Photo: Wikimedia Commons

ഹിന്ദുത്വമൂശയിൽ വനവാസിയായി മാറുന്ന ആദിവാസി

ഹനുമാൻ ചെയ്തതുപോലെ, ഏത് ആദിവാസിയും ചങ്കു പിളർന്നാൽ, അവിടെ സിംഹാസനത്തിൽ നവ ലിബറൽ പരിഷ്ക്കാരങ്ങളുമായി ചക്രവർത്തിയുടെ രൂപം ദൃഷ്ടമാക്കുക എന്നതാണ് ഹിന്ദുവൽക്കരണ ലക്ഷ്യം.

നവ ലിബറലിസം:
സർവാരാധനയുടെ പുറകിലെ ​​​​​​​
രാഷ്​ട്രീയം- 15

ധുനിക ഇന്ത്യാ ചരിത്രത്തിൽ കോളനിവാഴ്ചയുമായി കൈകോർത്ത്​ ബ്രാഹ്മണമത പ്രത്യയശാസ്ത്രം ഹിന്ദുമതമെന്ന പേരിൽ വ്യത്യസ്ത സംസ്ക്കാരങ്ങളുള്ള അനേകം ജനസമൂഹങ്ങളെ സ്വാംശീകരിച്ചു കീഴടക്കി, അതിന്റെ മതാധികാരം എല്ലാവരിലേക്കും കൂടുതൽ വ്യാപിപ്പിക്കുകയും അത് രാഷ്ട്രീയാധികാരമായി പരിവർത്തിപ്പിക്കുകയും ചെയ്തു. എന്നാൽ കോളനിവാഴ്ചക്കും അതിന്റെ കൂട്ടുപങ്കാളിയായ ബ്രാഹ്മണാധിപത്യത്തിനും എതിരെയുള്ള അടിത്തട്ടു ജനതയുടെ കോളനിവിരുദ്ധ സ്വാതന്ത്ര്യസമരങ്ങൾ വിദേശ ഭരണത്തോടൊപ്പം ജാതിവ്യവസ്ഥയെയും ദുർബ്ബലപ്പെടുത്തി. പകരം ബ്രാഹ്മണാധിപത്യത്തിന്റെ അന്തഃസത്തയായ വിവേചനത്തിനും അസമത്വത്തിനും എതിരെ, ബുദ്ധദർശനങ്ങളുടെ കാതലായ സാഹോദര്യത്തെയും സമത്വത്തെയും ഇന്ത്യൻ സംസ്ക്കാരത്തിന്റെ അടിസ്ഥാനശിലകളായി കൂടിയിരുത്തുകയും ചെയ്തു. ബുദ്ധധർമ്മ പ്രതീകങ്ങളായ അശോകസ്തംഭവും അശോകചക്രവും സ്വതന്ത്ര ഭാരതത്തിന്റെ ഔദ്യോഗിക മുദ്രയാകുന്നത് ഇങ്ങനെയാണ്. അതായത്, ഇന്ത്യൻ സ്വാതന്ത്ര്യസമരം പുറത്തേക്ക് വിദേശാധിപത്യത്തിനെതിരെയുള്ളതായിരുന്നെങ്കിൽ അകത്തേക്ക്​ അത് ബ്രാഹ്മണാധിപത്യ ജാതിവ്യവസ്ഥയെയും എതിരിട്ടു. കാരണം, ഇവ രണ്ടും പരസ്പരം പോഷിപ്പിക്കുന്നവയായിരുന്നു.

ഇന്നത്തെ പാർലമെന്ററി ജനായത്തത്തിൽ അധികാരലബ്ധിയുടെ ആദ്യത്തെയും അവസാനത്തെയും വാക്ക് ഭൂരിപക്ഷമാകുന്നതിനാൽ, മതം നേരിട്ടുതന്നെ ഭൂരിപക്ഷ സൃഷ്ടിക്കുള്ള വൈകാരികോപാധിയായി മാറിയിരിക്കുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യപ്രാപ്തിയോടെ രാഷ്ട്രീയാധികാരത്തിൽ നിന്ന്​ പ്രത്യക്ഷത്തിൽ പിൻവാങ്ങേണ്ടിവന്ന വിവേചനത്തിന്റെ ബ്രാഹ്മണ്യപ്രത്യയശാസ്ത്രം അധികാരത്തിൽ തിരികെയെത്തുന്നത്, അതിന്റെ വലയത്തിൽ അതേവരെ പെടാതിരുന്ന ആദിവാസി ജനതയെയും ഇതര അസ്പർശ്യ അടിത്തട്ടു സമൂഹങ്ങളെയും ഹിന്ദുവൽക്കരണത്തിനു വിധേയമാക്കിക്കൊണ്ടാണ്. മതത്തെ ദേശീയതയുമായി താദാത്മ്യപ്പെടുത്തിയ ഹിന്ദുത്വാശയമെന്നത് ബ്രാഹ്മണിക് - വൈദേശിക വാഴ്ചയിലൂടെ സൃഷ്ടിക്കപ്പെട്ട ആപൽസന്തതിയത്രേ. ഇന്നത്തെ പാർലമെന്ററി ജനായത്തത്തിൽ അധികാരലബ്ധിയുടെ ആദ്യത്തെയും അവസാനത്തെയും വാക്ക് ഭൂരിപക്ഷമാകുന്നതിനാൽ, മതം നേരിട്ടുതന്നെ ഭൂരിപക്ഷ സൃഷ്ടിക്കുള്ള വൈകാരികോപാധിയായി മാറിയിരിക്കുന്നു. ഭൂരിപക്ഷത്തെ അനുസരിക്കുക എന്ന ഗതികേടായി ജനായത്തം എത്തപ്പെട്ടിരിക്കുന്ന ദുർഘടസന്ധിയിൽ ഹിന്ദുവൽക്കരണമാണ് ഇന്ത്യയിൽ അധികാരത്തിന്റെ രാഷ്ട്രീയായുധം.

സ്വാതന്ത്ര്യപ്രാപ്തിയോടെ രാഷ്ട്രീയാധികാരത്തിൽ പിൻവാങ്ങേണ്ടിവന്ന ബ്രാഹ്മണ്യപ്രത്യയശാസ്ത്രം അധികാരത്തിൽ തിരികെയെത്തുന്നത്, ആദിവാസി ജനതയെയും ഇതര അസ്പർശ്യ അടിത്തട്ടു സമൂഹങ്ങളെയും ഹിന്ദുവൽക്കരണത്തിനു വിധേയമാക്കിക്കൊണ്ടാണ്. / Photo: Wikimedia Commons

ഇന്ത്യയിൽ ഹിന്ദുവൽക്കരണത്തിന്​ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും, ഭൂരിപക്ഷ രാഷ്ട്രീയാധികാരത്തിന്റെ വരവോടെ ഹിന്ദുവൽക്കരണം അടിത്തട്ടു സമൂഹങ്ങളിൽ സാംസ്ക്കാരികമായ അധിനിവേശമായി കൂടി പരിണമിച്ചിരിക്കുന്നു. അതായത്, ലിബറൽ രാഷ്ട്രീയ സന്ദർഭത്തിൽ തദ്ദേശീയ സമൂഹങ്ങളിൽ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം ആഭ്യന്തര കോളനിവൽക്കരണമാണ്. ഉദാഹരണമായി ഇംഗ്ലീഷും സംസ്കൃതവും ഒരേ കാലത്താണ് ആര്യവർണ മഹിമയുടെ തത്സ്വരൂപങ്ങളെന്ന വിധം നാട്ടുഭാഷാസംസ്ക്കാരങ്ങൾക്കുമേൽ അധികാര ശക്തിയായി മാറുന്നത്. ഇംഗ്ലീഷിനെയും സംസ്കൃതത്തെയും വരേണ്യമായും ഇതര ഭാഷാസംസ്ക്കാരങ്ങളെ അധഃകൃതമായും കാണുന്ന പാരമ്പര്യമാണ് കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ സംഭാവന. അതായത്, കോളനിയുഗം ആംഗലേയവൽക്കരണത്തിന്റെ നാളുകൾ മാത്രമല്ല, ബ്രാഹ്മണ്യ സംസ്ക്കാര മഹിമ നാട്ടുസമൂഹങ്ങളിൽ പടർത്തി, അവരിൽ ഇരട്ട അപകർഷത വരുത്തി തീർത്ത കാലം കൂടിയാണ്.

