നിരവധി വികസന പദ്ധതികളും അതിന്റെ അടിസ്ഥാനത്തിൽ ഏറെ പണവും ഒഴുകുന്ന മേഖലയാണ് "ആദിവാസിമേഖലാവികസനം". ഈ വികസന അതിപ്രസരങ്ങൾക്കിടയിലും മാറ്റമില്ലാതെ തുടരുകയാണ് ആദിവാസി ജീവിതം. കേരളത്തിലെ ഏത് ആദിവാസി ഊരുകളിൽ ചെന്നാലും ഈ വികസനപ്രവർത്തനങ്ങളും അതിനായി ഒഴുക്കിയ പണവും എങ്ങോട്ടുപോയി എന്ന് ചോദ്യമുയരും. നിരവധി കമ്മിറ്റികൾ, കമ്മീഷനുകൾ, വകുപ്പുകൾ, പ്രമോട്ടർമാർ തുടങ്ങി വലിയൊരു കാര്യനിർവഹക ശൃംഖല (administrative chain) തന്നെ ആദിവാസി മേഖലകളിലേക്കായി നിലകൊള്ളുന്നുണ്ട്. എന്നിരുന്നാലും, അവർ നേരിടുന്ന ചൂഷണങ്ങൾക്കോ പിന്നാക്കാവസ്ഥക്കോ കാര്യമായ ഒരു കുറവും സംഭവിക്കുന്നില്ല.
നിരവധി ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നതായി മനസ്സിലാക്കാം. അടിസ്ഥാനപരമായി, ഈ വികസന സമീപനങ്ങളിലൊന്നും ആദിവാസി ജനസമൂഹങ്ങൾക്കിടയിലെ "സാമൂഹ്യ അടരുകളെ" (social strata) മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകമായി പ്രവർത്തിക്കുന്ന ജാതിയുടെ സ്വാധീനം ആദിവാസി ജനസമൂഹങ്ങൾക്കിടയിലും ശക്തമാണ്. പലവിധത്തിലുള്ള സാമൂഹ്യവും ചരിത്രപരവുമായ ഘടകങ്ങൾ ഈ സാമൂഹ്യ അടരിനെ സൃഷ്ടിക്കുന്നതിലും നിലനിർത്തുന്നതിലും പങ്കുവഹിക്കുന്നുണ്ട്. ഈയൊരു യാഥാർത്ഥ്യത്തെ ഭരണകൂട സ്ഥാപനങ്ങളൊന്നും കാര്യമായ പ്രാധാന്യത്തോടെ എടുത്തില്ല എന്നത് പ്രധാന വിമർശനമാണ്. സാമൂഹ്യ- സാമ്പത്തിക വിതരണങ്ങളിൽ ഈ സാമൂഹ്യ അടരുകൾ കടുത്ത അസമത്വം സൃഷ്ടിച്ചതായി കാണാം.
വിദ്യാഭ്യാസമേഖല, സർക്കാർ- അർദ്ധസർക്കാർ തൊഴിൽ മേഖലകൾ, ഭരണമേഖല തുടങ്ങിയ സാമൂഹ്യ- രാഷ്ട്രീയ മേഖലകളിൽ പ്രധാനമായും ഈ അടരുകളിലെ മുൻനിരയിലുള്ള വിഭാഗങ്ങളുടെ പങ്കാളിത്തമാണ് കൂടുതലുള്ളത്. സംവരണ നടപടികളിലും ഈ സാമൂഹ്യ അടരുകൾ കാര്യമായ അസമത്വം സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ, സാമൂഹ്യവും ചരിത്രപരവുമായ കാരണങ്ങൾ കൊണ്ട് ഈ അരികുവത്കൃത വിഭാഗത്തിനിടയിലെ സാമൂഹ്യ അടരുകളിൽ മുന്നിലെത്തിയ വിഭാഗങ്ങൾക്ക് വികസനനേട്ടങ്ങൾ കൃത്യമായി ലഭിക്കുകയും താഴെത്തട്ടുകളിലേക്ക് വികസന നേട്ടങ്ങൾ എത്താതിരിക്കുകയും ചെയ്യുന്നു.
