ജോൺ ചൗ എന്ന മിഷനറി ചാവേറും
സെന്റിനെലിസ് ഗോത്രത്തിന്റെ പ്രതിരോധവും

ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹിക ശാസ്ത്രത്തെയും വേറിട്ടൊരു പരിപ്രേക്ഷ്യത്തിൽ വിശകലനം ചെയ്യുന്ന പഠനപരമ്പരയുടെ ഒമ്പതാം ഭാഗം.

ആൻഡമാൻ നിക്കോബാറിന്റെ
തനി മണ്ണും തനി മനുഷ്യരും- 9

രവംശവിജ്ഞാനികൾ കഥ പറച്ചിലുകാരാണോ? ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും കഥപറച്ചിലുകാരാണ് എന്നൊക്കെ പറയുമെങ്കിലും ഇതര സമൂഹങ്ങളെ കുറിച്ചുള്ള നിരീക്ഷണങ്ങളും ധാരണകളും തിരിച്ചറിവുകളും നിറഞ്ഞ ആഖ്യാനങ്ങളാണ് നരവംശ വിജ്ഞാനകഥകളായി മനസിലാക്കുന്നത്. നരവംശവിജ്ഞാനികൾ പറയുന്നതെല്ലാം അവർ നേരിട്ടനുഭവിക്കുന്ന അനുഭവകഥകളാണെന്നു പറയാനാവില്ല. പുറംനോട്ടങ്ങളും വിവരണങ്ങളുമാകുമ്പോൾ പ്രതിനിധീകരിക്കുന്ന വിഭാഗത്തെക്കുറിച്ചുള്ള ഒരു പരോക്ഷനോട്ടം അതിൽ കലർന്നിരിക്കും. ആഖ്യാനവസ്തുവിനെക്കുറിച്ച് അറിയാമെന്നാണ് ആഖ്യാതാക്കൾ കരുതുന്നത്. യഥാർത്ഥത്തിൽ എന്താണ് അവരെക്കുറിച്ചറിയാവുന്നത് എന്ന് അന്വേഷിച്ചാൽ നാം പൊതുവിൽ നിർമിച്ചെടുത്തിരിക്കുന്ന ധാരണകൾ വെച്ചുള്ള നിർമിതികളാണവയെന്നു വ്യക്തമാകും.
ഇതര സാംസ്കാരിക ലോകത്തെ നമ്മുടെ ഇഷ്ടാനുസരണം മനസ്സിലാക്കിയും വ്യാഖ്യാനിച്ചും വിവരിച്ചുമാണ് ഇത്തരം ആഖ്യാനങ്ങൾ രൂപംകൊള്ളുന്നത്. അതുകൊണ്ടാണ് അവയെ കഥാഖ്യാനങ്ങളായും കാണുന്നത്.

എന്തുകൊണ്ടാണ് ഇത്തരമൊരു ആലോചനക്കിവിടെ പ്രസക്തിയെന്നു ചോദിച്ചാൽ പറയാനൊരു ഉത്തരമേയുള്ളൂ. നമുക്കധികമൊന്നും പരിചയമില്ലാത്ത, എന്നാൽ അഭ്യൂഹങ്ങളും ഭാവനയും നിറച്ച് അവതരിപ്പിച്ചിരിക്കുന്ന ആൻഡമാനിലെ ഒരു ഗോത്രവിഭാഗമാണ് സെന്റിനെലിസ്. സമ്പർക്കരഹിതരായി ജീവിക്കുന്നവരെന്നു പറഞ്ഞുപതിഞ്ഞ അവരെ കുറിച്ച് എന്തൊക്കെയാണ് ഇതിനകം പുറംലോകം പരിചയിച്ചിരിക്കുന്നതെന്നു നോക്കാം.

സെന്റിനെല്‍ ദ്വീപിന്റെ ആകാശകാഴ്ച

ഏകപക്ഷീയ നിരീക്ഷണങ്ങളാണ് പലപ്പോഴും ഇത്തരം കഥാഖ്യാനങ്ങൾക്കു പിന്നിൽ. ആഖ്യാനം ചെയ്യപ്പെടുന്നവർ ആഖ്യാതാക്കൾ അനുവദിക്കുന്ന കള്ളികളിലെ നിശ്ശബ്ദസാന്നിധ്യങ്ങളാണ്. അവർ ഈ വ്യവഹാരത്തിൽ പങ്കാളികളേയല്ല. അവർ ഇങ്ങനെയാണെന്നും ആയിരിക്കുമെന്നുമുള്ള ഭാവനാസാന്നിധ്യമാണ് വ്യവഹാരങ്ങളിലെ അവരുടെ പ്രതിനിധാനം. ചരിത്രം മൊത്തത്തിൽ ഇത്തരം അപരപ്രതിനിധാനങ്ങളുടെ അപഹാസ്യതയാണ്. വ്യവഹാരനിർമിതിയുടെ രാഷ്ട്രീയം വെളിപ്പെടുത്താൻ അവർക്കു സമീപഭാവിയിലൊന്നും കഴിയില്ല. അതുതന്നെയാണ് പരിഷ്‌കൃതിയുടെ മൂലധനവും. ഈ സമ്പർക്കരഹിത സമൂഹവാദത്തിന്റെ പിന്നിലുള്ള രാഷ്ട്രീയം ആരുടെ താല്പര്യമാണ്? പരിഷ്കൃതരാണെന്നു വിശ്വസിക്കുന്ന ജനത അപരസാന്നിധ്യങ്ങളെ അപരിഷ്കൃതരാണെന്നു പറഞ്ഞ് തങ്ങളുടെ മികവ് തെളിയിക്കുകയാണ് പതിവ്. മറിച്ച്, ഒരു ജനത അവരുടെ മണ്ണിനെയും ചരിത്രത്തെയും സംസ്കാരത്തെയും കാത്തുപോരുകയാണെന്ന് അംഗീകരിക്കാൻ സ്വയം പരിഷ്കൃത സമൂഹമെന്നു കരുതുന്നവർക്കു കഴിയുന്നില്ല. ഇതാണ് സെന്റിനെലിസ് ജനതയെ കുറിച്ചുള്ള ഔദ്യോഗിക വ്യവഹാരനിർമിതിയുടെ പ്രശ്നവും.