വിദേശാധിപത്യത്തിന്റെ ന്യായീകരണഭാഷ ഇംഗ്ലീഷാണെങ്കിൽ, അതിനൊപ്പം ആഭ്യന്തര കോളനീകരണമായി സഞ്ചരിച്ച ബ്രാഹ്മണാധിപത്യത്തിന്റെ അടയാളം സംസ്കൃതമാണ്.

വള്ളത്തോൾ, ഒരു വശത്ത് സ്വാതന്ത്ര്യസമര പ്രചോദിതനായി കവിതകൾ എഴുതിയപ്പോൾ, അതേ കാലത്തു തന്നെ മലയാളത്തെ ‘തറവാട്ടമ്മ’യായി പുകഴ്ത്തിയത് അറിയാമല്ലോ. എന്നാൽ മറ്റൊരു കവിതയിൽ സംസ്കൃതത്തെയും മലയാളത്തെയുമാണ് അദ്ദേഹം നേർക്കുനേർ നിർത്തിയത്. അതിൽ മേല്പത്തൂർ, പൂന്താനത്തിന്റെ പച്ച മലയാളകൃതിയെ അധിക്ഷേപിച്ചപ്പോൾ, നാരയണീയ കവിക്ക്​ അതിന്​ ദൈവശിക്ഷയായി പഴയ വാതരോഗം വീണ്ടും മൂർച്ഛിച്ചു. ഭാഷ സംസ്ക്കാരത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ദേശീയതയുടെയും വർണ്ണമഹത്വത്തിന്റെയും ഒക്കെ പ്രതീകമായി മാറുന്നത്​ കോളനിയുഗത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇംഗ്ലീഷെന്ന പോലെ സംസ്കൃതവും അധികാരത്തിന്റെയും ആഭിജാത്യത്തിന്റെയും ചിഹ്നമായി പ്രകീർത്തിക്കപ്പെടുന്ന ആഭ്യന്തര അധിനിവേശത്തിന്റെ സൂക്ഷ്മ കാലാവസ്ഥയോടുള്ള അബോധപരമായ കാവ്യാത്മക പ്രതിഷേധമാകാം, വള്ളത്തോളിന്റെ ‘ഭക്തിയും വിഭക്തിയും’ എന്ന ഈ രചന.

വള്ളത്തോള്‍ നാരായണ മേനോന്‍

വിദേശാധിപത്യത്തിന്റെ ന്യായീകരണഭാഷ ഇംഗ്ലീഷാണെങ്കിൽ, അതിനൊപ്പം ആഭ്യന്തര കോളനീകരണമായി സഞ്ചരിച്ച ബ്രാഹ്മണാധിപത്യത്തിന്റെ അടയാളം സംസ്കൃതമാണ്. ‘നമസ്തേ സദാ വൽസലേ മാതൃഭൂമീ...’ എന്ന ആർ.എസ്.എസ്. ശാഖകളിലെ വന്ദനഗീതം നോക്കുക. അതിൽ സംസ്കൃതവും മാതൃഭൂമിയും ബ്രാഹ്മണ്യ രാഷ്ട്രീയവും തമ്മിൽ കലർന്ന്​ ഒരൊറ്റ നിറമായിരിക്കുന്നതു കാണാം. ഭാഷയുടെ അപ്രമാദിത്വം വർണ്ണമേന്മയുടെ ഔന്നത്യമായും, രാഷ്ട്രീയാധികാരത്തിനുള്ള അംഗീകാരമായും, ഭാഷ മതത്തിന്റെ പര്യായമായും, മതം ദേശരാഷ്ട്രമായും സ്ഥലജലവിഭ്രാന്തി സൃഷ്ടിച്ച്​ കാല്പനികമായ പുരാണചരിത്രത്തിൽ പ്രജകളെ രമിപ്പിക്കുന്നു, ഭാഷകൊണ്ടുള്ള ഈ ആഭിചാരക്രിയ.

വിദേശവാഴ്ച പിൻവാങ്ങിയതോടെ പ്രത്യക്ഷ മതരാഷ്ട്രീയം അസാധ്യമാക്കപ്പെട്ട സ്വാതന്ത്ര്യാനന്തര വർഷങ്ങളിൽ, പാർലമെന്ററി ജനായത്തത്തിലെ മാരക വൈകല്യമായ കേവല ഭൂരിപക്ഷ മേൽക്കോയ്മയെ നേടിയെടുക്കുന്നതിലേക്കായി ഹിന്ദുത്വ രാഷ്ട്രീയം ആദിവാസി ഊരുകളിലേക്കു കടന്നുചെന്ന്​, അവശേഷിക്കുന്ന ഹിന്ദുവൽക്കരണം പൂർത്തികരിക്കുന്നതു കാണാം. എന്നാൽ ഈ മതപരിവർത്തന തീവ്രയജ്ഞം സർവ്വവ്യാപിയാകുന്നത് നവലിബറൽ പരിഷ്ക്കാരങ്ങൾ ഇവിടെ ആരംഭിച്ചപ്പോൾ മുതലാണ്. കാരണം, ഭരണഘടന വാഗ്ദാനം ചെയ്ത ആദിവാസി അവകാശങ്ങൾ കാറ്റിൽപ്പറത്തി മാത്രമേ നവലിബറൽ മൂലധന വിഭവസമാഹരണം സാധ്യമാകൂ.

‘നമസ്തേ സദാ വൽസലേ മാതൃഭൂമീ...’ എന്ന ആർ.എസ്.എസ്. ശാഖകളിലെ വന്ദനഗീതം നോക്കുക. അതിൽ സംസ്കൃതവും മാതൃഭൂമിയും ബ്രാഹ്മണ്യ രാഷ്ട്രീയവും തമ്മിൽ കലർന്ന്​ ഒരൊറ്റ നിറമായിരിക്കുന്നതു കാണാം.

കോളനിവൽക്കരണം മൂന്നാംലോക ജനതയുടെ അധ്വാനവും ഭൂവിഭവങ്ങളും കരസ്ഥമാക്കിയുള്ള പാശ്ചാത്യ ലിബറൽ ലോകത്തിന്റെ ആധുനിക നിർമ്മിതിയെ കുറിക്കുന്നുവെങ്കിൽ, മൂന്നാംലോകങ്ങൾക്കകത്ത് അന്ന് ബാക്കി വെച്ചു പോയ അടിത്തട്ടു ജനതയുടെ അധ്വാനവും പ്രകൃതിവിഭവങ്ങളും ആഗോള മൂലധനമാക്കി പരിവർത്തിപ്പിക്കുന്ന അതിതീവ്ര പ്രക്രിയയാണ് നവ ലിബറലിസം. തൊഴിലാളി വർഗ്ഗത്തിന്റെ അധ്വാനം ചൂഷണം ചെയ്തല്ല പകരം, തദ്ദേശീയ ജനതയുടെ വിഭവങ്ങൾ കരസ്ഥമാക്കിയും വികലമാക്കിയും അവരെ നിരാലംബരാക്കിയുമാണ് നവ ലിബറൽ മൂലധന സംഭരണം മുന്നേറുന്നതെന്ന്​ ഡേവിഡ് ഹാർവി (David Harvey ) നിരീക്ഷിക്കുന്നുണ്ട്.

ഡേവിഡ് ഹാർവി

ആദിവാസി മേഖലകളിൽ ഭൗതികതലത്തിൽ അവരുടെ വിഭവങ്ങളിൽ നിന്ന്​ അവരെ അന്യവൽക്കരിച്ച്​, ഭരണകൂടവും കോർപ്പറേറ്റുകളം ചേർന്ന്​ പ്രകൃതിവിഭവങ്ങൾ സമാഹരിച്ച്​ മൂലധനക്കൊയ്ത്ത് നടത്തുന്ന അതേ കാലയളവിൽ തന്നെ, സാംസ്ക്കാരിക തലത്തിൽ ആദിവാസി പ്രദേശങ്ങളിൽ എൻ.ജി.ഒ.കളുടെ വേഷത്തിൽ വനവാസി കല്യാൺ ആശ്രമം തുടങ്ങിയ ഹിന്ദുവൽക്കരണ സ്ഥാപനങ്ങൾ പൂർവ്വാധികം സജീവമായി. അങ്ങനെ, ഇംഗ്ലീഷ് ഭരണം ആരംഭിച്ച 18-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങൾ മുതൽ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയോളം, സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലതെ സമരം ചെയ്ത ആദിവാസി ജനതയുടെ സഹജമായ ആത്മാഭിമാനത്തെ നിർവീര്യമാക്കി, അവരെ നവലിബറൽ തേരോട്ടത്തിൽ ഞെരിഞ്ഞമരുന്നവരാക്കി തീർക്കുന്നു ഹിന്ദുവൽക്കരണം. അന്ന് ബ്രിട്ടീഷ് വാഴ്ചയിൽ സെമീന്ദാരി സമ്പ്രദായം, കടും നികുതിപിരിവുകാർ, കച്ചവടക്കാർ, പലിശക്കാർ, വനനിയമം, പുനംകൃഷി നിരോധനം, ക്രിമിനൽ ട്രൈബ്‌സ് ആക്ട് എന്നീ രൂപങ്ങളിൽ ആദിവാസി ഭൂമിയെയും അവരുടെ ജീവനോപായങ്ങളെയും പ്രത്യക്ഷമായി തന്നെ കവർന്നെടുക്കുന്നതിനു മുന്നിൽ നിന്ന അധികാരജാതികൾ, ഇന്ന്​ ആദിവാസികളെ ഹിന്ദുവൽക്കരിച്ചാണ്​ നവ ലിബറൽ വിഭവസമാഹരണത്തെ സഹായിക്കുന്നത്.

ത്രിപുരയിൽ ആദിവാസി മേഖലയിലെ 20 സർക്കാർ വിദ്യാലയങ്ങൾ ‘ഇസ്കോൺ’ ( International Society for Krishna Consciousness) എന്നറിയപ്പെടുന്ന മതാനുബന്ധസംഘത്തിനു കൈമാറിയപ്പോൾ ഒരു വെടിക്കു രണ്ടു പക്ഷിയും വീഴുന്നതു നോക്കുക. വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം ഭരണകൂടം കൈയൊഴിയുന്നു എന്നു മാത്രമല്ല, തൽസ്ഥാനത്ത് ഇസ്കോണിന്റെ എൻ.ജി.ഒ. പ്രവർത്തനത്തിന്​ വാതിൽ തുറന്നു കൊടുത്ത്​ മതരാഷ്ട്രീയത്തെ അകത്തേക്കു പ്രവേശിപ്പിക്കുകയും ചെയ്യുന്നു.

സാംസ്ക്കാരിക തലത്തിൽ ആദിവാസി പ്രദേശങ്ങളിൽ എൻ.ജി.ഒ.കളുടെ വേഷത്തിൽ വനവാസി കല്യാൺ ആശ്രമം തുടങ്ങിയ ഹിന്ദുവൽക്കരണ സ്ഥാപനങ്ങൾ പൂർവ്വാധികം സജീവമായിട്ടുണ്ട്.

ഇസ്കോണിന്റെ ട്രൈബൽ കെയർ ട്രസ്റ്റിന്​ 2019- ൽ പൊതുവിദ്യാലയങ്ങൾ കൈമാറുന്ന കരാറിനെ പറ്റി ത്രിപുര വിദ്യാഭ്യാസ മന്ത്രി രത്തൻ ലാൽ നാഥ് വാർത്താസമ്മേളനത്തിൽ ഇങ്ങനെ പറഞ്ഞു: ‘ഇസ്കോൺ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നൽകും. അവർക്ക് 20 പൊതുവിദ്യാലയങ്ങൾ ഞങ്ങൾ കൈമാറും. കുട്ടികളില്ലാത്തതിനാൽ പൂട്ടിയ 13 സ്ക്കൂളുകളും കുട്ടികൾ കുറഞ്ഞ സ്കൂളുകളും ഇതിൽ പെടും.’ ഇസ്കോൺ ട്രൈബൽ കെയർ ട്രസ്റ്റിന്റെ ചീഫ് കോഡിനേറ്റർ എച്ച്.ജി. ശ്രീധാം ഗോവിന്ദ ദാസ്, അവർ നൽകുന്ന വിദ്യാഭ്യാസത്തിൽ കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനെപ്പറ്റിയും മഹാഭാരത- രാമായണ കഥകൾ അവർക്കു പരിചയപ്പെടുത്തുന്നതിനെപ്പറ്റിയും പറയുന്നുണ്ട്. വേദസംസ്കാരത്തിലെ ഗൗഡിയ - വൈഷ്ണവ സമ്പ്രദായമായ ഏകദൈവ പാരമ്പര്യം തങ്ങൾ പിൻ തുടരുന്നതായി ഇസ്കോണിന്റെ വെബ്സൈറ്റിൽ ഉണ്ട്. 2014- ലെ ഇവരുടെ പ്രൊമോഷൻ വീഡിയോയിൽ, ആദിവാസികളിൽ ദേവതാരാധനയും ബ്രാഹ്മണ സംസ്ക്കാരവും പരിശീലിപ്പിക്കാൻ സന്നദ്ധപ്രവർത്തകരെ അയക്കുമെന്നു പറയുന്നു. ആദിവാസികളുടെ ഗോത്രസംസ്ക്കാരവും ഇസ്കോണിന്റെ തനിമയായ കൃഷ്ണഭക്തിയും ഒത്തുപോകുമെന്നവർ കരുതുന്നു. ആത്മീയരക്ഷയുടെ ഭാഗമായി ഹരിനാമസങ്കീർത്തനം, ഭജനകൾ, ജപമാല, ഭഗവത് ഗീത എന്നിവ ആദിവാസി കുട്ടികളെ പരിചയപ്പെടുത്തും.

ഏറെ നാളുകളായി മധ്യപ്രദേശ്, ചത്തീസ്ഗഡ്, ബീഹാർ, ജാർഖണ്ഡ്​, രാജസ്ഥാൻ, ഒഡിഷ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഹിന്ദുവൽക്കരണം ഇതേ ശൈലിയിൽ നടക്കുന്നുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കും അതിപ്പോൾ എത്തിയിരിക്കുന്നു. ഇസ്കോൺ നടത്തുന്ന ആദിവാസി വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിൽ നിന്ന്​ മുട്ട മാത്രമല്ല; ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കിയിരിക്കുന്നു. കുട്ടികളിൽ ‘സാത്വിക’ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതായി അവർ അവകാശപ്പെടുന്നു.

ഗോത്രവിഭാഗക്കാരെ ഹിന്ദുത്വ‍വല്‍ക്കരിക്കുന്നതിനെതിരെ മഹാരാഷ്ട്രയിലെ സാലേറില്‍ ഒത്തുകൂടിയ ഗോത്രവിഭാഗക്കാര്‍.

രാമകൃഷ്ണ മിഷൻ നടത്തുന്ന ഇത്തരം ഒരു റസിഡൻഷ്യൻ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ, ചത്തീസ്ഗഡിലെ ബസ്തറിലുള്ള ഗോണ്ട് വിഭാഗത്തിൽപ്പെട്ട സന്തോഷി മാർകാം (Santoshi Markam) പറയുന്നു, ‘‘ഞങ്ങളുടെ മാതാപിതാക്കളോടെ ഞങ്ങളുടെ ഗോണ്ടിഭാഷയുടെ ഉപയോഗം തീരും. എന്റെ സഹോദരങ്ങൾക്കാർക്കും ഗോണ്ടി അറിയില്ല. നിരക്ഷരരുടെയും പ്രാകൃതരുടെയും ഭാഷയായിട്ടാണ് അതിനെ സ്കൂളിൽ കാണുന്നത്. ആദിവാസിഭാഷ അവിടെ സ്വകാര്യ വർത്തമാനത്തിൽ പോലും വിലക്കിയിരിക്കുന്നു. അവിടെ ദിവസവും രാവിലെയും വൈകിട്ടും ഞങ്ങൾ ക്ഷേത്രത്തിൽ പോകണം. ഭക്ഷണത്തിനു മുമ്പ് പ്രാർത്ഥിക്കണം. കിടക്കാൻ നേരം മന്ത്രങ്ങൾ ചൊല്ലണം. സ്വാമിജി വന്നാൽ കാലുതൊട്ടു തൊഴണം. ഇതൊന്നും ഞങ്ങളുടെ സംസ്ക്കാരത്തിൽ ഉള്ളതല്ല. സ്ക്കൂളിൽ നിന്നും പുറത്തുവരുമ്പോൾ ഞങ്ങളിലെ ഗോത്രം ഏറെക്കുറെ പോയിരിക്കും. തദ്ദേശഭക്ഷണം ഞങ്ങൾക്കു അന്യമായി മാറും. എല്ലാവർക്കും സ്വന്തം സംസ്ക്കാരം അപമാനകരമായി തോന്നും. ഞങ്ങളുടെ പേരുകളും ഹിന്ദുവൽക്കരണത്തിനു കീഴ്പ്പെടുന്നു. ചാമ്രു എന്നത് ചന്ദ്രേഷ് എന്നോ ചന്ദ്രറാം എന്നോ മാറുന്നുണ്ട്. ഞങ്ങളുടെ നദികളുടെ പേരുകളും പുതുക്കപ്പെട്ടിട്ടുണ്ട്. സാംസ്ക്കാരിക വൈവിധ്യത്തിൽ അഭിമാനം കൊള്ളുമെങ്കിലും ഫലത്തിൽ സംഭവിക്കുന്നത് നേരെ എതിരാണ്.’’

സന്തോഷി മാർകാം

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30 എന്നിവ ആദിവാസികൾക്കു ഭാഷ ലിപി, സംസ്ക്കാരം ഇവയുടെ സംരക്ഷണം ഉറപ്പാക്കുന്നു. ആദിവാസികൾക്കന്യമായ സംസ്ക്കാരം അടിച്ചേൽപിക്കുന്നതിനെ അത് വിലക്കുന്നു. ആദിവാസികളെ പ്രാകൃതരായി കണ്ട്, അവരെ വിദ്യാഭ്യാസത്താൽ സംസ്ക്കാര സമ്പന്നരാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കേന്ദ്രപദ്ധതി പ്രകാരം അവർക്കായി റസിഡൻഷ്യൽ സ്ക്കൂളുകൾ വന്നത്. അവ ആശ്രമം, ശങ്കര കേന്ദ്ര എന്നിങ്ങനെ ഉന്നതജാതി ശീലങ്ങൾ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളായിരിക്കുന്നുവെന്നു 2014- ലെ ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (Report of the High-level Committee on Socio-economic, Health and Educational Status of Tribal Communities). 1960- ലെ കമ്മീഷൻ റിപ്പോർട്ട് (The Dhebar Commission) പറഞ്ഞു: ‘‘ആദിവാസി ഭാഷയും സാംസ്ക്കാരിക വിഭവങ്ങളും - നാടൻ കഥകൾ, പാട്ടുകൾ, ചരിത്രം എന്നിവ - ഉപയോഗിച്ചാകണം അവരുടെ വിദ്യാഭ്യാസം.’’
2005 ലെ നാഷണൽ കരിക്കുലം ഫ്രെയിംവർക്കും ഇതാവർത്തിക്കുന്നു.

ഇന്ദ്രാണി ശിഖാമണി

ആദിവാസി സമൂഹങ്ങളെ ആഭ്യന്തര കോളനിവൽക്കരണത്തിൽ നിന്ന്​ രക്ഷിക്കാൻ സ്വാതന്ത്ര്യാനന്തരം ഭരണഘടനയിലൂടെ കൊണ്ടുവന്ന നിയമപരിരക്ഷകൾ നിയോ ലിബറൽ വേളയിൽ സമ്പൂർണ്ണമായി അവഗണിക്കപ്പെടുന്നതിനെപ്പറ്റി ഇന്ദ്രാണി ശിഖാമണി (Indrani Sigamany ) എഴുതുന്നുണ്ട്. കോളനിവ്യവസ്ഥയിൽ ഭൂമി റവന്യൂവരുമാനമായി മാറ്റപ്പെട്ടതോടെ, ആദിവാസി മേഖലകളെ 1874-ൽ ഷെഡ്യൂൾഡ് ജില്ലകളാക്കി പ്രത്യേക ഭരണത്തിൻ കീഴിൽ കൊണ്ടുവന്ന്​ ഭൂമിയ്ക്കും ജനതക്കും മേലുള്ള അധികാരം കോളനിഭരണകൂടം ദൃഢപ്പെടുത്തി. ഇതേ അധികാരപ്രയോഗശൈലി പിന്നീട് സ്വതന്ത്ര ഇന്ത്യയിലും ആവർത്തിക്കുന്നുണ്ട്. 1972- ലെ വന്യജീവി സംരക്ഷണ നിയമവും 1980-ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ടും 1988- ലെ വന നയവും ചേർന്ന്​ തദ്ദേശീയ ജനതയെ വനത്തിൽ നിന്ന്​ നിഷ്ക്കാസിതരാക്കി. വനംവകുപ്പ് എന്ന യജമാനന്റെ അപ്രമാദിത്വം അവർക്കുമേൽ അടിച്ചേൽപ്പിച്ച്​ പരിസ്ഥിതി സംരക്ഷണം ഇക്കോളജിക്കൽ ഇംപീരിയലിസമായി നിലകൊള്ളുന്നു. മുത്തങ്ങയിലെ വെടിവെപ്പിൽ ഇതു നമ്മളെല്ലാം ശരിക്കും കണ്ടതാണല്ലോ.

ആദിവാസി അവകാശങ്ങളെ അട്ടിമറിച്ച ഭരണകൂടാധികാരത്തെ നിയന്ത്രിക്കുന്നതിനായിട്ടാണ് 2006- ൽ വനാവകാശ നിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. അതിൽ പറയുന്നു: ‘‘കോളനി കാലത്തും സ്വാതന്ത്ര്യാനന്തര കാലത്തും ആദിവാസികളുടെ പരമ്പരാഗതഭൂമിയിന്മേലുള്ള അവകാശം വനങ്ങളെ ഏകീകരിച്ചപ്പോൾ തിരിച്ചറിഞ്ഞില്ല. കാലങ്ങളായി തുടരുന്ന ആദിവാസി വിവേചനത്തിനു വിരാമമിടുന്നതിനാണ് ഈ നിയമം.’’
ഇന്ത്യയിൽ 200 ദശലക്ഷം ജനങ്ങൾ ഉപജീവനത്തിനായും താമസത്തിനായും വനത്തെ ആശ്രയിക്കുന്നു. അവർക്കുവേണ്ടിയായിരുന്നു വനാവകാശ നിയമം. അതിനാൽ വനാവകാശ നിയമം നടപ്പിലാക്കാനുള്ള ചുമതല പരിസ്ഥിതി വനം വകുപ്പിനല്ല, ആദിവാസിക്ഷേമ വകുപ്പിനാണ് നൽകിയത്.

2003-ല്‍ മുത്തങ്ങയില്‍ നടന്ന വെടിവെപ്പ്

എന്നാൽ, നിയോലിബറലിസം സമൂഹത്തിന്റെ അവകാശത്തിനുമേൽ വ്യക്തിയുടെ സ്വാതന്ത്ര്യം -കച്ചവടത്തിനുള്ള സ്വാതന്ത്ര്യം- മാത്രം സംരക്ഷിക്കുന്ന ഭരണകൂടത്തിന്റെ കാലമാണ്. ഇതാണ് നിയോലിബത്തിന്റെ രാഷ്ട്രീയസത്യമെന്ന് ഡാ ഐനർ തോഴ്സൺ (Dag Einar Thorsen ) പറയുന്നു. സാമൂഹ്യമണ്ഡലത്തെ സാമ്പത്തിക മണ്ഡലമാക്കി പുനർനിർവചിക്കുകയാണ് നവ ലിബറലിസമെന്നു ഫുക്കോയും പറയുന്നുണ്ട്. 1992 മുതൽ അന്താരാഷ്ട്ര തലത്തിൽ വന്ന വനസംരക്ഷണ നിയമങ്ങൾ വനത്തെ കോർപ്പറേറ്റ് വിഭവമായി കാണുന്നതിനാൽ ആദിവാസികൾക്കു നീതിയെന്നത് കിട്ടാക്കനിയാണ്. 2006- ലെ വനാവകാശ നിയമത്തിന്റെ ബലത്തിൽ, ഹിമാചൽ പ്രദേശിലെ ചമ്പാ ജില്ലയിൽ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ജലസ്രോതസ്സുകളെ നശിപ്പിക്കുന്നതിനെതിരെ ആദിവാസി സ്ത്രീകൾ സമാധാനപരമായി പ്രതിഷേധിച്ചപ്പോൾ സർക്കാർ അതിനെ നിർദ്ദയം നേരിടുകയും അവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. മറ്റെവിടെയും സമാനമായ പ്രതിഷേധങ്ങൾ മാർക്കറ്റിനായി അവഗണിക്കപ്പെടുന്നു.

ഡാ ഐനർ തോഴ്സൺ

നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ് എഴുതുന്നു: ‘‘രാജ്യത്തെ കൂലിഅടിമകളിൽ 83% ആദിവാസികളാണ്. അവരിൽ 85 ശതമാനവും ദാരിദ്ര്യരേഖയിൽ താഴെ കഴിയുന്നു. എന്നാൽ രാജ്യത്തെ 90% കൽക്കരി ഖനി, 72% വനം, 80% ധാതുക്കൾ ആദിവാസി ഭൂമിയിലാണുള്ളത്. 3000 ലേറെ ജലവൈദ്യുത പദ്ധതികളും ഇതേ ഭൂമിയിൽ തന്നെ.’’
ഈ വിഭവങ്ങളുടെ വിഹിതം തദ്ദേശീയർക്കു കിട്ടുന്നില്ല എന്നു മാത്രമല്ല, അവരുടെ ജീവശാസ്ത്രപരമായ അസ്തിത്വം പോലും നവലിബറൽ വികസനത്തിൽ കാഴ്ചയിൽ പെടുന്നില്ല.

പോസ്റ്റ് കൊളോണിയൽ സമൂഹത്തിൽ ദിശ മാറിയെങ്കിലും പ്രകൃതിവിഭവങ്ങൾക്കായുള്ള അക്രമാസക്തമായ വേട്ടയുടെ ലക്ഷ്യം മാറിയിട്ടില്ല. 1990 കൾ വരെയുള്ള ഖനനം, അണക്കെട്ട്, വ്യവസായം, പാർക്കുകൾ എന്നിങ്ങനെയുള്ള വികസനങ്ങൾക്കായി 21.3 ദശലക്ഷം മനുഷ്യർ കൂടിയൊഴിപ്പിക്കപ്പെട്ടപ്പോൾ, അവരിൽ 40% ആദിവാസികളും 20% ദലിതുകളുമാണ്. ആദിവാസി ജനസംഖ്യ ഏറെയുള്ള ഒഡീഷയിൽ ആദിവാസി മേഖലയിലെ 50% മുതൽ 80 % ഭൂമിയും വനം - റവന്യു വകുപ്പുകളുടെ അധീനതിയിലാക്കിയിരിക്കുന്നു. അവിടെ വികസന പ്രവർത്തനങ്ങൾക്കായി ഇറക്കിവിട്ടവരിൽ പകുതിയോളം, ജനസംഖ്യയുടെ 22% വരുന്ന ആദിവാസി ജനതയാണ്. ഭൂമിയുടെ അന്യാധീനപ്പെടലും ഗ്രാമീണ കാർഷിക തകർച്ചയും നഗരങ്ങളിലെക്കുള്ള മനുഷ്യരുടെ ഒഴുക്കിനെ ശീഘ്രതരമാക്കിയിരിക്കുന്നു. 625 സ്പെഷ്യൽ ഇക്കണോമിക് സോണുകൾക്കായി 2014 വരെ അര ദശലക്ഷം ഏക്കർ ഭൂമി ഏറ്റെടുത്തു. 1980- 2016- ൽ ഷെഡ്യൂൾഡ് ഏരിയയിൽ 15,10,146 ഹെക്ടർ കാട് മറ്റാവശ്യങ്ങൾക്കായി തരംമാറ്റുകയുണ്ടായി. ഇതിൽ 46 % വും നടന്നത് 2000 -2016 വർഷങ്ങളിലാണ്.

ഒഡീഷയില്‍ വേദാന്ത കമ്പനിക്കെതിരെ നിയമഗിരി ഗോത്രവിഭാഗം നടത്തിയ പ്രതിഷേധം / Photo: newsclick.in

മുൻ ആക്രമണങ്ങളിൽ നിന്നും സാമ്രാജ്യ സംസ്ഥാപനങ്ങളിൽ നിന്നും കോളനി സാമ്രാജ്യത്വം വ്യത്യസ്തമാകുന്നത്, അത് മനുഷ്യവർഗ്ഗത്തെ പറ്റി പുതിയതരം അറിവുകൾ നിർമ്മിച്ച്​, അതുവഴി അധിനിവേശത്തെ യുക്തിസഹമാക്കുകയും, അതിനെ ‘ശാസ്ത്രീയ’മായ അനിവാര്യതയാക്കുകയും ചെയ്യുന്നു എന്നതിനാലത്രേ. 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതൽ പാശ്ചാത്യലോകത്ത് നൂതനമായ ഒരു വിജ്ഞാനശാഖ - മനുഷ്യരെപ്പറ്റിയുള്ള ശാസ്ത്രം-വളർന്നു വരികയുണ്ടായി. അവർ കോളനി സമൂഹങ്ങളെ ശരീരത്തിന്റെയും സംസ്ക്കാരത്തിന്റെയും അടിസ്ഥാനത്തിൽ പല വർണ്ണങ്ങളായി തരംതിരിക്കാൻ തുടങ്ങി. പാശ്ചാത്യജനതയുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ചരിത്രത്തിന്റെ പരിണാമഘട്ടങ്ങൾ നിർണ്ണയിക്കുകയും, നാട്ടുസമൂഹങ്ങളെ മാനവരാശിയുടെ രാഷ്ട്രീയവും സാമൂഹികമായ വികാസത്തിന്റെ പരിണാമത്തിലെ ആദ്യഘട്ടങ്ങളിൽ പെടുന്ന പ്രാകൃതരായി വർഗ്ഗീകരിക്കുകയും ശ്രേണീകരിക്കുകയും ചെയ്തു. കോളനി നാടുകളിലെ ആളുകൾ പരിഷ്കൃത പാശ്ചാത്യ ജനതയേക്കാൾ ബുദ്ധിപരമായി പിന്നിലാണെന്നു പല പണ്ഡിതരും വിലയിരുത്തി. അധിനിവേശ വൻകരയിൽ ഓരോരുത്തരും അമൂർത്തചിന്തക്കു കഴിവു നേടുമ്പോൾ മാത്രമേ ഇവർക്കു പുരോഗതിയുണ്ടാകൂ എന്നും, അതിന്​ പ്രാപ്തമാക്കലാണ് സാമ്രാജ്യത്വത്തിന്റെ കടമയെന്നും അവർ തീരുമാനിച്ചു. അതോടൊപ്പം വർണ്ണത്തെ നാഗരികതയുമായി സംയോജിപ്പിക്കുകയും എല്ല സമൂഹങ്ങളും കുരങ്ങിൽ നിന്ന്​ മനുഷ്യനിലേക്കുള്ള ഒരേ സഞ്ചാരപഥത്തിൽ മുന്നേറുന്നതായും അവതരിപ്പിച്ചു. എന്നാൽ ഓരോ സമൂഹത്തിലും ഇതിന്റെ വേഗതയും ഫലവും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും വിചാരിച്ചു. ഇപ്രകാരം സമൂഹങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി ചരിത്രാതീത കാലത്തെ പരിണാമഘട്ടങ്ങൾ, സാംസ്ക്കാരിക പരിണാമം, ശരീരഘടനയും തലയോട്ടിയും അളന്നുള്ള വർണ്ണപരമായ വർഗീകരണം എന്നീ അറിവുകൾ 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നരവംശ ശാസ്ത്ര പഠനങ്ങളായി സംഭവിച്ചുവെന്നു ആലിസ് എൽ. കോങ്‌ക്ലിൻ (ALICE L. CONKLIN ) എഴുതുന്നു.

ആലിസ് എൽ. കോങ്‌ക്ലിൻ

19-ാം നൂറ്റാണ്ടിലുടനീളം പാശ്ചാത്യ ലോകത്ത് കോളനികളിൽ നിന്ന്​ കൊണ്ടുവന്ന ‘പ്രാകൃതരെ’ (Sami, Krenak, Inuit, Anishinabe, Bakhoje, Zulus, San, Arabs, Pacific Islanders, Australian Aborigines, Indians, Japanese, Ndebele, Chinese) ടിക്കറ്റു വെച്ചു കാണിക്കുന്ന പ്രദർശനങ്ങൾ വളരെ ജനകീയമായിരുന്നു. നരവംശ പഠനത്തിന്റെ വിനോദരൂപമായ ഇത്തരം കാഴ്ചകൾ പാശ്ചാത്യ ഉൽക്കർഷതയെന്ന സാമ്രാജ്യത്വ ആശയത്തെ നിർമ്മിക്കുകയും ബലപ്പെടുത്തുകയും ചെയ്തുവെന്ന്​ ഡോ. സാദിയ ഖുറേഷി (Dr. Sadiah Qureshi ) ചൂണ്ടിക്കാട്ടുന്നുണ്ട്. ശ്രേണീബദ്ധവും വർണ്ണപരവും പരിണാമപരവുമായ ലോകജനതയുടെ ക്രമങ്ങളെ പറ്റിയുള്ള അധികാരത്തിന്റെ അറിവിനെ ഇത്തരം ‘ഷോ’കൾ പ്രോത്സാഹിപ്പിച്ചു. സാധാരണക്കാർ മാത്രമല്ല ശാസ്ത്രജ്ഞർ പലപ്പോഴും ഇവയുടെ സംഘാടകരും കാഴ്ചക്കാരുമായിരുന്നു. മനുഷ്യരെല്ലാം ദൈവസന്തതികളായ ഒറ്റ വർഗ്ഗമാണെന്നുള്ള ക്രിസ്തീയ വിശ്വാസത്തിനേറ്റ ആഘാതമായി മാറി, പല വർണ- ഭാഷാ- ശരീര- സംസ്ക്കാരാദികൾ നിറഞ്ഞ ഈ മനുഷ്യപ്രദർശനാലയങ്ങൾ. അതോടൊപ്പം നിറം, മുഖലക്ഷണം, ശാരീരിക പ്രത്യേകതകൾ, ഭാഷ, മതം, വസ്ത്രം, രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സംഘടന എന്നിവയുടെ അടിസ്ഥാനത്തിൽ മനുഷ്യർ പല ജനുസുകളാണെന്നു വിശദീകരിക്കുന്ന പഠനങ്ങൾ പ്രചാരത്തിലായി. തുടർന്ന്​ 1860 കളിൽ ഭാഷ, ജീവശാസ്ത്രം, ശരീരസവിശേഷത എന്നിവയിൽ ഊന്നി നരവംശശാസ്ത്രം പ്രാമുഖ്യം നേടി.

സംസ്ക്കാരത്തിന്റെ ചിഹ്നമായി ആയുധങ്ങളുടെ മിനുസത്തെ കാണുന്ന മാനവചരിത്രപഠനം അമ്പും വില്ലും കൊണ്ട് വേട്ടയാടുന്നവരെ പ്രാകൃത സമൂഹമെന്നും വിമാനത്തിലിരുന്ന്​ ജനവാസമേഖലയിലേക്ക്​ ഷെൽ വർഷിക്കുന്നവരെ പരിഷ്കൃതരെന്നും തരം തിരിക്കുന്നു.

ഏറ്റവും വലിയ കോളോണിയൽ ശാസ്ത്രം അന്തിമമായി മനുഷ്യരെപ്പറ്റിയുള്ള ശാസ്ത്രമാണെന്ന്, ഫ്രഞ്ചു കോളനിയായിരുന്ന പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗവർണർ ജനറൽ ഷൂള് ബ്രീവ് ( Jules Brévié ) പറയുന്നുണ്ട്. ‘ആദ്യത്തെ പ്രകൃതിവിഭവം തദ്ദേശീയ ജനങ്ങളാണ്. ഈ വിഭവമില്ലെങ്കിൽ മറ്റൊരു വിഭവവും നേടാനാവില്ല, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ. അതിനാൽ ജനങ്ങളെ പറ്റിയുള്ള- ഭാഷ, മതം, സാമൂഹ്യരൂപങ്ങൾ എന്നിവയുടെ ചിട്ടയായ ആഴത്തിലുള്ള അറിവ് പ്രധാനമാ’ണെന്നു ഫ്രഞ്ച് നരവംശ പണ്ഡിതൻ ലിവി ബൂൾ (Lévy-Bruhl ) എഴുതി.
‘‘അറിവിലൂടെയുള്ള ആധിപത്യം, അതാണ് ഉദ്യോഗസ്ഥ ഭരണനിർവ്വഹണത്തിന്റെ പ്രത്യേകത. ഈ സവിശേഷതയാൽ ഉദ്യോഗസ്ഥ ഭരണസമ്പ്രദായം യുക്തിസഹമായി മാറുന്നു’’ എന്ന് ആധുനിക ഭരണ വ്യവസ്ഥയെ പറ്റിയുള്ള മാക്സ് വേബറിന്റെ നിരീക്ഷണത്തെ ഇതോടൊപ്പം ചേർത്തുവെച്ച്​ ബെന്വ ഡി ലസ്റ്റോൾ (Benoît de L’Estoile) കോളനിവൽക്കരണത്തിനു ചട്ടുകമായി നിന്ന നരവംശശാസ്ത്രത്തെപ്പറ്റി ഇങ്ങനെ പറയുന്നു: ‘‘ബ്യൂറോക്രാറ്റിക് ഭരണം എന്നത് നവീനവും യുക്തിപരവുമാണ്. യുക്തിപരതയുടെ അവസാനതലമാണത്. സാങ്കേതികമായ അറിവും അനുഭവ പരിചയത്തിലൂടെയുള്ള അറിവും ചേരുന്നതാണിത്. ഉദ്യോഗസ്ഥരുടെ സാങ്കേതിക യോഗ്യതയാണ് ആധ്യപത്യത്തിന്റെ അടിത്തറ. അറിവിനെ യുക്തിസഹമാക്കുകയാണ് വിദഗ്ധരും പരിശീലനവും ചെയ്യുന്നത്. ഇപ്രകാരം വ്യവസ്ഥ തന്നെ യുക്തിസഹമാക്കപ്പെടുന്നു. എന്നാൽ പരമ്പരാഗത ഭരണവ്യവസ്ഥയാകട്ടെ ഭൗതികാതീതമായ ശക്തികളെ ആധാരമാക്കിയതാണ്. നേരെ മറിച്ച് ഇന്നത്തെ നിയമാധിപത്യം യുക്ത്യാധിഷ്​ഠിതമാണ്​. ശാസ്ത്രം ക്രമേണ യുക്തിവൽക്കരണത്തിന്റെ മാധ്യമമായി മാറുന്നു. ശാസ്ത്രം സ്റ്റേറ്റിന്​ തെളിവുകൾ കൊടുക്കുന്നു. ജനങ്ങളെ പഠിക്കുന്നത് ആധിപത്യത്തിന്റെ യുക്തിവൽക്കരണം - നിയമവൽക്കരണത്തിനായിട്ടാണ്. ഭൂമി, ജനം ഇവയുടെ ശാസ്ത്രീയപഠനം വഴി അറിവ് ആധിപത്യത്തിന്റെ ഉപകരണമാക്കപ്പെടുന്നു. എതിരാളിയെ കീഴടക്കാൻ അയാളെ പറ്റി പഠിക്കണമെങ്കിൽ, അധിനിവേശം നിലനിർത്താനും അവരെ പഠിക്കണം. നരവംശശാസ്ത്രം ഇവിടെ പ്രസക്തമാണ്. അത് ക്രമപ്പെടുത്താൻ ഉപകരിക്കുന്നു.’’

‘ഞങ്ങള്‍ വനവാസികളല്ല, ആദിവാസികളാണ്’

കോളനിവൽക്കരണത്തിനുള്ള അധികാരത്തിന്റെ യുക്തിയും അറിവുമായി നിൽക്കുന്ന നരവംശശാസ്ത്രത്തെ സ്വയംവിമർശനത്തിനു വിധേയമാക്കുന്ന കാത്‌ലീൻ ഗാഫ് (Kathleen Gough) എഴുതുന്നു: ‘‘ദൗർഭാഗ്യവശാൻ, നമ്മുടെ തന്നെ ചരിത്രത്തിൽ ഒരു വലിയ കുറവുണ്ട്. അതിൽ ആധുനിക സമൂഹത്തെ പരസ്പരാശ്രിതമായ ഒരൊറ്റ ലോകവ്യവസ്ഥയായി നാം കണ്ടില്ല. കഴിഞ്ഞ 100 വർഷമായി നാം പ്രവർത്തിച്ചത് കീഴടക്കപ്പെട്ട സമൂഹങ്ങളിലായിട്ടും, അവയിൽ 50 എണ്ണത്തിലെങ്കിലും നമ്മൾ സാമൂഹ്യവ്യവസ്ഥയുടെ പരസ്പരബന്ധത്തെ ഊന്നിയെങ്കിലും പാശ്ചാത്യ സാമ്രാജ്യത്വത്തെ ഒരു സാമൂഹ്യഘടനയായി കാണുന്നതിൽ നമ്മൾ ശരിക്കും തോറ്റുപോയി, നമ്മൾ പഠിച്ച സമൂഹങ്ങളിൽ സാമ്രാജ്യത്വത്തിന്റെ സ്വാധീനത്തെ വേണ്ടപോലെ അന്വേഷിക്കാൻ പോലും നമുക്കായില്ല.’’

ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നു കേൾക്കുമ്പോൾ ഇംഗ്ലണ്ടിൽ പോയി ഫ്രഞ്ചുവിപ്ലവത്തെ പറ്റി പഠിച്ചും വക്കീൽ പരീക്ഷ പാസായും ബോധോധയം സംഭവിച്ച പരിഷ്കൃതചിത്തരുടെ ചിത്രശാല നമ്മുടെ മനസ്സിൽ തെളിയും. അതിലൊരിടത്തും കുറഞ്ഞത് 150 വർഷത്തെ ആദിവാസി സമരമോ അതിലെ നേതാക്കളോ കാണില്ല.

അതായത്, സംസ്ക്കാരത്തിന്റെ ചിഹ്നമായി ആയുധങ്ങളുടെ മിനുസത്തെ കാണുന്ന മാനവചരിത്രപഠനം അമ്പും വില്ലും കൊണ്ട് വേട്ടയാടുന്നവരെ പ്രാകൃതസമൂഹമെന്നും വിമാനത്തിലിരുന്ന്​ ജനവാസമേഖലയിലേക്ക്​ ഷെൽ വർഷിക്കുന്നവരെ പരിഷ്കൃതരെന്നും തരം തിരിക്കുന്നു. പരുക്കൻ ആയുധങ്ങളിൽ നിന്ന്​, ലക്ഷങ്ങളെ തൽക്ഷണം കുരുതി കൊടുക്കുന്ന മിനുസമുള്ളതും കണിശമായതുമായ ഉപകരണങ്ങളിലേക്കു മാറുമ്പോൾ അതനുസരിച്ചു മനസ്സും തമസ്സിൽ നിന്ന്​ ജ്യോതിസ്സിലേക്കു വളരുന്നതായി നാം അഭിമാനിക്കുന്നു. അതിനാൽ കാട്ടിൽ പുനംകൃഷി നടത്താൻ ആദിവാസികൾ തീയിടുന്നത് പരിണാമപരമായി ഏറെ താഴ്ന്ന പ്രവൃത്തിയും എന്നാൽ, തോക്കിനോ കപ്പലുകൾക്കോ റെയിലിനോ തടി കണ്ടെത്താൻ കാടാകെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നത് നാഗരിക സമൂഹത്തിന്റെ ലക്ഷണവുമാണ്.

അതുകൊണ്ട് ലോകത്ത് കോളനിവാഴ്ചയിലുടനീളം നാഗരിക അധികാര വ്യവസ്ഥയോട് ആത്മാഭിമാനം അടിയറ വെയ്ക്കാതെ കലഹിച്ച ജനതതികളെ പ്രാകൃതഗോത്രങ്ങളായി അടർത്തിമാറ്റി അവരെ ഉന്മൂലനം ചെയ്യുന്നു. ‘ഗോത്രം’ എന്നത് അവിവേകം, അന്ധവിശ്വാസം, നിഷ്ഠൂരത എന്നിവയ്ക്കുപകരം വെയ്ക്കാൻ പറ്റിയ അധിക്ഷേപവചനമാണ്. അതിനാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നു കേൾക്കുമ്പോൾ ഇംഗ്ലണ്ടിൽ പോയി ഫ്രഞ്ചുവിപ്ലവത്തെ പറ്റി പഠിച്ചും വക്കീൽ പരീക്ഷ പാസായും ബോധോധയം സംഭവിച്ച പരിഷ്കൃതചിത്തരുടെ ചിത്രശാല നമ്മുടെ മനസ്സിൽ തെളിയും. അതിലൊരിടത്തും കുറഞ്ഞത് 150 വർഷത്തെ ആദിവാസി സമരമോ അതിലെ നേതാക്കളോ കാണില്ല. കാരണം, സ്വാതന്ത്ര്യവും സമത്വവും കാട്ടിൽ വിളയുന്നതല്ല, അവ പളുങ്കുപാത്രങ്ങൾ പോലെ ശ്രദ്ധയോടെ പൊതിഞ്ഞ്, ഉപയോഗിക്കേണ്ട വിധവും വാറന്റി കാലാവധിയും കുഞ്ഞക്ഷരങ്ങളിൽ എഴുതി ഇങ്ങോട്ട്​ ഇറക്കുമതി ചെയ്ത പുതുപുത്തൻ ചരക്കുകളാണ് നമുക്ക്.

സന്താള്‍ പ്രക്ഷോഭത്തിന്റെ ചിത്രീകരണം. / Photo: wikimedia Commons

ഗാന്ധിജിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം വരുന്നതിനു മുന്നേ അഹിംസാധിഷ്ഠിതമായി 1914 - 1920 കാലത്ത് ചോട്ടാ നാഗ്പൂരിൽ താന ഭാഗത്കൾ നടത്തിയ സമരം, 1818 മുതൽ 1858 വരെ ഖന്ധേഷിൽ അവിശ്രമം ആദിവാസികളുടെ പോരാട്ടം, ഈസ്റ്റ് ഇന്ത്യാ കമ്പനി ദുർഭരണം തുടങ്ങിയ മുതൽ വന്നു ചേർന്ന കൊടുംക്ഷാമത്തിനെതിരെ 1770 - 1785 വർഷത്തിൽ തിലക് മഞ്ചിയുടെ നേതൃത്വത്തിൽ ഇന്നത്തെ പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ്​ പ്രദേശങ്ങളിൽ പഹാറിയകൾ നടത്തിയ ആദ്യത്തെ ആദിവാസി സ്വാതന്ത്ര്യ സമരം- ഇവയൊന്നും ലക്ഷണയുക്തമായ സമരമായി അളവുകോലിൽ പെടില്ല. കിഴക്കൻ പ്രദേശങ്ങളിൽ സാന്താൾ, കോൾ, ഹോ, മുണ്ട, ഓറാഒൺ, ചേരോ, ലെപ്ചാ, ഭുട്ടിയ തുടങ്ങിയവർ; വടക്കു കിഴക്കൻ സ്ഥലങ്ങളിൽ ഖാസി, നാഗ, മിസോ, അബോർ, ജയ്തിയ, ഗാരോ എന്നിങ്ങനെയുള്ളവർ; തെക്കൻ ഭാഗങ്ങളിൽ കുറിച്യർ, ഗോണ്ട്, ആന്റമാനീസ് എന്നിവർ; മധ്യേന്ത്യയിൽ ഹൽബാ, കോൽ, മുരിയ എന്നിവർ; പടിഞ്ഞാറ് ഭിൽ, നയികാ, കോലി, മിന എന്നറിയപ്പെടുന്നവർ തുടങ്ങി നിരവധി ആദിവാസികളുടെ സാമ്രാജ്യത്വ വിരുദ്ധ സമരചരിത്രം അവർ ‘ഗോത്ര’ങ്ങളായതിനാൽ നമ്മുടെ നാഗരിക സമരങ്ങളുടെ ഭാഗമല്ല.

യൂറോപ്പിലെ ജ്ഞാനോദയ പ്രസ്ഥാനത്തിന്റെ മുഖ്യമായ ഘടകം തന്നെ ഇതര ലോകങ്ങളേക്കാൾ തങ്ങൾ വ്യത്യസ്തരാണ് എന്ന അംഹംബോധമായിരുന്നു.

അന്ന് ഭൂമിയും ജീവിതോപാധികളും ലിബറൽ മൂലധന സംഭരണത്തിനായി പിടിച്ചെടുത്ത് നിരവധി ആദിവാസികൾ തെരുവാധാരമായപ്പോൾ അവരെ അടിച്ചമർത്തുന്നതിനായി, ഗോത്രങ്ങളിൽ തന്നെ ജീനുകളിൽ നിന്ന്​ ജീനുകളിലേക്ക്​ അക്രമം പകരുന്ന ‘ക്രിമിനൽ ട്രൈബ്സ്’ എന്ന ഒരു വർഗ്ഗത്തെ നരവംശശാസ്ത്രദൃഷ്ട്യാ 1871- ൽ ബ്രിട്ടീഷ് ഭരണം കണ്ടുപിടിക്കുകയുണ്ടായി. ഇന്നും തിങ്ങിനിറഞ്ഞ തീവണ്ടി ബോഗികളിൽ നഗരങ്ങളിലേയ്ക്കെത്തി അടിസ്ഥാനസൗകര്യ സ്വർഗനിർമ്മിതികൾക്ക്​ നവ ലിബറൽ അത്യുഷ്ണത്തിൽ പണിയെടുക്കുന്നവരും, സ്വന്തം ഭൂമിയിൽ നിന്ന്​ തിരോഭവിക്കാൻ നിർബ്ബന്ധിക്കപ്പെട്ടവരുമായ ആദിവാസികൾ തനി ക്രിമിനലുകളാണെന്ന്​ കോളനി യജമാനബോധം കൂടെക്കൂടെ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടല്ലോ. അവരുടെ മണ്ണും വിഭവങ്ങളും അധ്വാനശേഷിയും ഊറ്റിയെടുക്കുന്നതിൽ എത്രമാത്രമാണോ ആഭ്യന്തര കോളനിവൽക്കരണത്തിന്റെ മിടുക്ക് അതാണ് ഇന്ത്യൻ ജി.ഡി. പി. ഉയർച്ചക്കും ശതകോടീശ്വര ആസ്തി വർദ്ധനവിനും ആധാരം.

സര്‍നാ കോഡിന് വേണ്ടി റാഞ്ചിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ നിന്ന് / Photo: theindiantribal.com

യൂറോപ്പിലെ ജ്ഞാനോദയ പ്രസ്ഥാനത്തിന്റെ മുഖ്യമായ ഘടകം തന്നെ ഇതര ലോകങ്ങളേക്കാൾ തങ്ങൾ വ്യത്യസ്തരാണ് എന്ന അംഹംബോധമായിരുന്നു. ഈ ആശയഗതിയെ ബ്രിട്ടീഷ് ഉദ്യോഗസ്ഥവർഗ്ഗം സ്വാംശീകരിക്കുകയും അന്യരെ പ്രാകൃതരായി മുദ്രചാർത്തി സ്വന്തം ഔന്ന്യതം സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് ഇന്ത്യയിൽ മറ്റു ജനസമൂഹങ്ങളിൽ നിന്ന്​ വേറിട്ട് വിദേശശക്തികൾക്കെതിരെ നിരന്തരം പോരാട്ടം നടത്തിയ ആദിവാസികളെ ഏറ്റവും പ്രാകൃതരായി - ഗോത്രവർഗ്ഗങ്ങളായി വേർതിരിക്കുകയും, ആദിവാസികളെ പരിഷ്ക്കരിക്കാനെ പേരിൽ അവരുടെ പ്രദേശങ്ങളെ നേരിട്ടുള്ള ഭരണം നടത്തി നിയന്ത്രിക്കുകയും ചെയ്തു (The Scheduled Districts Act of 1874 ). തുടർന്ന്​ ആഭ്യന്തര കോളനിവൽക്കരണത്തിന്റെ ഫലപ്രദമായ മാർഗ്ഗം എന്ന നിലയിൽ എല്ലാ ഗോത്രവർഗ്ഗങ്ങളുടെയും ഉന്നമനം ഹിന്ദുവൽക്കരണത്തിലൂടെ എന്നതായിരുന്നു 1923- ൽ സർവക്കർ മുന്നോട്ടു വെച്ച ഭൂരിപക്ഷ ദേശീയതയുടെ രാഷ്ട്രീയ പദ്ധതി.

1950- കളിൽ തന്നെ ആർ.എസ്.എസിന്റെ മുൻകൈയിൽ ആദിവാസികളെ ക്രിസ്തീയസഭകൾക്കു തുല്യം ഹിന്ദുവൽക്കരിക്കാൻ വനവാസി കല്യാൺ ആശ്രമം രൂപം കൊണ്ടു.

ഹിന്ദുത്വ സ്വാംശീകരണ പദ്ധതിയെ എതിർത്തും ഒപ്പം ആദിവാസികളെ പ്രാകൃതരായി ഒറ്റപ്പെടുത്തി അകറ്റിനിർത്തുന്നതിനെ വിമർശിച്ചും, ഇന്ത്യൻ ഭരണഘടന നിലവിൽ വന്നശേഷം ജവഹർലാൽ നെഹ്രു പറഞ്ഞു: ‘‘നരവംശശാസ്ത്ര ശൈലിയിൽ ആദിവാസികളെ മ്യൂസിയം മാതൃകകളായി അതേപടി സംരക്ഷിക്കണമെന്നു ചിലർ ആവശ്യപ്പെടുന്നു. മറ്റു ചിലരാകട്ടെ അവരെ ബലാൽക്കാരേണ മുഖ്യധാരയിലേക്കു പരിവർത്തിപ്പിക്കാൻ ഒരുമ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ ഇതു രണ്ടും ശരിയല്ല. നാം അവരെ സമീപിക്കേണ്ടത് സൗഹൃദത്തോടെയാകണം. അവരിൽ നിന്ന്​ കവർന്നെടുക്കാനല്ല, നൽകാനാണ് നാം വന്നിരിക്കുന്നതെന്ന് അവർക്കു ബോധ്യപ്പെടണം. രാഷ്ട്രീയമായ ഏകീകരണം സാധിച്ചെങ്കിലും ഇന്ത്യക്കു വേണ്ടതിനി മാനസികമായ ഉദ്ഗ്രഥനമാണ്.’’
നിർബ്ബന്ധപൂർവ്വം പുറമേനിന്ന്​ പുരോഗതി അടിച്ചേൽപ്പിക്കാത്തതും അവരുടെ പുരോഗതി എങ്ങനെയെന്നും എന്തെന്നും സ്വയം തീരുമാനിക്കാൻ അവർക്ക്​ അവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതും അവരുടെ സംസ്ക്കാരവും ഭാഷയും കലകളും സാമൂഹ്യസ്ഥാപനങ്ങളും ബഹുമാനിക്കപ്പെടുന്നതുമായ ഉദ്ഗ്രഥനമായിരുന്നു നെഹ്രു കണ്ടത്.

ജവഹര്‍ലാല്‍ നെഹ്റു

എന്നാൽ, ഫലത്തിൽ സംഭവിച്ചത് ഒന്നുകിൽ ഒറ്റപ്പെടുത്തലും അല്ലെങ്കിൽ തനിമയെ ഉന്മൂലനം ചെയ്യുന്ന സ്വാംശീകരണവുമാണ്. 1950- കളിൽ തന്നെ ആർ.എസ്.എസിന്റെ മുൻകൈയിൽ ആദിവാസികളെ ക്രിസ്തീയസഭകൾക്കു തുല്യം ഹിന്ദുവൽക്കരിക്കാൻ വനവാസി കല്യാൺ ആശ്രമം രൂപം കൊണ്ടു. ലിബറൽ ഇംപീരിയലിസത്തിൽ ആദിവാസിക്ഷേമം മിഷണറി ചാരിറ്റിക്കു തീറെഴുതിക്കൊടുത്തിരുന്നെങ്കിൽ, ഇന്ന് നവ ലിബറൽ വേളയിൽ അവിടെ ചാരിറ്റിയുടെ വേഷം കെട്ടാൻ ഏൽപ്പിച്ചിരിക്കുന്നത് ഹിന്ദുവൽക്കരണ സംഘങ്ങളെയാണ്. അതോടെ ബാലിയും സുഗ്രീവനും ഗുഹനും ഹനുമാനും ജാംബവാനും ശബരിയും നീലനുമെല്ലാം ‘വനവാസി’കളുടെ പുരാണ പൂർവ്വികരാക്കപ്പെടന്നതിനെപ്പറ്റി സഞ്ജുക്താ ദാസ് ഗുപ്ത (Sanjukta Das Gupta) എഴുതുന്നു. കോട്ടകെട്ടാനും കാവൽ നിൽക്കാനും സേതുബന്ധനം നടത്താനും ജയ്ശ്രീറാം വിളിച്ചു വംശഹത്യകൾക്ക്​ തൃശൂലമേന്തിയ പടയായി മുന്നിൽ നിൽക്കാനും ഇന്നത്തെ ഇന്ത്യയിൽ അവരെ റിക്രൂട്ട് ചെയ്യുന്നു. ഹനുമാൻ ചെയ്തതുപോലെ, ഏത് ആദിവാസിയും ചങ്കു പിളർന്നാൽ, അവിടെ സിംഹാസനത്തിൽ നവ ലിബറൽ പരിഷ്ക്കാരങ്ങളുമായി ചക്രവർത്തിയുടെ രൂപം ദൃഷ്ടമാക്കുക എന്നതാണ് ഹിന്ദുവൽക്കരണ ലക്ഷ്യം.

(തുടരും)

Comments