ആദിവാസി ഗോത്രമഹാസഭ സെക്രട്ടറി പി.ജി. ജനാർദ്ദനൻ.

മുത്തങ്ങയിൽനിന്ന്
നീതിപീഠത്തിലൂടെ തുടരുന്ന
നീതിനിഷേധം

‘‘മുത്തങ്ങയിൽ പൊലീസുകാരൻ അബ്ദുൽ സലാമിനെ പരിക്കേൽപ്പിച്ചതിൽ ഗൂഢാലോചനയുണ്ട് എന്ന വിധി ആദിവാസി സമൂഹത്തിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഗീതാനന്ദൻ മാഷ് ആ സമയം സ്ഥലത്തില്ല. മാഷിന് പങ്കുണ്ടെന്ന കാര്യത്തിൽ കൃത്യമായ തെളിവുമില്ല. പൊലീസിന്റെ വീഡിയോ അവർക്കാവശ്യമുള്ള വിധത്തിൽ ഉപയോഗിച്ചു. അങ്ങനെയാണ് ഇത്തരമൊരു വിധിയുണ്ടായത്’’- മുത്തങ്ങ സമരത്തിലെ കടുത്ത നീതിനിഷേധത്തെക്കുറിച്ച് എഴുതുന്നു, ആദിവാസി ഗോത്രമഹാസഭ സെക്രട്ടറി പി.ജി. ജനാർദ്ദനൻ.

2003-ലെ മുത്തങ്ങ കുടിൽകെട്ടി സമരം രൂപപ്പെടുന്നത് 2001 ആഗസ്റ്റിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടന്ന കുടിൽ കെട്ടൽ സമരത്തോടെയാണ്. എ.കെ. ആന്റണി സർക്കാറുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് ഒരേക്കർ മുതൽ അഞ്ചേക്കർ വരെ ഭൂമി നൽകി ആദിവാസികളെ പുനരധിവസിപ്പിക്കും എന്ന ഉറപ്പിനെ തുടർന്നാണ് ഈ സമരം അവസാനിപ്പിച്ചത്. എന്നാൽ, ഒരു വർഷമായിട്ടും ഈ കരാർ നടപ്പാക്കാതിരുന്നതിനെതുടർന്നാണ് മുത്തങ്ങ എന്ന ആദിവാസികളുടെ പിതൃഭൂമിയിൽ കുടിൽകെട്ടി സമരം തുടങ്ങിയത്.

ബിർളയുടെ യൂക്കാലിപ്​റ്റസ് തോട്ടത്തിനായി, 1975-1980കളിൽ ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് പ്ലാന്റ് ചെയ്ത ഭൂമിയായിരുന്നു മുത്തങ്ങയിലേത്. അതുകൊണ്ടുതന്നെ ഞങ്ങൾ ജീവിച്ചിരുന്ന പിതൃഭൂമിയിലേക്കുള്ള തിരിച്ചുപോക്കു കൂടിയായിരുന്നു ഈ സമരം. അത് വളരെ സമാധാനപരമായ ഭൂസമരവുമായിരുന്നു. 45 ദിവസത്തിനുശേഷമാണ് യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെപ്പിലേക്ക് എത്തിച്ചത്. അതിനൊരു കാരണമുണ്ടായിരുന്നു. 2003-ൽ കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമമായ ‘ജിമ്മി’ൽ ബഹുരാഷ്ട്രകുത്തകയ്ക്ക് വിൽക്കാൻ വെച്ചിരുന്ന ഭൂമിയാണിത്. വെടിവെച്ചിട്ടാണെങ്കിലും ആദിവാസികളെ ഇവിടെനിന്ന് ഇറക്കിവിടണമെന്ന തീരുമാനമുണ്ടാകുന്നത് അതുകൊണ്ടാണ്.

