ആദിവാസി സാമ്പത്തിക ജീവിതത്തിന് പിന്നീടെന്തു സംഭവിച്ചു? എം. കുഞ്ഞാമന്റെ കണ്ടെത്തലുകൾ

കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിൽ ആദിവാസികളെ അടയാളപ്പെടുത്തുന്ന ആദ്യ പഠനമായിരുന്നു എം. കുഞ്ഞാമന്റെ എം.ഫിൽ പ്രബന്ധം. ആദിവാസികളുടെ സാമൂഹിക- സാമ്പത്തിക- വികസന പ്രശ്‌നങ്ങളുടെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ വിശകലനമായിരുന്നു, 1982-ൽ കെ.എൻ. രാജിന്റെ മേൽനോട്ടത്തിൽ സമർപ്പിച്ച പ്രബന്ധത്തിന്റെ ഉള്ളടക്കം. ഈ ഗവേഷണ ​പ്രബന്ധം മുൻനിർത്തി കേരളത്തിലെ ആദിവാസി ജീവിതത്തെ സമകാലികമായി വിലയിരുത്തുകയാണ് ഡോ. രാജേഷ് കോമത്ത്. മലബാറിലെ ആദിവാസികളുടെ സാമ്പത്തിക പരിണാമത്തെക്കുറിച്ചാണ് ഈ ഭാഗം.

കേരളത്തിലെ ആദിവാസി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരുന്നു, വിവിധ പ്രദേശങ്ങളിലും ജില്ലകളിലും അതിന്റെ സ്വഭാവരീതികൾ എന്തായിരുന്നു, ആദിവാസി ജീവിതത്തിന് നിദാനമായ ചരിത്രപരവും സമ്പദ്ശാസ്ത്രപരവുമായ മാനങ്ങൾ എന്തൊക്കെയായിരുന്നു എന്നീ ചോദ്യങ്ങളാണ് എം. കുഞ്ഞാമൻ തന്റെ ആദ്യത്തെ ഗവേഷണ പഠനമായ എം.ഫിൽ പ്രബന്ധത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കുന്നത്.

1982-ൽ കെ.എൻ. രാജിന്റെ മേൽനോട്ടത്തിൽ സമർപ്പിച്ച പ്രബന്ധത്തിലെ ഉള്ളടക്കത്തിലേക്ക് കടക്കാനാണ് ഈ ലേഖനം ലക്ഷ്യമിടുന്നത്. എം. കുഞ്ഞാമന്റെ പഠനം ആദിവാസി ജീവിതത്തിന്റെ മുൻകാല അനുഭവങ്ങൾ വെളിച്ചത്തു കൊണ്ടുവരിക മാത്രമല്ല, നാളിതുവരെയായി ഈ സമ്പദ് വ്യവസ്ഥക്കും മനുഷ്യർക്കും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാനും അതിന് കാരണമായി തീരുന്ന പുതിയ രാഷ്ട്രീയ- സാമ്പത്തിക വിശദീകരണങ്ങളിലേക്ക് കടക്കാനും നമ്മെ സഹായിക്കും. ചുരുക്കിപ്പറഞ്ഞാൽ പശ്ചിമഘട്ടത്തിൽ സംഭവിക്കുന്നതെന്തെന്ന് വെളിവാക്കാൻ ഈ പഠനത്തിന്റെ നിരൂപണം നമ്മെ സഹായിക്കുന്നു.

photo : Subeesh Yuva

1982 വരെ ആദിവാസി ജനങ്ങളെപ്പറ്റി കോളനിഭരണകാലത്തെ വിവരങ്ങളാണ് പ്രധാനമായും നമുക്ക് ലഭിച്ചിരുന്നത്. ഭരണത്തിനാവശ്യമായ വിവരങ്ങൾക്കും കാട്ടിലെ വിഭവങ്ങൾ ശേഖരിക്കാനും ചൂഷണത്തിനുമായിരുന്നു അധിനിവേശകാലത്ത് പ്രധാനമായും പഠനങ്ങൾ നടത്തിയിരുന്നത്. അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നെങ്കിലും അതുവരെ ശ്രദ്ധിക്കാത്ത ഒരു ജനതയുടെ ജീവിതത്തിലേക്ക് കടന്നുചെല്ലാൻ നമ്മെ സഹായിക്കുന്നതു കൂടിയായിരുന്നു ആ പഠനങ്ങൾ.

