photo: Shafeeq Thamarassery

ഒടുവിൽ ഭരണകൂടം ഗോത്രജനതയ്​ക്ക്​
​പതിച്ചുനൽകി; ഒരു ‘ജാതി’

സ്വന്തം ‘ജാതി’ തിരിച്ചുകിട്ടാൻ സമരം ചെയ്യുന്ന ജനത- 3

ജാതിയുടെയും സംവരണത്തിന്റെയും പ്രശ്നം ഗ്രാമക്കാർ ഉയർത്തുമ്പോൾമാത്രം ഇവർ പരിഷ്‌കൃതരും ഉന്നത കുലജാതരുമാവുകയും ഗോത്രരീതികളെ വിലയിരുത്തുമ്പോൾ ആദിവാസികളെന്ന് വിളിക്കുകയും ചെയ്യുന്ന വൈരുധ്യം മാധ്യമങ്ങളും സർക്കാർവക അക്കാദമിക് സമൂഹവും പുലർത്തുന്നു.

പിള്ളയായി മാറിയ മലവേടന്മാർ

ജാതിക്കുവേണ്ടി സമരം നടത്തുന്ന ജനതക്കുമുമ്പിൽ നരവംശ ശാസ്ത്രജ്ഞരും വില്ലേജ്- താലൂക്ക് അധികൃതരും ആദ്യമുതൽ തന്നെ പോംവഴി നിർദ്ദേശിച്ചിരുന്നു. വെള്ളാളർ എന്ന ജാതി അനുവദിച്ചുതരാമെന്നായിരുന്നു അത്.

ഇത് രണ്ടുതരം തന്ത്രങ്ങളുടെ ഭാഗമാണ്.
ഒന്ന്, പട്ടികവർഗത്തിൽനിന്ന് ഗോത്രജനതയെ പുറത്താക്കുക.
രണ്ട്, ഗോത്രസ്മരണകളുടെ ഭൂതകാലം മായ്ച്ചുകളയുക.
വെള്ളാളർ എന്ന വർത്തമാനത്തിൽനിന്ന് ഭാവിയിലേക്ക് നീട്ടിയെടുക്കാവുന്ന സമീപസ്തമായൊരു ഭൂതകാലം ഗ്രാമക്കാരിൽ നിക്ഷേപിക്കുക.
അതിനായി ഗ്രാമക്കാർ തമിഴ്നാട്ടിൽനിന്ന് കുടിയേറിവന്ന വെള്ളാള പിള്ളമാർ എന്ന ഉയർന്ന ജാതിക്കാരാണെന്ന് റവന്യു അധികൃതർ കണ്ടെത്തി. ഇതിനെ ന്യായീകരിക്കാൻ ചില ചരിത്രരേഖകളും അധികൃതർ ഹാജരാക്കി. മറയൂർ വില്ലേജിലെ പഴയ ചില വസ്തു പ്രമാണങ്ങൾ പ്രകാരം പല ഗ്രാമക്കാരുടെയും പേരിനൊപ്പം ‘പിള്ള' എന്നു കാണുന്നുണ്ട്. അത് അവരുടെ ജാതിനിലയെ സൂചിപ്പിക്കുന്നതാണെന്ന് അവർ വാദിക്കുന്നു. എന്നാൽ ഗ്രാമത്തിലെ പഴയ തലമുറയുടെ മങ്ങിത്തുടങ്ങിയ ഓർമകൾ ഈ ചരിത്രരേഖകളെ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്.

photo: Shafeeq Thamarassery
photo: Shafeeq Thamarassery

തിരുവിതാംകൂർ ഭരണകാലത്ത് കരം പിരിക്കുന്നതിനും മറ്റുമായി വന്നിരുന്ന ഉദ്യോഗസ്ഥർ ഉയർന്ന ജാതിയിൽ പെട്ടവരായിരുന്നു. ഗ്രാമക്കാരിൽ മുതിർന്ന ഒരാളുടെ ഓർമ ഇങ്ങനെ: ‘‘അന്നത്തെ മറയൂർ വില്ലേജ് ഓഫീസർ നമ്പൂതിരിയോ നായരോ പോലുള്ള ഉയർന്ന ജാതിയായിരുന്നു. മറയൂരിലൊക്കെ അന്ന് ഞങ്ങടെ ആൾക്കാർ മാത്രമേയുള്ളൂ. ജാതിയിൽ കുറഞ്ഞവരായതുകൊണ്ട് ഞങ്ങളിൽനിന്ന് വെള്ളംപോലും കുടിക്കാൻ പറ്റത്തില്ല. അങ്ങനെ വന്നപ്പോൾ ഞങ്ങടെ കൂട്ടത്തിലെ പ്രമാണിമാരായ രണ്ടുമൂന്നുപേരേ വിളിച്ച് വലിയ ജാതിയാക്കി പിള്ളേന്ന്​ വിളിച്ചു. അങ്ങനെ ‘പിള്ള' ഒരു ശീലമായി. അവരെല്ലാം വില്ലേജാൾക്കാര്ടെ അടുത്ത ആൾക്കാരായി. യഥാർത്ഥത്തിൽ അവരെല്ലാം മലവേടൻമാരായിരുന്നു. നമ്പൂതിരിക്ക് വെള്ളം കുടിക്കാനായിട്ടാണ് മലവേടര്ടെ ജാതി മാറ്റീത്.''

അക്കാലത്ത് നിലനിന്നിരുന്ന ജാതിവ്യവസ്ഥയിലധിഷ്ഠിതമായ സാമൂഹ്യ സാഹചര്യം മുൻനിർത്തുമ്പോൾ ഈ ഓർമക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്.
ദേശീയചരിത്രങ്ങളുടെ സമ്പൂർണത കൈവരിക്കാൻ ഇത്തരം ഓർമകൾക്കോ അതുൽപ്പാദിപ്പിക്കുന്ന ചരിത്രങ്ങൾക്കോ കഴിയില്ല. അവരുടെ ചരിത്രം മിക്കപ്പോഴും ചിതറിയതും ഭാഗികവും ഒരു പരിധിവരെ പൊരുത്തക്കേടുകളുള്ളതുമായിരിക്കും. ഈ പൊരുത്തമില്ലായ്മയുടെ പഴുതുകളെ വലിച്ചുനീട്ടി ചരിത്രമില്ലാത്തവരും ഭൂതകാലമില്ലാത്തവരുമാക്കി കീഴാളരെ മാറ്റിപ്പണിയുകയാണ് ഔദ്യോഗിക നരവംശ/ചരിത്ര പഠനങ്ങൾ ചെയ്യുന്നത്. അഞ്ചുനാട്ടിലെ ഗ്രാമക്കാരുടെ കാര്യത്തിൽ അത് കുറച്ചുകൂടി മുന്നോട്ട് പോകുന്നു. അങ്ങനെയൊരു ജനത ഇവിടെ ഇപ്പോഴില്ല എന്ന് സ്ഥാപിക്കാനാണ് പഠനങ്ങൾ ശ്രമിക്കുന്നത്. ഇപ്പോഴില്ല, എന്ന വാദം അംഗീകരിച്ചാൽ തന്നെ മുമ്പുണ്ടായിരുന്നു, എന്നുവരുന്നു. അങ്ങനെയെങ്കിൽ മുമ്പുണ്ടായിരുന്ന ഇവർ ആരായിരുന്നു? ഹൈറേഞ്ചിലെ മനുഷ്യവംശചരിത്രത്തിൽ ഇവരുടെ സ്ഥാനമെന്തായിരുന്നു? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

ഇടുക്കിയിലെ ഗോത്രവർഗങ്ങളെ കുറിച്ച് പുറത്തുവന്നിട്ടുള്ള സാമൂഹ്യശാസ്ത്ര പഠനങ്ങളിൽ, പ്രത്യേകിച്ച്​ എൺപതുകൾക്കുശേഷം പുറത്തുവന്ന രചനകളിൽ, അഞ്ചുനാടിന്റെ സ്മരണകൾക്ക് ഇടം ലഭിക്കുന്നില്ല.

ഗ്രാമക്കാരെ പുറത്തുനിർത്തുന്ന ആഖ്യാനങ്ങൾ

ഏറെക്കുറെ ശിഥിലവും ക്രമരഹിതവുമായ ജീവിതസന്ദർഭങ്ങളാണ് ഗ്രാമക്കാർ ഓർത്തെടുക്കുന്നത്. ഇത് ചരിത്രമാണോ? അഥവാ ഗ്രാമക്കാർക്കുമുകളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന തെളിവുരേഖകൾ പ്രകാരമുള്ള ഒഴിവാക്കലിനെ മറികടക്കാൻ ഇത്തരം ഓർമകൾക്ക് സാധിക്കുമോ? വ്യവസ്ഥാപിതവും ക്രമബദ്ധവുമായ ചരിത്രം എന്ന സങ്കൽപത്തെ തന്നെയാണ് ഈ ഗോത്രജീവിത ശകലങ്ങൾ വെല്ലുവിളിക്കുന്നത്. അതേസമയം, തിരസ്‌കാരത്തിന്റെ വ്യവഹാരങ്ങൾ ഏറെക്കുറെ ഒരേനിലയിൽ പ്രവർത്തിക്കുന്നതും കാണാം. ഭരണകൂട/ഉദ്യോഗസ്ഥ വ്യവഹാരങ്ങളുടെ യുക്തി, വ്യവസ്ഥാപിത ചരിത്ര- മാധ്യമ പഠനങ്ങളും ആന്തരവൽക്കരിക്കുന്നു. ഒരുതരം കുറ്റകരമായ മൗനത്തിലൂടെ ചരിത്രത്തിൽനിന്ന്​ഗോത്രജീവിതാനുഭവങ്ങളെ പുറന്തള്ളുന്ന അവസ്ഥ. ദേശീയതയുടെ വ്യവഹാരങ്ങൾ അപരത്വങ്ങളെ നിർമിച്ചുകൊണ്ടാണ്, സ്വയം സാധൂകരിക്കുന്നത്. അതിന്റെ സ്മരണകളിൽ വലിയ മറവികളുണ്ട്. ഓരോ പാരമ്പര്യത്തിന്റെ പ്രതിഷ്ഠാപനത്തിലും മറ്റ് ചെറുപാരമ്പര്യങ്ങളുടെ പുറന്തള്ളലുകളുണ്ട്.