അരികുവത്കരിക്കപ്പെട്ട സ്ത്രീസമൂഹത്തെ ശാക്തീകരിക്കുന്നതിലും ഒരു സാമൂഹ്യ ഇടം നിർമ്മിക്കുന്നതിലും കുടുംബശ്രീ നിർണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. മാത്രമല്ല, ആദിവാസി-ദലിത് ജനവിഭാഗങ്ങൾ അടക്കമുള്ള കീഴാള സമൂഹത്തിനിടയിലും ഈ പദ്ധതി നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മറ്റൊരു പ്രധാന പ്രശ്നം, വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ- വിതരണ സ്ഥാപനങ്ങളുടെ താക്കോൽ സ്ഥാനങ്ങളിലെ സവർണ്ണ പുരുഷ സാന്നിധ്യമാണ്. ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന സ്ഥാനങ്ങളെല്ലാം സവർണ്ണ പുരുഷ സമൂഹമാണ് കയ്യാളുന്നത്. ഇവർ ജനപ്രതിനിധികളെയും അവരുടെ രാഷ്ട്രീയ അടിത്തറയേയുംവരെ സ്വാധീനിക്കാൻ പോന്ന സംഘടിത വ്യവസ്ഥിതിയായാണ് പ്രവർത്തിക്കുന്നത്. ഒരേ സമയം പുരുഷൻ, സവർണ്ണൻ എന്നീ രണ്ടു വിധത്തിൽ ഇവിടെ അധീശത്വം ഇടപെടുന്നു. ഇത്തരമൊരു അധികാരകേന്ദ്രം ആദിവാസി ജനവിഭാഗങ്ങളെ പോലെയുള്ള അരികുവത്കൃത ജനസമൂഹങ്ങളെ സമീപിക്കുമ്പോഴുള്ള സ്ഥാനീയമായ (positionality) പ്രശ്നമായി നിലനിൽക്കുന്നു. അധികാരകേന്ദ്രങ്ങളുടെ സമീപനങ്ങളിൽ അതിന്റെ അധീശത്വസ്വഭാവം കൂടികലർന്നിട്ടുണ്ടാകും.

എന്താണ് ഈ ജനവിഭാഗങ്ങളുടെ അതിജീവനത്തിനാവശ്യമായ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ അടിസ്ഥാന ആവശ്യങ്ങൾ എന്ന് മനസ്സിലാക്കുന്നതിൽ ഇത്തരമൊരു വ്യവസ്ഥിതി പരാജയപ്പെടുന്നു. മാത്രമല്ല, അതിനുവേണ്ടി പ്രവർത്തിക്കുന്നതിലും ഈ ഇരട്ടമാന (double coated) അധീശത്വ വ്യവസ്ഥിതിക്ക് കഴിയാതെ വരുന്നു. ഇത് ഇത്തരമൊരു അസമത്വ വ്യവസ്ഥിതിയേയും അതിനാൽ പിന്തുടർന്നുവരുന്ന പിന്നാക്കാവസ്ഥയും നിലനിർത്തുന്നതിന് കാരണമാകുന്നു.
ലോകത്തിനുമുന്നിൽ കേരളം മുന്നോട്ട് വെച്ച മികച്ച വികസന മാതൃകയാണ് കുടുംബശ്രീ മിഷൻ. 1997-98 കാലയളവിൽ തുടങ്ങിയ പദ്ധതി ഇതിനകം നിരവധിയായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനയാത്രയിൽ ഏറെ പ്രധാനപ്പെട്ട ഘടകമായി ഇത് പ്രവർത്തിക്കുന്നു. വിജയകരമായ നിരവധി സംരംഭങ്ങൾ നിലവിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. അരികുവത്കരിക്കപ്പെട്ട സ്ത്രീസമൂഹത്തെ ശാക്തീകരിക്കുന്നതിലും ഒരു സാമൂഹ്യ ഇടം നിർമ്മിക്കുന്നതിലും കുടുംബശ്രീ നിർണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. മാത്രമല്ല, ആദിവാസി-ദലിത് ജനവിഭാഗങ്ങൾ അടക്കമുള്ള കീഴാള സമൂഹത്തിനിടയിലും ഈ പദ്ധതി നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാമൂഹ്യമായും രാഷ്ട്രീയമായും അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് സമൂഹത്തിന്റെ മുൻനിരയിലെത്താനും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ പ്രതിനിധീകരിക്കാനും ഇതുവഴി ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന ട്രൈബൽ കുടുംബശ്രീകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രത്യേക സാമ്പത്തിക പാക്കേജുകൾ, വികസന പദ്ധതികൾ തുടങ്ങിയവ വഴി ട്രൈബൽ കുടുംബശ്രീകൾ ആദിവാസി വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.