ഒരു ജനത സമ്പർക്കത്തിൽ ഏർപ്പെടണമെന്നും അല്ലെങ്കിൽ അവർക്കു പുരോഗമനം ഉണ്ടാകില്ല എന്നും നാം എന്തുകൊണ്ട് വിശ്വസിക്കുന്നു. മുഖ്യധാരാവൽക്കരണത്തിലൂടെ മാത്രമേ ഒരു ജനതയുടെ അതിജീവനം സാക്ഷത്കരിക്കപ്പെടൂ എന്ന ധാരണയുടെ ശരിതെറ്റുകൾ പരിശോധിക്കാറില്ല. അപരസ്വത്വങ്ങളെ അതേപടി അംഗീകരിക്കാതിരിക്കുന്നതാണോ നാം നേടിയ പരിഷ്‌കൃതി എന്നൊക്കെ ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയിലെ ഗോത്രസമൂഹങ്ങളുടെ സ്വയംപര്യാപ്തത ഇല്ലാതാക്കുന്ന പരിഷ്കാരത്തിന്റെ ഇടപെടലുകൾ ഒഴിവാക്കപ്പെടണമെന്ന സന്ദേശമാണ് സെന്റിനെലിസ് സാന്നിധ്യം അടയാളപ്പെടുത്തുന്നത്.

സമ്പർക്കപാർട്ടിയുമായുണ്ടായ സമ്മാന സ്വീകരണ വേളകളാണ് സെന്റിനെൽ നിവാസികൾ സായുധ പ്രതിരോധം ഒഴിവാക്കിയ സന്ദർഭമായി പറയാവുന്നത്. അന്യരെത്തിയ മറ്റെല്ലാ സന്ദർഭങ്ങളിലും അവരുടെ പ്രതിരോധം ഉണ്ടായിട്ടുണ്ട്.

ആരാണ് സെന്റിനെലിസ്?

ആൻഡമാനിലെ പോർട്ട് ബ്ലൈറിന് 64 കി.മീ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള, ഏതാണ്ട് 8 കി.മി നീളവും 7 കി.മീ വീതിയും ചേർന്ന് 60 സ്ക്വയർ കി.മീ വിസ്തീർണം മാത്രമുള്ള ഒറ്റപ്പെട്ട നോർത്ത് സെന്റിനെൽ ദ്വീപിൽ വസിക്കുന്ന നെഗ്രിറ്റോ വംശജരായ പ്രാക്തന ഗോത്രമാണ് സെന്റിനെലിസ് എന്നറിയപ്പെടുന്നത്. ഏതാണ്ട് 150 പേരടങ്ങുന്നതാണ് ഇവരുടെ ജനസംഖ്യ. അഭ്യൂഹങ്ങൾക്കപ്പുറം വ്യക്തതയൊന്നും ഇക്കാര്യത്തിൽ അവർക്കൊഴിച്ച് മറ്റാർക്കുമില്ല. എങ്കിലും പറഞ്ഞു പതപ്പിക്കുന്നത് പുറംധാരണകൾ തന്നെയാണ്. ലോകത്ത് ഇന്നുള്ളതിൽ തനതു സംസ്‌കൃതി കാത്തുപോരാനും ഒറ്റപ്പെട്ടു ജീവിക്കാനും പ്രകൃതി തന്നെ സാഹചര്യമൊരുക്കിയിരിക്കുന്ന ഒരു പ്രാക്തന സമൂഹം. ഭിന്ന പരിഷ്കൃതികളിൽ നിന്നകന്ന് പ്രാക്തന സംസ്കൃതിയിൽ ജീവിക്കാൻ കഴിയുന്ന സമ്പർക്കശൂന്യരായ ഒരേയൊരു ജനതയെന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. ആരുമായും അടുക്കാതെ, ആരെയും അടുപ്പിക്കാൻ താല്പര്യം കാണിക്കാതെ ചെറുത്തുനില്പുമായി മുന്നോട്ടുപോകുന്ന ജനവിഭാഗം. ഒറ്റപ്പെട്ടു ജീവിക്കുന്നുവെന്നതുകൊണ്ട് അവർ ശിലായുഗവാസികളായിതന്നെ നിലകൊള്ളുന്ന ഗോത്രമാണെന്നൊക്കെ പലരും പ്രചരിപ്പിക്കുന്നുണ്ട്. ഇരുമ്പിന്റെ ഉപയോഗം അറിയുന്നതുകൊണ്ടുതന്നെ ഇവർ വികസിക്കാത്ത ശിലായുഗ പ്രതിനിധികളാണെന്നത് വെറും തെറ്റിദ്ധരിപ്പിക്കലാണെന്നു പറയാം. വർഷങ്ങളായി ഇവരുടെ ഒറ്റപ്പെട്ട ദ്വീപുവാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർ അവിടെ എത്തിച്ചേർന്നവരാകാനാണ് കൂടുതൽ സാധ്യത. ലിറ്റിൽ ആൻഡമാൻ വിഭാഗത്തിൽ പെട്ടവരാണെന്നും സെന്റിനെൽ ദ്വീപിൽ എത്തി തിരിച്ചുപോകാനാകാതെ അകപ്പെട്ടു പോയവരാണെന്നും സംശയിക്കുന്നു.

ഒരു ജനത സമ്പർക്കത്തിൽ ഏർപ്പെടണമെന്നും അല്ലെങ്കിൽ അവർക്കു പുരോഗമനം ഉണ്ടാകില്ല എന്നും നാം എന്തുകൊണ്ട് വിശ്വസിക്കുന്നു?

പവിഴപ്പുറ്റാണ് ദ്വീപിനു ചുറ്റിലും. തുറമുഖ സൗകര്യമില്ല. ചെറിയ തീരമുണ്ട്. ബാക്കി കാടാണ്. ചുറ്റിനും കണ്ടൽക്കാടുകൾ. ബ്രിട്ടീഷുകാരുടെ നിരീക്ഷണത്തിൽ പന്നി, ഭീമാകാരായ സന്യാസി ഞണ്ട് എന്നറിയപ്പെടുന്ന ബിർഗസ് ലാട്രോ അഥവാ തേങ്ങാ ഞണ്ട് എന്നിവ ഇവിടെ ധാരളമായി ഉണ്ട്. സസ്യലോകം ആൻഡമാനിൽ പൊതുവായി കാണുന്നതിന് സമാനമാണെന്നാണ് ബ്രിട്ടീഷുകാരുടെ നിഗമനം.

കൊളോണിയൽ കാലത്തെ സെന്റിനെലിസ്

ലിറ്റിൽ ആൻഡമാൻ നിവാസികളായ ഒങ്ങേ വിഭാഗത്തിന് രണ്ടു ഉപവിഭാഗങ്ങളുണ്ടെന്നും അതിലൊന്ന് റൂട്ട് ലാൻഡിലും സൗത്ത് ആൻഡമാനിലും താമസിക്കുന്ന ജരാവയും മറ്റേത് നോർത്ത് സെന്റിനെൽ ദ്വീപ് വാസികളുമാണെന്ന് എം.വി. പോർട്മാൻ (1886) രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്നുവന്നവരിൽ അധികം പേരും സെന്റിനെൽ ദ്വീപ് വാസികളെയും ജരാവ ഗോത്രമായി പരിഗണിച്ചു. ആർ.സി. ബ്രൗൺ (1922 ) സെന്റിനെൽ ദ്വീപ് വാസികളെ പോർട്മാന്റെ വർഗീകരണത്തിനു സമാനമായി പരിഗണിച്ചു.