എഡ്‌വേഡ് തേസ്റ്റൺ, അനന്തകൃഷ്ണ അയ്യർ, എ.എ.ഡി. ലൂയിസ്, പി.എച്ച്.ജി. മാത്തൂർ എന്നിവരുടെ പഠനങ്ങളും എഴുത്തുകളുമായിരുന്നു പ്രധാനമായും ലഭ്യമായിരുന്നത്. ഈ പഠനശാഖയ്ക്ക് കോളനിവാഴ്ചയുടെ നിർമിതിയെന്ന അതിന്റെ ആദ്യകാല സ്വഭാവത്തിൽനിന്ന് മോചിതമാകാൻ കഴിഞ്ഞിരുന്നില്ല. ആദിവാസി വിഭാഗങ്ങളെ പ്രത്യേക ജനവിഭാഗമെന്ന നിലയ്ക്കാണ് കണ്ടിരുന്നത്. അതായത്, വളരെ ദൂരത്തും മലമുകളിലും താമസിക്കുന്ന മനുഷ്യർ, ഇടനാട്ടിലും കടലോരത്തും താമസിക്കുന്ന മനുഷ്യരിൽനിന്ന് വിഭിന്നമായവർ, സാധാരണ മനുഷ്യർക്ക് തീർത്തും അറിയാത്തതരം ജീവിതം നയിക്കുന്നവർ, പരിഷ്‌കൃത സമൂഹത്തിന്റെ യാതൊരു സ്വഭാവവും കാണിക്കാത്തവരും എഴുത്തും വായനയും അറിയാത്തവരും എന്നിങ്ങനെയുള്ള സാമാന്യബോധത്തിൽനിന്നാണ് ഈ ജനതയെ പണ്ഡിതവും അല്ലാത്തതുമായ സമൂഹം നോക്കിക്കണ്ടിരുന്നത്. ആദിവാസികളുടെ സംസ്‌കാരമെന്ത്, അവർ പാചകം ചെയ്യുന്ന ഭക്ഷണമേത്, എങ്ങനെയാണ് അവർ വിഭവങ്ങൾ സമാഹരിച്ചിരുന്നത്, അവർക്കിടയിലെ സമൂഹത്തിന്റെ സ്വഭാവമെന്ത്, പുനരുൽപ്പാദനം എങ്ങനെ, അവർക്കിടയിലെ സംവാദങ്ങളുടെ സ്വഭാവമെന്ത്, ഭാഷയുടെ രൂപീകരണമെങ്ങനെ തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾക്കപ്പുറം അവരുടെ സമ്പദ്‌വ്യവസ്ഥ എന്തായിരുന്നു എന്ന് ചോദിച്ച ആദ്യ പണ്ഡിതൻ എം. കുഞ്ഞാമനായിരിക്കും. സാമൂഹിക മാറ്റത്തിന്റെ ചലനസ്വഭാവം വ്യക്തമാക്കാൻ, സമ്പദ്ശാസ്ത്രത്തിന്റെ സങ്കൽപ്പനങ്ങളിലൂടെ ആദിവാസികളുടെ ജീവിതപാശ്ചാത്തലം വിശദീകരിക്കുകയാണ് 1982-ലെ തന്റെ പഠനത്തിൽ കുഞ്ഞാമൻ ചെയ്തത്.

Photo : Salam Arrakal

ഊഹക്കണക്കായ
ആദിവാസികൾ

സാമ്പത്തികശാസ്ത്രജ്ഞർ ആദിവാസി സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് കാര്യമായൊന്നും പഠിക്കാറില്ല. കാരണം, സാമ്പത്തിക ചലനത്തിന്റെയും പെരുമാറ്റത്തിന്റെയും സ്വഭാവങ്ങൾ മനസ്സിലാക്കാൻ പറ്റിയ തരത്തിലുള്ള ദത്തങ്ങൾ ലഭിക്കില്ല. ഇന്ത്യൻ ജനതയെക്കുറിച്ച്, അവരുടെ നിത്യ ജീവിതാവസ്ഥയെക്കുറിച്ചു പോലും കാര്യമായ കണക്കെടുപ്പ് നടന്നിട്ടില്ലാത്ത കാലത്ത് ആദിവാസികളെക്കുറിച്ചുള്ള ഏക കണക്ക് സെൻസസിലൂടെ മാത്രം ലഭ്യമാകുന്നതായിരുന്നു. കേരളത്തിൽ 1.5 ശതമാനം മാത്രമുള്ള ഈ ജനതയുടെ കണക്കുകൾ പോലും പര്യാപ്തമായിരുന്നില്ല, അവരെക്കുറിച്ച് എന്തെങ്കിലും വസ്തുനിഷ്ഠമായോ അന്വേഷണാത്മകമായോ പറയാൻ. ആദിവാസികളെക്കുറിച്ചുള്ള കണക്കുകളെക്കുറിച്ച് കുഞ്ഞാമൻ തന്നെ പറയുന്നത്, ഒരുതരം ഊഹക്കണക്ക് എന്നാണ്. ഫോറസ്റ്റ് ഓഫീസർമാരുടെ കണക്കെടുപ്പുകളിലൂടെയാണ് പലപ്പോഴും ആദിവാസികളെക്കുറിച്ച് എന്തെങ്കിലും അറിയാൻ കഴിയുക. കാട്ടിലെ കരടിയുടെ കണക്കുകൾ ശരിയാവുമ്പോഴും അവിടെ വസിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള കണക്കുകളും അറിവുകളും പുറംലോകത്തിനറിയാൻ പ്രയാസമേറിയ കാലത്താണ്, അന്നുവരെ ലഭ്യമായ കണക്കുകളുടെ പിൻബലത്തിൽ ഈ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എം. കുഞ്ഞാമൻ പഠിക്കുന്നത്.

Photo : Sujith Vp Wayanad

സ്വാതന്ത്ര്യാനന്തരം ദേശീയ ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ് ഭരണകൂടം ആദിവാസികളെക്കുറിച്ചും ആലോചിക്കുന്നത്. ദാരിദ്ര്യം, ഭൂമിയില്ലായ്മ, പുറമെനിന്ന് വരുന്ന മനുഷ്യരുടെ ചൂഷണം, തൊഴിൽ ചൂഷണം എന്നിവയെക്കുറിച്ച് പൊതുവായുള്ള ധാരണകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എങ്കിലും കേരളത്തിലെ വിവിധ ദേശങ്ങളിലെ ആദിവാസികളെക്കുറിച്ചും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ ചരിത്രപരവും മറ്റുമായ വ്യത്യസ്തകളെക്കുറിച്ചും അതിന് നിദാനമായ കാരണങ്ങളും വിശദീകരിക്കുകയാണ് കുഞ്ഞാമന്റെ പഠനം.