ഇടുക്കിയിലെ ഗോത്രവർഗങ്ങളെ കുറിച്ച് പുറത്തുവന്നിട്ടുള്ള സാമൂഹ്യശാസ്ത്ര പഠനങ്ങളിൽ, പ്രത്യേകിച്ച്​ എൺപതുകൾക്കുശേഷം പുറത്തുവന്ന രചനകളിൽ, അഞ്ചുനാടിന്റെ സ്മരണകൾക്ക് ഇടം ലഭിക്കുന്നില്ല. വി.ബി. രാജനും കാഞ്ചിയാർ രാജനും ചേർന്ന് എഡിറ്റുചെയ്ത ‘ഇടുക്കിയിലെ ഗോത്രകലകളും സംസ്‌കാരവും' എന്ന പുസ്തകം ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ ഗോത്ര സംസ്‌കാരങ്ങളെക്കുറിച്ച് നടത്തിയ പഠനവും ശേഖരണവുമാണ്. ഇതിൽ അഞ്ചുനാട്ടിലെ ആദിമ നിവാസികളായ ഗ്രാമക്കാരെക്കുറിച്ച് പരാമർശമില്ല. അവർ ഗോത്രഗണത്തിൽ ഉൾപ്പെടുന്നില്ല എന്ന ധാരണയാവാം ഇതിനടിസ്ഥാനം. മനോജ് മാതിരപ്പള്ളിയുടെ ‘ഇടുക്കി ചരിത്രവും ചരിത്രാതീതവും'എന്ന ഗ്രന്ഥം ഇടുക്കിയുടെ വിശേഷിച്ച്, ഹൈറേഞ്ചിന്റെ ചരിത്രാതീതത്തിൽനിന്ന്​ ചരിത്രത്തിലേക്കുള്ള സഞ്ചാരമാണ്. അഞ്ചുനാടിന്റെ സാംസ്‌കാരിക ചരിത്രം ഈ പഠനത്തിലും പരാമർശിക്കപ്പെടുന്നില്ല. ഇടുക്കിയുടെ ചരിത്രാതീതത്തിൽ നിന്ന് ആധുനിക കാർഷിക കുടിയേറ്റവും കുടിയിറക്കവും പഠനവിധേയമാക്കുന്ന രചനയാണ് കെ.ടി. രാജീവിന്റെ ‘സഹ്യാദ്രിയിൽനിന്ന് മടക്കയാത്ര: ഇടുക്കി മണ്ണും മനുഷ്യരും'. സഹ്യാദ്രിയുടെ രാജകീയ ഭൂതകാലങ്ങളെക്കുറിച്ചും ഹൈറേഞ്ചിലെ ഗോത്രവർഗങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഗ്രന്ഥം അധിനിവേശ-അധിനിവേശാനന്തര സഹ്യാദ്രിയുടെ സാമൂഹ്യജീവിതം നിർദ്ധാരണം ചെയ്യുന്നുണ്ട്. ഇവിടെയും അഞ്ചുനാടിന്റെ ഗോത്രപാരമ്പര്യം വേണ്ടത്ര പരിശോധിക്കപ്പെടുന്നില്ല.

ഗോത്രത്തിനുപുറത്തും ‘മുഖ്യധാരക്ക്'വെളിയിലുമായി നിദാന്തമായ അപരത്വം അവർക്കുമേൽ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഗോത്രവർഗ അതിജീവനത്തിന്റെ സാംസ്‌കാരിക പാരായണമാണ് കാഞ്ചിയാർ രാജന്റെ ‘അതിജീവനത്തിന്റെ ഗോത്ര പാഠങ്ങൾ'. ഈ പഠനങ്ങളിലെവിടെയും അഞ്ചുനാടിന്റെ സാംസ്‌കാരിക ജീവ ചരിത്രം കടന്നുവരുന്നില്ല. ചന്ദ്രമോഹൻ ഇടുക്കിയുടെ ‘ഗോത്രവാങ്മയങ്ങൾ’ സമാഹരിച്ചപ്പോഴും അഞ്ചുനാട് ഗോത്രജീവിതം പുറത്തുതന്നെ നിന്നു. അവർ ഗോത്രങ്ങളായി കണക്കാക്കപ്പെടുന്നില്ല എന്നതിനാൽ ആദിവാസി സംസ്‌കാര പഠനങ്ങളിലും അഞ്ചുനാട് ഗ്രാമക്കാർ ഉൾപ്പെടുന്നില്ല. ഭരണകൂടവ്യവഹാരവും അറിവധികാരവും സമന്വയിക്കുന്ന ആഖ്യാനങ്ങളിൽ അഞ്ചുനാട് വിസ്മരിക്കപ്പെടുകയോ, ഒഴിവാക്കപ്പെടുകയോ ചെയ്യുന്നു. മൈന ഉമൈബാന്റെ ‘ചന്ദനഗ്രാമം’ അഞ്ചുനാടൻ ഗ്രാമക്കാരുടെ ജീവിതം അടയാളപ്പെടുത്തുന്ന നോവലാണ്. അടയാളപ്പെടുത്തുന്നു എന്നതിലപ്പുറം അവരുടെ ഗോത്ര സ്മൃതികളിലേക്കോ ചരിത്രത്തിലേക്കോ നോവൽ കടന്നുപോകുന്നില്ല. കുടിയേറ്റവും ഗോത്രസംസ്‌കാരങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ നേർത്ത പശ്ചാത്തലവും മാത്രമാണ് നോവലിന്റെ ആഖ്യാനഭൂമിക.

ചരിത്ര, സാമൂഹ്യ രചനകളും നോവൽ ആഖ്യാനങ്ങളും മുഖ്യധാരാ മലയാളി ദൈനംദിന ജീവിതത്തിന്റെ ബോധ്യങ്ങളെയും ചിഹ്നവ്യവസ്ഥകളെയും ആശങ്കകളെയും ആലോചനകളെയുമാണ് ആവിഷ്‌കരിക്കാൻ ശ്രമിച്ചത്. ഈ ചരിത്ര, നോവൽ, വാമൊഴി ആഖ്യാനങ്ങൾ ഭരണകൂടത്തിന്റെ പ്രമാണങ്ങളെയാണ് ആധികാരികരേഖയായി പിൻപറ്റുന്നത്. അങ്ങനെ ഗോത്ര ഇതര സമുദായങ്ങളുടെ ഉൾച്ചേർക്കലും (inclusion) പ്രവർജനവും (exclusion) ഭരണകൂട താല്പര്യത്തിനനുസൃതമായി നിർവഹിക്കപ്പെടുന്നു. ‘സ്വതന്ത്ര' ചരിത്രരചനകളും ആഖ്യാനങ്ങളും പ്രശ്നവൽകരിക്കപ്പെടുന്ന സാമൂഹിക സന്ദർഭമാണിത്.

ഹൈറേഞ്ചിന്റെ ചരിത്രാഖ്യാനങ്ങൾ ഏറെയും പുറത്തുവരുന്നത് 2000ത്തിനുശേഷമാണ്; അഞ്ചുനാട് ഗ്രാമക്കാർക്ക് ജാതി നിഷേധിച്ച് ഏതാണ്ട് ഒന്നര ദശാബ്ദത്തിനുശേഷം. സ്വാഭാവികമായും ഔദ്യോഗിക, അനൗദ്യോഗിക ചരിത്രമെഴുത്തിന്റെ വൈരുധ്യം ഈ രചനകളെയും സ്വാധീനിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ചരിത്രമെഴുത്തിന് ചൂഴ്ന്നുനിന്ന രണ്ട് ബോധങ്ങളെപ്പറ്റി രണജിത്​ ഗുഹ പറയുന്നു. അധിനിവേശ, ബൂർഷ്വാ വരേണ്യവാദങ്ങൾ ചരിത്രത്തെ ഏതുവിധം രേഖപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്: കൊളോണിയൽ ഭരണാധികാരികളും ഇന്ത്യൻ സമൂഹത്തിലെ പ്രബല വിഭാഗമായ വരേണ്യരും തമ്മിലുള്ള പരസ്പരബന്ധങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഴുവൻ ചരിത്രവുമുണ്ടെന്ന മിഥ്യാവിശ്വാസം ചരിത്രമെഴുത്തിലേക്ക് വ്യാപിക്കുമ്പോൾ അത്തരം ചരിത്രങ്ങളിൽനിന്ന് നിഷ്‌കാസിതരാവുന്നത് സാധാരണ ജനങ്ങളാണ് (Ranajith Guha, 1982: 1-8).

കിർത്താഡ്സ്- ഗോത്ര കൂടിക്കാഴ്ചയുടെ സന്ദർഭം നിർണായകമാണ്. ആദ്യകാല നരവംശ ശാസ്ത്ര- എത്​നോഗ്രാഫിക് ഫോട്ടോഗ്രാഫുകളും പാഠങ്ങളും നിർമിച്ച വാർപ്പുമാതൃകകൾ സ്വാംശീകരിക്കുക മാത്രമല്ല, അധിനിവേശ നരവംശശാസ്ത്രം പരമമായ സത്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുകയാണിവിടെ.

ഹൈറേഞ്ചിന്റെ ചരിത്രധാരണകളിൽ ഈ നിഷ്‌കാസിത മനോഭാവം കലർന്നിരിക്കുന്നു. ചരിത്രത്തിലെ മറവികളെ വർത്തമാനപ്പെടുത്തുകയല്ല, പ്രബല ചരിത്രത്തിന് ഭാഷ്യങ്ങൾ നിർമിക്കുക മാത്രമാണ് നടന്നത്. തെളിവുകൾ കൂടുതൽ ശക്തിയാർജിക്കുകയും മറവികൾ തിരിച്ചുകിട്ടാത്തിവിധം മാഞ്ഞു പോവുകയും ചെയ്യുന്നു എന്നതാണ് ഇതുയർത്തുന്ന സാംസ്‌കാരിക രാഷ്ട്രീയ പ്രതിസന്ധി.