1931- ലാണ് ബോണിങ്ടൺ നോർത്ത് സെന്റിനെൽ വാസികളെ ആദ്യമായി സെന്റിനെലിസ് എന്നു വിളിച്ചത്. ദ്വീപിന്റെ പേരിൽ ദ്വീപുവാസികളും അറിയപ്പെട്ടുതുടങ്ങിയതാണ്. ആൻഡമാൻ ദ്വീപുവാസികളെ ആൻഡമാനിസ് എന്നു വിളിച്ചതിനു സമാനമായ പേരിടലായിരുന്നു ബോണിങ്ടൺ നിർവഹിച്ചത്. ഒങ്ങേ, ജരാവ, സെന്റിനെലിസ് വിഭാഗങ്ങളെ നിരീക്ഷിച്ചശേഷം ഒങ്ങേയും ജരാവയും വളരെ അടുപ്പമുള്ളവരാണെന്നും ജരാവയും സെന്റിനെലിസും തമ്മിൽ വ്യത്യാസമില്ല എന്നുമാണ് ബോണിങ്ടൺ അഭിപ്രായപ്പെട്ടത്. ശാസ്ത്രീയമായി സെന്റിനെൽ നിവാസികൾ വ്യത്യസ്ത ഗോത്രമാണെന്നൊന്നും ബോണിങ്ടൺ സ്ഥാപിച്ചില്ല. പകരം സെന്റിനെലിസ് എന്ന പേര് നൽകിയതോടെ ഒരു പുതിയ നരവംശീയ വിഭാഗം പിറക്കുകയായിരുന്നു. ബോണിങ്ടണും ടി.എൻ. പണ്ഡിറ്റും സെന്റിനെലിസിന്റെ ആയുധസംസ്കാരത്തിൽ ഇതര വിഭാഗങ്ങളിൽ നിന്ന് ചെറിയ വ്യത്യാസമുണ്ടെന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അത് പൂർണമായും അംഗീകരിക്കാവുന്നതല്ല. ഒരേ ഗോത്രത്തിലുള്ളവർ കാട്ടുവാസികളായും തീരവാസികളായും പിരിഞ്ഞു താമസിക്കാറുണ്ട്. ഓരോരുത്തരുടെയും ഭൗതികസംസ്കാരത്തിൽ ചെറിയ വ്യത്യാസം കാണാറുണ്ട്. പോർട്ട് മാന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാകുന്നുണ്ട്. ജരാവ കാട്ടുവാസികളും സെന്റിനെലിസ് തീരവാസികളായ ജരാവകളുമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. നിലവിൽ ലഭ്യമായ ഭാഗിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെന്റിനെലിസ് പ്രത്യേക ഗോത്രമാണെന്നോ ജരാവ ഗോത്രത്തിന്റെ ഭാഗമാണോ എന്ന് തീരുമാനിക്കാനാവില്ല. നരവംശീയ വ്യവഹാരലോകം നിലവിൽ അവരെ പ്രത്യേക ഗോത്രമായി പരിഗണിക്കുന്നുണ്ട്.

ബിർഗസ് ലാട്രോ (ഭീമാകാരായ സന്യാസി ഞണ്ട്)

സെന്റിനെലിസ്
സമ്പർക്ക ശ്രമങ്ങൾ

സെന്റിനെൽ നിവാസികളുമായി ബ്രിട്ടീഷ് അധിനിവേശകാലത്ത് ചില സമ്പർക്ക ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഒങ്ങേകളുമായി അവിടെയെത്തി, ഇക്കൂട്ടരുമായി സമ്പർക്കത്തിന് ബ്രിട്ടീഷുകാർ ശ്രമിച്ചിട്ടുണ്ട്. എം.വി. പോർട്മാൻ 1800- കളിൽ ഈ ഗോത്രവിഭാഗവുമായി സമ്പർക്കത്തിലേർപ്പെടാനും ഇവരെക്കുറിച്ചറിയാനും പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടിട്ടുണ്ട്. സമ്പർക്കപാർട്ടി ഒരിക്കൽ വൃദ്ധ ദമ്പതികളെയും നാലുകുട്ടികളെയും പിടിച്ച് പോർട്ട് ബ്ലൈറിൽ കൊണ്ടുവന്നു. പെട്ടെന്നു തന്നെ രോഗം വന്ന് വൃദ്ധദമ്പതികൾ മരിച്ചതിനെ തുടർന്നു നാലുകുട്ടികളെ തിരിച്ചെത്തിച്ചതായി ചില ബ്രിട്ടീഷ് രേഖകളിൽ കാണുന്നു. ഈ ദ്വീപിനു ചുറ്റും പവിഴപ്പുറ്റു നിറഞ്ഞ കടലായതു കാരണം ചില കപ്പൽ തകർച്ച സംഭവിച്ചതായും രേഖകളിൽ കാണുന്നുണ്ട്. 1867- ൽ മൺസൂൺ കാലത്ത് നൈൻവേ എന്ന ചരക്കുകപ്പൽ ദ്വീപിനു സമീപം തകർന്നതായും അതിലുണ്ടായിരുന്ന 106 കപ്പൽ ജീവനക്കാരും ബോട്ടിൽ തീരത്തെത്തിയെന്നും അവർക്ക് സെന്റിനെലിസ് ആക്രമണം നേരിടേണ്ടിവന്നെന്നും ജീവഹാനി സംഭവിക്കുന്നതിനുമുമ്പായി അവരെ റോയൽ നേവിക്കാർ രക്ഷപ്പെടുത്തിയെന്നും രേഖകളിൽ കാണാം. സ്വാതന്ത്ര്യാനന്തരവും കപ്പൽ തകർന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്

1977- ൽ കാർഗോ കപ്പലായ എം.വി. റസ്‌ലേയും 1981- ൽ എം.വി. പ്രിംറോസും നോർത്ത് സെന്റിനെൽ ദ്വീപിനടുത്ത് തകർന്നു. പ്രിംറോസിലെ ജീവനക്കാർ തീരത്ത് അമ്പും വില്ലും കുന്തവുമായി നിൽക്കുന്ന സെന്റിനെലികളെ കണ്ടു. പക്ഷേ കൊടുങ്കാറ്റും വൻതിരയും കാരണം സെന്റിനെലികൾക്ക് കപ്പലിനടുത്തെത്താൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനവും നടന്നില്ല. ഒ എൻ ജി സി ഏർപ്പാടു ചെയ്ത ഹെലികോപ്റ്റർ വന്ന് കപ്പൽ ജീവനക്കാരെ രക്ഷിച്ചു. തകരുന്ന കപ്പലിൽ നിന്ന് സെന്റിനെലികൾ ഇരുമ്പ് ശേഖരിക്കുന്നത് പലപ്പോഴും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