ആദിവാസികളുടെ സാമൂഹിക- സാമ്പത്തിക വികസന പ്രശ്‌നങ്ങൾ എന്താണ്, വിവിധ ദേശങ്ങളിലെ ജനവിഭാഗങ്ങൾ തമ്മിൽ ഏതൊക്കെ തരത്തിലാണ് സാമ്പത്തികാവസ്ഥയുടെ മാനദണ്ഡങ്ങളിൽ വിഭിന്നരായിരിക്കുന്നത് എന്നിവ പ്രധാന ചോദ്യമായി ആ പഠനം ഉയർത്തി. കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തിൽ ആദിവാസികളെ അടയാളപ്പെടുത്തുന്ന ആദ്യ പഠനമായും ഇതിനെ കാണാം.

1975-ൽ സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിൽ കേരള മാതൃകയുടെ സാമ്പത്തികശാസ്ത്രം സജീവമായി ചർച്ച ചെയ്യുകയും അതിനെ കൊണ്ടാടുകയും ചെയ്യുന്ന സമയത്താണ് 1982-ൽ കുഞ്ഞാമൻ അതിന്റെ വിമർശനത്തിന് ശക്തമായി ഹേതുവാകുന്ന ആദിവാസി സമ്പദ്ശാസ്ത്രത്തിന്റെ രാഷ്ട്രീയ- സാമൂഹിക വിശകലനം നടത്തുന്നത്. കേരള മാതൃക ശരാശരി കേരളീയരുടെ ജീവിതമാണെന്നും അതിൽ ആദിവാസികൾ, ദലിതർ, മത്സ്യത്തൊഴിലാളികൾ എന്നിവർ പുറന്തള്ളപ്പെട്ടവരാണെന്നുമുള്ള വായനകൾക്ക് അടിസ്ഥാനബലം നൽകുന്ന പഠനമായിരുന്നു ഈ എം ഫിൽ പ്രബന്ധം.

Photo : Yousaf RV

ദത്തശേഖരണം അതീവ ശ്രമകരമാണ് ഇന്നും ആദിവാസി മേഖലയിൽ. 1976-78 കാലങ്ങളിൽ ഗവൺമെന്റ് ശേഖരിക്കുന്ന സാമ്പത്തികവും അല്ലാത്തതുമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആദിവാസി സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവങ്ങൾ വിശദീകരിച്ചിരിക്കുന്നത്. 1982-ൽ നിലവിലുണ്ടായിരുന്ന ഏഴ് ജില്ലകളിലായി ജീവിച്ചിരുന്ന വിവിധ ആദിവാസി വിഭാഗങ്ങളുടെ കണക്കുകൾ ക്രോഡീകരിച്ച് താരതമ്യത്തിലൂടെയും ചരിത്രവീക്ഷണത്തിലും വിശദീകരിക്കുന്ന രീതിയാണ് രീതിശാസ്ത്രമെന്ന തലത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഏകദേശം നാലു ശതമാനം ആദിവാസി വിഭാഗങ്ങളുടെ കണക്കുകൾ ശേഖരിച്ചാണ് ചില നിഗമനങ്ങളിൽ എത്തിയിരിക്കുന്നത്. കേരള സംസ്ഥാനം രൂപീകൃതമായി ഇത്ര കാലം കടന്നുപോയെങ്കിലും കുറ്റമറ്റരീതിയിലുള്ള ജനസംഖ്യാ കണക്കെടുപ്പോ പ്രാദേശികമായും ജാതി- വർഗാടിസ്ഥാനത്തിലും തരംതിരിച്ച സാമൂഹിക- സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളോ ഇന്നും ലഭ്യമല്ല എന്ന നമ്മുടെ വിവരശേഖരണത്തിന്റെയും ആസൂത്രണ പദ്ധതികളുടെയും പിന്നാക്കാവസ്ഥ കൂടി കുഞ്ഞാമന്റെ പഠനം വെളിപ്പെടുത്തുന്നു. ഭരണകൂടത്തിന് ജനങ്ങൾക്കിടയിലെ അസമത്വത്തെക്കുറിച്ചോ അവരുടെ സാമ്പത്തികവും സാംസ്‌കാരികവുമായുള്ള പിന്നാക്കാവസ്ഥയെക്കുറിച്ചോ ജനവിഭാഗങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ചോ അറിയാൻ താൽപര്യമില്ല എന്നുറപ്പിക്കാനാവുന്ന നില കൂടി വ്യക്തമാക്കുന്നതാണ് നിയതമായ കണക്കുകളുടെ അഭാവം.

