ഞങ്ങളുടെ മണ്ണ്​ കവർന്നത്​ ആരാണ്​?

ഭൂമിയെന്ന മൂലധനത്തിന്റെ അഭാവമാണ് ആദിവാസി സമൂഹത്തിന്റെ വികസനത്തിന് തടസമായി നിൽക്കുന്ന പ്രധാന ഘടകം. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണോത്പാദനവും പാർപ്പിട നിർമാണവും നടത്താതെ എങ്ങനെയാണ് അടുത്ത ഘട്ടമായ വിദ്യാഭ്യാസത്തെയും മറ്റ് വികസനങ്ങളെയും പറ്റി ചിന്തിക്കുക? സ്വന്തം മണ്ണിൽ അഭയാർത്ഥികളെ പോലെ കഴിയേണ്ടി വരുന്ന അവസ്ഥ നീതികേടാണ്. ആദിവാസി ഭൂമി ഉന്മൂലനത്തിന്റെ ചരിത്ര പശ്ചാത്തലവും അതുയർത്തുന്ന വെല്ലുവിളികളും വിശകലനം ചെയ്യപ്പെടുന്നു. വയനാടിലെ മുള്ളക്കുറുമ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഗവേഷകനാണ് ലേഖകൻ

ദിവാസി ജീവിതത്തിന്റെ അടിസ്ഥാനഘടകം അവർ വളർന്നുവന്ന ഭൂമിയും ചുറ്റുപാടും ആണ്. ഇവരുടെ വികസനത്തിന്റെ ഏറ്റവും വലിയ കണ്ണിയായി പ്രവർത്തിക്കുന്നതും ഭൂമി തന്നെ. നിലവിലെ ആദിവാസി സമൂഹങ്ങളുടെ വികസനത്തെ താരതമ്യപ്പെടുത്തുമ്പോൾ കയ്യിൽ അൽപ്പമെങ്കിലും ഭൂമിയുള്ള വിഭാഗങ്ങൾ മറ്റുള്ളവരെക്കാളും ഒരുപടി മുന്നിലാണ്. മലയരയർ, കുറിച്ച്യർ, മുള്ളകുറുമർ തുടങ്ങിയ വിഭാഗങ്ങൾക്ക് ജീവിതനിലവാരത്തിൽ അൽപ്പമെങ്കിലും മുന്നോട്ടെത്താൻ കഴിഞ്ഞത് ഭൂമിയെന്ന മൂലധനത്തിന്റെ പിൻബലത്തിലൂടെയാണ്. എന്നാൽ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്കർ തുടങ്ങിയ വിഭാഗങ്ങൾ ഭൂരഹിതരാണ്. വികസനത്തിന്റെ പിൻവാതിലുകളിൽ നിൽക്കുന്ന ഈ വിഭാഗക്കാർ ചരിത്രപരമായി ഭൂമി ഉൻമൂലനത്തിന് വിധേയരായവരാണ്.

ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണോൽപാദനവും പാർപ്പിട നിർമാണവുമെല്ലാം നടത്താതെ എങ്ങനെയാണ് അടുത്ത ഘട്ടമായ വിദ്യാഭ്യാസവും മറ്റ് വികസനങ്ങളെയും പറ്റി ചിന്തിക്കുക? വനഭൂമിയും റവന്യൂഭൂമിയും കയ്യേറി വെള്ളവും വെളിച്ചവുമില്ലാത്ത ചുറ്റുപാടിൽ കഴിയുന്ന ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങളെ കാണാൻ കഴിയും. എങ്ങനെയാണ് ഈ ഭൂമിയിൽ ആദ്യം താമസിച്ചിരുന്നവരുടെ ഭൂമി നഷ്ടമായി എന്നതിന്റെ ചരിത്ര യാഥാർത്ഥ്യമാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്.

ഭൂമി - പാർപ്പിടം - അധികാരം - തുല്യനീതി എന്ന, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ ഉയർത്തിയ മുദ്രാവാക്യം കേരളത്തിലെ ആദിവാസി ജനതയ്ക്ക് ഏറെ പ്രതീക്ഷകളേകുന്നു. കേരളത്തിലെ കോളനിവൽക്കരണത്തിനെതിരെ ഉയർന്നുവന്ന ഈ ആശയം രണ്ടാം ഭൂപരിഷ്‌കരണത്തിന് വഴിയൊരുക്കുമോ? കാലങ്ങളായി ഈ വിഭാഗങ്ങൾ മണ്ണിനും സ്വാതന്ത്ര്യത്തിനും തുല്യനീതിക്കുമായി കാത്തിരിക്കുന്നു. ഗോത്രങ്ങളുടെ കൃഷിഭൂമിയും പൂർവ്വികരെ അടക്കം ചെയ്ത മണ്ണും സർക്കാരിന്റേയും