ഈ ഗൂഢാലോചനയുടെ ഭാഗമായ രാഷ്ട്രീയമാഫിയയുടെയും കപട പരിസ്ഥിതിപ്രവർത്തകരുടെയും സജീവ ഇടപെടൽ ഇതിലുണ്ടായിരുന്നു. ഇവരെല്ലാവരും കൂടി സർക്കാർ നടപടിയ്ക്ക് അനുകൂലാന്തരീക്ഷമൊരുക്കാൻ കുടിയിറക്ക് നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് മുത്തങ്ങയിൽ ഹർത്താൽ പ്രഖ്യാപിച്ചു. ആദിവാസികളെ കുടിയിറക്കണമെന്ന രീതിയിൽ ലോബിയിങ് നടത്തി. ആദിവാസികൾക്കെതിരെ സംയുക്തപ്രസ്താവനയുമായി സുഗതകുമാരിയുടെ നേതൃത്വത്തിൽ 'സാംസ്‌കാരികപ്രവർത്തകർ' എത്തി. ഞങ്ങൾ ഭീകരവാദികളാണ് എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢാലോചന പുറത്ത് നടത്തുമ്പോൾ, അകത്ത് ശാന്തമായ സമരാന്തരീക്ഷമായിരുന്നു.

മുത്തങ്ങയിൽ ഞങ്ങൾ ‘ഭീകരവാദികളാണ്’ എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢാലോചന പുറത്ത് നടത്തുമ്പോൾ, അകത്ത് ശാന്തമായ സമരാന്തരീക്ഷമായിരുന്നു.
മുത്തങ്ങയിൽ ഞങ്ങൾ ‘ഭീകരവാദികളാണ്’ എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢാലോചന പുറത്ത് നടത്തുമ്പോൾ, അകത്ത് ശാന്തമായ സമരാന്തരീക്ഷമായിരുന്നു.

കുടിലുകൾ കെട്ടി, ചുറ്റും കൃഷി ചെയ്ത് കഴിഞ്ഞുകൂടുകയായിരുന്നു ആദിവാസി കുടുംബങ്ങൾ. കുട്ടികൾക്ക് പഠിക്കാൻ പാഠശാലകൾ ഒരുക്കി. അത്യന്തം ജനാധിപത്യപരമായ ഈ അന്തരീക്ഷത്തിലും ചർച്ചയ്ക്ക് സർക്കാർ സാഹചര്യമൊരുക്കിയില്ല. ചർച്ച നടന്നിരുന്നുവെങ്കിൽ വെടിവെപ്പ് ഉണ്ടാകുമായിരുന്നില്ല. ആദിവാസികളെ കുടിയിറക്കേണ്ടത് നിക്ഷിപ്ത താൽപര്യക്കാരുടെ ആവശ്യമായിരുന്നു. അതിനുള്ള അന്തരീക്ഷവും അവർ ഒരുക്കി. വെടിവെപ്പിനുമുമ്പ് ഫോറസ്റ്റുകാരെ സ്വാധീനിച്ച് മുളങ്കാടുകൾക്ക് തീയിട്ടു. ‘ആദിവാസികൾ കാടിന് തീയിടുന്നു’ എന്ന വ്യാജവാർത്ത പ്രചരിപ്പിച്ചു. തീ പടരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടപ്പോൾ കെടുത്തുകയും തീ പടരാതിരിക്കാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ, അത് തുടർന്നപ്പോൾ എന്തോ പന്തികേട് തോന്നി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആനപ്പിണ്ഡത്തിൽ പെട്രോൾ തളിച്ച് തീകൊളുത്തി കാട്ടിലേക്ക് വലിച്ചെറിഞ്ഞ് പോകുമ്പോൾ, അവരെ ജീപ്പ് സഹിതം തടഞ്ഞുവെച്ചു. ഇവരെ ജില്ലാ മജിസ്ട്രറ്റായ കലക്ടറെ നേരിട്ട് ഏൽപ്പിക്കാൻ ശ്രമം നടത്തി. ഇതിനെയാണ് പിന്നീട് ഫോറസ്റ്റുകാരെ ബന്ദിയാക്കി എന്ന് പ്രചരിപ്പിച്ചത്.