ക്ഷേമപദ്ധതികൾ ഉണ്ടാക്കാനും പഴയത് പുതുക്കിപ്പണിയാനും ഒരു സംസ്ഥാനത്തെ ജനങ്ങൾഎങ്ങനെയാണ് ജിവിക്കുന്നതെന്ന് അറിയേണ്ടത് മുന്നുപാധിയാണ്. ദേശീയതലത്തിൽ ഉന്നയിക്കുന്ന ജാതി സെൻസസിന്റെ അനിവാര്യതയും ക്ഷേമരാഷ്ട്രത്തിന്റെ ഭരണനിർവഹണവും ഈ അവസരത്തിൽ നമ്മെ കണ്ണുതുറപ്പിക്കുന്നവയായിരിക്കണം. കണക്കുകൾ പുറത്തുവന്നാൽ ജനവിഭാഗങ്ങൾ തമ്മിൽ കലഹമുണ്ടാകുമെന്ന ന്യായം പറഞ്ഞ് ശരിയായ കണക്കെടുപ്പിൽനിന്ന് ഭരണവ്യവസ്ഥ പിന്നോട്ട് പോകരുതെന്ന സന്ദേശവും കൂടി ആദിവാസി ജീവിതത്തിന്റെ യഥാർഥ പൊരുളുകൾ കണ്ടെത്തുന്നതിൽ പ്രധാനമാകുന്നു.

1982-നുശേഷം കേരളത്തിലെ 37 ആദിവാസി വിഭാഗങ്ങൾക്കിടയിൽ ചെറുതും വലുതുമായ പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം നരവംശശാസ്ത്രവീക്ഷണത്തിൽ മാത്രമുള്ളവയാണ്. കിർത്താഡ്സ് പോലുള്ള സ്ഥാപനങ്ങൾ, ആദിവാസിയാണോ അല്ലയോ, അവരുടെ വംശാവലി എന്താണ് എന്നിങ്ങനെയുള്ള പഠനങ്ങൾ നടത്തുമ്പോഴും അവർക്കിടയിലുള്ള സമ്പദവ്യവസ്ഥ എന്താണെന്നും അതിൽ വരുന്ന മാറ്റമെന്താണെന്നും ഇന്നും പഠനവിധേയമാക്കുന്നില്ല. ഇത്തരത്തിൽ, ഇതുവരെ കേരളത്തിലെ ആദിവാസി സമൂഹത്തെ കുറിച്ച് നടന്ന പഠനങ്ങൾ വിലയിരുത്തിയാൽ കാലികമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് എം. കുഞ്ഞാമന്റെ ഗവേഷണമെന്ന് വ്യക്തമാകും.

Photo : Rajeev Mannayam

സെൻസസ് ആണ് നമുക്ക് ലഭ്യമായ കണക്കുകൾ. അതിൽ തന്നെ കാര്യമായ ചില പ്രശ്നങ്ങളുണ്ട്. ആരാണ് ആദിവാസി എന്ന് നിർവചിക്കുന്നതിൽ ഓരോ കണക്കെടുപ്പും വ്യത്യസ്ത സങ്കൽപങ്ങൾ ഉപയോഗിക്കുന്നത് താരതമ്യത്തിന് വിഘ്നമാണ്. ആനിമിസം, ആദിവാസി മതം, പ്രാകൃത മതം, ട്രൈബൽസ് (tribals) പട്ടികവർഗം തുടങ്ങി പലതരത്തിലാണ് ഈ വിഭാഗത്തെ ഓരോ കണക്കെടുപ്പും തരംതിരിച്ചിരിക്കുന്നത്. 1901 മുതൽ 1971 വരെയുള്ള സെൻസസുകളിൽഇത്തരം വിവിധ സങ്കൽപത്തിലൂടെയാണ് ആദിവാസികളുടെ കണക്കെടുപ്പ് നടത്തിയിട്ടുള്ളത്. ചിലയിടത്ത് അവർ ഹിന്ദുക്കളെന്നും അല്ലാത്തവരെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കണക്കെടുപ്പിലെ മതവും മതത്തിന്റെ സ്വാധീനവും കണക്കെടുപ്പിലും ഭരണകൂടത്തിലും കൂടുന്നതനുസരിച്ച് ഇത്തരം സങ്കൽപങ്ങൾ കണക്കെടുപ്പിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. യഥാർഥത്തിൽ സാമൂഹിക-സാമ്പത്തിക സ്ഥിതിയുടെ നിലവാരമറിയാനും അതിനനുസൃതമായി നയരൂപീകരണം നടത്തുവാനുമാണ് കണക്കെടുപ്പ് നടത്തുന്നത്. എന്നാൽ, ഇത്തരം എണ്ണത്തിട്ടപ്പെടുത്തലുകളിൽ പല രാഷ്ട്രീയ- മത കാരണങ്ങളും കാലങ്ങളായി വന്നുചേരുന്നുണ്ട്. ഇത്തരം കണക്കുകളിലെ കള്ളങ്ങളെ കൂടി ഒരു പഠിതാവ് മനസിലാക്കേണ്ടി വരും. ആദിവാസി ജനവാസസ്ഥലങ്ങളിൽ കാടിനുപുറത്ത് ജീവിക്കുന്ന വിവിധ ജാതിവിഭാഗങ്ങൾ കടന്നുവരുകയും അത് അവരുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കുന്ന സാമൂഹിക പ്രക്രിയയും ഇതിനിടയിൽ കാണാം. സ്വയം പര്യാപ്തമായ സാമ്പത്തിക ക്രമത്തിൽ ജീവിക്കുന്നവരെ കമ്പോളത്തിലേക്ക് വലിച്ചുകൊണ്ടുവരുന്നത് പലപ്പോഴും ഇത്തരം പുറം സ്വാധീനങ്ങളാണ്. ക്രിസ്ത്യാനികളുടെ മതപരിവർത്തന പ്രവർത്തനം, ഹിന്ദു സംഘടനകളുടെ കടന്നുകയറ്റം എന്നിങ്ങനെ വ്യത്യസ്ത പ്രക്രിയകൾകൂടി ഇതിനിടയിൽ നടക്കുന്നത് കാണാം.