ഇത്തരത്തിൽ ഭരണകൂടത്തിനും കീഴാള ജനസമൂഹങ്ങൾക്കുമിടയിലുള്ള എജൻസിയായി കുടുംബശ്രീ പ്രവർത്തിക്കുന്നതായി കാണാം. ആദിവാസി- ദലിത് സമൂഹങ്ങൾ ഒരേസമയം പുരുഷ വർഗ്ഗത്താലും സവർണ്ണ വ്യവസ്ഥിതിയാലും അടിച്ചമർത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ കീഴാള സ്ത്രീസമൂഹത്തിന്റെ (subaltern wimmin society) ശാക്തീകരണമെന്നത് സാമൂഹ്യനീതി കൈവരിക്കുന്നതിലും തുല്യതയിലതിഷ്ഠിതമായ വികസനത്തിനും അനിവാര്യമാണ്.

ആദിവാസി മേഖലകളിലെ കുടുംബശ്രീ ഇടപെടലുകൾ
കേരളത്തിലെ ആദിവാസി മേഖലകളിൽ കുടുംബശ്രീ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അരികുവത്കരിക്കപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിലെ സ്ത്രീസമൂഹത്തെ, സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് കുടുംബശ്രീ പ്രധാന പങ്കുവഹിച്ചു. ഇതുവഴി രാഷ്ട്രീയമായും സാമൂഹ്യമായും സാമ്പത്തികമായുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആദിവാസി ജനവിഭാഗങ്ങൾക്ക് സാധിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ആദിവാസി ജനവിഭാഗങ്ങൾക്ക് നേരിട്ട് ഇടപെടാനും ഭരണപരമായ കാര്യങ്ങളെ കുറിച്ച് അടുത്തറിയാനും ഇതുവഴി കഴിഞ്ഞു. ഇത് ആദിവാസി ജനവിഭാഗങ്ങളെ ഭരണവ്യവസ്ഥിതിയിലേക്കും ജനാധിപത്യ പ്രക്രിയയിലേക്കും ഇടനിലക്കാരില്ലാതെ എത്തിക്കാൻ കാരണമായിട്ടുണ്ട്. പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ, വിവിധ സർക്കാർ പദ്ധതികൾ, വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കുള്ള സർക്കാർ സഹായങ്ങൾ എന്നിവയെ സംബന്ധിച്ച് നേരിട്ടോ സ്വന്തം കമ്മ്യൂണിറ്റി അംഗത്തിനാലോ വഴി അറിയാനും അവ കൃത്യമായി കൈപ്പറ്റാനും ആദിവാസി ജനവിഭാഗങ്ങൾക്ക് സാധിക്കുന്നതിൽ കുടുംബശ്രീക്ക് പ്രധാന പങ്കുണ്ട്.
വിദ്യാഭ്യാസപരമായി വളരെ പുറകിൽ നിൽക്കുന്ന കൊറഗ സമുദായത്തിൽ കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ കാര്യമായ മാറ്റം വന്നിട്ടുള്ളതായി മനസ്സിലാക്കാൻ സാധിക്കും. ആനിമേറ്റർമാർ ഉൾപ്പടെ നിരവധി പേരാണ് തുല്യത പരീക്ഷയിലൂടെ മുടങ്ങിയ വിദ്യാഭ്യാസം പൂർത്തീകരിച്ചിട്ടുള്ളത്.