ഹിംസയുടെ രാഷ്ട്രീയ സന്ദർഭം

വട്ടവടയിൽ പൊതുതെളിവെടുപ്പിനെത്തിയ കിർത്താഡ്സ് സംഘത്തിന്റെ തലവൻ ഇങ്ങനെ പറഞ്ഞതായി മലയൻ സേവാസംഘം സർക്കാരിന് നൽകിയ പരാതിയിൽ പറയുന്നു: ‘‘ഒരാളുടെ കണ്ണുകണ്ടാൽ അയാൾ ഇന്ന സമുദായത്തിൽ പെട്ട ആളാണെന്നും ശരീരം മണത്തറിഞ്ഞ് ഏതുവർഗത്തിൽ പെട്ട ആളാണെന്നും എനിക്ക് കണ്ടുപിടിക്കാൻ സാധിക്കും. അതാണ് എന്റെയും എന്റെ മുൻഗാമിയുടെയും ഗവേഷണവും തൊഴിലും. ഞങ്ങൾ നരവംശ ശാസ്ത്രജ്ഞൻമാരാണ്.’’

വട്ടവട / Photo: Tent Village Vattavada Facebook Page
വട്ടവട / Photo: Tent Village Vattavada Facebook Page

‘നിങ്ങളിൽ പലരും കറുത്ത നിറമുള്ളവരല്ല, മുടി നീട്ടിവളർത്തുന്നില്ല, പുൽക്കുടിലിൽ താമസിക്കുന്നില്ല, അർദ്ധനഗ്‌നരായി കാണുന്നില്ല, ഉറക്കെ സംസാരിക്കുന്നു’ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി, ‘ഞങ്ങളാരും പട്ടിക വർഗ്ഗക്കാരാണെന്ന് അവകാശപ്പെടാൻ പാടില്ലെന്ന താക്കീതും തന്നിട്ടുപോയി’ എന്ന് പരാതി തുടരുന്നു.

പല കാലങ്ങളിൽ പല രീതിയിൽ കൂടിക്കലർന്ന സമൂഹങ്ങളെ പഠിക്കുന്നതിന് ഈ രീതിയിലുള്ള സമീപനം തികച്ചും അശാസ്ത്രീയവും കാലഹരണപ്പെട്ടതുമാണെന്ന് സാമൂഹ്യനരവംശശാസ്ത്രം പറയുന്നു. നരവംശ പഠനത്തിന്റെ പിൻബലത്തോടെ ഒരു ജനതയെ കുറ്റവാളികളാക്കുന്ന രീതിയാണ് കിർത്താഡ്‌സ് സ്വീകരിച്ചത്. അത് ആധികാരിക രേഖയാക്കി സർക്കാർ വിധികൽപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ പെടുന്ന ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ അതിജീവനത്തിന്റെ പ്രശ്നം ചർച്ചക്ക് വരുന്നതേയില്ല.

കിർത്താഡ്സ്- ഗോത്ര കൂടിക്കാഴ്ചയുടെ സന്ദർഭം നിർണായകമാണ്. ആദ്യകാല നരവംശ ശാസ്ത്ര- എത്​നോഗ്രാഫിക് ഫോട്ടോഗ്രാഫുകളും പാഠങ്ങളും നിർമിച്ച വാർപ്പുമാതൃകകൾ സ്വാംശീകരിക്കുക മാത്രമല്ല, അധിനിവേശ നരവംശശാസ്ത്രം പരമമായ സത്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുകയാണിവിടെ. അറിവും അധികാരവും വരേണ്യയുക്തിയും സമന്വയിക്കുന്ന സന്ദർഭമായിവേണം ഇതിനെ കണക്കാക്കാൻ. അറിവിന്റെ ഹിംസാത്മക പ്രയോഗം. ഭരണകൂടത്തിന്റെ പ്രമാണ രേഖകളാണ് തലമുറകളായി ചരിത്രരചയിതാക്കളും സാമൂഹ്യശാസ്ത്രജ്ഞരും അടിസ്ഥാനരേഖകളായി പരിഗണിക്കുന്നത്. മറ്റേതു സ്രോതസ്സിനേക്കാളും തികവുള്ളതാണിതെന്ന് അവർ കരുതുന്നു. എന്നാൽ ഇത്തരം പ്രമാണങ്ങൾ; അറിവും സ്രോതസും രൂപപ്പെടാനോ നിർമിക്കപ്പെടാനോ ഇടയായ സാഹചര്യങ്ങളെ വിട്ടുകളയുകയും ചെയ്യുന്നു. അധിനിവേശ നരവംശ- അധീശത്വ, വംശാവലി സംജ്ഞകൾ തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നത്.

ജാതിസർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ നിയോഗിക്കപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെയും മറ്റ് അനുബന്ധ ഉദ്യോഗസ്ഥൻമാരുടെയും പരിശീലനത്തിന്​ കിർത്താഡ്സ് തയ്യാറാക്കിയ കൈപ്പുസ്തകത്തിൽ ഇവരെ ‘പട്ടികജാതി ആനുകൂല്യം തട്ടിയെടുക്കുന്ന അനർഹ സമുദായ'മായാണ് കണക്കാക്കുന്നത്.

മനുഷ്യവർഗത്തെ തൊലി, നിറം, മൂക്ക്, തലയോട്ടി, താടിയെല്ല് എന്നിവയുടെ അളവിന്റെ അടിസ്ഥാനത്തിൽ വർഗീകരിക്കുന്ന അധിനിവേശ നരവംശത്തിന്റെ പദാവലികൾ ‘ആധികാരിക'മായി അടിച്ചേൽപ്പിക്കുന്നതായിരുന്നു കിർത്താഡ്സ് മേധാവിയുടെ പരാമർശങ്ങൾ. പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും കീഴാള ഗോത്രമനുഷ്യർക്കും സ്ഥായിയായ ശരീരചലനങ്ങളും വേഷവിധാനങ്ങളും അഴക് സങ്കൽപ്പങ്ങളും മാത്രമാണുണ്ടായിരിക്കുക എന്നത്​ മുൻവിധിയിൽ അധിഷ്ഠിതമാണ്. റവന്യൂ അധികൃതർ ഇവരെ ‘കള്ളൻ’മാരായി കണക്കാക്കുന്നതിനുപിന്നിൽ ഉദ്യോഗസ്ഥ സംവിധാനത്തിന് നൽകിവരുന്ന പരിശീലനത്തിന് വ്യക്തമായ പങ്കുണ്ട്. ജാതിസർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ നിയോഗിക്കപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെയും മറ്റ് അനുബന്ധ ഉദ്യോഗസ്ഥൻമാരുടെയും പരിശീലനത്തിന്​ കിർത്താഡ്സ് തയ്യാറാക്കിയ കൈപ്പുസ്തകത്തിൽ ഇവരെ ‘പട്ടികജാതി ആനുകൂല്യം തട്ടിയെടുക്കുന്ന അനർഹ സമുദായ'മായാണ് കണക്കാക്കുന്നത്. തെറ്റായി സ്വാംശീകരിക്കപ്പെട്ട ഒരു ജ്ഞാനപദ്ധതി ഭരണനിർവ്വഹണത്തിലേക്ക് വ്യാപിക്കുമ്പോഴുണ്ടാകുന്ന ഹിംസാത്മകമായ സാഹചര്യമാണിത്.
രേഖകളുടെ നശീകരണവും നീക്കം ചെയ്യലും അഭാവങ്ങൾ സൃഷ്ടിക്കലും എന്ന കേവലമായ പ്രവൃത്തി മാത്രമല്ല ഇത്തരം ഹിംസാത്മകമായ ബലതന്ത്രങ്ങൾക്കുള്ളിൽ സംഭവിക്കുന്നത്. സാമൂഹ്യശാസ്ത്രങ്ങൾക്കും ഭരണകൂടങ്ങൾക്കും സ്വീകാര്യമെന്നു കരുതപ്പെടുന്ന രീതയിലും രൂപത്തിലുമുള്ള തെളിവുകളുടെ നിർമ്മിതിയും സമാഹരണവും വ്യാഖ്യാനങ്ങളും സാധ്യമാക്കുകപോലും ചെയ്യുന്നു. എന്നാൽ, ജനതയുടെ ഓർമ മായ്ച്ചു കളയാനാവാത്തവിധം ബാക്കിനിൽക്കുന്നുണ്ടാവും. കിർത്താഡ്സ് ഗോത്ര കൂടിക്കാഴ്ചയുടെ സന്ദർഭം ആ നിലയ്ക്ക് ഗോത്ര ജനതയുടെ ഓർമയിൽ വരഞ്ഞുകിടക്കുന്നു.

മനുഷ്യവർഗത്തെ തൊലി, നിറം, മൂക്ക്, തലയോട്ടി, താടിയെല്ല് എന്നിവയുടെ അളവിന്റെ അടിസ്ഥാനത്തിൽ വർഗീകരിക്കുന്ന അധിനിവേശ നരവംശത്തിന്റെ പദാവലികൾ  ‘ആധികാരിക'മായി അടിച്ചേൽപ്പിക്കുന്നതായിരുന്നു കിർത്താഡ്സ് മേധാവിയുടെ പരാമർശങ്ങൾ. / Photo: K R Sunil
മനുഷ്യവർഗത്തെ തൊലി, നിറം, മൂക്ക്, തലയോട്ടി, താടിയെല്ല് എന്നിവയുടെ അളവിന്റെ അടിസ്ഥാനത്തിൽ വർഗീകരിക്കുന്ന അധിനിവേശ നരവംശത്തിന്റെ പദാവലികൾ ‘ആധികാരിക'മായി അടിച്ചേൽപ്പിക്കുന്നതായിരുന്നു കിർത്താഡ്സ് മേധാവിയുടെ പരാമർശങ്ങൾ. / Photo: K R Sunil

ഭരണകൂട ഭീഷണിയുടെ/ഹിംസയുടെ സന്ദർഭം എന്ന നിലയ്ക്കു കൂടിയാണ് അതനുഭവിച്ച ജനതയുടെ ഓർമകളിൽ ആ സന്ദർഭം പതിഞ്ഞുകിടക്കുന്നത്. ജനതയുടെ കൂട്ടായ സ്മൃതി അത് സംഭവിച്ചുകഴിഞ്ഞയുടനെ നിലവിൽവന്നു കഴിഞ്ഞിട്ടുണ്ടാകും എന്നതിനാൽ ഈ കൂടിക്കാഴ്ചാസന്ദർഭം ഭരണകൂട ഹിംസയെ സംബന്ധിക്കുന്ന ശക്തമായ രാഷ്ട്രീയരേഖ കൂടിയാണ്. ഭാഗികമായെങ്കിലും ഭരണകൂടത്തെയും അതിന്റെ പ്രതിനിധികളെയും അവരുടെ ചരിത്ര നിർമിതികളെയും പ്രതിരോധിക്കാൻ ഈ സന്ദർഭത്തിന് കഴിയുന്നു.