എങ്കിലും 1931, 1941, 1951 സെൻസസുകളിൽ ആദിവാസി ജനസംഖ്യയുടെ താരതമ്യേന കുറ്റമറ്റ കണക്കുകൾ ലഭ്യമാണ്. 1961-ലെ സെൻസസിൽ ആദിവാസികളുടെ വംശാവലിയിൽ വെളിവാക്കുന്ന തരം എത്ത്നോഗ്രാഫിക്കൽ പഠനങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ആദിവാസി താമസസ്ഥലങ്ങളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ വളരെ വലുതായിരുന്നു. അതുകൊണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയല്ലാതെ ഊരുകളിലെത്താൻ കഴിയുമായിരുന്നില്ല. പലപ്പോഴും കണക്കുകൾ ഈ ഉദ്യോഗസ്ഥരുടെ ഊഹക്കണക്കായി തീരുവാനും ഇത് വഴിവെച്ചു. പല ആദിവാസികളുടെയും കണക്കെടുപ്പ് ഫോറസ്റ്റ് വകുപ്പിന്റെ സഹായത്തോടെ മാത്രമെ നടത്താൻ കഴിയുകയുള്ളൂ. ഇന്നും ആദിവാസികളെ കുറിച്ച് പഠിക്കുന്ന ഏതൊരാൾക്കും ഈ വകുപ്പിന്റെ സമ്മതം വാങ്ങേണ്ടിയിരിക്കുന്നു. അവർ തീരുമാനിക്കുന്നിടത്തേക്ക് മാത്രമേ പഠനം നടത്തുന്നവർക്ക് കടന്നുചെല്ലാൻ കഴിയൂ. കൂടാതെ പട്ടികവർഗ വകുപ്പിന്റെ സമ്മതവും സഹായവും മുൻകൂട്ടി വാങ്ങിയിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ ആദിവാസികളെ പറ്റി പഠിക്കാൻവരുന്നവരെ നിരീക്ഷിക്കുന്ന പൊലീസായി ഈ രണ്ട് വകുപ്പുകളും പ്രവർത്തിക്കുന്നുണ്ട്.

Photo : Sreenidhi Sreekumar

ഇതിനിടയിൽ പഠനത്തിന്റെ മറ്റൊരു തടസം, ആദിവാസി വിഭാഗങ്ങളുടെ കുടിയേറ്റ സ്വഭാവമാണ്. ഒരു ആവാസസ്ഥലത്തുനിന്ന് മറ്റൊന്നിലേക്ക് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സ്വഭാവം ആദിവാസികൾക്കിടയിലെ പഠനത്തെ ദുഷ്കരമാക്കുന്നു. ഒരു ദിവസം ഒരു സ്ഥലത്ത് കണ്ടിരുന്നവരെ മാസങ്ങൾ കഴിഞ്ഞ് മറ്റൊരു ദേശത്തും മറ്റൊരു മലയിലുമാണ് കാണാനാവുക. കേരളത്തിന്റെ മലനിരകളിലൂടെ തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും സഞ്ചരിക്കുന്ന ആദിവാസികളെ ഇക്കൂട്ടത്തിൽ കാണാം. മലമ്പണ്ടാരങ്ങൾ, കണിക്കാർ എന്നിവർ ഇന്ന് പൊതുവിൽ ഒരിടത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിലും 1980-കളിലൊക്കെ തീർത്തും അലഞ്ഞുനടക്കുന്ന പ്രകൃതമുള്ളവരായിരുന്നു. മലമ്പണ്ടാരങ്ങൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുംവഴി താമസിക്കുന്ന സ്ഥലത്തുനിന്ന് ലഭിക്കുന്ന വിഭവങ്ങൾ ഒരിടത്ത് കൂട്ടിവച്ചുപോകും. മലമ്പണ്ടാരങ്ങൾക്കാവശ്യമായ അരി, അടക്ക, വെറ്റില, ഉപ്പ് എന്നിവ തിരിച്ചുവെച്ച് ആ വിഭവങ്ങൾ ആവശ്യമുള്ളവർ എടുക്കും. ചുരുക്കിപ്പറഞ്ഞാൽ ഇത്തരം വിഭവകൈമാറ്റം നടക്കുമ്പോഴും അതിന് ആധാരമായവർ അദൃശ്യരാണ്.

1976-ലെ സാമൂഹിക- സാമ്പത്തിക സർവേപ്രകാരം വിവിധ ജില്ലകളിലെ ആദിവാസി ജനസംഖ്യ ഇപ്രകാരമായിരുന്നു (ശതമാനത്തിൽ):
ഇടുക്കി- 17, പാലക്കാട്- 10.5, കോഴിക്കോട്- 25.5, കണ്ണൂർ- 24. (അന്ന് വയനാട് ജില്ല രൂപീകരിക്കപ്പെട്ടിട്ടില്ല).
ഇതോടൊപ്പം മനസിലാക്കേണ്ട ഒരു വസ്തുത, കേരളത്തിൽ ദേശകാല വ്യത്യാസമില്ലാതെ എല്ലാ ഇടത്തും വസിക്കുന്ന ഒരു ആദിവാസി സമൂഹം പോലുമില്ല. ഓരോ ദേശത്തും മലകളിലും ജീവിക്കുന്ന വ്യത്യസ്തതരം ആദിവാസികളാണുണ്ടായിരുന്നത്.