1974- ൽ നാഷണൽ ജിയോഗ്രാഫി ഡോക്യുമെന്ററി ടീം മാൻ ഇൻ സെർച്ച് ഓഫ് മാൻ എന്ന ഡോക്യുമെന്ററിക്കായി ദ്വീപിന്റെ സമീപത്ത് എത്തിയപ്പോൾ അവർ എയ്ത അമ്പ് സംവിധായകന്റെ തുടയിൽ തറച്ച സംഭവം ഉണ്ടായിട്ടുണ്ട്.

ആക്രമണകാരികൾ എന്ന തലക്കെട്ടാണ് സെന്റിനെലിസിന് ചാർത്തി കൊടുത്തിട്ടുള്ളത്. യഥാർത്ഥത്തിൽ അവരുടെ മണ്ണ് കാക്കാൻ മറ്റു പ്രതിരോധമുറകളൊന്നും പ്രായോഗികമല്ല. ആക്രമണം അവരുടെ കാവൽമുറയാണ്. പ്രതിരോധസ്വഭാവം കാരണം ആരും കടന്നുകയറ്റം നടത്താറില്ല. ദ്വീപിനു സമീപം മീൻപിടിത്തക്കാർ വന്നാൽപോലും അമ്പെയ്തു പ്രതിരോധിക്കും. ജരാവകളുമായുള്ള സമ്പർക്കപരിപാടി വിജയിച്ചതിനെ തുടർന്ന് സെന്റിനെൽ നിവാസികളുമായി ആൻഡമാൻ ഭരണകൂടം സമ്പർക്കത്തിനായി ശ്രമം ആരംഭിച്ചു. പലപ്പോഴും തീരത്തടുക്കാൻ കഴിഞ്ഞില്ല. തീരത്തവർ ഇല്ലെന്നുറപ്പുവരുത്തി ചിലപ്പോഴൊക്കെ സമ്മാനങ്ങളായ തേങ്ങയും വാഴക്കുലയും തീരത്തിറക്കി വയ്ക്കും. തീരത്തോടു ചേർന്നുള്ള ആൾക്കാരില്ലാത്ത കുടിലുകളൊക്കെ കാണാനും അതിന്റെ ആകൃതി, വലിപ്പം, നിർമാണവസ്തുക്കൾ എന്നിവ നിരീക്ഷിക്കാനും സമ്പർക്ക പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കുടിലുകളിലെ അടുപ്പുകളും ചാരവും കണ്ട് തീയുടെ ഉപയോഗം ഇവർക്കിടയിലുണ്ടെന്നും ചിപ്പികൾ, ആഞ്ഞിലി ചക്ക, മീൻമുള്ള് തുടങ്ങിയ അവശിഷ്ടങ്ങൾ കണ്ടതിൽനിന്ന് ജരാവകളുടെ ഭക്ഷണ സംസ്കാരത്തിന് സമാനമായ ഭക്ഷണസംസ്കാരമാണ് സെന്റിനെൽ ദ്വീപുവാസികളും പിന്തുടരുന്നതെന്നും ഊഹിച്ചു. ജരാവയുടേതിനു സമാനമായ ഇരുമ്പുതലയും മരത്തലയുമുള്ള അമ്പും വില്ലും, ചൂരൽ കുട്ട, മീൻ പിടിക്കാനുള്ള കൈവല, ട്രോഫിയായി സൂക്ഷിക്കുന്ന പന്നിയുടെ തലയോട് എന്നിവ കാണാനായി എന്നതും പ്രധാന നിരീക്ഷണങ്ങളായി ടി.എൻ. പണ്ഡിറ്റ് അവതരിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിൽ കണ്ട അവരുടെ ഉപകരണസാമഗ്രികൾ ശേഖരിച്ച് പോർട്ട് ബ്ലൈറിലെ ആന്ത്രോപോളജിക്കൽ സർവേ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ പോലെ ഭക്ഷ്യശേഖരണവും നായാട്ടുമായിരിക്കും ഇവരുടെ ഉപജീവനമാർഗമെന്നു ഉപകരണ സംസ്കാരത്തിൽനിന്ന് മനസിലാക്കി. ജരാവ കൾക്കില്ലാത്തതും ഒങ്ങേക്കുള്ളതും പോലുള്ള, എന്നാൽ സമാന വലിപ്പമില്ലാത്ത വള്ളമുണ്ടെന്നും നിരീക്ഷിച്ചറിഞ്ഞു. ജരാവകൾ പല ആവശ്യങ്ങൾക്കായി വ്യത്യസ്ത അമ്പുകൾ നിർമിക്കാറുണ്ട്. ആ രീതി ഇവർക്കിടയിലുണ്ടോ എന്നു തീർച്ചപ്പെടുത്താനായിട്ടില്ല.

ദ്വീപിനുചുറ്റും സഞ്ചരിച്ചും അവരുടെ ആവാസയിടങ്ങളെ കുറിച്ചുള്ള നിരീക്ഷണങ്ങൾ പലപ്പോഴായി അവതരിപ്പിച്ചിട്ടുണ്ട്. വലുതും ചെറുതുമായ കുടിലുകൾ കണ്ടതിൽനിന്ന് ഒങ്ങേ- ജരാവ വിഭാഗത്തെ പോലെയാണിവരുടെ അധിവാസം എന്നും ഉറപ്പിച്ചു. സമ്മാനവിതരണത്തിലൂടെ പാവ്ലോവ് മാതൃക സൃഷ്ടിച്ച് അവരുടെ പെരുമാറ്റം നിയന്ത്രിക്കുന്ന കെണിയൊരുക്കൽ പദ്ധതിയാണ് ഫലത്തിൽ നടപ്പായതെന്നു കാണാം. പല പ്രാവശ്യം സമ്മാനമിറക്കി പിന്നീട് ഒരുനാൾ അവർ സമ്മാനം സ്വീകരിക്കാൻ മുന്നോട്ടുവന്നു.

ആക്രമണകാരികൾ എന്ന തലക്കെട്ടാണ് സെന്റിനെലിസിന് ചാർത്തി കൊടുത്തിട്ടുള്ളത്. യഥാർത്ഥത്തിൽ അവരുടെ മണ്ണ് കാക്കാൻ മറ്റു പ്രതിരോധമുറകളൊന്നും പ്രായോഗികമല്ല.

