2019 ഓഗസ്റ്റ് 8 ന് വൈകിട്ടോടെയായിരുന്നു പുത്തുമലയുടെ നെഞ്ചുപിളർത്തിയ ദുരന്തം സംഭവിക്കുന്നത്. 17 ജീവനുകളാണ് അന്ന് നഷ്ടപ്പെട്ടത്. അതിൽ 5 പേർ ഇന്നും കാണാമറയത്താണ്. അതേ ദിവസം തന്നെയാണ് നിലമ്പൂർ മുണ്ടേരി വനത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴ ഗതിമാറി ഒഴുകിയത്. മുണ്ടേരി വനത്തിനുള്ളിലെ ആദിവാസികളുടെ വീടുകളിലൂടെയാണ് ഇന്ന് ചാലിയാർ ഒഴുകുന്നത്. 4 ഊരുകളിലായി 300 ൽ അധികം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മുണ്ടേരിയെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന ഇരുട്ടുകുത്തി പാലവും അന്ന് ഒലിച്ചു പോയി. ശേഷം റീ ബിൽഡ് കേരളയും സർക്കാരിന്റെ പുനരധിവാസ പദ്ധതികളും വാർത്തകളിൽ നിറഞ്ഞു, എന്നാൽ മുണ്ടേരിയിലെ ആദിവാസികളെ സർക്കാർ കണ്ടതേയില്ല.
ചാലിയാർ പുഴ പിന്നെയും ഒഴുകി...
അഞ്ച് വർഷങ്ങൾക്കിപ്പുറവും പുനരധിവാസം മുണ്ടേരിയെ തേടി എത്തിയതേയില്ല...
എന്ത് കൊണ്ടാണ് ആദിവാസി പുനരധിവാസം ഇടതുസർക്കാരിന്റെ അജണ്ടയിൽ വരാത്തത് ?
സർക്കാരിന് മുണ്ടേരിയിലൊരു പാലം പണിയാൻ ഇതു വരെയും കഴിയാതിരുന്നത് എന്ത് കൊണ്ടാകും ?
2019 ൽ നഷ്ടപ്പെട്ട സർക്കാരിനും മുണ്ടേരിക്കുമിടയിലെ പാലം രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ടതുണ്ട്.