Photo : Jose Thomas

മലബാറിലെ ആദിവാസികളുടെ
സാമ്പത്തിക പരിണാമം

മലബാറിൽ, അട്ടപ്പാടിയിലും വയനാട്ടിലുമാണ് ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടങ്ങളിലെ ആദിവാസികളുടെ ജീവിതവും മാറുന്ന സാമ്പത്തിക വ്യവസ്ഥയുമാണ് എം. കുഞ്ഞാമൻ വിശകലനം ചെയ്യുന്നത്. കൃഷിക്കാവശ്യമായ ജലസേചനമാർഗങ്ങളും ഭൂമിയുടെ ലഭ്യതയും വയനാട്ടിലേക്ക് പുറമെ നിന്നുള്ളവരുടെ കുടിയേറ്റം വിപുലമാക്കി. തിമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നും മൈസൂർ ഭാഗത്തുനിന്നും ആദിവാസികളല്ലാത്തവർ വയനാട്ടിലേക്കെത്തി. ആദിവാസികളുടെ ജീവിതവും സംസ്‌കാരവും മാറുന്നതിൽ പുറമെ നിന്നുള്ള കുടിയേറ്റം പ്രധാന കാരണമാണ്. കടന്നുവന്നവർതാരതമ്യേന സമ്പന്നരും വിഭവങ്ങളെ സ്വന്തമാക്കണമെന്ന താൽപര്യമുള്ളവരുമായിരുന്നു എന്നതിനാൽ, ഭൂമിയുടെ ഉപയോഗത്തിലും സാംസ്‌കാരിക രൂപങ്ങളിലും അതൊരു ഇറക്കുമതി കൂടിയായി മാറി.

17-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരെ വയനാട് ആദിവാസികളുടെതുമാത്രമായ അധിവാസ കേന്ദ്രമായിരുന്നു. ആദിവാസി മൂപ്പന്മാരുടെ രാഷ്ട്രീയ വ്യവസ്ഥയിൽ രൂപീകരിക്കപ്പെട്ട സാമൂഹ്യ സംഘാടനം കുറിച്ച്യരെയും കുറുമരെയും വ്യത്യസ്ത ഊരുകളിലായി ജീവിക്കാൻ സഹായിച്ചു. അടിക്കാടുകൾ കത്തിച്ച് ചാരം വളമാക്കി കൃഷി ചെയ്യുന്ന രീതിയായിരുന്നു രണ്ട് വിഭാഗങ്ങളും പിന്തുടർന്നിരുന്നത്. അതുകൊണ്ടുതന്നെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത വർഗങ്ങൾ രൂപീകൃതമായിരുന്നില്ല. അതുകൊണ്ടുതന്നെ വർഗരഹിതസമൂഹത്തിന്റെ രൂപഘടന ഇവിടെ കാണാം. എന്നാൽ 17-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വയനാട് കോട്ടയം രാജാവിന്റെ നിയന്ത്രണത്തിൽ വന്നു. പുതിയ അധികാരരൂപം ആദിവാസികളുടെമേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. രാജാവിന് സമ്മാനങ്ങളും ബഹുമതികളും ലഭ്യമാക്കേണ്ട ഉത്തരവാദിത്തം ഒരു കടമയായി അവർക്കുമേൽ പതിച്ചു. ശേഖരിക്കുന്ന തേൻ, മറ്റു കാവ് വിഭവങ്ങൾ എന്നിവ കാഴ്ചയായി കൊടുക്കേണ്ടിവന്നു. കാടിനെ സ്വന്തം ഉപയോഗത്തിനുവേണ്ടി മാത്രം ആശ്രയിച്ചിരുന്ന ആദിവാസികൾക്ക് രാജാവിനുവേണ്ടി കൂടി വിഭവങ്ങൾ ശേഖരിക്കുകയും അതിനായി അവ സൂക്ഷിച്ചു വെക്കേണ്ട ബാധ്യത കൂടി വന്നു.

Photo : Sindhu VP

18-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ നാട്ടുരാജാക്കന്മാരിലെ തർക്കങ്ങളും മത്സരവും വയനാട്ടിലേക്ക് ആദിവാസികളല്ലാത്ത അനേകം ജനവിഭാഗങ്ങളുടെ കുടിയേറ്റത്തിന് വേഗത കൂട്ടി. തെക്കൻ ജില്ലകളിൽ നിന്നും തലശ്ശേരി, കണ്ണൂർ മേഖലകളിൽ നിന്നും വയനാട്ടിലേക്ക് നാട്ടുകാർ കുടിയേറി പാർത്തു. കുടിയേറിയവർ കൃഷി ചെയ്യാനാരംഭിച്ചപ്പോൾ ആദിവാസികൾ ആ കൃഷിയിടത്തിലെ തൊഴിലാളികളായി മാറ്റപ്പെട്ടു. ഫലഭൂയിഷ്ടമായ മണ്ണിൽ കൃഷി കൂടുതലായി ഇറക്കിയതോടെ ആദിവാസികൾ അടിമകളായി, മണ്ണിൽ പണിയെടുക്കുന്നവരായി മാറി. ഇത്തരം ചരിത്രസന്ദർഭത്തിലാണ് ഒരുതരം 'അടിമത്തൊഴിലാളി'കളുടെ രൂപീകരണം ഉണ്ടായിവന്നത്.

