെയറിഞ്ഞും ഭീതിതമായ പുതിയൊരന്തരീക്ഷത്തിലായിരുന്നു ആദിവാസികളെല്ലാവരും. അവരുടെ സങ്കടങ്ങൾ കേട്ട് ഭാരം തൂങ്ങിയ കാലുകളുമായാണ് ഞങ്ങൾ അവിടം വിട്ടത്. പിന്നെ ഭൂമിക്കുവേണ്ടി സമരം ചെയ്ത അവരുടെ കൂടപ്പിറപ്പുകളെ വെടിവെച്ചു കൊല്ലുകയും ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കുകയും ചെയ്ത മുത്തങ്ങയിലേക്ക് പോയി. അതെ; മുത്തങ്ങ. കേരളത്തിലെ ആദിവാസി സമരചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അടയാളം. പത്രങ്ങളിലും ചാനലുകളിലും കണ്ട ചിത്രങ്ങൾക്ക് മുഖാമുഖമായി ഞങ്ങൾ നടന്നു. കാടിനകത്ത് ആദിവാസികൾ കെട്ടിപ്പൊക്കിയ കുടിലുകളും മറ്റും തീയിട്ടതിന്റെ അവശിഷ്ടങ്ങളിലൂടെ ആ നടപ്പും നിൽപ്പും തുടർന്നു. അതിക്രൂരമായി ലാത്തി കൊണ്ട് അടിയേറ്റ് നിലവിളിച്ച് കാടിനകത്തേക്ക് ഓടിപ്പോയ സ്ത്രീകളുടെയും കുട്ടികളുടെയുമൊക്കെ ശബ്ദങ്ങൾ ആ അന്തരീക്ഷത്തിൽ അപ്പോഴും മുഴങ്ങുന്നതുപോലെ തോന്നിയിരുന്നു. വൈകീട്ട് ബത്തേരിയിൽ എം ടി വാസുദേവൻ നായരും കെ എൻ പണിക്കരും സാറാ ജോസഫും കെ അജിതയുമുൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകരും ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ഐക്യദാർഢ്യ കൺവെഷനിൻ ഞങ്ങളും പങ്കെടുത്തിരുന്നു. ആദിവാസികൾക്കെതിരായി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന അടിച്ചമർത്തലിനെ പാട്ടുകളിലൂടെയും ചിത്രങ്ങളിലൂടെയും നാടകങ്ങളിലൂടെയും ആവിഷ്കരിക്കപ്പെട്ട അനേക നിമിഷങ്ങൾക്ക് അവിടെ ജനം സാക്ഷികളായി. അക്കൂട്ടത്തിൽ വേറിട്ട ഒരു കാഴ്ചയുണ്ടായിരുന്നു. ഫെബ്രുവരി 19 ന് മുത്തങ്ങയിൽ നടന്ന പോലീസ് നരനായാട്ടിൽ രക്തം വാർന്നൊലിക്കുകയും തീപിടിക്കുകയും ചെയ്ത ആദിവാസികളുടെ വസ്ത്രങ്ങളുടെ പീസ് ഉപയോഗിച്ചുകൊണ്ട് കെ.ഷെരീഫ് ചെയ്ത ചിത്രങ്ങളായിരുന്നു അത്. ചോരകൊണ്ടുണ്ടാക്കിയ ചിത്രങ്ങൾ. പിൽക്കാലത്ത് കൊച്ചി ബിനാലെയിലൊക്കെ കണ്ട ദൃശ്യങ്ങളുടെ തുടക്കം. അതിലോരോ ചിത്രങ്ങളും അത്ഭുതപ്പെടുത്തിയിരുന്നു. അത്ര തീക്ഷ്ണവും സമരോത്സുകവുമായ ഒരു കലയുടെ സമീപക്കാഴ്ചയ്ക്ക് പിന്നീടൊരിക്കലും സാക്ഷ്യം വഹിച്ചിരുന്നില്ല. വൈകുന്നേരം അഞ്ച് മണിക്ക് ബത്തേരി ടൗണിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ 'ആദിവാസികൾ അന്യരല്ല. കേരളം അവർക്കൊപ്പമുണ്ട്' എന്ന മുദ്രാവാക്യം വിളിച്ചുകൊടുത്തതൊക്കെ ഇപ്പോഴും അണയാതെ ഓർമ്മയിലുണ്ട്. ആ ഓർമ്മകളുടെയൊക്കെ പശ്ചാത്തലത്തിലാണ് ഞാൻ 'അടിമമക്ക' വായിച്ചു കൊണ്ടിരുന്നത്. അപ്പോഴാണ് വത്സലൻ മാഷിന്റെ വിളി എന്നതാണ് കൗതുകം.