രണ്ട് കിർത്താഡ്സ് പഠനങ്ങളുടെയും കിർത്താഡ്സ് മേധാവികൾ ആധ്യക്ഷ്യം വഹിച്ച വിദഗ്ധസമിതി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഒടുവിൽ അഞ്ചുഗ്രാമങ്ങളിലെ ആദിമവാസികളെ ജാതിയിൽനിന്ന്​ പുറത്താക്കി. വിദഗ്ധസമിതി റിപ്പോർട്ട് അംഗീകരിച്ച്​ 2002 നവംബർ 13 ന് ഇറക്കിയ ഉത്തരവിൽ സർക്കാർ പറയുന്നു: ‘‘പട്ടികവർഗത്തിൽ പെട്ട മലയൻ, മലവേടൻ, മലപ്പണ്ടാരം എന്നീ ജാതികളിൽപ്പെട്ടവരാണെന്ന് അവകാശപ്പെടുന്ന ദേവികുളം താലൂക്കിലെ മറയൂർ, കാന്തല്ലൂർ, കീഴാന്തൂർ, കൊട്ടക്കൊമ്പൂർ, വട്ടവട പ്രദേശങ്ങളിലെ ഗ്രാമക്കാർ ഗോത്രവിഭാഗത്തിൽപെടുന്നവരല്ലെന്നും തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന നോൺ- ട്രൈബൽസ് (non- tribal) ആണ് എന്നും ഉത്തരവാകുന്നു.’’ ഈ ഉത്തരവ് പോലും ഗ്രാമക്കാരുടെ ജാതി ഏതെന്ന് വ്യക്തമാക്കുന്നില്ല. രേഖയ്ക്കുവേണ്ടിയെങ്കിലും നോൺ ട്രൈബൽസ് എന്ന തുറന്ന ജാതിയായാണ് ഇവരെ പരാമർശിച്ചിരിക്കുന്നത്. സർക്കാർ നിശ്ചയിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ ഇവർ തമിഴ്നാട്ടിലെ വെള്ളാളപ്പിള്ള എന്ന ഉയർന്ന ജാതിയാണ് എന്ന് പറഞ്ഞിരുന്നു. ആ റിപ്പോർട്ടിന്റെ ‘വിദഗ്ധമായ യുക്തിയില്ലായ്മ' ബോധ്യപ്പെട്ടതുകൊണ്ടാവണം, ‘നോൺ ട്രൈബൽസ്' എന്ന ഗണത്തിൽ പെടുത്തി ഉത്തരവിറക്കിയത്.

വർഷങ്ങൾ നീളുന്ന ഊരുവിലക്കുകളുടെ പേരിൽ ഈ ഗ്രാമഗോത്രങ്ങൾ ‘പൊതുസമൂഹ'ത്തിന്റെ പഴി നിരന്തരം കേൾക്കേണ്ടി വരുന്നുണ്ട്. കടുത്ത ഊരുവിലക്കുകളുടെ പേരിൽ ഇപ്പോഴും ‘പ്രാകൃതഗോത്രമായി'മാധ്യമങ്ങളും നിരന്തരം വിമർശിക്കാറുണ്ട്.

ഇവർ പട്ടികവർഗക്കാരല്ല എന്നാണ് സർക്കാർ കരുതുന്നതെങ്കിൽ പിന്നെ ഇവരെ ഏത് ജാതിക്കാരായാണ് കണക്കാക്കുന്നത് എന്ന്​ മൂന്നാർ എം.എൽ. എ എസ്. രാജേന്ദ്രൻ നിയമസഭയിൽ സബ്മിഷനിലൂടെ ചോദിച്ചു. ഈ ചോദ്യം അഞ്ചുഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പലതവണ നേരിടേണ്ടിവരും. കോവിലൂർ മലയൻ സേവാസംഘം സമർപ്പിച്ച നിവേദനത്തിൽ ഇങ്ങനെ പറയുന്നു: ‘‘തമിഴിൽ വെള്ളാഴർ എന്നു പറഞ്ഞാൽ കൃഷി ചെയ്തുജീവിക്കുന്നവർ എന്നാണ്. ഞങ്ങൾ വെള്ളാഴൻമാരാണ്. വെള്ളാളർ അല്ല''. വേല ചെയ്യുന്നവർ, കൃഷി ചെയ്ത് ജീവിക്കുന്നവർ എന്ന അർത്ഥത്തിൽ വെള്ളാൻ, വെള്ളാർ, വെള്ളാളർ എന്നിങ്ങനെയുള്ള പരാമർശങ്ങൾ ഗോത്രങ്ങളെക്കുറിച്ച് രേഖകളിൽ കാണാം. മിഷനറിമാരുടെയും സഞ്ചാരികളുടെയും രേഖകളിൽ പറഞ്ഞുപോകുന്ന ഇത്തരം പരാമർശങ്ങൾ വസ്തുതകളായിരിക്കണമെന്നില്ല. മലയരയൻമാരെക്കുറിച്ചുള്ള ഹെൻറി ബേക്കറുടെ കുറിപ്പുകളിൽ ‘ഹിൽ ആര്യൻസ്’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മലയരയൻമാർ ആര്യൻമാരാണെന്ന് സ്ഥാപിക്കാൻ ശ്രമം നടന്നിട്ടുണ്ട്. അക്കാലത്തെ ഭരണകൂടരേഖകളെ ഉദ്ധരിച്ച് മലയരയരെ അധികാരികൾ ‘മുല്ല വെള്ളാൻ' എന്ന് വിളിച്ചിരുന്നതായി ഹെൻറി ബേക്കർ രേഖപ്പെടുത്തുന്നുണ്ട് (Henry baker Jr. 1862:8). മലയരയ ചരിത്രം ഈ രേഖകളെ നിരാകരിച്ചുകൊണ്ടാണ് അവരുടെ ഗോത്രസ്വത്വം തിരിച്ചുപിടിക്കുന്നത്. എന്നാൽ, ഗ്രാമക്കാരുടെ കാര്യത്തിൽ ഇത്തരം പ്രയോഗങ്ങളുടെ വസ്തുതയിലേക്ക് അന്വേഷണം പോകുന്നില്ല. മറിച്ച്, ഇത്തരം പരാമർശങ്ങളെ പ്രമാണങ്ങളായി സ്വീകരിക്കുകയാണ് ചെയ്യുന്നത്.

വട്ടവടയിലെ ഗ്രാമക്കാർ മാത്രമാണ് മറ്റ് വിഭാഗങ്ങളുമായി ഇടകലർന്നുള്ള ജീവിതം നയിക്കുന്നത്. മറയൂരിലേയും കീഴാന്തൂരിലെയും കാരയൂരിലെയും കാന്തല്ലൂരിലേയും ഗ്രാമക്കാർ ഇപ്പോഴും ഗോത്രസ്വഭാവം നിലനിർത്താൻ ശ്രമിച്ച്​ഒരുമിച്ചുകൂടി താമസിക്കുന്നു. മറ്റ് ജാതിക്കാരെ വിവാഹം ചെയ്യുകയോ ഗ്രാമനിയമങ്ങൾ തെറ്റിക്കുകയോ ദൈവങ്ങളെ നിന്ദിക്കുകയോ ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കുകയും ഊരുവിലക്ക് കൽപ്പിക്കുകയും ചെയ്യുന്ന പതിവ് ഇവർ ഇന്നും തുടരുന്നു. വർഷങ്ങൾ നീളുന്ന ഊരുവിലക്കുകളുടെ പേരിൽ ഈ ഗ്രാമഗോത്രങ്ങൾ ‘പൊതുസമൂഹ'ത്തിന്റെ പഴി നിരന്തരം കേൾക്കേണ്ടി വരുന്നുണ്ട്. കടുത്ത ഊരുവിലക്കുകളുടെ പേരിൽ ഇപ്പോഴും ‘പ്രാകൃതഗോത്രമായി'മാധ്യമങ്ങളും നിരന്തരം വിമർശിക്കാറുണ്ട്. ജാതിയുടെയും സംവരണത്തിന്റെയും പ്രശ്നം ഗ്രാമക്കാർ ഉയർത്തുമ്പോൾമാത്രം ഇവർ പരിഷ്‌കൃതരും ഉന്നത കുലജാതരുമാവുകയും ഗോത്രരീതികളെ വിലയിരുത്തുമ്പോൾ ആദിവാസികളെന്ന് വിളിക്കുകയും ചെയ്യുന്ന വൈരുധ്യം മാധ്യമങ്ങളും സർക്കാർ വക അക്കാദമിക് സമൂഹവും പുലർത്തുന്നു.