സമ്പർക്കപാർട്ടിക്ക് അവരുമായുള്ള സമ്പർക്കം സാധ്യമായത് 1991 ജനുവരി നാലിനാണ്. പവിഴപ്പുറ്റുകരണം കപ്പൽ ദൂരെ നിർത്തി. ലൈഫ് ബോട്ടിലാണ് സമ്പർക്ക പാർട്ടി തീരത്തെത്തുന്നത്. സമ്പർക്കപാർട്ടി അടുക്കുമ്പോൾ അമ്പെയ്യാതെ ദ്വീപുവാസികളിൽ ചിലർ നീന്തിയടുക്കുന്നതു കണ്ട് സമ്മാനങ്ങൾ എറിഞ്ഞുകൊടുത്തു. ചിലർ നേരിട്ടു വാങ്ങി. 1991 ജനുവരി നാലിന് സാധ്യമായ സമ്പർക്കം ലോകത്താകെ വാർത്തയായി. സമ്പർക്ക പാർട്ടിയിൽ ആന്ത്രോപോളജിക്കൽ സർവ്വേയിൽ നിന്ന് ടി.എൻ. പണ്ഡിറ്റും മധുമാല ചാറ്റർജിയുമുണ്ടായിരുന്നു. ഇപ്പോൾ പലപ്പോഴും സെന്റിനെലിസ് എന്ന പേരിൽ മധുമാല ചാറ്റർജിക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളിൽ കാണിക്കുന്ന ഫോട്ടോകളിലധികവും അവർ ജരാവക്കൊപ്പമുള്ളതാണ്. ഇത് ആദ്യ സമ്പർക്കമാണെന്ന അവകാശവാദം പലപ്പോഴും ആവർത്തിച്ചും കാണുന്നുണ്ട്. കൊളോണിയൽ കാലത്തും സമ്പർക്കമുണ്ടായിട്ടുണ്ട്, അതുകൊണ്ട് അത്തരം വാദങ്ങൾ നിരാകരിക്കേണ്ടതാണെന്നും അഭിപ്രായം അന്താരാഷ്ട്രത്തലത്തിൽ ഉയർന്നിട്ടുണ്ട് .

സമ്പർക്ക പാർട്ടിയുടെ ആദ്യ സമ്പർക്കത്തിനുശേഷം 1991 ഫെബ്രുവരി 22 നും സമ്പർക്കം നടന്നു. അതോടെ ഇടക്കിടെയുള്ള സമ്പർക്ക പരിപാടിആരംഭിച്ചു. 1992 മുതൽ 1996 വരെ ഞാനും സമ്പർക്കപാർട്ടിയിൽ അംഗമായിരുന്നു.

ജോൺ ചൗ എന്ന അമേരിക്കൻ മിഷണറി കൊല്ലപ്പെട്ടതിനെ തുടർന്ന് 2018 നവംബർ മുതലാണ് സെന്റിനെലിസ് ലോക മാധ്യമത്തിൽ നിറഞ്ഞത്. ജോൺ ചൗന്റെ മരണം പലവിധ സംവാദങ്ങൾക്കു വിഷയമായി.

സെന്റിനെൽ നിവാസികൾ ജരാവകളെക്കാൾ ആരോഗ്യമുള്ളവരായാണ് എനിക്ക് തോന്നിയത്. പ്രത്യേകിച്ച് ത്വക്കിന്റെ തിളക്കം. ശരീരത്തിൽ അമിത കൊഴുപ്പ് കാണാനേയില്ല. പൂർണമായും നല്ല ആരോഗ്യമുള്ള ജനത. കുഞ്ഞുങ്ങളിലൊക്കെ ആകർഷണീയമായ പ്രസന്നതയുണ്ട്. പലപ്പോഴും സമ്മാനങ്ങൾ അവർക്ക് നേരിട്ടു നൽകാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു പ്രാവശ്യം വല്ലാതെ പേടിച്ച അനുഭവവുമുണ്ട്. ഒരിക്കൽ കപ്പലിൽനിന്നിറങ്ങി തീരത്തേക്കു പോകുന്ന വേളയിൽ അവർ എയ്ത അമ്പ് തൊട്ടടുത്തൂടെ കടന്നുപോയി. പേടിച്ച് ആവിയായി എന്നേ പറയാനാവൂ. മറ്റൊരിക്കൽ ഞാനിരുന്ന ലൈഫ് ബോട്ടിൽ കത്തിയുമായി ഒരാൾ നീന്തിക്കയറി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആശങ്കയായിരുന്നു. കയ്യിലിരുന്ന കത്തിയെടുത്ത് ഞാനിരുന്ന ഭാഗത്തുണ്ടായിരുന്ന വടം നിമിഷനേരം കൊണ്ട് മുറിച്ചെടുത്തു. വാസ്തവത്തിൽ വിറക്കുകയായിരുന്നു. തുഴയുമെടുത്ത് അയാൾ ചാടിപ്പോയി. ഞങ്ങളെല്ലാം ഭയന്നെങ്കിലും ആരെയും ഒന്നും ചെയ്‌തില്ല. പലപ്പോഴായി ചില വാക്കുകൾ കേൾക്കാനിടയായി. അത് ജരാവ ഭാഷയോട് ബന്ധമുള്ളതായാണ് എനിക്ക് തോന്നിയത്. ഇത്തരം സന്ദർഭത്തിലുള്ള നിരീക്ഷണങ്ങൾക്കും പരിമിതിയുണ്ട്.