കാടിനകത്ത് ആദിവാസികൾ കെട്ടിപ്പൊക്കിയ കുടിലുകളും മറ്റും തീയിട്ടതിന്റെ അവശിഷ്ടങ്ങളിലൂടെ ആ നടപ്പും നിൽപ്പും തുടർന്നു.
കാടിനകത്ത് ആദിവാസികൾ കെട്ടിപ്പൊക്കിയ കുടിലുകളും മറ്റും തീയിട്ടതിന്റെ അവശിഷ്ടങ്ങളിലൂടെ ആ നടപ്പും നിൽപ്പും തുടർന്നു.

ഞാൻ മാഷോടു പറഞ്ഞു. "മാഷേ... ഒരു കൗതുകമുണ്ട്."

"എന്താണ് ?"

"മാഷിപ്പൊ വിളിക്കുമ്പോൾ ഞാൻ മുത്തങ്ങ സമരത്തെക്കുറിച്ച് വായിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് പഴയ മുത്തങ്ങ യാത്രയെക്കുറിച്ചും സമരത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുകൊണ്ട് മാഷ് വിളിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു?"

"ആണോ.?"

മാഷും അത്ഭുതപ്പെട്ടു.

"അടിമമക്ക വായിച്ചിട്ടില്ല. വായിക്കണം." മാഷ് പറഞ്ഞു.

ശേഷം വാട്സാപ്പിലയച്ച ചിത്രങ്ങളിലേക്ക് നോക്കി. പുലിതൂക്കി കോളനിയിലെയും മുത്തങ്ങയിലെയും ചിത്രങ്ങൾ.

പഴയ ഓർമ്മകളെല്ലാം തിരമാല കണക്കെ അലയടിച്ചു. പക്ഷെ അന്നത്തെയാ നിമിഷങ്ങളെയൊക്കെ വത്സലൻ മാഷ് ഫോട്ടോയിലാക്കിയ കാര്യം ഓർമ്മയിലുണ്ടായിരുന്നില്ല. ശരിക്കും ഒരു ചരിത്രാന്വേഷിയുടെ രേഖപ്പെടുത്തലുകൾ. ഒന്നും വെറുതെയാവുന്നില്ല എന്ന് വീണ്ടും ഓർത്ത നിമിഷം.

അപ്രതീക്ഷിതമായ ഈ സംഭാഷണത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് അനുരാജിന്റെയും അബിന്റെയും 'നരിവേട്ട' എന്ന സിനിമ റിലീസായത്. ചിത്രം ആദ്യ ദിവസം തന്നെ കണ്ടു. സിനിമയിലെ മുത്തങ്ങ കാണുമ്പോൾ ഞാൻ പഴയ കോളെജ് വിദ്യാർത്ഥിയായി. ചരിത്രം അതിന്റെ പ്രസ്ഥാനങ്ങളെ നയിച്ച കാടകം. പിന്നീട് കാട്ടിൽ എത്രയെത്ര വിത്തുകൾ വീണ് മരങ്ങളുണ്ടായിട്ടുണ്ടാവും. എത്രയെത്ര മുട്ടകൾ വിരിഞ്ഞ് ചിറകുകൾ വിടർന്നിട്ടുണ്ടാവും. പക്ഷെ അനീതിയെക്കുറിച്ചുള്ള ഓർമ്മ അവിടെത്തന്നെയുണ്ട്. അതാണിപ്പോൾ സെല്ലുലോയ്ഡിലൂടെ ചുരമിറങ്ങി വന്നത്.

2003 ൽ സുൽത്താൻ ബത്തേരിയിൽ നടന്ന ആദിവാസി സമര ഐക്യദാർഢ്യ കൺവെൻഷൻ
2003 ൽ സുൽത്താൻ ബത്തേരിയിൽ നടന്ന ആദിവാസി സമര ഐക്യദാർഢ്യ കൺവെൻഷൻ