മുത്തങ്ങ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി സ്ത്രീയും പിഞ്ചുകുഞ്ഞും.
മുത്തങ്ങ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി സ്ത്രീയും പിഞ്ചുകുഞ്ഞും.

വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ സി. കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇപ്പോൾ 10% ഡിസ്‌കൗണ്ടിൽ ഓഡർ ചെയ്യൂ...

ഈ സമയത്ത് കണ്ണൂരിൽനിന്ന് നിരവധി ഗുണ്ടകളെ മുത്തങ്ങയിലെത്തിക്കുകയും ഇവർ പൊലീസിനോടൊപ്പം ചേർന്ന് ആദിവാസികളെ ആക്രമിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഇത്രയധികം പേർക്ക് പരിക്കേറ്റ അതിക്രമമുണ്ടായത്. ഞങ്ങളെ വെടിവെച്ച് ഇറക്കിവിടണം എന്നത് ഭരണകൂടത്തിന്റെയും ഇതിനു പുറകിലുണ്ടായിരുന്നവരുടെയും കൃത്യമായ പ്ലാനിങായിരുന്നു. അങ്ങനെയാണ് വെടിവെപ്പ് നടക്കുന്നത്. കണ്ണീർവാതകഷെൽ അടക്കമുള്ള പ്രയോഗങ്ങളല്ല പൊലീസ് നടത്തിയത്, വെടിവെക്കുകയാണ് ആദ്യം ചെയ്തത്.

വയനാട്ടിലുടനീളം കറുത്ത മനുഷ്യരെ ലക്ഷ്യമിട്ടും ​അവരുടെ കോളനികളിലും പൊലീസും ഗുണ്ടകളും ചേർന്ന് വ്യാപക മർദ്ദനം അഴിച്ചുവിട്ടു. ഇത്തരത്തിൽ വംശീയമായ മനോവികാരം വളർത്തിയെടുത്തു. ഒരാഴ്ചയോളം റോഡിൽ പോലും ഇറങ്ങാനാകാത്ത സ്ഥിതിവിശേഷമാണ് വയനാട്ടിൽ പൊലീസ് സൃഷ്ടിച്ചത്.

ജനാധിപത്യപരമായി സമരം ചെയ്യുന്നവരുമായി ചർച്ച ചെയ്യുക എന്നത് ഏതൊരു സർക്കാറും സ്വീകരിക്കേണ്ട സാമാന്യരീതിയാണ്. അതുണ്ടായില്ല. മാത്രമല്ല, സർക്കാർ തന്നെ ഒപ്പിട്ടുനൽകിയ ഒരു കരാർ മുന്നിൽ വെച്ചായിരുന്നു സമരമെന്നും ഓർക്കേണ്ടതുണ്ട്. 2006-ലെ വനാവകാശനിയമപ്രകാരം ആദിവാസികൾക്ക് നൽകേണ്ട ഭൂമിയാണ് മുത്തങ്ങയിലേത്. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള ഗോത്രസ്വയംഭരണം എന്ന ആവശ്യം കൂടി ഞങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആവശ്യവും ഭരണകൂടത്തെയും നിക്ഷിപ്ത താൽപര്യക്കാരെയും പ്രകോപിച്ചിരിക്കണം. ഒരു കാരണവശാലും ഇത്തരമൊരു ആദിവാസി ഭൂസമരം ഭാവിയിൽ അനുവദിക്കില്ല എന്ന പ്രഖ്യാപനം കൂടിയായിരുന്നു മുത്തങ്ങയിലെ പൊലീസ് അതിക്രമം. മുത്തങ്ങയിൽ വെടിവെപ്പ് നടക്കുന്നതിനോടൊപ്പം, വയനാട്ടിലുടനീളം കറുത്ത മനുഷ്യരെ ലക്ഷ്യമിട്ടും ​അവരുടെ കോളനികളിലും പൊലീസും ഗുണ്ടകളും ചേർന്ന് വ്യാപക മർദ്ദനം അഴിച്ചുവിട്ടു. ഇത്തരത്തിൽ വംശീയമായ മനോവികാരം വളർത്തിയെടുത്തു. ഒരാഴ്ചയോളം റോഡിൽ പോലും ഇറങ്ങാനാകാത്ത സ്ഥിതിവിശേഷമാണ് വയനാട്ടിൽ പൊലീസ് സൃഷ്ടിച്ചത്.