ചെങ്ങറ ഭൂസമരം

പൊതുസമൂഹത്തിന്റേയും കൈകളിലായി, അധിനിവേശം, ജാതീയമായ അടിച്ചമർത്തൽ തുടങ്ങിയ അനേകം കാരണങ്ങളാലാണ് ആദിവാസികൾക്ക് പൂർവ്വിക ഭൂമി നഷ്ടമായത്. ഓരോ ദിനം കഴിയുമ്പോഴും പ്രകൃതി - മണ്ണ് - വനം എന്നിവയുമായുള്ള ജൈവികബന്ധം ഇവരിൽ കുറഞ്ഞുവരുന്നു. പൊതുസമൂഹം നൽകുന്ന ഓരോ പാഠവും ഗോത്രപാരമ്പര്യത്തിന് വിപരീതമാണ്. വൻകിട മുതലാളിമാർക്കും സംഘടിത മതവിഭാഗങ്ങൾക്കും ജാതിസംഘടനകൾക്കും മാത്രം സംരക്ഷണം നൽകി വരുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. ഇവയെ മറികടക്കാനുള്ള ശ്രമങ്ങളായിരുന്നു മുത്തങ്ങയിലും ആറളത്തും ചെങ്ങറയിലുമെല്ലാം നാം കണ്ടത്. ഭരണഘടനയും മറ്റ് നിയമവ്യവസ്ഥകളും ഞങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുമ്പോൾ ജനാധിപത്യ കേരളം എന്തുകൊണ്ടാണ് ഈ വിഭാഗങ്ങളെ വിസ്മരിക്കുന്നത്?

ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത അവകാശങ്ങളും ജീവിതസ്വാതന്ത്ര്യവും അംഗീകരിക്കാൻ നാളിതുവരെ കേരളത്തിലെ രാഷ്ട്രീയ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. സ്വന്തം മണ്ണിൽ അഭയാർത്ഥികളെ പോലെ കഴിയേണ്ടി വരുന്ന അവസ്ഥ നീതികേടാണ്. ഈ സാഹചര്യത്തിലാണ് ആദിവാസി ഭൂമി ഉന്മൂലനത്തിന്റെ ചരിത്ര പശ്ചാത്തലവും അതുയർത്തുന്ന വെല്ലുവിളികളും ചർച്ച ചെയ്യേണ്ടത്.

വീടുണ്ടാക്കാൻ അനുവാദമില്ലാത്തവർ
കൊളോണിയൽ കാലത്തിന് മുമ്പുള്ള ആദിവാസി ജീവിതത്തെ രണ്ടു ഘട്ടങ്ങളായി തരം തിരിക്കാം. ഓരോ ഗോത്രവർഗങ്ങളും അവരുടെ തനത് പാരമ്പര്യത്തിൽ കമ്യൂണൽ ജീവിതം നടത്തിയിരുന്ന കാലം. അക്കാലത്ത് ഭൂമി ആരുടേയും സ്വന്തമല്ലാത്തതിനാൽ, ആർക്കും എവിടെയും താമസിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പല വിഭാഗങ്ങളും കാടിനെ പൂർണമായും ആശ്രയിച്ചു ജീവിച്ചിരുന്നു. എന്നാൽ കുറുമർ, കുറിച്യർ, മലയരയർ തുടങ്ങിയ വിഭാഗങ്ങൾ കൃഷിയെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. പങ്കുവെയ്ക്കലിന്റെ രാഷ്ട്രീയം മാത്രമായിരുന്നു ഇക്കാലത്ത് സമൂഹം വച്ചുപുലർത്തിയുന്നത്. അക്കാലത്തെ ഏറ്റവും പ്രധാന സവിശേഷത കൂട്ടുകൃഷി സമ്പ്രദായമാണ്. ഭക്ഷണോത്പാദനവുമായി ബന്ധപ്പെട്ട് സാമൂഹ്യബന്ധങ്ങളായിരുന്നു സമൂഹത്തെ നയിച്ചിരുന്നത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കൃഷിയുടെ ബന്ധം പ്രകടമായിരുന്നു. ഇന്നും ആദിവാസി സമൂഹങ്ങൾക്കിടയിൽ നിലനിൽക്കുന്ന ചടങ്ങുകളായ തുലാപ്പത്ത്, കതിരുകയറ്റം, പുത്തരി തുടങ്ങിയ ചടങ്ങുകൾ കാർഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്.

ഓരോ സമൂഹവും ആവശ്യത്തിന് ജീവിതസാമഗ്രഹികൾ ഉൽപാദിപ്പിക്കുവാനും സൂക്ഷിക്കുന്നതിനും കൂട്ടായ്മകൾ സഹായകരമായി.