ആഭരണങ്ങൾ ധരിക്കുന്ന ശീലം ഇവർക്കിടയിലുമുണ്ട്. ഇല, പൂവ്, മരത്തൊലി കൊണ്ടുണ്ടാക്കിയ തലക്കെട്ട്, മാല, ഷെല്ലു മാല, ഇടുപ്പ് ആഭരണമായ അല്പം വീതിയുള്ള മരത്തൊലികെട്ട് ഇവ സ്ത്രീകളിലും പുരുഷന്മാരിലും കാണാം. ശരീരത്തിൽ ചെളി ഉപയോഗിച്ചുള്ള ഡിസൈൻ ചിലരിൽ കണ്ടു. മുഖത്തെഴുത്ത് കണ്ടില്ല . പക്ഷേ ജരാവ വിഭാഗത്തിൽ കണ്ടതുപോലെ സാധാരണമായി തോന്നിയില്ല. കൈക്കോടാലിയുടെ നാക്കിന് മറ്റു വിഭാഗങ്ങളിൽ നിന്ന് കുറച്ചുകൂടി നീളമുള്ളതായി തോന്നി. തീരത്തിറങ്ങിയുള്ള സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിലും ജരാവകളോട് ഒത്തുചേരുന്നതുപോലെയല്ല ഇക്കൂട്ടർ. ഇവർ അധികം അടുപ്പം കാണിക്കാറില്ല. സമ്മാനമൊക്കെ ശേഖരിക്കും, അത്രതന്നെ. ഒരു പക്ഷേ ഇവരുമായുള്ള സമ്പർക്കത്തിന് അധികം പഴക്കമില്ലാത്തതുകൊണ്ടാകാം. സമ്പർക്കം വഴി രോഗങ്ങൾ പകരാമെന്നും അവർക്ക് പകർച്ചവ്യാധികളുണ്ടായാൽ ആൾനാശമുണ്ടാകാമെന്നും അതുകൊണ്ട് സമ്പർക്കപരിപാടി തുടരരുതെന്ന അഭിപ്രായവും അന്നേയുണ്ടായിരുന്നു. 1996 ആയപ്പോൾ സമ്പർക്കപരിപാടി അപൂർവമാക്കി. 2005 ആയപ്പോൾ പൂർണമായും നിർത്തി. ഒരു കാരണവശാലും മറ്റു നെഗ്രിറ്റോ വിഭാഗങ്ങൾക്കു വന്ന സ്ഥിതി സെന്റിനെലിസിനു വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സമ്മാനങ്ങൾ നൽകുന്ന പരിപാടി നിർത്തണമെന്നും സമ്പർക്കപരിപാടി വല്ലപ്പോഴുമാക്കണമെന്നും അതു തന്നെ 50 മീറ്റർ ദൂരെ നിന്നുള്ള നിരീക്ഷണമാക്കി ചുരുക്കണമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്നാൽ അവർക്കു ചുറ്റും മറ്റുള്ളവർ കടന്നെത്താതെ കോസ്റ്റ് ഗാഡും നേവിയും സംരക്ഷണം ശക്തിപ്പെടുത്തണമെന്നും ആൻഡമാൻ ആദിമരുടെ ഉന്നമനത്തിനായി അവരാദി തയ്യാറാക്കിയ മാസ്റ്റർപ്ലാനിൽ വ്യക്തമാക്കിയിട്ടുണ്ട്.

എം.വി. പോർട്മാൻ 1800- കളിൽ സെന്റിനെൽ ഗോത്രവിഭാഗവുമായി സമ്പർക്കത്തിലേർപ്പെടാനും ഇവരെക്കുറിച്ചറിയാനും പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടിട്ടുണ്ട്.

അമേരിക്കൻ മിഷണറിയുടെ
മരണവും ചില പ്രശ്നങ്ങളും

ജോൺ ചൗ എന്ന അമേരിക്കൻ മിഷണറി കൊല്ലപ്പെട്ടതിനെ തുടർന്ന് 2018 നവംബർ മുതലാണ് സെന്റിനെലിസ് ലോക മാധ്യമത്തിൽ നിറഞ്ഞത്. ജോൺ ചൗന്റെ മരണം പലവിധ സംവാദങ്ങൾക്കു വിഷയമായി. ഇതൊരു വിദേശ പൗരന്റെ കൊലപാതകമാണ് എന്ന തരത്തിൽ ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ചുവരെ ചർച്ച നീണ്ടു.
ആരായിരുന്നു ജോൺ ചൗ?
ഒരു അമേരിക്കൻ മിഷണറി എന്നു മാത്രം പറഞ്ഞാൽപോരാ. ലോകത്ത് ഒറ്റപ്പെട്ടു കഴിയുന്ന ജനവിഭാഗങ്ങളെ തേടിപ്പിടിച്ച്, അവരെ ക്രിസ്തുമതാനുയായികളാക്കാനായി അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഓൾ നേഷൻസ് ഫാമിലി’ എന്ന സ്വതന്ത്ര മിഷണറി സംഘടനയുടെ പ്രതിനിധിയാണ്. സാഹസികമായ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പ്രത്യേക പരിശീലനം നേടിയ സംഘടനാപ്രതിനിധിയാണ്. സെന്റിനെലിസ് വിഭാഗത്തെ തിരഞ്ഞെടുത്ത് ഏതുവിധേനയും അവർക്കിടയിൽ മിഷണറി പ്രവർത്തനം ആരംഭിക്കാൻ വന്നതാണ്. നിയമാനുസൃതം പൂർണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു വിഭാഗത്തെ ഭരണകൂടാനുമതിയില്ലാതെ സമീപിക്കുക എന്നതുതന്നെ തെറ്റാണ്. 1956-ലെ ആൻഡമാൻ ആൻഡ് നിക്കോബാർ പ്രൊട്ടക്ഷൻ ഓഫ് അബൊറിജിനൽ ട്രൈബ്സ് റെഗുലേഷൻ പ്രകാരം ഈ ദ്വീപിലേക്കുള്ള സന്ദർശനത്തിനു വിലക്കുണ്ട്. ദ്വീപിനുചുറ്റും പത്തു കി.മി കടൽ ഇന്ത്യൻ നാവികസേനാ നിയന്ത്രണമുള്ള സംരക്ഷണ മേഖലയാണ്.

എല്ലാ ഭരണകൂട നിയന്ത്രണങ്ങളെയും ധിക്കരിച്ച്, മത്സ്യബന്ധന തൊഴിലാളികൾക്ക് കൈക്കൂലി കൊടുത്ത് രഹസ്യമായി സെന്റിനെൽ ദ്വീപിലെത്താൻ ജോൺ ചൗ മൂന്നു പ്രാവശ്യം ശ്രമിച്ചു. ജരാവയെയും സെന്റിനെലിസ് നിവാസികളെയും കാണാനും ഫോട്ടോ എടുക്കാനും പല വിദേശികളും വർഷങ്ങളായി മൽസ്യബന്ധന തൊഴിലാളികളെ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതൊരു മാഫിയയായി മാറിയിട്ടുണ്ട്. ഈ രഹസ്യ സാധ്യതയെയാണ് ചൗ പ്രയോജനപ്പെടുത്തിയത്. ആദ്യ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടിട്ടും മൂന്നാമതും മറ്റൊരു രാജ്യത്ത് അതിക്രമിച്ചുകടന്നു നിയമലംഘനം ചെയ്യാൻ ശ്രമിച്ചു. സെന്റിനെലിസ് അന്യസമ്പർക്കം അനുവദിക്കുന്നവരല്ലെന്നും കാലാകാലങ്ങളായി തനതു മണ്ണ് സായുധ പ്രതിരോധത്തിലൂടെ കാത്തുപോരുന്നവരാണെന്നും അറിയാത്തതല്ല. ഇതെല്ലാം അറിഞ്ഞിട്ടും ചൗ മതപ്രചാരണത്തിന് ചാവേറായതാണ്.