കിർത്താഡ്സ് മേധാവികൾ ആധ്യക്ഷ്യം വഹിച്ച വിദഗ്ധസമിതി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഒടുവിൽ അഞ്ചുഗ്രാമങ്ങളിലെ ആദിമവാസികളെ ജാതിയിൽനിന്ന്​ പുറത്താക്കി / Photo: kirtads.kerala.gov.in
കിർത്താഡ്സ് മേധാവികൾ ആധ്യക്ഷ്യം വഹിച്ച വിദഗ്ധസമിതി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഒടുവിൽ അഞ്ചുഗ്രാമങ്ങളിലെ ആദിമവാസികളെ ജാതിയിൽനിന്ന്​ പുറത്താക്കി / Photo: kirtads.kerala.gov.in

ഗ്രാമക്കാർ എന്നറിയപ്പെടുന്ന ഗോത്രവിഭാഗങ്ങൾ മലയൻ, മലവേടൻ ജാതികളിൽ പെട്ടവരെല്ലെന്ന് തെളിയിക്കുവാനുള്ള ശ്രമങ്ങളാണ് കിർത്താഡ്സ് നേതൃത്വത്തിലുള്ള വിദഗ്ധസമിതി നടത്തിയത്. സെൻസസ്, റവന്യു രേഖകൾ, സ്‌കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവയൊന്നും ജാതി തെളിയിക്കാനാവശ്യമായ തെളിവുകളാവുന്നില്ല എന്ന് പലയിടത്തും പരാമർശിക്കുന്ന വിദഗ്ധസമിതിക്ക് ഇവർ വെള്ളാളപ്പിള്ളമാരാണെന്ന് തെളിയിക്കാനുമാവുന്നില്ല എന്നിടത്താണ് ഗ്രാമക്കാരുടെ ജാതി ഒരു നരവംശശാസ്ത്രസമസ്യ കൂടിയാവുന്നത്. ഗ്രാമക്കാർ മലവേടർ/മലയർ അല്ലെന്ന് തെളിയിക്കാൻ നിരവധി നരവംശ സാക്ഷ്യങ്ങളും ജനസംഖ്യാ കണക്കുകളും റിപ്പോർട്ടുകളും വിദഗ്ദസമിതി എടുത്തുകാട്ടുന്നുണ്ട്. എന്നാൽ ഇവരുടെ ചരിത്രം എന്താണ് എന്നതിലേക്കോ അവരുടെ ജാതിയെന്ത് എന്ന് നിർണയിക്കുന്നതിലേക്കോ അവരുടെ ഇപ്പോഴത്തെ സാമ്പത്തിക-സാമൂഹികസ്ഥിതി എന്തെന്നതിലേക്കോ കടന്നുചെല്ലാത്ത റിപ്പോർട്ട് നരവംശ ശാസ്ത്ര സാക്ഷ്യങ്ങളുടെ അളവുകോലുകൾ മുറുകെപ്പിടിക്കുക മാത്രമാണ് ചെയ്യുന്നത്. റിപ്പോർട്ട് അതേപടി അംഗീകരിച്ച സർക്കാരും ഗ്രാമക്കാരുടെ സവിശേഷമായ ചരിത്രപശ്ചാത്തലമോ സാമൂഹിക പിന്നാക്കാവസ്ഥയോ കണക്കാക്കിയില്ല. കടുത്ത പിന്നാക്കാവസ്ഥ നേരിടുന്ന ഗ്രാമക്കാരെ അധഃസ്ഥിതിയിൽനിന്ന് മോചിപ്പിക്കേണ്ട ബാധ്യതയിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറിയത് ആ സമൂഹത്തെ മുഴുവനായും ‘ജാതിഭ്രഷ്ടാ'ക്കിക്കൊണ്ടായിരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും തലമുറകളായി പിന്നാക്കം നിൽക്കുന്ന ഈ സവിശേഷ ജനവിഭാഗങ്ങളുടെ അതിജീവന പ്രശ്നങ്ങൾ, പൊതുമണ്ഡലത്തിലേക്കുള്ള അവരുടെ കലരൽ, അവരുടെ കുട്ടികളുടെ ഭാവി എന്നിവയെല്ലാം പരിഗണിക്കേണ്ട ബാധ്യത ജനാധിപത്യ ഭരണത്തിനുണ്ട്.

അഞ്ചുനാടിന്റെ ജാതിസമരത്തെ ഭരണകൂടം അഭിസംബോധന ചെയ്തതും പരിഹാരം നിർദ്ദേശിച്ചതും ഈ ഭൗതികമേഖലകളെ മാത്രം പരിഗണിച്ചാണ്. അതുകൊണ്ടാണ് അഞ്ചുനാട് ഗ്രാമക്കാർക്ക് ജാതി അനുവദിച്ച്​ സർക്കാർ ഉത്തരവായത്.

രാജസ്ഥാനിൽ ഗുജ്ജാറുകളെ പട്ടികജാതിയിൽ പരിഗണിക്കണമെന്ന ആവശ്യം പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജസ്​രാജ്​ ചോപ്ര കമീഷൻ, സർക്കാരിനെ രക്ഷിച്ച്​ നൽകിയ റിപ്പോർട്ടിൽ, ഗുജ്ജാറുകളെ പട്ടികവർഗത്തിൽ പെടുത്തേണ്ടതില്ലെന്ന് പറയുന്നുണ്ടെങ്കിലും തികച്ചും പിന്നാക്ക സാഹചര്യങ്ങളിൽ കഴിയുന്ന അവർക്കുവേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് നിർദേശിക്കുകയുണ്ടായി. എന്നാൽ, ഗ്രാമക്കാരുടെ പ്രശ്നം പഠിക്കാൻ നിയോഗിക്കപ്പെട്ട നരവംശശാസ്ത്രജ്ഞരും ജനപ്രതിനിധികളും ഉൾപ്പെട്ട വിദഗ്ധസംഘത്തിന് അവരുടെ അധഃസ്ഥിതിയെക്കുറിച്ച് അത്തരം വേവലാതികൾ ഒന്നും ഉണ്ടായില്ലെന്നതും ‘വിദഗ്ധപഠന'ത്തിന്റെ സമീപനത്തെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നു. പട്ടികവർഗത്തിൽനിന്ന്​ പുറത്താക്കപ്പെടുകയും ഉന്നത ജാതിയിൽപ്പെട്ടവരാണെന്ന് കിർത്താഡ്സ് രേഖപ്പെടുത്തുകയും ചെയ്തതോടെ മറയൂർ വനമേഖലയിലെ ചന്ദനക്കാടുകളുടെ സംരക്ഷകരായും തലമുറകളായി കാടിനെ ഉപജീവിച്ചും സംരക്ഷിച്ചും കഴിയുന്നവരുമായ ഈ പ്രകൃതിമനുഷ്യർക്ക് പുതിയ വനാവകാശനിയമത്തിന്റെ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. ചുരുക്കത്തിൽ, ഗ്രാമക്കാരെ അവരുടെ സാമൂഹിക- ഗോത്ര ജീവിതത്തിൽ നിന്നും ജീവിത സാഹചര്യങ്ങളിൽനിന്നും ‘വിദഗ്ദമായി' തള്ളിയകറ്റി എന്നതാണ് കിർത്താഡ്സ് നേതൃത്വത്തിലുള്ള നരവംശശാസ്ത്ര കണ്ടുപിടുത്തങ്ങൾ കൊണ്ടുണ്ടായ ഏക ‘പ്രയോജനം.'

സമ്പദ്കേന്ദ്രിത വീക്ഷണത്തിന്റെ കൂടുതൽ തീവ്രമായ ഭാഷാന്തരങ്ങൾ ചരിത്രത്തെ ഒന്നടങ്കം ഭൂസ്വത്തിനും ലാഭത്തിനും വേണ്ടിയുള്ള യുദ്ധമായി ചുരുക്കുന്നു. ഗ്രാമക്കാരുടെ സവിശേഷ മണ്ഡലത്തിൽ ഇത് വിദ്യാഭ്യാസത്തിനും തൊഴിലിനും സർക്കാർ ആനുകൂല്യങ്ങൾക്കും വേണ്ടിയുള്ള സമരമായി ചുരുക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. സാമ്പത്തിക താൽപര്യങ്ങളും വൈരുധ്യങ്ങളും അപ്രധാനമാണെന്നല്ല പറഞ്ഞുവരുന്നത്. എന്നിരുന്നാലും നമ്മുടെ കാലഘട്ടത്തിന്റെ ചരിത്രത്തിനുപോലും ഇടുങ്ങിയ ഭൗതിക താല്പര്യത്തിനപ്പുറത്തുള്ള ചിലതുണ്ടെന്ന് ഗ്യാനേന്ദ്ര പാണ്ഡേ നിരീക്ഷിക്കുന്നു. സാമൂഹ്യശാസ്ത്രത്തിലെ ഏറ്റവും പരിഷ്‌കൃതമായ രചനകളിൽപോലും സ്ത്രീപുരുഷൻമാരുടെ ജീവിതങ്ങളെ ഭൗതികതാല്പര്യങ്ങളുടെ പ്രവർത്തനത്തിലേയ്ക്ക്, അല്ലെങ്കിൽ മനുഷ്യർക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സമ്പദ്​വ്യവസ്ഥയിലെ വൻ വ്യക്ത്യേതര പ്രസ്ഥാനങ്ങളിലേക്ക് ചുരുക്കുന്ന പതിവുണ്ട്. ‘യഥാർത്ഥ' സംഘർഷം നടക്കുന്നതായി തോന്നുന്ന സ്ഥലത്തല്ല; അതായത്, ചരിത്രത്തിന്റെ അല്ലെങ്കിൽ അഭിമാന സങ്കൽപ്പങ്ങളുടെ കാര്യത്തിൽ, അല്ലെങ്കിൽ മതത്തിന്റെ കേന്ദ്ര പ്രാധാന്യത്തിന്റെ കാര്യത്തിൽ, അതുമല്ലെങ്കിൽ മത- സാംസ്‌കാരിക ചിഹ്നങ്ങളോട് ജനങ്ങൾക്കുള്ള അടുപ്പത്തിന്റെ കാര്യത്തിൽ- തുടങ്ങി നിരവധി യഥാർത്ഥ മേഖലകളെ ഒഴിവാക്കി, ഉടനടിയുള്ള ഭൗതികതാല്പര്യങ്ങളുടെ മേഖലയിലാണെന്ന വാദത്തിലാണ് ഈ രചനകളുടെ ഊന്നൽ. മാത്രവുമല്ല, ഈ തലത്തിലുള്ള വീക്ഷണങ്ങളിൽ മറ്റെന്തിനേക്കാളും പരിഗണിക്കപ്പെടുക വരേണ്യ വിഭാഗങ്ങളുമാണ് (സൂസി താരു, സഞ്ജീവ്, എസ്. 2006: 127-128).

photo: Shafeeq Thamarassery
photo: Shafeeq Thamarassery

അഞ്ചുനാടിന്റെ ജാതിസമരത്തെ ഭരണകൂടം അഭിസംബോധന ചെയ്തതും പരിഹാരം നിർദ്ദേശിച്ചതും ഈ ഭൗതികമേഖലകളെ മാത്രം പരിഗണിച്ചാണ്. അതുകൊണ്ടാണ് അഞ്ചുനാട് ഗ്രാമക്കാർക്ക് ജാതി അനുവദിച്ച്​ സർക്കാർ ഉത്തരവായത്. തെളിവുകൾ ഇവരെ പട്ടികവർഗമായി പരിഗണിക്കുന്നതിന് എതിരായതിനാലും പ്രജകളോടുള്ള ഭരണകൂട വാൽസല്യം പ്രധാനമായതിനാലും ഇവരെ ‘അഞ്ചുനാട് വെള്ളാളർ' എന്ന ഒരു പുതിയ ജാതിയിൽ പെടുത്തി ഒ. ബി. സി യായി പരിഗണിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനത്തിന്റെ സാരം.