ഭൂരഹിതരായ കാട്ടുനായ്ക വിഭാഗത്തിൽപ്പെട്ട കുടുംബം

ഈ കൂട്ടായ്മകൾ ഗോത്രജനതയുടെ ഭാഷ, കലാ സാംസ്‌കാരിക ജീവിതത്തിന് കരുത്തേകി. അന്നത്തെ ജീവിതത്തിന്റെ അടിസ്ഥാന തത്വം subsistence ആയിരുന്നു. ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന ഇക്കോ സോഷ്യലിസത്തിന്റെ പൂർവമാതൃകയായിരുന്നു ഗോത്രജീവിതം. ഓരോ കുടുംബവും അവർക്ക് വേണ്ട മിക്ക ഉൽപന്നങ്ങളും ഉത്പാദിപ്പിക്കുകയും ഉണ്ടാക്കിയ വിഭവങ്ങൾ സ്വയം ഉപയോഗിക്കുകയും വളരെ ചുരുക്കം സാധനങ്ങൾ മാത്രം വാങ്ങുകയും ചെയ്യുന്ന സ്വഭാവിക സമ്പദ് വ്യവസ്ഥ (Natural Economy)യാണ് ഉണ്ടായിരുന്ന സമ്പദ് മാതൃക. ഇവരുടെ മേൽ നാട്ടുരാജ്യങ്ങൾ അധിനിവേശം നടത്തി കീഴടക്കിയതാണ് രണ്ടാം ഘട്ടം. നാട്ടുരാജാക്കന്മാർ ആദിവാസി മേഖല കൈക്കലാക്കി ഉന്നത കുലജാതരായ നായർ തറവാടുകളെ ഏൽപ്പിച്ചു. നാടിനെ ദേശങ്ങളായും അംശങ്ങളായും തരംതിരിച്ച് ഓരോ ജന്മിമാർക്കും കരം പിരിക്കാനുള്ള അധികാരം നൽകി. മൊത്തം ഭൂമിയെ ദേവസ്വം, ജന്മന ഭൂമി എന്നിങ്ങനെ വേർതിരിച്ചു. ജന്മിയുടെ അധികാരത്തിൽ വരുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിനായി കൈമാറുകയും ചെയ്തു. കാണം, കുഴിക്കാണം, പേറ്റുപാട്ടം, മുൻപാട്ടം, പണയം, ചേരത്ത്, ഓട്ടി തുടങ്ങിയവയായിരുന്ന ഭൂവിനിയോഗ വ്യവസ്ഥകൾ. ഊരാളരായ നായർ സമുദായങ്ങൾ നാട്ടിലെ ഭൂമിയുടെ അവകാശികളായി മാറിയ പശ്ചാത്തലം ഇതായിരുന്നു. (ജോഷിമാത്യു, 2011).

ആദിവാസി സമൂഹങ്ങൾ പാട്ടകൃഷി ചെയ്തുതുടങ്ങിയാൽ പിന്നെ ജന്മിമാരുടെ സ്വന്തം പറമ്പിൽ കൃഷി ചെയ്യാൻ തൊഴിലാളികളെ ലഭ്യമാകുകയില്ല. ആയതിനാൽ ചില ആദിവാസി സമൂഹങ്ങളെ പാട്ടവ്യവസ്ഥയിൽ നിന്നും മാറ്റി കേവലം തൊഴിലാളി വർഗ്ഗമാക്കി. പണിയ അടിയ വിഭാഗക്കാർ ഇതിന്റെ മുഖ്യ ഉദാഹരണങ്ങളാണ്.

സമ്പന്നമായ ആദിവാസി മേഖല ജന്മിമാരുടെ കൈകളിൽ വന്നതോടെ അവർക്ക് കൂടുതൽ ഉൽപാദിപ്പിക്കുവാനും സമ്പത്ത് കൈയ്യടക്കി വയ്ക്കുവാനും കഴിഞ്ഞു. സ്വയം ജോലി ചെയ്യാതെ ജീവിക്കാൻ അതും പണിയെടുക്കാത്തവരേക്കാൾ മെച്ചപ്പെട്ട രീതിയിൽ ജീവിക്കാൻ ഉന്നതകുല ജാതർക്കായി. നാട്ടുരാജ്യങ്ങളുടെ ശക്തമായ പിന്തുണയും ഈ ചൂഷകവിഭാഗങ്ങൾക്ക് ലഭിച്ചിരുന്നു. ഭൂമിയുടെ അവകാശികൾ ജന്മിമാർ ആയതിനാൽ മറ്റുള്ളവർക്ക് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യണം. ആദിവാസി സമൂഹങ്ങൾ പാട്ടകൃഷി ചെയ്തുതുടങ്ങിയാൽ പിന്നെ ജന്മിമാരുടെ സ്വന്തം പറമ്പിൽ കൃഷി ചെയ്യാൻ തൊഴിലാളികളെ ലഭ്യമാകുകയില്ല. ആയതിനാൽ ചില ആദിവാസി സമൂഹങ്ങളെ പാട്ടവ്യവസ്ഥയിൽ നിന്നും മാറ്റി കേവലം തൊഴിലാളി വർഗ്ഗമാക്കി. പണിയ അടിയ വിഭാഗക്കാർ ഇതിന്റെ മുഖ്യ ഉദാഹരണങ്ങളാണ്. അതോടൊപ്പം പണം കൊടുത്ത് ജന്മിമാരുടെ കയ്യിൽ നിന്ന്​ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാൻ മിക്ക ആദിവാസികളും പ്രാപ്തരല്ലായിരുന്നു. സ്വന്തമായി കാടുവെട്ടിത്തെളിച്ചുണ്ടാക്കിയ ഭൂമി ജന്മിമാർ പിടിച്ചെടുത്തപ്പോൾ അതിനെ ചെറുത്തുനിൽക്കാൻ ആദിവാസികൾ അസംഘടിതരായിരുന്നു. ഓരോ വിഭാഗങ്ങളും വ്യത്യസ്ത ജീവിതരീതികൾ വച്ചുപുലർത്തിയതുകൊണ്ട് അവർക്കൊരു സംഘടിതമുന്നേറ്റത്തിന് കഴിഞ്ഞില്ല.