ഒറ്റപ്പെട്ടു ജീവിക്കുന്ന സമൂഹങ്ങളെ ഒരു കാരണവശാലും സമ്പർക്കത്തിലൂടെ മുഖ്യധാരയിലേക്കു നയിക്കരുതെന്നും അവരെ അവരുടെ സ്വാഭാവിക ജീവിതം നയിക്കാൻ അനുവദിക്കണമെന്നും അവരുടെ മണ്ണ് സംരക്ഷിക്കണമെന്നും സർവൈവൽ ഇന്റർനാഷണൽ സംഘടന വാദിച്ചു.

തങ്ങളുടെ മണ്ണിൽ അതിക്രമിച്ചു കടന്ന ചൗവിനെ സെന്റിനെലിസ് കൊന്നു കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്. അങ്ങനെ സംഭവിച്ചുവെന്നു വിശ്വസിക്കുകയാണ്. സെന്റിനെലികൾ ചൗവിനെ കൊന്നത് കണ്ടവരില്ല. ഇയാളെ കൊണ്ടുപോയവർതന്നെ കൊന്നോ എന്നും അറിയില്ല. കൊണ്ടുപോയവരുടെ മൊഴിയനുസരിച്ച് അയാൾ സെന്റിനെൽ ദ്വീപിലേക്ക്‌ പോകുന്നതാണ് അവർ കണ്ടത്. സെന്റിനെലികൾ അന്യരെ അമ്പെയ്തു കൊല്ലുമെന്ന പുരാവൃത്തമാണ് ബാക്കിയുണ്ടായ എല്ലാ കോലാഹലങ്ങൾക്കും അടിസ്ഥാനം.ശവം കണ്ടെത്താൻ ആവുന്നത്ര ഭരണകൂട ശ്രമങ്ങളുണ്ടായെങ്കിലും അതൊന്നും വിജയിച്ചില്ല. അവസാനം അതുവേണ്ടെന്നുവെച്ചു. ഈ സംഭവം പലതരത്തിലുള്ള ചർച്ചകൾക്കു തുടക്കമിട്ടു. വലിയ സംവാദങ്ങളുണ്ടായെങ്കിലും ഒരു രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ സന്ദർശകർ ബാധ്യസ്ഥരാണെന്നും സെന്റിനെൽ ദ്വീപും സമീപപ്രദേശങ്ങളും സംരക്ഷണ പ്രദേശമാണെന്നും അവരുടെ ആവാസയിടത്തിൽ കടന്നേറ്റം നടത്തുന്നവരെ അവർ ആക്രമിക്കുമെന്നത് സ്വാഭാവികമാണെന്നും ഇന്ത്യൻ നിയമനുസരിച്ചു സെന്റിനെലിസിനെ കൊലപാതകികളാക്കി ശിക്ഷിക്കാനാവില്ലെന്നും ബോധ്യപ്പെട്ടതോടെ സംവാദങ്ങളുടെ മുനയൊടിഞ്ഞു. മാധ്യമവിവാദങ്ങളും അസ്തമിച്ചു.

എങ്കിലും ഈ ചർച്ചയുടെ ഭാഗമായി ഉയർന്നുവന്ന മറ്റു ചില നരവംശീയ പ്രശ്നങ്ങളുണ്ട്. ഒറ്റപ്പെട്ടു ജീവിക്കുന്ന സമൂഹങ്ങളെ ഒരു കാരണവശാലും സമ്പർക്കത്തിലൂടെ മുഖ്യധാരയിലേക്കു നയിക്കരുതെന്നും അവരെ അവരുടെ സ്വാഭാവിക ജീവിതം നയിക്കാൻ അനുവദിക്കണമെന്നും അവരുടെ മണ്ണ് സംരക്ഷിക്കണമെന്നും സർവൈവൽ ഇന്റർനാഷണൽ സംഘടന വാദിച്ചു. മറ്റു ചിലർ നിയന്ത്രിത സമ്പർക്കമാകാമെന്നും വാദിച്ചു. വേറെ ചിലർ അവരെ ബന്ധപ്പെടണമെന്നും സഹായം ഉറപ്പുവരുത്തണമെന്നും വാദിച്ചു. ഈ സംവാദങ്ങൾക്കു മുമ്പേ ആൻഡമാൻ ഭരണകൂടം ഇവരുമായി നടത്തിവന്ന സമ്പർക്ക പരിപാടി അവസാനിപ്പിച്ചിരുന്നു. ഒറ്റപ്പെട്ട ജീവിതം നയിക്കാൻ അവരെ അനുവദിക്കാൻ തീരുമാനിച്ചു. പരിമിതമായ സമ്പർക്ക പരിപാടിയിൽനിന്ന് അവർക്കു ആരോഗ്യക്കുറവോ ഭക്ഷണക്ഷാമമോ ഇല്ലെന്നു മനസിലാക്കിയതിനെ തുടർന്ന് സമ്പർക്കം പരിമിതപ്പെടുത്തി.

അമേരിക്കൻ മിഷണറി ജോൺ ചൗ

അന്തർദ്ദേശീയമായി ഉയർന്നുവന്ന മറ്റൊരു സംവാദ വിഷയം, ഇക്കൂട്ടരെ ശിലായുഗവാസികളെന്നു മാധ്യമങ്ങൾ വിശേഷിപ്പിച്ചതാണ്. യഥാർത്ഥത്തിൽ ഇക്കൂട്ടർ ശിലായുഗ സാങ്കേതികതയുമായി ജീവിക്കുന്നവരല്ല. ഇവർക്ക് ഇരുമ്പിന്റെ ഉപയോഗം അറിയാം. അമ്പും കൈക്കോടാലിയും കത്തിയുമൊക്കെ ഇരുമ്പ് ഉപയോഗിച്ചുണ്ടാക്കുന്നുണ്ട്. ഈ സാങ്കേതികത പെട്ടെന്ന് വികസിച്ചതല്ല. ലിറ്റിൽ ആൻഡമാൻ വംശജരായ ഇവർ ജരാവ വിഭാഗത്തിൽ നിന്നുമുള്ള ഒരു ശാഖയാണെന്നു പറയുന്നുണ്ട്. ബ്രിട്ടീഷുകാരുടെ അധിനിവേശത്തിനുമുമ്പ് ഇവർ അന്യ ഗോത്രങ്ങളുമായി, സവിശേഷമായി ഒങ്ങേ- ജരാവ ഗോത്രങ്ങളുമായി, ബന്ധം നിലനിർത്തിയിരുന്നുവെന്നും അന്നേ ഇവർക്കു ഇരുമ്പുസാങ്കേതികതയും തീയിന്റെ ഉപയോഗവും പരിചിതമായിരുന്നുവെന്നും ഉറപ്പിക്കുന്നുണ്ട്. കൂടാതെ ഇവർ ഒറ്റപ്പെട്ട ദ്വീപിൽ വസിക്കുന്നുണ്ടെങ്കിലും പുറത്തുള്ളവരെ കുറിച്ചറിയാത്തവരല്ല. ബ്രിട്ടീഷുകാർ ദ്വീപിലെത്തിയിട്ടുണ്ട്. അന്നും ഇന്നും ഇവർ അന്യരെ തങ്ങളുടെ മണ്ണിലെത്താൻ അനുവദിക്കുന്നില്ല. ദ്വീപിന്റെ സമീപം കപ്പൽ തകർന്നപ്പോൾ ജീവനക്കാർക്കു നേരിടേണ്ടിവന്ന പ്രതിരോധം അവർ തുടർന്നുവന്നു.