ഈ ജാതിദാനം ഒരു പൊതുപരിപാടിയാക്കി മാറ്റുകയും വൻ സമ്മേളനത്തിന്റെയും ജനാവലിയുടെയും സാന്നിധ്യത്തിൽ അത് നിർവഹിക്കപ്പെടുകയും ചെയ്തതോടെ ഭരണകൂടത്തിനുമുന്നിൽ പ്രശ്നം പരിഹരിക്കപ്പെട്ടു. നേരത്തെ സൂചിപ്പിച്ചതുപോലെ യഥാർത്ഥകേന്ദ്രത്തിൽനിന്ന്​ ബഹുദൂരം മാറ്റി പ്രതിഷ്ഠിക്കപ്പെട്ട ഈ പരിഹാരത്തിലൂടെ ഗോത്രഭൂതകാലത്തെ പൂർണമായും മായ്ച്ചുകളയാൻ കഴിയുന്നത്ര ഹിംസാത്മകത അത് കൈവരിക്കുന്നു. റവന്യൂ അധികൃതരുടെ സംശയവും നരവംശപഠനങ്ങളും ശരിയാണെന്നു സ്ഥാപിക്കപ്പെടുന്നു. മാത്രവുമല്ല, അവരുടെ ആവശ്യം ഗോത്രസ്വത്വവുമായി ബന്ധപ്പെട്ട സാംസ്‌കാരിക രാഷ്ട്രീയത്തിൽനിന്ന്​ തൊഴിൽ, വിദ്യാഭ്യാസ, ഭൗതികകാവശ്യങ്ങളിലേക്ക് മാറ്റപ്പെടുന്നു. ജാതിക്കായി ഗോത്ര ജനത നടത്തിയ സഹനവും സമരവും കേവല ഭൗതിക താല്പര്യങ്ങൾക്കുവേണ്ടിയുള്ള കോലാഹളായിരുന്നുവെന്ന് വന്നുചേരുന്നു. ഇവിടെ ഗോത്രചരിത്രവും സ്വത്വവും സംസ്‌കാരവും കൂടുതൽ സങ്കീർണമായിത്തീരുകയാണ്. ഗോത്രസംസ്‌കൃതിയുടെ നീണ്ട ചരിത്രം ഭരണകൂട വ്യവഹാരത്തിൽ തികച്ചും അപ്രധാനമായിത്തീരുന്നു. അഞ്ചുനാട് ജനതവീണ്ടും അവരുടെ സ്ഥാനം ചരിത്രത്തിന് പുറത്താണെന്ന് കണ്ടെത്തുന്നു.

ഭരണകൂടത്തിന്റെ രക്ഷാകർതൃത്വത്തിൽ ഗോത്രജനതയ്ക്ക് ഒരു ‘ജാതി' പതിച്ചുനൽകുന്നതിലൂടെ ദേശ രാഷ്ട്രത്തിന്റെ വരേണ്യയുക്തി ഒരിക്കൽ കൂടി പരാജയപ്പെടുന്നു. ഗ്രാമക്കാരുടെ ജാതിപ്രശ്നത്തെ ഒഴിഞ്ഞുകടക്കുകയല്ല, മറിച്ച് അതിൽ കൂടുതൽ സങ്കീർണമായി കൂടിക്കുഴയുകയാണ് ഭരണകൂടം.

ദേശത്തിന്റെ അകംപുറം

ദേശരാഷ്ട്രത്തിന്റ ബൃഹദ് ശരീരത്തിനുപുറത്തുനിന്ന് ഉന്നയിക്കപ്പെടുന്ന ജീവിതമാണ് അഞ്ചുനാട് ഗ്രാമക്കാർ. അധിനിവേശ, അധിനിവേശാനന്തര നരവംശപഠനങ്ങളും ജനസംഖ്യാ കണക്കെടുപ്പുകളും ഭരണനിർവഹണവും ദേശ ശരീരത്തിലേക്ക് ക്രമപ്പെടുത്താൻ ശ്രമിക്കുന്തോറും കുതറിമാറുന്ന അനേക ഗോത്ര ജീവിതങ്ങളിൽ ഒന്ന്. അഞ്ചുനാട് ഗ്രാമ ഗോത്ര അഭിമാനത്തെ ആഴത്തിൽ ഹിംസിച്ച അധികാര പ്രയോഗത്തിന്റെ സന്ദർഭം ഓർമയിൽ ആലേഖനം ചെയ്യുന്നതിലൂടെയാണ് അവർ ഈ കുതറൽ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത്. ‘ഒരാളുടെ കണ്ണുകണ്ടാൽ അയാൾ ഇന്ന സമുദായത്തിൽ പെട്ട ആളാണെന്നും ശരീരം മണത്തറിഞ്ഞ് ഏതു വർഗത്തിൽപെട്ട ആളാണെന്നും എനിക്ക് കണ്ടുപിടിക്കുവാൻ സാധിക്കും. അതാണ് എന്റെയും എന്റെ മുൻഗാമിയുടെയും ഗവേഷണവും തൊഴിലും. ഞങ്ങൾ നരവംശശാസ്ത്രജ്ഞൻമാരാണ്’ എന്ന നരവംശശാസ്ത്ര- ഗോത്ര കൂടിക്കാഴ്ചയുടെ സന്ദർഭത്തെ വാങ്മയരേഖയാക്കി ചരിത്രത്തിൽ നിക്ഷേപിക്കുന്നതിലൂടെ വരേണ്യതയുടെ ദേശ രാഷ്ട്ര യുക്തിയോട് കലഹിക്കുകയാണ് ഗ്രാമക്കാർ. അതുകൊണ്ടാണ് എത്രയൊക്കെ മായ്ച്ചുകളയാൻ ശ്രമിച്ചിട്ടും, രേഖകളും തെളിവുകളും നിരത്തിയിട്ടും, ഒടുവിൽ സർക്കാരിന് അഞ്ചുനാടിന്റെ ജാതിപ്രശ്നത്തെ മുഖാമുഖം നേരിടേണ്ടിവരുന്നത്. എന്നാൽ ഈ കൂടിക്കാഴ്ചയുടെ സന്ദർഭത്തെ മഹത്തായ ഔദാര്യമാക്കി മാറ്റാൻ ഭരണകൂടത്തിന് കഴിയുന്നു. ഭരണകൂടത്തിന്റെ രക്ഷാകർതൃത്വത്തിൽ ഗോത്രജനതയ്ക്ക് ഒരു ‘ജാതി' പതിച്ചുനൽകുന്നതിലൂടെ ദേശ രാഷ്ട്രത്തിന്റെ വരേണ്യയുക്തി ഒരിക്കൽ കൂടി പരാജയപ്പെടുന്നു. ഗ്രാമക്കാരുടെ ജാതിപ്രശ്നത്തെ ഒഴിഞ്ഞുകടക്കുകയല്ല, മറിച്ച് അതിൽ കൂടുതൽ സങ്കീർണമായി കൂടിക്കുഴയുകയാണ് ഭരണകൂടം.

എന്തിനാണ് ജാതി അനുവദിച്ചുനൽകിയത്? ജാതി എന്നത് ഭരണകൂടം അനുവദിച്ചാൽ നിലവിൽ വരുന്നതാണോ? ഈ ജാതിഅനുവദിക്കൽ എന്തുകൊണ്ട് സവർണ സമുദായങ്ങൾക്കിടയിൽ സാധ്യമാവുന്നില്ല? വരേണ്യജാതി സംസ്‌കാരമായും കീഴാളരുടെ ജാതിഅവസ്ഥയായും ഭൗതിക ജീവിതാവശ്യങ്ങൾക്കുവേണ്ടിയുള്ളതായും വ്യാഖ്യാനിക്കുന്ന ഭരണകൂട ബോധത്തിൽ ലീനമായ വരേണ്യതയാണ് കൂടുതൽ വെളിപ്പെട്ടുവരുന്നത്. ഇവിടെ ദേശ രാഷ്ട്രത്തിനും ഗോത്ര സംസ്‌കൃതിക്കുമിടയിൽ പൂരിപ്പിക്കാത്ത ഇടങ്ങൾ നിരവധിയാണ്.