കാർഷികരംഗത്ത് മാത്രമായിരുന്നില്ല മറിച്ച്, മെച്ചപ്പെട്ട ഒരു വീടുപോലും ഉണ്ടാക്കുവാൻ താഴേ തട്ടിലുള്ളവർക്ക് അനുവാദമുണ്ടായിരുന്നില്ല. ഈ സംഘർഷാത്മകമായ ശക്തിബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുവാനും ആദിവാസികളുടെ പ്രതികരണശക്തി ഇല്ലായ്മ ചെയ്യുവാനും വേണ്ടി ആദിവാസി

വയനാട്ടിലെ വള്ളിയൂർക്കാവ്

Photo/commons.wikimedia

സമൂഹങ്ങളെ പുതിയ ദൈവവിശ്വാസ പ്രമാണങ്ങളിലേക്ക് എത്തിച്ചു. പ്രാദേശിക ക്ഷേത്രവിശ്വാസങ്ങളുമായി ഗോത്രജനതയെ ബന്ധപ്പെടുത്തി പുതിയ വിശ്വാസപ്രമാണങ്ങളിലേക്ക് ഇവരെ വഴി തിരിച്ചു വിട്ടു. ഇത് തനത് ഗോത്ര വിശ്വാസത്തേയും പ്രമാണങ്ങളേയും വ്രണപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഉത്പാദനത്തിന്റെ കേന്ദ്ര ഉപാധിയായ ഭൂമിയുടെ ഉടമാവകാശം ക്ഷേത്രങ്ങളിലും നായർ തറവാടുകളിലുമായി ഒതുങ്ങി. സമൂഹത്തിലെ താഴെത്തട്ടിലുള്ളവർ കേവലം തൊഴിലാളികളും പാട്ടക്കാരുമായി മാറി. ചൂഷണത്തിന്റെ ഭീകരാവസ്ഥയായ അടിമ വ്യാപാരം ഇക്കാലത്ത് വളരെ സജീവമായിരുന്നു. വയനാട്ടിലെ വള്ളിയൂർക്കാവ് കേന്ദ്രമായി പണിയ, അടിയ സമുദായങ്ങളെ വ്യാപാരം ചെയ്തിരുന്നു. ജാതി വ്യവസ്ഥയിലൂന്നിയ ജന്മിത്ത വ്യവസ്ഥയാണ് ആദിവാസി ഭൂമി ഉന്മൂലനത്തിന്റെ ആദ്യ കണ്ണിയായി പ്രവർത്തിച്ചത്.

ആദിവാസികൾക്ക്​ വനം നഷ്​ടമാകുന്നു
ആദിവാസി സമൂഹങ്ങൾ വിദേശശക്തികൾക്ക് എന്നും വെല്ലുവിളി ഉയർത്തിയിരുന്നു. അവരുടെ സംഘടിത മുന്നേറ്റംമൂലം പാരതന്ത്ര്യത്തിന് വഴങ്ങാതെ ജീവിക്കാനുമായി. ആദിവാസികൾ ബ്രിട്ടീഷ് പീരങ്കികൾക്ക് മുന്നിൽ പകച്ചുപോകാതെ പോരാടിയത് ഇന്ത്യാചരിത്രത്തിലുണ്ട്​. സാന്താൾ വിഭാഗം നടത്തിയ പോരാട്ടത്തെ ബ്രിട്ടീഷുകാർ ഇങ്ങനെ വിലയിരുത്തി.- ‘‘അവർക്ക് തിരിഞ്ഞോടാൻ മനസ്സില്ല, വെള്ളക്കൊടി കാണിക്കാൻ അറിയില്ല, അവർക്ക് തോക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യാചരിത്രം മാറിയേനെ.'' ഇതുപോലെ വറളിയിലെ കൽക്കൂനകൾ, ഒറീസയിലെ ഗോണ്ട് വംശം ഉയർത്തിയ പ്രതിരോധം തുടങ്ങി പഴശ്ശിയോടൊത്ത് കുറിച്യരും കുറുമരും നടത്തിയ ആക്രമണങ്ങൾ വരെ ആദിവാസിക്കരുത്തിന്റെ ഉദാഹരണങ്ങളാണ് (സി. ആർ. ബിജോയ്, 2003).

സാന്താൾ വിഭാഗം നടത്തിയ പോരാട്ടത്തെ ബ്രിട്ടീഷുകാർ ഇങ്ങനെ വിലയിരുത്തി.- ‘‘അവർക്ക് തിരിഞ്ഞോടാൻ മനസ്സില്ല, വെള്ളക്കൊടി കാണിക്കാൻ അറിയില്ല, അവർക്ക് തോക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യാചരിത്രം മാറിയേനെ.''

നേരിട്ട് ആദിവാസികളെ കീഴ്പ്പെടുത്താൻ പറ്റില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഇതരസമൂഹങ്ങളെ കൂട്ടുപിടിച്ച് പല ആദിവാസിമേഖലകളും ചതിയിലൂടെയും വഞ്ചനയിലൂടെയും അവരുടെ പരിധിയിലാക്കി. എന്നിരുന്നാലും ബ്രിട്ടീഷ് ഭരണകൂടം ആദിവാസി മേഖലകളെ എക്സ്‌ക്ലൂഡഡ് ഏരിയ എന്നും പാർഷ്യലി എക്സ്‌ക്ലൂഡഡ് ഏരിയ എന്നും തരംതിരിച്ച് ഷെഡ്യൂൾഡ് ഡിസ്റ്റിൻക്ട് ആക്ട് നടപ്പിലാക്കി. ഇത്തരത്തിൽ ചില നിയമ ആനുകൂല്യങ്ങൾ നൽകിയെങ്കിലും വനനിയമങ്ങളിലൂടെ ആദിവാസികളെ നിയന്ത്രിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു.

