മുത്തങ്ങയിൽ പൊലീസുകാരൻ വിനോദ് മരിച്ച അതേ സ്ഥലത്തും സമയത്തുമല്ലേ എന്റെ അച്ഛൻ ജോഗിയും കൊല്ലപ്പെട്ടത്. അതുകൊണ്ട്, അച്ഛനും നീതി കിട്ടണം. അതിനുള്ള നിയമനടപടിയ്ക്കുവേണ്ടി, തുടരന്വേഷണത്തിനായി ഞങ്ങൾ ശ്രമം നടക്കുന്നുണ്ട്.
എനിക്ക് എട്ടു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഞങ്ങൾ ആറു മക്കളാണ്. അച്ഛൻ മാത്രമാണ് പിന്നെ ഞങ്ങൾക്കുണ്ടായിരുന്നത്. പയ്യമ്പിള്ളി ഊരിൽനിന്ന് അച്ഛനോടൊപ്പമാണ്, അന്ന് 15 വയസ്സുണ്ടായിരുന്ന ഞാനും മുത്തങ്ങ സമരഭൂമിയിലേക്ക് പോയത്. വെടിവെപ്പ് നടന്ന ദിവസം ഇപ്പോഴും ഓർമയുണ്ട്. വെടിവെപ്പ് നടന്നതിന്റെ തലേന്ന്, 2003 ഫെബ്രുവരി 18-ന് ഞങ്ങൾ കാട് വെട്ടിത്തെളിക്കുകയായിരുന്നു. രാവിലെ പതിനൊന്നുമണിയോടെ തീവെപ്പുണ്ടായി. ആനപ്പിണ്ഡത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി എറിയുകയായിരുന്നു. ഞങ്ങളെല്ലാവരും ചേർന്ന് തീ കെടുത്തി. പിന്നെ തീയിട്ട ജീപ്പ് ഡ്രൈവർമാരെയും ഉദ്യോഗസ്ഥരെയും പിടിച്ചുവെച്ചു.
‘‘അച്ഛന്റെ മരണത്തിൽ എഫ്.ഐ.ആറുണ്ടെന്ന് പറയുന്നുണ്ടെങ്കിലും 23 വർഷമായി ഒരു പോലീസുകാരൻ പോലും, ഇതേക്കുറിച്ച് അന്വേഷിക്കാൻ വീട്ടിൽ വന്നിട്ടില്ല’’- ജോഗിയുടെ മകൻ ശിവൻ.
ഇതേതുടർന്ന്, 19-ന് കൂടുതൽ പൊലീസുകാരെത്തി, ഒപ്പം ഗുണ്ടകളുമുണ്ടായിരുന്നു. താഴെ റോഡിൽനിന്നാണ് ആക്രമണം തുടങ്ങിയത്. കുടുംബങ്ങളെ കാട്ടിലേക്ക് ഓടിച്ചുകയറ്റിയശേഷമായിരുന്നു വെടിവെപ്പ്. ഞങ്ങൾ തീർത്തും ഒറ്റപ്പെട്ടുപോയി. അച്ഛൻ മുമ്പിലും ഞാൻ പുറകിലുമായിരുന്നു. വെടിവെച്ചപ്പോൾ എല്ലാവരും ചിതറിയോടിയതിനാൽ എനിക്ക് അച്ഛനെ കാണാനായില്ല. അതുകൊണ്ട് അച്ഛന് വെടിയേറ്റ വിവരം അപ്പോൾ അറിഞ്ഞില്ല. പിറ്റേന്ന് രാവിലെ, വീട്ടിലേക്ക് പോകുന്നവഴി പത്രത്തിൽനിന്നാണ് വിവരമറിഞ്ഞത്. വെടിവെപ്പിനിടെ അച്ഛൻ മാറിപ്പോയിട്ടുണ്ടാകുമെന്നാണ് വിചാരിച്ചിരുന്നത്. വീട്ടിൽ വെച്ചാണ് അച്ഛനെ അവസാനമായി കണ്ടത്. ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. പൊലീസിന്റെ വെടിയേറ്റായിരുന്നു മരണമെന്ന് ഉറപ്പായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും അതുണ്ടല്ലോ.

അച്ഛന്റെ മരണശേഷം, ചേട്ടന്മാർ കൂലിപ്പണിക്കുപോയാണ് ഞങ്ങൾ ജീവിച്ചത്. അച്ഛന്റെ പേരിൽ തേറ്റമലയിൽ ഒരേക്കർ ഭൂമി കിട്ടി. അത് വാസയോഗ്യമായിരുന്നില്ല. മനുഷ്യർക്ക് താമസിക്കാൻ പറ്റുമോ എന്നു നോക്കിയല്ലേ സർക്കാർ സ്ഥലം കൊടുക്കേണ്ടത്? ആദ്യം പട്ടയം വിതരണം ചെയ്തശേഷമാണ് ഞങ്ങൾക്ക് ഭൂമി കാണിച്ചുതരുന്നത്. ആ ഭൂമിയിൽ ഞങ്ങൾക്ക് താമസിക്കാനായില്ല. അതൊരു കുന്നിൻചരിവായിരുന്നു. മരം കൊണ്ടുപോകാൻ റോഡ് നിർമിച്ചിരുന്നു. 2018-ലെ പ്രളയകാലത്ത് അതിടിഞ്ഞുപോയി.
അച്ഛന്റെ മരണത്തിൽ എഫ്.ഐ.ആറുണ്ടെന്ന് പറയുന്നുണ്ടെങ്കിലും 23 വർഷമായി ഒരു പോലീസുകാരൻ പോലും, ഇതേക്കുറിച്ച് അന്വേഷിക്കാൻ വീട്ടിൽ വന്നിട്ടില്ല. എഫ്.ഐ.ആർ ഉണ്ടെങ്കിൽ ഞങ്ങളോട് അന്വേഷിക്കേണ്ടതല്ലേ? പൊലീസ് മാത്രമല്ല, സർക്കാറോ രാഷ്ട്രീയപാർട്ടികളോ ആരും അച്ഛന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. അച്ഛൻ സി.പി.എം അനുഭാവിയായിരുന്നു, പ്രവർത്തകനായിരുന്നില്ല. സമരകാലത്തും അദ്ദേഹം പാർട്ടിയിൽനിന്ന് അകന്നിരുന്നില്ല. ഇലക്ഷൻ കാലത്ത് അച്ഛന്റെ പേരും പറഞ്ഞ് എല്ലാ പാർട്ടിക്കാരും വരും. അതു കഴിഞ്ഞാൽ എല്ലാം മറക്കും.

ഗീതാനന്ദൻ മാഷ് അടക്കമുള്ള നാലുപേർ പ്രതികളായി ജയിലിൽ കിടക്കേണ്ടവരല്ല. അവർ ജയിലിലായപ്പോൾ ഞങ്ങളെ പരിഹസിക്കുന്ന രാഷ്ട്രീയക്കാരുണ്ട്, സമരത്തിന് പോയിട്ട് ഭൂമി കിട്ടിയോ എന്നു ചോദിച്ച്. അതിൽ വലിയ വേദന തോന്നിയിട്ടുണ്ട്. ആദിവാസികളോട് പൊതുസമൂഹത്തിനുള്ള അവഗണന ഇതിലടങ്ങിയിട്ടുണ്ട്. ഏതായാലും, അച്ഛന്റെ മരണത്തിൽ അന്വേഷണം വേണം, അതിൽനിന്ന് പുറകോട്ടില്ല.
എന്റെ അച്ഛനെ കൊന്നവരെ എന്തുകൊണ്ട് ജയിലിലടക്കുന്നില്ല? നീതി പൊലീസുകാരനുമാത്രം അവകാശപ്പെട്ടതാണോ? ആദിവാസിയ്ക്ക് സമൂഹത്തിൽ ഒരു വിലയുമില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്.