വരേണ്യജാതി സംസ്‌കാരമായും കീഴാളരുടെ ജാതിഅവസ്ഥയായും ഭൗതിക ജീവിതാവശ്യങ്ങൾക്കുവേണ്ടിയുള്ളതായും വ്യാഖ്യാനിക്കുന്ന ഭരണകൂട ബോധത്തിൽ ലീനമായ വരേണ്യതയാണ് കൂടുതൽ വെളിപ്പെട്ടുവരുന്നത്
വരേണ്യജാതി സംസ്‌കാരമായും കീഴാളരുടെ ജാതിഅവസ്ഥയായും ഭൗതിക ജീവിതാവശ്യങ്ങൾക്കുവേണ്ടിയുള്ളതായും വ്യാഖ്യാനിക്കുന്ന ഭരണകൂട ബോധത്തിൽ ലീനമായ വരേണ്യതയാണ് കൂടുതൽ വെളിപ്പെട്ടുവരുന്നത്

അഞ്ചുനാട്ടിലൂടെയുള്ള യാത്രയിൽ കാന്തല്ലൂരിൽ നിന്നുള്ള മടക്കത്തിൽ വഴിയിൽ ശങ്കരൻ എന്ന ഗ്രാമക്കാരനെ കണ്ടുമുട്ടുന്നു. കതിരേശനാണ് പരിചയപ്പെടുത്തിയത്. ‘ഇത് രാജീവ് ഗാന്ധിയുടെ അച്ഛനാണ്.' (കഴിഞ്ഞ അധ്യായത്തിൽ പരാമർശിച്ച രാജീവ്ഗാന്ധി എസ്.) വർത്തമാനം അഞ്ചുനാട്ടിലെ ജാതിപ്രശ്നത്തിലേക്കും കടന്നു, മകന്റെ മുടങ്ങിപ്പോയ വിദ്യാഭ്യാസത്തെക്കുറിച്ചും.
‘എന്താണ് രാജീവ്ഗാന്ധിയെ പഠിക്കാൻ വിടാതിരുന്നത്?'
‘അതൊന്നുമാകാത് സാർ, പഠിക്കാൻ അങ്കെ കേരളാവിൽ പോണം, അല്ലങ്കി, തമിഴ്നാട്ടിൽ... അതുക്കൊന്നും പണം കെടയാത്. നമ്മക്ക് അതൊന്നുമാകാത്.''
(ജയകുമാർ, കെ. പി. http://www.nalamidam.com/archives/8155).

ഭരണകൂടത്തിന്റെ സാന്നിധ്യമുള്ളപ്പോൾ പോലും ദേശരാഷ്ട്രത്തിന്റെ വൈകാരിക വൃത്തത്തിലേക്ക് പ്രവേശിക്കാൻ കഴിയാതെ പോകുന്ന ജനതയുടെ ആവിഷ്‌കാരമാണ് ഈ സംഭാഷണം. കേരളത്തിലും തമിഴ്നാട്ടിലുമല്ലാതെ അഞ്ചുനാട് ഗ്രാമീണ ജീവിതം സ്ഥാനപ്പെടുന്നു. അതേസമയം, രാജീവ്ഗാന്ധി എസ്. എന്ന് മകന് പേരുനൽകുന്നതിലൂടെ രാഷ്ട്രത്തിന്റെ വിശാലമായ അതിരുകളിലൂടെ, ജനാധിപത്യത്തിന്റെ ആൾക്കൂട്ട രാഷ്ട്രീയവഴികളിൽ ഗ്രാമീണരും കണ്ണിചേർക്കപ്പെട്ടിരിക്കുന്നു. ഇതൊരു വൈരുധ്യമാണ്. അകത്തും പുറത്തുമായ/അല്ലാത്ത നില. ഈ നിൽപിനെ മനസ്സിലാക്കാൻ ദേശ- രാഷ്ട്രം പരാജയപ്പെടുന്നു. ദേശ- രാഷ്ട്രവും അതിന്റെ വരേണ്യബോധവും കീഴാള, ഗോത്ര, ചെറുദേശീയതകളെ അവയുടെ പ്രാക്തനമായ വിശ്വസ്തതകളെ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. ഗോത്രസംസ്‌കാരങ്ങൾ, ഗോത്രബന്ധങ്ങൾ, വംശം, ഭാഷ, പ്രാദേശികത്വം, മതം, ജാതി, ആചാരങ്ങൾ എന്നിവയിലൂടെ തുറന്നുകിട്ടുന്ന സ്വത്വങ്ങൾ ആധുനിക രാഷ്ട്രത്തിന്റെ യുക്തിക്കുമുന്നിൽ അപ്രസക്തമാവാമെങ്കിലും പൗരരെന്ന നിലയിൽ വ്യക്തിയുടെ പ്രതീക്ഷകൾ നിറവേറ്റാൻ ദേശ രാഷ്ട്രം അസമർത്ഥമാകുമ്പോൾ വ്യക്തികൾ ഇത്തരം സ്വത്വങ്ങളിലേക്കും അവയുടെ സംഘബലത്തിലേക്കും തിരിയേണ്ടിവരും. സമീപകാല ചരിത്രമെടുത്തു നോക്കിയാൽ വംശിമ (ethnicity)കളുടെ അതിരുകൾ രാഷ്ട്രത്തിനടയിൽ ഭൂകമ്പ രേഖകളെപ്പോലെ മറഞ്ഞുകിടക്കുന്നതായി കാണാം. ന്യായമായ പൗരാവകാശങ്ങളും രാഷ്ട്രീയാധികാരങ്ങളും നിഷേധിക്കപ്പെടുമ്പോൾ ഇത്തരം സ്വത്വങ്ങൾ കൂടുതൽ പ്രസക്തമാവും (രാമകൃഷ്ണൻ, ഇ. വി. 2001: 19-20).

അപരങ്ങളുടെ ഓരോ ഉൾച്ചേരലുകളും ഭരണകൂടം സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ കീഴാള സംസ്‌കൃതിയെ മുൻനിർത്തിയുള്ള ഏതൊരു ഉദ്യോഗസ്ഥ ആശങ്കയും വളരെ വേഗം ഭരണകൂടത്തിന്റെ പൊതുആകുലതയായി മാറുന്നു.

ആരാണ് തിരസ്‌കൃതർ

മുതലാളിത്ത ആധുനികതയുടെ യുക്തി സ്വാംശീകരിച്ച ദേശരാഷ്ട്രത്തിന് ജനത എന്ന വൈവിധ്യ കർതൃത്വങ്ങളെ അംഗീകരിക്കാനോ മനസ്സിലാക്കാനോ കഴിഞ്ഞില്ല. കീഴാളർ, സ്ത്രീകൾ, കുടിയേറ്റക്കാർ, മൂന്നാം ലിംഗക്കാർ എന്നിങ്ങനെ അനന്ത വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ ദേശ -രാഷ്ട്രം അസമർത്ഥമാകുന്നു. ദേശ രാഷ്ട്രത്തിന്റെ ഉൽപത്തിയിൽതന്നെ ഇത്തരം പ്രവർജനങ്ങൾ അടങ്ങിയിട്ടുണ്ട്. അപരങ്ങളുടെ ഓരോ ഉൾച്ചേരലുകളും ഭരണകൂടം സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ കീഴാള സംസ്‌കൃതിയെ മുൻനിർത്തിയുള്ള ഏതൊരു ഉദ്യോഗസ്ഥ ആശങ്കയും വളരെ വേഗം ഭരണകൂടത്തിന്റെ പൊതുആകുലതയായി മാറുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന അഞ്ചുനാട് ഗ്രാമക്കാരെ പട്ടികജാതിയിൽനിന്ന് പുറത്താക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥന്റെ ആദ്യ സംശയം മുതൽ പഠനത്തിനും സർവേകൾക്കും തെളിവെടുപ്പുകൾക്കും കോടതിവ്യവഹാരങ്ങൾക്കുമായി ഭരണകൂടം ചെലവിട്ട സമയവും പണവും ഈ ആകുലതയുടെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്. ഇതിനായുള്ള അധ്വാനവും പണവും പൊതുഖജനാവിൽ നിന്നാണ് ചെലവഴിക്കപ്പെട്ടത്. സ്വന്തം ജനതക്കെതിരായി തെളിവുകൾ നിർമ്മിക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി ഭരണകൂടം മുന്നിട്ടിറങ്ങുന്ന വൈരുധ്യം.

ദേശ രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രവുമായി ഉദ്യോഗസ്ഥ വരേണ്യ മധ്യവർഗ ഭാവുകത്വം കൈകോർക്കുമ്പോൾ ഉടലെടുക്കുന്ന സവിശേഷമായ സാമൂഹിക സാഹചര്യമാണ് കഴിഞ്ഞ കാൽനൂറ്റാണ്ടായി അഞ്ചുനാട് ഗോത്രത്തെ ജാതിക്ക് പുറത്തുനിർത്തിയത്
ദേശ രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രവുമായി ഉദ്യോഗസ്ഥ വരേണ്യ മധ്യവർഗ ഭാവുകത്വം കൈകോർക്കുമ്പോൾ ഉടലെടുക്കുന്ന സവിശേഷമായ സാമൂഹിക സാഹചര്യമാണ് കഴിഞ്ഞ കാൽനൂറ്റാണ്ടായി അഞ്ചുനാട് ഗോത്രത്തെ ജാതിക്ക് പുറത്തുനിർത്തിയത്

ഈ പ്രവർജനം കൊണ്ട് ഭരണകൂടത്തിനുണ്ടാകുന്ന നേട്ടമെന്താണ്? വളരെ ന്യൂനപക്ഷമെന്നു പറയാവുന്ന ഒരു ജനവിഭാഗത്തിലെ വളരെ കുറച്ചുപേർക്കുമാത്രം ലഭിച്ചേക്കാവുന്ന വിദ്യാഭ്യാസ, തൊഴിൽ സംവരണത്തെ രാഷ്ട്രം ഭയപ്പെടുന്നതെന്തിന്? സാമൂഹികമായി ഗ്രാമക്കാർ അനുഭവിക്കുന്ന പിന്നാക്കാവസ്ഥക്ക് പരിഹാരമായി സാമൂഹ്യനീതിയിലധിഷ്ഠിതമായ ഭരണകൂട സമീപനം ആവശ്യമാണെന്നിരിക്കെ പ്രത്യേകിച്ചും. ഗോത്രക്കാർ അവരുടെ അധ്വാന മിച്ചം കൊണ്ടാണ് ജാതിസമരത്തിന്റെ ഭാഗമായ നിയമപോരാട്ടം നടത്തിയത്. ഭരണകൂടവും അതിന്റെതന്നെ പ്രജാസഞ്ചയത്തിലെ ഒരു ചെറുപക്ഷവും ഭിന്നിച്ചുനിൽക്കുന്നത് യഥാർത്ഥത്തിൽ അസ്​തിത്വവുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണെന്നു വരുന്നു.