നരിവേട്ടയിലെ പ്രധാന കഥാപാത്രത്തിന് വർഗീസ് എന്ന് പേര് ചാർത്തിക്കൊടുത്തത് വെറുതെയല്ല. മുത്തങ്ങയ്ക്കൊപ്പം മർദ്ദിതവർഗത്തിന്റെ നീതിക്കായി തിരുനെല്ലിക്കാടു കയറിയ നക്സൽ വർഗീസിന്റെ പോരാട്ടങ്ങളെയും ഭരണകൂടം നേരിട്ട് നടത്തിയ കൊലപാതകത്തെയും വ്യാജ ഏറ്റുമുട്ടലാക്കി കോടതിയിൽ സമർപ്പിച്ച 'സത്യ'വാങ്മൂലത്തെയുമൊക്കെ ഇക്കാലവും ചർച്ചയാക്കാൻ സംവിധായകനും തിരക്കഥാകൃത്തും ബോധപൂർവ്വം നടത്തിയ തിരഞ്ഞെടുപ്പായിരുന്നു അതെന്നുറപ്പ്. "ഒരു പേരിലെന്തിരിക്കുന്നു" എന്ന ഷേക്സ്പിയർ നാടകത്തിലെ പഴയ ചോദ്യമാണ് ഇവിടെ ഓർമ്മയിലെത്തിയത്. 2003 ഫെബ്രുവരി 19 നാണ് മുത്തങ്ങയിൽ ജോഗി കൊല്ലപ്പെട്ടതെങ്കിൽ വയനാട്ടിലെ തിരുനെല്ലിക്കാട്ടിൽ 1970 ഫെബ്രുവരി 18 നാണ് നക്സലൈറ്റ് നേതാവായിരുന്ന വർഗീസ് കൊല്ലപ്പെട്ടത്. അതുകൊണ്ടു തന്നെ തീപിടിച്ച ഓർമ്മ കൊണ്ടാണ് നരിവേട്ടയിലെ കളി! വയനാടിന്റെ രണ്ടു കാടുകളിൽ രണ്ടു കാലങ്ങളിൽ പോലീസ് നടത്തിയ നരവേട്ട. അന്ന് വർഗീസിനെ വെടിവെച്ചു കൊല്ലുമ്പോൾ പോലീസ് സംഘത്തിലുണ്ടായിരുന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ 1998-ൽ നടത്തിയ വെളിപ്പെടുത്തൽ ഭരണകൂടവും മാധ്യമങ്ങളും എക്കാലവും പറഞ്ഞു കൊണ്ടിരുന്നത് കഥകൾ മാത്രമായിരുന്നെന്ന് നാമൊരിക്കൽക്കൂടെ അടുത്തറിയുകയായിരുന്നു. വർഗീസ് സംഭവം പോലെ മുത്തങ്ങയിൽ നടന്ന പോലീസ് വെടിവെപ്പിന്റെ യഥാർത്ഥ കണക്കും ഭാവിയിൽ ആരെങ്കിലും വെളിപ്പെടുത്തുമായിരിക്കുമോ ?

മുത്തങ്ങ സമരം നടക്കുമ്പോൾ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിപക്ഷവും ആദിവാസിവിരുദ്ധമായ പൊതുബോധമുണ്ടാക്കുന്നതിൽ പരസ്പരം മത്സരിക്കുകയായിരുന്നു. അതിലൊരു വാർത്ത ഇപ്പോഴും ഓർമ്മയിലുണ്ട്. ആദിവാസികൾ വിറകുവെട്ടാനും കൃഷിയാവശ്യത്തിനുമുപയോഗിച്ചിരുന്ന വാക്കത്തിയും കോടാലിയും തൂമ്പയും അരിവാളുമൊക്കെ പോലീസ് ഒരിടത്ത് കൂട്ടിവെച്ച് മാധ്യമങ്ങളുടെ മുന്നിൽ പ്രദർശിപ്പിച്ചതിനു ശേഷം പറഞ്ഞത് ആയുധങ്ങളുപയോഗിക്കാനുള്ള തീവ്രവാദപരിശീലനം നേടിയാണ് ആദിവാസികൾ മുത്തങ്ങയിലേക്ക് കയറിയത് എന്നാണ്. ഒപ്പം മറ്റൊരു വാർത്തയും. ആദിവാസി ഗോത്രമഹാസഭ മന്ത്രിമാരെ റാഞ്ചാൻ പദ്ധതിയിട്ടു.

പിറ്റേന്ന് മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളിലെ ആദ്യ പേജിൽ പ്രസിദ്ധീകരിക്കപ്പെട്ട പണിയായുധങ്ങളുടെ ക്ലോസപ്പ് ചിത്രങ്ങളിലേക്ക് നോക്കുന്ന ആ നേതാക്കളുടെയും പോലീസിന്റെയും ചിത്രങ്ങൾ ചരിത്ര ബോധമുള്ളവരിൽ ഇന്ന് ചിരിയുണ്ടാക്കുമെന്നുറപ്പ്.