എന്നാൽ, പഴശ്ശി രാജാവിന്റെ ആവശ്യപ്രകാരം കുറിച്യരും കുറുമരും തങ്ങളുടെ പാരമ്പര്യ ആയോധനാമുറകളുടെ സേവനം അദ്ദേഹത്തിനായി നൽകുന്നുമുണ്ട്. മൈസൂരിൽനിന്നുള്ള ആക്രമണം തടയാനും ടിപ്പുവിന്റെ പടയെ തടയാനുമുള്ള സൈനികശക്തിയെന്ന നിലയ്ക്ക് ആദിവാസികൾ സഹായികളായപ്പോൾ അവർക്ക് കൃഷി ചെയ്യാൻ ഭൂമി പതിച്ചുകിട്ടിയിട്ടുണ്ട്. വയനാട്ടിലെ ആദിവാസികൾക്കിടയിൽ ഇന്നും കുറച്ച് ഭൂമി കൈവശമുള്ളവർ ഈ രണ്ടു വിഭാഗങ്ങൾ മാത്രമാണ്. ടിപ്പു വയനാട് കീഴടക്കിയപ്പോൾ പുതിയ ഭൂനികുതി ഏർപ്പെടുത്തി. കൃഷിക്കാർ നേരിട്ട് ഭൂനികുതി അടച്ചാൽ മതിയെന്ന നയം വന്നപ്പോൾ പുറമെനിന്നുള്ള നാട്ടുരാജാക്കന്മാരുടെ ശിങ്കിടികളും കൃഷി ചെയ്യാൻ വയനാട്ടിലേക്ക് കുടിയേറി. പുതിയ കൃഷി ചെയ്യുന്നവർക്ക് പ്രത്യേക ഇളവും ടിപ്പു ഏർപ്പെടുത്തി. കൃഷി വ്യാപിച്ചതോടെ തൊഴിൽ ചെയ്യാൻ ആളുകളെ കിട്ടാതായി. അങ്ങനെയാണ് നീലഗിരിയിൽനിന്നും മൈസൂരിൽനിന്നും പണിയ, അടിയ ആദിവാസി വിഭാഗങ്ങളെ വയനാട്ടിലേക്ക് കങ്കാണിമാർ കൊണ്ടുവരുന്നത്. ടിപ്പുവിന്റെ മരണാനന്തരം ഭൂമി ലഭിച്ച ആദിവാസികൾ കൃഷിക്കാരായും അല്ലാത്തവർ അടിമകളായും മാറി. നികുതി വസ്തുവായി നൽകേണ്ടതിനുപകരം പണമാക്കിയപ്പോൾ കുറുമരും കുറിച്യരും കൃഷിയിൽനിന്ന് മെല്ലെ പിൻമാറുന്നുണ്ട്. അവർ ബ്രിട്ടീഷുകാരോട് ഇതിനെതിരെ കലാപമുണ്ടാക്കുന്നുണ്ട്. എങ്കിലും കാലാന്തരത്തിൽ 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ആദിവാസി അടിമകളുടെ എണ്ണം കൂടുകയും കൃഷിക്കാരുടെ എണ്ണം കുറയുകയും ചെയ്തു.

പഴശ്ശിരാജ സിനിമയിൽ നിന്നൊരു രംഗം

നാട്ടിൻപുറത്തെ നാടുവാഴി ജാതി കേന്ദ്രിത അധികാരരൂപങ്ങൾ കാട്ടിലേക്കും കുടിയേറിയെന്നു പറയാം. ജന്മം, കാണം, കാണക്കാർ, വെറും പാട്ടം എന്നിങ്ങനെ ഭൂമിയുടെ തരംതിരിച്ചുള്ള ഉപയോഗവും വിനിയോഗവും നാട്ടിൻപുറത്തെ ജാതിരൂപങ്ങളുടെ മേൽകീഴ് ബന്ധങ്ങളും കാട്ടിലേക്കും പടർന്നു.

ഇടനാട്ടിൽ നെൽകൃഷിപ്പണി ചെയ്തിരുന്ന ചെറുമരെ വയനാട്ടിലെ കൃഷിയിലേക്കും വിനിയോഗിച്ചു. കാർഷിക അടിമ തൊഴിൽ രൂപങ്ങൾകാട്ടിലും വ്യാപിപ്പിക്കാൻ ജന്മിമാരുടെ അധികാരരൂപങ്ങൾക്ക് കഴിഞ്ഞു. ഭൂമിയോടൊപ്പം വിൽക്കാൻ പറ്റുന്ന അടിമകളായി ഈ തൊഴിലാളികൾ മാറി. ഇങ്ങനെ തൊഴിലടിമകളായി മാറ്റപ്പെട്ടതിൽ ആദിവാസി വിഭാഗങ്ങളും ഉൾപ്പെട്ടു. തീർത്തും മനുഷ്യത്വരഹിത ചൂഷിത തൊഴിൽ വ്യവസ്ഥ ഉണ്ടാക്കുന്നതിൽ ഇടനാട്ടിൽനിന്ന് മലനാട്ടിലേക്ക് കുടിയേറിപാർത്ത ജനതക്ക് കഴിഞ്ഞു.