കേരളത്തിലെ ആദിവാസിമേഖലകൾ തനത് വിഭവങ്ങളാൽ സമ്പന്നമായിരുന്നു. ഇടുക്കിയിലെ ഏലമലകളും വയനാട്ടിലെ നിബിഢവനങ്ങളും ബ്രിട്ടീഷുകാർ ഉന്നം വച്ചു. 1891 മുതൽ 1905 വരെ നീണ്ടു നിന്ന പോരാട്ടത്തിലൂടെ മലബാർ മേഖല ബ്രിട്ടീഷുകാരുടെ കൈകളിലായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ നേതൃത്വത്തിൽ ആദിവാസിമേഖല കേന്ദ്രീകരിച്ച് ശക്തമായ വനനശീകരണം നടന്നു. 1768-1800 കാലത്ത് യൂറോപ്പിൽ ഉടലെടുത്ത സയന്റിഫിക്ക് ഫോറസ്ട്രി വയനാട്, നിലമ്പൂർ മേഖലകളിൽ തേക്കിൻതോട്ടത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാത്തമാറ്റിക്ക് യൂട്ടിലേറിയനിസം എന്നതായിരുന്നു ഇതിനുപിറകിലെ തത്വം (ജെയിംസ് സ്‌കോട്ട്). ഇത്തരത്തിൽ ഉടലെടുത്ത മോണോക്രോരീതി കേരളത്തിന്റെ വനവൈവിധ്യം തകർത്തു.

നിലമ്പൂരിലെ തേക്കിൻതോട്ടം

പൂർണമായും വനസമ്പത്തിനെ ആശ്രയിച്ചു ജീവിച്ചിരുന്ന ആദിവാസി വിഭാഗങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. മലയോര മേഖലകളിൽ തേക്ക്, അക്കേഷ്യ പോലുള്ള വൻമരങ്ങൾ നട്ടുപിടിപ്പിച്ചത് മൂലം കാലാവസ്ഥവ്യതിയാനം ഉണ്ടാവുകയും വനവൈവിധ്യത്തിന് ഏറ്റക്കുറച്ചിലുണ്ടാവുകയും വഴി സ്വഭാവിക ആവാസവ്യവസ്ഥ ആദിവാസികൾക്ക് നഷ്ടമായി. സമാനമായ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങൾ പിന്നീട് ആദിവാസികൾക്ക് നേരിടേണ്ടി വന്നു. ഏലം, കാപ്പി, തേയില, തോട്ടനിർമാണം മൂലം വൻതോതിൽ ആദിവാസികൾ കുടിയിറക്കപ്പെട്ടു. ഈ സമയത്തുണ്ടായ പ്രതിഷേധത്തെ ബ്രിട്ടീഷുകാർ നേരിട്ടത് നയരൂപീകരണത്തിലൂടെയായിരുന്നു. 1870-ൽ ആദിവാസികളുടെ മാറ്റകൃഷി നിരോധിച്ച്​ ഉത്തരവിറങ്ങി. 1893-ൽ വനനിയമം പ്രാബല്യത്തിൽ വരികയും ഇതിലൂടെ ആദിവാസികളെ വനത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്തു.

കൊളോണിയൽ ചൂഷണത്തെ ശക്തിപ്പെടുത്താൻ ആദിവാസികൾക്ക് വനാവകാശം ഇല്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് 1911-ൽ തിരുവിതാംകൂർ ഭരണാധികാരികൾ പുറത്തുകൊണ്ടുവന്നു. വനമേഖലകളും ആദിവാസിമേഖലകളും പൂർണ്ണമായും ബ്രിട്ടീഷ് പ്ലാന്റർമാർക്ക് കൈമാറുന്നത് സുഗമമാക്കുന്ന നിലപാടായിരുന്നു ഇത്.

കേരളത്തിലെ നാട്ടുരാജ്യങ്ങൾ അക്കാലത്ത് നീതിരഹിതമായ നിലപാടാണ്​ സ്വീകരിച്ചത്. മധ്യതിരുവിതാംകൂറിൽ ആദിവാസികളുടെ പരമ്പരാഗത അവകാശം കണക്കിലെടുക്കാതെ പൂഞ്ഞാർ രാജവംശം വിപുലമായ വനമേഖല ജോൺ ഡാനിയൽ മൺറോയ്ക്ക് കൈമാറി. കൊളോണിയൽ ചൂഷണത്തെ ശക്തിപ്പെടുത്താൻ ആദിവാസികൾക്ക് വനാവകാശം ഇല്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവ് 1911-ൽ തിരുവിതാംകൂർ ഭരണാധികാരികൾ പുറത്തുകൊണ്ടുവന്നു. വനമേഖലകളും ആദിവാസിമേഖലകളും പൂർണ്ണമായും ബ്രിട്ടീഷ് പ്ലാന്റർമാർക്ക് കൈമാറുന്നത് സുഗമമാക്കുന്ന നിലപാടായിരുന്നു ഇത്. 1943-44 കാലഘട്ടത്തിൽ 21 വൻകിട തോട്ടകമ്പനികൾ തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്നു. പിയേഴ്സ്, ലസ്ലി, കണ്ണൻദേവൻ, കോമൺവെൽത്ത്, പാരി തുടങ്ങിയ കമ്പനികൾ ഇതിൽ പ്രമുഖരായിരുന്നു. (എം. ഗീതാനന്ദൻ, 2016).

1823ൽ സ്ഥാപിച്ച ഏലം ഡിപ്പാർട്ട്മെന്റും ട്രാവൻകൂർ പ്ലാനിംഗ് ആന്റ് അഗ്രികൾച്ചർ കമ്പനിയും ഇടുക്കി മേഖല അവരുടെ വരുതിയാക്കി. അങ്ങിനെ ഏലത്തിന്റെ കുത്തക സ്വന്തമാക്കി കേരളത്തിന്റെ നല്ലൊരു വിഭാഗം സമ്പത്തും ബ്രിട്ടീഷുകാർ കൈക്കലാക്കി. ഈ കാലയളവിൽ തമിഴ് വംശജരും ആദിവാസി ഭൂമി ഇടുക്കി മേഖലകളിൽ കയ്യേറിയിരുന്നു. 1905-ൽ ഈ മേഖലയിൽ 85% വനമായിരുന്നെങ്കിൽ 1973-ൽ 34% ആയി കുറഞ്ഞത് അധിനിവേശത്തിന്റെ ഫലമായാണ് (എം. ഗീതാനന്ദൻ 2016). അളവിൽ കൂടുതൽ സർക്കാർ ഭൂമി കൈവശം വച്ച് വിലസുന്ന കുത്തകകൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്. അന്യാധീനപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമം സമീപകാലത്ത് ചില ഇടപെടലുകൾ വഴി ഉണ്ടായെങ്കിലും രാഷ്ട്രീയ ഇടപെടലുകൾ മൂലവും കുത്തക കമ്പനികളുടെ സ്വാധീനം മൂലവും ഒരു പരിധി വരെ മാത്രമേ മുന്നോട്ടുപോകാൻ കഴിഞ്ഞിരുന്നുള്ളൂ എന്നുമാത്രമല്ല അത്തരമൊരു സർക്കാർ ശ്രമം കെട്ടടങ്ങുകയും ചെയ്തു.

മൂന്നാറിലെ കണ്ണൻ ദേവൻ തേയിലത്തോട്ടം

ആദിവാസികളുടെ സ്വതന്ത്രജീവിതത്തിന് ഏറ്റവും വലിയ വിലങ്ങു തടിയായത് വനനയങ്ങളായിരുന്നു. 1927-ൽ രൂപം കൊണ്ട ബ്രിട്ടീഷ് വനനിയമത്തിന്റെ ലക്ഷ്യം യാതൊരു പ്രതിരോധവും ഇല്ലാത്ത വനചൂഷണമായിരുന്നു. എന്നാൽ 1961-ൽ നിലവിൽ വന്ന ഇന്ത്യൻ വനനയം ബ്രിട്ടീഷ് വനനയത്തിന്റെ ഇന്ത്യൻ പതിപ്പ് മാത്രമായിരുന്നു. ബ്രിട്ടീഷുകാർ ചെയ്തതുപോലെ സ്വകാര്യകമ്പനികൾക്ക് നമ്മുടെ വനഭൂമി ആവശ്യാനുസരണം ഉപയോഗിക്കാൻ അവസരം കൊടുക്കുകയാണ് ചെയ്തത്. ലഭ്യമായ കണക്കനുസരിച്ച് ആകെ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ളത് 3269 ചതുരശ്ര കിലോമീറ്റർ ആണ്. ഇതിൽ 1881 ച.കി.മി. യഥാർത്ഥ വനമാണ്. 250 ച.കി.മി. ഏലത്തോട്ടവും 476 ച.കി.മി. പാട്ടഭൂമിയും സ്വകാര്യവ്യക്തികളാണ് നിയന്ത്രിക്കുന്നത്. ഇതിനുപുറമേ 336 ച.കി.മി. കയ്യേറ്റ ഭൂമിയുണ്ട്. എന്നാൽ 289 ച.കി.മി. ഭൂമിയിൽ മാത്രമാണ് ആദിവാസികൾ അധിവസിക്കുന്നത് (എം. ഗീതാനന്ദൻ 2016). ഈ കണക്കുകൾ സൂചിപ്പിക്കുന്നത് വനസംരക്ഷകരായ ആദിവാസികൾ യഥാർത്ഥ വനത്തിന്റെ നാലിലൊന്ന് ഭാഗത്തിൽ പോലും അധിവസിക്കുന്നില്ല എന്നതാണ്.

2006-ലെ വനാവകാശനിയമമാണ് വനത്തിന്റെ സംരക്ഷകരായി ആദിവാസികളെ പരിഗണിച്ചിട്ടുള്ളത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ആദിവാസികൾക്ക് വനാവകാശം നൽകിയെങ്കിലും കേരളത്തിൽ ഇത് പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ല. ടൈഗർ റിസർവിന്റേയും മൃഗശല്യത്തിന്റേയും പേരിൽ ആദിവാസികളെ വനമേഖലയിൽ നിന്ന് മാറ്റി നിർത്തുകയാണ് ചെയ്യുന്നത്.

വരുന്നു, കുടിയേറ്റക്കാർ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന്​അണുകുടുംബ വ്യവസ്ഥയിലേക്ക് കേരളസമൂഹം മാറിയപ്പോൾ ഭൂമിയുടെ തുണ്ടുവൽക്കരണം കൂടി സംഭവിക്കുകയാണുണ്ടായത്. തിരുവിതാംകൂർ മേഖലയിൽ കൃഷിയിൽ ഏർപ്പെട്ടിരുന്നത് ക്രിസ്ത്യാനികൾ, ഈഴവർ, നായർ എന്നീ സമൂഹങ്ങളായിരുന്നു. സെന്റ് തോമസ് ക്രിസ്ത്യാനികൾ കൃഷിയിൽ മികവുള്ളതായതുകൊണ്ട് നാടുവാഴികൾ അവർക്ക് ധാരാളം ഭൂമി നൽകിയിരുന്നു. അറബ് മുസ്‌ലീങ്ങളുടെ വരവോടെ കേരളത്തിന്റെ തീരമേഖലകളിൽ നിന്ന് ക്രിസ്തീയ സമൂഹങ്ങൾ മലയോര മേഖലകളിലേക്ക് നീങ്ങി (ജോഷി മാത്യു, 2011).