മുത്തങ്ങ സമര ഭൂമി
മുത്തങ്ങ സമര ഭൂമി

ആക്രമണങ്ങളിലൂടെ പിടിച്ചെടുക്കുന്ന സംസ്കാരം ആദിവാസികൾക്ക് ഉണ്ടായിരുന്നെങ്കിൽ വയനാട് പോലുള്ള ജില്ലകളിൽ ആദിവാസികളല്ലാത്തവർ ഉണ്ടാവില്ലായിരുന്നു എന്ന് ഇന്ന് നമുക്കറിയാം. പക്ഷെ നാമതറിയാൻ വൈകി. ചരിത്രത്തിലെ ഈ പരിഹാസ്യതകളെയെല്ലാം ‘നരിവേട്ട’ എന്ന സിനിമ ഉൾവഹിച്ചിട്ടുണ്ട്. വിഭവാധികാരവും സാമ്പത്തികാധികാരവുമില്ലാത്ത ഒരു ജനതയെ ഭരണകൂടവും പൊതുസമൂഹവും എങ്ങനെയാണ് ഇക്കാലമത്രയും ഇരകളാക്കിയതെന്ന് ഈ സിനിമ കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്.

'നരിവേട്ട' അവസാനിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന ഭാര്യയോട് പറഞ്ഞു.

"ശരിക്കും അത് നരവേട്ട തന്നെയായിരുന്നു. നെഞ്ചിൽ വല്ലാത്ത ഒരു കനം. സത്യായിട്ടും കണ്ണീർ പൊടിഞ്ഞു."

അവളും പറഞ്ഞു. "കരഞ്ഞു പോയി. സിനിമകൾ ഇങ്ങനെയാകണം. ഓർമ്മകളെ വെറുതെ നിർത്തരുത്. പുതിയ തലമുറകളിലേക്ക് ഇതുപോലെ പമ്പു ചെയ്യണം."

കുറച്ചു കഴിഞ്ഞിട്ടു പോകാം. മനസൊന്നു ശരിയാവട്ടെ. പിന്നെ ഇരുട്ടിലൂടെ സിനിമയുടെ വെളിച്ചം പായിച്ച് നാട്ടിലേക്ക്.

മുത്തങ്ങ സമരത്തെത്തുടർന്ന് ആദിവാസികളിൽ പലർക്കും ഭൂമി കിട്ടി. എല്ലാവർക്കും കിട്ടിയോ. തീർച്ചയായും ഇല്ല. അവസാനത്തെ ആൾക്കും ഭൂമി കിട്ടുമ്പോഴേ നീതിനിർവഹണം പൂർത്തിയാവുകയുള്ളൂ. അതുകൊണ്ടുതന്നെ പ്രത്യക്ഷമായും പരോക്ഷമായും ഭൂമിക്കുവേണ്ടിയുള്ള ആദിവാസിയുടെ സമരങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.

മുത്തങ്ങ സമര ഭൂമി
മുത്തങ്ങ സമര ഭൂമി


ചരിത്രവും സിനിമയും സാഹിത്യവും കലയുമൊക്കെ നാമറിഞ്ഞ ഒരൊറ്റ "സത്യ"ത്തെ പിടിവിട്ട് പല സത്യങ്ങളിലേക്ക് കണ്ണും കാതുമയക്കാൻ നമ്മെ നിരന്തരം പ്രേരിപ്പിക്കുന്ന അനുഭവലോകമാണ്. തീർച്ചയായും സി.കെ. ജാനുവിന്റെ ആത്മകഥയായ "അടിമമക്ക" യും നാമറിഞ്ഞതിലേക്കും അറിയാത്തതിലേക്കുമുള്ള ശ്രദ്ധ ക്ഷണിക്കലാണ്.

അതുകൊണ്ട് ഞാൻ വായന തുടർന്നുകൊണ്ടിരുന്നു.

"സമരം നടന്ന സമയത്ത് ജോഗിയണ്ണൻ മാത്രമേ മരിച്ചുള്ളൂ. പോലീസിന്റെ ക്രൂരമർദ്ദനങ്ങൾക്കിടയായി പിന്നീട് ഓരോരുത്തരായി മരിക്കുകയായിരുന്നു. പോലീസ് മർദ്ദനത്തിന്റെ ദുരിതം പേറുന്നവർ നിരവധിയാണ് അംഗവൈകല്യം സംഭവിച്ചവരുണ്ട്. ഗുരുതര പരിക്കേറ്റുവരുണ്ട്. അവരിൽ പലരും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ്."

കിടപ്പാടത്തിനു വേണ്ടി ആദിവാസികൾ തികച്ചും ജനാധിപത്യപരമായി നടത്തിയിട്ടുള്ള ഈ സമരത്തിൽ ശരിക്കും എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടാകും.

അറിയില്ല.

ഒപ്പം ഒരു ചെറിയ സംശയം കൂടി. ഞാൻ മുത്തങ്ങയെക്കുറിച്ച് വായിക്കുമ്പോൾത്തന്നെ ഇരുപതുവർഷം മുമ്പ് വിട്ടു പോന്ന ഒരു കോളെജിൽ നിന്നും അങ്ങനെയൊരു കോൾ സംഭവിച്ചതെങ്ങനെയാണ്?

Comments