മുത്തങ്ങ സമരഭൂമിയിൽനിന്ന് കൈക്കുഞ്ഞുമായി ആദിവാസി സ്ത്രീയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.
മുത്തങ്ങ സമരഭൂമിയിൽനിന്ന് കൈക്കുഞ്ഞുമായി ആദിവാസി സ്ത്രീയെയും യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.

മുത്തങ്ങയിലെ പൊലീസ് മർദ്ദനത്തിൽ ഒരുപാടുപേരുടെ ജീവിതമാണ് നരകതുല്യമായത്. നിരവധിപേർക്ക് കൈകാലുകൾ നഷ്ടമായി. സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായി മർദ്ദിച്ചു. 15 ഓളം കുട്ടികൾക്കാണ് ജയിലിൽ കഴിയേണ്ടിവന്നത്. പൊലീസുകാരൻ വിനോദ് മരിച്ച അതേ സ്ഥലത്തും സമയത്തും കൊല്ലപ്പെട്ട ആദിവാസിയായ ജോഗിയുടെ മരണത്തിൽ എഫ്.ഐ.ആർ ഇട്ടതല്ലാതെ മറ്റൊരു നടപടിയുമുണ്ടായില്ല. യഥാർത്ഥത്തിൽ പൊലീസ് ആക്രമണത്തിലാണ് ജോഗി കൊല്ലപ്പെടുന്നത്. വിനോദിന്റെ മരണത്തിലും ആദിവാസികൾക്ക് പങ്കില്ല. അവർ മുത്തങ്ങയിൽ വന്നത് കൃഷി ചെയ്യാനുള്ള മമ്മട്ടിയും തൂമ്പയുമൊക്കെ കൊണ്ടാണ്. മുത്തങ്ങ സംഭവത്തിനുശേഷം ആദിവാസികൾ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ എന്നു പറഞ്ഞ് മീഡിയയിൽ പ്രദർശിപ്പിച്ചത്, കടയിൽനിന്ന് പൊലീസ് എടുത്തുകൊണ്ടുവന്ന പണിയായുധങ്ങളായിരുന്നു.

മുത്തങ്ങയിലെ പൊലീസ് മർദ്ദനത്തിൽ ഒരുപാടുപേരുടെ ജീവിതമാണ് നരകതുല്യമായത്. നിരവധിപേർക്ക് കൈകാലുകൾ നഷ്ടമായി. സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായി മർദ്ദിച്ചു.
മുത്തങ്ങയിലെ പൊലീസ് മർദ്ദനത്തിൽ ഒരുപാടുപേരുടെ ജീവിതമാണ് നരകതുല്യമായത്. നിരവധിപേർക്ക് കൈകാലുകൾ നഷ്ടമായി. സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായി മർദ്ദിച്ചു.

പൊലീസുകാരൻ വിനോദിന്റെ മരണത്തിലും പരിക്കേറ്റ പൊലീസുകാരൻ അബ്ദുൽ സലാമിന് പരിക്കേറ്റ കേസിലും വിധിയുണ്ടായത്, തെളിവുകൾക്കുപകരം സാക്ഷിമൊഴികൾ പരിഗണിച്ചുകൊണ്ടായിരുന്നു. സാക്ഷികളാകട്ടെ, ആക്രമണത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു. വിനോദിന്റെ മരണത്തിൽ, രണ്ടാം പ്രതി അശോകന്റെ പേരിൽ കൊലക്കുറ്റം ചാർത്തിയത് കൃത്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ലാതെയാണ്.