നമ്പൂതിരി, നായർ വിഭാഗങ്ങൾക്ക് കൃഷിയിൽ താൽപര്യം കുറഞ്ഞതോടെ അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും ഈഴവർക്കുമായി വിറ്റു. ഈ കാലത്ത് മലബാർ മേഖലകളിൽ ഭൂമി നിസ്സാര വിലയ്ക്ക് ലഭ്യമാണെന്ന വിവരം മലബാറിൽ നിന്നും തിരുവിതാംകൂറിലെത്തിയ മാപ്പിള തൊഴിലാളികൾ വഴി പ്രചരിക്കപ്പെട്ടു. തിരുവിതാംകൂറിൽ അക്കാലത്ത് ഏക്കറിന് 150 രൂപ മുതൽ 200 രൂപ വരെ വിലയുണ്ടായിരുന്നപ്പോൾ വയനാടൻ മേഖലകളിൽ അഞ്ചും ആറും രൂപയ്ക്ക് ഒരേക്കർ ഭൂമി ലഭ്യമായിരുന്നു. 1865-ലെ പട്ടയ വിതരണത്തിലൂടെ തിരുവിതാംകൂറിലെ ജനങ്ങൾക്ക് സ്വന്തമായി ഭൂമി കൈവന്നു. ഇതിൽ പലരും തങ്ങളുടെ കൈയ്യിലെ ഭൂമി വിറ്റ്, മലബാർ മേഖലയിൽ കുടിയേറി പത്തും പതിനഞ്ചും ഏക്കർ സ്വന്തമാക്കി. ഈ സംഘടിത കുടിയേറ്റം ആദിവാസി മേഖലകളിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചു.

ഈ കാലത്ത് മലബാർ മേഖലകളിൽ ഭൂമി നിസ്സാര വിലയ്ക്ക് ലഭ്യമാണെന്ന വിവരം മലബാറിൽ നിന്നും തിരുവിതാംകൂറിലെത്തിയ മാപ്പിള തൊഴിലാളികൾ വഴി പ്രചരിക്കപ്പെട്ടു. തിരുവിതാംകൂറിൽ അക്കാലത്ത് ഏക്കറിന് 150 രൂപ മുതൽ 200 രൂപ വരെ വിലയുണ്ടായിരുന്നപ്പോൾ വയനാടൻ മേഖലകളിൽ അഞ്ചും ആറും രൂപയ്ക്ക് ഒരേക്കർ ഭൂമി ലഭ്യമായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രതിഫലനം പട്ടിണിയുടെ രൂപത്തിൽ നമ്മുടെ നാട്ടിൽ പ്രത്യക്ഷമായി. അതിരൂക്ഷമായ ഭക്ഷ്യക്ഷാമം അരിയുടെ വില നേരെ ഇരട്ടിയാക്കി. നെല്ലുൽപ്പാദനം വളരെ കുറഞ്ഞ തിരുവിതാംകൂർ മേഖലയിൽ നിന്ന് കൂടുതൽ അനുയോജ്യമായ വയനാടൻ പ്രദേശങ്ങളിലേക്ക് ആളുകൾ നീങ്ങി. ഇത്തരത്തിൽ ഇരുപതാം നൂറ്റാണ്ടിൽ നടന്ന കുടിയേറ്റത്തെ ‘ഗ്രോ മോർ ഫുഡ്' എന്ന ആശയത്തെ മുൻനിർത്തി സർക്കാർ പ്രോത്സാഹിപ്പിച്ചു. കൂടാതെ കുടിയേറ്റക്കാർക്ക് പള്ളികൾ വഴി സഹായം ലഭിച്ചത് അവരുടെ സാമൂഹ്യജീവിതത്തെ മെച്ചപ്പെടുത്തി. ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ വയനാട്, ഇടുക്കി, അട്ടപ്പാടി മേഖലകളിൽ ആദിവാസി സമൂഹങ്ങളെ രണ്ടാംകിട പൗരന്മാരാക്കി. അട്ടപ്പാടിയിൽ 1947-ൽ ആദിവാസി ജനസംഖ്യ 98% ആയിരുന്നെങ്കിൽ അത് 2001-ൽ 31% ആയി ചുരുങ്ങി. 8996.41 ഏക്കർ ഇരുളർക്കും 1083 ഏക്കർ മുടുകർക്കും 3304 ഏക്കർ കുറുമ്പർക്കും അന്യാധീനപ്പെട്ടു. (സർവ്വേ റിപ്പോർട്ട് ഓഫ് ട്രൈബൽ ലാൻഡ്സ് കളക്ഷൻ ഡാറ്റ ഓഫ് ട്രൈബൽസ്, ഐ. ടി. ഡി. പി, അട്ടപ്പാടി).

