“ഞങ്ങൾ മനുഷ്യരാണെന്ന തോന്നൽ മറ്റുള്ളവർക്കുണ്ടാവണം. മനുഷ്യരെന്ന നിലയിൽ പരിഗണിക്കപ്പെടണം. സത്യം പറഞ്ഞാൽ സമാധാനായിട്ട് ഉറങ്ങിയിട്ട് കാലം കുറേയായി, അടച്ചുറപ്പുള്ള വീടുകളൊന്നുമില്ലല്ലോ...” നിലമ്പൂർ മുണ്ടേരി ഉൾവനത്തിലെ ആദിവാസി സ്ത്രീയായ സുധയുടെ വാക്കുകളാണിത്. വെള്ളവും വെളിച്ചവും കക്കൂസുമില്ലാതെ 2019 മുതൽ ഷെഡിൽ കഴിയുകയാണ് സുധയും കുടുംബവും.
2019 ഓഗസ്റ്റ് 8-ന് വൈകീട്ടോടെയാണ് മുണ്ടേരി വനത്തിലെ 300-ഓളം വരുന്ന ആദിവാസി കുടുംബങ്ങളുടെ ജീവിതം തകർത്ത ദുരന്തം സംഭവിക്കുന്നത്. അന്ന് വൈകിട്ട് സംഭവിച്ച മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴ കരകവിഞ്ഞ് ഒഴുകുകയും മുണ്ടേരി ഉൾവനത്തിൽ പുഴയ്ക്കു സമീപം താമസിക്കുന്ന ഈ ആദിവാസികളുടെ വീടുകൾ തകരുകയും ചെയ്തു. ഇതേ ദിവസം തന്നെയാണ് 17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തവും സംഭവിക്കുന്നത്. പുത്തുമല ദുരന്തം വാർത്തകളിൽ നിറഞ്ഞപ്പോഴും മുണ്ടേരിയിലെ ആദിവാസികളുടെ പുനരധിവാസം ചർച്ചയിലേ വന്നില്ല. ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ എന്നീ ആദിവാസി ഊരുകളിലെ മനുഷ്യരാണ് 2019 മുതൽ പ്രതിസന്ധി നേരിടുന്നത്. ചാലിയാർ പുഴയ്ക്ക് അപ്പുറമുള്ള ഈ ആദിവാസി മനുഷ്യരെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന ഇരുട്ടുകുത്തി പാലവും കുറേയധികം വീടുകളും അന്ന് നഷ്ടമായി. കുത്തിയൊലിക്കുന്ന ചാലിയാർ പുഴ കടക്കാൻ മുളകൊണ്ട് ഉണ്ടാക്കിയ ചങ്ങാടം മാത്രമാണ് ഇന്ന് അവർക്കാശ്രയം. രോഗികളും കുട്ടികളും ഗർഭിണികളും പ്രായമായവരുമടക്കം ഒട്ടേറെ പേരാണ് ഓരോ ദിവസവും ചാലിയാർ പുഴ കടക്കാൻ ബുദ്ധിമുട്ടുന്നത്. വീടുകൾ വാസയോഗ്യമല്ലാതായതോടെ 2019 മുതൽ പ്ലാസ്റ്റിക് ഷീറ്റും മുളയും ഉപയോഗിച്ച് നിർമിച്ച കുടിലുകളിലാണ് ഇവരുടെ താമസം. വനാവകാശ നിയമപ്രകാരം ഇവിടുത്തെ ആദിവാസികൾക്ക് ലഭിച്ചിരുന്ന ഭൂമിയിലൂടെ ചാലിയാർ പുഴ ഒഴുകിയെത്തിയതോടെ വനത്തിൽ മറ്റൊരിടത്ത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കുടിലുകളിലേക്ക് ഇവർക്ക് മാറേണ്ടി വന്നു. എന്ത് കൊണ്ടാകും ആദിവാസികളുടെ കാര്യത്തിൽ സർക്കാർ സംവിധാനം മുഴുവൻ മൗനം പാലിക്കുന്നത്?
പ്രളയം തകർത്തെറിഞ്ഞ നിലമ്പൂരിനെ വീണ്ടെടുക്കാനായി പി.വി.അബ്ദുൾ വഹാബ് എം.പി മുഖ്യ രക്ഷാധികാരിയും പി.വി അൻവർ എം.എൽ.എ ചെയർമാനുമായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘റീബിൽഡ് നിലമ്പൂർ’ പദ്ധതി ആരംഭിച്ചിരുന്നു. ഇതേ പേരിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ട് വഴിയാണ് പണം ശേഖരിച്ച് സർക്കാരുമായി സഹകരിച്ച് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഭൂമി കണ്ടെത്തി പ്രളയത്തിൽ വീടുകളും മറ്റും നഷ്ടമായവരുടെ പുനരധിവാസമാണ് പദ്ധതിയുടെ ലക്ഷ്യം. പ്രളയവുമായി ബന്ധപ്പെട്ട് നിലമ്പൂരിലുണ്ടായ പ്രയാസങ്ങൾ പരിഹരിക്കുന്നതിനും ആളുകളെ സഹായിക്കുന്നതിനും പഞ്ചായത്ത് പ്രസിഡന്റുമാരും എം.പിയും എം.എൽ.എയുമെല്ലാം ചേർന്ന് രൂപം കൊടുത്ത പദ്ധതി ഇപ്പോഴും മുണ്ടേരിയിലെ ആദിവാസികളെ കണ്ടിട്ടില്ല. റീ ബിൽഡ് നിലമ്പൂരിന്റെ മറവിൽ മുണ്ടേരിയിലെ ആദിവാസികളെ കാട്ടിൽ നിന്ന് എങ്ങനെയെങ്കിലും പുറത്തിറക്കാനും വനഭൂമി കൈയ്യടക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അഡ്വ.പി.എ പൗരൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
“മുണ്ടേരിയിൽ വെള്ളം കയറി അവരുടെ വീടുകളും സ്ഥാവരജംഗമ വസ്തുക്കളും നഷ്ടമാവുകയും ചെയ്തപ്പോൾ ‘റീ ബിൽഡ് നിലമ്പൂർ’ എന്ന പേരിൽ ഒരു പുതിയ പദ്ധതി കൊണ്ടുവന്നു. അതിന്റെ ലക്ഷ്യം ഈ ആദിവാസികളുടെ ഭൂമി എങ്ങനെയെങ്കിലും പിടിച്ചെടുക്കുകയും ഇവർക്ക് വേണ്ടി വേറെ ഭൂമി കണ്ടെത്തി അതിൽ നിന്നും പണം തട്ടുകയുമാണ്. മുണ്ടേരിയിൽ മുഴുവൻ തോട്ടങ്ങളാണ്. ആ തോട്ടങ്ങൾ മുഴുവൻ കൈക്കലാക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. അവരാണ് ആദിവാസികളെ മുണ്ടേരി വനത്തിൽ നിന്ന് ഒഴിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നത്. കാടിന് പുറത്ത് ഒഴിവാക്കപ്പെട്ട ക്വാറികളിലേക്ക് ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന് രാഷ്ട്രീയമായി പിന്തുണ ലഭിക്കാൻ വേണ്ടി ഈ ലോബി പ്രവർത്തിക്കുകയും മുണ്ടേരിയിലെ ആദിവാസികൾ കഴിഞ്ഞ അഞ്ച് വർഷമായി അനുഭവിക്കുന്ന പ്രശ്നങ്ങൾ അഡ്രസ് ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നുണ്ട്.” - അഡ്വ. പി.എ പൗരൻ പറഞ്ഞു.
മുണ്ടേരിയിലെ ആദിവാസികളെ പുനരധിവാസം വൈകിപ്പിച്ച് എങ്ങനെയെങ്കിലും കാട്ടിൽ നിന്നും പുറത്തിറക്കാനാണ് റീ ബിൽഡ് നിലമ്പൂരെന്ന പദ്ധതിയിലൂടെ ചിലർ ശ്രമിക്കുന്നത്. കാട് വിട്ട് പിറത്തേക്കിറങ്ങാൻ തയ്യാറായാൽ വീടുകൾ നിർമിച്ചു നൽകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും ഇവർ പറയുന്നു. എന്നാൽ വീടും മറ്റ് സൗകര്യങ്ങളും കിട്ടുമ്പോൾ മതിയെന്നും കാട് വിട്ട് പുറത്തേക്കിറങ്ങാൻ തങ്ങൾ തയ്യാറല്ലെന്നുമാണ് മുണ്ടേരിയിലെ ആദിവാസികൾ പറയുന്നത്. പി.വി. അൻവർ എം എൽ എയുടെ അദ്ധ്യക്ഷതയിലുള്ള റീ ബിൽഡ് നിലമ്പൂർ പദ്ധതിയുടെ ലക്ഷ്യം ഭൂമി തട്ടിപ്പാണെന്ന് 2020 ജനുവരിയിൽ മലപ്പുറം കളക്ടറായിരുന്ന ജാഫർ മാലിക് ആരോപിച്ചിരുന്നു. അതിനാൽ പദ്ധതിയോട് സഹകരിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
വനത്തിൻമേലും വനവിഭവങ്ങൾക്കു മേലുമുള്ള അവകാശം ആദിവാസികൾക്കാണെങ്കിലും അവരെ പുറത്തിറക്കി കാട് കയ്യേറാനുള്ള ശ്രമമാണ് മുണ്ടേരിയിലെ പുനരധിവാസം വൈകുന്നതിന്റെ പ്രധാന കാരണം. കാട് കയ്യേറാനുള്ള ഗൂഢശ്രമങ്ങളെ തിരിച്ചറിയുന്നതോടൊപ്പം അഞ്ച് വർഷത്തോളമായി ദുരിതമനുഭവിക്കുന്ന ഈ മനുഷ്യരെയും സർക്കാർ പരിഗണിക്കേണ്ടതുണ്ട്.
മുണ്ടേരിയിലെ ആദിവാസി ജീവിതങ്ങളെ കുറിച്ച് ട്രൂ കോപ്പി തിങ്ക് ചെയ്ത ഡോക്യുമെന്ററി:
The Lost Bridge | നഷ്ടപ്പെട്ട പാലം