നിയമനടപടികളുടെ കാര്യത്തിൽ ഏകപക്ഷീയമായ നീതിനിഷേധമാണ് നടന്നത്. ജോഗിയുടെ കൊലപാതകത്തിലും ആദിവാസികൾക്കെതിരായ അതിക്രൂരമായ അതിക്രമങ്ങളിലും അന്വേഷണമുണ്ടായില്ല. ആദിവാസികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റകൃത്യം മാത്രമാണ് അന്വേഷിച്ചത്. മുത്തങ്ങയിൽ വ്യാപകമായി മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ട്, അത് സമഗ്രമായി അന്വേഷിക്കണം എന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ ഉത്തരവിറക്കിയിരുന്നു. അത് പരിഗണിച്ചതേയില്ല. മാവോയിസ്റ്റ്- തീവ്രവാദബന്ധം സ്ഥാപിച്ചെടുക്കാൻ പലയിടങ്ങളിൽനിന്ന് ചില ആളുകളെ വ്യാജമായി കൊണ്ടുവന്ന് ആദിവാസികൾക്കൊപ്പം ജയിലിൽ പാർപ്പിച്ചിരുന്നു. ആദിവാസികൾക്ക് പിന്തുണ നൽകുന്നവരെപ്പോലും പിന്തിരിപ്പിക്കുക ലക്ഷ്യമിട്ട്, കെ.കെ. സുരേന്ദനെപ്പോലുള്ളവരെ പോലും ക്രൂരമായി മർദ്ദിച്ചു.

മുത്തങ്ങയിൽ പൊലീസ് ബലപ്രയോഗം മൂലമുണ്ടായ സംഘർഷം.
മുത്തങ്ങയിൽ പൊലീസ് ബലപ്രയോഗം മൂലമുണ്ടായ സംഘർഷം.

ഈ കേസുകളിൽ നിയമനടപടികൾക്ക് ഒരുവിധ സഹായവും എവിടെനിന്നും ലഭിച്ചില്ല. സുഹൃത്തുക്കൾ വഴിയുള്ള ചെറിയ സഹായങ്ങൾ, ഗീതാനന്ദൻ മാഷുടെ പെൻഷൻ എന്നിവ ഉപയോഗിച്ചാണ് ഇത്രയും കാലം ഇതെല്ലാം ചെയ്തുപോന്നത്.

ഈ കേസുകളിൽ നിയമനടപടികൾക്ക് ഒരുവിധ സഹായവും എവിടെനിന്നും ലഭിച്ചില്ല. സുഹൃത്തുക്കൾ വഴിയുള്ള ചെറിയ സഹായങ്ങൾ, ഗീതാനന്ദൻ മാഷുടെ പെൻഷൻ എന്നിവ ഉപയോഗിച്ചാണ് ഇത്രയും കാലം ഇതെല്ലാം ചെയ്തുപോന്നത്. അതുകൊണ്ടുതന്നെ ആദിവാസികൾക്കെതിരായ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാൻ സാമ്പത്തികമായി ഞങ്ങൾക്ക് വലിയ തടസ്സങ്ങളുണ്ട്. മുത്തങ്ങ സംഭവത്തിനുശേഷം മർദ്ദനമേറ്റ ഓരോരുത്തരെയും നേരിട്ടുകണ്ട് അവർ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയാറാക്കി, പ്രത്യേകം കേസുകളായി സബ്മിറ്റ് ചെയ്യാൻ ശ്രമമുണ്ടായിരുന്നു. അത് നടക്കാതെ പോയത് ഇത്തരം പ്രതിസന്ധികൾ മൂലമായിരുന്നു.

