'ആദിവാസി ഊരുകളിലേക്ക് പ്രവേശിക്കാൻ പ്രത്യേക പെർമിഷൻ': സർക്കുലർ റിസർച്ച് വിദ്യാർഥികളുടെ സൗകര്യത്തിനെന്ന് ഡയറക്ടർ

Think

ദിവാസി ഊരുകളിലേക്ക് പുറമെ നിന്നുള്ളവർക്ക് പ്രവേശിക്കാൻ പ്രത്യേക അനുമതി ആവശ്യമാണെന്ന തരത്തിൽ വിവാദമായ സർക്കുലറിൽ വ്യക്തത വരുത്തി പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ. സർക്കുലർ ഗവേഷക വിദ്യാർഥികളുടെ സൗകര്യം ഉദ്ദേശിച്ചുള്ളതാണെന്നും മറ്റു സന്ദർശകരെ ഇത് ബാധിക്കില്ലെന്നും ഡയറക്ടർ ട്രൂകോപ്പിയോട് പറഞ്ഞു. നിലവിൽ ഗവേഷണ വിദ്യാർഥികൾ പഠനാവശ്യത്തിന് ഊരുകളിലേക്ക് പ്രവേശിക്കുന്നതിന് അനുമതി വാങ്ങേണ്ടത് തിരുവനന്തപുരത്ത് നിന്നാണ്. ഇത് വിദ്യാർഥികൾക്ക് സമയ നഷ്ടമുണ്ടാക്കുന്നതിനാൽ അനുമതി നൽകാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങൾക്ക് നൽകിക്കൊണ്ടുള്ളതാണ് പുതിയ സർക്കുലറെന്നാണ് അനുപമ പറയുന്നത്.

"എല്ലാ പഠന/ഗവേഷണ അനുമതികളും മുൻ വർഷങ്ങളിൽ തിരുവനന്തപുരത്ത് നിന്നാണ് നൽകിക്കൊണ്ടിരുന്നത്. ഇത് വിദ്യാർഥികൾക്കും ഗവേഷകർക്കും വലിയ സമയനഷ്ടമുണ്ടാക്കുന്നുണ്ട്. ഈ അധികാരം തിരുവനന്തപുരത്ത് കേന്ദ്രീകരിക്കുന്നത് അനാവശ്യമെന്നാണ് ഞങ്ങൾ കരുതുന്നത്. അതുകൊണ്ടാണ് എല്ലാ ജില്ലകൾക്കും ഈ അധികാരം കൈമാറാൻ തീരുമാനിച്ചത്. ഇത് നിലവിലുള്ള നടപടികളെ എളുപ്പമാക്കാനുള്ളതാണ്. നിരവധി എം.എസ്.ഡബ്ല്യു വിദ്യാർഥികളും മറ്റു വിദ്യാർഥികളും ക്യാമ്പുകൾക്കും മറ്റും ആദിവാസി ഊരുകൾ തിരഞ്ഞെടുക്കാറുണ്ട്. അത് തടയുന്നത് പ്രശ്നമുണ്ടാക്കും. അതുകൊണ്ടുതന്നെ ഇത് വളരെ കൃത്യമായ ഉദ്ദേശത്തോടെയുള്ള സർക്കുലറാണ്. കഴിഞ്ഞമാസം മാത്രം ഡിപ്പാർട്ട്മെന്റിന് ലഭിച്ചത് 12 ഗവേഷണ അപേക്ഷകളാണ്. മറ്റുമാസങ്ങളിൽ അതിലും വർദ്ധിക്കാറുണ്ട്.'- അനുപമ ട്രൂകോപ്പിയോട് പറഞ്ഞു.

പട്ടിക വർഗ മേഖലകളിലെ റിസർച്ച് പെർമിഷൻ, ഫീൽഡ് സർവെ, ഇന്റേൻഷിപ്പ്, ക്യാമ്പ് സംഘടിപ്പിക്കൽ, എന്നിവയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് 12-05-2022 ന് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം പുറപ്പെടുവിച്ച സർക്കുലറിനെതിരെ വിവിധ ആദിവാസി സംഘടനകൾ സംയുക്തമായി രംഗത്ത് വന്നിരുന്നു. ആദിവാസി ഊരുകളിലേക്ക് പ്രവേശനം നിഷേധിച്ച് ഊരുകളിലെ യാഥാർത്ഥ്യങ്ങൾ പുറത്തറിയുന്നത് തടയുകയാണ് സർക്കാർ ലക്ഷ്യമെന്നാണ് ആദിവാസി സംഘടനകൾ ഉയർത്തുന്ന പ്രധാന വിമർശനം.

ആദിവാസി ഊരുകളിൽ ആര് വരണം ആര് വരരുത് എന്ന് തീരുമാനിക്കേണ്ടത് ഊരുകൂട്ടങ്ങളാണ് സർക്കാരല്ല എന്നാണ് ആദിവാസി സംഘടനകൾ പറയുന്നത്. സർക്കുലറിലെ പത്താമത്തെ മാർഗനിർദേശമാണ് പ്രധാനമായും ആദിവാസി സംഘടനകൾ പ്രശ്‌നവത്കരിച്ചത്. "പട്ടികവർഗ വികസന വകുപ്പിന്റെ അനുമതിയില്ലാതെ വ്യക്തികൾ/സംഘടനകൾ കോളനി സന്ദർശനം, വിവരശേഖരണം എന്നിവ നടത്തിയാൽ ആയത് നിർത്തി വയ്പ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്' എന്നാണ് സർക്കുലറിലെ പത്താമത്തെ നിർദേശത്തിൽ പറയുന്നത്. ഇത് മാധ്യമപ്രവർത്തകരെയും സന്നദ്ധ സംഘടനകളെയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന വിമർശനവുമുയർന്നിരുന്നു. അപേക്ഷകൾ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും ലഭിച്ചിരിക്കണം എന്ന് തൊട്ടു മുകളിലെ പോയിന്റും പറയുന്നു. ഇത് മാധ്യമപ്രവർത്തകർക്കും സാമൂഹ്യപ്രവർത്തകർക്കും അടിയന്തിരഘട്ടങ്ങളിൽ ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും എന്ന ആശങ്ക സൃഷ്ടിച്ചിരുന്നു.

എന്നാൽ ഇതും പഠന/ഗവേഷണ സന്ദർശനങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നാണ് പട്ടികവർഗ ഡയറക്ടർ പറയുന്നത്."സർക്കുലറിന്റെ ടൈറ്റിലും ആമുഖവും വ്യക്തമായി പറയുന്നുണ്ട് പഠന/ഗവേഷണ വിഭാഗമെന്ന്. പത്താമത്തെ പോയിന്റ് മാത്രം വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.' - ടി.വി. അനുപമ പറയുന്നു. ആദിവാസി മേഖലകളിലെത്തുന്ന സാമൂഹ്യപ്രവർത്തകരെയോ മാധ്യമപ്രവർത്തകരെയോ ഒന്നും ഈ സർക്കുലർ ലക്ഷ്യം വെക്കുന്നില്ല എന്നും അനുപമ ട്രൂകോപ്പിയോട് പറഞ്ഞു.

Comments