കുടുംബശ്രീക്ക് എല്ലാ ഊരുകളിലേക്കും ആനിമേറ്റർമാരുണ്ട്. എല്ലാ ആദിവാസി വിഭാഗങ്ങൾക്കും അവരുടെ ആവശ്യങ്ങൾ അന്വേഷിക്കാനും അവ നേടിക്കൊടുക്കാനും സ്വന്തം കമ്മ്യൂണിറ്റിയിൽനിന്നുതന്നെ ഒരു പ്രതിനിധിയെ ഇതുവഴി ലഭിക്കുന്നു. ഈ സാഹചര്യത്തിൽ തുടക്കത്തിൽ സൂചിപ്പിച്ച സാമൂഹ്യ അടരുകളുമായി ബന്ധപ്പെട്ട പ്രശ്നം ബാധിക്കുന്നില്ല. ട്രൈബൽ ഡിപ്പാർട്ട്മെന്റിനുകീഴിൽ എല്ലാ ഊരുകളിലേക്കും പ്രമോട്ടർമാരുടെ സേവനമുണ്ട്. പക്ഷേ, ഈ പ്രമോട്ടർമാരിൽ ഭൂരിപക്ഷവും മേലടരുകളിൽ (upper layer) ഉൾപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽന്നുള്ളവരാണ്. ഇതിൽ ഒരു മേൽസ്ഥാനീയ വീക്ഷണം (upper-positionality) എപ്പോഴും നിലനിൽക്കുന്നുണ്ട്. ജാതിവ്യവസ്ഥിതിയിൽ അധിഷ്ഠിതമായ ഇന്ത്യൻ സാമൂഹ്യ പശ്ചാത്തലത്തിൽ ഇത് സ്വാഭാവികമാണ്. എന്നാൽ ആനിമേറ്റർമാർ ഓരോ കമ്മ്യൂണിയെയും പ്രതിനിധീകരിക്കുന്നവരായതിനാൽ ആ കമ്മ്യൂണിറ്റിയുടെ സാമൂഹ്യ- സാംസ്കാരിക പശ്ചാത്തലങ്ങളെ പരിഗണിക്കാനും അവരുടെ ആവശ്യങ്ങളെ കാര്യമായി മനസ്സിലാക്കിയെടുക്കാനും സാധിക്കുന്നുണ്ട്. ഭാഷാപരമായും മറ്റ് സാമൂഹ്യ സാംസ്കാരിക പ്രത്യേകതകൾ കൊണ്ടും വ്യത്യസ്തമായ ആദിവാസി ജനവിഭാഗത്തിനിടയിൽ ഇത് വളരെ പ്രധാനപ്പെട്ടതാണ്. ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന ട്രൈബൽ കുടുംബശ്രീകൾ ഇവിടെ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രത്യേക സാമ്പത്തിക പാക്കേജുകൾ, വികസന പദ്ധതികൾ തുടങ്ങിയവ വഴി ട്രൈബൽ കുടുംബശ്രീകൾ ആദിവാസി വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.

ആദിവാസി മേഖലകളിൽ
കുടുംബശ്രീസ്വാധീനം: നേരനുഭവം
ആദിവാസി ജനവിഭാഗങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ ആദിവാസി ഊരുകളിൽ പ്രവർത്തിച്ചുവരികയാണ്. കൊറഗ, മാവിലൻ ആദിവാസി ജനവിഭാഗങ്ങളുടെ ഊരുകളാണ് പ്രധാനമായും സന്ദർശിക്കുന്നത്. ഫീൽഡ് സന്ദർശനത്തിന് ഊരുകളിലെ ആനിമേറ്റർമാരുടെയും പ്രമോട്ടർമാരുടെയും കൂടെയാണ് പോകാറ്. ഈ അവസരത്തിലാണ് ആദിവാസി മേഖലകളിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ കുടുംബശ്രീയുടെ സ്വാധീനം ശ്രദ്ധിക്കാൻ തുടങ്ങുന്നത്. അങ്ങനെയാണ് കുടുംബശ്രീയുടെ, പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്ന, വിവിധ മീറ്റിങ്ങുകൾ, പ്രോഗ്രാമുകൾ എന്നിവയിൽ പങ്കെടുക്കാനും അംഗങ്ങളുമായി കൂടുതൽ ഇടപഴകാനും ശ്രമിച്ചുതുടങ്ങിയത്.
തുടക്കത്തിൽ ബദിയെടുക്ക, എൻമകജെ, കുമ്പള, മഞ്ചേശ്വരം, വോർക്കാടി പഞ്ചായത്തുകളിലെ കൊറഗ ഊരുകളെ അടിസ്ഥാനമാക്കിയാണ് വിവരശേഖരണം നടത്തിയത്. മറ്റ് ആദിവാസി വിഭാഗങ്ങളിൽ ഉൾപ്പെട്ട പ്രൊമോട്ടർമാരേക്കാൾ ഇടപഴകാനും ആവശ്യങ്ങൾ പറയാനും ആനിമേറ്റർമാരെയാണ് ആളുകൾ കൂടുതൽ പരിഗണിക്കുന്നത്. മാത്രമല്ല, വിദ്യാഭ്യാസപരമായി വളരെ പുറകിൽ നിൽക്കുന്ന കൊറഗ സമുദായത്തിൽ കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ കാര്യമായ മാറ്റം വന്നിട്ടുള്ളതായി മനസ്സിലാക്കാൻ സാധിക്കും. ആനിമേറ്റർമാർ ഉൾപ്പടെ നിരവധി പേരാണ് തുല്യത പരീക്ഷയിലൂടെ മുടങ്ങിയ വിദ്യാഭ്യാസം പൂർത്തീകരിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും സേവനങ്ങളും അടുത്തറിയാൻ സാധിച്ചത് ഇതിന് കാരണമായതായി മനസ്സിലാക്കാൻ സാധിച്ചു. മാത്രമല്ല, ആദിവാസിയേതര സമൂഹങ്ങളും ആദിവാസി സമൂഹത്തിലെ തന്നെ മേലടരുകളിലെ വിഭാഗങ്ങളും വിദ്യാഭ്യാസത്തിൽ ഏറെ മുന്നോട്ട് പോയതും അതിന്റെ ഫലങ്ങളും കൊറഗ ആദിവാസി ജനസമൂഹത്തിലെ ഒരു വിഭാഗത്തെ കാര്യമായി പ്രചോദിപ്പിച്ചതായി മനസ്സിലാക്കാൻ സാധിച്ചു. ഇതിന് കുടുംബശ്രീ ഇടപെടലുകൾ കാര്യമായി സ്വാധീനിച്ചു. കുടുംബശ്രീ പ്രവർത്തകർക്കും ആനിമേറ്റർമാർക്കും ലഭിക്കുന്ന വിവിധ പരിശീലനങ്ങളും പരിപാടികളും ആളുകളിൽ സമൂഹത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കാനുള്ള ആത്മധൈര്യവും ഉത്സാഹവും നൽകുന്നുണ്ട്.
കുടുംബശ്രീ പ്രവർത്തനങ്ങൾ ഇനിയും സ്വതന്ത്രമാകേണ്ടതുണ്ട്. സവർണ്ണ- പുരുഷ മേൽനോട്ടത്തിൽ ഒതുങ്ങി നിൽക്കാതെ സ്വതന്ത്രമാകുകയും, പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
ബദിയടുക്ക പഞ്ചായത്തിലെ ഒരു ഊരിൽ കൊറഗ ആദിവാസി വിഭാഗത്തിലെ ലക്ഷ്മി (45 വയസ്സ് പ്രായം, പേര് യാഥാർത്ഥ്യമല്ല) അവരുടെ അനുഭവം വിവരിച്ചത് ഇങ്ങനെയാണ്: “ഞാന് ആര് വന്നെങ്കിലും ബാദില് അട്ച്ചിട്ട് ഉള്ളിലിര്ക്കും. ഞാന് പൊറത്ത് വന്നിട്ട് നോക്കില്ല. ഞാന് സംസാരിക്കില്ല... പിന്നെ എന്തെങ്കിം മീറ്റിങ്ങിന് പോകണ്ട ഒന്നിനും പോകില്ല ഞാന്. എന്തുഅറിയില്ല... ഇപ്പൊ കൊർച്ച് കൊർച്ച് അറിയും... മലയാളം അറിയില്ല... കുടുംബശ്രീല് ബന്നിട്ട് ഞാന് ഇങ്ങനെ എല്ലാരോടും മിണ്ടനൊക്കെ തൊടങ്ങിത്... എല്ലാട്ത്തും പോകും ഇപ്പൊ ഞാന്”, “... ഞാന് പഠിച്ചത് ഏള് വരെ പഠിച്ചത്... മൂന്ന് കൊല്ലം ഫയിലായി… പിന്നെ കുടുംബശ്രീക്ക് ബന്നിട്ട് പഠിക്കണം തോന്നിയത്... അങ്ങനെ പ്ലസ്ടു വരെ പഠിച്ച്. ഡിഗ്രി പഠിക്കണം തോന്ന്ണ്ട്...”
ലക്ഷ്മിയുടെ ഈ പ്രതികരണങ്ങളിൽനിന്നും കുടുംബശ്രീ അവരിലുണ്ടാക്കിയ മാറ്റം എത്രത്തോളമാണെന്ന് മനസ്സിലാക്കാം. ഇങ്ങനെ നിരവധി ആളുകളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്.
കോടോം- ബേലൂർ പഞ്ചായത്തിലെ മാവിലൻ ആദിവാസി ഊരുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നത്. നിരവധി മാതൃകാ പ്രവർത്തികൾ കോടോം- ബേലൂർ സി. ഡി എസിന് കീഴിലുള്ള കുടുംബശ്രീയിൽ കാണാൻ സാധിച്ചു. അതിൽ പ്രധാനമായി ശ്രദ്ധിച്ച ഒരു പ്രവർത്തനം ബാലസഭയുടേതാണ്. ആനിമേറ്റർമാരായ രാധിക, അനു എന്നിവരോടൊപ്പം ഫീൽഡ് വിസിറ്റിന്റെ ഭാഗമായി കോടോം- ബേലൂർ പഞ്ചായത്തിലെ കോട്ടപ്പാറ ഊരിലേക്ക് പോകാൻ അവസരമുണ്ടായി. അന്ന് അവിടെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ബാലസഭയിൽ പങ്കെടുക്കാനും കുട്ടികളുമായി ഇടപഴകാനും സാധിച്ചു. വളരെ മികച്ച രീതിയിലാണ് അവിടെ പ്രവർത്തനങ്ങൾ നടക്കുന്നത്. കുട്ടികൾക്കിടയിൽ വിദ്യാഭ്യാസപരമായ താത്പര്യം സൃഷ്ടിക്കാൻ തക്ക പരിപാടികളും സഹായങ്ങളും ഇവിടെ നൽകുന്നുണ്ട്. നിരവധി ഭാഗങ്ങളിൽ ഇത്തരം ബാലസഭകളും അനുബന്ധപ്രവർത്തനങ്ങളും നടക്കുന്നതായി അറിഞ്ഞു. പൊതുവേ വിദ്യാഭ്യാസ മേഖലകളിലെ കൊഴിഞ്ഞുപോക്ക് കൂടുതലുള്ള ആദിവാസി മേഖലകളിലെ ഇത്തരം പ്രവർത്തനങ്ങൾ വളർന്നുവരുന്ന ഒരു തലമുറയിൽ കാര്യമായ സ്വാധീനമുണ്ടാക്കുമെന്നത് തീർച്ചയാണ്. കൂടാതെ, ആദിവാസി മേഖലകളിലെ അയൽക്കൂട്ട മീറ്റിങ്ങുകളിലും സന്ദർശനം നടത്താൻ സാധിച്ചു. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള കാര്യമായ ചർച്ചകളും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ആസൂത്രണങ്ങളും അവിടങ്ങളിൽ പ്രാധാന്യത്തോടെ തന്നെ നടക്കുന്നതായി കാണാൻ സാധിച്ചു. ഇത് സാമ്പത്തിക കാര്യങ്ങളിലുള്ള കാര്യക്ഷമതയ്ക്കും നേതൃപാടവം സൃഷ്ടിക്കുന്നതിനും പ്രധാന പങ്കുവഹിക്കുന്നു. അരികുവത്കരിക്കപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിലെ സ്ത്രീകൾക്ക് സ്വയംപര്യാപ്തതയോടെ നിലനിൽക്കാനും തങ്ങളുടെ സമൂഹത്തെ മുന്നോട്ട് നയിക്കാനും ഇതുവഴി സാധിക്കുന്നു.

അരികുവത്കൃത സമൂഹങ്ങളുടെ ഉന്നമനം സ്ത്രീകളിലൂടെ
ഫീൽഡ് സന്ദർശനത്തിന്റെ ഭാഗമായി പോയ എല്ലാ ഊരുകളിലും കുടുംബശ്രീ ആനിമേറ്റർമാരും ആളുകളും തമ്മിൽ കാര്യമായ അടുപ്പം നിലനിൽക്കുന്നുണ്ട്. പ്രൊമോട്ടർമാരോട് ഒരു ഉദ്യോഗസ്ഥബന്ധം വെച്ചുപുലർത്തുമ്പോൾ കുടുംബശ്രീ ആനിമേറ്റർമാരോട് വളരെ അടുത്ത വ്യക്തിബന്ധം പ്രകടിപ്പിക്കുന്നുണ്ട്. വ്യത്യസ്ത സാമൂഹ്യ- സാംസ്കാരിക അടരുകളുള്ള ആദിവാസി ജനവിഭാഗങ്ങളെ “പട്ടിക വർഗ്ഗം” എന്ന ഏകശിലാത്മകമായ ഒന്നായി കാണുന്നതിലൂടെ ആളുകളുടെ യഥാർഥ പ്രശ്നങ്ങളെ തിരിച്ചറിയാൻ കഴിയാതെവരും. ഇതുവഴി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളും വിഭവങ്ങളും പാഴാകുന്നു.
കുടുംബശ്രീയുടെ സ്വാധീനത്താൽ ഉണ്ടായ മാറ്റങ്ങൾക്ക് നിരവധി ഉദാഹരണങ്ങൾ ഇനിയും കാണാൻ സാധിക്കും. ഒരു തരത്തിൽ ഇതൊരു വിമോചനാത്മകമായ പ്രവർത്തനം കൂടിയാണ്. മേലാള- പുരുഷ മേധാവിത്വ വ്യവസ്ഥിതിയിൽനിന്ന് കീഴാള- സ്ത്രീ സമൂഹം വിമോചനം നേടുന്ന പ്രക്രിയ. വികസനത്തിന്റെ നീതിപൂർവ്വമായ വിതരണത്തിന് സമൂഹം അരികുവത്കരിച്ച സ്ത്രീനേതൃത്വം ഒരു മികച്ച ബദലാണ്. എങ്കിലും, സവർണ്ണ-പുരുഷ രൂപകൽപ്പനയിൽ സ്ത്രീകളുടേതെന്ന് സമൂഹം നിർദ്ദേശിക്കുന്ന ചില സേവനങ്ങളിൽ മാത്രം കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ തളച്ചിടപ്പെടുന്നു എന്ന വിമർശനം ഇതോടൊപ്പം പങ്കുവെക്കേണ്ടതുണ്ട്. കുടുംബശ്രീ പ്രവർത്തനങ്ങൾ ഇനിയും സ്വതന്ത്രമാകേണ്ടതുണ്ട്. സവർണ്ണ- പുരുഷ മേൽനോട്ടത്തിൽ ഒതുങ്ങി നിൽക്കാതെ സ്വതന്ത്രമാകുകയും, പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. കീഴാള വിമോചനത്തിന് മികച്ച ബദലാകാൻ സ്ത്രീനേതൃത്വത്തിന് കഴിയും.