അബ്ദുൽ സലാമിനെ പരിക്കേൽപ്പിച്ചതിൽ ഗൂഢാലോചനയുണ്ട് എന്ന വിധി ആദിവാസി സമൂഹത്തിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഗീതാനന്ദൻ മാഷ് ആ സമയം സംഭവസ്ഥലത്തില്ല. മാഷിന് പങ്കുണ്ടെന്ന കാര്യത്തിൽ കൃത്യമായ തെളിവുമുണ്ടായിരുന്നില്ല. വിഷ്വൽ മീഡിയ ദൃശ്യങ്ങൾ കോടതി പരിശോധിച്ചിട്ടില്ല. ആക്രമണദൃശ്യങ്ങൾ വ്യക്തമായി പകർത്തിയ കൈരളി ടി.വി ക്യാമറാമാൻ ഷാജി പട്ടണത്തിന്റെ വിഷ്വൽ പോലും ഉപയോഗിച്ചില്ല. പൊലീസിന്റെ വീഡിയോ അവർക്കാവശ്യമുള്ള വിധത്തിൽ ഉപയോഗിച്ചു. അങ്ങനെയാണ് ഇത്തരമൊരു വിധിയുണ്ടായത്.

മുത്തങ്ങ സംഘർഷത്തിൽ മരിച്ച കണ്ണൂർ കെ എ പി നാലാം ബറ്റാലിയനിൽ കോൺസ്റ്റബിളായിരുന്ന കെ.വി. വിനോദ്.
മുത്തങ്ങ സംഘർഷത്തിൽ മരിച്ച കണ്ണൂർ കെ എ പി നാലാം ബറ്റാലിയനിൽ കോൺസ്റ്റബിളായിരുന്ന കെ.വി. വിനോദ്.

ഇപ്പോൾ ഗോത്രമഹാസഭയോടൊപ്പമുള്ളവരെല്ലാം അന്നത്തെ സമരത്തിൽ പങ്കെടുത്ത് ജീവിക്കാൻ സ്ട്രഗ്ൾ ചെയ്യുന്നവരാണ്. അവർക്ക് പിന്നോട്ടുപോക്കുണ്ടായിട്ടില്ല. ഇനി ആർക്കും ഇങ്ങനെയൊരനുഭവമുണ്ടാകരുത് എന്ന ഉൾബോധം അവരിലുണ്ട്. അതുകൊണ്ടുതന്നെ അടിച്ചമർത്തൽ വകവെക്കാതെ ആദിവാസികൾ ഇന്നും രംഗത്തുണ്ട്. അതിജീവിക്കാൻ മറ്റൊരു മാർഗവുമില്ലാത്തതുകൊണ്ട് ചെയ്യുന്ന സംഗതി കൂടിയാണിത്. ഒരു ജനതയെ എല്ലാകാലത്തും ഭരണകൂടത്തിന് അടിച്ചമർത്തിവെക്കാനാകില്ല.

തികച്ചും വംശീയമാണ് കേരളീയ സമൂഹം. ജോഗിയുടെ മകൻ ശിവന്റെ ചോദ്യം നീതിപീഠത്തോടോ സർക്കാറിനോടോ ആയിരുന്നില്ല, കേരളീയ പൊതുസമൂഹത്തോടായിരുന്നു:

‘‘എന്റെ അച്ഛന് എവിടെയാണ് നീതി?
ഈ സമൂഹത്തിൽ ഞങ്ങൾ പൗരരല്ലേ?’’

മുത്തങ്ങ സംഭവത്തിൽ അറസ്റ്റിലായ സ്ത്രീകളും കുട്ടികളും / Photo: K.K. Santhosh
മുത്തങ്ങ സംഭവത്തിൽ അറസ്റ്റിലായ സ്ത്രീകളും കുട്ടികളും / Photo: K.K. Santhosh

Comments