ഒരു ജനത അവരുടെ കർതൃത്വം അംഗീകരിച്ചുകിട്ടുന്നതിന് നടത്തുന്ന സമരമായാണ് ഗ്രാമക്കാരുടെ സമരത്തെ കാണാനാവുക. കീഴാള കർതൃത്വങ്ങളോടുള്ള ദേശ-രാഷ്ട്രത്തിന്റെ മനോഭാവത്തിലടങ്ങിയ പ്രത്യയശാസ്ത്രം സ്വാംശീകരിക്കുന്നതിനല്ല, തിരസ്‌കരിക്കാനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ തിരസ്‌കാരം പ്രവർത്തിക്കുന്നത് അഞ്ചുനാട് ഗോത്രസമൂഹത്തിന്റെ മാത്രം അവസ്ഥയല്ല, കേരളത്തിലെ നിരവധി ചെറുഗോത്രങ്ങൾ പ്രവർജനത്തിന്റെ ഹിംസാത്മകമായ ദേശ- രാഷ്ട്ര പ്രത്യയശാസ്ത്ര പ്രയോഗത്തിന്റെ ഇരകളാകുന്നുണ്ട്.

ഗോത്രസംസ്‌കൃതിയുടെ അടയാളങ്ങളെ മായ്ച്ചുകളയാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംവരണം ഉൾപ്പെടെയുള്ള ഭൗതിക പ്രശ്നത്തിന്മേലുള്ള സമരമാക്കി പ്രതിരോധത്തെ ചുരുക്കിയെടുക്കുക വഴി മുഖ്യധാരാ വരേണ്യ മധ്യവർഗത്തിന്റെ പിന്തുണയും ഭരണകൂടത്തിന് ലഭിക്കുന്നു.

‘കുലത്തൊഴിലും കൂട്ടായ്മയും നഷ്ടപ്പെട്ടവർ; ഭരണകൂടത്തിന്റെ രേഖകളിൽ പോലും പേരില്ലാത്തവർ’ എന്ന് അടയാളങ്ങളില്ലാത്തവിധം അന്യവൽക്കരിക്കപ്പെടുന്ന ഉത്തര കേരളത്തിലെ നിരവധി ചെറു ഗോത്രങ്ങളെക്കുറിച്ച് ‘അന്യം നിൽക്കരുത് ചെറു സമുദായങ്ങൾ' എന്ന പേരിൽ മലയാള മനോരമ എഴുതിയ മുഖപ്രസംഗം ഈ ഹിസംസാത്മക രാഷ്ട്രീയത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നുണ്ട് (മലയാള മനോരമ, 2014). ‘‘അഞ്ഞൂറ് വർഷത്തോളമായി നീളുന്ന കുലപാരമ്പര്യമുണ്ടായിരുന്നിട്ടും കേരളത്തിന്റെ സാമൂഹ്യജീവിതത്തിൽ ജാതി സർട്ടിഫിക്കറ്റിനുപോലും യോഗ്യത കൽപ്പിക്കാത്ത വിഷമത്തോടെ ജീവിക്കുന്ന നായിക്കുമാർ, കാസർകോട് ജില്ലയിലെ 16 പഞ്ചായത്തിൽ മാത്രം ഒതുങ്ങുന്ന മറാഠി സമുദായം, ഏലം കൃഷിക്കായി ബ്രിട്ടീഷുകാർ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന, ഇപ്പോൾ കാസർകോട് ജില്ലയിൽ പനത്തടി പഞ്ചായത്തിലെ കമ്മാടിയിൽ 38 കുടുംബങ്ങളിൽ ഒതുങ്ങിപ്പോയ കുടിയാൻ സമുദായം, കുട്ടികളടക്കം മൊത്തം 260 പേർ മാത്രമുള്ളതും മലയാളമെന്ന പദത്തിന്റെ പ്രാഗ്​രൂപം ഇന്നും പേരിൽ ചുമക്കുന്നതുമായ മലയാളർ, കാസർകോട്ടും കണ്ണൂരിന്റെ മലയോരത്തും മാത്രമുള്ള മാവില സമുദായം എന്നിവ അവയിൽ ചിലതുമാത്രം. വേലൻ, വേട്ടുവൻ, മലവേട്ടുവൻ എന്നെല്ലാം അറിയപ്പെട്ട് കേരളത്തിന്റെ എല്ലാ ജില്ലകളിലും ചിതറിക്കിടക്കുന്ന ജനവിഭാഗത്തിന് ഉത്തര കേരളത്തിൽ ജാതിസർട്ടിഫിക്കറ്റ് പോലും ലഭിക്കുന്നില്ല. കർണാടകയിലെ കുന്താപുരത്തുനിന്ന്​ കാസർകോട്ടേക്ക് കുടിയേറിയ നൽക്കത്തായൻമാരുടെ നിലനിൽപിനുവേണ്ടി ഇരുസർക്കാരുകളും ഒന്നും ചെയ്യുന്നില്ല. പായ മെടയൽ കുലത്തൊഴിലാക്കിയ കാസർകോട്ടെ മുകേൽ, മുണ്ടാള സമുദായങ്ങളാകട്ടെ, കൊഴിഞ്ഞ് തീരുകയാണ്. മംഗലാപുരം മേഖലയിൽനിന്ന് കാസർകോട് ജില്ലയിലെത്തിയ കൊറഗ വിഭാഗത്തിന് കൊറ നൃത്തത്തിന്റെ പേരിൽ പ്രസിദ്ധിയുണ്ടെങ്കിലും കുലം അന്യം നിന്നുപോവുകയാണ്. കുശവ വിഭാഗമാകട്ടെ, മൺപാത്ര നിർമാണം എന്ന കുലത്തൊഴിൽ കൈമോശം വരുന്ന സ്ഥിതിയിലുമാണ്. ദേശീയ രാഷ്ട്രീയത്തിൽ തലയെടുപ്പുള്ള യാദവകുലത്തിന്​ കേരളത്തിൽ അവഗണനയുടെ കഥ മാത്രമാണ് പറയാനുള്ളത്. സംസ്ഥാനത്ത് 35,000ഓളം പേരുള്ള വള്ളുവൻ സമുദായമാകട്ടെ, കുലത്തൊഴിലായ പുഴമീൻ പിടിക്കൽ നിലനിർത്താനാകാതെ പാടുപെടുകയാണ്. ഉത്തര കേരളത്തിൽ വന്നെത്തിയ മുസ്​ലിം ജനവിഭാഗമായ ഹനഫികളുടെ ഭാഷ ഉറുദുവാണ്. ഉറുദു സംസാരിക്കുന്നവർ കൂടുതലുള്ള കേരളത്തിലെ പ്രദേശങ്ങളിൽ ആ ഭാഷ അറിയുന്നവർക്ക്​ സർക്കാർ ജോലിയിൽ മുൻഗണന കിട്ടിയിരുന്നെങ്കിൽ എന്നാണവരുടെ ആഗ്രഹം. മലബാറിൽ ആചാരപ്പെരുമകൊണ്ട് പേരുകേട്ട യോഗി സമുദായവും പിരാടർ സമുദായവും ആൾബലമില്ലാത്തതിനാൽ അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ പോലുമാകാത്ത സ്ഥിതിയിലാണ്.’’

ഗോത്രസംസ്‌കൃതിയുടെ അടയാളങ്ങളെ മായ്ച്ചുകളയാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംവരണം ഉൾപ്പെടെയുള്ള ഭൗതിക പ്രശ്നത്തിന്മേലുള്ള സമരമാക്കി പ്രതിരോധത്തെ ചുരുക്കിയെടുക്കുക വഴി മുഖ്യധാരാ വരേണ്യ മധ്യവർഗത്തിന്റെ പിന്തുണയും ഭരണകൂടത്തിന് ലഭിക്കുന്നു. ദേശ രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രവുമായി ഉദ്യോഗസ്ഥ വരേണ്യ മധ്യവർഗ ഭാവുകത്വം കൈകോർക്കുമ്പോൾ ഉടലെടുക്കുന്ന സവിശേഷമായ സാമൂഹിക സാഹചര്യമാണ് കഴിഞ്ഞ കാൽനൂറ്റാണ്ടായി അഞ്ചുനാട് ഗോത്രത്തെ ജാതിക്ക് പുറത്തുനിർത്തിയത്. അതേ സഖ്യത്തിന്റെ ഔദാര്യമാണ് പിന്നീടവർക്ക് കൽപിച്ച് നൽകിയിട്ടുള്ള ജാതിയും ഒ. ബി. സി പദവിയും. രാഷ്ടത്തിന്റെ ഈ പ്രവർജനതന്ത്രം കാടും മലയും മലദൈവങ്ങളും ഊരും കുടിയും കറുത്ത മണ്ണും അറിവും കൊത്തിയ കനമുള്ള ഓർമകളുടെ പുരാവൃത്തങ്ങളെ, അടരുകളെ മായ്ച്ചുകളയുന്നതിലൂടെ പ്രാക്തനചരിത്രത്തിലേക്കുള്ള വാതായനങ്ങളാണ് അടച്ചുകളയുന്നത്. ▮

(അവസാനിച്ചു)


കെ. പി. ജയകുമാർ

ഗവേഷകൻ, എഴുത്തുകാരൻ. സിനിമയിലും സാമൂഹികശാസ്​ത്ര വിഷയങ്ങളിലും അന്വേഷണം നടത്തുന്നു. ചേർത്തല എൻ.എസ്.എസ് കോളേജിൽ മലയാള വിഭാഗം അസിസ്റ്റൻറ്​ പ്രൊഫസർ. ജാതിവ്യവസ്ഥയും മലയാള സിനിമയും, ഉടലിൽ കൊത്തിയ ചരിത്ര സ്മരണകൾ, ആ ചുവന്ന കാലത്തിന്റെ ഓർമ്മയ്ക്ക് എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments