വിശ്വനാഥൻ ആദിവാസിയാണ്​; അതാണ്​ ഈ കൊലപാതകത്തിന്റെ ഒരേയൊരു കാരണം

ആദിവാസികളെ കള്ളൻമാരും കൊള്ളരുതാത്തവരുമായി ചിത്രീകരിക്കുന്ന ഒരു പ്രത്യയശാസ്ത്രപരിസരം വയനാട്ടിലുണ്ട്. അടിമപ്പണിക്കാരും പ്രകൃതിവിഭവങ്ങൾ പെറുക്കിയെടുക്കുന്ന ജീവിതശൈലിയുള്ളവരുമായ പണിയർക്കെതിരെ നൃശംസതയാർന്ന അപമാനവീകരണങ്ങൾ വളരെയധികം സാധ്യമാണ്. അതിൽ സവർണരും സമ്പന്നരുമായ കുടിയേറ്റക്കാർ താൻ മുന്നേ താൻ മുന്നേ എന്ന പക്ഷക്കാരുമാണ്.

വിദ്യാർത്ഥിയായിരുന്ന കാലത്തെ ഒരു അനുഭവം പറയാം.

1980 കളിലാണ്. എന്റെ ജന്മസ്ഥലമായ വയനാട്ടിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സമ്പന്നരായ കുടിയേറ്റ ക്രിസ്ത്യാനികളുടെ പണിക്കാരായ ആദിവാസികൾ, അതും പണിയ വിഭാഗക്കാർ ധാരാളമുണ്ടായിരുന്നു അവിടെ. ഒരു ദിവസം വൈകുന്നേരം ഞങ്ങളുടെ ചെറിയ അങ്ങാടിയിൽ ഒരു കശപിശ നടന്നു. സ്ഥലത്തെ സമ്പന്നനായ ഔസേപ്പ് ചേട്ടനും ശിങ്കിടിയും ചേർന്ന് എന്റെ അച്ഛന്റെ സുഹൃത്തായ കന്നടി എന്നു പേരായ പണിയയുവാവിനെ മാരകമായി തല്ലി പരിക്കേൽപ്പിച്ചു. കന്നടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു.

കെ.കെ. സുരേന്ദ്രൻ

സംഭവം തുടങ്ങുന്നതിങ്ങനെയാണ്. ഔസേപ്പ് ചേട്ടനും ശിങ്കിടിയും അങ്ങാടിയിൽ വന്ന് അന്ന് ലഭ്യമായിരുന്ന പട്ടച്ചാരായം സമൃദ്ധമായി കഴിച്ച് റോഡരികിൽ നിൽക്കുമ്പോൾ ആ വഴി വന്ന ഒരു പണിയൻ മൊട്ടനെ (ബാലൻ) അവർ കാണുന്നു. ഔസേപ്പ് ചേട്ടന്റെ വീട്ടിൽ കന്നുകാലി നോക്കാൻ നിന്ന പയ്യനായിരുന്നു അത്. എന്തോ കാരണത്താൽ അവനവിടെ നിന്ന് പണിനിർത്തി പോയതായിരുന്നു. അവർ രണ്ടാളും ചേർന്ന് പയ്യനെ വിചാരണ ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്​തു. ഇതുകണ്ട് അങ്ങോട്ടു വന്ന കന്നടി അത് ചോദ്യം ചെയതു. അപ്പോഴാണ് അവർ രണ്ടാളും ചേർന്ന് കന്നടിയെ തല്ലിയത്. ഒരു പണിയനായ കന്നടി അവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തത് സമ്പന്ന ക്രിസ്ത്യാനികളായ അവർക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

വി. എസ്. അച്ചുതാനന്ദൻ എന്ന നേതാവ് ആദിവാസികൾക്കുവേണ്ടി രംഗത്തിറങ്ങും വരെ സുൽത്താൻ ബത്തേരി ഒരു വയനാടൻ നഗരമായിരുന്നില്ല, പ്രിട്ടോറിയയായിരുന്നു.

എന്തായാലും കന്നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ഒന്നും സംഭവിച്ചില്ല. പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമത്തിലെ വകുപ്പുകൾ പോലും ചുമത്തിയില്ല. കോൺഗ്രസുകാരനായിരുന്ന ഔസേപ്പുചേട്ടൻ കെ.കരുണാകരന്റെ ഭരണമായിരുന്നതിനാൽ സ്വാധീനമുപയോഗിച്ച് കേസൊതുക്കുകയായിരുന്നു. അതിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ വൈക്ലബ്യം തീർക്കാൻ കന്നടിയെക്കൊണ്ട് മുഖ്യമന്ത്രിക്കൊരു പരാതി അയച്ചു. കോപ്പികൾ പട്ടിക വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും കൊടുത്തു. വൈകാതെ ഇലക്ഷൻ വരികയും നായനാർ മുഖ്യമന്ത്രിയാവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് കന്നടിയുടെ പരാതിയിൽ നടപടി സ്വീകരിച്ച് ഔസേപ്പ് ചേട്ടനും ശിങ്കിടിക്കുമെതിരെ മേൽപ്പറഞ്ഞ നിയമപ്രകാരം കേസെടുത്തു. അതിനുശേഷം ഞങ്ങളുടെ പ്രദേശത്ത് ഒരാളും ആദിവാസികളെ ആൾക്കൂട്ട വിചാരണ നടത്തുകയോ കൈകാര്യം ചെയ്യുകയോ ചെയ്തിട്ടില്ല.

ആദിവാസികളെ കള്ളൻമാരും കൊള്ളരുതാത്തവരുമായി ചിത്രീകരിക്കുന്ന ഒരു പ്രത്യയശാസ്ത്രപരിസരം വയനാട്ടിലുണ്ട്. അടിമപ്പണിക്കാരും പ്രകൃതിവിഭവങ്ങൾ പെറുക്കിയെടുക്കുന്ന ജീവിതശൈലിയുള്ളവരുമായ (Food Gathering) പണിയർക്കെതിരെ ഇത്തരം നൃശംസതയാർന്ന അപമാനവീകരണങ്ങൾ വളരെയധികം സാധ്യമാണ്. അതിൽ സവർണരും സമ്പന്നരുമായ കുടിയേറ്റക്കാർ താൻ മുന്നേ താൻ മുന്നേ എന്ന പക്ഷക്കാരുമാണ്.

വർഗീസിന്റെ സഖാക്കളായ അടിയരിലെ പുരുഷന്മാരെ കൊടിയ മർദ്ദനമുറകൾക്ക് വിധേയരാക്കുകയും, ജയിലിലടക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരെ അതിക്രൂരമായ ലൈംഗികാതിക്രമങ്ങൾ നടത്തുകയായിരുന്നു ജനാധിപത്യ കേരളത്തിലെ നീതിന്യായ പരിപാലന സേന.

ആദിവാസികളെ അടിച്ചമർത്താൻ തുടങ്ങിയത് നൂറ്റാണ്ടുകൾക്കു മുന്നേ ബ്രിട്ടീഷ് പട്ടാളമാണ്. എഴുപതുകളിൽ വർഗീസിനെതിരെയുള്ള പൊലീസ് നടപടിയോടെ അത് കരാളരൂപം കൈക്കൊണ്ടു. വർഗീസിന്റെ സഖാക്കളായ അടിയരിലെ പുരുഷന്മാരെ കൊടിയ മർദ്ദനമുറകൾക്ക് വിധേയരാക്കുകയും, ജയിലിലടക്കുകയും ചെയ്തു. സ്ത്രീകൾക്കെതിരെ അതിക്രൂരമായ ലൈംഗികാതിക്രമങ്ങൾ നടത്തുകയായിരുന്നു ജനാധിപത്യ കേരളത്തിലെ നീതിന്യായ പരിപാലന സേന. അത് അച്ഛനില്ലാത്ത കുട്ടികളുടേയും അവിവാഹിത അമ്മമാരുടേയും വംശ പരമ്പരയുടെ തുടക്കമായിരുന്നു. വർഷങ്ങൾക്കിപ്പുറം രാമചന്ദ്രൻ നായർ എന്ന പൊലീസുകാരന്റെ വെളിപ്പെടുത്തലോടെ വർഗീസിന്റെ കൊലപാതകം അന്വേഷിക്കപ്പെട്ടു. കോടതി പ്രതികളെ ശിക്ഷിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തു. പക്ഷേ അജിത എന്ന സ്ത്രീയും അടിയ സ്ത്രീപുരുഷന്മാരും അനുഭവിച്ച അതിക്രമങ്ങളും പീഡനങ്ങളും ആരാലും അന്വേഷിക്കപ്പെടാതെ, ഒരു കോടതിയുടെ മുന്നിലും വിചാരണ ചെയ്യപ്പെടാതെ, സഹനങ്ങൾ മാത്രമായി അവസാനിച്ചു.

ആദിവാസികളിലെ ഏറ്റവും നിസ്വരും അധസ്ഥിതരും ഭൂരഹിതരുമായ പണിയരും അടിയരും കാട്ടുനായ്ക്കരും ചേർന്ന് 20 വർഷങ്ങൾക്കുമുമ്പ് നടത്തിയ മുത്തങ്ങ സമരം ഐതിഹാസികമായിരുന്നു എന്നു മാത്രമല്ല മേൽപറഞ്ഞ വിഭാഗങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമായിരുന്നു. അടിയ വിഭാഗക്കാരിയായ സി.കെ. ജാനുവാണതിന് നേതൃത്വം കൊടുത്തത്. ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളിലൂടെ ഓർഗാനിക് ആയി ഉയർന്നുവന്ന നേതാവാണവർ.

മുത്തങ്ങ സമരത്തെതുടർന്ന്​ അറസ്​റ്റിലായ സി.കെ. ജാനുവിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നു. അറസ്​റ്റിനുശേഷം അതിക്രൂരമായ ​മർദ്ദനത്തിനുശേഷമാണ്​ പൊലീസ്​ അവരെ കോടതിയിൽ ഹാജരാക്കിയത്​

സമരത്തിലുപരി സർക്കാരും കുടിയേറ്റ അധീശത്വമുള്ള പൊതുസമൂഹവും ആ സമരത്തെയും സി.കെ. ജാനുവിനെയും നേരിട്ട രീതിയാണിവിടെ വിഷയം. കുടിയേറ്റക്കാരാൽ നയിക്കപ്പെടുന്ന പാർട്ടികളും സംഘടനകളും നേതാക്കന്മാരും (ആദിവാസി സ്‌നേഹികളും പരിസ്ഥിതിവാദികളുമടക്കം) വെക്കടാ വെടി എന്നു പൊലീസിനോട് അക്രോശിച്ച്​ മുത്തങ്ങയിലേക്ക് മാർച്ച് ചെയ്യുന്നതാണന്ന് നാം കണ്ടത്. ജാനുവിനില്ലാത്ത കുറ്റങ്ങളില്ലായിരുന്നു. വിദേശ ഫണ്ടു കൈപ്പറ്റുന്നവൾ, തീവ്രവാദി, നക്‌സലൈറ്റിന്റെ സഹകാരി, കാട് കയ്യേറിയവൾ, മാനിനെ വേട്ടയാടിയവൾ അങ്ങനെ അങ്ങനെ... അതുകൊണ്ട് അവളെയും സംഘത്തെയും ബലം പ്രയോഗിച്ചോ വെടിവെച്ചോ ഒഴിപ്പിക്കുക.

അന്ന് ഒരു പൊലീസ് ഐ.ജി ചാനൽ ചർച്ചയിൽ പറഞ്ഞത്, ഇത്രയും ജനപിന്തുണയുള്ള ഒരു വെടിവെപ്പ് തങ്ങൾ നടത്തിയിട്ടില്ലെന്നാണ്​. ആദിവാസികളോടുള്ള വംശവെറി മാത്രമല്ല, ഏറ്റം വന്നാലിത്ര വരാമോ എന്ന മനോഭാവം കൂടിയായിരുന്നു അത്.

വയനാട്ടിലെ സർക്കാർ ആതുരാലയങ്ങളുടെ അവസ്ഥയുടെയും കെടുകാര്യസ്ഥതയുടേയും ഭീകരാവസ്ഥ കൊണ്ടാണ്​പ്രസവത്തിന്​ ഒരു ആദിവാസി സ്ത്രീക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകേണ്ടിവരുന്നത്.

ആദിവാസികളെ വെടിവെച്ച് കൊന്നതോ കാട്ടിൽ നിന്ന് അടിച്ചോടിച്ചതോ മാത്രമല്ല പ്രശ്‌നം. വി. എസ്. അച്ചുതാനന്ദൻ എന്ന നേതാവ് ആദിവാസികൾക്കുവേണ്ടി രംഗത്തിറങ്ങും വരെ സുൽത്താൻ ബത്തേരി ഒരു വയനാടൻ നഗരമായിരുന്നില്ല, പ്രിട്ടോറിയയായിരുന്നു. ആദിവാസികളെ കണ്ടാൽ വളഞ്ഞുവെച്ച് മർദ്ദിച്ച് പൊലീസിലേൽപ്പിക്കാൻ മുൻകൈയെടുത്തത് പരിസ്ഥിതിക്കാരും രാഷ്ട്രീയക്കാരും ട്രേഡ് യൂണിയൻ നേതാക്കളുമൊക്കെയായിരുന്നു. അവരുടെ നേതൃത്വത്തിൽ ആദിവാസി വിരുദ്ധതയുടെ മൂർത്തീമദ്ഭാവങ്ങളായ കുടിയേറ്റക്കാരായിരുന്നു. മുത്തങ്ങ കേസിൽ അറസ്റ്റു ചെയ്യപ്പെട്ട കുട്ടികളടക്കമുള്ള ആളുകൾക്കേറ്റ മർദ്ദനവും പീഡനങ്ങളും വിവരണാതീതമാണ്. കാരണം ഒരു പൊലീസുകാരന്റെ മരണമാണ്. വിസ്തരഭയത്താൽ കൂടുതൽ എഴുതുന്നില്ല.

മുത്തങ്ങ സമരഭൂമിയിൽ നടന്ന പൊലീസ് അതിക്രമം ​ / Source: Adivasi Gothramahasabha

ചീഫ് സെക്രട്ടറിയുടേയും ഡി.ജി.പി.യുടേയും റിപ്പോർട്ട് തള്ളി കേന്ദ്ര മനുഷ്യാവകാശ കമീഷനും പട്ടിക വർഗ കമീഷനും ആവശ്യപ്പെട്ടതു പ്രകാരമാണ് സി.ബി.ഐ മുത്തങ്ങ കേസുകൾ അന്വേഷിക്കാനെത്തിയത്. ആദിവാസികൾക്കെതിരെ നടന്ന അതിക്രമങ്ങൾ അന്വേഷിക്കണമെന്ന കമീഷൻ ശുപാർശ അട്ടിമറിച്ചാണ് അന്വേഷണം നടന്നത്. അതുകൊണ്ടുതന്നെ ആ അതിക്രമങ്ങളുടെ പെരുമഴക്കാലം ആരാലും അന്വേഷിക്കപ്പെടാതെ, വിചാരണ ചെയ്യപ്പെടാതെ ചരിത്രത്തിൽ തമസ്‌കരിക്കപ്പെട്ടു കിടക്കുന്നു. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമത്തിനെതിരെ ആ കേസിൽ പ്രതി ചേർക്കപ്പെട്ട് മർദ്ദനത്തിന് വിധേയനായ ഞാൻ കൊടുത്ത കേസിൽ കിട്ടിയ അനുകൂല വിധി അട്ടിമറിക്കാൻ പൊലീസുകാർക്കുവേണ്ടി അപ്പീൽ നൽകിയത് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരാണ്. ആദിവാസി വിരുദ്ധതയും പൊലീസ് അതിക്രമവുമൊക്കെ വിഷയമാകുമ്പോൾ ആന്റണിയും പിണറായിയുമൊക്കെ ഒരേ തരക്കാരാവുന്നതാണ് നാം കാണുന്നത്.

വിശ്വനാഥന്റെ കാര്യത്തിൽ ആത്മഹത്യ ചെയ്യുന്ന ഒരു പ്രശ്ന​വും ഇല്ലായിരുന്നു. ഡിപ്രഷനോ മരണാസക്തിയോ ഉണ്ടായിരുന്നില്ല. ഭാര്യ കുഞ്ഞിന് ജന്മം നൽകി, അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ചെലവിന് ആവശ്യത്തിനുള്ള പണം കയ്യിലുണ്ട്. പിന്നെയെന്തിനയാൾ ആത്മഹത്യ ചെയ്യണം?

കല്പറ്റയിലെ ആദിവാസി യുവാവ് വിശ്വനാഥൻ വളരെ വർഷങ്ങളുടെ ദാമ്പത്യത്തിനു ശേഷം, ഗർഭിണിയായ ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്നു. അതുകൊണ്ടുമാത്രം അയാൾക്ക് ആശുപത്രിക്കുപുറത്ത് കാത്തിരിക്കേണ്ടിവരുന്നു. വയനാട്ടിലെ സർക്കാർ ആതുരാലയങ്ങളുടെ അവസ്ഥയുടെയും കെടുകാര്യസ്ഥതയുടേയും ഭീകരാവസ്ഥ കൊണ്ടാണ്​പ്രസവത്തിന്​ ഒരു ആദിവാസി സ്ത്രീക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകേണ്ടിവരുന്നത്.

ആത്മഹത്യാ മനോഭാവം ആദിവാസികളിൽ കുറവാണ്. വയനാട്ടിൽ കർഷകർ ജീവിതദുരിതം കൊണ്ട് ആത്മഹത്യ ചെയ്യുമ്പോഴും അവരെ ആശ്രയിച്ച് ജീവനോപാധികൾ ശേഖരിച്ചിരുന്ന ആദിവാസികൾ അങ്ങനെ ചെയ്തിരുന്നില്ല. 30 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള ആദിവാസി പുരുഷന്മാരുടെ സംഖ്യ വളരെയധികം കുറയുന്നതായി ഒരു പഠനം 2006 ൽ കണ്ടെത്തിയിരുന്നു (WAYANAD INITIATIVE , Centre of Excellence -Indian Institute of Management Kozhikode). പുരുഷന്മാരുടെ മരണകാരണങ്ങളിൽ പ്രധാനമായി അവർ കണ്ടെത്തിയത് ആത്മഹത്യയായിരുന്നില്ല. 31 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ മൂന്നെണ്ണം മാത്രമേ ആത്മഹത്യ ഉണ്ടായിരുന്നുള്ളു. 25 മരണങ്ങൾക്കും കാരണമായി കണ്ടെത്തിയത് അപകടവും ഗുരുതര രോഗങ്ങളും മറ്റുമായിരുന്നു. രണ്ട്​ കൊലപാതകങ്ങളും അമിത മദ്യപാനം മൂലമുള്ള ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന അട്ടപ്പാടിയിലെ മധു

വിശ്വനാഥന്റെ കാര്യത്തിൽ സാധാരണ, ആളുകൾ ആത്മഹത്യ ചെയ്യുന്ന ഒരു പ്രശ്ന​വും ഇല്ലായിരുന്നു. ഡിപ്രഷനോ മരണാസക്തിയോ ഉണ്ടായിരുന്നില്ല. ഭാര്യ കുഞ്ഞിന് ജന്മം നൽകി, അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. ആശുപത്രിയിൽ ചികിത്സ സൗജന്യമാണ്, അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യും. ചെലവിന് ആവശ്യത്തിനുള്ള പണം കയ്യിലുണ്ട്. പിന്നെയെന്തിനയാൾ ആത്മഹത്യ ചെയ്യണം?

അതിനിടെ നടന്ന ഒരു സംഭവം കൂട്ടിരുപ്പുകാർക്കിരിക്കാനുള്ള കേന്ദ്രത്തിൽ നടന്ന സംഭവമാണ്. ആരുടേയോ മൊബൈൽ ഫോണും പണവും നഷ്ടപ്പെട്ടതിന് പ്രതി ചേർക്കപ്പെടാനും വിചാരണ ചെയ്യപ്പെടാനും ആൾക്കൂട്ടം കണ്ടെത്തിയത് വിശ്വനാഥനെയായിരുന്നു. അതിനുള്ള ഒരേയൊരു കാരണം അയാൾ ആദിവാസിയാണെന്നതായിരുന്നു. അതും മുഷിഞ്ഞ വേഷം ധരിച്ച വയനാട്ടിലെ ഏറ്റവും അധഃസ്ഥിത വിഭാഗമായ പണിയ ഗോത്രത്തിൽ പെടുന്ന ഒരാൾ. മുത്തങ്ങയിലെപ്പോലെ അവിടെയുണ്ടായിരുന്ന ആൾക്കൂട്ടം ആക്രോശിച്ചു, ഇതാ ഇവനെ കണ്ടാൽ തന്നെ അറിയാം കള്ളനാണെന്ന് അവനെ പിടിക്കൂ. അങ്ങനെയാണ്​ വിശ്വനാഥൻ മരണത്തിലേക്ക് ഓടിക്കയറിയത്.
ആൾക്കൂട്ട കൊലപാതകം തന്നെയാണത്.

വയനാട്ടിലെ ശോഭയെന്ന ആദിവാസി സ്ത്രീയുടെ മരണം അവരും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും, നാളേറെയായിട്ടും, ഇതുവരെ തുമ്പ്​ കിട്ടിയിട്ടില്ലെന്നാണറിയുന്നത്.

ആദിവാസികൾക്കുനേരെയുള്ള ഹത്യകളും പാതകങ്ങളും കേരളത്തിൽ നിറയുകയാണ്. വലിയ വകുപ്പുകൾ ഉൾക്കൊള്ളുന്ന പട്ടികവർഗ പീഡന നിരോധന നിയമമുണ്ട്. അടുത്ത കാലത്തതിന്റെ കരചരണങ്ങളരിയാനുള്ള കോടതിയുടെ ശ്രമത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. കേരളത്തിലെ എസ്​.എം.എസ് സംവിധാനം (പട്ടിക വർഗക്കാർക്കെതിരെയുള്ള അതിക്രമം അന്വേഷിക്കാൻ ചുമതലപ്പെട്ട പൊലീസ് സേന) ഇരകൾക്കുവേണ്ടിയാണോ പ്രതികൾക്കു വേണ്ടിയാണോ പ്രവർത്തിക്കുന്നതെന്നു സംശയം തോന്നും. വയനാട്ടിലെ ശോഭയെന്ന ആദിവാസി സ്ത്രീയുടെ മരണം അവരും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും, നാളേറെയായിട്ടും, ഇതുവരെ തുമ്പ്​ കിട്ടിയിട്ടില്ലെന്നാണറിയുന്നത്. പട്ടിക വർഗ കമീഷൻ, എം.എൽ.എമാർ, മന്ത്രി, മറ്റു ജനപ്രതിനിധികൾ, പ്രത്യേക കോടതികൾ, പ്രോസിക്യൂഷൻ, ഭരണഘടന നൽകുന്ന പ്രത്യേക പരിഗണന, കോടിക്കണക്കിന് ഫണ്ട്... എന്നിട്ടും മധുവും വിശ്വനാഥനും ശോഭയുമൊക്കെ കൊല്ലപ്പെടുന്നു, നവോത്ഥാനാനന്തര കേരളത്തിൽ. ▮


കെ.കെ. സുരേന്ദ്രൻ

എഴുത്തുകാരൻ. സുൽത്താൻ ബത്തേരി ‘ഡയറ്റ്'ൽ സീനിയർ ലക്ചററായിരുന്നു. വയനാട് മുത്തങ്ങയിൽ ആദിവാസി ഗോത്രമഹാസഭ നടത്തിയ ഭൂസമരത്തിൽ(2003) പ്രതി ചേർക്കപ്പെട്ടു. അതിക്രൂരമായ പൊലീസ്​ മർദ്ദനത്തിനിരയായി.

Comments