പ്രകൃതിയിൽ വരുന്ന എല്ലാ മാറ്റങ്ങളെയും മണം കൊണ്ടറിയാനും മുൻകരുതലെടുക്കാനും അവരുടെ പ്രപഞ്ചശാസ്ത്രജ്ഞാനം സഹായിക്കുന്നുവെന്നാണ് ഒങ്ങേ -ജരാവ വിഭാഗങ്ങളിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

1974- ൽ നാഷണൽ ജിയോഗ്രാഫി ഡോക്യുമെന്ററി ടീം മാൻ ഇൻ സെർച്ച് ഓഫ് മാൻ എന്ന ഡോക്യുമെന്ററിക്കായി ദ്വീപിന്റെ സമീപത്ത് എത്തിയപ്പോൾ അവർ എയ്ത അമ്പ് സംവിധായകന്റെ തുടയിൽ തറച്ച സംഭവം ഉണ്ടായിട്ടുണ്ട്. 2004-ലെ സുനാമിക്കുശേഷം ഇവർക്കെന്തുപറ്റിയെന്നത് ദേശീയതലത്തിൽ ആശങ്ക പരന്നിരുന്നു. തുടർന്ന് ദ്വീപ് നിരീക്ഷിച്ച് അറിയിക്കാൻ കോസ്റ്റ് ഗാർഡിനു നിർദേശം ലഭിച്ചു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ദ്വീപ് നിരീക്ഷിക്കാൻ താണുപറന്നു. ഇതുകണ്ട സെന്റിനെൽ നിവാസികൾ യുദ്ധസന്നദ്ധരായി ഹെലികോപ്റ്ററിനു നേരെ അമ്പെയ്തു. ആൻഡമാനിലെ നെഗ്രിറ്റോ വിഭാഗക്കാർക്കും സുനാമിവഴി ആൾനാശമുണ്ടായില്ല. പ്രകൃതിയിൽ വരുന്ന എല്ലാ മാറ്റങ്ങളെയും മണം കൊണ്ടറിയാനും (പിതൃസാന്നിധ്യം) മുൻകരുതലെടുക്കാനും അവരുടെ പ്രപഞ്ചശാസ്ത്രജ്ഞാനം സഹായിക്കുന്നുവെന്നാണ് ഒങ്ങേ -ജരാവ വിഭാഗങ്ങളിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

സമ്പർക്കപാർട്ടിയുമായുണ്ടായ സമ്മാന സ്വീകരണ വേളകളാണ് സെന്റിനെൽ നിവാസികൾ സായുധ പ്രതിരോധം ഒഴിവാക്കിയ സന്ദർഭമായി പറയാവുന്നത്. അന്യരെത്തിയ മറ്റെല്ലാ സന്ദർഭങ്ങളിലും അവരുടെ പ്രതിരോധം ഉണ്ടായിട്ടുണ്ട്. അത് ഒരു ഏകദിശാ ബന്ധമാണ്. ഇടയ്ക്ക് സമ്പർക്കപാർട്ടിയെത്തി സമ്മാനം നൽകുന്നു. അതിനപ്പുറം ബന്ധമൊന്നും വികസിച്ചില്ല. അവരുടെ മണ്ണിൽ നടത്തുന്ന അതിക്രമമായി അവർ അതിനെ കണ്ടില്ല. കടലിൽ നിന്ന് തീരത്തേക്കടുക്കുന്ന പല വസ്തുക്കളുമുണ്ട്. ചിലത് ഏതെങ്കിലും തരത്തിൽ അവർക്കു പ്രയോജനപ്പെടുന്നവയായിരിക്കും. അതുപോലെ, ഇടയ്ക്ക് ചില സമ്മാനങ്ങൾ കടൽവഴി എത്തുന്നു. അതു തരാൻ ചിലർ വരുന്നു, അതിനപ്പുറം ഒന്നും അവർക്കു തോന്നിയിട്ടുണ്ടാവില്ല.

സൗഹൃദമെന്നു പേരിട്ടു വിളിക്കുന്ന സമ്പർക്കം തുടർന്നിരുന്നെങ്കിൽ സെന്റിനെൽ ഗോത്രത്തിനുണ്ടാകുമായിരുന്ന സ്വത്വനാശം ചെറുതല്ല.

എന്നാൽ, സൗഹൃദമെന്നു പേരിട്ടു വിളിക്കുന്ന ഈ സമ്പർക്കം തുടർന്നിരുന്നെങ്കിൽ അവർക്കുണ്ടാകുമായിരുന്ന സ്വത്വനാശം ചെറുതല്ല. ആൻഡമാൻ നെഗ്രിറ്റോ വംശജരുടെ നാശവും സമ്പർക്കവും തമ്മിലുള്ള ചരിത്രബന്ധമൊന്നും അവർക്കറിയില്ലല്ലോ. നമുക്കത് ഏറെ അറിയാമെന്നിരിക്കേ വൈകിയാണെങ്കിലും അവരെ സ്വാഭാവിക ജീവിതം നയിക്കാൻ സഹായിക്കാനുണ്ടായ ഭരണകൂടതീരുമാനം പ്രശംസനീയമാണ്. അവരെങ്കിലും തനി മണ്ണും സ്വത്വവും കാത്ത് ജീവിക്കട്ടെ. ഇന്ത്യൻ പൗരത്വം പറഞ്ഞ് ഇവരെ പരിഷ്കൃതരാക്കാൻ ഭാവിയിലാർക്കും തോന്നാതെയും ഇരിക്കട്ടെ.

(തുടരും)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments