അഞ്ചു വർഷത്തിനുള്ളിൽ മുഴുവൻ ആദിവാസികൾക്കും ഭൂമി: കെ. രാധാകൃഷ്ണൻ

Think

ടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി നൽകുമെന്ന് പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. എല്ലാവരേയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്നതാണ് സർക്കാർ നിലപാടെന്ന് ട്രൂ കോപി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായി നടത്തിയ അഭിമുഖത്തിൽ രാധാകൃഷ്ണൻ വ്യക്തമാക്കി.

""ഭൂമിയുടെ ഉടമകളായി മാറുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരേയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്നതാണ് സർക്കാർ നിലപാട്. അടുത്ത അഞ്ചു വർഷങ്ങൾ കൊണ്ട് അവശേഷിക്കുന്ന ആദിവാസികൾക്കും ഭൂമി നൽകും.''

അതേസമയം പട്ടികജാതി വിഭാഗക്കാർക്ക് മുഴുവൻ വിതരണം ചെയ്യാൻ പര്യാപ്തമായ ഭൂമിയില്ലെങ്കിലും, അവർക്ക് വീടുവെക്കാനും അതിനുള്ള ഭൂമി കണ്ടെത്താനും ഉള്ള ശ്രമങ്ങൾ സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.

ആദിവാസികളുടെ ഭൂവിതരണത്തിനുള്ള നിയമം പ്രാബല്യത്തിലുണ്ടായിട്ടും അത് ശരിയായ രീതിയിൽ നടപ്പിൽ വരുത്താൻ സാധിച്ചിരുന്നില്ല. ഭൂവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന ഒരു അന്തരീക്ഷം നിലവിലുണ്ടെന്നും, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ സമയത്തു തന്നെ ഇതുമായി ബന്ധപ്പെട്ട അനുകൂല നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

""ഒരോ ആദിവാസി കുടുംബത്തിനും എത്രയാണോ ഭൂമി നഷ്ടപ്പെട്ടത് അത്രയും ഭൂമി പകരം കൊടുക്കുക. ഒട്ടും ഭൂമിയില്ലാത്ത ആദിവാസി കുടുംബത്തിനും ഒരേക്കർ സ്ഥലം കൊടുക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണ പ്രതിപക്ഷ സഹകരണത്തോടെ 1996 ൽ ട്രെെബൽ ലാൻഡ് ആക്ട് ഭേദഗതി ചെയ്തത്. എന്നാലത് പ്രോപർ ആയി ഇംപ്ലിമെന്റ് ചെയ്യാൻ നമുക്ക് കഴിഞ്ഞില്ല. ഇപ്പോൾ ആ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള അന്തരീക്ഷം വന്നിട്ടുണ്ട്.''

ഭൂമിയുടെയും വീടിന്റേയും പ്രശ്‌നത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.


Comments