1965 മുതൽ ഇന്ത്യയിൽ നക്സൽ പ്രസ്ഥാനം ശക്തി പ്രാപിച്ചു. ഭൂപ്രഭുക്കന്മാർക്കും ഭരണകൂടത്തിനുമെതിരെ ഇവർ നടത്തിയ വെല്ലുവിളികൾ വളരെ വലുതായിരുന്നു. കേരളത്തിലും നക്സൽബാരി കർഷക സാഹായസമിതി പ്രവർത്തനം ശക്തമായ പശ്ചാത്തലത്തിലാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കൽ (റസ്ട്രിക്ഷൻ ഓഫ് ട്രാൻസ്ഫർ ഓഫ് ലാൻഡ്സ് ആൻഡ് റീസ്റ്റൊറേഷൻ ഓഫ് ഏലിനേറ്റഡ് ലാൻഡ് ആക്ട്, 1975) നിലവിൽ വരുന്നത്. എന്നാൽ ഈ നിയമം പൂർണരൂപത്തിൽ നടപ്പിലാക്കുന്നതിന് തടസ്സമായി. 1999-ൽ കേരള സർക്കാർ ഈ നിയമത്തിൽ ഭേദഗതി കൊണ്ടുവരികയും 1960 മുതൽ 1986 വരെ നടന്ന എല്ലാ കയ്യേറ്റങ്ങൾക്കും അംഗീകാരം നൽകുകയുമുണ്ടായി. കേരളത്തിലെ ആദിവാസി സമൂഹങ്ങളോട് ഭരണകൂടം കാണിച്ച ഏറ്റവും വലിയ നീതികേടാണിത്. സംവരണത്തിനെതിരെ സംസാരിക്കുന്ന പലരും ഞങ്ങളുടെ മണ്ണിൽ നിന്നുകൊണ്ടാണ് പറയുന്നതെന്ന് മനസ്സിലാക്കണം.

ആദിവാസിയെ പുറത്താക്കിയുള്ള ഭൂപരിഷ്‌കരണം
കേരളത്തിലെ വിപ്ലവത്തിന്റെ നാഴികക്കല്ല് എന്നറിയപ്പെടുന്ന ഭൂപരിഷ്‌കരണം (കേരള ലാന്റ് റിഫോം ആക്ട്, 1969) ആദിവാസി - ദളിത് വിഭാഗങ്ങളെ അവഗണിച്ചുകൊണ്ടുള്ളതായിരുന്നു. ജന്മിത്ത വ്യവസ്ഥയെ ഇല്ലാതാക്കി ഭൂരഹിതർക്ക് ഭൂമി നൽകുക എന്നതായിരുന്നു ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യം. എന്നാൽ പിറന്ന മണ്ണിൽ കഴിയുന്നവർക്ക് ഭൂമി ലഭിക്കാതെ കയ്യേറി വന്നവർക്ക് ഭൂമി ലഭിച്ചു എന്നതാണ് ഇതിലെ ന്യൂനത. അനേകം ഏക്കർ ഭൂമി എസ്റ്റേറ്റുകൾക്കും വൻതോട്ടങ്ങൾക്കും വിട്ടുനൽകുമ്പോൾ വനത്തോട് ചേർന്നു നിൽക്കുന്ന ആദിവാസികളെ പരിഗണിച്ചില്ല. ഒരിക്കലും ആദിവാസികളെയും ദളിത് സമൂഹങ്ങളെയും കർഷകരായി പരിഗണിച്ചില്ല.

വൻകിട പദ്ധതികളും സാങ്കേതിക വിദ്യകളുമെല്ലാം നാടിന്റെ വികസനത്തിന് അത്യാവശ്യം തന്നെയാണ്. എന്നാൽ പദ്ധതികൾക്കുവേണ്ടി കണ്ടെത്തുന്ന ഇടങ്ങൾ, അവയുടെ പാരിസ്ഥിതികമൂല്യം എന്നിവ ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ വൈദ്യുത പദ്ധതികൾക്കും ഡാമുകൾക്കുമായി അനേകം ആദിവാസികളെ കുടിയിറക്കിയിട്ടുണ്ട്. ഷോളയാർ, പെരിങ്ങൽകുത്ത്, കാരാപ്പുഴ, ഇടുക്കി എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഭൂസമരങ്ങളിലൂടെ നേടിയെടുത്ത ഉടമസ്ഥാവകാശം, മണ്ണിൽ പണിയെടുക്കുന്നവർക്ക് കൃഷിഭൂമി തുടങ്ങിയ അവകാശങ്ങൾ ആദിവാസി ജനതയ്ക്ക് കൂടി വേണ്ടിയാണ് എന്നത് പൊതുസമൂഹം ചർച്ച ചെയ്യണം. കേരളം എന്നും നവോത്ഥാനത്തിന്റെ പാതയിലാണ്. കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള കേരളവികസനം ഉണ്ടാകും എന്നും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.

ദിണ്ടിഗൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനാണ് ലേഖകൻ.

റഫറൻസ്
* കെ. എൻ. ഗണേഷ് 2017, കേരളത്തിന്റെ ഇന്നലെകൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
* കെ. സഹദേവൻ 2016, ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്
* എം. ഗീതാനന്ദൻ. ആദിവാസി ഭൂമി ഉന്മൂലനം
* JOSHY MATHEW. 2011, TRADITION, MIGRATION AND TRANSFORMATION
* സി. ആർ. ബിജോയ്. 2003, Muthanga : The Real Story, EPW
* കെ. ജയരാജ്.
* R.C. VERMA. INDIAN TRIBES THROUGH THE AGES. PUBLICATION DIVISION, MINISTRY OF INFORMATION AND BROADCASTING, GOVERNMENT OF INDIA
* JAMES C SCOTT, 1998, SEEING LIKE A STATEComments