ആദിവാസി സമ്പദ്‌വ്യവസ്ഥയെ കാര്യമായി സ്വാധീനിച്ചതിൽ തോട്ടം കൃഷിയുടെ വളർച്ച നിർണായകമായിരുന്നു. പുതിയ തരം കൃഷി സമ്പ്രദായത്തിലേക്ക് പഴയ കൃഷിരൂപങ്ങൾ വഴിമാറി. അതിന്റെ ഫലമായി അടിമത്തൊഴിൽ കുറയുകയും കൂലിത്തൊഴിലാളികളുടെ എണ്ണം കൂടുകയും ചെയ്തു. ഭൂവുടമകളായ ജന്മികൾ കൈവശമുണ്ടായിരുന്ന ഭൂമി തോട്ടവിളവിന്റെ ഉൽപ്പാദനത്തിനായി നീക്കിവച്ചു. സാധാരണ കൃഷി ചെയ്യുന്ന ഭൂമിക്ക് വില കുറഞ്ഞു, അതിൽ പണിയെടുക്കുന്നവർക്ക് കൂലിയോ മറ്റു രൂപത്തിലുള്ള കൈമാറ്റ വ്യവസ്ഥയോ നിലനിൽക്കാതെ വന്നപ്പോൾ ഭൂമിയുടെ കൂടെ നിലനിർത്തിയിരുന്ന അടിമകളെയും മോചിപ്പിക്കാൻ പുതിയ തോട്ടകൃഷി പ്രേരകമായി. ആരോഗ്യമുള്ള ആദിവാസി അടിമകളെ നിലനിർത്തി പ്രായമായവരെ ഭൂമിയിൽനിന്ന് പുറത്താക്കാൻ ജാതിജന്മികൾ തീരുമാനിച്ചു.

തിരുവിതംകൂറിൽനിന്നും കൊച്ചിയിൽനിന്നും വയനാട്ടിലേക്ക് കുടിയേറ്റം നടന്നതും തോട്ടവിളകൃഷിയുടെ വ്യാപനം നൽകുന്ന സാമ്പത്തികനേട്ടത്തിന്റെ ഗുണം കൊണ്ടായിരുന്നു. വ്യാപകമായി ആദിവാസിഭൂമി അന്യാധീനപ്പെടുന്നതും അവരുടെ ഭൂമിയിൽ പുതിയ രേഖകളുണ്ടാക്കുന്നതും അപഹരിക്കുന്നതും ഈ പ്രക്രിയയിൽ തകൃതിയായി നടന്നു. കുടിയേറ്റത്തിന് സർക്കാർ സഹായങ്ങളുമുണ്ടായി. ഇതേതുടർന്ന് ആദിവാസികൾക്ക് തങ്ങളുടെ ഭൂമി ഔദ്യോഗിക രേഖകളിൽ നിലനിർത്താൻ കഴിയാതായി, അവ പുറത്തുനിന്ന് വന്നവരുടെ പേരുകളിലാക്കപ്പെട്ടു.

Photo : Manoj M

തോട്ടവിളകൃഷി ആദിവാസികളെ അടിമനിലയിൽനിന്ന് മോചിപ്പിച്ച് തൊഴിലാളികളാക്കി മാറ്റിയെങ്കിലും അവർക്ക് പരമ്പരാഗത ഭൂമി നഷ്ടപ്പെട്ടു. സ്‌റ്റേറ്റ് ബ്യൂറോ ഓഫ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ 1965-ലെ കണക്കുപ്രകാരം പണിയരിലെ 12 ശതമാനവും ഭൂമിയുമായി കൂട്ടിച്ചേർക്കപ്പെട്ട തൊഴിലാളികളായിരുന്നു. 1978-ലെ കണക്കനുസരിച്ച് ഏതാണ്ട് ഇതേ നില അടിയരിലും പണിയരിലും കുറുമരിലും കാണപ്പെട്ടു. വയനാട്ടിലെ ആദിവാസികളുടെ ഇടയിൽ കുടിയേറിപ്പാർത്തവരിൽ മലയാളികൾ മാത്രമല്ല ഉണ്ടായിരുന്നത്. സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ഭൂവുടമകളും അവരുടെ തൊഴിലാളികളും തോട്ടകൃഷിയിലൂടെ ലഭിക്കുന്ന അമിതലാഭത്തിന്റെ പുറകേ സഞ്ചരിച്ചിരുന്നു.

കേരള സംസ്ഥാനം രൂപീകൃതമായി ഇത്ര വർഷം കഴിഞ്ഞിട്ടും ഇടതുപക്ഷം പോലുള്ള രാഷ്ട്രീയ ഭാവനകൾ കേരളം ഭരിച്ചിട്ടും ആദിവാസികളുടെ ഇടയിലെ ദാരിദ്ര്യവും ചൂഷണവും ഭൂമിയുടെ അന്യാധീനപ്പെടലും പരിഹരിക്കാൻ കഴിയുന്നില്ല എന്നത് കേരള വികസന മാതൃകയുടെ പൊള്ളയായ മുഖമാണ് വെളിവാക്കുന്നത്.

മാറ്റം വേണ്ടവർക്ക് അത് കൊണ്ടുവരാൻ കഴിയുന്നില്ല, മാറ്റം കൊണ്ടുവരാൻ കഴിയുന്നവർക്ക് അത് വേണ്ടാത്തതുമായി മാറുന്നു, ഈ വ്യവസ്ഥ ആദിവാസികളുടെ ജീവിതത്തെ ദുർബലമാക്കുന്നു.

Comments